2022, മാർച്ച് 30, ബുധനാഴ്‌ച

വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്

വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്



റമളാൻ മസ്അലകൾ ഉടൻ നിങ്ങളിലേക്ക്...

*വുളൂ മുറിയാതെ വീണ്ടും വുളൂ ചെയ്യുന്നതിനാണ് تجديد الوضوء (വുളൂ പുതുക്കൽ ) എന്നു പറയുന്നത്. വുളു പുതുക്കൽ സുന്നത്താണ്. അവനു പത്ത് നന്മ എഴുതപ്പെടുമെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.*

*വുളൂഅ് പുതുക്കൽ സുന്നതാകുന്നത് എടുത്ത വുളൂഅ് കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ച ശേഷം മാത്രമാണ്.*
      
*നിസ്കാരം നിർവഹിക്കാതെ വീണ്ടും വുളൂഅ് എടുക്കൽ കറാഹത്താണ്.*
       
*ഇത് പ്രത്യേകം ഇബാദത്താണെന്ന് കരുതിക്കൊണ്ട് നിർവഹിക്കൽ ഹറാമുമാണന്നു ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയിട്ടുണ്ട്.* (തുഹ്ഫ 1/282)
     
*എന്നാൽ ഹറാം എന്ന വീക്ഷണത്തോട് ഇമാം റംലി (റ) യോജിക്കുന്നില്ല.(ശർവാനി: 1/283)*

*എടുത്ത വുളൂ കൊണ്ട് ഏതെങ്കിലും നിസ്കാരം നിർവ്വഹിക്കാതെ വീണ്ടും വുളു ചെയ്യൽ സുന്നത്തില്ല . മാത്രമല്ല , അങ്ങനെ വുളൂ ചെയ്താൽ സ്വഹീഹാകുകയുമില്ല.*

*ഇസ്ലാമിൻ്റെ ആദ്യകാലത്ത് ഓരോ നിസ്കാരത്തിനും ഓരോ വുളൂ നിർബന്ധമായിരുന്നു. പിന്നീട് ആ നിർബന്ധ നിയമം ദുർബലമായി. പിന്നീട് സുന്നത്തായ നിർദ്ദേശം നിലനിന്നു.  (മുഗ്നി )*
   
*വുളൂ പുതുക്കുമ്പോഴേക്കും ഒന്നാം സ്വഫ് നഷ്ടപ്പെടുക പോലെയുള്ള പ്രശ്നം വരുമെങ്കിൽ പുതുക്കേണ്ടതില്ല. അപ്പോൾ സ്വഫ്ഫിനാണ് പരിഗണന (നിഹായ : ശർവാനി: 1/283)*

*ومن توضأ على طهر كتب له عشر حسنات ومحل ندب تجديده إذا صلى بالأول صلاة ما ولو ركعة لا سجدة وطوافا وإلا كره كالغسلة الرابعة نعم يتجه أنه لو قصد به عبادة مستقلة حرم*.( تحفة المحتاج ١/٢٨٣

 *ﻗﻮﻟﻪ ﺣﺮﻡ ﺇﻟﺦ) ﺭﺩﻩ اﻟﺮﻣﻠﻲ ﺑﺄﻥ اﻟﻘﺼﺪ ﻣﻨﻪ اﻟﻨﻈﺎﻓﺔ ﻭﺃﻃﺎﻝ اﻟﺸﻮﺑﺮﻱ ﻓﻲ ﺗﺄﻳﻴﺪﻩ* 
(الشرواني )

2022, മാർച്ച് 23, ബുധനാഴ്‌ച

റമളാൻ ഒരു ഹ്രസ്വ പരിചയം

കള്ളം പറയുന്നതിന്റെ വിധി

ഏപ്രിൽ ഫൂളും വിഡ്ഢികളും

ചോദ്യം 

   ഏപ്രിൽ 1ന് ചില ആളുകൾ കളവു പറഞ്ഞ് ആളുകളെ ഫൂൾ ആക്കാറുണ്ട് ഇതിന്റെ വസ്തുത എന്ത്.
അന്നു കളവു പറഞ്ഞ് ആളുകളെ ഫൂൾ ആക്കൽ അനുവദനീയമാണോ. 

ഉത്തരം 

      ഏപ്രിൽ ഒന്നായാലും മറ്റു ദിവസമായാലും  കളവുപറയൽ നിഷിദ്ധമാണ്.  ഹറാം തന്നെയാണ്.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാം. 

കളവു പറയൽ നിർബന്ധം


1️⃣  ഒരാൾ സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി
വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്. 

2️⃣  കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ
നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെ കുറിച്ച് നമ്മോട് അന്വേഷിച്ചാൽ അറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്. 

(സത്യം പറഞ്ഞാൽ കുറ്റം കിട്ടുന്ന സന്ദർഭങ്ങളാണ് ഇവയെല്ലാം.)


കളവുപറയൽ അനുവദനീയം
(ചില സന്ദർഭങ്ങൾ മാത്രം)


1️⃣ പരസ്പരം പിണങ്ങിയ രണ്ടു പേർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയാം. 

2️⃣  ഭാര്യയ തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയാം. 

3️⃣  ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയേണ്ടി വന്നാൽ പറയാം.


الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله.. 

وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح. 

(فتح المعين اعانة ٣/٢٤٨)



കരച്ചിലടക്കാൻ കളവു പറയാമോ? 

❓ പ്രശ്നം:  കരയുന്ന കുട്ടികളുടെ കരച്ചിൽ നിർത്താൻ വേണ്ടി 'ഭൂതം വരുന്നേ', 'പ്രേതം വരുന്നേ' എന്നും, മരുന്ന് കുടിക്കാൻ കൂട്ടാക്കാത്ത കുട്ടികളോട് ഇതു തേനാണെന്നും മറ്റും പറഞ്ഞും ചില ഉമ്മമാർ സൂത്രം പ്രയോഗിക്കാറുണ്ടല്ലോ. ഇവിടെ കുട്ടികളെ സൂത്രത്തിൽ കരച്ചിൽ നിർത്തുകയും മരുന്നു കുടിപ്പിക്കുകയും മാത്രമേ ലക്ഷ്യമുള്ളു. ഇത് അനുവദനീയമാണോ? അതല്ല, ഇതും ഹറാമായ കളവിൽ പെടുമോ? . 

☑️ _ഉത്തരം:_  കുട്ടികളുടെ കരച്ചിലടക്കുക, അവരെ മരുന്നു കുടിപ്പിക്കുക എന്നിവ നല്ല ഉദ്ദേശങ്ങളാണല്ലോ. അനുവദനീയമായ അത്തരം ഉദ്ദേശ്യങ്ങൾ ചോദ്യത്തിൽ പറഞ്ഞതുപോലുള്ള കളവുകൾ പറഞ്ഞാൽ മാത്രമേ നടക്കുകയുള്ളൂവെങ്കിൽ അതിന്നായി കളവ് പറയൽ അനുവദനീയമാണ്. സത്യം പറഞ്ഞുതന്നെ കാര്യം സാധിക്കുമെങ്കിൽ അനാവശ്യമായി കളവ് പറയൽ ഹറാമുമാണ്. ഇപ്രകാരം ഇമാം ഗസ്സാലി(റ)യുടെ ഇഹ് യായെ ഉദ്ധരിച്ചുകൊണ്ട് ഇആനത്ത് 3-248ൽ വിവരിച്ചിട്ടുണ്ട്. 

നജീബുസ്താദ്
പ്രശ്നോത്തരം 3/157

سمع الله لمن حمدهസമിഅല്ലാഹു ലിമന്‍ ഹമിദചെറു ചരിത്രം 

سمع الله لمن حمده
സമിഅല്ലാഹു ലിമന്‍ ഹമിദ
ചെറു ചരിത്രം 

ആദ്യകാലത്ത് നിസ്‌കാരത്തില്‍ റുകൂഇല്‍ നിന്നുയരുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീറായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സമിഅല്ലാഹു ലിമന്‍ ഹമിദ
എന്നു പറയാന്‍ നബി(സ്വ)യോട് നിര്‍ദ്ദേശിച്ചു. അക്കാര്യം ജിബ്രീല്‍ (അ) നബി(സ്വ)യെ അറിയിച്ചു. അതിനു കാരണം സിദ്ദീഖ് (റ)വാണ്. 

ഫുഖഹാഉ അതു ഇങ്ങനെ വ്യക്തമാക്കുന്നു: തിരുനബി(സ്വ)യുടെ പിന്നില്‍ ഒറ്റ നിസ്‌കാരവും സിദ്ദീഖ് (റ) വിനു നഷ്ടപ്പെട്ടിട്ടില്ല. നബി(സ്വ)യുടെ കൂടെ സ്ഥിരമായി തുടര്‍ന്നുനിസ്‌കരിക്കുന്നവരാണ്. 

ഒരിക്കല്‍ അസര്‍ നിസ്‌കാര സമയം സിദ്ദീഖ് (റ) വന്നപ്പോള്‍ നബി(സ്വ) നിസ്‌കാരത്തിലാണ്. നബിയോടുകൂടെയുള്ള ജമാഅത്ത് നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ ധൃതിയില്‍ വന്നു പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ്വ) റുകൂഇലാണ്. ഉടനെ ദു:ഖിതനായിരുന്ന സിദ്ദീഖ് സന്തോഷത്താല്‍ അല്‍ ഹംദുലില്ലാഹ് എന്നു പറഞ്ഞു. അങ്ങനെ തക്ബീര്‍ ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിച്ചു. 

ഉടനെ റുകൂഇലുള്ള നബി(സ്വ)യുടെ ചാരെ മലക്ക് ജിബ്രീല്‍ (അ) വന്നു
പറഞ്ഞു : സമിഅല്ലാഹു ലിമന്‍ ഹമിദ (അല്ലാഹുവിനെ സ്തുതിച്ച സിദ്ദീഖ് (റ)വിന്റെ സ്തുതി അല്ലാഹു കേട്ടു) സ്വീകരിച്ചിരിക്കുന്നു 

ഇനി റുകൂഇല്‍ നിന്നു ഉയരുമ്പോള്‍ തക്ബീര്‍ ചൊല്ലണ്ട , പകരം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു ചൊല്ലുക .സിദ്ദീഖ് (റ)വിന്റെ ബറകത്തിനാല്‍ അതു നിസ്‌കാരത്തിലെ ചര്യയായി.
(ഇആനത്ത്)


കാട്ടുതേനും പ്രകൃതിപരമായ ഔഷധഗുണങ്ങളും

കാട്ടുതേനും പ്രകൃതിപരമായ ഔഷധഗുണങ്ങളും
            
മുഖം തിളക്കമുള്ളതാക്കാൻ തേൻ; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ 

ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ് തേൻ. 

തേൻ പതിവായി ഉപയോഗിക്കുന്നത് ചർമ്മസൗന്ദര്യം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ മുഖം തിളക്കമാർന്നത്‌ ആകാൻ ചർമത്തെ സഹായിക്കുന്നു.
തേൻ ദിവസവും മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരാതിരിക്കാൻ ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ വളരെ നല്ലതാണ് തേൻ. 

തേൻ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ. 

1. തേനും മഞ്ഞളും കൂടിച്ചേര്‍ത്ത മിശ്രിതം മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുഖം വൃത്തിയാകാനും നിറം വര്‍ധിക്കാനും ഗുണം ചെയ്യും.
2. ഒരു സ്പൂണ്‍ പാല്‍പ്പൊടിയിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര് ചേര്‍ക്കുക. അല്പം തേനും ബദാം ഓയിലും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖം സുന്ദരമാവും.
3. രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത്  മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും. 

4. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ പോകാന്‍ തേനും കറുവപ്പട്ട പൊടിയും ചേര്‍ത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളില്‍ പുരട്ടാം. രാത്രിയില്‍ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുക.
5. തേന്‍ ആഴ്ച്ചയിൽ  രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും.
6. തേന്‍ അല്‍പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.
7. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകൾ കൂടുതൽ മൃദുവാകാൻ സഹായിക്കും.
8. കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേയ്ക്കുക. അല്‍പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍



അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍

ഇന്ത്യയെന്ന പൂവാടിയിലെ ബുല്‍ബുല്‍ കിളികള്‍ ഇഖ്ബാലിന്റെ അനശ്വരമായ വരികള്‍ ഇപ്പോഴും പാടുകയാണ്. 144 വര്‍ഷം മുമ്പ് അവിഭക്ത ഇന്ത്യയില്‍ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ലോകത്തിന്റെ അല്ലാമാ ഇഖ്ബാല്‍ ക്രാന്തി ദര്‍ശിയായ കവി തന്നെയായിരുന്നു. കാലത്തിനു മുമ്പേ തന്നെ വരാനിരിക്കുന്ന തലമുറയ്ക്ക് ഉറക്കെയുറക്കെ പാടാനുള്ള കവിത ഒരുക്കിവച്ചാണ് അദ്ദേഹം മണ്ണിലേക്ക് മടങ്ങിയത്. 2019ലെ സിഎഎ സമര കാലത്ത് ഇന്ത്യ ഒരുമിച്ചു ചൊല്ലിയ 'തരാനാ ഹിന്ദ്' എന്ന കവിത മാത്രം മതി ഇഖ്ബാല്‍ എന്ന വാനമ്പാടി സ്മരിക്കപ്പെടാന്‍.
ശരിയാണ് 'സാരേജഹാസെ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ' എന്ന ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ ഏറ്റവും മികച്ച കവിത മുഴങ്ങേണ്ട കാലം കൂടിയാണിത്. സര്‍വരാജ്യങ്ങളില്‍ ഏറ്റവും മികച്ചത് നമ്മുടെ ഹിന്ദുസ്താനാണ് എന്ന് പാടിപ്പഠിപ്പിച്ച ഇഖ്ബാല്‍ നിറയെ വര്‍ണപൂക്കളുള്ള പൂവാടിയാണ് നമ്മുടെ രാജ്യമെന്നു കൂടി പഠിപ്പിക്കുകയാണ്. 1877 നവംബര്‍ 9ന് ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ആധുനിക ഇന്ത്യയുടെ ഇതിഹാസ കവി കൂടിയ2ണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. ശൈഖ് നൂര്‍ മുഹമ്മദ് എന്ന സൂഫിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഇമാം ബീബി. നിരക്ഷരനായ തത്വജ്ഞാനി എന്നാണ് നൂര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൂഫി ഗൃഹാന്തരീക്ഷത്തില്‍ വളര്‍ന്നതിനാല്‍ ഇഖ്ബാലിന്റെ സംസാരം പോലും തത്വചിന്താപരമായിരുന്നൂ. പിന്നീട് ഗുലാം ഹസന്‍ എന്ന ഗുരുവിന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് സയ്യിദ് മീര്‍ ഹസന്‍ ഷായുടെ മക്തബില്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ പഠനം. മൂന്ന് വര്‍ഷത്തിന് ശേഷം സ്‌കോച് മിഷന്റെ സ്‌കൂളില്‍. 1893ല്‍ മെഡല്‍ നേടി ഹൈസ്‌കൂള്‍ പാസ്സായി. തുടര്‍ന്ന് ലാഹോറിലെ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബിഎ. 1899ല്‍ എംഎ ഫിലോസഫി പാസായി. തുടര്‍ന്ന് ലാഹോറിലെ ഓറിയന്റല്‍ കോളജില്‍ അറബി റീഡര്‍ അധ്യാപകനായി. ലാഹോറിലെ ഗവ. കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ 1905ല്‍ ലണ്ടനില്‍ കാംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. ജര്‍മനിയിലെ മ്യൂണിച്ച് യൂനിവേഴ്‌സിറ്റിയില്‍ നിന്നു 1907ല്‍ പിഎച്ച്ഡി നേടി. തികഞ്ഞ മതഭക്തനും പണ്ഡിതനുമായിരുന്ന അദ്ദേഹം പ്രവാചക സ്‌നേഹത്തിന്റെ തേനൊഴുക്കിയ കവിയായിരുന്നു. പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലായിരുന്നു രചനകള്‍ അധികവും. എന്നാല്‍ പഞ്ചാബ്, അറബി, ഇംഗ്ലീഷ് ഭാഷകളിലും എഴുതിയിട്ടുണ്ട്. 

ബാല്‍ എ ജിബ്രീല്‍, അസ്രാര്‍ ഒ റമൂസ്, പയഗാം ഇ മഷ്രിക്, സബൂറെ അജം, ജാവേദ് നാമ, തജ്ദീദെ ഫിക്രിയാത് ഇസ് ലാം, ദീവാനെ മുഹമ്മദ് ഇഖ്ബാല്‍, ഹംദര്‍ദി ബുള്‍ബുള്‍ എന്നിവ ശ്രദ്ധേയ രചനകളാണ്. റൂമി, അരിസ്‌റ്റോട്ടില്‍, അഹ്മദ് സര്‍ഹിന്ദി, ഗോഥെ, ഫ്രെഡറിക് നിച്ചെ, ഹെന്റി ബെര്‍ഗ്‌സണ്‍, മൗലാനാ മുഹമ്മദ് അലി, തോമസ് വാക്കര്‍ അര്‍നോള്‍ഡ്, ഹേഗല്‍ എന്നിവരുടെ കാവ്യ സാഹിത്യ ജീവിതം ഇഖ്ബാലിനെ ഏറെ സ്വാധീനിച്ചിരുന്നു. അതോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം, മുഹമ്മദ് അലി ജിന്ന, അലി ശരീഅത്തി, ഇസ്രാര്‍ അഹ്മദ്, മൗലാന മൗദൂദി എന്നവര്‍ അദ്ദേഹത്തിനാല്‍ പ്രചോദിതരായവരാണ്. 1938ല്‍ ഏപ്രില്‍ 21നു രാവിലെ 5നാണ് കവിതയുടെ ആ മഹാവിസ്മയ ചെപ്പ് കണ്ണടച്ചത്. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപത്തെ മഖ്ബറയില്‍ നിത്യനിദ്ര കൊള്ളുന്ന ഇഖ്ബാല്‍ എന്ന അനശ്വര കവിയുടെ വരികള്‍ ഇനിയും ഇന്ത്യന്‍ തെരുവുകളെ ത്രസിപ്പിക്കും. കാലം കാത്തിരിക്കുകയാണ്. അവര്‍പാടും. 'ഹിന്ദീ ഹേ ഹം വത്തന് ഹേ ഹിന്ദുസ്ഥാന്‍ ഹമാരാ

ഇന്ത്യയുടെ സൗരഭ്യം : മൗലാന മുഹമ്മദ് സകരിയ്യ കാന്തലവി (റ)

ഇന്ത്യയുടെ സൗരഭ്യം : മൗലാന മുഹമ്മദ് സകരിയ്യ കാന്തലവി (റ)

..................................................... 

പ്രായാധിക്യമുള്ള ആ മനുഷ്യൻ മദീനയിൽ ചുറ്റിത്തിരിഞ്ഞു നടന്നു,  മദീനയിലെ ഗലികൾ തോറും നടന്ന് തിരുനഗരിയുടെ അന്തരീക്ഷം തന്റെ ദേഹത്ത് സ്വാംശീകരിച്ചു. മദീനയിൽ വീശുന്ന കാറ്റിനോട് ചേർന്ന് നിന്നു, മദീനയിലെ മണൽ തരികളിൽ നഗ്നപാദങ്ങൾ പതിപ്പിച്ചു, മദീനയുടെ സുഗന്ധം ആവോളം ആവാഹിച്ചു. ഒടുവിൽ തന്റെ ജീവിതസാക്ഷാത്കാരമായി എന്നേക്കുമായി മദീനയുടെ മണ്ണിൽ അലിഞ്ഞു ചേർന്നു. ഇന്ത്യ കണ്ട മഹാനായ മുഹദ്ദിസും സൂഫിവര്യനും പ്രബോധകനുമായിരുന്ന ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സകരിയ്യ (റ) യെ കുറിച്ച് എഴുതാനും പറയാനും ഏറെയാണ്.മലയാളികൾക്ക് അപരിചിതനാണ് ഈ മഹാൻ എന്നതാണ് നിർഭാഗ്യകരമായ ഒരു വസ്തുത . 

‌പ്രവാചകാനുരാഗത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപമായ ഈ മഹാ പണ്ഡിതൻ ഉത്തർപ്രദേശിലെ കാന്തല എന്ന പ്രദേശത്താണ് ജനിച്ചത്. ഹസ്രത്ത് അബൂബക്കർ സിദ്ധീഖ് (റ)  യുടെ സന്താന പരമ്പരയിലാണ് ജനനം, മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്വി എഴുതിയത് കാണുക " മതപരമായും വൈജ്ഞാനികമായും വേരുകളുള്ള കുടുംബത്തിലാണ് ശൈഖ് അവറുകളുടെ ജനനം. കഠിനാധ്വാനവും ദൃഢചിത്തതയും മതബോധവും ഈ കുടുംബത്തെ വേർതിരിച്ചു നിർത്തി. അനേകം ഉന്നത പണ്ഡിതവാര്യന്മാരാൽ സമ്പന്നമായ കുടുംബ പാരമ്പര്യമാണ് ശൈഖിന്റേത്, അദ്ദേഹത്തിന്റെ വലിയുമ്മ കുട്ടികളെ പരിചരിക്കുമ്പോൾ ഖുർആൻ ഖതം ചെയ്ത് തീർക്കാറുണ്ടായിരുന്നു" 

‌മൗലാന മുഹമ്മദ് ഇസ്മായിൽ എന്ന ആത്മജ്ഞാനിയുടെ മകനായിരുന്നു  മൗലന സകരിയ്യ യുടെ പിതാവായ മൗലാനാ മുഹമ്മദ് യഹ്യ. ഇദ്ദേഹത്തിന്റെ സഹോദരനാണ് തബ്ലീഗ് പ്രവർത്തനത്തിന് നാന്ദി കുറിച്ച മൗലാന മുഹമ്മദ് ഇല്യാസ്. മൗലാന യഹ്യ മഹാ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു. പിതാവിൽ നിന്ന് തന്നെയാണ് മൗലാന സകരിയ്യ ഹദീസ് വിജ്ഞാനത്തിന് നാന്ദി കുറിച്ചത്. പിന്നീട് ഗംഗോഹ്,  സഹാരൻപൂർ  തുടങ്ങിയ പ്രദേശങ്ങളിലേക്ക് പഠനാവശ്യാര്ഥം യാത്രതിരിച്ചു. മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി യുടെ ശിഷ്യനും മുരീദുമായി. ഇദ്ദേഹത്തിന്റെ ബദഹുൽ മജ്‌ഹൂദ് എന്ന വിശ്വ പ്രസിദ്ധ ഗ്രന്ധം പൂർത്തീകരിച്ചത്  ശൈഖ് സകരിയ്യയാണ്. 

പിൽക്കാലത്ത് മൗലാന സകരിയ്യ മസാഹിറുൽ ഉലൂമിൽ മുദരിസും ചിശ്തിയ്യ സരണിയിലെ ഖലീഫയും ഗ്രന്ഥകാരനും വിശ്വപ്രസിദ്ധ മുഹദ്ദിസുമായി.മൗലാന സയ്യിദ് അലവി അൽ മാലികി പറയുന്നു " മാലികി മദ്ഹബിന്റെ വിധികളെ കുറിച്ച് ആധികാരിമായി ശൈഖ് സകരിയ്യ (റ) എഴുതിയത് വായിക്കുമ്പോൾ അതിന്റെ കൃത്യതയും ആധികാരികതയും ഞങ്ങൾ മാലികി മദ്ഹബുകാരെ ആശ്ചര്യപ്പെടുത്തി. ശൈഖ് സകരിയ്യയുടെ ഔജസത്തുൽ മസാലിക് വായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരു മാലികീ പണ്ഡിതന്റെ രചന ആയാണ് എനിക്ക് തോന്നിയത്. എന്നാൽ ആമുഖത്തിൽ അദ്ദേഹം  ഹനഫി ആണെന്ന് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ് അത് ബോധ്യമായത്.ഞങ്ങൾ മാലികി കൾക്ക് വലിയ അത്ഭുതം തന്നെയാണ് ആ കിതാബ് "  ഇമാം മാലിക്കിന്റെ മുവത്വയുടെ ശറഹ് ആണ് മൗലാന സകരിയ്യ (റ)  രചിച്ച വിശ്വ പ്രസിദ്ധമായ ഈ കിതാബ്. നിരവധി വിഷയങ്ങളിൽ മൗലാന സകരിയ്യയുടെ തൂലിക ചലിച്ചു. വ്യക്തിത്വ സംസ്കരണവും ഹദീസും കച്ചവടവും ത്വരീഖത്തും ശരീഅത്തും ഇദ്ദേഹത്തിന്റെ ബ്രഹത്തായ രചനാ വൈഭവത്തിൽ വിഷയീഭവിച്ചു. ചിശ്തിയ്യ ത്വരീഖത്തിലെ ശൈഖുമാരെ കുറിച്ചുള്ള ബ്രഹത്തായ ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.  ഫളാഇൽ കിതാബുകളുടെ ശ്രംഖല ഏറെ പ്രസിദ്ധമാണ്. മലയാളി ഭവനങ്ങളിൽ സുപരിചിതമായ 'മൻസിൽ' ക്രോഡീകരിച്ചത് മൗലനയാണ്. ഹദീസ് വിഭാഗത്തിൽ തന്നെ 40 നടുത്ത് ഗ്രന്ഥങ്ങൾ മഹാനവറുകൾ എഴുതിയിട്ടുണ്ട്. സ്വഹീഹ് ബുഖാരിയുടെ അധ്യായങ്ങളുടെ പേരുകൾ സംബന്ധിച്ച് മാത്രം 6 വാള്യം ഉള്ള ഗ്രന്ഥമെഴുത്തുകയുണ്ടായി. 

