2024, ഫെബ്രുവരി 24, ശനിയാഴ്‌ച

ബറാഅത്തു രാവും മൂന്നു യാസീനും*

       ബറാഅത്ത് രാവിൽ മൂന്നു യാസീൻ ഓതേണ്ട ക്രമം ഹനഫീ പണ്ഡിതനായ ഇമാം സബീദീ (റ) പറയുന്നത് ഇങ്ങനെ: 
 ബറാഅത്തു 
രാവിൽ മഗ് രിബ് നിസ്കാര ശേഷം ഈ രണ്ട് റക്അത്തിൽ സലാം വീട്ടി ആറു റക് അത്ത് നിസ്ക്കരിക്കുക.
        ഓരോ റക്അത്തിലും ഫാതിഹ: ക്ക് ശേഷം ആറു പ്രാവശ്യം സൂറതുൽ ഇഖ്ലാസ് പാരായണം ചെയ്യണം. . ഓരോ ഈ രണ്ടു റക്അത്ത് നിസ്ക്കരിച്ച ശേഷം യാസീൻ ഓതി ബറാഅത്ത് രാവിലെ പ്രത്യേകമായ പ്രാർത്ഥന നിർവഹിക്കണം. 
(സ്വഹാബത്ത് ബറാഅത്ത് രാവിൽ നിർവ്വഹിച്ച പ്രാർത്ഥന ഇതിൽ താഴെ വിവരിച്ചിട്ടുണ്ട്)
*ആദ്യത്തെ യാസീൻ*
    ഒരു യാസീൻ ഓതിയ ശേഷം ആയുസ്സിൽ ബറകത്ത് ലഭിക്കാനും രണ്ടാമത് യാസീൻ ഓതിയ ശേഷം റിസ്ഖിൽ ബറകത്ത് ലഭിക്കാനും മൂന്നാമത് യാസീൻ ഓതിയ ശേഷം നല്ല മരണം ലഭിക്കാനും പ്രാർത്ഥിക്കുന്ന ആചാരം സലഫിൽ നിന്നു ഖലഫ് അനന്തരമെടുത്ത ആചാരമാണ്.
  പ്രസ്തുത രീതിയിൽ പ്രവർത്തിച്ചവന് അവൻ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും നൽകപ്പെടുന്നതാണ്.ഈ നിസ്കാരം പിൻഗാമികളായ സൂഫിയാക്കളുടെ ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്. 
( ഇത്ഹാഫുസ്സാദതിൽ മുത്തഖീൻ: 3/427) 
(ആകെ ആറു റക്അത്ത് മൂന്നു യാസീൻ)
 *ശാഫിഈ മദ്ഹബിലെ പണ്ഡിതർ ആറു റക്അത്ത് നിസ്കാരത്തിൻ്റെ കാര്യം പരാമർശിച്ചു കാണുന്നില്ല.*
   ശൈഖ് അബ്ദുൽ ഹമീമിൽ മക്കിയ്യിശ്ശാഫിഈ (റ)
 യാസീനിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
تقرأ سورة يس ثلاث مرات،
الأولی،بنية طول العمر مع التوفيق للطاعة
الثانية،بنية العصمة من الآفات والعاهات ونية سعة الرزق
الثالثة،لغنی القلب وحسن الخاتمة ثم تقرأ الدعاء
(كنز النجاح والسرور )
പേജ്: 165 ,166) 
    ആദ്യത്തെ യാസീൻ 
ഇബാദത്തിനു തൗഫീഖ് ലഭിക്കലോടെ ദീർഘായുസ് ലഭിക്കാനും 
രണ്ടാം യാസീൻ വിപത്തു, ബുദ്ധിമുട്ടുകളിൽ നിന്നു സംരക്ഷണം, റിസ്ഖിൽ വിശാലത എന്നിവക്ക് വേണ്ടിയും
മൂന്നാം യാസീൻ ഐശ്വര്യം ലഭ്യമാകാനും അന്ത്യം നന്നായി - ഈമാനോടെ - മരിക്കാനും വേണ്ടി എന്ന കരുത്തോടെ പാരായണം ചെയ്യണം .
(കൻസ് :പേജ് :165 ,166)
  *ബറാഅത്ത് രാവിൽ സ്വഹാബത്ത് നിർവ്വഹിച്ച പ്രാർത്ഥന*
 *اَﻟﻠَّﻬُﻢَّ ﺇﻥ ﻛﻨﺖَ ﻛﺘﺒﺘَﻨﺎ ﺃﺷﻘﻴﺎءَ ﻓَﺎﻣْﺤﻪُ ﻭاﻛﺘﺒﻨﺎ ﺳﻌﺪاء، ﻭﺇﻥ ﻛﻨﺖ ﻛﺘﺒﺘﻨﺎ ﺳﻌﺪاء ﻓﺄﺛﺒﺘﻨﺎ، ﻓﺈﻧﻚ ﺗﻤﺤﻮ ﻣﺎ ﺗﺸﺎء ﻭﺗُﺜﺒﺖُ ﻭﻋﻨﺪﻙ ﺃﻡ اﻟﻜﺘﺎﺏ،* 
*അർത്ഥം:*
അല്ലാഹുവേ , നീ എന്നെ പരാചിതരുടെ കൂട്ടത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അതു മായ്ച്ച് വിജയികളുടെ കൂട്ടത്തിൽ എഴുതണേ , വിജയികളുടെ കൂട്ടത്തിലാണ് എഴുതിയതെങ്കിൽ അതു അങ്ങനെ തന്നെ സ്ഥിരപ്പെടുത്തണേ ,നാഥാ , നീ ഉദ്ദേശിച്ചത് നീ മായ്ച്ചു കളയുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുമല്ലോ ,നിൻ്റെ അരികിലാണ് മൂലഗ്രന്ഥ്രം.
   ഈ പ്രാർത്ഥന ഉമർ(റ) ഇബ്നു മസ്ഊദ്(റ) എന്നീ സ്വഹാബികളടക്കം നിരവധി മഹാന്മാർ ബറാഅത്തു രാവിൽ പ്രാർത്ഥിച്ചിരുന്നു.
(മിർഖാത്ത്)

