2024 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാനാ (റ)

പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാനയുടെ നാമം സുപരിചിതമാകുന്നത് ശൈഖുൽ ഹദീസ് മൗലാനാ സക്കരിയ്യ കാന്ധലവി (റഹ് ) യുടെ ഫാളായിലിന്റെ കിതാബുകളുടെ വിവർത്തനങ്ങളിലൂടെയാണ്‌. ആ മഹത്തായ സേവന ദൗത്യ നിർവ്വഹണത്തിലൂടെ മാത്രം ഇരുട്ടിൽ തപ്പിത്തടഞ്ഞിരുന്ന ഒട്ടനവധി പേർക്ക് മുന്നിൽ സന്മാർഗ്ഗത്തിന്റെ വാതിൽ മലർക്കെ തുറക്കപ്പെടുകയായിരുന്നു. ഫാളായിലിന്റെ കിതാബുകൾ തഅലീം ചെയ്ത് പ്രചോദനമുൾക്കൊണ്ട് ജീവിതം മാറ്റിമറിച്ച ഒരുപാട് പേരെ നേരിൽ കാണാൻ വിനീതനു സാധിച്ചിട്ടുണ്ട് . അതുപോലെ സൂഫിയാക്കൾക്കും , പള്ളിയിലെ ഇമാമുമാർക്കുമെല്ലാം ഏറെ പ്രിയ്യപ്പെട്ടതും ഉപകാരപ്പെട്ടതുമായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 

ഫാളായിലിന്റെ കിതാബുകളിൽപെട്ട 'ഹികായത്തു സ്വഹാബ' ആദ്യമായി മലയാളത്തിൽ 'സമുന്നതരായ സ്വഹാബിവര്യന്മാർ' എന്ന പേരിൽ വിവർത്തനം ചെയ്തത് മഹാനായ പണ്ഡിതവര്യൻ കാടേരി അബുൽ കമാൽ മുഹമ്മദ് മുസ്‌ലിയാർ (റഹ് ) ആയിരുന്നു . എന്നാൽ ഫാളായിലിന്റെ കിതാബുകൾ മുഴുവനായി മലയാളീകരിച്ച് കൂടുതൽ ശ്രദ്ദിക്കപ്പെട്ടത് പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാന(റഹ് )യുടെ വിവർത്തനമായിരുന്നു. 

കേരളക്കരയിലും , പിന്നീട് ഇന്ത്യയിലുടനീളവും , വിദേശത്തും ദീനീ പരിശ്രമങ്ങൾക്ക് വേണ്ടി ത്യാഗോജ്ജ്വല പ്രവർത്തന നിരതനായ മൗലാനയെക്കുറിച്ച് പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.   

പുലിപ്പാറ അബൂ റളിയാ ബാഖവി , റഈസുൽ ഉലമ ശിഹാബുദ്ദീൻ മൗലവി (റഹ് ) യുടെ അനുസ്മരണ സുവനീറിൽ എഴുതിയ ലേഖനം മൗലാനയെ കൂടുതലായി അറിയാൻ ഉപകാരപ്പെടുമെന്നതിനാൽ ചുവടെ ചേർക്കുന്നു. 

അബ്ദുൽ ഖാദിർ മൗലാനാ മഹാനായ ഒരു പണ്ഡിതനും സൂഫിവര്യനും ദീനിന്റെയും സന്മാർഗ്ഗത്തിന്റെയും പ്രചരണത്തിനുവേണ്ടി ജീവിതാന്ത്യം വരെ ത്യാഗം ചെയ്തിട്ടുള്ളവരുമാണ് . ആ മഹാന്റെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കറാമത്തുകളുടെ ഒരു പട്ടിക തന്നെ നിരത്തുവാൻ കഴിയും . 

ദീനിന്റെ സന്ദേശവും തഖ്‌വ കൊണ്ടുള്ള ഉപദേശവും ലക്ഷ്യം വെച്ച് കൊണ്ട് ആദ്യകാലങ്ങളിൽ പുലിപ്പാറ കൊച്ചാലുംമൂട് പ്രദേശങ്ങളിലെ ഓരോ വീടും നിരന്തരം കയറിയിറങ്ങുമായിരുന്നു . കുടുംബത്തിലെയും നാട്ടിലെയും ഓരോരുത്തരെയും കണ്ട് പറഞ്ഞിരുന്ന ആ മഹാൻ പിന്നീട് തന്റെ പ്രവർത്തനം രാജ്യവ്യാപകമാക്കി . കൂട്ടാളികളുമൊത്ത് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം ചുറ്റിത്തിരിഞ്ഞ് തഖ്'വയുടെ ജീവിതത്തിനു വേണ്ടി ഉപദേശിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഉപദേശ ഫലമായി നാട്ടിലും രാജ്യത്താകെയും ധാരാളം ആളുകൾ ഉയർന്ന തഖ്'വയുള്ളവരും സൽസ്വഭാവികളുമായിട്ടുണ്ട്. ദീനിന്റെ എതിരാളികളായി നടന്നിരുന്ന എത്രയോ കുടുംബങ്ങൾ മക്കളെ ഉലമാക്കളാക്കിയും , സ്ത്രീകളെ പർദ്ദയണിയിച്ചും വളരെ ഉയർന്ന ദീനീ കുടുംബങ്ങളായി മാറ്റിയിട്ടുണ്ട്. ആ മഹാനുമായി അടുക്കുന്ന ഏതൊരാൾക്കും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും നബി (സ്വ ) യുടെ സുന്നത്തിനോടുള്ള ബഹുമാനവും ദുആകളോടുള്ള സ്നേഹവും , ആഖിറത്തിന്റെ ഓർമ്മയും വർദ്ധിക്കുമായിരുന്നു . 
പിന്നീട് 1970ന് ശേഷം ഈ സന്ദേശവുമായി അമേരിക്ക , ഇന്തോനേഷ്യ , ഇറാഖ് , മലേഷ്യ , തുടങ്ങി അനേകം ലോക രാഷ്ട്രങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് . 

13 ഓളം ഹജ്ജ് ചെയ്തിരുന്ന ആ മഹാൻ പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ നിന്നു തന്നെ പൂർത്തിയാക്കിയതിനു ശേഷം ആദ്യം ഓതാൻ പോകുന്നത് കൊച്ചിയിലെ ഇടവനക്കാട് മദ്രസത്തുൽ ഫലാഹിയ്യായിലാണ് . പിന്നീട് കായംകുളം ഹസനിയ്യ , കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ , ഈരാറ്റുപേട്ട തുടങ്ങി വിവിധ സ്ഥലങ്ങളിലായി വളരെക്കാലം ഓതിയിട്ടുണ്ട് . കാക്കായം ഉസ്താദ് ( അബ്ദുൽ ഹമീദ് മൗലവി ) , ശൈഖ് അമാനി ഹസ്രത്ത് (ബാനി ബാഖിയാത്തിന്റെ പ്രധാന ശിഷ്യൻ ) , ഇടവനക്കാട് കുഞ്ഞു മരക്കാർ മുസ്‌ലിയാർ , പെരുമാതുറ സ്വാദിഖ് മൗലവി , ഈരാറ്റുപേട്ട ഔറാൻ കുട്ടി മുസ്‌ലിയാർ , കല്ലറയിലും , പാങ്ങോട്ടും ദർസ് നടത്തിയിരുന്ന മീരാൻ സാഹിബ് മുസ്‌ലിയാർ , അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിത മഹാത്മാക്കൾ , മഹാനവർകളുടെ ഉസ്താദുമാരാണ് . ദക്ഷിണേന്ത്യയിലെ ഉന്നത കലാലയമായ മന്‍ബഉൽ അൻവാർ അറബിക്‌ കോളേജിൽ നിന്നും നൽകി വരുന്ന "മന്‍ബഈ " ബിരുദവും നേടിയിട്ടുണ്ട് . അതിനുപുറമെ പല പ്രത്യേക വിഷയങ്ങളിലും പല ഉലമാക്കളെയും സമീപിച്ച് ഇൽമ് പഠിച്ചിട്ടുണ്ട് . ലോക പ്രശസ്ത മഹാപണ്ഡിതനും പല മഹത് ഗ്രന്ഥങ്ങളുടെയും മുസന്നിഫുമായ മൗലാനാ സക്കരിയ്യ സാഹിബ് (ശൈഖുൽ ഹദീസ് മളാഹിറുൽ ഉലൂം സഹാറൻപൂർ ), ഹസ്രത്ജി യൂസഫ് കാന്തലവി (തബ്‌ലീഗ് ജമാഅത്തിന്റെ അമീർ ) ആത്മീയ പണ്ഡിതന്മാരിൽ നിന്നും നാല് ത്വരീഖത്തിന്റെയും (ഖാദിരി , നക്ഷബന്ദി , ചിശ്തി , സുഹ്രവർദി ) ബൈഅത്ത് വാങ്ങി സുലൂക്കും സ്വീകരിച്ചിട്ടുണ്ട് . 