‌പ്രവാചക പ്രേമത്താൽ സൗഭാഗ്യം നിറഞ്ഞ ജീവിതമായിരുന്നു മൗലനയുടേത്. ഹദീസ് പഠിപ്പിക്കുന്നതിനിടയിൽ തിരുദൂതരുടെ വിയോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വന്നാൽ അദ്ദേഹം പൊട്ടിക്കരയുമായിരുന്നുവത്രേ. മദീന നഗരിയോട് തീവ്രമായ അഭിനിവേശം വെച്ചു പുലർത്തിയിരുന്നു. അദ്ദേഹം എഴുതിയത് കാണാം "പച്ച ഖുബ്ബ കാണാൻ തുടങ്ങുമ്പോൾ ബഹുമാനാദരവും നബി സല്ലല്ലാഹു അലൈഹിവ സല്ലം  തങ്ങളുടെ ഉന്നത സ്ഥാനത്തെക്കുറിച്ചുള്ള ചിന്തയും ഉണ്ടാവണം . ഈ പരിശുദ്ധ ഖുബ്ബയുടെ അകത്താണ് , എല്ലാ സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരായവരും എല്ലാ നബിമാരുടെയും നേതാവും , എല്ലാ മലക്കുകളേക്കാളും ശ്രേഷ്ഠരായവരും ഉള്ളത് എന്ന് മനസ്സിൽ ഓർമ്മിക്കണം. ഈ ഖബർ ശരീഫിന്റെ സ്ഥാനം എല്ലാ സ്ഥലങ്ങളിൽ വെച്ചും ഏറ്റവും ശ്രേഷ്ഠമായതാണ്. നബി തങ്ങളുടെ അനുഗ്രഹീത ശരീരം തൊട്ടിരിക്കുന്ന സ്ഥലം ക അബയെക്കാളും ശ്രേഷ്ഠമായതാണു, അർഷിനേക്കാളും ശ്രേഷ്ഠമായതാണ്, കുർസ്സിയെക്കാളും ശ്രേഷ്ഠമായതാണ്, എന്നല്ല ആകാശഭൂമിയിലുള്ള എല്ലാ സ്ഥലങ്ങളേക്കാളും ശ്രേഷ്ഠമായതാണ്"
  فظاعل الحج 305, 
ഈ കിതാബിൽ മദീനയോടുള്ള അനുരാഗം നിറഞ്ഞു തുളുമ്പുന്നുണ്ട്. പ്രവാചക ജീവിതത്തിന്റെ നേർചിത്രം ദർശിക്കാവുന്ന മൗലാന സകരിയ്യയുടെ  മറ്റൊരു ഗ്രന്തമാണ് ഖസാഇലെ നബവി,മലയാളത്തിലും ഇത് ലഭ്യമാണ്. 
ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ വിശ്വ പണ്ഡിതൻ മൗലാന അബുൽ ഹസൻ അലി നദ്‌വി ഇദ്ദേഹത്തിന്റെ പ്രവാചകാനുരാഗത്തെ കുറിച്ചും പ്രവാചക നഗരിയോടുള്ള അഭിനിവേശത്തെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 

ഖുർആൻ , ഹദീസ് അധ്യാപനത്തിന് അദ്ദേഹം പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ആധ്യാപനത്തിന്റെ ആദ്യ കാലത്ത് മസാഹിറുൽ ഉലൂമിൽ നിന്ന് വാങ്ങിയ തുച്ഛമായ പ്രതിഫലം പിന്നീട് കണക്കു കൂട്ടി സ്ഥാപനത്തിന് തിരിച്ചു കൊടുത്തു. ലാളിത്യത്തോടെയും സൂക്ഷ്മതയോടെയും ജീവിച്ചു പോന്ന ഇദ്ദേഹത്തെ ആത്മീയ വഴിയിൽ അനേകായിരം പേർ ബൈഅത്ത് ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം അനേകം സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിച്ചു പോരുന്നു. ആഘോള പ്രശസ്തരായ ഡോ. മുഹമ്മദ് അലവി അൽ മാലികി, അബുൽ ഫത്താഹ് അബൂ ഗുദ്ധ, ഡോ. മുസ്തഫ സിബാഹി, ഡോ .മുഹമ്മദ് ത്വാഹാ ബറകാത്തി തുടങ്ങിയവരും തന്റെ വിശാലമായ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുന്നു. 

അവസാന കാലത്ത് മദീനയിൽ ദർസ് നടത്തിയ ശൈഖ് സകരിയ്യ യെ സൗദി ഗവണ്മെന്റ്  അവിടുത്തെ പൗരത്വം നൽകി ആദരിച്ചു.  1982 ലാണ് ആ ധന്യമായ ജീവിതം പ്രവാചക നഗരിയിൽ അവസാനിച്ചത്. ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിനേയും അദ്ദേഹം ദീനിന് നൽകിയ സംഭാവനകളെയും കുറിച്ച് കേരളീയർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.

ഗുഹാനിവാസികളുടെ ഗുഹയുടെ അകവും പുറവും




ഗുഹാനിവാസികളുടെ
ഗുഹയുടെ അകവും പുറവും

വിശുദ്ധ ഖുർആന്റെ
അത്ഭുതങ്ങളിൽ ഒന്നായ ഗുഹാനിവാസികളെ സംബന്ധിച്ചും
അവരുടെ ഗുഹയെ  സംബന്ധിച്ചും
ഒരു ലൈവ് വിശദീകരണം ,
ഗുഹയുടെ അകവും പുറവും ചുറ്റുപാടും വീഡിയോയുടെ സഹായത്താൽ വിശദീകരിക്കുന്നു

മദ്രസ ഓൺലൈൻ ക്ലാസിലൂടെ

നവാസുദ്ദീൻ മന്നാനി കുടവൂർ 

https://youtu.be/ACycJxsLdWY

റമളാനിൽ ചൊല്ലേണ്ട കാര്യങ്ങൾ



 

2022, മാർച്ച് 22, ചൊവ്വാഴ്ച

ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു

ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു 

✍നവാസുദ്ദീൻ മന്നാനി കുടവൂർ 

ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ശൈഖുൽ ഹദീസ് ആയിരുന്ന മർഹും ബീരാൻകുട്ടി ഹസ്റത്ത് അവിടെ പഠിച്ചിരുന്ന ഓരോ വിദ്യാർഥികൾക്കും എല്ലാമെല്ലാമായിരുന്നു. നല്ല ഒരു ഗുണകാംക്ഷയുള്ള അധ്യാപകൻ സ്നേഹനിധിയായ പിതാവ് നേരമ്പോക്ക് പറയുന്ന സുഹൃത്ത് ഉപദേശങ്ങൾ നൽകുന്ന കൗൺസിലർ വേദനകളിൽ സാന്ത്വനിപ്പിക്കുന്ന ആത്മീയ വൈദ്യൻ പ്രശ്നങ്ങൾ സ്വന്തം പ്രശ്‌നമായി ഏറ്റെടുത്തിരുന്ന കരുണാമയനായ ഗുരു അങ്ങനെ പറഞ്ഞാൽ തീരാത്ത ഒത്തിരി വിശേഷണങ്ങളുടെ ഉടമയായിരുന്നു ശൈഖുനാ ശൈഖുൽ ഹദീസ് ബീരാൻ കുട്ടി ഹസ്രത്ത് നവ്വറള്ളാഹു മർഖദഹു.
            ബഹുവന്ദ്യരായ പാനായിക്കുളം അബ്ദുറഹ്മാൻ ഉസ്താദ് അവർകളുടെ ഖലീഫയായി മന്നാനിയ്യയിലെത്തി അതേ റൂമിൽ വസിച്ചു മന്നാനിയ്യയുടെ ജീവനാഡിയായി വർത്തിച്ചു തുല്യതയില്ലാത്ത വ്യക്തിത്വത്തിൽ വിരാചിച്ച് നികത്താനാവാത്ത വിടവും ബാക്കിയാക്കി മുസ്ലിം കൈരളിയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി നൂറ് കണക്കിന് മന്നാനി മാരെ അനാഥരാക്കി കടന്നുപോയ മഹാമനീഷി.

മന്നാനിയ്യയിലെ ഒന്നാം നമ്പർ റൂം നമ്മെ സംബന്ധിച്ചിടത്തോളം ഒരു കൺട്രോൾ റൂംമായിട്ടായിരുന്നു വർത്തിച്ചിരുന്നത്. ആയിരക്കണക്കിന് മന്നാനിമാർ തങ്ങളുടെ നീറുന്ന നൂറ് നൂറ് പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഓടിയെത്തുന്ന പ്രിയ ഗുരുവിന്റെ സ്നേഹം നിറഞ്ഞ റൂം.

ബഹുവന്ദ്യരായ ശൈഖുനാ അവർകൾ സ്നേഹത്തിന്റെ നിത്യ വസന്തമായിരുന്നു ശിഷ്യരുടെ മനതാരുകളിൽ എപ്പോഴും സ്നേഹം തുളുമ്പുന്ന ആ ശബ്‌ദവും എളിമയാർന്ന ആ ചിരിയും മായാതെ അലയടിച്ചു കൊണ്ടേയിരിക്കുന്നു.

ഒട്ടുമിക്ക മന്നാനി മാർക്കും പറയാനുണ്ടാവും ഒരായിരം ആശ്വാസ കഥകൾ . എനിക്കും ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട് ജോലി ചെയ്യുമ്പോഴും ജോലി മാറുമ്പോഴും ഉടനെ ഫോണെടുത്ത് വിളിക്കും ശൈഖുനായുടെ നിലപാടും വീക്ഷണവും അറിയുവാൻ . അപ്പോഴവർ അതിന് കൃത്യമായ പരിഹാരങ്ങൾ പറഞ്ഞു കൊടുത്ത് ഫോൺ വക്കും എന്നാൽ അതോടുകൂടി ആ കേസ് വിടുകയല്ല ചെയ്യുന്നത് അത് വീണ്ടും അതിനെക്കുറിച്ച് ചിന്തിച്ച് ആലോചിച്ചു വീണ്ടും ഫോൺ ചെയ്യും അതാണ് ശൈഖുനാ .... എന്ന് പറഞ്ഞാൽ നമ്മുടെ വിഷയം സ്വന്തം വിഷമമായി ഏറ്റെടുത്തത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് .
എനിക്ക് രണ്ടാമത് ഒരു പെൺകുട്ടി ജനിച്ചപ്പോൾ ഞാൻ അവിടത്തെ വിളിച്ചു പറഞ്ഞു "അതും ഒരു പെൺകുട്ടിയാണ് " കാരണം ഞാൻ ഒരാൺ കുട്ടിക്ക് വേണ്ടി വല്ലാതെ കൊതിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു " ആ നീ വിഷമിക്കേണ്ട അല്ലാഹു നിനക്ക് ഒരു ആൺകുട്ടിയെ തരും" അൽഹംദുലില്ല അള്ളാഹു അതുപോലെ ഒരു ആൺകുട്ടിയെ തന്നു . 

ശൈഖുനായുടെ മുന്നിൽ ഏതൊരു വിദ്യാർത്ഥിയും അവന്റെ ഏതൊരു പ്രശ്നവുമായി അവരെ സമീപിച്ചാലും അതിനെ അതേ ഗൗരവത്തിൽ ഏറ്റെടുക്കാൻ കാണിക്കുന്ന ആ സൗമനസ്യവും ലാളിത്യവും ആരെയുംഅമ്പരപ്പിക്കുന്നതായിരുന്നു.ഈയുള്ളവൻ മന്നാനിയ്യയിൽ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ പരിസരം വൃത്തിയാക്കുവാനും ആത്മീയ സംസ്കരണത്തിനും വേണ്ടി ഞങ്ങൾ വിദ്യാർത്ഥികൾ ഒരു കൊച്ചു യൂണിയൻ ഉണ്ടാക്കി അതിന് "അൽ ജിഹാദ് " എന്ന പേരുകൊടുത്തു ശൈഖുനയോട് പറഞ്ഞപ്പോ അവിടുന്ന് സ്വതസിദ്ധ ഭാഷയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങളെക്കൊണ്ട് ജിഹാദൊന്നും നടക്കൂലടാ ....... അങ്ങനെ ഞങ്ങൾ ഒരുപേരിട്ടുതരാൻആവശ്യപ്പെട്ടപ്പോൾ അവിടന്നു "അൽ ഖിദ്മഃ" എന്ന് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഏറെ നാൾ മന്നനിയ്യയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനങ്ങൾചെയ്യാൻ നമുക്കതിനാൽ സാധിച്ചു. 


എന്റെ സുന്നത്ത് ജാമാഅത്തിന്റെ ആചാര്യൻ 

പരിശുദ്ധ ദീനിന് ഒരു പ്രത്യേകതയുണ്ട്. അത് ഇഫ്റാത്തിന്റേയും തഫ്രീത്തിന്റെയും ഇടയിലാണ് അതിന്റെ ആദർശം സ്ഥിതി ചെയ്യുന്നു എന്നതാണ്. ഈ ആദർശ സങ്കൽപ്പത്തെ ഇത്രകണ്ട് പ്രയോഗ വൽകരിച്ച ഒരു മഹത് ഗുരുവിനെ നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടാണ് 
മന്നാനിയ്യയുടെ ചരിത്രത്തിലെ അഭിവാച്യ ഘടകമായിരുന്നു. മഹാനവർകൾ എന്ന് പറയുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ അവർ അവിടന്നു വിട പറയാൻ തുനിഞ്ഞപ്പോൾ ചെയർമാൻ പറയുകയുണ്ടായ യി "മന്നാനിയ്യ പൂട്ടി താക്കോലുമായിട്ട് പോകാൻ " എന്റെ വീക്ഷണത്തിൽ മന്നാനിയ്യക്കൊരു സുവർണകാലഘട്ടമുണ്ടായിരുന്നു. ശൈഖുനാ മൂസകുട്ടി ഹസ്രത്ത് പ്രിൻസിപ്പാളും ശൈഖുന ബീരാൻ കുട്ടി ഹസ്രത്ത് ശൈഖുൽ ഹദീസും മൗലാനാ കെ. പി. അബൂബകർ ഹസ്രത്ത് വൈസ് പ്രിൻസിപ്പളുമായിരുന്ന കാലം. മന്നാനി മാരെ എന്നും സുന്നത്ത് ജമാഅത്തിന്റെ പാശത്തിൽ ഉറപ്പിച്ച് നിർത്തിയത് ശൈഖുൽ ഹദീസവർകളാണ്. എന്തെന്നാൽ കേരളത്തിൽ മറ്റേതൊരു ബിരുദ സ്ഥാപനത്തിനുമില്ലാത്ത ഒരു മഹത്വം മന്നാനിയ്യക്കുണ്ട്. " നാനാത്വത്തിൽ ഏകത്വം അഥവാ " മന്നാനിയ്യ ദക്ഷിണയുടേതാണെങ്കിലും പ്രാസ്ഥാനിക അതിർ വരമ്പുകൾക്കപ്പുറം സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രസ്ഥാന അംഗങ്ങളുടെ ആൾക്കാരും മന്നാനിയ്യയിലുണ്ടായിരുന്നു എന്നതാണ്. ആയതു കൊണ്ട് തന്നെയാണ് ധാരാളം മഹല്ലുകൾ മന്നാനി മാരെ തന്നെ വേണം എന്ന് നിബന്ധനവക്കുന്നത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും
ശൈഖുനാക്കാണ് 
കാരണം അവർകൾ പറയാറുണ്ട്. "എവിടെ ചെന്നാലും അവിടെയുള്ള സുന്നത്ത് ജമാഅത്തിന്റെ സംരംഭവുമായി ചേർന്ന് പ്രവർത്തിക്കണം പുതിയത് ഉണ്ടാകരുത് " ഈ വിശാലമനസ്സാണ് ഇന്നത്തെ പ്രബോധകന് ഒന്നാമതായി ഉണ്ടാകേണ്ടത് .മന്നാനിയയിലേക്ക് വരുന്നവർ തങ്ങളുടെ പ്രസ്താനത്തേയും തങ്ങളുടെ ശൈഖുനായേയും മാത്രം സുന്നികളായിട്ട് മനസ്സിലാക്കിയാണ് വരുന്നത്. അത്തരം കുടുസിത ചിന്തകളെ അമിതത്വത്തിന്റേയും അതി മിതത്വത്തിന്റേയും പാർശ്വഭാഗങ്ങളിൽ നിന്ന് മോചിപ്പിച്ച് സുന്നത്ത് ജമാഅത്തിന്റെ വിശാല മനസ്കതയുടെ ഋജുവായ പാതയിലൂടെ വഴി നടത്തിയത്. ശൈഖുനായുടെ ഹൃദ്യവും സരസവും വശ്യവുമായ ഇടപെടലുകളാണ്. 

         അക്കാലത്ത് ഞാൻ തബ്ലീഗ് ജമാഅത്തിന് പോകുമായിരുന്നു. അതു മനസ്സിലാക്കിയ ശൈഖുനാ വളരെ വ്യക്തമായി അവരുടെ പാളിച്ച കൾ മനസ്സിലാക്കി തന്നു ഒരിക്കൽ പറഞ്ഞു. " ടാ നവാസെ ഒരു സുന്നി തബ്ലീഗ് ഉണ്ടാക്കണമടാ" അതായത് ആ പ്രവർത്തനം തരക്കേടില്ല കുഴപ്പം പ്രവർത്തകരിലാണ് . അവരിൽ ചിലരിലൂടെ കടന്നുവന്ന പിഴച്ച ആദർശങ്ങളിലാണ്. മഹാനർ ലക്ഷണമൊത്തൊരു ദേവ്ബന്തിയും സുന്നിയുമായിരുന്നു. ദേവ്ബന്തികൾ കാഫിറുകളാണ് എന്ന് വിശ്വസിച്ചിരുന്നവർ വരെ മന്നാനിയ്യയിൽ വന്നിരുന്നു. പക്ഷേ മഹാനവർകൾ എന്നെപ്പോലെ ആയിരക്കണക്കിന് മന്നാനിമാരെ അഹ്ലുസുന്നയുടെ വഴിയിൽ ഉറപ്പിച്ചു നിർത്തി. ഞാൻ ഒരിക്കൽ ചോദിച്ചു. എനിക്ക് ശൈഖുന മുതലുള്ള സുന്നത്ത് ജമാഅത്തിന്റെ സനദ് തരണമെന്നപേക്ഷിച്ചു. അങ്ങനെ അവർ സനദ് തന്നു . അവരാണ് എന്റെ സുന്നത്ത് ജമാഅത്തിന്റെ മാർഗദർശിയും ആചാര്യനും 

ശൈഖവർകളുടെഇജാസത്തുകൾ 

ഒട്ടനവധി ഇജാസത്തിന്റെ ഉടമസ്ഥരാണവർ . പ്രധാനമായും ബുഖാരി ഓതിത്തരുമ്പോൾ കർബി ന്റെ ദുആ ഒറ്റക്കും കൂട്ടായും ഇജാസത്ത് നൽകാറുണ്ട്. അതുപോലെ മൂപ്പരുടെ മിക്ക ദുആകളിലും ഖിള്ർ നബിക്ക് ഈ സാൽ ചെയ്യാറുണ്ട്. മറ്റുള്ളവരോട് ഖിള്ർ നബിക്ക് വോണ്ടി എല്ലാ പ്രധാന കാര്യങ്ങൾക്ക് മുമ്പും ഫാത്തിഹ ഓതാൻ നിർദേശിക്കാറുണ്ട്. പ്രത്യേകിച്ചു. ഉറങ്ങുവാൻ നേരം ഒരിക്കൽ ഞാൻ മൂപ്പരോട് പറഞ്ഞു. പലരും കുട്ടികൾക്കും മറ്റും ഒതാൻ കൊണ്ടുത്തരും എന്റെ കയ്യിൽ ഒന്നുമില്ല അപ്പോൾ അവർ സ്വന്തം കൈപടയിൽ ഇജാസത്ത് എഴുതി തന്നു. അൽഹംദുലില്ലാഹ് "അല്ലാന്റെ നിഅമത്ത് പറയണം"
അൽഭുതകരമായ ഫലസിദ്ധിയാണതിന് . അത് തുടങ്ങുന്നത് 
إلي حضرات مشائخ هذه الإجازة 
എന്നാണ് .അതായത് ഇന്ന് അവർക്കും അതിന്റെ ഈസാൽ. കിട്ടി കൊണ്ടിരിക്കുന്നു , അതുപോലെ ഞാൻ പഠിക്കുന്ന കാലത്ത് നാവ് നല്ല കെട്ടുള്ള ആളായിരുന്നു. അവരുടെ സദസിൽ ബുഖാരി വായിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും അത് പ്രകടമായിരുന്നു. അങ്ങനെയാണ് മഹാനർ 
رب اشرح لي صدري ويسر لي أمري واحلل عقدة من لساني يفقهوا قولي ربي يسر ولا تعسر ربي زدني علماوحلماوحفظا وعقلا وأدبا كاملا ربي تمم بالخير والسعادة برحمتك يا ارحم الراحمين 
എന്ന ഇജാസത്ത് നൽകി കൊണ്ട് പറഞ്ഞു പത്രം വായിക്കുമ്പോൾ പോലും ഇത് ചൊല്ലണമെന്ന് അതിന് ശേഷമാണ്. എനിക്ക് പ്രസംഗ രംഗത്ത് അൽഭുതകരമായ കുതിച്ചു ചാട്ടമുണ്ടായത് . അന്ന് മുതഅല്ലിം കലാസാഹിത്യ മൽസരത്തിൽ മലയാളം അറബി ളർദു പ്രസംഗത്തിനും ജില്ല വരെ ഫസ്റ്റ് കിട്ടി.ദർസിനിടയിൽ അവർകൾ ഇത് ആവർത്തിച്ചു. ചെയ്യാറുണ്ട് എന്റെടുത്ത് പഠിക്കുന്ന കുട്ടികൾക്കും ശൈഖുനായെ കൊണ്ട് വന്നു ഇജാസത്തു വാങ്ങി കൊടുത്തിരുന്നു. അവർ അതു ചൊല്ലിയിട്ടേ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയുള്ളു. നമ്മുടെ നാട്ടിൽ കരവായി കോണത്ത് ശൈഖവർകൾ ഒരു സ്വലാത്ത് മജ്‌ലിസിന് ഇജാസത്ത് നൽകുകയും വർഷിക ദുആക്ക് അവർ വരുകയും ചെയ്തിരുന്നു. ഇന്ന് ആ മജ്ലിസ് വികസിച്ച് ആ നാട്ടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ 

 ശൈഖുനാ മരണപ്പെടുന്നതിന് മുമ്പ് നമ്മുടെ ഒരു മന്നാനിയോട് പറഞ്ഞു എനിക്ക് നല്ലൊരു അത്തറ് വേണമല്ലോ. മരിക്കുമ്പോൾ തേക്കുവാൻ അങ്ങനെ അദ്ദേഹം അത് ഒരാളുടെ കയ്യിൽ കൊടുത്തു വിടുകയും അത് കിട്ടി കുറച്ചു ദിവസങ്ങൾക്കുശേഷം മഹാനവർകൾ വഫാത്താകുകയും ചെയ്തു.അതുപോലെ പോലെ എന്റെ മരുമകന് കിതാബ് തുടങ്ങി കൊടുത്തപ്പോൾ അവർ പറഞ്ഞു നീ പറച്ചിറങ്ങുമ്പോൾ ഞങ്ങളൊന്നും ഉണ്ടാവില്ല ദുആ ചെയ്യണം അതുപോലെ സംഭവിച്ചു , 
          ഒരിക്കൽ ഞാൻ പോരേടം മന്നാനിയയിൽ ഇരിക്കുമ്പോൾ അവിടുന്ന് എന്നെ ഫോൺ ചെയ്തു ഞാൻ ആശ്ചര്യത്തോടെ ഫോൺ എടുത്തു. എന്നോട് ചോദിച്ചു കോളേജ് ഒക്കെ എങ്ങനെ പോകുന്നു ഞാൻ പറഞ്ഞു സന്തോഷമാണ് ഹിഫ്ള് മാത്രം കൊണ്ടിരിക്കരുത് കിതാബും കൂടി കൈകാര്യം ചെയ്യണം .അന്നത്തെ ആ സംസാരമാണ് ശൈഖുനായുമായുള്ള അവസാനത്തെ സംസാരം. സുബ്ഹാന ജല്ലജലാലു ഹു ഇന്ന് ഞാനിതെഴുതുമ്പോൾ കോളേജിന്റെ സ്ഥിതി അവിടെ എത്തി നിൽക്കുകയാണ്. പലതും അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ചിലത് ഇനിയും പുലരാനുണ്ട്.

ശൈഖുനാ അനുസ്മരണ വേദി

മഹാനരുടെ സ്മരണാർത്ഥം പോരേടം മന്നാനിയ്യയിൽ എല്ലാ മാസവും അവസാന വ്യാഴാഴ്ച മരണപ്പെട്ട മഹത്തുക്കളെ അനുസ്മരിക്കുകയും അവർക്ക് ഈസാലുസാബും ചെയ്യുന്ന ഒരു വേദിയുണ്ട്. ബഹുവന്ദ്യരായ മുഹമ്മദ് കുട്ടി ഹസ്രത്ത് അവർകളാണ് ആ മജ്ലിസിൽ ചൊല്ലേണ്ട ദിക്റുകൾ ഇജാസത്ത് തന്നത്.

