പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാനയുടെ നാമം സുപരിചിതമാകുന്നത് ശൈഖുൽ ഹദീസ് മൗലാനാ സക്കരിയ്യ കാന്ധലവി (റഹ് ) യുടെ ഫാളായിലിന്റെ കിതാബുകളുടെ വിവർത്തനങ്ങളിലൂടെയാണ്. ആ മഹത്തായ സേവന ദൗത്യ നിർവ്വഹണത്തിലൂടെ മാത്രം ഇരുട്ടിൽ തപ്പിത്തടഞ്ഞിരുന്ന ഒട്ടനവധി പേർക്ക് മുന്നിൽ സന്മാർഗ്ഗത്തിന്റെ വാതിൽ മലർക്കെ തുറക്കപ്പെടുകയായിരുന്നു. ഫാളായിലിന്റെ കിതാബുകൾ തഅലീം ചെയ്ത് പ്രചോദനമുൾക്കൊണ്ട് ജീവിതം മാറ്റിമറിച്ച ഒരുപാട് പേരെ നേരിൽ കാണാൻ വിനീതനു സാധിച്ചിട്ടുണ്ട് . അതുപോലെ സൂഫിയാക്കൾക്കും , പള്ളിയിലെ ഇമാമുമാർക്കുമെല്ലാം ഏറെ പ്രിയ്യപ്പെട്ടതും ഉപകാരപ്പെട്ടതുമായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.
ഫാളായിലിന്റെ കിതാബുകളിൽപെട്ട 'ഹികായത്തു സ്വഹാബ' ആദ്യമായി മലയാളത്തിൽ 'സമുന്നതരായ സ്വഹാബിവര്യന്മാർ' എന്ന പേരിൽ വിവർത്തനം ചെയ്തത് മഹാനായ പണ്ഡിതവര്യൻ കാടേരി അബുൽ കമാൽ മുഹമ്മദ് മുസ്‌ലിയാർ (റഹ് ) ആയിരുന്നു . എന്നാൽ ഫാളായിലിന്റെ കിതാബുകൾ മുഴുവനായി മലയാളീകരിച്ച് കൂടുതൽ ശ്രദ്ദിക്കപ്പെട്ടത് പുലിപ്പാറ അബ്ദുൽ ഖാദിർ മൗലാന(റഹ് )യുടെ വിവർത്തനമായിരുന്നു.
കേരളക്കരയിലും , പിന്നീട് ഇന്ത്യയിലുടനീളവും , വിദേശത്തും ദീനീ പരിശ്രമങ്ങൾക്ക് വേണ്ടി ത്യാഗോജ്ജ്വല പ്രവർത്തന നിരതനായ മൗലാനയെക്കുറിച്ച് പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.
പുലിപ്പാറ അബൂ റളിയാ ബാഖവി , റഈസുൽ ഉലമ ശിഹാബുദ്ദീൻ മൗലവി (റഹ് ) യുടെ അനുസ്മരണ സുവനീറിൽ എഴുതിയ ലേഖനം മൗലാനയെ കൂടുതലായി അറിയാൻ ഉപകാരപ്പെടുമെന്നതിനാൽ ചുവടെ ചേർക്കുന്നു.
അബ്ദുൽ ഖാദിർ മൗലാനാ മഹാനായ ഒരു പണ്ഡിതനും സൂഫിവര്യനും ദീനിന്റെയും സന്മാർഗ്ഗത്തിന്റെയും പ്രചരണത്തിനുവേണ്ടി ജീവിതാന്ത്യം വരെ ത്യാഗം ചെയ്തിട്ടുള്ളവരുമാണ് . ആ മഹാന്റെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കറാമത്തുകളുടെ ഒരു പട്ടിക തന്നെ നിരത്തുവാൻ കഴിയും .