*ബറാഅത്ത് രാവ് : പുണ്യവും കർമ്മവും.*
➖➖➖➖➖➖➖


 *ശഅ്ബാൻ 15-ാം രാവാണ് " ബറാഅത്ത് രാവ് ". ബറാഅത്ത് എന്നാൽ മോക്ഷം എന്നാണർത്ഥം. ഇമാം റാസി (റ) പറയുന്നു: ആ രാവിൽ വിശ്വാസികളായ അടിയാറുകൾക്ക് അല്ലാഹു മോചനം നൽകുന്നതു കൊണ്ടാണ് "ബറാഅത്ത് രാവ് " എന്ന് പേരുവന്നത്.* (തഫ്സീർ റാസി)
كذلك، الَّلُه عَزَّوَجَلَّ يَكْتُبُ لِعِبَادِهِ الْمُؤْمِنِينَ البَرَائَةَ فِي هَذِهِ الَّيْلَةِ (رازي 9/656)
 *സ്വഹാബാക്കളുടെ കാലത്ത് തന്നെ ബറാഅത്ത് എന്ന പ്രയോഗമുണ്ട്. ഇബ്നു അബ്ബാസ് (റ) അപ്രകാരം പറയുമായിരുന്നു.*
 (തഫ്സീർ മാവർ ദി)
قَالَ عِكْرِمَةُ: كَانَ ابْنُ عَبَّاسٍ رض- يُسَمِّي لَيْلَةَ النِّصْفِ مِنْ شَعْبَانَ، لَيْلَةَ الْبَرَائَةِ (تفسير الماوردي/4464- سورة القدر)

 *ബറാഅത്ത് രാവിന് പ്രത്യേക മഹത്വമുണ്ടെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.* 
   ▪️ *മുആദ്(റ) നിവേദനം, നബി (സ്വ) പറഞ്ഞു: ശഅ്ബാൻ15-ാം രാവിൽ അല്ലാഹു തന്റെ അടിയാറുകളെ ശ്രദ്ധിക്കും. ശിർക്ക്, പിണക്കം ഇല്ലാത്തവർക്ക് പൊറുത്ത് കൊടുക്കും.* (ഇബ്നു ഹിബ്ബാൻ)
عَنْ مُعَاذِ بْنِ جَبَلٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : يَطَّلِعُ اللَّهُ إِلَى خَلْقِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ (ابن حبان)
  ഈ ഹദീസ് ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിരിക്കുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് നാസ്വിറുദ്ദീൻ അൽബാനി എഴുതിയിട്ടുണ്ട്. (സിൽസിലത്തു സ്വഹീഹ 3/135)