              വന്ദ്യരായ ശൈഖുനാ അവർകൾ സംസാരത്തിന്റെ നിലവാരത്തെ . എപ്പോഴും കാത്ത് സൂഷിക്കുമായിരുന്നു. ക്ളാസ്സിൽ ചില ദർസീ വിഷയങ്ങൾ അവരുടെ മുഖഭാവം കൊണ്ട് മാറും അത് നമ്മോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ദർസെടുക്കുമ്പോൾ കുട്ടികളേട് സഭ്യമല്ലാത്ത തമാശകൾ പറയരുത് .
ശിഷ്യരെ എങ്ങനെ സ്നേഹിക്കണമെന്നും പരിഗണിക്കണമെന്നും അവർ നമുക്ക് പഠിപ്പിച്ചു തന്നു .അതായത് ഒരോ കുട്ടിക്കും തോന്നും ശൈഖുനാക്ക് എന്നോടാണ് കൂടുതൽ സ്നേഹമെന്നും എന്റെ കാര്യമാണ് കൂടുതൽ പരിഗണിക്കുന്നതെന്നും എളിമയായിരുന്നു അവരുടെ മുഖമുദ്ര. ആർക്കും കടന്നു ചെല്ലാവുന്ന സുതാര്യ വ്യക്തിത്യം . ലാളിത്യം തുളുമ്പുന്ന വസ്ത്രധാരണവും ഭക്ഷണരീതിയും .ഏതൊരു പഠിതാവിനും ഒപ്പിയെടുക്കാനും ജീവിതത്തിൽ പകർത്താനും ധാരാളം മാതൃകകൾ നിറഞ്ഞ ഒരു തുറന്ന പുസ്തകം അതായിരുന്നു ശൈഖുനാ . അവിടത്തെ വിയോഗ വാർത്തയറിയുമ്പോൾ ഞാൻ പോരേടത്താണ് നിയന്ത്രണം വിട്ടുപോയി.... പിന്നെ എന്തു വില കൊടുത്തും അവിടെയെത്തി ഒരു നോക്ക് കാണണമെന്നായി മനസ്സിൽ..,
 അബ്ദു റഹീം മന്നാനി വണ്ടിയുമായെത്തി എല്ലാരും ആകാംശയോടെ അങ്ങോട്ട് നീങ്ങി . റബ്ബിന്റെ അനുഗ്രഹം വന്നു. ജനാസയെടുക്കുന്ന സമയം മാറ്റി. തെക്ക് നിന്ന് പുറപ്പെട്ട ശൈഖുനാടെ മക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആ നല്ല സമൂഹം അർദ്ധരാത്രിവരെ കാത്തിരുന്നു. ചെല്ലുമ്പോൾ പതിനാലാം രാവിലെ പൗരണമി പോലെ പ്രകാശിക്കുന്ന മുഖവുമായി നമ്മെ നാമാക്കിയ സ്നേഹനിധി . ശാന്തമായി ഉറങ്ങുകയാണ്. ആ പുണ്യ നെറ്റിത്തടത്തിൽ ചുംബിച്ചപ്പോഴുഉള്ള ആ സൗരഭ്യം ഇപ്പോഴും മനസ്സിലുണ്ട്. അന്ന് അടക്കിപ്പിരിഞ്ഞിട്ട് കുറച്ചു നാൾ തിരക്കുകൾ മൂലം പോകാൻ കഴിഞ്ഞില്ല അതിനിടയിൽ കോളേജിലെ ടൂർ പ്രോഗ്രാമിനിടയിൽ തഴവ ഉസ്താദ് നേയും റഈസുൽ ഉലമ ഷിഹാബുദ്ദീൻ ഉസ്താതനേയും സിയാറത്ത് ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ സ്വപ്നത്തിൽ അവർ എന്നോട് ചോദിച്ചു. മറ്റുള്ളവരുടെ അടുത്തേ പോകൂ നമ്മളടുത്ത് വരൂല അല്ലേ അതുപോല മറ്റൊരിക്കൽ കോളേജ് കാര്യത്തിൽ വിഷമിച്ചു കിടക്കുമ്പോൾ അവർ വന്നിട്ട് പറഞ്ഞു. വിഷമിക്കണ്ട എല്ലാം ശെരിയാവും എന്ന് . ഇന്ന് ഞാനിതെഴുതിത്തീർക്കുന്നത് ഒരു വിലിയ വിഷമവും പേറി ശൈഖുനായെ സന്ദർശിച്ചു മടങ്ങുന്ന വഴിക്കാണ്. അവിടെ ചെന്ന്. ഏറെ ക്കരഞ്ഞ് ദുആ ചെയ്തപ്പോൾ ജീവിത കാലത്ത് പോയ ഒരു അനുഭൂതിയും സമാധാനവും അല്ലാഹുവേ ജീവിതകാലം മുഴുവൻ ശൈഖുനാടെ കാൽപാട് പിൻതുടർന്ന് മുന്നോട്ട് പോകാനും നാളെ ശൈഖുനായൊടൊപ്പം നിന്റെ ജനനത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ സൗഭാഗ്യം കൊണ്ടനുഗ്രഹിക്കുകയും  ചെയ്യണേ അല്ലാഹ് . ആമീൻ 


ശൈഖുന എൻ.എം യൂസുഫ് ഉസ്താദ്




ശൈഖുന എൻ.എം യൂസുഫ് ഉസ്താദ് അനുസ്മരണം അൽഫിർദൗസ് വാട്സാപ് ഗ്രൂപ്പിൽ നടന്ന അരുമയും പെരുമയും പ്രോഗ്രാമിൽ അൽ ഉസ്താദ് പുല്ലമ്പാറ നാസിറുദ്ദീൻ ബാഖവി നടത്തുന്നു. അൽ ഉസ്താദ് യു.താജുദ്ദീൻ ബാഖവി ആമുഖ പ്രഭാഷണവും മുഹ്സിൻ ഹുദൈബി അനുസ്മരണ ഗാനവും നടത്തുന്നു.


മുഴുവൻ കാണുകയും ഷെയർ ചെയ്യുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥന

https://youtu.be/SE0VQgOGB9Y

മൗലാനാ നജീബ് ഉസ്താദ് നൂറ്റാണ്ടിലെ ഇബ്നു ഹജർ

മൗലാനാ നജീബ് ഉസ്താദ് 
നൂറ്റാണ്ടിലെ ഇബ്നു ഹജർ

وان العلماء هم ورثةالانبياء
----------------------------------------
സത്യ ദീനിനെ വിഭാവനം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ അനന്തിരഗാമികളായി അല്ലാഹു തെരഞ്ഞെടുത്തത് പണ്ഡിതന്മാരെയാണ്.കുഫ്റ്-ബിദ്അത്തിന്റെ കൂരിരുട്ടുകൾക്കിടയിൽ സത്യ ദീനിന്റെ പ്രഭ പരത്താൻ ഉദവി ലഭിച്ച മുവഫ്ഫഖുകളായ ഉലമാക്കൾ എക്കാലത്തുമുണ്ട്.എന്നാൽ വിശ്വാസ-കർമ്മ ശാസ്ത്രങ്ങളിൽ സമുദ്ര സമാനമായ വിഞ്ജന്മാർ വളരെ വിരളമാണ്.നൂറ്റാണ്ടിലെ ആദ്യ-മധ്യ-അവസാന കാലങ്ങളിൽ ഇമാം അശ്അരിയായും ഇമാം ഇബ്നു ഹജറായും ജ്വലിച്ചു നിൽക്കുന്നതും ഇവർ തന്നെ.ഒരു നൂറ്റാണ്ടിനിപ്പുറത്തെ കേരളീയ ചരിത്രത്തിൽ ഈ സ്ഥാനത്ത് തിളങ്ങി നിന്നത് താജുൽ ഉലമ ഖുദ് വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖത്തുല്ല മൗലവി(ഖു.സി)യും ശംസുൽ ഉലമാ കീഴന ഓറു(ഖു.സി)മാണ്.ഈ ഗുരു മഹത്തുക്കൾക്ക് ശേഷം ഈ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത് അവരുടെ ഇഷ്ട ശിഷ്യരും പിൻഗാമിയുമായ ബഹുവന്ദ്യ മൗലാനയാണ്.'സുന്നി കൈരളിയുടെ ആധികാരിക ശബ്ദ'മെന്ന് സംഘടനാ ഭേദമന്യേ ഉലമാ സമൂഹം വാഴ്ത്തിയ ഈ മഹാന് തുല്യമായി ഒരു പണ്ഡിതൻ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത.അഹ്ലുസ്സുന്ന:യുടെ കാവൽഭടനും പാണ്ഡിത്യ ലോകത്തെഅതുല്യ പ്രതിഭയുമായ മഹാനരെ വരച്ചോ വർണ്ണിച്ചോ തീർക്കാൻ സാധ്യമല്ലെങ്കിലും ഒരൽപ്പം പരിചയപ്പെടാം.ഇൻശാ അല്ലാഹ്.
------------------------------------------

▪▫▪▫▪▫▪▫▪
*നുസ്രത്തിന്റെ കാര്യങ്ങളൊക്കെ ഈ കുട്ടി നോക്കിക്കോളും-
താജുൽ ഉലമ സ്വദഖത്തുല്ല മൗലവി (ന: മ )
------------------------------------------------
'ഫിറാസത്ത്' കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ശൈഖുനാ താജുൽ ഉലമ അവർകൾ മൗലാനാ യെ കുറിച്ച് തന്റെ വീട്ടുകാരോട് പറഞ്ഞ വാക്കാണ് മുകളിലുദ്ധരിച്ചത്.ആ വാക്ക് പുലരുക തന്നെ ചെയ്തു.മൂന്നര പതിറ്റാണ്ടോളമായി നുസ്രത്തുൽ അനാം മാസിക യെയും രണ്ടര പതിറ്റാണ്ടിലേറെയായി ബുൽബുൽ മാസിക യെയും വളർത്തുന്നതിനു പിന്നിൽ ആ തിരു കരങ്ങളാണ്.ചോദ്യോത്തരം,പത്രാധിപക്കുറിപ്പ്,ഫിഖ്ഹ്,ഹദീസ്,വഹ്ഹാബിസം തുടങ്ങി ഗഹനവും പഠനാർഹവുമായ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് മൗലാനയാണ്.ആദ്യ കാലങ്ങളിൽ ശൈഖുൽ ഉലമാ എൻ.കെ ഉസ്താദും കൂട്ടുണ്ടായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല.നുസ്രത്തിനും ബുൽബുലിനും വർത്തമാന കാലത്തെ ആധികാരികതക്ക് കാരണം മൗലാനാ എന്ന വിജ്ഞാന സമുദ്രം മാത്രമാണ്.അവിടുത്തെ കരസ്പർശമില്ലാതെ ഇവ പ്രസിദ്ധീകരിക്കേണ്ടി വന്നപ്പോൾ അതിന്റെ വേദന സമൂഹം പങ്ക് വെച്ചതാണ്.
ചുരുക്കത്തിൽ താജുൽ ഉലമയുടെ വാക്ക് അന്വർത്ഥമാക്കും വിധം നുസ്രത്തുൽ അനാമിനെയും ശൈഖുനാക്ക് ശേഷം പിറവി കൊണ്ട ബുൽബുലിനെയും ബഹുവന്ദ്യ മൗലാനാ കുറ്റമറ്റ രീതിയിൽ മുന്നോട്ട് നയിക്കുകയാണ്.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
عليك الفقه....
-----------------------------------------
നമ്മുടെ മദ്ഹബിന്റെ ഇമാമും ഖുത്വുബുമായ ശാഫിഈ(റ)ന്റെ വീഥിയാണ് ഗവേഷണ ധാരയിൽ മികച്ച് നിൽക്കുന്നത്.മഹാനർ ക്രോഡീകരിച്ച നിയമസംഹിതയുടെ സംരക്ഷകരായി എക്കാലത്തും പണ്ഡിതശ്രേഷ്ഠർ ഉണ്ടായിട്ടുണ്ട്.വർത്തമാന കാലത്തെ ശാഫിഈ മദ്ഹബിന്റെ കാവൽഭടനാണ് ബഹുവന്ദ്യ മൗലാനാ.ഇമാം ശാഫിഈ എന്ന ഫഖീഹിന്റെ ചരിത്രത്തിന് സമാനമായ ഒരു സംഭവം മൗലാനായുടെ ചരിത്രത്തിലും കാണാൻ സാധിക്കും.നല്ലൊരു കവി കൂടിയായ ഇമാമവർകൾ പദ്യമാലപിക്കാറുണ്ടായിരുന്നു.തദവസരത്തിൽ 'ഫിഖ്ഹ് പിടിക്കാൻ'നിർദേശമുണ്ടായി.ഇതേ പ്രകൃതിയുളള മൗലാനയോട് 'നീ പ്രസംഗിച്ചാൽ മതി'യെന്ന് തന്റെ മാർഗദർശിയായ ശൈഖുനാ താജുൽ ഉലമാ നിർദേശിക്കുകയായിരുന്നു.ഇമാം ശാഫിഈ എന്ന മുജദ്ദിദിന്റെ വീക്ഷണങ്ങൾ സംരക്ഷിക്കാൻ അല്ലാഹു നിയോഗിച്ച ഈ നൂറ്റാണ്ടിലെ മുജദ്ദിദായ(പരിഷ്കർത്താവ്)മൗലാനക്കും ഇമാമവർകളോട് സമാനമായ ചരിത്രം റബ്ബ് തെരഞ്ഞെടുത്തതായേക്കാം.ഞങ്ങളുടെ ആശ നീ പുലർത്തണേ നാഥാ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
അസാധാരണ മനുഷ്യൻ-
ശംസുൽ ഉലമാ കീഴന ഓർ(ന:മ)
------------------------------------------
ബഹുവന്ദ്യരായ ശംസുൽ ഉലമാ കീഴന ഓർ (ഖു.സി)മൗലാനാ യെ കുറിച്ച് പറഞ്ഞ വാക്കാണ് خارق العادة (പതിവിനെ കീറുന്നയാൾ അഥവാ അസാധാരണ മനുഷ്യൻ).സബ്ഖിൽ മൗലാനാ യെ സംബന്ധിച്ച് പ്രതിപാദിക്കുമ്പോൾ അവിടുന്ന് വിരലുകൾ മടക്കി മൂപ്പരെ വിശേഷണങ്ങൾ പറയുമത്രെ.'എന്തെല്ലാം ചെയ്യുന്നു.!ദർസ് നടത്തുന്നു,പ്രസംഗിക്കുന്നു,എഴുതുന്നു.....നജീബിന്റെ കാര്യം അജീബാണ്.
നോക്കൂ,മഹാനായ ശംസുൽ ഉലമാ ഓർ ഒരു പക്ഷെ തന്റെ ഗുരുവര്യരല്ലാത്ത മറ്റൊരാളെയും ഇത്രയധികം മദ്ഹ് ചെയ്ത് കാണില്ല.മൗലാനാ എന്ന മഹാമനീഷിയെ കുറിച്ച് ആരാണ് അത്ഭുതപ്പെടാത്തത്..!മഹാനരെ പോലെ എല്ലാ കഴിവും സമ്മേളിച്ച ഒരു പണ്ഡിതൻ വർത്തമാന കാലത്ത് ഇല്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിപരമല്ല.അധ്വാനിച്ചെടുക്കാൻ പറ്റാത്ത വിധം അല്ലാഹു ഓശാരമായി കനിഞ്ഞു നൽകിയതാണ് അവിടുത്തെ സിദ്ധികൾ.ഒരുപാട് കാലം ആ തണൽ റബ്ബ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
ആ കുട്ടി ഒരു മുസ്ല്യാരാണ്-ശംസുൽ ഉലമാ 
-----------------------------------------
ശൈഖുനാ താജുൽ ഉലമാ നാദാപുരത്ത് വന്നപ്പോൾ കൂടെ മൗലാനാ യുമുണ്ടായിരുന്നു.ശംസുൽ ഉലമായും താജുൽ ഉലമായും തമ്മിലുള്ള സംഭാഷണം എഴുതി എടുക്കുകയായിരുന്നുവത്രേ മഹാനർ.അവർ പോയതിനു ശേഷം ശംസുൽ ഉലമ പറഞ്ഞു.'ആ കുട്ടി ഒരു മുസ്ല്യാരാണ്'.
'മുസ്ല്യാർ ആരാണെന്ന് അളക്കാനുളള അളവ് കോൽ തന്റെ കയ്യിലുണ്ടെന്ന്' മൊഴിഞ്ഞ ഓറുടെ തിരുനാവിലൂടെയാണ് കുട്ടിയായ മൗലാനയെ കുറിച്ച് 'മുസ്ല്യാർ'എന്ന് പറഞ്ഞെന്നോർക്കണം.മറ്റൊരിക്കൽ ഓർ പറഞ്ഞത് 'ചെറിയോൻ നല്ല ജോറുണ്ട്'എന്നാണ്.
മാസത്തിലൊരിക്കൽ മൗലാനാ നാദാപുരത്ത് വന്നാൽ മറ്റുള്ളവർക്കൊന്നും ഓറുടെ അടുക്കൽ പ്രവേശനമില്ല.'ഇന്ന് നജീബ് വന്നിട്ടുണ്ട് സബ്ഖൊക്കെ മുടക്കാണ്'എന്ന് ഓർ പറയും.വളരെ കാലം ഓറുടെ അടുത്ത് ഓതി പഠിച്ച ശിഷ്യരേക്കാൾ കൂടുതൽ അറിവ് ശംസുൽ ഉലമയിൽ നിന്ന് കരസ്ഥമാക്കാൻ മൗലാനക്ക് സാധിച്ചുവെന്നത് മഹാനരുടെ പ്രത്യേകതയാണ്.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
-----------------------------------------

▪▫▪▫▪▫▪▫▪
ആഖിറത്തിലേക്കുളള രക്ഷകർ-ശൈഖുനാ അലവി ഉസ്താദ് (ന:മ)
-----------------------------------------
ബഹുവന്ദ്യ മൗലാനായുടെ കാര്യവീര്യത്തിന്റെ കാതലായ ഗുരുനാഥൻ ശൈഖുനാ കെ അലവി ഉസ്താദ് (ഖു.സി)യുടെ വാക്കുകൾ ഇങ്ങനെ:എനിക്ക് ദർസ് ജീവിതം നടത്തി മുതലായത് നജീബിനെ കൊണ്ടാണ്.എന്റെ ആഖിറം രക്ഷപ്പെടാൻ നജീബിനെ കിട്ടിയല്ലോ.
നോക്കൂ, ലോക ചരിത്രത്തിൽ ഏതൊരു ഗുരുവാണ് തന്റെ ശിഷ്യനെ കുറിച്ച് ആഖിറത്തിലേക്കുളള മുതൽകൂട്ടെന്ന് വിശേഷിപ്പിച്ചിട്ടുണ്ടാവുക..!
കാലങ്ങളായി ദർസ് നടത്തിയതിന്റെ ഫലമായി കാര്യമായ ഒരു ശിഷ്യനെങ്കിലുമുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോൾ മൗലാനയെ കാണിച്ചു കൊടുക്കുകയാണ് ശൈഖുനാ അലവി ഉസ്താദ് ചെയ്തത്.ഗുരുമഹത്തുക്കൾ പോലും വാഴ്ത്തിയ ഈ മഹാമനീഷിയുടെ കാൽപ്പാടുകൾ നമുക്ക് പിന്തുടരാം.നാഥൻ തൗഫീഖ് നൽകട്ടേ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
ഇൽമിന്റെ വൻ വൃക്ഷം-ഇ.കെ
-----------------------------------------
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല ജന.സെക്രട്ടറിയും കുശാഗ്രബുദ്ധി ശാലിയുമായ ബഹു.ഇ.കെ.അബൂബക്കർ മുസ്ല്യാർ ബഹുവന്ദ്യ മൗലാനായെ വിശേഷിപ്പിച്ചത് 'വളർന്നു വരുന്ന ഇൽമിന്റെ വൻ വൃക്ഷം'എന്നാണ്.
സ്പീക്കർ ഖുതുബയുടെ വിഷയത്തിൽ ഖണ്ഡനമണ്ഡനങ്ങൾ നടക്കുന്ന കാലം.സംസ്ഥാന:ക്ക് മറുപടി പറയാൻ ഇ.കെയെ തന്റെ സംഘടനക്കാർ സമീപിച്ചു.ആരാണ് പ്രസംഗിച്ചതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ നജീബ് മൗലവിയാണെന്ന് പറഞ്ഞു.ഉടനെ ബഹു.ഇ.കെയുടെ പ്രതികരണം ഇങ്ങനെ:നജീബാണെങ്കിൽ സൂക്ഷിക്കണേ...
തന്റെ എതിർ സംഘടനയിലുള്ള തന്നേക്കാൾ എത്രയോ പ്രായം കുറഞ്ഞ ഒരാളെ കുറിച്ചാണ് ബഹു.ഇ.കെ മദ്ഹ് ചെയ്യുന്നതെന്നോർക്കുമ്പോൾ നമ്മുടെ അഭിവന്ദ്യ മൗലാനായുടെ സ്ഥാനമെത്രയാണ്.!നമുക്കഭിമാനിക്കാം അർഹതയില്ലെങ്കിലും ആ ഓരംപറ്റി ജീവിക്കാൻ കഴിഞ്ഞതിൽ.അല്ലാഹു നിലനിർത്തട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
പാരമ്പര്യ പാതയുടെ കാവൽക്കാരൻ-ശൈഖുനാ പുല്ലൂർ ഉസ്താദ് 
-----------------------------------------
ഈയ്യിടെ വഫാത്തായ പ്രഗത്ഭ മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ പുല്ലൂർ ഉസ്താദിന്റെ(ന:മ)വാക്കുകൾ ഇങ്ങനെ:"നജീബ് മൗലവി മലകൾക്കു നേരെ കല്ലെറിയുകയാണ്.പലരാജാക്കന്മാരും തുണിയുടുത്തിട്ടില്ലെന്ന് വിളിച്ചു പറയുകയാണ്.മൂപ്പരൊരു ആൺകുട്ടിയാണ്.ഓരോ കാലത്തും അല്ലാഹു അവന്റെ ദീൻസംരക്ഷണത്തിനു ഓരോരുത്തരെ നിയോഗിക്കും.ഇപ്പോളത് അദ്ദേഹമാണ്.കിതാബ് തിരിയുന്നവർക്ക് മൂപ്പരെ അവഗണിക്കാനാവില്ല.പാരമ്പര്യ പാതയുടെ കാവൽക്കാരനാണദ്ധേഹം.അല്ലാഹു മൂപ്പരെ സഹായിക്കും".
എത്ര കൃത്യമായ വിവരണം.കേരളത്തിന്റെ മഹല്ലുകളിൽ ഭിന്നിപ്പിന്റെ വിത്ത് പാകിയ ഭൂരിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത് ആ മഹാനുഭാവനല്ലെ.ആരോഗ്യം പോലും മറന്നു കൊണ്ടുള്ള ഇഖ്ലാസിലധിഷ്ഠിതമായ ആ പ്രസംഗങ്ങളുടെ നേട്ടങ്ങളാണ് സമൂഹം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.അഹ്ലുസ്സുന്നയുടെ യഥാർത്ഥ ആശയാദർശങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ഈ പണ്ഡിത ശബ്ദം തന്നെയാണ് 'പാരമ്പര്യ പാതയുടെ കാവൽക്കാരൻ'.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
നജീബ് മൗലവി നേതൃത്വം നൽകാത്ത ഒരു മേഖലയും ദീനിലില്ല-പൊന്നുരുന്നി ഉസ്താദ് 
------------------------------------------
വണ്ടൂർ ജാമിഅ:യുടെ സനദ് ദാന സമ്മേളനത്തിൽ പൊന്നുരുന്നി കുഞ്ഞു മുഹമ്മദ് മുസ്ല്യാർ പറഞ്ഞ വാക്കാണ് മേലുദ്ധരിച്ചത്.ശരിയാണ്,ബഹുവന്ദ്യ മൗലാനാ അവർകൾ നേതൃത്വം നൽകാത്ത ഏത് മേഖലയാണ് ദീനിലുളളത്.!
പണ്ഡിതൻ,മുദരിസ്,പ്രഭാഷകൻ,ഗ്രന്ഥകാരൻ,എഴുത്തുകാരൻ,മുഫ്തി,ഖാളി,പ്രിൻസിപ്പാൾ,സംഘാടകൻ,സാഹിത്യകാരൻ....തുടങ്ങിയ എല്ലാ വിശേഷണങ്ങളും മികച്ച രീതിയിൽ ചാർത്താൻ പറ്റുന്ന ഏക വ്യക്തിത്വമാണ് മഹാനർ.സംഘടനാ സങ്കുചിതത്വമുളളവർ പോലും 'മത വൈഞ്ജാനിക വിധിന്യായ കോടതിയിലെ അവസാന വാക്കെ'ന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നത് സമൂഹത്തിൽ ബഹുവന്ദ്യർക്കുളള അംഗീകാരമാണ് വിളിച്ചറിയിക്കുന്നത്.അല്ലാഹു ആ തണൽ മരം ഒരുപാട് കാലം നിലനിർത്തട്ടെ.ആമീൻ 
-----------------------------------------