ദീനിന്റെ സന്ദേശവും തഖ്‌വ കൊണ്ടുള്ള ഉപദേശവും ലക്ഷ്യം വെച്ച് കൊണ്ട് ആദ്യകാലങ്ങളിൽ പുലിപ്പാറ കൊച്ചാലുംമൂട് പ്രദേശങ്ങളിലെ ഓരോ വീടും നിരന്തരം കയറിയിറങ്ങുമായിരുന്നു . കുടുംബത്തിലെയും നാട്ടിലെയും ഓരോരുത്തരെയും കണ്ട് പറഞ്ഞിരുന്ന ആ മഹാൻ പിന്നീട് തന്റെ പ്രവർത്തനം രാജ്യവ്യാപകമാക്കി . കൂട്ടാളികളുമൊത്ത് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം ചുറ്റിത്തിരിഞ്ഞ് തഖ്'വയുടെ ജീവിതത്തിനു വേണ്ടി ഉപദേശിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഉപദേശ ഫലമായി നാട്ടിലും രാജ്യത്താകെയും ധാരാളം ആളുകൾ ഉയർന്ന തഖ്'വയുള്ളവരും സൽസ്വഭാവികളുമായിട്ടുണ്ട്. ദീനിന്റെ എതിരാളികളായി നടന്നിരുന്ന എത്രയോ കുടുംബങ്ങൾ മക്കളെ ഉലമാക്കളാക്കിയും , സ്ത്രീകളെ പർദ്ദയണിയിച്ചും വളരെ ഉയർന്ന ദീനീ കുടുംബങ്ങളായി മാറ്റിയിട്ടുണ്ട്. ആ മഹാനുമായി അടുക്കുന്ന ഏതൊരാൾക്കും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും നബി (സ്വ ) യുടെ സുന്നത്തിനോടുള്ള ബഹുമാനവും ദുആകളോടുള്ള സ്നേഹവും , ആഖിറത്തിന്റെ ഓർമ്മയും വർദ്ധിക്കുമായിരുന്നു .
പിന്നീട് 1970ന് ശേഷം ഈ സന്ദേശവുമായി അമേരിക്ക , ഇന്തോനേഷ്യ , ഇറാഖ് , മലേഷ്യ , തുടങ്ങി അനേകം ലോക രാഷ്ട്രങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് .
13 ഓളം ഹജ്ജ് ചെയ്തിരുന്ന ആ മഹാൻ പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ നിന്നു തന്നെ പൂർത്തിയാക്കിയതിനു ശേഷം ആദ്യം ഓതാൻ പോകുന്നത് കൊച്ചിയിലെ ഇടവനക്കാട് മദ്രസത്തുൽ ഫലാഹിയ്യായിലാണ് . പിന്നീട് കായംകുളം ഹസനിയ്യ , കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ , ഈരാറ്റുപേട്ട തുടങ്ങി വിവിധ സ്ഥലങ്ങളിലായി വളരെക്കാലം ഓതിയിട്ടുണ്ട് . കാക്കായം ഉസ്താദ് ( അബ്ദുൽ ഹമീദ് മൗലവി ) , ശൈഖ് അമാനി ഹസ്രത്ത് (ബാനി ബാഖിയാത്തിന്റെ പ്രധാന ശിഷ്യൻ ) , ഇടവനക്കാട് കുഞ്ഞു മരക്കാർ മുസ്‌ലിയാർ , പെരുമാതുറ സ്വാദിഖ് മൗലവി , ഈരാറ്റുപേട്ട ഔറാൻ കുട്ടി മുസ്‌ലിയാർ , കല്ലറയിലും , പാങ്ങോട്ടും ദർസ് നടത്തിയിരുന്ന മീരാൻ സാഹിബ് മുസ്‌ലിയാർ , അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിത മഹാത്മാക്കൾ , മഹാനവർകളുടെ ഉസ്താദുമാരാണ് . ദക്ഷിണേന്ത്യയിലെ ഉന്നത കലാലയമായ മന്‍ബഉൽ അൻവാർ അറബിക് കോളേജിൽ നിന്നും നൽകി വരുന്ന "മന്‍ബഈ " ബിരുദവും നേടിയിട്ടുണ്ട് . അതിനുപുറമെ പല പ്രത്യേക വിഷയങ്ങളിലും പല ഉലമാക്കളെയും സമീപിച്ച് ഇൽമ് പഠിച്ചിട്ടുണ്ട് . ലോക പ്രശസ്ത മഹാപണ്ഡിതനും പല മഹത് ഗ്രന്ഥങ്ങളുടെയും മുസന്നിഫുമായ മൗലാനാ സക്കരിയ്യ സാഹിബ് (ശൈഖുൽ ഹദീസ് മളാഹിറുൽ ഉലൂം സഹാറൻപൂർ ), ഹസ്രത്ജി യൂസഫ് കാന്തലവി (തബ്‌ലീഗ് ജമാഅത്തിന്റെ അമീർ ) ആത്മീയ പണ്ഡിതന്മാരിൽ നിന്നും നാല് ത്വരീഖത്തിന്റെയും (ഖാദിരി , നക്ഷബന്ദി , ചിശ്തി , സുഹ്രവർദി ) ബൈഅത്ത് വാങ്ങി സുലൂക്കും സ്വീകരിച്ചിട്ടുണ്ട് .