 *ആയിശ (റ) നിവേദനം, നബി (സ്വ) പറഞ്ഞു: ശഅ്ബാൻ 15-ാം രാവിൽ അല്ലാഹുവിന്റെ റഹ്മത്തിറങ്ങും. കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാൾ അധികം പേർക്ക് (അനേകം പേർക്ക് എന്നർത്ഥം) പാപങ്ങൾ പൊറുത്ത് കൊടുക്കും.* (ഇബ്നുമാജ)
عن عائشة 
إنَّ اللَّهَ تعالى ينزلُ ليلةَ النِّصْفِ مِنْ شَعْبَانََ إِلَى السَّماءِ الدُّنيا ، فيغفرُ لأَكْثَرَ مِن عدَدِ شَعرِ غنَمِ كَلْبٍ (أحمد، ترمذي، ابن حبان في صحيحه، وصححه الألباني في تعليقه علي السنة)
   ▪️ *താബിഇയ്യായ ഉമർബ്നു അബ്ദിൽ അസീസ് (റ) ബസ്വറയിലെ ഗവർണ്ണർക്ക് ഇപ്രകാരമെഴുതി: "നിങ്ങൾ 4 രാവുകളെ മുറുകെ പിടിക്കണം. അല്ലാഹു റഹ്മത്തിനെ കോരിച്ചൊരിയുന്ന രാവുകളാണത്. അതിൽ ഒന്നാണ് ശഅ്ബാൻ 15-ാം രാവ്.* (ലത്വാഇഫ് /153)

 عَنْ عُمَرَ بْنِ عَبْدِ الْعَزِيزِ أَنَّهُ كَتَبَ إِلَى عَامِلِهِ إِلَى الْبَصْرَةِ عَلَيْكَ بِأَرْبَعِ لَيَالٍ مِنَ السَّنَةِ فَإِنَّ اللَّهَ يُفْرِغُ فِيهِنَّ الرَّحْمَةَ إِفْرَاغًا، أَوَّلِ لَيْلَةٍ مِنْ رَجَبٍ ....وَلَيْلَةِ النِّصْفِ مِنْ شَعْبَانَ. (لطائف المعارف لإبن رجب الحنبلي /153)
    ▪️ *മദ്ഹബിന്റെ ഇമാമീങ്ങളും പൂർവ്വ സൂരികളും ഈ രാവിന്റെ മഹത്വം വിശദീകരിച്ചിട്ടുണ്ട്. ഇമാം ശാഫിഈ (റ) പറയുന്നു: 5 രാവുകളിൽ ദുആഇന് ഇജാബത്ത് ലഭിക്കുമെന്ന വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ശഅ്ബാൻ 15-ാം രാവ്.* (അൽ ഉമ്മ് )
قَالَ الشَّافِعِيُّ رَحِمَهُ اللَّهُ: وَبَلَغَنَا أَنَّ الدُّعَاءَ يُسْتَجَابُ فِي خَمْسِ لَيَالٍ: لَيْلَةَ الْجُمُعَةِ، وَالْعِيدَيْنِ , وأَوَّلَ رَجَبٍ , وَنِصْفَ شَعْبَانَ.(الأم)
   ▪️ *ഇമാം റാസി (റ) പറയുന്നു: ശഅ്ബാൻ 15-ാം രാവിന് 5 പ്രത്യേകതകളുണ്ട്. 1) സൂറ ദുഖാനിൽ പറഞ്ഞതു പോലെ റബ്ബിന്റെ തീരുമാനങ്ങൾ മലക്കുകൾക്ക് കൈമാറുന്നത് അന്നാണ്.* 
قِيلَ: هَذِهِ الَّيْلَةُ مُخْتَصَّةٌ بِخَمْسِ خِصَالٍ، الأَوَّلُ: تَفْرِيقُ كُلِّ أَمْرٍ حَكِيمٍ، قَالَ تَعَالَي: فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (تفسير سورة الدخان لفخر الدين. الرازي)
*ഇവിടെ സൂറത്തു ദുഖാൻ 4 -ാം ആയത്തിൽ പരാമർശിക്കപ്പെട്ട " അനുഗ്രഹീത രാവ് " ലൈലത്തുൽ ഖദ്ർ ആണെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞു. എന്നാൽ ഇത് ബറാഅത്ത് രാവിനെ കുറിച്ചാണെന്ന് ഇക്രിമ (റ) എന്നവർ പറഞ്ഞു.* (തഫ്സീർ ഖുർത്വുബി 16/85)
    ⭕ *ഈ രണ്ട് വീക്ഷണങ്ങളെ ഉലമാക്കൾ ഇപ്രകാരം സംയോജിപ്പിച്ചിട്ടുണ്ട്. "റബ്ബിന്റെ തീരുമാനങ്ങൾ ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തുന്നത് ബറാഅത്ത് രാവിലും അത് മലക്കുകൾക്ക് കൈമാറുന്നത് ലൈലത്തുൽ ഖദ്റിലുമാണ്."* (ഖുർത്വുബി.16/86, റൂഹുൽ ബയാൻ 8/449)
قِيلَ: يُبْدَأُ فِي اسْتِنْسَاخِ ذَلِكَ فِي الَّلوْحِ الْمَحْفُوظِ، فِي لَيْلَةِ الْبَرَائَةِ، وَيَقَعُ الْفَرَاغُ فِي لَيْلَةِ الْقَدْرِ، فَتُدْفَعُ نُسْخَةُ الْأَرْزَاقِ إِلَی مِيكَائِيلَ........ (قرطبي. 16/86 ، روح البيان. 8/449)
    ▪️ *മുബാറക് പൂരി എഴുതുന്നു: ബറാഅത്ത് രാവിന്റെ മഹത്വം സ്ഥിരപ്പെട്ടിട്ടില്ല എന്ന് തെറ്റിദ്ധരിച്ചവർക്കെതിരെ നിലകൊള്ളുന്ന പ്രമാണമാണ് മേൽ ഹദീസുകൾ.* (തുഹ്ഫത്തുൽ അഹ് വദി 3/365)
فَهَذِهِ الْأَحَادِيثُ بِمَجْمُوعِهَا حُجَّةٌ عَلَى مَنْ زَعَمَ أَنَّهُ لَمْ يَثْبُتْ فِي فَضِيلَةِ لَيْلَةِ النِّصْفِ مِنْ شَعْبَانَ شَيْءٌ ، وَاَللَّهُ تَعَالَى أَعْلَمُ. (تحفة الأحوذى. 3/366)
    ▪️ *ഇബ്നു തൈമിയ്യ പറയുന്നു: ശഅ്ബാൻ 15-ാം രാവിന്റെ ശ്രേഷ്ടതയെ കുറിച്ച് തിരുനബി (സ്വ) യിൽ നിന്ന് ഹദീസുകളും അപ്രകാരം മറ്റ് പ്രസ്താവന കളും റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ബറാഅത്ത് രാവ് ശ്രേഷ്ടമാകുന്നു എന്നാണ് അതിന്റെ താൽപ്പര്യം.* (ഇഖ്തിളാഅ് 2 / 136)
قال ابن تيميّة: لَيْلَةُ النِّصْفِ مِنْ شَعْبَانَ، فَقَدْ رُوِيَ فِي فَضْلِهَا مِنَ الْأَحَادِيثِ وَالْأٓثَارِ، مَا يَقْتَضِی أَنَّهَا لَيْلَةٌ مُفَضَّلَةٌ.(اقتضاء الصراط المستقيم. 2/136)