▪▫▪▫▪▫▪▫▪
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചവരാണ് ഇമാം ഇബ്നു ഹജർ(റ).ശാഫിഈ ഫിഖ്ഹിലെ അഗ്രഗണ്യരായ മഹാനർക്ക് തുല്യമായൊരാൾ സമകാലികരിലോ ശേഷമുള്ള കാലക്കാരിലോ ഇല്ലെന്നത് തന്നെയാണ് അവിടുത്തെ സവിശേഷത.തദ് രീസിലും ഗ്രന്ഥ രചനയിലും ഫത്വ് വ നൽകിയും സമയം ചെലവഴിച്ച മഹാനർ പണ്ഡിത-പാമരന്മാരുടെ ആശ്രയവും അവലംബവുമാണ്.കർമ്മ ശാസ്ത്ര വിഷയങ്ങളിൽ നാം മുന്തിക്കുന്നത് മഹാനരുടെ പ്രസിദ്ധമായ തുഹ്ഫയാണ്.പതിനൊന്ന് മാസത്തിനുള്ളിൽ വിരചിതമായ പത്ത് വാള്യങ്ങളുളള ഈ മഹാ ഗ്രന്ഥത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിലും കുരുക്കഴിക്കുന്നതിലും വർത്തമാന കാലത്തെ വലിയ പണ്ഡിതന്മാർ പോലും കുഴങ്ങുന്നു.
*ഇവിടെയാണ് ബഹുവന്ദ്യ മൗലാനാ വിത്യസ്തമാകുന്നത്.കേരളത്തിലെ വിവിധ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ പോലും കെട്ടുപിണഞ്ഞ വിഷയങ്ങളിൽ മൗലാനായെ ആശ്രയിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.മാത്രമല്ല,"മൗലാനാ എന്ത് പറയുന്നുവോ അത് ഹഖ്ഖാണെന്ന്"പ്രതിയോഗികൾ പോലും സമ്മതിക്കുന്ന പരമാർത്ഥമാണ്.
കേരളീയന്തരീക്ഷത്തെ കലുഷിതമാക്കിയ എത്രയെത്ര വിവാദങ്ങളാണ് മഹാനരുടെ ഇടപെടലുകൾ കൊണ്ട് കെട്ടണഞ്ഞത്.സമുദായ നേതാക്കൾക്കെല്ലാം വിഷയങ്ങളുടെ ഗൗരവവും ദീനിനേൽക്കുന്ന ഭവിഷ്യത്തുകളും തര്യപ്പെടുത്തി കൊടുത്തത് മഹാനരല്ലെ.
ചുരുക്കത്തിൽ നിലവിലുള്ള ഉലമാക്കളിൽ ഏറ്റവും വലിയ വിഞ്ജാന സമുദ്രമായ നമ്മുടെ അഭിവന്ദ്യ മൗലാനായെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇബ്നു ഹജർ' എന്ന് വിശേഷിപ്പിക്കാമെന്ന് മാത്രമല്ല,അത് അതിശയോക്തിപരവുമല്ല .സത്യ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി അല്ലാഹു കനിഞ്ഞു നൽകിയ ഈ മഹാ പണ്ഡിതന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ 

*മുഹമ്മദ് തച്ചറക്കൽ വാണിമേൽ*

 അല്‍ മവാഹിബുല്‍ ജലിയ്യ: ഔന്നത്യത്തിന്റെ ജ്വാലമുഖം

 അല്‍ മവാഹിബുല്‍ ജലിയ്യ: ഔന്നത്യത്തിന്റെ ജ്വാലമുഖം


ദക്ഷിണകേരളത്തിലെ കൊല്ലം ജില്ലയില്‍പ്പെട്ട കരുനാഗപ്പള്ളി താലൂക്കിലെ തഴവാ എന്ന കുഗ്രാമം പ്രസിദ്ധമാവുന്നത് ആ ഗ്രാമത്തിന്റെ പേര് തന്റെ അപരാഭിധാനമാക്കിയ പണ്ഡിതവര്യനായിരുന്ന മുഹമ്മദ് കുഞ്ഞ് മൗലവിയിലൂടെയാണ്. കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ തന്മയത്വം വാര്‍ന്നുപോകാതെ അദ്ദേഹം രചിച്ച കാവ്യഗ്രന്ഥമാണ് അല്‍മവാഹിബുല്‍ ജലിയ്യ. മൗലികമായി കൃതിയും അതിന്റെ ശൈലിയും അദ്ദേഹത്തിന്റേതു സ്വന്തമാണ്. പേര് സൂചിപ്പിക്കും പോലെ മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ജ്വാലാമുഖമാണീ നിസ്തുല ഗ്രന്ഥം. ഫിഖ്ഹ്, അഖീദഃ, തസ്വവ്വുഫ് എന്നിവക്ക് പുറമെ ചരിത്രവും ഫിലോസഫിയും അഹ്കാമുകളും ഉള്‍കൊള്ളുന്നുവെന്ന അപാരമായ പ്രത്യേകത ഇതിനുണ്ട്. മൗലവി ആമുഖത്തില്‍ പാടുന്നത് കാണുക:

 

ഫിഖ്ഹും അഖീദഃ തസ്വവ്വുഫും പല തത്വവും ഉള്‍കൊണ്ടതാണിത് മാത്രമല്ല ചരിത്രവും ഇതിലുള്ള ചിലചില ഹുകുമുകള്‍ എതിലുണ്ട് അതിനുള്ള ദാഹം തീര്‍ക്കലും ഇതിലുണ്ട് അറബിയില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ അക്കം കൊടുത്തതിനര്‍ത്ഥവും വിവരിച്ചതാ റജസിന്റെ രീതിയിലാണ് പോക്കിതിനുള്ളത് ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത്’ മുന്‍സൂചിപ്പിക്കപ്പെട്ട കൊല്ലം ജില്ലയിലെ തഴവാ ഗ്രാമത്തില്‍ 1921 ന് അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് എന്ന വ്യക്തിയുടെയും ഫാത്വിമബീവിയുടെയും മകനായി അദ്ദേഹം ജനിച്ചു. 1999 ജൂണ്‍ 13 നായിരുന്നു സാത്വികനായ ഈ ആധ്യാത്മിക പണ്ഡിതന്റെ മരണം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഇത്രമാത്രമാണ് 'അല്‍മവാഹിബി'ല്‍’ പറഞ്ഞുകാണുന്നത്. ഇത് ഈ ഗ്രന്ഥത്തിന്റെ മാറ്റിനെ അങ്ങേയറ്റം ഇടിവുതട്ടിക്കുന്നതായിട്ടുണ്ട്. വിദ്യാഭ്യാസം,  മറ്റു പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥങ്ങള്‍, ത്വരീഖത്ത് പോലെയുള്ള വിവരങ്ങള്‍ ഗ്രന്ഥത്തില്‍ എവിടെയും കൊടുത്തിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ തന്നെയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സഅദുദ്ദീന്‍ മൗലവി (ഫൗസിയ മന്‍സില്‍, എസ്.ആര്‍.പി. മാര്‍ക്കറ്റ്, കരുനാഗപ്പള്ളി)യുടെ സ്വന്തം പ്രസാധനവിലാസത്തില്‍ കോട്ടയത്തുള്ള പ്രീമിയര്‍ ഓഫ്‌സെറ്റ് പ്രസ്സിലാണ് ഈ കൃതി അച്ചടിച്ചിരിക്കുന്നത്. അതിലും പ്രസാധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ചേര്‍ത്തിട്ടില്ല. ഈ രണ്ടു കുറവുകളും മനോഹരമായ ഈ പുസ്തകത്തിന്റെ ഗാംഭീര്യതയെ നശിപ്പിച്ചിരിക്കുന്നു. കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ത്ത് ഗ്രന്ഥകാരന്റെ ബയോഗ്രഫി സഹിതം പുസ്തകം ഇനിയും നന്നാക്കി പുറത്തിറക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.

 

ലഭ്യമായ വിവരങ്ങളനുസരിച്ച് തഴവാ മൗലവി 1950കളിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സൂചിപ്പിക്കുന്നു. കാരണം, ഏതാണ്ട് ആ കാലം തൊട്ടു തന്നെയാണ് അഥവാ തൊടിയൂര്‍ മൗലവിയുടെ ബാല്യകാലത്തിലാണ് ഇതിലുള്ള ഈരടികള്‍ വളരെയധികം പ്രചാരത്തില്‍ വന്നതും വ്യാപകമായി മത പ്രസംഗ രാവുകളിലും മദ്രസാ പരിപാടികളിലും തെക്കന്‍കേരളത്തില്‍ ഇത് ആലപിച്ചിരുന്നതും. ആദ്യപ്രതികള്‍ സ്വന്തം കൈപ്പടയില്‍ അറബിമലയാളത്തില്‍ മൗലവി തന്നെ എഴുതി പ്രചരിപ്പിക്കുകയാണ് ചെയ്തിരുന്നത്. അതേസമയം തന്നെ തഴവാമൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ “'അന്നസീമി'ല്‍ അത്  കൂടെക്കൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്ന് തൊടിയൂര്‍ മൗലവി പറയുന്നു. 1970- കളിലെപ്പോഴോ അതില്‍ കാലാനുസൃതമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും തഴവാ മൗലവി തന്നെ സ്വയം നടത്തി തഴവയിലെ വീണ പ്രസ്സില്‍ നിന്ന് കല്ലച്ചില്‍ പ്രിന്റ് ചെയ്ത് ഇറക്കിയെന്നും അദ്ദേഹം  സൂചിപ്പിക്കുന്നു.

 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ ഗ്രാമത്തില്‍ 1921 ആഗസ്ത് 10-ന് പള്ളാര്‍ശ്ശേരി തറവാട്ടില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് എന്ന വ്യക്തിയുടെയും ഫാത്വിമബീവിയുടെയും മകനായി ജനിച്ചു എന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തയ്യാര്‍ ചെയ്ത സുവനീറില്‍ കാണുന്നുണ്ട്. തഴയോലകളുടെ സമൃദ്ധിപെരുകിയ സ്ഥലമായതിനാല്‍ കിട്ടിയ ആ പ്രദേശത്തിന്റെ നാമമായ തഴവാ എന്ന പേര് പിന്നീട് ഈ മഹാപണ്ഡിതന്റെ പേരിലാണ് പ്രോജ്ജ്വലിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നീര്‍ക്കുന്നം ഹമീദ് മുസ്‌ലിയാര്‍, കോടഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ആത്മീയഗുരുത്വം തഴവായിലെ മാര്‍ക്കറ്റിനടുത്ത തൈക്കാവില്‍ വെച്ചുതന്നെ സ്വപുത്രന് ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് പരിശ്രമിച്ചു. അതിനു ശേഷം കായംകുളം ഹസനിയ്യയുടെ പ്രിന്‍സിപ്പാളായി ശൈഖുനാ ആമക്കാട് തഖിയുദ്ദീന്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അവര്‍കള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് തഴവാഗ്രാമത്തില്‍ നിന്നും നിത്യവും അദ്ദേഹം സൈക്കിള്‍ ചവിട്ടി കായംകുളത്തേക്കു പോകാന്‍ തുടങ്ങി. ദക്ഷിണകേരളത്തിലെ ദീനീവിജ്ഞാനത്തിന്റെ രാജപാതയായി പിന്നീട് ആ സൈക്കിള്‍ പാടുവീണ വഴികള്‍ ധന്യമായിത്തീര്‍ന്നു.

 

ഖാദിരിയ്യ, ശാദുലിയ്യ എന്നിങ്ങനെ അഞ്ച് ആധികാരിക ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു അദ്ദേഹം. സംഗീതം തുളുമ്പുന്ന കാവ്യഭാഷയിലായിരുന്നു  ധാരാളം അനുവാചകരെ ഉദ്ഗ്രഥിച്ച പ്രഭാഷണമത്രയും.

 

'അല്‍മവാഹിബുല്‍ ജലിയ്യ'യെന്ന പ്രസിദ്ധകൃതിക്കു പുറമെ ബദ്‌രീങ്ങളെ തവസ്സുല്‍ ചെയ്തുകൊണ്ടുള്ള “ബിസ്മിസ്സലാമില്ലാഹി നദ്ഊ റബ്ബനാ’ എന്നു തുടങ്ങുന്ന ദുആ ബൈത്തും, മള്ഹറുല്‍ അതമ്മ് ബി ബര്‍സഖില്‍ അഹമ്മി എന്ന അറബി മൗലിദ് ഗ്രന്ഥവും, മസ്‌ലകുല്‍ ആബിദീന്‍ (വിര്‍ദുകളും അവയുടെ അര്‍ത്ഥങ്ങളും), മനാഖിബ് ഹസനിബ്‌നില്‍ അലിയ്യി കരുനാഗപ്പള്ളി, നിബ്‌റാസുല്‍ അലിയ്യി ഫീ മനാഖിബില്‍ ജോനകപ്പുറം എന്നിവയുമൊക്കെ അദ്ദേഹം രചിച്ച പ്രധാന കൃതികളാണ്. 1999 ജൂണ്‍ 13-നായിരുന്നു സാത്വികനായ ഈ ആധ്യാത്മിക പണ്ഡിതന്റെ മരണം.

 

കരീം തൊടിയൂര്‍ എന്ന വ്യക്തി സംഗീതമില്ലാതെ വളരെ ശാന്തഗംഭീരവും രാഗസുന്ദരവുമായ ശൈലിയില്‍ തനിമ ചോരാതെ മവാഹിബുല്‍ ജലിയ്യ ആലപിച്ചത് മനോരമ മ്യൂസിക് എറണാകുളം 1999-ല്‍ പുറത്തിറക്കിയിരുന്നു. മൗലവിയുടെ പുത്രനായ അബ്ദുസ്സലാം മൗലവി പിതാവിന്റെ ഗ്രന്ഥങ്ങളുടെ സമുജ്ജ്വല വ്യാഖ്യാതാവും ഉള്‍സാരങ്ങളെ പ്രതിപാദിക്കാന്‍ കഴിവുറ്റവനുമാണ്. 141 വിഷയങ്ങളിലായി 9699 ഈരടികളാണ് ഇതിലുള്ളത്. ചൊല്ലി രസിക്കാനും ഹൃദിസ്ഥമാക്കാനും വേണ്ടി അതീവലളിതമായ മലയാള ശൈലിയില്‍ അറബിസൂചകങ്ങള്‍ ഇടകലര്‍ത്തിയാണ് ഇത് രചിച്ചിരിക്കുന്നത്. അറബി പദങ്ങള്‍ ഇടകലരുന്നതിന് താഴെ നമ്പറിട്ട് അര്‍ത്ഥവും സൂചനയും നല്കിയിട്ടുണ്ട്. പലപ്പോഴും വളരെ വിശാലമായ ഇസ്‌ലാമിക ഗ്രന്ഥലോകത്തിലേക്കുള്ള വിഷയ സൂചീ ഗ്രന്ഥമായിട്ടാണ് ഇത് അനുഭവപ്പെടാറുള്ളത്. പല കാര്യങ്ങളും ഉദ്ധരിക്കുമ്പോള്‍ ഗ്രന്ഥത്തിന്റെ പേര്, ഗ്രന്ഥകാരന്‍, കടമെടുക്കുന്ന വിഷയത്തിന്റെ പേജ് നമ്പര്‍ എന്നിവ പദ്യരൂപത്തില്‍ തന്നെ മൗലവി ചേര്‍ത്തിട്ടുണ്ട്. ഉദാഹരണം നോക്കുക.

 

വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വരികളില്‍ തഴവാ മൗലവിയുടെ തത്വജ്ഞാനവും തസ്വവ്വുഫും കലാപരതയും വല്ലാതെ തളിരിടുന്നുണ്ട്. അപാരജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നത് ഈ അധ്യായം മുഴുവനും തെളിയിക്കുന്നുണ്ട്:

 

ഇല്‍മാണ് ഹാകിം സോദരാ നോക്കെവിടെയും, മുതലാണ് മഹ്കൂമുന്‍ അലൈഹി തന്നെയും, ഉലമാഅ് എഴുതും പേന കിറുകിറുക്കുന്നത്, തസ്ബീഹിലുള്ള സവാബിലാണെണ്ണുന്നത്, എഴുതുന്ന മഷിയില്‍ നിന്ന് വീണൊരു മുണ്ടിലും, ശഹീദിനുള്ള രക്തമാണ് സവാബിലും.. ‘’ (അല്‍ മവാഹിബുല്‍ ജലിയ്യ, ഇല്‍മിന്റെ ശ്രേഷ്ഠത,പേജ്-282) ദക്ഷിണകേരളത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ- സാംസ്‌കാരിക- നാഗരിക- വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന ആസ്ഥാനമായിരുന്നു കൊല്ലം. അത്തരം പ്രവര്‍ത്തനങ്ങളില്‍ തന്റെ സൂഫീസ്പര്‍ശമുള്ള മേല്‍വിലാസം പതിപ്പിച്ച തഴവാ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ചരിത്രം ഇനിയും ബൃഹത്തായി പഠിച്ചെടുക്കേണ്ടതുണ്ട്. കേരളത്തിലെ പഴക്കംചെന്ന ചില പള്ളികളില്‍ ഇതിന്റെ പഴയ അറബി-മലയാള പുസ്തകം കാണപ്പെട്ടിട്ടുണ്ട്.

 

മുസ്‌ലിം സാമാന്യ ജീവിതത്തിന്റെ ആത്മപ്രകാശമായ ഈ കൃതി പലപ്പോഴും മുസ്‌ലിംകളിലെ ഉല്‍പതിഷ്ണു-നവോത്ഥാന പ്രസ്ഥാനത്തിലുള്ളവര്‍ അസ്ഥാനത്ത് ഉപയോഗിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തപ്പോള്‍ സുപ്രസിദ്ധപണ്ഡിതനും വാഗ്മിയും ഖണ്ഡനപ്രസംഗത്തിന്റെ ആചാര്യനുമായിരുന്ന മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ തങ്ങളുടെ പ്രഭാഷണങ്ങളിലൂടെ ഇതിന് ശരിയായ വ്യാഖ്യാനം നല്‍കിയിരുന്നു. അത്തരം വ്യാഖ്യാനം നല്‍കാന്‍ ശേഷിയും ബലവുമുള്ളവര്‍ ഇന്നും ഇല്ലാതില്ല. പക്ഷേ, ക്രമം തെറ്റിക്കിടക്കുന്ന മുന്‍ഗണനകള്‍ക്കിടയിലും കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും നിലവിലുള്ള ഏതു പണ്ഡിതനാണ് സുന്നത്തു ജമാഅത്തിന്റെ അഖീദഃയെ ബിദഈ പ്രസ്ഥാനങ്ങളുടെ ആശയവിപുലീകരണങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയില്‍ വ്യാഖ്യാനിച്ച് മുന്നേറാന്‍ സമയവും ആര്‍ജ്ജവവും പ്രകടിപ്പിക്കുന്നത്?

 

തഴവാ മൗലവിയുടെ രീതിയെ ഒന്ന് അപഗ്രഥിച്ചു നോക്കാം: നോക്കാം മജാലിസ്സുസ്സനിയ്യായില്‍ ഇത്, നാല്‍പത്തിയേഴാം പേജിലാ പറയുന്നത്’’ (ഉള്ഹിയ്യത്തിന്റെ നിയമവും ശ്രേഷ്ഠതയും വിവരിക്കുന്ന അധ്യായം, പേജ് 315, ആറാമത്തെ വരി) 'മജാലിസ്സുസ്സനിയ്യ' എന്ന കര്‍മശാസ്ത്രഗ്രന്ഥത്തില്‍ നാല്‍പത്തിയേഴാം പേജില്‍  നിന്ന് ഈ ഉദ്ധരണി നേരിട്ടെടുത്തിരിക്കുന്നുവെന്നര്‍ത്ഥം. തൊട്ടടുത്ത് തന്നെ മറ്റൊരു നിയമം പ്രസ്താവിക്കവേ പറയുന്നു: ശരിയല്ല ബിബ്‌ല തെറ്റി അറവുനടത്തലും, എണ്ണപ്പെടും സോദരാ അത് മക്‌റൂഹിലും അറക്കുന്ന സ്ഥലവും ശുദ്ധിയായിരിക്കേണ്ടതാ, എന്നും “'ഇആനത്തി'ല്‍ നോക്കിയാല്‍ കാണുന്നതാ, അവനുള്ള വീട്ടിലിതാക്കലേറ്റം അഫ്‌ളലാ, നാനൂറ്റി ഏഴിത് ഹാഫ് ‘ഭാഗം മൂന്നിലാ ഒന്നിനെ അറുത്തത് കൊണ്ട് പിന്നീടൊന്നിനെ, കഴുകാതറുക്കാം കത്തിയും പിന്നീടൊന്നിനെ, ഇത് തുഹ്ഫയില്‍ നീ നോക്കിയാല്‍ കാണുന്നതാ, ഒരു നൂറ്റി എഴുപത്തിയാറ് ഒന്നില്‍ വന്നതാ..’ (അതേ പേജ്)

 

ഇവിടെ ഇആനത്ത് എന്ന പ്രസിദ്ധ ഫിഖ്ഹ് ഗ്രന്ഥവും അതിന്റെ ഭാഗം മൂന്നില്‍ പകുതി ഭാഗത്ത് കൃത്യമായി നാനൂറ്റി ഏഴാം പേജില്‍ ഈ വിഷയം പറയുന്നതാണ് ഒന്നാമത്തെ സൂചന. രണ്ടാമത്തേത് തുഹ്ഫ എന്ന ഗ്രന്ഥത്തിലെ നൂറ്റി എഴുപത്തിയാറാം പേജിലെ ആദ്യ ബാബില്‍ തന്നെ വരുന്നു എന്നാണ് സൂചന. വേറൊന്നു കൂടി നോക്കുക:

 

സിഫ്‌റുസ്സആദയില്‍ നോക്കണം അതിലുണ്ടിത്, ഒരുനൂറ്റി മൂന്നാം പേജിലാ പറയുന്നത്, ഇത് സ്വാഹിബുല്‍ ഖാമൂസിനുള്ളൊരു ഗ്രന്ഥമാ, നജ്മുദ്ദീനെന്നൊരു പേരവര്‍ക്കു പ്രസിദ്ധമാ...’’ (പേജ് 251-ല്‍ സ്വലാത്തിന്റെ ശ്രേഷ്ഠത എന്ന സുദീര്‍ഘമായ അധ്യായത്തില്‍ കാണുന്നത്.)