ഉപര്യുക്ത പരിശ്രമങ്ങൾക്ക് പുറമെ ധാരാളം സുന്നത്തായ അമലുകൾ പതിവാക്കിയിരുന്നവരും മുസ്‌ലിം ഉമ്മത്തിന്റെ സ്മരണയെപ്പറ്റി എപ്പോഴും ചിന്തിക്കുന്നവരുമായിരുന്നു . വളരെ രോഗമായ അവസ്ഥകളിലും ദീനീ പരിശ്രമങ്ങളിലും നസ്വീഹത്തുകളിലും നിരതരായിരുന്നു . പല പല സന്ദർഭങ്ങളും അത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അബൂ റളിയാ ബാഖവി എഴുതുന്നു 'റസൂലിന്റെ സുന്നത്തിനെ ഇത്രയധികം സ്നേഹിച്ചിരുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല . 'ചന്ദ്രവർഷപ്രകാരം 63 വയസ്സ് തികഞ്ഞത് മുതൽ "എനിക്ക് 63 ആയിരിക്കുന്നു ! ഹബീബ് റസൂലുല്ലാഹിയുടെ ഒരു സുന്നത്തിനെക്കൂടി എനിക്ക് കിട്ടുമോ എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറയുമായിരുന്നു . അങ്ങനെ ആ അഭിലാഷം പൂവണിഞ്ഞു കൊണ്ട് 1994 വ്യാഴാഴ്ച്ച അറഫാ നോമ്പ് മുറിച്ചയുടനെ കൊടു പഴന്നൂർ ജുമാഅത്ത് പള്ളിയിൽ വെച്ച് 63-ആമത്തെ വയസ്സിൽ തന്നെ ആ മഹാൻ ഇഹലോക വാസം വെടിഞ്ഞു . മഹാനവർകൾ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ആളാണെന്നതിന് വേറെയും തെളിവുകളുണ്ട് .

ഒരു ദിവസം കൊല്ലത്തൊരു പള്ളിയിൽ രാത്രി കഴിച്ചുകൂടുകയാണ് . തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെ വിളിച്ച് കൊണ്ടു പറഞ്ഞു " എനിക്കൊന്ന് വീട്ടിൽ പോകണം " ഒരു വാഹനം സംഘടിപ്പിച്ച് അപ്പോൾ തന്നെ തിരിച്ചു .! പാതിരാത്രിയായി വീട്ടിലെത്തിയപ്പോൾ കതകു തുറന്ന് കിടക്കുന്നു . "എന്താ പിള്ളാരെ കതകടക്കാതെ കിടക്കുന്നത് . എല്ലാവരും പരിഭ്രമിച്ചു . കാര്യം അതല്ലായിരുന്നു . കള്ളന്മാർ വീട്ടിൽ കയറി റബ്ബർ ഷീറ്റ് പെറുക്കി കിണറ്റിലെ കയറെടുത്ത് കെട്ടി തെയ്യാറാക്കി വെച്ച് പരിസരം വീക്ഷിച്ച് നിൽക്കുമ്പോഴാണ് അദ്ദേഹം എത്തിയത് . അൽഹംദുലില്ലാഹ് ! മഹാനവർകൾ അല്ലാഹുവിനെ സ്തുതിച്ചു . 

മഹാനവർകൾ പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു ഉപദേശം തച്ചോണം സ്വലാഹുദ്ദീൻ സാർ അയവിറക്കി . ദീനിയായ അവസ്ഥയിലും , ഇൽമിയായ ഉയർച്ചയിലുമായ ഒരാൾ പിന്നീട് വഴികെടുകയാണെങ്കിൽ ഏറ്റവും മോശമായ അവസ്ഥയിലേക്കേ അധപ്പതിക്കുകയുള്ളു! വളരെ സൂക്ഷിക്കണം ! ഇതേ അർത്ഥത്തിൽ മഹാനായ ശൈഖ് മൈതീൻ മുസ്‌ലിയാർ പറയുന്ന വാക്കാണ് മകൻ ഹലീം സാറിന് ഓർമ്മയുള്ളത്. " വൈകുന്നേരം വരെ വെള്ളം കോരി അവസാനം കുടമിട്ടുടക്കെല്ലെടാ !" 

അന്ത്യം വിജയിക്കുന്നവരായിരിക്കുവാൻ നമുക്കും റബ്ബുല്‍ ഇസ്സത്ത് തൗഫീഖ് നൽകുമാറാകട്ടെ ! ആമീൻ .

2024 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

നബി (സ) തങ്ങളുടെ പിതാമഹന്മാർ


(ഭാഗം: 1)

കുടുംബം

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉദാത്തരാണ് ആദം സന്തതികൾ- മനുഷ്യർ. അവരിൽ നിന്നും വിശിഷ്ടർ അറബികൾ. അറബികളിൽ വിശേഷതയർഹിക്കുന്നവരാണ് മുളർ വംശജർ. അവരിൽ പ്രധാന ഗോത്രം ഖുറൈശ് . ഖുറൈശികളിൽ ബനൂ ഹാശിം. ഈ ബനൂഹാശിമിൽ നിന്നു നിസ്തുല വ്യക്തിയാണു പ്രവാചക ശ്രേഷ്ടർ മുഹമ്മദ് മുസ്ത്വഫാ. ഇതിപ്രകാരം നബി(സ) പ്രസ്താവിച്ചതായി ഇബ്നുഉമറി(റ)നെ തൊട്ട് ഇമാം തുർമുദി, ബൈഹഖി, ത്വബ്റാനീ, അബൂനുഐം, ഇബ്നു മർദവൈഹി എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. ആദം സന്തതികളിൽ നിന്നും തല മുറയായി അതിവിശിഷ്ട തലമുറയിലൂടെയാണ് എന്റെ ഇന്നുള്ള ഉത്തമ തലമുറയിൽ നിന്ന് എന്നെ നിയോഗിക്കപ്പെട്ടതെന്നു നബി (സ) തങ്ങൾ പ്രസ്താവിച്ചതായി അബൂഹുറൈറ(റ)യെ തൊട്ട് ഇമാം ബുഖാരിയും നിവേദനം ചെയ്തിട്ടുണ്ട്. ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തിലെ എക്കാലത്തെയും ഉന്നത കുടുംബത്തിലൂടെയാണു നബി(സ) തങ്ങൾ പ്രത്യക്ഷലോകത്തേക്കു കടന്നു വന്നതെന്നു വ്യക്തം. ആദം നബി(അ)മുതൽ അവിടുത്തെ തിരുബീജവും പേറി കടന്നുപോയ എല്ലാ പിതാമഹൻമാരും ഉന്നത വ്യക്തിത്വവും മാന്യ കുടുംബ പാരമ്പര്യവും ഉള്ളവരായിരുന്നുവെന്നും ഖണ്ഡിതമായി തെളിഞ്ഞതാണ്. എന്നാൽ അവിടുത്തെ പിതൃശൃംഖലയിലെ ഓരോ കണ്ണിയും പ്രവാചകന്മാരായിരുന്നുവെന്ന് ഇതിനർത്ഥമില്ല. എല്ലാവരും ഇസ്ലാം ദീനിൽ നില കൊണ്ടവരായിരുന്നുവെന്നും ഖണ്ഡിതമല്ല. ജാഹിലിയ്യത്തിൽ കടന്നുപോയവർ അവരിലനേകം പേരുണ്ടല്ലോ. അതേസമയം, ദുരാചാരികളോ ദുർനടപ്പുകാരോ കുലം കെട്ടവരോ ദുഷിച്ചവരോ ആരും അവിടുത്തെ പിതൃപരമ്പരയിൽ ഇല്ലെന്നും എല്ലാവരും പരിശുദ്ധരായിരുന്നെന്നും സർവ്വാഗീകൃതവും അനിഷേദ്ധ്യവുമാണ്.