    🔹 *ഇബ്നു ഹജരിൽ ഹൈത്തമി (റ) എഴുതി: ചുരുക്കത്തിൽ ഈ രാവിന് വലിയ പുണ്യമുണ്ട്. അന്ന് പ്രത്യേകമായ മഗ്ഫിറത്തും പ്രാർത്ഥനക്കുത്തരവും ലഭിക്കുന്നതാ,ണ്* . (അൽ ഫതാവൽ കുബ്റാ . 2/80)

وَالْحَاصِلُ: أَنَّ لِهَذِهِ اللَّيْلَةِ فَضْلًا، وَأَنَّهُ يَقَعُ فِيهَا مَغْفِرَةٌ مَخْصُوصَةٌ وَاسْتِجَابَةٌ مَخْصُوصَةٌ. (الفتاوي الكبرى. 2/80)
      🔹 *അല്ലാമത്തുശ്ശാമി (റ) എഴുതുന്നു: പെരുന്നാൾ രാവ് ..... ബറാഅത്ത് രാവ് എന്നിവകളെ ഹയാത്താക്കൽ മൻദൂബാണ്. അന്ന് രാത്രി മുഴുവനും അല്ലെങ്കിൽ രാവിന്റെ അധിക സമയവും ഹയാത്താക്കണം. അത് എല്ലാത്തരം ഇബാദത്ത് കൊണ്ടുമാകാം (റദ്ദ് 2 / 27)* 
  وَمِنَ الْمَنْدُوبَاتِ إِحْيَاءُ لَيْلَةِالْعِيدَيْنِ والنِّصْفِ مِنْ شَعْبَانَ ، وَيَكُونُ بِكُلِّ عِبَادَةٍ (الدر المختار 2/27، البحر الرائق2/93)
       🔹 *സിയാറത്തിന് ഏറ്റവും ശ്രേഷ്ടമായ ദിവസങ്ങളാണ് അവ. വിശിഷ്യാ ബറാഅത്ത് രാവ്. (അൽ ഫതാവൽ ഹിന്ദിയ്യ.)* 