 

പ്രസിദ്ധ ഭാഷാകോശമായ അല്‍ഖാമൂസിന്റെ ഗ്രന്ഥകാരന്‍മാരില്‍ ഒരാളായ നജ്മുദ്ദീന്‍ എന്ന പ്രസിദ്ധപണ്ഡിതന്റെ സിഫ്‌റുസ്സആദയെന്ന ഗ്രന്ഥത്തില്‍ നൂറ്റിമൂന്നാം പേജില്‍ പറയപ്പെടുന്ന വിഷയം നോക്കുക എന്നര്‍ത്ഥം. വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വരികളില്‍ തഴവാ മൗലവിയുടെ തത്വജ്ഞാനവും തസ്വവ്വുഫും കലാപരതയും വല്ലാതെ തളിരിടുന്നുണ്ട്. ഉജ്ജ്വലമായ വിജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നത് ഈ അധ്യായം മുഴുവനും തെളിയിക്കുന്നുണ്ട്. നേരത്തെ നാമുദ്ധരിച്ച വിജ്ഞാനത്തെക്കുറിച്ചുള്ള വരികള്‍ ഒരിക്കല്‍ കൂടി നോക്കുക:

 

ഇല്‍മാണ് ഹാകിം സോദരാ നോക്കെവിടെയും, മുതലാണ് മഹ്കൂമുന്‍ അലൈഹി തന്നെയും, ഉലമാഅ് എഴുതും പേന കിറുകിറുക്കുന്നത്, തസ്ബീഹിലുള്ള സവാബിലാണെണ്ണുന്നത്, എഴുതുന്ന മഷിയില്‍ നിന്ന് വീണൊരു മുണ്ടിലും, ശഹീദിനുള്ള രക്തമാണ് സവാബിലും.. ‘’ (ഇല്‍മിന്റെ ശ്രേഷ്ഠത, പേജ്-282)

 

പ്രിയ സുഹൃത്തെ, അറിവാണ് എവിടെയും വിധികര്‍ത്താവ്, മുതല്‍ എപ്പോഴും അതിനു വിധേയമാണ്, പണ്ഡിതന്‍മാര്‍ പേനകൊണ്ട് എഴുതുമ്പോള്‍ ഉണ്ടാവുന്ന കിറുകിറുക്കല്‍ സ്വരം തസ്ബീഹിന്റെ പ്രതിഫലത്തിനര്‍ഹമാക്കുന്നതാണ്, 'എഴുത്ത് മഷി'യില്‍ നിന്നൊരു തുള്ളി കുപ്പായത്തില്‍ പുരണ്ടാല്‍ അതിനും ശഹീദിന്റെ രക്തത്തുള്ളിപോലോത്ത പ്രതിഫലമുണ്ട് എന്നിങ്ങനെ അറിവും ആദ്ധ്യാത്മികതയും ഇടകലര്‍ന്ന വരികളാണ് അദ്ദേഹത്തിന്റെ ഓരോന്നും. പൊന്നേ, മോനേ, സോദരാ, മുത്തേ എന്നിങ്ങനെയുള്ള ഓമനത്വം തുളുമ്പുന്ന വിളികളോടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മഹാനായ പുണ്യപുരുഷന്റെ വരികളില്‍ ഇടക്കിടക്ക് ലുഖ്മാനുല്‍ ഹകീമിന്റെ മകനോടുള്ള ഉപദേശസാരാമൃതം വരികളില്‍ തുടിക്കുന്നുണ്ട്. സലാം പറയലിന്റെ ശ്രേഷ്ഠത വിവരിക്കുന്ന മവാഹിബിന്റെ വരികള്‍ ജനങ്ങള്‍ക്കിടയില്‍ വളരെ സാമാന്യമായിക്കഴിഞ്ഞതാണ്: കണ്ടാല്‍ സലാം കൊണ്ടാണ് മിണ്ടല് വേണ്ടത്, എന്നുള്ളതാ നബി തങ്ങളില്‍ നിന്നുള്ളത്, മിണ്ടിക്കഴിഞ്ഞു സലാം പറഞ്ഞാല്‍ പിന്നത്, അസ്ഥാനത്താണെന്നാണ് തുഹ്ഫയിലുള്ളത്...’ (പേജ് 56) കവിതയുടെ പ്രാസഭംഗിയും വൃത്തവും എവിടെയും ചോര്‍ന്നുപോകാതെ തന്നെ ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും യഥേഷ്ടം ഉപയോഗിച്ച് ആദ്യാക്ഷര പ്രാസവും ദ്വയാക്ഷരപ്രാസവും മറ്റു ചിലപ്പോള്‍ അന്താക്ഷരിപ്രാസവും ധ്വനിപ്പിച്ചുകൊണ്ടുള്ള ഈരടികള്‍ കോര്‍ത്തുവെച്ചത് ലളിതമലയാള ആഖ്യാനത്തിലാണെങ്കിലും ഉപയോഗിക്കുന്ന പദങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ട് ജോനകമാപ്പിളമാരുടെ ശൈലി പുലര്‍ത്തുന്നവയാണ്.  ചില സ്ഥലങ്ങളില്‍ ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെ ആധുനികജീവിതത്തിലെ ഉപകരണസാധ്യമായ ജീവിതത്തെ സ്വര്‍ഗവുമായി ബന്ധപ്പെടുത്തി നന്നായി അപഹസിച്ച് ഗൗരവമേറിയ പ്രതീകങ്ങളെ ചിത്രീകരിക്കുന്നു: മോഹിച്ചതെത്തുന്നുണ്ട് ഫോണ്‍ വിളിക്കേണ്ട, ഒലിക്കുന്ന നീരടുത്തുണ്ട് സ്‌ക്രൂ തിരിക്കേണ്ട, പറക്കും സരീറതിലുണ്ട് കാറെടുക്കേണ്ട, നീ കരുതിയാല്‍ മതി പാറുമേ പറയണ്ട.’’ (സ്വര്‍ഗം 19-ാം അദ്ധ്യായം, പേജ് 712) ഈ രീതിയില്‍ നോക്കിയാല്‍ കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വ്വവിജ്ഞാന തത്പരതയെ പ്രകാശിപ്പിക്കുന്ന അല്‍മവാഹിബുല്‍ ജലിയ്യക്കും അതിന്റെ രചയിതാവിനും എക്കാലത്തും വലിയ സ്വാധീനം ഉണ്ടായിരിക്കും. ഹിദായത്തുല്‍ അദ്കിയാഇന്റെയും, മുഹ്‌യിദ്ദീന്‍ മാലയുടെയും, സഫലമാലയുടെയും, പടപ്പാട്ടുകളുടെയും ഇടയില്‍ വളരെ പ്രമുഖമായ സ്ഥാനം തന്നെ മവാഹിബുല്‍ ജലിയ്യക്കുമുണ്ട്. ചില അടിസ്ഥാന വിവരങ്ങള്‍ തെര്യപ്പെടുത്തുന്നു എന്നതിനേക്കാള്‍ ഗൗരവമേറുന്ന വിവിധ ജ്ഞാന ശാസ്ത്രങ്ങളിലേക്കുള്ള താക്കോല്‍ മാത്രമാണ് മവാഹിബുല്‍ ജലിയ്യ. അത് നമുക്ക് ചില ജ്ഞാനങ്ങളുടെ തുമ്പുകള്‍ മാത്രം കാണിച്ചു തരുന്നു. ആ തുമ്പ് പിടിച്ചു വലിച്ചാല്‍ വളരെ വിശാലമായ ധാരാളം വിവരങ്ങള്‍ പുറത്തുവരുന്നു. കേരളത്തിലെ മാപ്പിളമാരില്‍ മലബാര്‍ (പഴയ കനറ മുതല്‍) തൊട്ട് തിരുകൊച്ചി വരെയുള്ള മുന്‍കാല സംസ്ഥാനങ്ങളിലുള്ള മാപ്പിളമാരൊക്കെയും മാപ്പിളപ്പാട്ട്, ഖിസ്സകള്‍, മാലകള്‍ എന്നിവ ധാരാളം കണ്ടവരും രചിച്ചവരും പാടിയവരുമാണ്. എന്നാല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടവ ഒന്നുമില്ലെന്നുതന്നെ പറയാം. പക്ഷേ തഴവാ മുഹമ്മദ് കുഞ്ഞ് മൗലവി ആ ചരിത്രം മവാഹിബിലൂടെ തിരുത്തിയെഴുതുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ പാടിക്കേട്ട പഴയൊരു ബദര്‍മാലയുമുണ്ട്. നിലവില്‍ അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും അതിനെ കുറിച്ചൊരു വിവരവും ലഭ്യമല്ല. തഴവാ മുന്നോട്ടുവെച്ച ആശയപ്രസ്ഥാനത്തെ കൈനീട്ടി സ്വീകരിക്കാന്‍ പിന്‍തലമുറ വളരെയൊന്നും തയ്യാറായിട്ടില്ല എന്നര്‍ത്ഥം. തലമുറകളുടെ വിശ്വാസനിര്‍മലതയെ ഹനിക്കുന്ന സുപ്രധാനമായ ഒരു വിഷയത്തെയും മൗലവി ഒരു ഈരടിയിലൂടെ സ്പര്‍ശിച്ചിട്ടുണ്ട്. ഇക്കാലത്ത്  പലരും പ്രകടിപ്പിക്കാത്ത ആര്‍ജ്ജവത്തോടെ.... സ്വരാജ്യസ്‌നേഹം വോട്ടിനല്ല വേണ്ടത്... അതുപോലെ പാര്‍ട്ടി വളര്‍ത്തുവാനും അല്ലിത്...’’ 

സ്വലാഹുദ്ദീന്‍ അയ്യൂബി


അല്ലാമാഃ_മൂസൽബർദലി

അല്ലാമാഃ_മൂസൽബർദലി; 
ഓർമപ്പൂക്കളാൽ_ഒരഞ്ജലി

ആലപ്പുഴ ജില്ലയിലെ വടുതലയുമായി (ബർദലഃ എന്നത് അതിന്റെ അറബീ ഭാഷ്യം) എനിക്കു വളരെ മുന്നേ ബന്ധമുണ്ടായിരുന്നു. അതു പക്ഷെ മർഹൂം വി.യം. മൂസാ ഉസ്താദുമായി ബന്ധപ്പെട്ടായിരുന്നില്ല. വടുതലയിൽ മറ്റൊരു സാത്വികനായ പണ്ഡിതൻ ജീവിച്ചിരുന്നിരുന്നു, അല്ലാമാഃ മുഹമ്മദ് ബിൻ മുഹ്യുദ്ധീൻ അൽബർദലി (റഹിമഹുല്ലാഹ്) എന്ന എൻ. കെ. യം. മൗലവി. അല്ലാമാഃ മൂസാ ബിൻ അഹ്‌മദ്‌ അൽബർദലി (റഹിമഹുല്ലാഹ്) എന്ന ബർദലി ഒന്നാമന്റെ സഹോദരപുത്രൻ! 

സ്വാലിഹീങ്ങളുടെ ജീവിതം നയിച്ചിരുന്നവരും വാർധക്യ കാലത്തു മറ്റെല്ലാ കാര്യങ്ങളിൽ നിന്നും വിട്ടകന്ന്, തന്റെ മുഴുസമയവും ഇബാദത്തിലായി മാത്രം ചെലവഴിച്ചിരുന്നവരുമായിരുന്നു ശൈഖുനാ മുഹമ്മദ് മൗലവി (റഹിമഹുല്ലാഹ്). അറബീ ഭാഷയിൽ അസാമാന്യ പാടവത്തിനുടമയായിരുന്ന അദ്ദേഹം ഒന്നാന്തരമൊരു നിമിഷകവി കൂടിയായിരുന്നു.

ഖാദിരിയ്യഃ, ശാദുലിയ്യഃ, ബദവിയ്യഃ തുടങ്ങി നിരവധി ത്വരീഖത്തുകളുടെ ശൈഖായിരുന്ന അദ്ദേഹത്തിന്, ബദ്ർമൗലിദിന്റെ രചയിതാവായിരുന്ന അല്ലാമാഃ വളപ്പിൽ അബ്ദുൽഅസീസ് മുസ്ല്യാർ (റഹിമഹുല്ലാഹ്) എന്നവരുടെ മുഴുവൻ ഇജാസത്തുകളും പിതാവും സുപ്രസിദ്ധ ഫഖീഹുമായിരുന്ന അല്ലാമാഃ മുഹ്യുദ്ധീൻ ബിൻ അഹ്‌മദ്‌ അൽബർദലി (റഹിമഹുല്ലാഹ്) എന്ന കുഞ്ഞിബാവ മുസ്ല്യാർ (റഹിമഹുല്ലാഹ്) മുഖേന കൈവന്നിരുന്നു. 

കുഞ്ഞിബാവ മുസ്ല്യാരും സഹോദരൻ മൂസാ മുസ്ല്യാരും (ഒന്നാമൻ) അല്ലാമഃ വളപ്പിലിന്റെ ശിഷ്യരായിരുന്നു. ചുരുക്കത്തിൽ ബഹുമാനപ്പെട്ട എൻ.കെ.യം. മൗലവിയെ തേടിയുള്ള യാത്രയിലാണു ഞാൻ ആദ്യമായി വടുതലയിൽ എത്തുന്നത്.

അതിരിക്കട്ടെ, ഇദ്ദേഹത്തെ പറ്റി - അല്ലാഹു തൗഫീഖ് നൽകിയാൽ - മറ്റൊരിക്കൽ എഴുതാം, ഇൻശാ അല്ലാഹ്!

ഒരിക്കൽ, എന്റെ ഒരു സുഹൃത്തിന്റെ പക്കൽ ഒരു റാതീബിന്റെ ഏടു കണ്ടു. മുഹ്യുദ്ധീൻ ശൈഖ് തങ്ങളുടെ പേരിലുള്ള വളരെ സംക്ഷിപ്തമായ ഒരു റാതീബ്. അത് എനിക്കേറെ ഇഷ്ടപ്പെട്ടു. അതിനെപ്പറ്റിയുള്ള അന്വേഷണമാണ് എന്നെ ബഹുമാനപ്പെട്ട അല്ലാമാഃ മൂസാ അൽബർദലി എന്ന വടുതല വീ.യം മൂസാ മുസ്ല്യാരുടെ സവിധത്തിൽ എത്തിച്ചത്. 

മഹാനവർകളുടെ സദസ്സിൽ അതു ചൊല്ലാറുണ്ടെന്നും അവിടുന്ന് അതിന്റെ ഇജാസത്ത് കൊടുക്കാറുണ്ടെന്നും ഞാൻ ആ സുഹൃത്തിലൂടെ അറിഞ്ഞിരുന്നു. പ്രസ്തുത റാതീബ് നമ്മുടെ നാട്ടിലെ ആരാലും ഉണ്ടാക്കപ്പെട്ടതല്ലെന്നും അതിന്റെ വരവു ബാഗ്ദാദ് ശരീഫിൽ നിന്നാണെന്നും ഞാൻ മനസ്സിലാക്കി. 

അതിന്റെ ഇജാസത്തും തേടി അവിടുത്തെ സന്നിധിയിൽ പോയെങ്കിലും അദ്ദേഹം ഒരു തബ്ലീഗുകാരനാണെന്ന പൊതുധാരണ എന്നെയും നന്നായി ബാധിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിൽ നിന്ന് ഇജാസത്തു സ്വീകരിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. പകരം അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന മട്ടിൽ പല കാര്യങ്ങളും ചോദിച്ചു. 

ഒടുവിൽ മറയൊന്നുമില്ലാതെ അദ്ദേഹത്തോടു വെട്ടിത്തുറന്നു ചോദിച്ചു; നിങ്ങളെ സംബന്ധിച്ച് ഒരു തബ്ലീഗുകാരനാണെന്നാണല്ലോ പുറത്ത് പറയപ്പെടുന്നത്, എന്താണതിനു കാരണം?

ചോദ്യം കേട്ട് അദ്ദേഹം കുറെ ചിരിച്ചു. ശേഷം അതിനോടദ്ദേഹം പ്രതികരിച്ചു. മുൻവിധികളില്ലാതെ കേൾക്കാൻ തയ്യാറാകുന്ന ആർക്കും ബോധ്യമാകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഈ കുറിപ്പു മുഴുവൻ വായിച്ചു തീരുമ്പോഴേക്കും ആ ഉത്തരം നിങ്ങൾക്കും മനസ്സിലായിട്ടുണ്ടാകും - ഇൻശാ അല്ലാഹ്!

ആദ്യ കൂടിക്കാഴ്ചയിൽ ഇജാസത്തു തരാൻ അദ്ദേഹം തയ്യാറായില്ല. അടുത്ത തവണ കാണുമ്പോൾ തരാമെന്നു പറഞ്ഞു. പക്ഷെ ആ കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ പറ്റി മറ്റു ചില പ്രധാന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്കു സാധിച്ചു. 

അതിലേറ്റവും പ്രധാനം അദ്ദേഹത്തിന്റെ ഗുരുനാഥന്മാരെക്കുറിച്ചുള്ളതാണ്. മഹാനായ അല്ലാമാഃ മൂസാ അൽബർദലി (ഒന്നാമൻ), പാപ്പിനിശ്ശേരി ശൈഖ് ഹസൻ ഹസ്രത്ത്, ബാഖിയാത്തിലെ ശൈഖ് ആദം ഹസ്രത്ത്, മക്കയിലെ അശ്ശൈഖ് മുഹമ്മദ് യാസീൻ അൽഫാദാനി (റഹ്‌മതുല്ലാഹി അലൈഹിം) തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുരുജനങ്ങളാണെന്ന് അറിഞ്ഞത് അന്നാണ്. 

ഒടുവിൽ പറഞ്ഞ ഫാദാനി ശൈഖിൽ നിന്ന് അദ്ദേഹത്തിനു ഹദീസു വിജ്ഞാനം ഉൾപ്പെടെ സകല ഫന്നുകളിലും ഇജാസത്തും സനദും ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ഏതൊരു വിഷയം കരുതിയാണോ അദ്ദേഹത്തെ സന്ദർശിച്ചത് അതു തീർത്തും വിസ്മരിച്ചതു പോലെയായി. 

ശൈഖ് ഫാദാനിയുടെ ഇജാസത്തുകളും സനദുകളും അദ്ദേഹത്തിൽ നിന്നു സ്വന്തമാക്കണമെന്നുള്ള ആഗ്രഹം എന്നിൽ മുളപൊട്ടി. രസകരമായ സംഗതി എന്തെന്നാൽ, ശൈഖ് ഫാദാനിയുടെ ഇജാസത്തുകൾ തനിക്കുണ്ടെന്ന് അതിനു മുമ്പ് ആരോടും അദ്ദേഹം പങ്കു വെച്ചിരുന്നില്ല എന്നതാണ്. 

സത്യത്തിൽ ശൈഖ് ഫാദാനി എഴുതി നൽകിയ ഇജാസത്തുകളും മറ്റും എവിടെയൊക്കെയോ ചിതറിയും മറഞ്ഞും കിടക്കുകയായിരുന്നു. എന്റെ നിരന്തരമായ നിർബന്ധമാണ് അതെല്ലാം പലയിടങ്ങളിൽ നിന്നായി കണ്ടെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.   

അൽഹംദു ലില്ലാഹ്! അന്നു തുടങ്ങിയ ആ ബന്ധം അദ്ദേഹത്തിന്റെ വഫാത്തു വരെ ഊഷ്മളതയോടെ തുടരാൻ നാഥൻ എനിക്കു തൗഫീഖ് നൽകി. ഒരു മകനെപ്പോലെ അദ്ദേഹം എന്നെ സ്നേഹിച്ചു, ഒരു ശിഷ്യനെപ്പോലെ അദ്ദേഹം എന്നെ പരിഗണിച്ചു. ഒരു കുടുംബസുഹൃത്തിനെപ്പോലെ അദ്ദേഹം എന്നെ ചേർത്തു പിടിച്ചു.

ഈ നീണ്ട വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ സുന്നിയ്യത്തിനെ സംശയിക്കേണ്ട ഒന്നും ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടില്ല. എന്റെ ശൈഖുനാ മുറ്റിച്ചൂർ മൂപ്പർ (റഹിമഹുല്ലാഹ്) ഏതു രൂപത്തിലുള്ള ഒരു സുന്നീ പണ്ഡിതനായിരുന്നുവോ അതേ രൂപത്തിലുള്ള ഒരു സുന്നീ പണ്ഡിതനായി മാത്രമാണ് എനിക്ക് അദ്ദേഹത്തെ അനുഭവിക്കാനായത്. 

പ്രതിസന്ധികളിൽ ഖുർആൻ കൊണ്ടും ഔറാദുകൾ കൊണ്ടും പരിഹാരം തേടുന്ന, ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളുടെ മൗലിദ് പാരായണത്തിലും ബുർദയിലും സന്തോഷം കണ്ടെത്തുന്ന, നാരിയ്യഃ സ്വലാത്തും ത്ഥ്വിബ്ബിൽ ഖുലൂബ് സ്വലാത്തും ചൊല്ലി മന്ത്രിക്കുന്ന, ഹദ്ദാദ് റാതീബ് ചൊല്ലുകയും ചൊല്ലാൻ അനുമതി കൊടുക്കുകയും ചെയ്യുന്ന, അസ്മാഉൽ ബദ്ർ ചൊല്ലാൻ ഇജാസത്തു കൊടുക്കാറുണ്ടായിരുന്ന, ശാഫിഈ മദ്ഹബ് അനുസരിച്ചു ജീവിക്കുകയും അതു പ്രകാരം ഉപദേശിക്കുകയും ചെയ്യുന്ന, ചിശ്തിയ്യഃ ത്വരീഖത്തിലെ വിർദുകൾ പ്രഭാതത്തിലും പ്രദോഷത്തിലും ഉരുക്കഴിക്കുന്ന, അമ്പിയാ - ഔലിയാക്കളെക്കൊണ്ടു തവസ്സുൽ ചെയ്യുകയും അവരുടെ മദദ് പ്രതീക്ഷിക്കുകയും തേടുകയും ചെയ്യുന്ന ഒരു പാരമ്പര്യ സുന്നീ പണ്ഡിതൻ. 

അതിലപ്പുറം അദ്ദേഹം മറ്റൊന്നല്ല. ഹനഫീ മദ്ഹബിലും അവഗാഹമുണ്ടായിരുന്നു, തെക്കൻ ജില്ലകളിലെ ഹനഫീ അനുയായികൾക്ക് അതുപ്രകാരം നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 

സമകാലികരായ മറ്റു ചില പണ്ഡിതരിൽ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കിയിരുന്നത് ഇല്മിയ്യായ സനദുകളിലുള്ള അദ്ദേഹത്തിന്റെ അവധാനതയായിരുന്നു. ദർസീ രംഗത്തു ചൊല്ലിക്കൊടുക്കുന്നതായാലും അതല്ലാത്തതായാലും ഏതൊരു കിതാബിന്റെയും അതിന്റെ രചയിതാവു വരെയുള്ള സനദ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. 

തനിക്ക് ആദ്യാക്ഷരം കുറിച്ചു തന്ന മദ്രസയിലെ ഒന്നാം ക്ലാസ്സിലെ ഉസ്താദിന്റെ പേരടക്കം പ്രസ്തുത മദ്രസയിൽ തന്നെ പഠിപ്പിച്ച മുഴുവൻ ഉസ്താദുമാരുടെയും പേരു വിവരങ്ങൾ അദ്ദേഹത്തിന് ഓർമ്മയിലുണ്ടെന്നതാണു കൗതുകം.  

ഗുരുവായിരുന്ന ശൈഖ് ഹസൻ ഹസ്രത്തിനെ മുഴുവനായി ആവാഹിച്ചെടുത്ത ശിഷ്യൻ എന്നും അദ്ദേഹത്തെ പറ്റി പറയാം. സാധാരണയിൽ കവിഞ്ഞ ഒരു വാത്സല്യം ഹസ്രത്തിന് അദ്ദേഹത്തോടു ഉണ്ടായിരുന്നു എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്. 

ഹസ്രത്തിന്റെ അടുക്കൽ ഉണ്ടായിരുന്ന മുഴുവൻ സനദുകളും ഇജാസത്തുകളും അദ്ദേഹം തന്റെ അരുമ ശിഷ്യനു നൽകുകയുണ്ടായി. ബാഖവി ബിരുദം നേടി ഇറങ്ങിയ ശിഷ്യനെ തന്റെ തന്നെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥാപനത്തിൽ മുദർരിസായി നിയമനം നൽകി ഹസ്രത്ത് തന്റെ ശിഷ്യനെ അധ്യാപന രംഗത്തേക്കും കൊണ്ടു വരുകയുണ്ടായി.      

ബാഖിയാത്തിലെ മൂന്നു വർഷവും ശേഷം അവിടെ നിന്നിറങ്ങിയതിനു ശേഷവും ഹസ്രത്തിനു ഖിദ്മത്തു ചെയ്യാനുള്ള മഹാഭാഗ്യം ബർദലി ഉസ്താദിനു ലഭിച്ചു. അതൊരു വലിയ അനുഗ്രഹമായാണ് അദ്ദേഹം വിശേഷിപ്പിക്കാറുണ്ടായിരുന്നത്. കിതാബ് മുത്വാലഅയുടെ സമ്മതം ഉസ്‌താദിനു കിട്ടിയതു ഹസ്രത്തിൽ നിന്നായിരുന്നു, കൂടാതെ അസ്ഹരി തങ്ങളിൽ നിന്നുമുണ്ട്.  

ശൈഖുൽമശായിഖ് പുതിയാപ്പിള അബ്ദുർറഹ്‌മാൻ മുസ്ല്യാർ (റഹിമഹുല്ലാഹ്) എന്ന പാനായിക്കുളം മൂപ്പരെ കാണാനും മഹാനരിൽ നിന്ന് ഇജാസത്തു സ്വീകരിക്കാനും ബർദലി ഉസ്താദിനു ഭാഗ്യമുണ്ടായിട്ടുണ്ട്. 

മലബാറിൽ ജീവിച്ചിരുന്ന മറ്റു പല സ്വാലിഹീങ്ങളുമായും ഉസ്താദിനു സ്നേഹബന്ധമുണ്ടായിരുന്നു. പക്ഷെ വിർദു - വളാഇഫുകൾക്കുള്ള ഇജാസത്തുകൾക്കായി അവിടുന്നു പ്രധാനമായും ആശ്രയിച്ചതു തന്റെ മുഖ്യാവലംബങ്ങളായ ശൈഖ് ഹസൻ ഹസ്രത്തിനെയും അസ്ഹരി തങ്ങളെയും മാത്രമായിരുന്നു.    

തന്റെ ജീവിതത്തിൽ (വൈയക്തികവും സാമൂഹികവും) ഉണ്ടായ എല്ലാ പുരോഗതികൾക്കും കാരണം തന്റെ ഉസ്താദുമാരാണെന്നു ബർദലി ഉസ്താദ് എപ്പോഴും പറയുണ്ടായിരുന്നു. മഹാനവർകളിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഒരു ഗുണം അവിടുന്നു തന്റെ ഗുരുജനങ്ങളോടു കാണിക്കുന്ന അതിരറ്റ അദബും മഹബ്ബത്തുമായിരുന്നു. 

വലിയ ബഹുമാനത്തോടെ മാത്രമേ അവിടുന്നു തന്റെ ഉസ്താദുമാരുടെ പേരുകൾ ഉച്ചരിക്കുമായിരുന്നുള്ളൂ. അവരിൽ നിന്നു മരണപ്പെട്ടവരുടെ പേരുകൾ ‹റഹ്‌മതുല്ലാഹി അലൈഹി› എന്നു ചേർക്കാതെ പറയുമായിരുന്നില്ല. ഒരൊറ്റ സംസാരത്തിൽ തന്നെ പത്തു വട്ടം പറയേണ്ടി വന്നാലും ആ പത്തു വട്ടവും അവർക്കു വേണ്ടി റഹ്‌മത്തിനെ ചോദിക്കാതെ അവിടുന്ന്‌ ആ മഹാരഥന്മാരുടെ പേരുകൾ ഉച്ചരിക്കുമായിരുന്നില്ല. അത് എന്നെ വല്ലാതെ ആകർഷിച്ച ഒരു സംഗതിയാണ്. 

പലവട്ടം അദ്ദേഹം എന്നോട് ഇങ്ങനെ പറയുകയുണ്ടായിട്ടുണ്ട്; ശൈഖ് ഫാദാനിയുമായി ബന്ധപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ പേരിൽ ഒരു ഫാതിഹഃ ഓതാതെ ഒരു രാത്രിയും ഞാൻ കിടന്നുറങ്ങിയിട്ടില്ല!  