******************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 2)

ഗാഢനിദ്രയിൽ ലയിച്ച ശൈഖുൽ അമ്പിയാഅ് നൂഹി(അ)ന്റെ വസ്ത്ര ശകലം നീങ്ങി ഔറത്തു വെളിപ്പെട്ടപ്പോൾ മക്കൾ രണ്ടുപേരിൽ 'ഹാം' കൈ കൊട്ടിച്ചിരിക്കുകയും ഇതു കണ്ടു ദുഃഖത്തോടെ സാത്വികനായ പുത്രൻ 'സാം' വളരെ വേഗം ഒരു മുണ്ടെടുത്തതു മൂടുകയും ചെയ്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ശബ്ദകോലാഹലം കേട്ട് നബി പുംഗവർ എണീറ്റു. കാര്യമറിഞ്ഞപ്പോൾ ക്രൂദ്ധഭാവത്തിൽ ഹാമിനെ വീട്ടിൽ നിന്നോടിക്കുകയും സാമിനെ അനുമോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവത്രെ. അതിന്റെ ഫലമായി തന്റെ മുതുകിൽ നിന്നു വന്നവരൊക്കെ സ്വാലിഹീങ്ങളായ ഭരണകർത്താക്കളോ പ്രവാചകന്മാരോ ആയിത്തീർന്നിട്ടുണ്ട്. ഹാമാവട്ടെ, പിതാവിന്റെ ശാപത്താൽ മുഖം കരുവാളിച്ച് സുഡാനിൽ എത്തിപ്പെടുകയും ബുദ്ധിശൂന്യരും അയോഗ്യരുമായ ഒരു തലമുറക്കു ജന്മം നൽകുകയും ചെയ്തു.

ഈ സാമിന്റെ പുത്രൻ അർഫഖശദിന്റെ മകൻ ശാലഖിന്റെ പുത്രൻ ആബീറിന്റെ മകൻ ഫാലഗിന്റെ മകൻ അർഗൂവിന്റെ മകൻ ശാറൂഖിന്റെ പുത്രൻ നാഖൂറിന്റെ മകൻ താറഖിന്റെ പുത്രനാണു ഹ: ഇബ്രാഹീം നബി(അ).

അല്ലാഹുവിന്റെ ഓരോ പരീക്ഷണവും ഇബ്രാഹീമി(അ)നെ തളർത്തുകയല്ല; ആ സുദൃഢ ഈമാനിനു ജ്വലനവും തിളക്കവും ഏറ്റുകയാണുണ്ടായത്. ഏറ്റവുമൊടുവിൽ ഇലാഹിയ്യായ ദിവ്യ സോപാനങ്ങളുടെ ഏതു രൂപവും ഭാവവും ഉൾക്കൊള്ളാനുള്ള ഒരു വിശാലാവസ്ഥ ആ ഹൃദയത്തിനകത്തുദ്ഭൂതമായി. അങ്ങനെയാണ് "ആകാശഭൂമികളിലെ മലക്കൂത്തുകൾ' അല്ലാഹു അവർക്കു വെളിപ്പെടുത്തിയത്. ഇന്ദ്രിയ ലോകത്തുനിന്ന് അതീന്ദ്രിയ ലോകത്തെ സംഭവങ്ങൾ കാണാൻ, വർത്തമാന കാലത്തിരുന്ന് ഭൂതവും ഭാവിയും ദർശിക്കാൻ ആ മിഴികൾക്കു കരുത്തു കിട്ടി. ഗൈബീ കവാടങ്ങൾ അവിടുത്തേക്കു മുമ്പിൽ തുറന്നു കിടന്നു.

*********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 3)

       ഒരിക്കൽ ദിവ്യകാഴ്ചകളുടെ മാസ്മരികതയിൽ സ്വയം മറന്നു നിൽക്കേ, ഇബ്രാഹീം(അ) അതു കണ്ടു! അവരുടെ മുതുകിൽ നിന്നു വരാനിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അതീവ പ്രഭ ചൊരിയുന്നൊരു മുത്ത്! മുഹമ്മദ് മുസ്ഥഫാ(സ), തിരുഗ്രന്ഥം നൽകപ്പെടുന്ന നബി! തന്റെ ചര്യകളുടെ പ്രയോക്താവ്! നവലോകത്തിന്റെ ഇലാഹീ സാക്ഷാൽക്കാരം! പരമമായ കീഴ്വണക്കവും ആരാധനാനുസരണവും സമ്മേളിച്ച മോഹന പ്രതീകം! ഇബ്രാഹീം (അ) സന്തോഷം കൊണ്ടുയർന്നു പോയി. പിന്നെ റബ്ബോടു യാചിക്കുമ്പോഴൊക്കെ അവിടുന്ന് മനം നിറഞ്ഞു തേടി: “ഞങ്ങളുടെ നാഥാ! എന്നെയും എന്റെ പുത്ര(ഇസ്മാഈലി)നേയും നിനക്ക് അനുസരിക്കുന്നവരാക്കേണമേ. ഞങ്ങളുടെ മക്കളിൽ നിന്ന് ഒരു കൂട്ടരേയും അങ്ങനെയൊരു ഉമ്മത്തുൻ മുസ്ലിമയാക്കേണമേ. അവരിൽ നിന്നു തന്നെ, വേദഗ്രന്ഥവും വ്യാഖ്യാനവും നൽകി അവരെ ശുദ്ധീകരിക്കുന്ന ഒരു പ്രവാചകനെ നിയോഗിക്കണേ...!” (സൂറ: അൽ ബഖറ)

       എല്ലാം അല്ലാഹു സ്വീകരിച്ചു. ഇബ്രാഹീമി(അ)നെയും മകനെയും അനുസരണ ശീലരാക്കി! വിശുദ്ധരും നിഷ്കളങ്കരുമായ ഒരു സമൂഹം നബി(സ) ആഗതരാവുന്ന കാലം വരെ നില നിന്നു. അവരിൽ നിന്നു തന്നെ അന്ത്യപ്രവാചകർ ഉദയം ചെയ്തു. അങ്ങനെ ആ ദുആ ഫലമായി കാലത്തിന്റെ കാപട്യങ്ങളേശാതെ ഋജു മാനസരായി നിലകൊണ്ട ഇസ്മാഈലി പുത്രന്മാരായിരുന്നു മുത്തുനബി(സ)യുടെ പിതൃ പരമ്പര അവരാരും ബിംബാരാധകരായില്ല. 'എന്നെയും എന്റെ മക്കളേയും ബിംബാരാധകരാക്കരുതേ' എന്ന ഖലീലുല്ലാഹിയുടെ പ്രാർത്ഥനാഫലം കൂടിയായിരുന്നത്.

       ഇബ്നുജരീർ (റ) തന്റെ തഫ്സീറിൽ ഇമാം മുജാഹിദി(റ)നെ തൊട്ട് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിക്കുന്നു: “നബി തങ്ങൾ നിയോഗിക്കപ്പെടുന്നതുവരെ ഇസ്മാഈൽ നബി(അ)യുടെ സന്തതികളിൽ നിന്ന് ആരും ബിംബാരാധകരായിരുന്നില്ല. അങ്ങനെയാണ് ഇബ്രാഹീം നബി(അ)യുടെ ദുആക്ക് അല്ലാഹു ഉത്തരം നൽകിയത്!”

       മാത്രമല്ല, “എന്നെയും എന്റെ മക്കളെയും നമസ്കാരം നിലനിറുത്തുന്നവരും പ്രാർത്ഥന സ്വീകരിക്കപ്പെടുന്നവരുമാക്ക്” എന്ന ആയത്തിന് ഇമാം ഇബ്നു മുൻദിർ(റ) ഇബ്നു ജരീറി(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: “അവർ ബഹു ദൈവാരാധകരായിരുന്നില്ലെന്നു മാത്രമല്ല, അല്ലാഹുവിനെ ആരാധിക്കുന്നവരും നിസ്കാരം നിലനിർത്തുന്നവരും കൂടിയായിരുന്നു എന്ന്.