وَأَفْضَلُ أَيَّامِ الزِّيَارَةِ... لاسِيَّما لَيْلَةُ الَبَرَائَةِ.(الفتاوي الهندية)
     🔹
 *ബറാഅത്ത് രാവിനെ ; ദിക്ർ , ദുആ, നിസ്ക്കാരം - വിശിഷ്യാ തസ്ബീഹ് നമസ്ക്കാരം - കൊണ്ട് ഹയാത്താക്കൽ സുന്നത്താകുന്നു. ( ഖൽയൂബി)*
يُنْدَبُ إِحْيَاءُلَيْلَتَي الْعِيدَيْنِ، بِذِكْرٍ أَوْصَلَاةٍ، وَأَوْلَاهَاصَلَاةُ التَّسْبِيحِ، وَمِثْلُهُمَا لَيْلَةُ النِّصْفِ مِنْ شَعْبا(قليوبي 1/131)
     🔹
*ബറാഅത്ത് രാവിൽ ദുആ സുന്നത്താകുന്നു. (ഇഹ് യാ ഉലൂമുദ്ദീൻ 1/501)*
  *ബറാഅത്ത് രാവിൽ 3 യാസീൻ ഓതൽ നല്ലതാണെന്ന് ഉലമാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.* (ഇത്ഹാഫ്)


2024, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

അൽകഹ്ഫ് ഗുഹാവാസികളുടെ ഒരു അതിജീവനകഥ

അൽകഹ്ഫ് സൂറയിൽ ഗുഹാവാസികളുടെ അതിജീവനകഥ പറയുന്നതിന്റെ മുഖവുരയിൽ ഒരുകാര്യം ഉണർത്തുന്നുണ്ട്. അസ്ഹാബുൽ കഹ്ഫ് ഒരു ദൈവിക അത്ഭുതകഥയായി മാറ്റിനിർത്തരുത്. ഖുർആനിക സമൂഹത്തിനത് ജീവിത ബന്ധിയായിരിക്കണം.

ഒരൊറ്റ ആഖ്യാനമായി ഗുഹാവസികളുടെ കഥപറഞ്ഞു തീർക്കുകയല്ല. ഇടക്കിടെ ഓരോ കട്ട് വരുന്നുണ്ട്. ആ കട്ടുകളിൽ ചില തത്വങ്ങളോ നിർദ്ദേശങ്ങളോ വായനക്കാരോട് നേരിട്ട് പറയുന്നതിലൂടെ വർത്തമാനവും ഭാവിയുമായി കഥയെ ബന്ധിപ്പിക്കുകയാണ്. കഥയുടെ ഏതാണ്ട് അവസാനഭാഗത്ത് വരുന്ന ഇത്തരം ഒരിടവേളയിൽ കാണുന്ന രണ്ട് ചെറിയ സൂക്തങ്ങൾ.

‎وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا (23) إِلَّا أَن يَشَاءَ اللَّهُ ۚوَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَٰذَا رَشَدًا (24)     
‘ഞാൻ നാളെ ആ സംഗതി ചെയ്തിരിക്കും എന്ന് നീ കട്ടായം പറയരുത് (23). 
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സംഭവിക്കില്ല. മറന്നുപോയെങ്കിൽ നീ നിന്റെ റബ്ബിനെ സ്മരിക്കുക. നീ പറയേണ്ട നിലപാടിങ്ങനെയാണ്: ഇതിനേക്കാൾ ഏറ്റവും ശരിയായതിലേക്ക് എന്റെ റബ്ബ് എനിക്ക് വഴികാണിച്ചേക്കും (24).      
 
എന്തുചെയ്യുമ്പോഴും ഇൻഷാഅല്ലാഹ് പറയണം എന്ന കേവല നിർദേശമല്ലിത്. സമകാലിക നിരാശാ/രോഷപ്രകടനങ്ങളുടെ സമയത്ത് മനസിരുത്തി വായിച്ചു നോക്കേണ്ട വചനങ്ങളാണിവ.
'ഇതിവിടം കൊണ്ടൊന്നും തീരില്ല, നമ്മൾ കെട്ടകാലത്താണ്, നമ്മളൊക്കെ ഇങ്ങനെ നശിക്കും, മുന്നോട്ട് നയിക്കാൻ തക്ക നേതൃത്വമില്ല, സമുദായം ഒന്നിനും കൊള്ളാത്തവരാണ്, അടിമത്തം പേറുന്നവരാണ്.... നിലവിലെ യാഥാർഥ്യങ്ങളെ ഇവ്വിധം കർക്കിച്ചുതുപ്പി രോഷം തീർക്കുകയാണ് പലരും.  