ഗുരുവര്യരിൽ പ്രധാനിയായ സയ്യിദ് അബ്ദുർറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽഅസ്ഹരിയെ ‹ശൈഖുനാതങ്ങൾ› എന്നല്ലാതെ വിശേഷിപ്പിക്കുന്നതു കേട്ടിട്ടില്ല. വലിയ ആദരവായിരുന്നു തങ്ങളോട്. സയ്യിദവർകളുടെ മരണ ശേഷം, അവിടുത്തെ സ്മരണാർത്ഥം പണി കഴിപ്പിച്ച കുതുബ്ഖാനയ്ക്കു തന്നാലാവുംവിധം സാമ്പത്തികവും അതല്ലാത്തതുമായ സഹായം ചെയ്തിരുന്നു ബർദലി ഉസ്താദ്, എല്ലാം ഗുരുസ്നേഹത്തിന്റെ പേരിൽ. 

എന്നെ അതിശയിപ്പിച്ച ഒരു സംഗതി, സയ്യിദവർകളുമായി അവിടുത്തെ മരണം വരെ മാതൃകാപരമായ ഒരു ബന്ധം ഉസ്താദ് കാത്തു സൂക്ഷിച്ചു എന്നുള്ളതാണ്. നമുക്കെല്ലാം അറിയാം ബഹുമാനപ്പെട്ട സയ്യിദവർകൾ ക്ഷിപ്രകോപിയാണ്. മൂക്കത്താണു ശുണ്ഠി. അവിടുത്തെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനോ അവ മറികടന്നു വല്ലതും പ്രവർത്തിക്കാനോ അവിടുത്തോടു ബന്ധമുള്ള ആരും ധൈര്യം കാണിക്കില്ല. അത്തരം ഒരു പ്രത്യേക സ്വഭാവത്തിനുടമയായ തങ്ങളുമായി ഒരു പുരുഷായുസ്സു മുഴുവൻ നല്ല ബന്ധത്തിൽ തുടരാൻ ചെറിയ സാധനയൊന്നും മതിയാവില്ല. 

ഇവിടെയാണു ബർദലി ഉസ്താദ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സയ്യിദവർകളുടെ മരണം വരെ അവിടുത്തെ ഏറ്റവും അനുസരണയുള്ള ശിഷ്യനായി തുടരാൻ അദ്ദേഹത്തിനു സാധിച്ചു. തന്റെ ശിഷ്യനോടു പൂർണ്ണ തൃപ്തിയുള്ളവനായാണു സയ്യിദവർകൾ ഇഹലോകവാസം വെടിഞ്ഞത്. മരണത്തിനു ശേഷം നല്ല അവസ്ഥയിൽ തങ്ങളവർകളെ സ്വപ്നത്തിൽ ദർശിച്ചതായും ബർദലി ഉസ്താദ് വിനീതനോടു പറയുകയുണ്ടായി.                       

സ്വന്തം ഗുരുജനങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന, ആദരിക്കുന്ന ഒരു ശിഷ്യൻ, വിശിഷ്യാ എല്ലാ നിലയിലും സ്വതന്ത്രനായതിന്/ നിരാശ്രയനായതിനു ശേഷവും അപൂർവമായിരിക്കും. 

വടുതലയിലെ അതിപുരാതന തറവാടായ പനക്കത്തറ കുടുംബത്തിലെ ‹ആലിമൂസാ› എന്നവരുടെ പുത്രൻ ‹മുഹമ്മദ്› എന്നവരുടെ പുത്രൻ ‹മക്കാർ› എന്ന ‹അഹ്‌മദ്‌› എന്നവരാണ് ഉസ്താദിന്റെ പിതാവ്. ചന്തിരൂർ അറയ്ക്കൽ സൈദു മുഹമ്മദ് എന്നവരുടെ പുത്രി ‹ഫാത്ഥ്വിമയാണ്› അവിടുത്തെ മാതാവ്. 
ഉമ്മ വഴിയും വാപ്പ വഴിയും സ്വാലിഹീങ്ങളുടെ കുടുംബപരമ്പരയിലാണ് അവിടുത്തെ ജനനം. ഉസ്താദിന്റെ ജനന തീയതി കൃത്യമായി അറിയില്ലെങ്കിലും വഫാതാകുമ്പോൾ അവിടുത്തേക്ക്‌ ഏകദേശം എമ്പത്തിയാറു വയസ്സായിരുന്നു.

‹മുതഫർരിദ്› മുതൽ നഹ്‌വിലെ ‹തുഹ്‌ഫഃ› വരെ മഹാനായ അല്ലാമാഃ മൂസാ അൽബർദലിയിൽ (ഒന്നാമൻ) നിന്ന് ഓതാൻ കഴിഞ്ഞതു തന്റെ ജീവിതത്തിലെ വലിയ ഒരു ഭാഗ്യമായി ഉസ്താദ് സ്മരിക്കാറുണ്ടായിരുന്നു. ശേഷം ചന്തിരൂർ അബ്ദുൽകരീം മുസ്ല്യാരുടെ കീഴിൽ ഓത്തു തുടർന്നു. പിന്നീടു കുട്ടി ഹസൻ മുസ്ല്യാരുടെ കീഴിലായി രണ്ടു കൊല്ലം ആറാട്ടുപ്പുഴയിലെ ദർസിലും പഠനം നടത്തി. 

പിന്നീടു നേരെ പോയതു തലക്കടത്തൂരിലേക്കായിരുന്നു. അവിടെ മഹാനായ സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് അൽഅസ്ഹരി (റഹിമഹുല്ലാഹ്) എന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ ദർസിൽ ചേർന്ന്, വലിയ വലിയ കിതാബുകൾ ഓതി. രണ്ടു കൊല്ലം നീണ്ട ഗൗരവതരമായ പഠനത്തിനു ശേഷം ബർദലി ഉസ്താദിനെയും സഹപാഠികളെയും ബാഖിയാത്തിലേക്കു പറഞ്ഞയച്ച്, സയ്യിദവർകൾ ഉപരിപഠനാർത്ഥം ഈജിപ്തിലേക്കു പോയി. 

ബാഖിയാത്തിൽ മൂന്നു കൊല്ലമാണ് ഉസ്താദ് പഠിച്ചത്. അന്ന് അവിടത്തെ പ്രിൻസിപ്പാൾ ശൈഖ് ആദം ഹസ്രത്തായിരുന്നു. ശൈഖ് ഹസൻ ഹസ്രത്ത്, ശൈഖ് അബൂബക്കർ ഹസ്രത്ത് എന്നിവർ മറ്റു പ്രധാന അധ്യാപകരും. ഈ കാലയളവിനുള്ളിൽ മഹാനായ ശൈഖ് ഹസൻ ഹസ്രത്തുമായി നല്ല പോലെ അടുക്കാനും അവിടുത്തെ വത്സലശിഷ്യനായി മാറാനും ഉസ്താദിനു സാധിച്ചു. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻപ്രസിഡണ്ട് അല്ലാമാഃ കാളമ്പാടി ഉസ്താദും (റഹിമഹുല്ലാഹ്) സമസ്താനയുടെ നിലവിലെ പ്രസിഡണ്ട് അല്ലാമാഃ എൻ. കെ. ഉസ്താദ് (ഹഫിളഹുല്ലാഹ്) ബാഖിയാത്തിൽ ബർദലിയുടെ സഹപാഠികളായിരുന്നു. 

മഹാനായ സീയം വലിയുല്ലാഹി (റഹിമഹുല്ലാഹ്) മുത്വവ്വൽ കോഴ്‌സിൽ ഉസ്താദിന്റെ സഹപാഠിയും ആത്മാർത്ഥ സുഹൃത്തുമായിരുന്നു. മുത്വവ്വലിലെ മറ്റാരോടും ഇല്ലാതിരുന്ന അടുപ്പമായിരുന്നു ഇരുവർക്കും പരസ്പരം. കോളേജിൽ നിന്നു വിരമിച്ചതിനു ശേഷവും, സീയം മൂപ്പരുടെ തെളിഞ്ഞ കാലം വരെ ആ സൗഹൃദം എഴുത്തുകുത്തുകളിലൂടെ ഇരുവരും നില നിർത്തി.

AD1960 -ലാണ് ഉസ്താദ് ബാഖിയാത്തിൽ നിന്നു ബിരുദം നേടി പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ ‹പാപ്പിനിശ്ശേരി റൗളത്തുൽ ജന്നഃ› ദർസിൽ രണ്ടാം മുദർരിസായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 

AD1961 -ൽ കാഞ്ഞിരപ്പള്ളിയിൽ ദർസ് ആരംഭിച്ചു, നീണ്ട പത്തൊൻപതു കൊല്ലത്തെ പ്രസ്തുത ദർസിനു ശേഷം ആലുവയിലെ കുഞ്ഞുണ്ണിക്കരയിലേക്കു മാറി. നാലു വർഷം അവിടെ ദർസു നടത്തിയതിനു കാഞ്ഞിരപ്പള്ളിക്കാരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും കാഞ്ഞിരപ്പള്ളിയിലെ ദർസ് ഏറ്റെടുക്കേണ്ടി വന്നു. മറ്റൊരു രണ്ടു വർഷം കൂടി കാഞ്ഞിരപ്പള്ളിയിൽ തുടർന്നതിനു ശേഷം, ശൈഖ് ഹസൻ ഹസ്രത്തിന്റെ കല്പന പ്രകാരം വാഴക്കുളം ജാമിഅഃ ഹസനിയ്യയിലേക്കു മാറി. 

AD1999, ഡിസംബറിൽ നടന്ന ബൈപാസ്സ്‌ സർജറിക്കു ശേഷം വാഴക്കുളത്തേക്കു മടങ്ങിയില്ല, പകരം അവിടുത്തെ സ്വന്തം സ്ഥാപനമായ ജാമിഅഃ റഹ്‌മാനിയ്യയിൽ മുദർരിസായും അതിന്റെ മുഖ്യകാര്യദർശിയായും മരണം വരെ തുടർന്നു. അല്ലാഹു മഹാനരുടെ സേവനങ്ങളെ സ്വീകരിക്കട്ടെ - ആമീൻ.

സനദുകൾ സമ്പാദിക്കുന്നതിലുള്ള മഹാനരുടെ ഔത്സുക്യത്തെ നേരത്തെ പരാമർശിച്ചുരുന്നുവല്ലോ? സയ്യിദ് മുഹമ്മദ് ബിൻ മുഹമ്മദ് അൽബുഖാരി അൽബുസ്താനി (നവ്വറല്ലാഹു മർഖദഹു) എന്ന തോപ്പിൽ കോയക്കുട്ടി തങ്ങളെ പോയി കാണാനും ആ സവിധത്തിൽ നിന്നു ശാഫിഈ മദ്ഹബിലുള്ള മുത്തസ്വിലായ സനദു നേടാനും ബർദലി ഉസ്താദിനെ പ്രേരിപ്പിച്ചതും സനദുകളോടും ഇജാസത്തുക്കളോടും ഉസ്താദിനുണ്ടായിരുന്ന അടങ്ങാത്ത ദാഹം തന്നെ.                 

ചാവക്കാട് കടപ്പുറം ബുഖാറയിലെ സാദാത്തീങ്ങളിൽ പെട്ട, ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനഗുരുവായിരുന്നു തങ്ങൾ. ഹിജ്‌റഃ 1300-ൽ ജനിച്ച തങ്ങളുടെ പിതാവിന്റെ പേരും മുഹമ്മദ് എന്നായിരുന്നു. പിതാവിനെക്കൂടാതെ ‹ഇമാമുസ്സാഹിലി› എന്നറിയപ്പെടുന്ന മഹാനായ സയ്യിദ് ഹാമിദ് വലിയ കോയമ്മ തങ്ങൾ (മരണം ഹിജ്‌റ:1352), പാടൂർ സയ്യിദ് ഫഖ്‌റുദ്ധീൻ കോയക്കുട്ടി തങ്ങളുടെ മകനായ സയ്യിദ് മുഹമ്മദ് ഈസാ തങ്ങൾ (മരണം ഹിജ്‌റ: ) തുടങ്ങിയ മഹാഹസ്തികളുടെ ശിഷ്യനാകാൻ ഭാഗ്യം സിദ്ധിച്ച തങ്ങളവർകൾ നീണ്ട നാൽപതു വർഷം ചാവക്കാട് കടപ്പുറം പള്ളിയിൽ മുദർരിസായിരുന്നു.

നടേ പറഞ്ഞവരെ കൂടാതെ പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്ല്യാരും കോയക്കുട്ടി തങ്ങളുടെ ആത്മീയ ഗുരുക്കളിൽ പ്രധാനിയാണ്. മുസ്നിദ് മലൈബാർ അല്ലാമാഃ അഹ്‌മദ്‌ കോയശ്ശാലിയാത്തിയുടെ സമകാലികനും സുഹൃത്തുമായിരുന്നു ബഹുമാനപ്പെട്ട കോയക്കുട്ടി തങ്ങൾ.

ശൈഖുൽമശായിഖ് എന്ന വിളിപ്പേരിന് അർഹനും നാലു മദ്ഹബുകളിലും ഫത്‍വ നൽകാൻ യോഗ്യനുമായിരുന്ന അസ്സയ്യിദ് മഹ്‌മൂദ്‌ ഹിബത്തുല്ലാഹിൽബുഖാരി (നവ്വറല്ലാഹു മർഖദഹു) പ്രധാനമായും ഓതിയതു സ്വപിതാവിൽ നിന്നും പിന്നെ ഇപ്പറഞ്ഞ കോയക്കുട്ടി തങ്ങളിൽ നിന്നുമായിരുന്നു.

ഇസ്ലാമിക ലോകത്തിനു നിരവധി രചനകൾ സമ്മാനിച്ച മഹാനവർകളുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണു ‹തശവ്വുഫുൽ അസ്മാഅ്› എന്ന രിസാലഃ. സംഗീതം, നൃത്തം, ദഫ് മുട്ട് തുടങ്ങിയവയുടെ ആധികാരിക വിധി പറയുന്ന പ്രസ്തുത കൃതിയിൽ രിഫാഈ റാതീബുകാരുടെ വെട്ടും കുത്തുമൊക്കെ പരാമർശിക്കുന്നതോടൊപ്പം തവസ്സുൽ, ഇസ്തിഗാസഃ എന്നിവയൊക്കെ ചർച്ചാ വിഷയമാകുന്നുണ്ട്.

ഖാദിരിയ്യഃ ത്വരീഖത്തിന്റെ ശൈഖും ശാഫിഈ മദ്ഹബിലെ മുഫ്തിയുമായിരുന്ന തോപ്പിൽ കോയക്കുട്ടി തങ്ങൾ ഫഖീഹായ സൂഫിയും സൂഫിയായ ഫഖീഹുമായിരുന്നു. അല്ലാമാഃ ശാലിയാത്തിയുമായി നടത്തിയിരുന്ന മിക്ക എഴുത്തുകുത്തുകളും മസ്അലാപരമായിരുന്നു. (ഈ തങ്ങളിൽ നിന്നാണു മഹാനായ അസ്സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് അൽഅസ്ഹരി തങ്ങളും നമ്മുടെ അഭിവന്ദ്യ ഗുരു ശൈഖുനാ അലിക്കുഞ്ഞി ഉസ്താദും (ഷിറിയ) ഖാദിരിയ്യഃ ത്വരീഖത്തു സ്വീകരിച്ചത്)           

ബഹുമാനപ്പെട്ട ബർദലി ഉസ്താദ്, മഹാനായ കോയക്കുട്ടി തങ്ങളെ നേരിൽ കണ്ട്, മഹല്ലിയിൽ നിന്നു കുറച്ചു ഭാഗം അവിടുത്തെ ഓതി കേൾപ്പിച്ചതിനു ശേഷം ശാഫിഈ ഫിഖ്ഹിൽ ഇജാസത്തു നേടി.

തങ്ങളിൽ നിന്ന് ഇജാസത്തു കിട്ടൽ അത്ര എളുപ്പമുള്ള സംഗതിയല്ല എന്നാണു മഹാനരെക്കുറിച്ചു പഠിക്കുമ്പോൾ മനസ്സിലാകുന്നത്. വല്ലാത്ത ഗൗരവ പ്രകൃതിയും ഇജാസതിന്റെ വിഷയത്തിൽ അങ്ങേയറ്റം കണിശത പുലർത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു മഹാനായ തങ്ങൾ.

മഹാനായ തങ്ങൾക്കു ശാഫിഈ ഫിഖ്ഹിലെ ഇജാസത്തും സനദും മുഖ്യമായും ലഭിച്ചത് അവിടുത്തെ പ്രധാന ഗുരുവര്യനായിരുന്ന സയ്യിദ് മുഹമ്മദ് ഈസ ബിൻ മുഹമ്മദ് ഫഖ്‌റുദ്ധീൻ അൽബുഖാരി തങ്ങളിൽ നിന്നാണ്. അദ്ദേഹത്തിനു മക്കയിലെ അല്ലാമാഃ അഹ്‌മദ്‌ സൈനി ദഹ്‌ലൻ തങ്ങളിൽ (മരണം ഹിജ്‌റ:1304) നിന്നും. സയ്യിദ് ദഹ്‌ലാൻ തങ്ങളുടെ ശാഫിഈ ഫിഖ്ഹിലുള്ള സനദു പ്രശസ്തമാണ്.

ഫത്ഹുൽ മുഈനിന്റെ ഹാശിയഃ രചിച്ച സയ്യിദ് ബകരി (മരണം ഹിജ്‌റ:1310), വിശ്രുത തുഹ്ഫയുടെ ഹാശിയഃ രചിച്ച അല്ലാമാഃ അബ്ദുൽഹമീദ് ശർവാനിയുടെ (മരണം ഹിജ്‌റ: 1301) പ്രധാന ശിഷ്യനായ അല്ലാമാഃ മുഹമ്മദ് ഹസ്ബുല്ലാഹിൽ മക്കി (മരണം ഹിജ്‌റ: 1335) തുടങ്ങിയവരുടെ ശിഷ്യത്വം നേടാനും അവരിൽ നിന്നെല്ലാം ഇജാസത്തു സമ്പാദിക്കാനും മഹാനായ സയ്യിദ് മുഹമ്മദ് ഈസാ തങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഇവരെല്ലാം അവരുടെ കാലത്തെ ശാഫിഈ ഫിഖ്ഹിലെ കുലപതികളായിരുന്നു.

ഇജാസത്തു കൊടുക്കുന്നതിനു മുന്നേ ആളെ നന്നായി പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ കോയക്കുട്ടി തങ്ങൾ ഇജാസത്തു കൊടുക്കാറുണ്ടായിരുന്നുള്ളൂ. തന്നിലേക്കു സനദു ചേർത്തു കൊണ്ടു ശാഫിഈ ഫിഖ്ഹ് രിവായത്തു ചെയ്യാൻ മഹാനായ കോയക്കുട്ടി തങ്ങൾ അല്ലാമാഃ ബർദലിയ്ക്കു സമ്മതം നൽകി. ബഹുമാനപ്പെട്ട ബർദലി ഉസ്താദിന്റെ മരണത്തോടെ, ശാഫിഈ ഫിഖ്ഹിൽ കോയക്കുട്ടി തങ്ങളിൽ നിന്നു നേരിൽ ഇജാസത്തു മേടിച്ച ആരും ഭൂമുഖത്ത് ഇല്ലാതായി - ഇന്നാ ലില്ലാഹ്!

ബർദലി ഉസ്താദിന്റെ വിയോഗത്തോടെ കേരളക്കരയ്ക്കു നഷ്‌ടമായ മറ്റൊന്നു കൂടിയുണ്ട്. അൽഅവാഇലുസ്സുമ്പുലിയ്യയുടെ സനദ്! മക്കത്ത് ജീവിച്ചിരുന്ന, മുസ്നിദുൽഅസ്ർ എന്നു ഖ്യാതി കേട്ട മഹാമുഹദ്ദിസ്, അശ്ശൈഖ് മുഹമ്മദ് യാസീൻ അൽഫാദാനിയുടെ ഹള്റത്തിൽ ഇരുന്ന് ‹അൽഅവാഇലുസ്സുമ്പുലിയ്യഃ› തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും ഓതി സമ്മതം മേടിച്ച ഒരു അപൂർവ്വ വ്യക്തിത്വമായിരുന്നു അവിടുന്ന്‌. 

ശൈഖ് ഫാദാനിയിൽ നിന്ന് ഇജാസത്തും സനദുമുള്ളവർ വേറെയുമുണ്ട്. അതിൽ പ്രധാനിയാണു ‹ശൈഖുനാ കാന്തപുരം ഉസ്താദ്› (ഹഫിളഹുല്ലാഹ്). എന്നാൽ അൽഅവാഇലുസ്സുമ്പുലിയ്യഃ തീർത്തും ഓതിയ ഒരാളായി ബർദലി ഉസ്താദല്ലാതെ വേറൊരാളും നമ്മുടെ അറിവിലില്ല.

(അൽഅവാഇലുസ്സുമ്പുലിയ്യയുടെ പ്രത്യേകതകളും അതോതുന്നതു കൊണ്ടുള്ള നേട്ടങ്ങളുമെല്ലാം വിവരിച്ചു വിനീതന്റെ ഒരു കുറിപ്പുണ്ട്, കൂടുതൽ അറിയാൻ അതു നോക്കുക) 

ശൈഖ് ഫാദാനിയിൽ നിന്ന് അൽഅവാഇലുസ്സുമ്പുലിയ്യയുടെ ഇജാസത്തു മാത്രമല്ല, ശൈഖവർകളുടെ പക്കലുള്ള മുഴുവൻ ഇജാസത്തുകളും സനദുകളും ബർദലി ഉസ്താദിനു നൽകുകയുണ്ടായി. ‹ഹദീസുർറഹ്‌മഃ› ഉൾപ്പെടെയുള്ള നിരവധി മുസൽസലാത്തുകളും ശൈഖവർകളിൽ നിന്ന് ഉസ്താദു സ്വീകരിച്ചു. വാമൊഴിയായ സമ്മതത്തിനു പുറമെ അതെല്ലാം എഴുതി, തന്റെ സീലും ഒപ്പും ചാർത്തി ഉസ്താദിനു ശൈഖവർകൾ നൽകുകയും ചെയ്തു.    

വിനീതന്റെ നിരന്തരമുള്ള അപേക്ഷ മാനിച്ച് ഉസ്താദവർകൾ ഒരിക്കൽ ജാമിഅഃ റഹ്‌മാനിയ്യയിൽ ഒരു സനദു ദാന സദസ്സ് സംഘടിപ്പിക്കുകയുണ്ടായി. സംഘടനാ പക്ഷപാതിത്വങ്ങളുടെ പേരിലോ വിഭാഗീയതയുടെ പേരിലോ മറ്റഭിപ്രായാന്തരങ്ങളുടെ പേരിലോ അകന്നു നിൽക്കാതെ, കേരളത്തിന്റെ പല ഭാഗത്തു നിന്നും ജ്ഞാനകുതുകികളും സനദുതല്പരരുമായ ധാരാളം പേർ പ്രസ്തുത സദസ്സിൽ പങ്കെടുത്തു, പ്രസ്തുത സദസ്സിൽ വെച്ച് ‹അൽഅവാഇലുസ്സുമ്പുലിയ്യഃ› പൂർണ്ണമായും ഓതുകയും പങ്കെടുത്ത ഇല്മിൻറെ അഹ്ലുകാർക്കു മുഴുവൻ മുസൽസലത്തുൾപ്പെടെ ശൈഖ് യാസീൻ ഫാദാനിയിൽ നിന്നു ലഭിച്ച മുഴുവൻ ഇജാസത്തുകളും ഉസ്താദു കൊടുക്കുകയുണ്ടായി. 

ഇല്മിയ്യായ സനദുകൾ സ്വീകരിച്ചു. അതു വഴി ശൈഖ് ഫാദാനിയുടെ സനദുകൾക്കു സജീവത നൽകാനും കേരളത്തിൽ അതിന്റെ വാഹകരെ ധാരാളമായി ഉരുവപ്പെടുത്താനും ഇജാസത്തു നൽകുക വഴി ധാരാളം അഹ്ലുൽ ഇല്മിന്റെ ഗുരുസ്ഥാനീയനാവാനും അവരുടെ ദുആകളുടെ ഒരോഹരിയ്ക്ക് അർഹനാകാനും ഉസ്താദിനു സാധിച്ചു. മാത്രമല്ല, ഇത്തരം ഇജാസത്തിന്റെ സദസ്സുകൾ ഒരുക്കാൻ മറ്റു പലർക്കും ജാമിഅഃ റഹ്‌മാനിയ്യയിൽ സംഘടിപ്പിച്ച പ്രസ്തുത സദസ്സൊരു പ്രചോദനമായി വർത്തിക്കുകയും ചെയ്തു - അൽഹംദു ലില്ലാഹ്!

സത്യത്തിൽ ബർദലി ഉസ്താദ്, ശൈഖ് ഫാദാനിയുടെ മാതൃക പിന്തുടരുകയാണു ചെയ്തത്. ഇല്മിന്റെയും സനദുകളുടെയും പ്രചരണം മാത്രമായിരുന്നുവല്ലോ ശൈഖ് ഫാദാനിയുടെ ദൗത്യവും കർമ്മവും. ശൈഖവർകൾ ഏൽപ്പിച്ച അമാനത്ത് കേരളത്തിലെ അഹ്ലുൽ ഇല്മിന് ഏൽപ്പിച്ച് ഉസ്താദവർകൾ യാത്രയായി. അല്ലാഹു ബർദലി ഉസ്താദിനു മുന്തിയ ജസാ നൽകട്ടെ - ആമീൻ. 