**********************
നബി (സ) തങ്ങളുടെ പിതാമഹന്മാർ

(ഭാഗം: 4)

       ശൈഖുനൽ മർഹൂം സദഖത്തുല്ല മൗലവി(റ) തന്റെ ഫതാവാ 4-118ൽ പറയുന്നു: “റസൂലിന്റെ മാതാപിതാക്കൾ മുശ്‌രിക്കീങ്ങളാണെന്നു പറയുന്നതു ശരിയല്ല. വിവിധ തെളിവുകളിൽ നിന്ന് അവർ പരലോക മോക്ഷം നേടിയ സുരക്ഷിതരാണെന്നും മുശ്‌രിക്കുകളല്ലെന്നും തെളിഞ്ഞതാണ്. ഇബ്നു ഹജർ (റ) പറഞ്ഞതു കാണുക: ഹവ്വാ(റ) മുതൽ ആമിന(റ)വരെ നബിക്കുള്ള മാതാപിതാക്കളിലും ആദം(അ) മുതൽ അബ്ദുല്ല(റ) വരെയുള്ള പിതാക്കളിലും അല്ലാഹുവിനാൽ തെരെഞ്ഞടുക്കപ്പെട്ടവർ മാത്രമാണുള്ളത്. 'ആദം സന്തതികളിലെ ഓരോ തലമുറയിൽ നിന്നും ഖൈറായ തലമുറകളിലായി എന്നെ അയക്കപ്പെട്ടു. അങ്ങനെ ഞാൻ നിലകൊള്ളുന്ന ഈ തലമുറയിൽ എത്തിച്ചേർന്നു.' എന്നു ബുഖാരി ഉദ്ധരിച്ച ഹദീസും മറ്റും അതിനു തെളിവാണ്.

       വേറെയും ചില ഹദീസുകൾ ഉദ്ധരിച്ചശേഷം ഇബ്നു ഹജർ (റ) തുടരുന്നു: 'ആദം (അ), ഹവ്വാ (റ)വരെ നബി (സ) തങ്ങൾക്കുള്ള മാതാപിതാക്കളിൽ ഒരൊറ്റ കാഫിറും ഇല്ലെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. എങ്ങനെയെന്നാൽ കാഫിറിനെ സംബന്ധിച്ച് 'തിരഞ്ഞടുക്കപ്പെട്ടവർ' എന്നും 'ഖൈറായവർ' എന്നും പറയാവതല്ല. 'നജസ്' (മലിനമായത്) എന്ന നാമമാണവർക്ക് അനുയോജ്യമായത്. മേൽ കാണിച്ച ഹദീസുകൾ 'തിരഞ്ഞെടുക്കപ്പെടവർ', 'ഖൈറായവർ' എന്നാണവരെ വിശേഷിപ്പിച്ചത്. അഫ്‌സലുൽ ഖിറാ: പേജ്:19"

       ബുഘ്‌ത്‌ നസ്വ്‌റിന്റെയും മൂസാ നബി(അ)യുടെയും കാലത്ത് ജീവിച്ച മഅദ്ദുബ്നു അദ്നാൻ (റ) വരെയുള്ള തിരുനബി(സ)യുടെ പിതൃ പരമ്പര സുവ്യക്തവും സുസമ്മിതവുമാണ്. നബി തങ്ങൾ തന്നെ ആ പരമ്പര ഒരു ഖുതുബക്കിടെ വ്യക്തമാക്കിയതായി അനസി(റ)നെ തൊട്ട് ഇമാം ബൈഹഖി തന്റെ ദലാഇലുന്നുബുവ്വയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനപ്പുറം തന്റെ പിതൃപരമ്പര വിവരിക്കരുതെന്ന് നബി(സ) വിലക്കിയിട്ടുമുണ്ട്. “അതിനപ്പുറം തറവാട് വിവരിക്കുന്നവർ കള്ളം പറഞ്ഞു"വെന്നാണ് നബി(സ)യുടെ പ്രസ്താവന. ഇബ്നു ദിഹ്‌യ എന്നവർ പറയുന്നു: “അദ്നാൻ വരെയുള്ള നബിയുടെ കുടുംബ പരമ്പര നബി(സ) അംഗീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം വിട്ടു കടന്നിട്ടില്ലെന്നും ഉലമാഅ് ഏകോപിച്ചിട്ടുണ്ട്. ഈ ഇജ്മാഅ് ഹുജ്ജത്തു(ലക്ഷ്യം)മാണ്" ഉമർ(റ) പ്രസ്താവിച്ചു: അദ്നാൻ വരെയുള്ള നബി(സ)യുടെ കുടുംബ വിവരണം അംഗീകൃതമാണ്. അതിനപ്പുറമുള്ള വിവരണം എന്തടിസ്ഥാനത്തിലാണെന്നു നമുക്കറിഞ്ഞുകൂടാ. 

       ഉർവത്തുബ്നു സുബൈർ(റ) പ്രസ്താവിച്ചു. മഅ്ദുബ്നു അദ്നാനിനപ്പുറം നബിയുടെ പിതൃ പരമ്പര അറിയുന്ന ഒരാളെയും ഞങ്ങൾക്കറിയില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അദ്നാൻ മുതൽ ഇസ്മാഈൽ നബി(അ) വരെ മുപ്പതു പിതാമഹന്മാരുണ്ട്. അവരെ അറിയപ്പെടുകയില്ല. ആദം നബി (അ)വരെയുള്ള തിരു നബി(സ)യുടെ പിതാമഹന്മാരെ എണ്ണിപ്പറയുന്ന ഒരാളെക്കുറിച്ച് ഇമാം മാലികി(റ)നോട് ചോദിക്കപ്പെട്ടു. അദ്ദേഹത്തിനതിഷ്ടപ്പെട്ടില്ല. അവിടുന്നു ചോദിച്ചു: ആരാണവന് പരമ്പര വിവരിച്ചു കൊടുത്തത്? 

       അദ്നാൻ വരെയുള്ള നബിയുടെ കുടുംബപരമ്പര നമുക്കിങ്ങനെ പരിചയപ്പെടാം. ഒരു പിതാവും ഇരുപത് പിതാമഹാന്മാരുമാണ് ഈ ശൃംഖലയിലെ കണ്ണികൾ.

*****************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 5)

പിതാവ്:

അബ്ദുല്ല എന്നാണ് പിതാവിന്റെ പേര്. അബ്ദുൽ മുത്വലിബിന്റെ ഏറ്റവും ഇളയപുത്രനാണ് അബ്ദുല്ല. മക്കയിലെ പ്രധാനിയായിരുന്ന അബ്ദുൽ മുത്വലിബ് ഇടക്കിടെ യമനിൽ പോകുക പതിവായിരുന്നു. അവിടത്തെ ഒരു പൗര പ്രധാനിയുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞു കൂടും. ഒരിക്കൽ അവിടെ വേദജ്ഞാനിയായ ഒരു പുരോഹിതൻ കടന്നുവന്നു. അദ്ദേഹം അബ്ദുൽ മുത്വലിബിനെ കണ്ട മാത്രയിൽ കൗതുകത്തോടെ ചോദിച്ചു: ഞാൻ നിങ്ങളുടെ നാസാദ്വാരമൊന്നു പരിശോധിക്കട്ടെ. 'അതെ' അബ്ദുൽ മുത്വലിബ് സമ്മതിച്ചു. പരിശോധനക്കു ശേഷം പുരോഹിതൻ പ്രവചിച്ചു. നിങ്ങളുടെ കുലത്തിൽ പ്രവാചകത്വവും അധികാരവും വന്നെത്തുന്നതായി ഞാൻ മനസ്സിലാക്കുന്നു. രണ്ട് മനാഫ് ദമ്പതികളിലാണ് ആ കുസുമം വിരിയുക. ഖുറൈശീ ഗോത്രത്തിലെ പ്രധാനികളായ രണ്ട് അബ്ദുമനാഫുമാരുടെ (അബ്ദുമനാഫ്ബ്നു ഖുസയ്യ്, അബ്ദുമനാഫ്ബ്നു സഹ്റാ) പുത്രനിലും പുത്രിയിലുമായാണ് പ്രവാചകത്വം ലഭിക്കുന്നയാൾ ജനിക്കുകയെന്നാണ് ഈ പ്രവചനത്തിന്റെ സാരം. 