മുന്നൂറ് കൊല്ലമെടുത്ത് അതിജീവനം സാധ്യമാക്കിയ ഏതാനും ചെറുപ്പക്കാരെ ഉദാഹരിക്കുന്നിടത്താണ് മേൽവചനങ്ങൾ. വിശ്വാസവും സംസ്കാരവും സംരക്ഷിക്കാൻ ആ പ്രത്യേക ഗുഹയിൽ الكهف അഭയം തേടുകയല്ലാതെ നിവൃത്തിയില്ലെന്ന് തീരുമാനിക്കാൻ മാത്രം ഭീകരമായിരുന്നു ചുറ്റുമുള്ള സാഹചര്യങ്ങൾ. കഴിയും വിധം അവർ ചെറുത്തു إذ قاموا . സത്യവും നിലപാടും വിളിച്ചു പറഞ്ഞു وقالوا... ആവുന്നതൊക്കെ ചെയ്തിട്ടും അവർക്ക് അന്നത്തെ സാഹചര്യത്തെ മറികടക്കുവാൻ സാധിച്ചില്ല. എന്നാൽ പിന്നെ വ്യവസ്ഥിതിക്ക് കീഴടങ്ങാം? അതിനനുകൂലമായ ചരിത്ര മാലിന്യങ്ങളുണ്ടോ എന്ന് ചികഞ്ഞു നോക്കാം? അല്ല. നേരത്തെ അവർ കണ്ടെത്തിയ/തയ്യാറാക്കിയ ആ പ്രത്യേക ഗുഹയിൽ അഭയം പ്രാപിക്കുകയാണ് (അഖ്‌സയിലെ ഖുബ്ബതു സ്വഖ്‌റക്ക് കീഴിലാണ് ആ ഗുഹയെന്ന പ്രബല നിരീക്ഷണം ശരിയായിരിക്കുമെന്നാണ് തോന്നുന്നത്). അല്ലാഹു അവന്റെ സമയക്രമത്തിലൂടെ പുറത്തേക്ക് എത്തിക്കും വരെ അവിടെ കഴിയുകയാണ്. പുറത്തുവരുമ്പോൾ അവർ ആഗ്രഹിച്ച മാറ്റം സമൂഹത്തിൽ സംഭവിച്ചു കഴിഞ്ഞിരുന്നു. 

മൂന്ന് നൂറ്റാണ്ടുകൾ എടുത്താലും മാറ്റം വരും. അതിനിടക്ക് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങൾ തന്നെയാണ്. അതിനാൽ വിശ്വാസികൾക്ക് ഒരിക്കലും നിരാശ വേണ്ട. ഈ സൂറയുടെ ആരംഭവചനങ്ങൾ ഒന്നുകൂടി വായിച്ചു നോക്കുക. നിഗൂഢതകളില്ലാത്ത, നേർക്കുനേർ പരിഹാരങ്ങളും തെളിഞ്ഞ മാർഗവും വ്യക്തമാക്കുന്ന ഗ്രന്ഥമുണ്ട്. അതു കയ്യിലേന്തി മുന്നോട്ടു പോവുക മാത്രമേ വിശ്വാസികൾ ചെയ്യേണ്ടതുള്ളൂ. 

സയണിസമോ ലിബറലിസമോ സാമ്രാജ്യത്വമോ ഫാഷിസമോ ... ഫസാദുകൾ എന്തുതന്നെ ആയാലും മറികടക്കുവാൻ ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം അവനവന്റെ കഴിവനുസരിച്ചു ചെയ്തുതീർക്കുക. തനിക്ക് അനശ്വര പ്രതിഫലം ഉറപ്പ്. താൻ ഉദ്ദേശിച്ച മാറ്റം ഇന്നു തന്നെ/ ഉടൻ തന്നെ/ എന്റെ ജീവിതകാലത്തു തന്നെ നശ്വരലോകത്ത് നടക്കും/നടക്കണം എന്ന് സ്വയം തീരുമാനിച്ചു നിരാശയും രോഷവും കൊള്ളേണ്ടതില്ല. അല്ലാഹു ഉദ്ദേശിക്കണം. മേൽസൂചിപ്പിച്ച എല്ലാ ഫസാദുകളും നടക്കുന്നതും അല്ലാഹു ഉദ്ദേശിച്ചു തന്നെയാണ്. 
‘അവർ തന്ത്രം മെനയുമ്പോൾ ഞാൻ എന്റെ തന്ത്രവും മെനയുന്നുണ്ട്. നിഷേധികളുടെ അൽപതന്ത്രകാലത്തേക്ക് അവരെയങ്ങു വിട്ടേക്കുക’. അത്രേയുള്ളൂ