സ്വാലിഹീങ്ങളെ പറയുന്നതു ബറകത്തിനും റഹ്‌മത്തിനും കാരണമാകുമെന്നതിനാൽ, ബർദലി ഉസ്താദിന്റെ അൽഅവാഇലുസ്സുമ്പുലിയ്യയുടെ സനദ് ഇവിടെ എടുത്തെഴുതാം:-

അല്ലാമാഃ ബർദലി പ്രസ്തുത ഗ്രന്ഥം ആദ്യാവസാനം അവിടുത്തെ ശൈഖും തന്റെ കാലഘട്ടത്തിന്റെ മുസ്നിദുമായിരുന്ന അല്ലാമാഃ മുഹമ്മദ് യാസീൻ അൽഫാദാനി അൽമക്കി (മരണം ഹിജ്‌റ:1410) എന്നവരിൽ നിന്ന് ഓതി. 

അദ്ദേഹം തന്റെ പ്രധാന ശൈഖും മദീനയിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനുമായിരുന്ന അല്ലാമാഃ ഉമർ ബിൻ ഹംദാൻ അൽമഹ്റസിയിൽ (മരണം ഹിജ്‌റ:1368) നിന്നും അദ്ദേഹം മദീനയിൽ തന്നെ വസിച്ചിരുന്ന വലിയൊരു മുസ്നിദായ ശൈഖ് ഫാലിഹ് ബിൻ മുഹമ്മദ് അസ്സാഹിരിയിൽ (മരണം ഹിജ്‌റ:1328) നിന്നും അദ്ദേഹം ലോകപ്രശസ്തനായ അല്ലാമാഃ മുഹമ്മദ് ബിൻ അലി അസ്സനൂസിയിൽ (മരണം ഹിജ്‌റ:1276) നിന്നും അദ്ദേഹം മക്കയിലുണ്ടായിരുന്ന അല്ലാമാഃ ഉമർ ബിൻ അബ്ദുൽകരീം അൽഅത്ത്വാറിൽ (മരണം ഹിജ്‌റ:1247) നിന്നും അദ്ദേഹം അല്ലാമാഃ സ്വാലിഹ് ബിൻ മുഹമ്മദ് ഫുല്ലാനിയിൽ (മരണം ഹിജ്‌റ:1218) നിന്നും അദ്ദേഹം മദീനയിലെ അല്ലാമാഃ മുഹമ്മദ് സഈദ് സഫറിൽ (മരണം ഹിജ്‌റ:1194) നിന്നും അദ്ദേഹം മക്കത്തെ വിശ്രുത പണ്ഡിതനും മുഹദ്ദിസുമായിരുന്ന ഇമാം മുഹമ്മദ് സഈദ് സുമ്പുൽ (മരണം ഹിജ്‌റ:1175) എന്നവരിൽ നിന്ന്, അതായത് അൽഅവാഇലുസ്സുമ്പുലിയ്യയുടെ രചയിതാവിൽ നിന്നു തന്നെ നേരിട്ടോതി. 

ഇമാം സുമ്പുലിന്റെ സനദുകൾ, അഥവാ അവിടുത്തെ കിതാബിൽ അവിടുന്ന് ഉദ്ധരിച്ചിട്ടുളള നാല്പതിലധികം കിതാബുകളിലേക്കുളള (അവയുടെ രചയിതാക്കളിലേക്കുളള) സനദുകൾ അറിയപ്പെട്ടതും രേഖപ്പെടുത്തപ്പെട്ടതുമാണ്. അൽഹംദു ലില്ലാഹ്! 

ബർദലി ഉസ്താദിൽ എന്നെ ആകർഷിച്ച ഒരു സ്വഭാവഗുണം, അവിടുന്ന് ആരെയും കുറ്റം പറയുകയോ കുറവ് എടുത്തു പറയുകയോ ചെയ്യാറില്ല എന്നതാണ്. 

ഒരു പണ്ഡിതനെയും, അയാൾ ജീവിച്ചിരിക്കുന്നവനായാലും ശരി, മരണപ്പെട്ടവനായാലും ശരി, ഏതു സംഘടനയിലും സമസ്തയിലും പ്രവർത്തിക്കുന്നവനായാലും ശരി, അവിടുന്ന് ആരെയും കുറ്റം പറയുന്നതു ഞാൻ കേട്ടിട്ടില്ല. സംസാരമധ്യേ ഏതെങ്കിലും വ്യക്തിയെ പറ്റി ചർച്ചയോ മറ്റോ വന്നാൽ 'അതു നമുക്കു വിടാം' എന്നു പറഞ്ഞു പ്രസ്തുത ചർച്ച അങ്ങവസാനിപ്പിക്കും. 

പഴയകാല പ്രാസ്ഥാനിക വിശേഷങ്ങൾ, സംവാദങ്ങൾ, ചർച്ചകൾ, പിളർപ്പ് തുടങ്ങി വിഷയം എന്തു തന്നെയായിരുന്നാലും അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ കുറ്റമോ കുറവോ അവിടുന്നു പറയാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതിലും നല്ലത് അത്തരം ചർച്ചകൾ തന്നെ ഒഴിവാക്കാം എന്നതായിരുന്നു അവിടുത്തെ നിലപാട്. 

ഇരുസമസ്തകളിലെയും സമസ്താനയിലെയും ഇന്നു ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരുമായും അവരുടെ മുൻഗാമികളിൽ പലരുമായും ഉസ്താദിനു നല്ല ഹൃദയബന്ധമുണ്ടായിരുന്നു. 

ശൈഖുനാ കാന്തപുരം ഉസ്താദിനോടു വലിയ മതിപ്പായിരുന്നു. പണ്ടു ചില വേദികൾ പങ്കിട്ട വിവരങ്ങളൊക്കെ പലപ്പോഴും ഓർത്തോർത്തു പറയുമായിരുന്നു. സമസ്താനയുടെ നജീബ് ഉസ്താദിനെയും സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളെയും അവിടുന്നു സ്നേഹിക്കുകയും തന്റെ സ്ഥാപനത്തിൽ നടക്കാറുള്ള ചടങ്ങുകളിലേക്കു ‹നജീബ് ഉസ്താദ്› (ഹഫിളഹുല്ലാഹ്) ഉൾപ്പെടെയുള്ള പലരെയും പതിവായി ക്ഷണിക്കുകയും ചെയ്യാറുണ്ടായിരുന്നു. 

അവിടുന്നു സ്നേഹിക്കുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരു പണ്ഡിതനാണ്, അല്ലാമാഃ മമ്മിക്കുട്ടി ഹസ്രത്ത് (ഹഫിളഹുല്ലാഹ്), അതിരാംപട്ടണം റഹ്‌മാനിയ്യയുടെ പ്രിൻസിപ്പാൾ. ഗാഢമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന ബന്ധം. 

അസ്ഹരി തങ്ങളുടെ ജാമാതാവും മലപ്പുറം ഖാസിയുമായ അസ്സയ്യിദ് ഓ. പി.യം. മുത്തുക്കോയ തങ്ങളുമായുള്ള ഉസ്താദിന്റെ ബന്ധവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. സിഹ്റു കൊണ്ടും മറ്റും പരീക്ഷിക്കപ്പെട്ട് അവിടുത്തെ സന്നിധിയിൽ വന്നു പരാതി പറയുന്നവരിൽ പലരെയും തങ്ങളുടെ അടുത്തേക്ക് ഉസ്താദ് അയക്കാറുണ്ടായിരുന്നു.  

ഒന്നാന്തരമൊരു അതിഥി സൽക്കാരപ്രിയൻ കൂടിയായിരുന്നു ബർദലി ഉസ്താദ്. അവിടുത്തെ വീടിന് അവിടുന്നു പേരു വെച്ചതു തന്നെ ദാറുൽകറം എന്നായിരുന്നു. എത്ര തിരക്കിലാണെങ്കിലും ഒരു ഗ്ലാസ് ചായയെങ്കിലും കുടിക്കാതെ ഇന്നോളം അവിടുന്ന് എന്നെ പോകാൻ അനുവദിച്ചിട്ടില്ല. മുൻകൂട്ടി അറിയിച്ചു വരുന്നതായിരുന്നു ഉസ്താദിന് എപ്പോഴും ഇഷ്ടം, അതു മറ്റൊന്നും കൊണ്ടല്ല, അതിഥികൾക്കു വേണ്ടതെല്ലാം ഒരുക്കി കാത്തിരിക്കാൻ അവിടുത്തേക്ക് അത്ര മേൽ ഇഷ്ടമായിരുന്നു.           

ഹിജ്‌റഃ 1440, റബീഉൽ ആഖിർ: 26 (02-01-2019) ബുധനാഴ്ച്ച, രാവിലെ ഏകദേശം പത്തുമണിയോടടുത്ത സമയം, ബഹുമാനപ്പെട്ട ബർദലി ഉസ്താദ് അല്ലാഹുവിന്റെ വിളിയ്ക്കുത്തരം നൽകി. അവിടുത്തെ ആത്മാവ് ഇല്ലിയ്യീനിലേക്കു പറന്നുയരുമ്പോൾ ചുറ്റിനും കൂടി നിന്ന അവിടുത്തെ മുഹിബ്ബീങ്ങൾ ഇമാം ബൂസൂരി റഹിമഹുല്ലാഹിയുടെ അതിപ്രശസ്തമായ ‹ബുർദഃ ശരീഫഃ› ചൊല്ലുകയായിരുന്നു. അതു കേട്ടു കൊണ്ടാണ് അവിടുന്നു ദേഹം വെടിഞ്ഞത്. 

വിനീതന്റെ നിരവധി മശായിഖ് വിട പറഞ്ഞ മാസമാണു റബീഉൽ ആഖിർ. എല്ലാവർക്കും അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകട്ടെ - ആമീൻ. മുഴുവൻ പേരുടെയും ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ - ആമീൻ. നാളെ, സ്വർഗത്തിൽ ഹബീബായ നബി തങ്ങളോടൊപ്പം അവരെയും നമ്മെയും നമ്മോടു ബന്ധപ്പെട്ടവരെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ - ആമീൻ.  

നന്നായി എൺപത്തിയാറോളം കൊല്ലം ജീവിച്ച ഒരു പണ്ഡിതന്റെ സംഭവ ബഹുലമായ ജീവിതം ഏതാനും വരികളിൽ കോറിയിടൽ എളുപ്പമല്ല. ഇൻശാ അല്ലാഹ്! അവിടുത്തെ ശിഷ്യഗണങ്ങളോ സ്ഥാപനമോ അവിടുത്തെ ജീവിതത്തെ ഒരു ചെറിയ ശതമാനമെങ്കിലും അനാവരണം ചെയ്യുന്ന ഒരു സ്മരണികയോ മറ്റോ പുറത്തിറക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. 

AD1961 - ൽ ചെയ്ത ആദ്യ വിവാഹത്തിലെ ഭാര്യ എട്ടാം വർഷം മരിച്ചപ്പോൾ ഉസ്താദ് മറ്റൊരു വിവാഹം ചെയ്തു, ആ ദാമ്പത്യം നാല്പത്തിയാറു വർഷം നീണ്ടു നിന്നു. അതിൽ ഉസ്താദിന് അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളുമുണ്ടായി. ആദ്യ ഭാര്യയിൽ ഉണ്ടായ രണ്ടു പെൺകുട്ടികൾക്കു പുറമെയാണിത്. 2014 ആഗസ്ററ് അഞ്ചാം തീയതി രണ്ടാം ഭാര്യ മരണപ്പെട്ടു. ശേഷം ഉസ്താദ് വീണ്ടുമൊരു വിവാഹം ചെയ്തു. അവരെപ്പിരിഞ്ഞാണ് ഉസ്താദ് ഈ ലോകത്തു നിന്നു യാത്രയായത്. ഉസ്താദിന്റെ മക്കളെല്ലാവരും വിവാഹിതരും അവർക്കു സന്താനങ്ങളുമുണ്ട്. 

ഉസ്താദിന്റെ സന്താനപരമ്പര ഖിയാമത്തോളം നിലനിൽക്കട്ടെ - ആമീൻ. ഉസ്താദിനെയും ഉസ്താദിന്റെ മശായിഖിനെയും നല്ല നിലയിൽ ഓർമ്മപ്പെടുത്തുന്ന, അവർ സഞ്ചരിച്ച പാതയിൽ സഞ്ചരിക്കുന്ന, അവരുടെ ആശയവും ആദർശവും ഉയർത്തിപ്പിടിക്കുന്ന, നല്ലവരായി അവരെയും നമ്മെയും അല്ലാഹു ജീവിപ്പിക്കട്ടെ - ആമീൻ.

അവസാനിപ്പിക്കും മുമ്പ് ഏതാനും ചില കാര്യങ്ങൾ കൂടി പറയട്ടെ, ഈ ഓർമക്കുറിപ്പിനോടനുബന്ധമായി തന്നെ അവ പറയണോ വേണ്ടയോ എന്നു പലവുരു ചിന്തിച്ചതിനു ശേഷമാണ്, അവ ചേർക്കാം എന്ന തീരുമാനത്തിൽ ഞാൻ എത്തിയത്. കാരണം ബർദലി ഉസ്താദിന്റെ മരണാനന്തരം അവിടുത്തെ ആക്ഷേപിച്ചു കൊണ്ടു ചില അല്പജ്ഞർ ഉന്നയിച്ച ആരോപണങ്ങൾ കേട്ട് ആശയക്കുഴപ്പത്തിലായ ആരെങ്കിലും എന്റെ വായനക്കാരുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവർക്കു വേണ്ടി, ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ സംഗ്രഹിച്ചാണെങ്കിലും എഴുതൽ നല്ലതാണെന്നു തോന്നി.          

ആക്ഷേപങ്ങളുടെയൊക്കെ പൊതുസ്വഭാവം ബർദലി ഉസ്താദ് സുന്നീ വൃത്തത്തിൽ നിന്നു പുറത്താണ് എന്നു സ്ഥാപിക്കലാണ്. പണ്ഡിതവേഷധാരിയും പണ്ഡിതനെ പോലെ അഭിനയിക്കുന്നവനും പണ്ഡിതർക്കു വേണ്ടിയെന്ന മട്ടിൽ തള്ളുന്നവനും തുള്ളുന്നവനും എല്ലാം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ഒരേ കാര്യമാണ്, ബർദലി ഉസ്താദ് സുന്നിയല്ല, മുബ്‌ദതിഅ് ആണ്. 

ഈ ആക്ഷേപം പലപ്പോഴും തന്റെ ഹയാത്തു കാലത്ത് അവിടുന്നും കേട്ടിട്ടുണ്ട്, പക്ഷെ ഒരിക്കലും പ്രതികരിച്ചിരുന്നില്ല, മറുപടി പലപ്പോഴും മന്ദസ്മിതത്തിൽ ഒതുക്കുമായിരുന്നു. ആക്ഷേപകരോട് അവിടുന്നു തന്നെ സ്വീകരിച്ച നിലപാട് ഇങ്ങനെയൊന്ന് ആയതിനാൽ, അവിടുത്തെ ശൈലി വിട്ടു മറ്റൊന്നു സ്വീകരിക്കാൻ ഇയ്യുള്ളവനും ആഗ്രഹിക്കുന്നില്ല. 

ആക്ഷേപകർ ആക്ഷേപിച്ചു കൊണ്ടേയിരിക്കും. അവരുടെ വാ മൂടിക്കെട്ടാൻ നമുക്കാവില്ല. സങ്കുചിതത്തിന്റെയും സംഘടനാ പക്ഷപാതിത്വത്തിന്റെയും പേരിൽ മാത്രം ആക്ഷേപം ഉന്നയിക്കുന്നവരുടെ വായിൽ മണ്ണു വന്നു നിറയുന്നതു വരെ അവർ അപ്പണി നിർത്തുകയില്ല. ഇൽമും നീതിബോധവും ഉള്ളവർക്കു മാത്രമേ ഇനിയുള്ള വിശദീകരണം ഉപകരിക്കുകയുള്ളൂ എന്നു മുഖവുരയോടെ ഉസ്താദിന്റെ മേൽ ആരോപിക്കാറുള്ള ചില കാര്യങ്ങൾ താഴെ വിവരിക്കുന്നു.    

#ഒന്ന്: ഉസ്താദ് തബ്ലീഗ് ജമാഅത്തുകാരനാണ്. 

ഇതാണു പ്രധാനമായും അവർ ഉന്നയിക്കാറുള്ള ഒരാക്ഷേപം. ഇതിനുള്ള ഉത്തരം ഈ കുറിപ്പു മൊത്തത്തിൽ ഉൾക്കൊള്ളുന്നുണ്ട്. ഉസ്താദിന്റെ ജീവിതം നേരിൽ കണ്ട /അനുഭവിച്ച ഏതൊരാളും ഈ ആക്ഷേപം നിഷേധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. 

എന്നാൽ മറ്റൊന്നുണ്ട്, അശ്അരി, മാതുരീദീ അഖീദകളിൽ ഒന്ന് ഉൾക്കൊള്ളുകയും ശാഫിഈ, ഹനഫി, മാലികി, ഹമ്പലി എന്നീ നാലാലൊരു മദ്ഹബ് സ്വീകരിക്കുകയും ചെയ്തു ജീവിക്കുന്ന ഒരാളെയാണു തബ്ലീഗ് ജമാഅത്തുകാരൻ എന്നു വിളിക്കുക എന്നാണെങ്കിൽ ബർദലി ഉസ്താദിനെയും അങ്ങനെ വിളിക്കാം. 

#രണ്ട്: ബർദലി ഉസ്താദ് ദയൂബന്ദി പണ്ഡിതനാണ്.

മഹാനരെക്കുറിച്ച് ഒട്ടും വിവരമില്ലാത്ത ചിലരുടെ ആരോപണമാണിത്. അവരുടെ ധാരണ ബർദലി ഉസ്താദ് ദയൂബന്ദ് ദാറുൽ ഉലൂമിന്റെ സന്തതിയും ‹ഖാസിമി› ബിരുദധാരിയുമാണെന്നാണ്. ഇതു ശരിയല്ലെന്ന് ഈ കുറിപ്പു വായിച്ചവർ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ? അദ്ദേഹം ആദ്യകാല ബാഖവികളിൽ പെട്ട പണ്ഡിതനാണ്. 

അശ്ശൈഖ് ആദം ഹസ്രത്ത് പ്രിൻസിപ്പാൾ ആയിരിക്കുന്ന കാലത്താണ് അദ്ദേഹം ബാഖിയാത്തിൽ പഠിക്കുന്നതും ബിരുദം നേടുന്നതും. അശ്ശൈഖ് ആദം ഹസ്രത്ത് ഒപ്പു വെച്ച സർട്ടിഫിക്കറ്റാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. തെക്കൻ ജില്ലകളിൽ നിന്ന് ആരും ബാഖിയാത്തിൽ പോകാൻ താല്പര്യം കാണിക്കാതിരുന്ന ഒരു കാലത്താണ് ഉസ്താദ് അങ്ങോട്ട് ഉപരിപഠനത്തിനായി പോകുന്നത്.  

എന്നാൽ അദ്ദേഹം ദാറുൽ ഉലൂമിൽ പോയിട്ടുണ്ട്, മുതഅല്ലിം ആയല്ല, മറിച്ചു കേരളത്തിൽ ദയൂബന്ദി ഉലമാക്കളെ സംബന്ധിച്ച് ആക്ഷേപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്റെ നിജസ്ഥിതി അറിയാനും പഠിക്കാനുമായി അദ്ദേഹം ദാറുൽ ഉലൂമിൽ പോവുകയുണ്ടായി. 

ദയൂബന്ദി ഉലമാക്കളാരും തന്നെ അദ്ദേഹത്തിന്റെ നേരെ ഗുരുനാഥന്മാരല്ല, എന്തിനധികം പറയണം? അശ്ശൈഖ് മുഹമ്മദ് സകരിയ്യഃ കാണ്ഡലവിയെ നേരിൽ കണ്ടിട്ടു പോലും അദ്ദേഹത്തിൽ നിന്ന് ഇജാസത്തു സ്വീകരിക്കാതെ തിരിച്ചു പോന്ന വ്യക്തിയാണ് ഉസ്താദ്.

തന്റെ ശിഷ്യരെ മുഴുവൻ ദാറുൽ ഉലൂമിലേക്കു പറഞ്ഞയക്കുന്നു എന്നും അദ്ദേഹത്തെ പറ്റി ചിലർ ആക്ഷേപിക്കാറുണ്ട്. അതും വാസ്തവവിരുദ്ധമാണ്. അതിനു തെളിവ് അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും മറ്റിഷ്ടജനങ്ങളുമൊക്കെ തന്നെ. എല്ലാവരും ബാഖവികളാണ്, ഖാസിമികളല്ല. 

ഇതിനർത്ഥം അദ്ദേഹത്തിന്റെ ശിഷ്യരിൽ നിന്നാരും ഖാസിമികളായിട്ടില്ലെന്നല്ല. ഉണ്ടാകാം, പക്ഷെ അദ്ദേഹം പ്രഥമ പരിഗണ നൽകിയിരുന്നതു ബാഖിയാത്തിനായിരുന്നു. അത്രമേൽ ആത്മബന്ധമായിരുന്നു ആ സ്ഥാപനത്തിനോടും അവിടുത്തെ ഉസ്താദുമാരോടും അവിടുത്തേക്ക്. ബാനീ ഹസ്രത്തിനെ അവിടുന്നു വല്ലാതെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഉമ്മുൽ മദാരിസ് എന്നറിയപ്പെടുന്ന ബാഖിയാത്തിൻറെ നൂറ്റി അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ, കേരളത്തിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായിരുന്നു ഉസ്താദവർകളും.         

#മൂന്ന്: ബർദലി ഉസ്താദ് മുബ്തദിആണ് 

കേവലം ആക്ഷേപം ഉന്നയിക്കുന്നതിലുപരി അദ്ദേഹത്തിലുള്ള ബിദ്അത്ത് എന്താണെന്ന് ഈ ആക്ഷേപകരാരും ഇന്നു വരെ പറഞ്ഞിട്ടില്ല. അശ്അരി അഖീദയും ശാഫിഈ മദ്ഹബും പിൻപറ്റി ജീവിക്കുന്ന, തന്റെ ഉസ്താദുമാരുൾപ്പെടെയുള്ള സ്വാലിഹീങ്ങളുടെ ഖബ്‌റുകൾ സന്ദർശിക്കുകയും അവരെയും അവരുടെയും നമ്മുടെയും നേതാവായ ഹബീബായ നബിതങ്ങളെ തവസ്സുലാക്കുകയും അവരിൽ നിന്നു മദദ് തേടുകയും ചെയ്യുന്ന, മരണക്കിടക്കയിൽ ആയിരിക്കുമ്പോൾ പോലും ബദ്രീങ്ങളുടെ അസ്മാ ഉരുവിടീക്കുകയും അതിനു ശേഷമുള്ള ദുആക്ക് ആമീൻ പറയുകയും ചെയ്ത, ഖസ്വീദതുൽ ബുർദഃ ആസ്വദിച്ചു ദേഹവിയോഗം നടത്തുകയും ചെയ്ത ഒരു പണ്ഡിതനെ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് അവർ മുബ്തദി എന്നു വിളിക്കുന്നത്? 

അദ്ദേഹത്തെ മുബ്‌ദതിഅ് എന്നു വിളിക്കുന്നവർ ഒരു കാര്യം ചെയ്യട്ടെ, അദ്ദേഹത്തിനു സ്വന്തമായി ഒരു സ്ഥാപനമുണ്ട്. ധാരാളം കുട്ടികൾ അവിടെ ശരീഅത്തു വിജ്ഞാനം പഠിക്കുന്നുമുണ്ട്. അവിടെ പഠിപ്പിക്കുന്നത് എന്താണെന്ന് അവിടം വരെ ഒന്ന് വന്നു നോക്കണം. അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയ്ക്കു വിരുദ്ധമായി വല്ലതും അവിടെ പഠിപ്പിക്കുന്നുണ്ടോ, ബിദ്അത്തിന്റെ കക്ഷികളുടെ ഏതെങ്കിലും കിതാബ് അവിടെ അധ്യയനം ചെയ്യുന്നുണ്ടോ എന്നൊന്നു നേരിൽ വന്നു പരിശോധിക്കട്ടെ. 

ബിദ്അത്തിനോടു ചായ്‌വുണ്ടെങ്കിൽ സ്വന്തത്തിൽ അധികാരമുള്ള ഒരു സ്ഥാപനത്തിൽ അതിന്റെ സ്ഫുരണങ്ങൾ കാണാതിരിക്കുമോ?   

അതല്ലെങ്കിൽ അദ്ദേഹത്തിന്റെ രചനകളിൽ 
ഏതെങ്കിലുമൊന്നിൽ നിന്നു സുന്നത്തു ജമാഅത്തിനു വിരുദ്ധമായ വല്ലതും കണ്ടെത്തി കൊണ്ടു വന്നാലും മതി. അദ്ധേഹത്തിനു ഫതാവാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുമുണ്ട്. 

#നാല്: അശ്ശൈഖ് റഷീദ് അഹ്‌മദ്‌ ഗംഗോഹി, അശ്ശൈഖ് ഖലീൽ അഹ്‌മദ്‌ അമ്പേട്ടവി തുടങ്ങിയ ദയൂബന്ദി പണ്ഡിതരെ ബഹുമാനിക്കുന്നു. 

ശരിയാണ്, അദ്ദേഹം ദയൂബന്ദി പണ്ഡിതരിൽ പലരെയും സ്നേഹിക്കുകയും ആദരിക്കുകയും അവരുടെ പേർ കേൾക്കുമ്പോൾ ‹റഹ്‌മതുല്ലാഹി അലൈഹി› ചൊല്ലുകയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്ന ആദ്യ പണ്ഡിതനല്ല അദ്ദേഹം. 