       ഈ പ്രവചനം കേട്ട് അബ്ദുൽ മുത്വലിബ് അബ്ദുമനാഫ്ബ്നു സഹ്റയുടെ പരമ്പരയിലെ പുത്രിമാർ അബ്ദുമനാഫ്ബ്നു ഖുസയ്യിന്റെ മക്കളിൽ പെട്ട താനുമായും തന്റെ മക്കളുമായും ദാമ്പത്യം വരിക്കണമെന്നു തീരുമാനിച്ചു. അബ്ദുമനാഫ്ബ്നു സഹ്റക്ക് ഉഹൈബ്, വഹബ് എന്നീ രണ്ടു പുത്രന്മാരിലായി യഥാക്രമം ഹാലത്ത്, ആമിന എന്നീ രണ്ടു പുത്രിമാരാണുള്ളത്. അവരിലൊരുത്തിയെ താനും ഒരുത്തിയെ തന്റെ ഇഷ്ടമകൻ അബ്ദുല്ലക്കും വിവാഹം കഴിക്കാമെന്നു തീരുമാനിച്ചു. യമനിൽ നിന്ന് തിരിച്ചു വന്ന ഉടനെ അബ്ദുല്ലയെയും കൂട്ടി പുറപ്പെട്ടു. വഹബിന്റെ പുത്രി ആമിനയെ അബ്ദുല്ലക്ക് വിവാഹം ചെയ്തു കൊടുക്കുകയും ഉഹൈബിന്റെ പുത്രി ഹാലയെ താൻ തന്നെ വേൾക്കുകയും ചെയ്തു. ഒന്നുകിൽ തന്റെ ദാമ്പത്യത്തിൽ അല്ലെങ്കിൽ അബ്ദുല്ലയുടെ ദാമ്പത്യവല്ലരിയിൽ പ്രവാചകത്വവും അധികാരവും ലഭിക്കേണ്ട കുഞ്ഞു പിറക്കണമെന്ന പ്രതീക്ഷയോടെ.

       അല്ലാഹുവിന്റെ വിധി അബ്ദുല്ലാ ആമിനാ ദമ്പതിമാരിൽ ലോക നായകനായ പ്രവാചകർ ജനിക്കണമെന്നായിരുന്നു. മൂന്നേ മൂന്നു ദിവസത്തെ മധുവിധുനാളുകളിൽ തന്നെ ആമിനാ (റ) ഗർഭം ധരിച്ചു. ആ ഓമനമുഖം കാണാൻ പോലും സാധിക്കും മുമ്പ് അബ്ദുല്ല (റ) വഫാത്താവുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ചിരുന്ന കുഞ്ഞെന്ന നിലക്കു തന്നെ പിതാമഹൻ അബ്ദുൽ മുത്വലിബ് ആ കുഞ്ഞിന്റെ വത്സപിതാവായി. അബ്ദുൽ മുത്വലിബ്-ഹാല: ദാമ്പത്യം പുഷ്പിച്ചുവോ. എന്തോ...?!

**********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 6)

*1. അബ്ദുൽ മുത്തലിബ്* 

       ശൈബത്ത് എന്നോ ശൈബത്തുൽ ഹംദ എന്നോ ആണ് സ്വനാമം. പ്രസവിച്ചപ്പോൾ തന്നെ തന്റെ തലമുടിയിൽ 'നര' ബാധിച്ച ഒരൽപ്പം മുടിയുണ്ടായിരുന്നതാണ് ഈ പേരിടാൻ കാരണം. ചെറുപ്പത്തിൽ തന്നെ 'കാരണവർ' പദവി നേടുന്നുവെന്നതിന്റെ സൂചനയായിരുന്നിരിക്കുമോ ആ നര. ശൈബത്ത് എന്ന ശബ്ദത്തിനു നര എന്നും ശൈബത്തുൽ ഹംദ് എന്നാവുമ്പോൾ സ്തുത്യർഹനര എന്നും അർത്ഥം. അബ്ദുൽ മുത്തലിബ് (മുത്തലിബിന്റെ ദാസൻ) എന്ന പേരിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. അതിങ്ങനെയാണ്:

       തന്റെ പിതാവ് ഹാശിം കച്ചവടാർത്ഥം ശാമിൽ പോകാറുണ്ട്. ഒരിക്കൽ യാത്ര മദീന വഴിയാക്കി. മദീനയിൽ ഖസ്റജ് വംശജനായ അംറുബ്നു സൈദിന്റെ ആതിഥ്യത്തിലായിരുന്നു താമസം. അദ്ദേഹത്തിന്റെ മകൾ സൽമായെ കണ്ട് ഹാശിം അവളെ വിവാഹാലോചന നടത്തി. പ്രസവത്തിനു തന്റെ വീട്ടിലയക്കണമെന്ന ഉപാധിയോടെ അംറ് മകളെ നിക്കാഹ് ചെയ്തു കൊടുത്തു. മധുവിധു കച്ചവടം കഴിഞ്ഞു തിരിച്ചു വരുമ്പോഴാകാമെന്നുവച്ചു ഹാശിം ശാമിലേക്കു യാത്ര തുടർന്നു. തിരിച്ചു വന്നപ്പോൾ മദീനയിൽ വന്നു നവവധുവൊത്ത് അല്പം താമസിച്ചു. സൽമാ ഗർഭിണിയുമായി. പോരുമ്പോൾ ഹാശിം ഗർഭിണിയായ ഭാര്യയേയും കൂട്ടിത്തന്നെ മക്കയിലെത്തി. ഗർഭാസ്വാസ്ഥ്യം വർദ്ധിച്ചപ്പോൾ അടുത്ത ശാം യാത്രയിൽ ഭാര്യയെ വീട്ടിൽ കൊണ്ടാക്കി. ഹാശിം ശാമിലേക്കും പോയി. അവിടെ 'ഗസ്സ'* എന്ന സ്ഥലത്തു വെച്ചു ഹാശിം വഫാത്തായി. സൽമ ഒരാൺ കുഞ്ഞിനു ജൻമം നൽകി.

       കുഞ്ഞിന് ഏഴോ എട്ടോ വയസ്സു കാണും. അസ്ത്രമെയ്തും പന്തു കളിച്ചും കുഞ്ഞുവളർന്നു. സതീർത്ഥ്യരെ തോൽപിച്ചു ജയം നേടുമ്പോൾ കുഞ്ഞ് പത്രാസു പറയും. “ഞാൻ ഹാശിമിന്റെ പുത്രനാണ്, ബുത്വഹാഇന്റെ -മക്കയുടെ- നായകന്റെ പുത്രനാണ്. ബനുൽ ഹാരിസ് ഗോത്രത്തിൽപ്പെട്ട ഒരാൾ ഒരിക്കൽ ഇതുകേട്ടു. അദ്ദേഹം കുഞ്ഞിനോടു തിരക്കി. കുട്ടി പറഞ്ഞു. “ഞാൻ അബ്ദുമനാഫിന്റെ പുത്രൻ ഹാശിമിന്റെ പുത്രൻ ശൈബയാണ്". 

[ഹാശിം എന്നവർ വഫാത്തായ സ്ഥലമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഫലസ്തീനിലെ ഗസ്സ. അല്ലാഹു അവിടെയുള്ള വിശ്വാസികൾക്ക് സംരക്ഷണവും സമാധാനവും നൽകട്ടെ ആമീൻ എന്ന് നമുക്ക് ദുആ ചെയ്യാം]

*******************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 7)

       ഒരിക്കൽ ഈ ഹാരിസ് ഗോത്രക്കാരൻ മക്കയിൽ വന്നപ്പോൾ അബ്ദുമനാഫിന്റെ മകൻ മുത്വലിബ് കഅബത്തിങ്കൽ ഹിജ്റ് ഇസ്മാഈലിൽ ഇരിക്കുന്നതു കണ്ടു. അയാൾ പറഞ്ഞു: അല്ലയോ അബൽ ഹാരിസ്, യസ്‌രിബിൽ അസ്ത്രമെയ്തു കളിക്കുന്ന കുട്ടികളിൽ ഒരു എട്ടു വയസ്സുകാരൻ എന്റെ ശ്രദ്ധ ആകർഷിച്ചു. കളി ജയിക്കുമ്പോഴെല്ലാം ആ കുട്ടി ഞാൻ ഹാശിമിന്റെ മകനാണ്. മക്കയുടെ നായകന്റെ പുത്രൻ. എന്നിങ്ങനെ പത്രാസടിക്കും. മുത്തലിബ് പറഞ്ഞു: ശരിയാണ്. അതെന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണ് അവനെ ഇവിടെ മക്കയിലെത്തിക്കാതെ ഇനി ഞാൻ വീട്ടിലേക്കു തിരിക്കില്ല. എങ്കിൽ എന്റെ ഒട്ടകമതാ കഅബയുടെ മുറ്റത്ത്. അതിനുമേൽ കയറി പൊയ്ക്കോളൂ. ആഗതൻ പറഞ്ഞു.