പരിഹാരങ്ങൾക്ക് അവനവന്റെ കഴിവത് ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഫലം സമൂഹത്തിൽ വന്നോളും. പരിശ്രമങ്ങൾ തടയപ്പെട്ടു, പരിഷ്കർത്താക്കൾ ബന്ധിതരായി/ഇല്ലാതായി, ഇതൊന്നും നടക്കില്ല, ശത്രുക്കൾ അതിശക്തരാണ്... തുടങ്ങിയ നിരാശകളും വേണ്ടതില്ല. മാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നവർക്ക് മുമ്പിൽ വെല്ലുവിളികളും അവയെ മറികടക്കുവാൻ സഹായവും അല്ലാഹു നൽകും. വെല്ലുവിളികളെ പരിഹസിക്കുന്നവർ അൽപന്മാരാണ്. അവരോട് തർക്കിക്കുന്നതും അല്പത്തമായിരിക്കും.

അൽകഹ്ഫ് സംഭവത്തിന്റെ പ്രതലഭൂമിയായ അഖ്‌സയിലേക്ക് നോക്കുക. ഒരു നൂറ്റാണ്ടിലധികമായി ലോകത്തെ എല്ലാ വൻശക്തികളും ഒന്നിച്ചുനിന്ന് പദ്ധതിയിട്ടു നടപ്പാക്കി വളർത്തിനോക്കിയ സയണിസ്റ്റ് ഫസാദാണ് അവിടെ തകർന്നു കൊണ്ടിരിക്കുന്നത്. തകർച്ചയുടെ പ്രഹരങ്ങൾ ഏൽപിച്ചുകൊണ്ടിരിക്കുന്നവരെ നോക്കൂ. അവർ സയണിസ്റ്റ് തടവറയിൽ കഴിഞ്ഞവരാണ്. 430 വർഷമായിരുന്നു സിൻവറിന് വിധിക്കപ്പെട്ട തടവറ. അതിൽ 24 കൊല്ലമദ്ദേഹം തടവനുഭവിച്ചു. എന്നിട്ടോ? മരണമില്ലാത്ത പ്രേതമെന്ന് അദ്ദേഹത്തെയും ആ മുന്നേറ്റത്തെയും ചൊല്ലി പിശാചുകൾ പേടിപൂണ്ടു കഴിയുന്നു. എല്ലാ മനുഷ്യത്വ വിരുദ്ധ ഫസാദുകളുടെയും സ്ഥിതി ഇതുതന്നെയാണ്. അത് നമ്മുടെ കണ്ണിൽ ഇപ്പോൾ തന്നെ കാണണം എന്ന വാശി വേണ്ട. 
    
'മറന്നുപോയെങ്കിൽ റബ്ബിനെ ഓർക്കുക. നീ പറയേണ്ട നിലപാട് ഇതാണ്: ഇതിനേക്കാൾ ഏറ്റവും ശരിയായതിലേക്ക് എന്റെ റബ്ബ് എനിക്ക് വഴികാണിച്ചേക്കും'.
#Dr.CkAbdulla

2024, ഫെബ്രുവരി 14, ബുധനാഴ്‌ച

മസ്ജിദുന്നബവി

മൂന്ന് ദിവസത്തേക്ക് പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കുന്നതിന് സൗദി അറേബ്യ ഒരു വെർച്വൽ 3D സോഫ്റ്റ്വെയർ സൃഷ്ടിച്ചു. നിങ്ങളുടെ വിരൽ കൊണ്ട് സ്ക്രോൾ ചെയ്‌താൽ നിങ്ങൾക്ക് വീട്ടിൽ പ്രവാചകന്റെ പള്ളിയിൽ എവിടെയും പോകാം. സന്ദർശിക്കുകയും പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്യുക.

ഓപ്പൺ ചെയ്താൽ ഓരോ ബാബിൽ തൊട്ടാൽ അവിടെയുള്ള എല്ലാം കാണാൻ സാദിക്കും 
 https://vr.qurancomplex.gov.sa/msq/


അടി.... അടി.... തമ്പോരടി

മലയാളത്തിലെ 'അടി' എന്ന പദത്തെക്കുറിച്ച് ചെറിയൊരു ഗവേഷണം നടത്തിനോക്കിയതാണ്.
ശരിക്കും ഞെട്ടിച്ചുകളഞ്ഞു.
ആരും അടിയ്ക്കാതെയും,
ആർക്കും അടികൊള്ളാതെയും നമ്മുടെ വാമൊഴിയിലും, വരമൊഴിയിലും ഈ 'അടി'കൾ എത്രത്തോളം അടയാളപ്പെടുത്തിയിട്ടുണ്ടെന്നു നോക്കൂ...