ദയൂബന്ദി ഉലമാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ധാരാളം പണ്ഡിതർ കേരളത്തിൽ തന്നെ കഴിഞ്ഞു പോയിട്ടുണ്ട്. ശൈഖ് ഹസൻ ഹസ്രത്ത്, അസ്സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് അൽഅസ്ഹരി, വെളിയങ്കോട് ഖാസി അബ്ദുൽഖാദിർ മുസ്ല്യാർ തുടങ്ങിയവർ അവരിൽ പ്രധാനികളത്രെ! 

ദയൂബന്ദി ഉലമാക്കളെ ബഹുമാനിച്ച കാരണത്താൽ ഇവരാരെയും കേരളത്തിലെ സുന്നീ സമൂഹം മുബ്തദിഉകൾ ആക്കിയിട്ടില്ല. ആ സമീപനം ബർദലി ഉസ്താദിനോടു ചിലർ കാണിക്കാത്തത്‌ എന്തു കൊണ്ടാണെന്നറിയില്ല.  

നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അറബീ പണ്ഡിതരിൽ ധാരാളം പേർ ദയൂബന്ദി ഉലമാക്കളെ സ്വീകരിക്കുകയും അവരുടെ പേരിനോടൊപ്പം അനുയോജ്യമായ പ്രാർത്ഥനാ വാചകങ്ങൾ ഉരുവിടുന്നവരുമാണ്. അവരാരെയും ഇവർ അക്കാരണം കൊണ്ടു ബിദഇകളായി ചാപ്പ കുത്താറില്ല. പക്ഷെ ബർദലി ഉസ്താദിന്റെ അവർ വെറുതെ വിടുകയുമില്ല. 

സത്യത്തിൽ ഉസ്താദിന്റെ നിലപാട് എന്തായിരുന്നു? ഉസ്താദിന്റെ ഉസ്താദായ ശൈഖ് ഹസൻ ഹസ്രത്തിന്റെ നിലപാടു തന്നെ. ദയൂബന്ദി ഉലമാക്കളെ അദ്ദേഹം അങ്ങേയറ്റം ആദരിച്ചിരുന്നു. അവരെ വിമർശിച്ചതിന്റെ പേരിൽ മാത്രം അദ്ദേഹം സമസ്തയ്ക്കു സമാന്തരമായി ഒരു സംഘടന തന്നെ രൂപീകരിക്കുകയുണ്ടായി. 

ദയൂബന്ദി ഉലമാക്കളെ വിമർശിക്കുന്നു എന്ന ഒറ്റക്കാരണത്താൽ കേരളത്തിലെ ധാരാളം സുന്നീ പണ്ഡിതരോട് അദ്ദേഹം വിയോജിച്ചു. പക്ഷെ അവരാരും അദ്ദേഹത്തെ മുബ്തദി എന്നു വിളിച്ചില്ല. അദ്ദേഹം വഫാത്തായപ്പോൾ മഹാനായ ഉള്ളാളം തങ്ങളുപ്പാപ്പ (റഹിമഹുല്ലാഹ്) നേരിട്ടു വന്ന് അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകി. സ്വന്തം ഉസ്താദിന്റെ ഉസ്താദുമാരായ ദയൂബന്ദി ഉലമാക്കളെ വിമർശിച്ചില്ല, മറിച്ച് അവരെ ആദരിച്ചു എന്ന കുറ്റമാരോപിച്ചു ചിലർ ബർദലി ഉസ്താദിനെ ബിദ്‌അത്തുകാരനാക്കി.  

താൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അതല്ലെങ്കിൽ തന്റെ ഗുരുജനങ്ങളിലൂടെ തനിക്കു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ ഒരു പണ്ഡിതനെയോ ഒരു കൂട്ടം പണ്ഡിതരെയോ നല്ല കാഴ്ചപ്പാടു വെച്ചു പുലർത്തുകയും തദടിസ്ഥാനത്തിൽ അവരെ ബഹുമാനിക്കുകയും ചെയ്യുന്നത് അത്ര വലിയ തെറ്റാണോ?     

#അഞ്ച്: തബ്ലീഗ് ജമാഅത്തിനെ പറ്റിയുള്ള സമസ്തയുടെ തീരുമാനം അംഗീകരിച്ചില്ല. 

AD1965-ലാണ് അവിഭക്ത സമസ്ത തബ്ലീഗ് ജമാഅത്തിനെതിരിൽ തീരുമാനം എടുക്കുന്നത്. AD1962-മുതൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എന്ന മറ്റൊരു സംഘടനയിൽ പ്രവർത്തിച്ചു വന്നിരുന്ന ബർദലി ഉസ്താദ് ആ തീരുമാനം അംഗീകരിക്കണമായിരുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? 

സമസ്തയുടെ തീരുമാനങ്ങൾ കേരളക്കരയിലെ മൊത്തം ഉലമാക്കളും സ്വീകരിക്കൽ ശർഇയ്യായ ബാധ്യതയാണോ? സമസ്തയുടെ പ്രസ്തുത തീരുമാനം അംഗീകരിക്കാതിരുന്ന പ്രമുഖനായിരുന്നുവല്ലോ ശൈഖ് ഹസൻ ഹസ്രത്ത്, അദ്ദേഹമാകട്ടെ ബർദലിയുടെ ഉസ്താദും. ഹസ്രത്തിന് ആരും ബിദഈ പട്ടം നൽകിയില്ലല്ലോ?

തബ്ലീഗ് ജമാഅത്ത് ബിദഈ കക്ഷിയാണെന്നു സമസ്ത വിധിച്ചപ്പോൾ ബർദലി ഉസ്താദുൾപ്പെടെയുള്ള തെക്കൻ ജില്ലയിലെ ദക്ഷിണയുടെ പണ്ഡിതർ തബ്ലീഗ് ജമാഅത്തിന്റെ വിഷയത്തിൽ ‹തവഖുഫ്› എന്ന നിലപാടു സ്വീകരിച്ചു. 

പണ്ഡിതരുടെ വീക്ഷണ വൈജാത്യങ്ങളായി ഇതിനെ കാണാതെ സമസ്തയുടെ തീരുമാനം ബർദലി ഉസ്താദും അംഗീകരിക്കണമായിരുന്നുവെന്നും അംഗീകരിക്കാത്തതിന്റെ പേരിൽ അദ്ദേഹം ബിദഈ ആണെന്നും പറയുന്നത് ഏതു മസ്അലഃ പ്രകാരമാണ്?  

#ആറ്: മഹാനായ എം.എ. ഉസ്താദുമായി സംവാദത്തിനു വന്നു.

വലിയ ഒരപരാധമായി എഴുന്നെള്ളിക്കാറുള്ള ആക്ഷേപമാണിത്. സംവാദങ്ങളും ചർച്ചകളും വാദപ്രതിവാദങ്ങളുമെല്ലാം പണ്ഡിതർക്കിടയിൽ സഹജമാണ്. പണ്ഡിതർക്കിടയിൽ തന്നെയാണല്ലോ അതെല്ലാം നടക്കേണ്ടതും. 

കേരളത്തിൽ സുന്നീ പണ്ഡിതർക്കിടയിൽ തന്നെ എത്രയോ ബ്രഹ്മാണ്‌ഡ സംവാദങ്ങൾ നടന്നിട്ടുണ്ട്. അല്ലാമാഃ ഈ.കെ. അബൂബക്കർ മുസ്ല്യാരും അല്ലാമാഃ പതി അബ്ദുൽഖാദിർ മുസ്ല്യാരും തമ്മിൽ ജലാലത്തിന്റെ ഇസ്മു മൊഴിയേണ്ടതിനെ ചൊല്ലി വലിയ തർക്കം തന്നെ നടന്നിട്ടുണ്ട്. ഇതെടുത്തു പറഞ്ഞ് അവരിൽ ഒരാളെ പുകഴ്ത്തുകയും അപരനെ ആക്ഷേപിക്കുകയും ചെയ്യുന്ന പാരമ്പര്യമല്ല കേരളത്തിലെ സുന്നികൾക്കുള്ളത്. 

ഖുർആൻ പരിഭാഷയെ ചൊല്ലി അല്ലാമാഃ കെ.വിയും അല്ലാമാഃ ഈ.കെയും തമ്മിലും വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. അതു കൊണ്ട് എം.എ. ഉസ്താദിനെതിരിൽ സംവാദത്തിനു വന്നു എന്നതു വലിയൊരപരാധമായി കാണേണ്ട കാര്യമില്ല. 

ഇനി സംവാദ വിഷയം... അതാണു പ്രധാനം...എന്തിനായിരുന്നു എം. എ. ഉസ്താദുമായി ബർദലി ഉസ്താദ് സംവാദത്തിനു വന്നത്? തബ്ലീഗ് ജമാഅത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് എം.എ. ഉസ്താദുമായി സംവാദം നടത്തി എന്നു പറയുന്നതല്ലാതെ പ്രസ്തുത സംവാദത്തിലെ പ്രമേയം എന്തായിരുന്നു എന്നാരെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ? 

ഒരു വഹാബിയും സുന്നിയും തമ്മിൽ ഇസ്തിഗാസയെപ്പറ്റിയുള്ള സംവാദം നടക്കുന്നു എന്നു സങ്കല്പിക്കുക. ഇസ്തിഗാസ പാടില്ല എന്നു പറയുന്ന വഹാബിയോടൊപ്പം ചേർന്ന് അയാൾക്കനുകൂലമായി വാദിക്കുന്ന ഒരാളെ സ്വാഭാവികമായും വഹാബിയെന്നു വിളിക്കാം. അയാൾ മുബ്തദിഉമാണ്. എന്നാൽ ഇതു പോലെയാണ് അന്ന് എം.എ. ഉസ്താദും ബർദലി ഉസ്താദും തമ്മിൽ നടന്ന സംവാദമെന്നു ധരിച്ചവരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നവർ. 

കാര്യം അങ്ങനെയല്ല, സുന്നത്തു ജമാഅത്തിന്റെ അഖീദയല്ലാത്ത മറ്റൊന്നും അവർക്കില്ലെന്നു സ്ഥാപിക്കാനാണു ബർദലി ഉസ്താദ് സംവാദത്തിൽ പങ്കെടുത്തത്. എന്തെങ്കിലും ബിദഈ ആശയം സമർത്ഥിക്കാനല്ല പ്രസ്തുത സംവാദം നടന്നത്.

അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഗുരുവര്യനായ ശൈഖ് ഹസൻ ഹസ്രത്തിന്റെയും ധാരണയിൽ തബ്ലീഗ് ജമാഅത്തുകാർക്ക് (അക്കാലത്തെ) സുന്നത്തു ജമാഅത്തിന്റെ അഖീദയ്ക്കു വിരുദ്ധമായ ഒരു വാദമോ ആശയമോ ഉണ്ടായിരുന്നില്ല. അതിനാൽ അവർ ആ സംഘത്തെ അനുകൂലിച്ചു സംസാരിച്ചു. എന്നാൽ അല്ലാമാഃ എം.എ. ഉസ്താദിനും സംഘത്തിനും അവരിൽ സുന്നത്തു ജമാഅത്തിന്റെ അഖീദയ്ക്ക് എതിരായ ആശയങ്ങൾ ഉണ്ടെന്നു തീർച്ചയായിരുന്നു. അവർ അതു പ്രകാരവും വാദിച്ചു. ഇരുകൂട്ടരും സുന്നത്തു ജമാഅത്തിനു വേണ്ടി തന്നെയാണു സംസാരിച്ചത് എന്നു ചുരുക്കം. 

അതല്ലാതെ ഏതെങ്കിലും നജ്ദിയൻ-തൈമിയ്യൻ വാദങ്ങൾക്ക് അനുകൂലമായി വാദിക്കാനല്ല ബർദലി ഉസ്താദ് സംവാദത്തിനു മുതിർന്നത്. അതല്ലെങ്കിൽ, ദലാഇലുൽ ഖൈറാത്തും ഹദ്ദാദ് റാതിബും അസ്മാ ബദ്‌റുമെല്ലാം പതിവാക്കി വരുന്ന, പ്രതിസന്ധി ഘട്ടങ്ങളിൽ ഖുതുബിയ്യത്തിൽ ആശ്രയം കണ്ടെത്തുന്ന ശൈഖ് ഹസൻ ഹസ്രത്തും ബർദലിയും അതെല്ലാം ശിർക് എന്നു വിശ്വസിക്കുന്നവരോടൊപ്പം ചേർന്ന് (അങ്ങനെ തബ്ലീഗ് ജമാഅത്തിനു വിശ്വാസമുണ്ടെങ്കിൽ) അവർക്കനുകൂലമായി വാദിക്കുന്നത് എങ്ങനെ?   

എം.എ. ഉസ്താദിനോടു സംവാദത്തിനു മുതിർന്നതു തന്നെ തെറ്റായിരുന്നു എന്നാണു വിലയിരുത്തലെങ്കിൽ ആ തെറ്റു ബർദലി ഉസ്താദിനും മുന്നേ ചെയ്തത് ഉള്ളാളം തങ്ങളുപ്പാപ്പയുടെ ജാമാതാവായ (മകളുടെ ഭർത്താവ്) യൂ.കെ. ആറ്റക്കോയ തങ്ങളാണ്. ബർദലി ഉസ്താദിനു മുന്നേ തബ്ലീഗ് ജമാഅത്തിനു വേണ്ടി എം.എ. ഉസ്താദിനോടു സംവാദം നടത്തിയത് തങ്ങളായിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ ആരും ആക്ഷേപിക്കുകയോ ബിദഈ മുദ്ര കുത്തുകയോ ചെയ്യുന്നില്ലല്ലോ? 

#ഏഴ്: അശ്ശൈഖ് ഖലീൽ അഹ്‌മദ്‌ അമ്പേട്ടവിയുടെ അൽമുഹന്നദ് അലൽ മുഫന്നദ് എന്ന ഗ്രന്ഥം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

തൊട്ടു മുമ്പത്തെ വിശദീകരണം ഇതിനും മതിയായതാണ്. പ്രസ്തുത ഗ്രന്ഥത്തിൽ അഹ്ലു സുന്നത്തി വൽജമാഅത്തിന്റെ അഖീദയ്ക്ക് എതിരായി വല്ലതും കാണിച്ചു തരാൻ ആക്ഷേപകരിൽ ഒരാളും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ആ പുസ്തകത്തിലൂടെ അതിന്റെ രചയിതാവ് പറയുന്നത് എന്താണ്? തങ്ങൾ സുന്നികളാണ്. ചിലർ തങ്ങളെക്കുറിച്ചു പറഞ്ഞുണ്ടാക്കിയ അപവാദങ്ങളാണു തെറ്റിദ്ധാരണകൾക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
 
സുന്നത്തു ജമാഅത്തിന് എതിരായി പ്രസ്തുത ഗ്രന്ഥത്തിൽ ഒന്നുമില്ലെന്നു തീർച്ച വരുകയും കേരളത്തിൽ ദയൂബന്ദി ഉലമാക്കളെ സംബന്ധിച്ചു പൊതുവിൽ നിലനിൽക്കുന്ന തെറ്റുദ്ധാരണകൾ തിരുത്താൻ ഉപകാരപ്പെടുമെന്നും തോന്നിയതിനാൽ ബർദലി ഉസ്താദ് അതു പരിഭാഷപ്പെടുത്തി. 

ഒരു പുസ്തകം പരിഭാഷപ്പെടുത്തുന്നതു കൊണ്ട് ഒരാൾ സുന്നത്തു ജമാഅത്തിന്റെ വൃത്തത്തിൽ നിന്നു പുറത്തു പോകുമോ? വിശിഷ്യാ സുന്നത്തു ജമാഅത്തിന്റെ അഖീദയ്‌ക്കെതിരായി പ്രസ്തുത പുസ്തകത്തിൽ ഒന്നുമില്ലാത്ത സാഹചര്യത്തിൽ.   

#എട്ട്: മഹാനായ ഇമാം അഹ്‌മദ്‌ റളാ ഖാൻ (റഹിമഹുല്ലാഹ്) തങ്ങളെ ആക്ഷേപിച്ചു. 

ശരിയാണ്, ബഹുമാനപ്പെട്ട അഅ്ലാ ഹള്റത്തിനെ സ്നേഹിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്ന വാക്കുകളാണ് അൽമുഹന്നദിന്റെ പരിഭാഷയുടെ ആമുഖത്തിൽ ബർദലി ഉസ്താദ് ഉപയോഗിച്ചിരിക്കുന്നത്. ഈ കുറിപ്പുകാരനും അതിനോടു യോജിപ്പില്ല, പക്ഷെ ഒരു പണ്ഡിതനെ വിമർശിച്ചതു കൊണ്ടു മാത്രം ഒരാളെ മുബ്തദി ആക്കാൻ ശർഇയ്യായി വല്ല വകുപ്പുമുണ്ടോ? 

ഇത്തരത്തിലുള്ള ആക്ഷേപങ്ങളും വിമർശനങ്ങളും മുൻഗാമികളുടെ കൃതികളിലും കാണാവുന്നതല്ലേ? ബർദലി ഉസ്താദിന്റെ പഠന നിരീക്ഷണങ്ങൾ അദ്ദേഹത്തിനെ അങ്ങനെയൊരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചു. അതു സ്വീകരിക്കാൻ നമുക്കു ബാധ്യതയൊന്നുമില്ലല്ലോ?  

അല്ലാഹുവിന്റെ ഹബീബിന്റേത് ഒഴിച്ച് മറ്റാരുടെയും വാക്കുകളിൽ തള്ളപ്പെടേണ്ടതും കൊള്ളപ്പെടേണ്ടതും ഉണ്ടാകുമെന്നു വിശ്വസിക്കുന്ന നമുക്ക് ഉസ്താദിന്റെ പ്രസ്തുത വരികളെ അവഗണിക്കാവുന്നതല്ലേ ഉള്ളൂ. 

നാം ഏറെ സ്നേഹിക്കുന്ന ശൈഖുനാ കോട്ടിക്കുളം അബ്ദുൽഅസീസ് അൽഖാദിരിയെ പാതിരിയെന്നു വിളിച്ച അല്ലാമാഃ ഈ.കെ.യുടെ വാക്കുകളെയും മഹാപണ്ഡിതനായ ഈ.കെ.യെ ആക്ഷേപിച്ച് ഖാദിരി പറഞ്ഞ വാക്കുകളെയും നാം അവഗണിച്ചില്ലേ?         

#ഒമ്പത്: തബ്ലീഗ് ജമാഅത്തിനോടു മൃദുസമീപനം സ്വീകരിച്ചു.

ബർദലി ഉസ്താദ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്, താൻ കണ്ടറിഞ്ഞതും മനസ്സിലാക്കിയതുമായ തബ്ലീഗ് ജമാഅത്ത് എന്താണെന്ന്. സുന്നത്തു ജമാഅത്തിന്റെ ഒരു അഖീദയെയും നിരാകരിക്കാതെ, സുന്നികൾ ചെയ്യുന്ന എല്ലാ ആചാരാനുഷ്ടാനങ്ങളും നടപ്പിൽ വരുത്തുന്നവരാണു ഞാൻ കണ്ട തബ്ലീഗ് ജമാഅത്തുകാർ. പിന്നെ എന്തടിസ്ഥാനത്തിൽ ഞാൻ അവരെ വിമർശിക്കും? ബിദഇകളായി ഫത്‍വ നൽകും? 

സമസ്തയുടെ തീരുമാനം അംഗീകരിച്ചാൽ പോരെ എന്ന ചോദ്യത്തിനു പ്രസക്തിയില്ല, അദ്ദേഹം സമസ്തയെ തഖ്ലീദ് ചെയ്യുന്ന ആളല്ല. 

തബ്ലീഗിന്റെ കാര്യത്തിൽ ബറേൽവികളുടെ നിലപാടു സ്വീകരിച്ചാൽ പോരെ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ബറേൽവികളുടെ നിലപാടു സമസ്ത പോലും സ്വീകരിച്ചിട്ടില്ല, ബറേൽവികളുടെ അഭിപ്രായത്തിൽ ദയൂബന്ദി ഉലമാക്കൾ കാഫിറുകളാണ്, അവരെ പിന്തുടർന്നു നിസ്കരിക്കുന്നവർ പോലും കാഫിറുകളാണെന്ന നിലപാടുള്ളവർ ബറേൽവികളിലുണ്ട്. 

തബ്ലീഗ് ജമാഅത്തിന്റെ പേരിൽ രംഗത്തു വന്നവരിൽ ബിദ്അത്ത് കണ്ടു തുടങ്ങിയപ്പോൾ ബർദലി ഉസ്താദ് അവരോടുള്ള തന്റെ നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. 

തബ്ലീഗുകാരുമായി ലോഹ്യമുണ്ടായിരുന്നു എന്നാക്ഷേപിച്ചു സർവ്വരെയും ബിദ്‌അത്തുകാരാക്കാൻ ഉദ്ദേശിക്കുന്നവർ, ഇന്ത്യയിൽ നിന്നും മറ്റും യെമനിലേക്കു വരുന്ന തബ്ലീഗ് സംഘങ്ങൾക്കു സൗകര്യം ഒരുക്കുന്നത് ആരാണെന്നു പഠിക്കുന്നതു നന്നായിരിക്കും.     

തബ്ലീഗുകാരോടു മൃദുസമീപനം സ്വീകരിച്ചതിന്റെ പേരിൽ ബർദലി ഉസ്താദിനെ മുബ്തദി ആക്കുന്നവർ മറ്റൊരു പ്രധാന കാര്യം കൂടി ഗൗനിക്കുന്നതു നല്ലതായിരിക്കും. തെക്കൻ ജില്ലകളിലെ ഇസ്ലാമിക പശ്ചാത്തലം, മലബാറിലേതു പോലെ തൊണ്ണൂറ്റി ഒമ്പതു ശതമാനവും സുന്നികൾ അധിവസിക്കുന്ന മഹല്ലുകളൊന്നുമല്ല അവിടങ്ങളിൽ. ഒരു വീട്ടിൽ ഒരാളെങ്കിലും കാണും തബ്ലീഗുകാരനായി എന്നു പറഞ്ഞാൽ അതിൽ വാസ്തവമില്ലാതില്ല. 

ഞാൻ അവസാനിപ്പിക്കുകയാണ്... ഒരു പുരുഷായുസ്സ് മുഴുവൻ ദീനീ ഉലൂമുകൾക്കും അതിന്റെ അഹ്ലുകാർക്കും ഖിദ്മത്തു ചെയ്‌ത, എഴുപതിലേറെ വർഷം ‹സ്വഹീഹുൽ ബുഖാരി› ദർസു നടത്തിയ, തന്നെക്കൊണ്ടാകും വിധം ഉമ്മത്തിനെ സേവിച്ച, ഒരു ജ്ഞാനവൃദ്ധന്റെ മരണത്തിൽ അനുശോചിച്ചില്ലെങ്കിലും നമുക്കതൊരു ആഘോഷമാക്കാതിരിക്കാം. 

ഒരാളുടെ ഖബ്‌റിലും മറ്റൊരാൾ കൂട്ടു കിടക്കാൻ വരില്ല, ഒരാളും മറ്റൊരാളുടെ തിന്മകളെ ചുമക്കുകയുമില്ല. ഈ ഓർമ്മ നമുക്കെല്ലാം സദാ ഉണ്ടായിരിക്കുന്നതു നല്ലതാണ്.   

മരണത്തിനു മുമ്പു നടത്തിയ മൂന്നോളം കൂടിക്കാഴ്ചകളിൽ, ബഹുമാനപ്പെട്ട ബർദലി ഉസ്താദ് എന്നോടും എന്റെ കൂടെയുണ്ടായിരുന്നവരോടുമായി പറഞ്ഞ ഒരു കാര്യം എടുത്തു പറഞ്ഞ് ഈ കുറിപ്പു ഞാൻ അവസാനിപ്പിക്കുന്നു.       

"ഞാൻ അഖീദയിൽ അശ്അരിയ്യും, മദ്ഹബിൽ ശാഫിഇയ്യും തസ്വവ്വുഫിൽ ജുനൈദിയ്യുമാണ്. ഇതല്ലാത്ത ഒന്നിലേക്ക് എന്നെ ചേർത്തിപ്പറയുന്നതു ദുനിയാവിലും ആഖിറത്തിലും എനിക്കു പൊരുത്തമില്ലാത്ത കാര്യമാണ്" 

മഹാനർ ഉൾപ്പെടെയുള്ള നമ്മുടെ ഗുരുജനങ്ങളുടെയെല്ലാം കുരുത്തവും പൊരുത്തവും നേടി, ദുനിയാവും ആഖിറവും അതിജയിക്കുന്ന ഭാഗ്യശാലികളിൽ നമ്മെയെല്ലാം അല്ലാഹു ഉൾപ്പെടുത്തട്ടെ - ആമീൻ. 

ബർദലി ഉസ്താദിന്റെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ - ആമീൻ. അദ്ദേഹത്തിൽ നിന്നു സംഭവിച്ച വീഴ്ച്ചകളെ മാപ്പാക്കുകയും നന്മകളെ ആയിരം മടങ്ങായി സ്വീകരിക്കുകയും ചെയ്യട്ടെ - ആമീൻ. ഹബീബായ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുറാഫഖത്ത്‌ സ്വർഗത്തിൽ നൽകുകയും ചെയ്യട്ടെ - ആമീൻ.   

ദുആ വസ്വിയ്യത്തോടെ 


അൽനുഹാസി 

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...