       മുത്തലിബ് ആ ഒട്ടകപ്പുറത്തു കയറി യസ്‌രിബിലെത്തി. സന്ധ്യയാവാറായി. തന്റെ സഹോദരൻ ഹാശിം കല്ല്യാണം കഴിച്ച 'ബനുന്നജ്ജാർ' ഗോത്രക്കാരുടെ താമസസ്ഥലത്തു ചെന്നു. അവിടെ ഒരു കൂട്ടം കുട്ടികൾ പന്തു കളിക്കുന്നു. കണ്ട മാത്രയിൽ തന്നെ മുത്വലിബ് തന്റെ സഹോദരപുത്രനെ തിരിച്ചറിഞ്ഞു. കൂടി നിന്നവരോട് ഇതു ഹാശിമിന്റെ മകൻ തന്നെയോ എന്നുറപ്പുവരുത്തി. അവർ പറഞ്ഞു. അതെ നിങ്ങളുടെ സഹോദരൻ ഹാശിമിന്റെ പുത്രൻ തന്നെ. നിങ്ങളവനെ കൂട്ടാൻ വന്നതെങ്കിൽ അവന്റെ ഉമ്മ അറിയും മുമ്പ് പിടിച്ചു കൊണ്ടുപോവണം. ഉമ്മ അറിഞ്ഞാൽ സമ്മതിക്കില്ല. മുത്വലിബ് തന്റെ പ്രിയമകനെ വിളിച്ചുപറഞ്ഞു. എന്റെ സഹോദരപുത്രാ! ഞാൻ നിന്റെ പിതൃസഹോദരനാണ്. നിന്നെ നിന്റെ ഗോത്രക്കാരിലേക്ക് -മക്കയിലേക്ക് കൂട്ടാൻ വിചാരിക്കുന്നു. നീ വരണം. കേട്ട മാത്രയിൽ തന്നെ പിതൃവ്യനെ തിരിച്ചറിഞ്ഞ മകൻ ഒട്ടകപ്പുറത്തു കയറി അദ്ദേഹത്തിന്റെ കൂടെ മക്കയിൽ വന്നു. രാത്രിയായപ്പോൾ മകനെ തിരക്കിയ ഉമ്മയോട്, തന്റെ പിതൃവ്യൻ കുട്ടിയെ കൊണ്ടുപോയ കഥ നാട്ടുകാർ വിവരിച്ചു.

      പകൽ സൂര്യപ്രകാശം തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോഴാണ് മുത്വലിബ് മക്കയിലെത്തിയത്. അങ്ങിങ്ങായി സമ്മേളിച്ച ജനങ്ങൾ മുഷിഞ്ഞ വേഷത്തിൽ തന്നെ പിന്നിലിരിക്കുന്ന ബാലനാരെന്നു ചോദിച്ചപ്പോൾ മുത്ത്വലിബ് അവരോട് പറഞ്ഞു. ഇതൊരടിമക്കുട്ടിയാണ്. ബാലനാരെന്നന്വേഷിച്ച സഹധർമ്മിണിയോടും മുത്വലിബ് പറഞ്ഞു. ഇതെന്റെ അടിമയാണെന്ന്. കളിക്കളത്തിൽ നിന്നു കൂട്ടികൊണ്ടുവരുമ്പോഴുള്ള കീറി പറിഞ്ഞ മുഷിഞ്ഞ വേഷക്കാരൻ ചെറുക്കൻ തന്റെ സഹോദര പുത്രനാണെന്നു പറയാൻ മുത്വലിബിന് ജാള്യത തോന്നി. കുട്ടിയെ വീട്ടിലാക്കി തുണിക്കടയിൽ ചെന്നു മുന്തിയ ഉടയാടകൾ വാങ്ങി വീട്ടിലെത്തിയ മുത്വലിബ് വൈകുന്നേരമായപ്പോൾ കുളിച്ചു വൃത്തിയായി പുതിയ ഉടയാടകൾ അണിഞ്ഞ തന്റെ ബാലനെയും കൂട്ടി അബ്ദുമനാഫിന്റെ മക്കൾ സമ്മേളിക്കുന്ന വിശിഷ്ട സദസ്സിൽ എത്തി. മക്കയിലെ വീഥികളിലൂടെ ബാലനെയും കൂട്ടി ചുറ്റി. ഇതെന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണെന്ന് ഏവരെയും സസന്തോഷം അറിയിച്ചു. അപ്പോഴേക്കും തന്റെ കുട്ടി “മുത്വലിബിന്റെ അടിമ” എന്ന പേരിൽ തന്നെ അറിയപെട്ടിരുന്നു. അങ്ങനെ ശൈബതുബ്നുഹാശിം അബ്ദുൽ മുത്വലിബുബുനുഹാശിമായി!

       തന്റെ പിതാവ് ഹാശിമിനു ശേഷം പിതൃവ്യൻ മുത്വലിബു കൂടി മരണപെട്ടതോടെ അബ്ദുമനാഫിന്റെ മക്കൾക്കുള്ള എല്ലാ പ്രൗഢിയും അധികാരങ്ങളും അബ്ദുൽ മുത്വലിബിന്നു സ്വന്തമായി. അടഞ്ഞു കിടന്നിരുന്ന സംസം കിണറിന്റെ സ്ഥാനം കണ്ടുപിടിച്ചു കുഴിക്കുകയും അതു വീണ്ടെടുക്കുകയും ചെയ്തതും അതിന്നടിയിൽ കുഴിച്ചുമൂടപ്പെട്ടിരുന്ന അമൂല്യവസ്തുക്കൾ പിടിച്ചെടുത്തതും അബ്ദുൽ മുത്വലിബായിരുന്നു. അതോടെ മക്കയുടെയും കഅബയുടെയും നായകത്വം തനിക്കു സ്വന്തമായി.

********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 8)

*2. ഹാശിം:-* 

       അംറ് എന്നാണു സ്വന്തം പേര്. ഒരിക്കൽ ഖുറൈശികൾ രൂക്ഷമായ വരൾച്ചയിൽ പെട്ടു പട്ടിണി കിടന്നപ്പോൾ ഫലസ്തീനിൽ പോയി പൊടി മേടിച്ചു മക്കയിൽ കൊണ്ടുവന്നു. വലിയ പത്തിരിയുണ്ടാക്കി ഒട്ടകത്തെ അറത്തു പത്തിരി കഷ്ണിച്ചു കറിയിലിട്ടു ജനങ്ങൾക്കു തീറ്റിയതു മുതൽക്കാണ് അദ്ദേഹം ഹാശിം എന്നു വിളിക്കപ്പെട്ടത്. 'കഷ്ണിക്കുന്നവൻ' എന്നാണ് ആ അറബി ശബ്ദത്തിന്റെ അർത്ഥം. തന്റെ പിതാവ് അബ്ദുമനാഫിന്റെ മരണാനന്തരം സംസമിന്റെ അധികാരവും മക്കയിൽ വരുന്നവരുടെ ആതിഥ്യം നൽകുന്ന അവകാശവും മൂത്തപുത്രനായ ഹാശിമിനായിരുന്നു.

*3. അബ്ദുമനാഫ്:-* 

       മുഗീറഃ എന്നാണു യഥാർത്ഥ പേര്. മക്കയിലെ ഏറ്റവും വലിയ വിഗ്രഹമായ മനാഫിനു തന്റെ മാതാവു വഴിപാടു നേർന്നതിനാലാണു മുഗീറ അബ്ദുമനാഫ് (മനാഫു ദേവന്റെ ദാസൻ) എന്നറിയപ്പെട്ടത്.