ഉപര്യുക്ത പരിശ്രമങ്ങൾക്ക് പുറമെ ധാരാളം സുന്നത്തായ അമലുകൾ പതിവാക്കിയിരുന്നവരും മുസ്‌ലിം ഉമ്മത്തിന്റെ സ്മരണയെപ്പറ്റി എപ്പോഴും ചിന്തിക്കുന്നവരുമായിരുന്നു . വളരെ രോഗമായ അവസ്ഥകളിലും ദീനീ പരിശ്രമങ്ങളിലും നസ്വീഹത്തുകളിലും നിരതരായിരുന്നു . പല പല സന്ദർഭങ്ങളും അത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അബൂ റളിയാ ബാഖവി എഴുതുന്നു 'റസൂലിന്റെ സുന്നത്തിനെ ഇത്രയധികം സ്നേഹിച്ചിരുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല . 'ചന്ദ്രവർഷപ്രകാരം 63 വയസ്സ് തികഞ്ഞത് മുതൽ "എനിക്ക് 63 ആയിരിക്കുന്നു ! ഹബീബ് റസൂലുല്ലാഹിയുടെ ഒരു സുന്നത്തിനെക്കൂടി എനിക്ക് കിട്ടുമോ എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറയുമായിരുന്നു . അങ്ങനെ ആ അഭിലാഷം പൂവണിഞ്ഞു കൊണ്ട് 1994 വ്യാഴാഴ്ച്ച അറഫാ നോമ്പ് മുറിച്ചയുടനെ കൊടു പഴന്നൂർ ജുമാഅത്ത് പള്ളിയിൽ വെച്ച് 63-ആമത്തെ വയസ്സിൽ തന്നെ ആ മഹാൻ ഇഹലോക വാസം വെടിഞ്ഞു . മഹാനവർകൾ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ആളാണെന്നതിന് വേറെയും തെളിവുകളുണ്ട് .
ഒരു ദിവസം കൊല്ലത്തൊരു പള്ളിയിൽ രാത്രി കഴിച്ചുകൂടുകയാണ് . തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെ വിളിച്ച് കൊണ്ടു പറഞ്ഞു " എനിക്കൊന്ന് വീട്ടിൽ പോകണം " ഒരു വാഹനം സംഘടിപ്പിച്ച് അപ്പോൾ തന്നെ തിരിച്ചു .! പാതിരാത്രിയായി വീട്ടിലെത്തിയപ്പോൾ കതകു തുറന്ന് കിടക്കുന്നു . "എന്താ പിള്ളാരെ കതകടക്കാതെ കിടക്കുന്നത് . എല്ലാവരും പരിഭ്രമിച്ചു . കാര്യം അതല്ലായിരുന്നു . കള്ളന്മാർ വീട്ടിൽ കയറി റബ്ബർ ഷീറ്റ് പെറുക്കി കിണറ്റിലെ കയറെടുത്ത് കെട്ടി തെയ്യാറാക്കി വെച്ച് പരിസരം വീക്ഷിച്ച് നിൽക്കുമ്പോഴാണ് അദ്ദേഹം എത്തിയത് . അൽഹംദുലില്ലാഹ് ! മഹാനവർകൾ അല്ലാഹുവിനെ സ്തുതിച്ചു .
മഹാനവർകൾ പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു ഉപദേശം തച്ചോണം സ്വലാഹുദ്ദീൻ സാർ അയവിറക്കി . ദീനിയായ അവസ്ഥയിലും , ഇൽമിയായ ഉയർച്ചയിലുമായ ഒരാൾ പിന്നീട് വഴികെടുകയാണെങ്കിൽ ഏറ്റവും മോശമായ അവസ്ഥയിലേക്കേ അധപ്പതിക്കുകയുള്ളു! വളരെ സൂക്ഷിക്കണം ! ഇതേ അർത്ഥത്തിൽ മഹാനായ ശൈഖ് മൈതീൻ മുസ്‌ലിയാർ പറയുന്ന വാക്കാണ് മകൻ ഹലീം സാറിന് ഓർമ്മയുള്ളത്. " വൈകുന്നേരം വരെ വെള്ളം കോരി അവസാനം കുടമിട്ടുടക്കെല്ലെടാ !"
അന്ത്യം വിജയിക്കുന്നവരായിരിക്കുവാൻ നമുക്കും റബ്ബുല്‍ ഇസ്സത്ത് തൗഫീഖ് നൽകുമാറാകട്ടെ ! ആമീൻ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