***********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 9)

*4. ഖുസ്വയ്യ്:-* 

       സൈദാണു നാമം. തന്റെ പിതാവു കിലാബിന്റെ മരണാനന്തരം മാതാവ് അസദ് ഗോത്രക്കാരിയായ ഫാത്വിമ തന്റെ രണ്ടുമക്കളിൽ ഇളയവനായ സൈദിനെ രണ്ടാം ഭർത്താവായ റബീഅത്തുബ്നു ഹറാമിനോടൊപ്പം മക്കയിൽ നിന്നും അകലെ ഖുസാഅത്തു ഗോത്രക്കാർ താമസിക്കുന്നിടത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഫാത്വിമക്കു റബീഅത്തിൽ നിന്നും പുത്രൻ ജനിച്ചു. റബീഅത്തിനു വേറെ ഒരു സ്ത്രീയിൽ മൂന്നു മക്കളുമുണ്ട്. അവർക്കിടയിൽ പെട്ട സൈദിന് അവർ ഖുസ്വയ്യ് (ദൂരെയുള്ളയാൾ) എന്ന് വിളിച്ചു വന്നു. 

       അവിടെ യുവാവായി വളർന്ന ഖുസ്വയ്യ് ഒരു പ്രശ്നത്തിനിടയിൽ ഖുസാഅത്തു ഗോത്രക്കാരിൽ നിന്നും 'നീ പരദേശിയാണെ'ന്ന ശകാരം കേട്ടു. വീട്ടിൽ മാതാവിനോടു ചെന്ന് സത്യാവസ്ഥ തിരക്കിയ ഖുസ്വയ്യിനോടു മാതാവു പറഞ്ഞു. “മോനേ, നീ അവരേക്കാൾ ഉന്നത കുലജാതനാണ്. നീ ഖുറൈശീ വംശജനായ കിലാബിന്റെ പുത്രനാണ്. നിന്റെ കൂട്ടക്കാർ പരിശുദ്ധ കഅബക്കു സമീപം മക്കയിലും ചുറ്റുവട്ടത്തും കഴിയുന്നു.” ഇതു കേട്ട മകൻ തന്റെ കുടുംബത്തിന്റെ നാട്ടിലണയാൻ തീരുമാനിച്ചു. മാതാവു പറഞ്ഞു: ധൃതി വയ്ക്കേണ്ട മോനേ, ശഹ്റുൽ ഹറാം പിറന്നാൽ മക്കയിലേക്കു ഹാജിമാർ പോവും. അവരുടെ കൂടെ പുറപ്പെടാം. അല്ലെങ്കിൽ എനിക്കു ഭയമാണ്.

       ഹാജിമാരോടൊപ്പം മക്കയിലെത്തിയ ഖുസ്വയ്യ് ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോയില്ല. കരുത്തുറ്റ ജൻറൽമാനായി ഖുസ്വയ്യ് ഖുസാഅഃ ഗോത്രത്തിൽ പെട്ട ഹലീലിന്റെ മകൾ ഹുബായെ വിവാഹം കഴിച്ചു. മക്കളും സമ്പത്തും പ്രതാപവും വർദ്ധിച്ച ഖുസ്വയ്യ് മക്കയിലെ പ്രധാനിയായി.

       അക്കാലത്തു ഖുസാഅഃ ഗോത്രക്കാർക്കാണ് കഅബയുടെ ആധിപത്യം. ഖുസ്വയ്യിന്റെ ഭാര്യാപിതാവു ഹലീലായിരുന്നു അവസാനത്തെ അധിപൻ. അദ്ദേഹത്തിന്റെ മരണാനന്തരം അബൂഗബ്ശാൻ എന്ന ഖുസാഈ വംശജനായിരുന്നു കഅബയും ഹറമും ഭരിച്ചിരുന്നത്. ഈ അധികാരം ഇവിടത്തെ ഏറ്റവും ഉന്നത കുടുംബമായ തന്റെ ഗോത്രം ഖുറൈശികൾക്കവകാശപ്പെട്ടതാണെന്നും തന്റെ പിതാമഹാന്മാരിൽ നിന്നും ഇത് ഖുസാഅത്ത് ഗോത്രക്കാർ തട്ടിയെടുത്തതാണെന്നും മനസ്സിലാക്കിയ ഖുസ്വയ്യ് സന്ദർഭത്തിനൊത്തുയർന്നു. തന്റെ ഗോത്രത്തിലെ എല്ലാ ഉപ ഗോത്രക്കാരോടും കിനാനത്ത് വംശജരോടുമെല്ലാം സംസാരിച്ച് ഈ അധികാരം തിരിച്ചുപിടിക്കാൻ ഖുസ്വയ്യ് തീരുമാനിച്ചു. അബൂഗബ്ശാൻ മദ്യം കിട്ടിയാൽ എല്ലാം മറക്കുന്ന ദുർബ്ബലനായിരുന്നു. ഇതു മനസ്സിലാക്കിയ ഖുസ്വയ്യ് ഒരു വീപ്പ കള്ളും ഊദ് എന്ന ഒരു തരം വാദ്യോപകരണവും വച്ചു നീട്ടിയപ്പോൾ അബൂഗബ്ശാൻ കഅ്ബയുടെ താക്കോലും ആധിപത്യവും ഖുസ്വയ്യിനു കൈമാറി.               

       ഇതറിഞ്ഞ ഖുസാഅഃ ഗോത്രക്കാർ ഇളകിവശായെങ്കിലും ആസൂത്രിതമായി ഖുറൈശീ ഉപശാഖകളെയെല്ലാം ഒത്തിണക്കിക്കൊണ്ടും ഖുസാഅ ഗോത്രത്തിലെ തന്റെ മാതാവൊത്ത സഹോദരൻ റസാഇന്റെ പിന്തുണ കൊണ്ടും ഖുസ്വാഅത്തു ഗോത്രക്കാരെ എതിർത്തു തോല്പിച്ചു. ജാള്യരായ അവർ വീടും സ്വത്തും വിറ്റു കഅബയുടെ പരിസരത്തുനിന്നു മാറി താമസിച്ചു തുടങ്ങി. ഈ തക്കത്തിൽ മലയോരങ്ങളിലും പർവ്വതശിഖരങ്ങളിലും ചിന്നിച്ചിതറിക്കിടന്ന ഖുറൈശീശാഖകളെയെല്ലാം കഅബക്കു സമീപവും മക്കയിലെ അബ്ത്വഹിലും ഒന്നിച്ചു താമസിപ്പിച്ചു. ഇതുകൊണ്ടാണു ഖുസ്വയ്യിനു 'മുജമ്മിഉ ഖുറൈശ്' (ഖുറൈശികളുടെ സംയോജകൻ) എന്ന അപരനാമം ലഭിച്ചത്.

***********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 10)

*5. കിലാബ്:-* 

       ശത്രുവിനു നേരെ ചാടിവീഴുക എന്നർത്ഥമുള്ള അറബി ശബ്ദമാണിത്. അല്ലെങ്കിൽ നായ എന്നർത്ഥമുള്ള കൽബിന്റെ ബഹുവചനവുമാകാം. ശത്രുക്കൾക്കുനേരെ കുരച്ചു ചാടുന്ന നായ എന്ന ഉദ്ദേശ്യാർത്ഥത്തിലാണു പണ്ടുകാലത്ത് അറബികൾ ഇങ്ങനെ പേരിടാറുള്ളത്. 

       സ്വന്തം മക്കൾ തങ്ങളുടെ ശത്രുക്കൾക്കു നേരെ പ്രതിരോധം സൃഷ്ടിക്കാനുള്ളതാണെന്ന സങ്കൽപത്തിൽ ശത്രുക്കൾക്കു നേരെ ചെന്നായ (ദ്വിഅ്ബ്) സിംഹം (അസദ്) നായ (കൽബ്) യുദ്ധം (ഹർബ്) അരോചകമായ കൈപ്പ് (മുർറ) എന്നിങ്ങനെയുള്ള നാമങ്ങൾ സ്വന്തം സന്താനങ്ങൾക്കു നൽകുകയും അതേ സമയം, അടിമകൾക്ക് അവർ നേട്ടം കൊയ്തു തരുന്നവരെന്ന സങ്കൽപത്തിൽ നല്ല നല്ല പേരുകൾ നൽകുകയും ചെയ്യുക ആ കാലത്തെ അറബി സമ്പ്രദായമായിരുന്നു. 

       ഖുറൈശി വംശജനായ സുറൈറിന്റെ മകൾ ഹിന്ദാണു കിലാബിന്റെ മാതാവ്. അബൂബക്കർ(റ)യുടെ ഗോത്രമായ ബനൂതൈമിന്റെ പിതാമഹൻ തൈമുബ്നു മുറം കിലാബിന്റെ പിതാവൊത്ത സഹോദരനാണ്.

*6. മുർറ:-* 

       ഖുറൈശി വംശജയാണ് ഇവരുടെ മാതാവ് വഹ്ശിയ്യ. അദിയ്യ്, ഹുസൈസ് എന്നീ രണ്ടു സഹോദരൻമാരും അദ്ദേഹത്തിനുണ്ട്. ഉമറി (റ)ന്റെ വംശജരായ ബനൂഅദിയ്യ് നബിയുടെ പിതൃപരമ്പരയിൽ നിന്നും വേർപിരിയുന്നത് ഈ അദിയ്യിലൂടെയാണ്.

*********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 11)

*7. കഅ്ബ്:-*

       വെള്ളിയാഴ്ച ദിവസത്തിനു യൗമുൽ അറൂബ എന്ന് ആദ്യമായി നാമകരണം ചെയ്തത് ഇദ്ദേഹമായിരുന്നു. അദ്ദേഹം അന്നേ ദിവസം ഖുതുബ നിർവഹിക്കുകയും ഖുറൈശികൾ അതുകേൾക്കാൻ സമ്മേളിക്കുകയും പതിവുണ്ടായിരുന്നു. തന്റെ സന്താനപരമ്പരയിൽ ഒരു നബി വെളിപ്പെടുമെന്നും അവരോടു പിൻപറ്റണമെന്നും തന്റെ ഖുതുബ യിൽ പലപ്പോഴും അദ്ദേഹം പ്രവചിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. "അമ്മാബഅ്ദു' എന്ന വാക്യം ആമുഖത്തിനുശേഷം വിഷയത്തിൽ പ്രവേശിക്കും മുമ്പ് ഖുതുബയിൽ ആദ്യം പതിവാക്കിയത് ഇദ്ദേഹമായിരുന്നു.

*8. ലുഅയ്യ്:-* 

       ഇദ്ദേഹത്തിന്റെ ഒരു പുത്രനായ ഖുസൈമയാണ് പ്രശ്നസമയങ്ങളിൽ ഖുറൈശികളുടെ അഭയം. മറ്റൊരു പുത്രൻ സഅദിന്റെ മക്കൾ പരമ്പരയാണ് നാട്ടിൻ പുറത്ത് താമസക്കാരായ അറബികൾ. നാട്ടിൽ താമസിക്കുന്നവർ മാത്രമാണു ഖുറൈശികൾ എന്ന തറവാട്ടു നാമം ചേർത്തു പറയുന്നവർ.

*9. ഗാലിബ്:-* 

       ലൈലാബിൻതു ഹാരിസത്താണു മാതാവ്. ആറു സഹോദരൻമാരുണ്ട്..

********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 12)

*10. ഫിഹ്ർ:-* 

       ജുമ്മാഉ ഖുറൈശ് എന്ന സ്ഥാനപ്പേരുള്ള ഇദ്ദേഹത്തിന്റെ മക്കൾക്കാണു ഖുറൈശ് ഗോത്രം എന്നു പറയുന്നതെന്നു ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു പ്രബലമല്ലെങ്കിലും. ഹസ്സാൻ എന്ന ഹിംയർ ഗോത്രക്കാരന്റെ നേതൃത്വത്തിൽ കഅ്ബയുടെ കല്ലുകൾ പൊളിച്ചു തങ്ങളുടെ നാട്ടിലേക്കെത്തിക്കാനും അവിടെ ഹജ്ജിന്റെ കേന്ദ്രമാക്കാനും യമനിൽ നിന്നും വന്ന ഒരു വലിയ സൈന്യത്തോടു മക്കയിലെ ഖുറൈശികളും മറ്റു ഗോത്രക്കാരും യുദ്ധം ചെയ്യുകയും തുരത്തി ഓടിക്കുകയും ചെയ്തപ്പോൾ അതിന്റെ നേതൃത്വം ഫിഹ്റിനായിരുന്നു. മൂന്നുവർഷം മക്കയിൽ തടങ്കലിൽ കഴിഞ്ഞ ശേഷം ദണ്ഡം നൽകി രക്ഷപ്പെട്ട ഹസ്സാൻ യമനിൽ തിരിച്ചെത്തുകയും മുമ്പേ മരണപ്പെടുകയു മാണുണ്ടായത്.

*11. മാലിക്:-* 

       ഇക്‌രിശത്തു ബിൻതു അദ്‌വൻ ആണു ഉമ്മ. യഖ്‌ലൂദ്‌, സ്വൽത്വ് എന്നീ രണ്ടു സഹോദരൻമാരുമുണ്ട്. ഇവർക്കാണ് ആദ്യമായി ഖുറൈശ് എന്ന തറവാട്ടുപേർ ലഭ്യമായത്.

*12. നള്ർ:-* 

       ഖൈസ് എന്നാണു ശരിനാമം. തന്റെ മുഖത്തെ നിസ്തുല പ്രകാശം മൂലമാണു നള്ർ എന്നു വിളിക്കപ്പെട്ടത്. ബർറത്താണു മാതാവ്. പ്രബലാഭിപ്രായപ്രകാരം ഇദ്ദേഹത്തിന്റെ മക്കൾക്കാണു ഖുറൈശികളെന്നു പറയുന്നത്.

********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*

(ഭാഗം: 13)

*13. കിനാനത്ത്:-* 

       ഖുറൈശ് എന്ന ഗോത്രപ്പേരിനു മുൻപ് പ്രചാരപ്പെട്ട ഗോത്ര നാമമാണു കിനാനത്ത്. ഇദ്ദേഹത്തിലേക്കു ചേർത്താണ് ഈ നാമം വന്നത്. സഅദിന്റെ മകൾ "അവാന' യാണു മാതാവ്. 

*14. ഖുസൈമ:-* 

       അസ്ലം മകൾ. സൽമ: മാതാവ്.

*15. മുദ്‌രിക്കത്ത്:-* 

       അംറ് എന്നാണു നാമം. ഹൽവാൻ മകൾ ലൈലാ മാതാവ്. ആമിർ എന്ന തന്റെ സഹോദരനും താനും ഒട്ടകത്തെ മേച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കിട്ടിയ വേട്ട ജീവിയെ തീയ്യിലിട്ടു വേവിക്കാനിരുന്നു. അതിനിടയിലെന്തോ സംഭവിച്ചു ഒട്ടകം ചിതറി ഓടിയപ്പോൾ അംറ് ആമിറിനോട് ചോദിച്ചു: നീ ഒട്ടകത്തെ പിടിച്ചു കൊണ്ടുവരുന്നോ, അതല്ല, ഇതിനെ വേവിക്കുന്നോ? ആമിർ പറഞ്ഞു: ഞാൻ വേവിക്കാം. അംറ് ഒട്ടകത്തെ തിരഞ്ഞു പിടിച്ചെത്തിക്കാനും പുറപ്പെട്ടു. വീട്ടിൽ വന്നു രണ്ടു പേരും സംഭവം വിവരിച്ചപ്പോൾ പിതാവ് പറഞ്ഞു, അംറിനോട്: നീ മുദ്‌രികത്തു (ഒട്ടകത്തെ കണ്ടെത്തിയവൻ) ആണ്. ആമിറിനോട്: നീ ത്വാബിഖത്തും (വേവിക്കുന്നയാൾ).

***********************


(തുടരും)

[കടപ്പാട്‌: ബുൽബുൽ മാസിക, _'മുഹമ്മദ്‌ മുസ്തഫാ'_ - അലി അക്ബർ മൗലവി ഉദിരംപൊയിൽ]

*🪀 അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*

_To Join: +918281430730_

നബിദിനാഘോഷം പ്രമാണങ്ങൾക്ക് മുന്നിൽ പിടയുന്ന ബിദഇകൾ_(ഇമാമുമാർ പറഞ്ഞത്)_


നബിദിന വിരോധികളുടെ ഞൊണ്ടി ന്യായങ്ങൾക്ക് വായടപ്പൻ മറുപടി

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
മറുപടി

('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

മറുപടി

(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

മറുപടി

(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല).

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

മറുപടി

(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.)

5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

മറുപടി

(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.

(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

മറുപടി
(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

മറുപടി

 (നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

മറുപടി
(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

മറുപടി

(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

മറുപടി

(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.

മറുപടി
(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.

(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!

മറുപടി
(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!
(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)

17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!
(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)

18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! (വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!
(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)

20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!
((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)


ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...