'ചെകിട്ടത്തടി' പോലെയല്ലല്ലോ 'നോട്ടീസടി'
'നോട്ടീസടി' പോലെയാകില്ല 'പെയിന്റടി'
'പെയിന്റടി' പോലെയല്ല 'വിസിലടി'
'വിസിലടി' പോലെയാണോ 'പെട്രോളടി'
'പെട്രോളടി' പോലെയല്ലല്ലോ 'മരമടി'(മത്സരം)
'മരമടി' കാണാൻ രസമാണെങ്കിലും
'ലോട്ടറിയടി'ക്കുന്നത് കാണാനേ കഴിയില്ല. 

ടോർച്ചടി'ക്കുന്നതും, 'ടോർച്ചുകൊണ്ടടി'ക്കുന്നതും
രണ്ടു തരത്തിലാണ്,
ആണിയിൽ ചുറ്റിക കൊണ്ടാണ് 
'അടി'ക്കുന്നതെങ്കിലും
'ആണിയടി'യെന്നാണ് പറയാറ്.
മൈദാ കുഴച്ചു മേശമേലാണ് 'അടി'ക്കുന്നതെങ്കിലും,
'പൊറോട്ടാഅടി' എന്നാണ് പേര്..
തല 'മൊട്ടയടി'ക്കുന്നതും
മുട്ട 'ഓംലെറ്റടി'ക്കുന്നതും ഒരുപോലെയാണോ..

'അച്ചടി'ക്കുന്നത് കടലാസിലാണെങ്കിലും
'ചെണ്ടയടി'ക്കുന്നത് ചെണ്ടയിൽത്തന്നെ 
'ആഞ്ഞടി'ക്കുകയാണ്.
'മണിയടി'യും 'അലാറമടി'യും
ഫലത്തിൽ ഒന്നാണെങ്കിലും
'മണിയടി'ക്കു വേറെയും അർത്ഥമുണ്ട്.
'ഹോണടി'ക്കുന്നത് വാഹനത്തിന്റ
ഉള്ളിലിരുന്നാണെങ്കിലും
ഹോൺ ഘടിപ്പിച്ചിരിക്കുന്നത്
വാഹനത്തിന്റെ 'അടി'യിലാണ്..

'വെള്ളമടി' തന്നെ പല തരം,
മനുഷ്യർ 'കള്ളടി'ക്കുന്നത് 'വെള്ളമടി'യാണെങ്കിലും
മോട്ടോർ 'വെള്ളമടി'ക്കുന്നത്
വെള്ളം വലിച്ചെടുത്തു തള്ളിവിടലാണ്,
സൈക്കിളിന് 'കാറ്റടി'ക്കുന്നതും,
കുളിർ'ക്കാറ്റടി'ക്കുന്നതും വ്യത്യസ്തമല്ലേ..
'സൈറ്റടി'ക്കുന്നതും, ബോറടി'ക്കുന്നതും,
'കമന്റടി'ക്കുന്നതും 'കറണ്ടടി'ക്കുന്നതും 'ലൈക്കടി'ക്കുന്നതും 'കുമ്മിയടി'ക്കുന്നതും
പല തരത്തിലാണ്..

'ഒറ്റയടി'പ്പാത വെറും 'ഒറ്റയടി'യല്ലല്ലോ,
എന്നാൽ 'കൂട്ടയടി' കൂട്ടം ചേർന്നുള്ള
'അടിയോടടി' തന്നെയാണ്.
'കൈയടി' പോലെയല്ല ഒരു 'കാലടി'
'നമ്മുടെ ഒരു 'കാലടി' പോലെയല്ല
നമ്മുടെ നാട്ടിലെ 'കാലടി' എന്ന സ്ഥലം,
ഈ പറഞ്ഞ രണ്ടു 'കാലടി'കളും പോലെയല്ലല്ലോ ഒരു കാൽ'അടി'..
'വെയിലടി'ക്കുന്നതും, 'തണുപ്പടി'ക്കുന്നതും
ഒരുപോലെയെന്ന് തോന്നുമെങ്കിലും
'മണമടി'ക്കുന്നത് മറ്റൊരു തരത്തിലാണ്.

ഇങ്ങനെ നോക്കിയാൽ നമ്മുടെ നിത്യജീവിത പരിസരങ്ങളിലാകെ കുടിയേറി, പെറ്റുപെരുകി, അധീശത്വം സ്ഥാപിച്ചിരിക്കുകയാണ്
മഹത്തായ ഈ 'അടി'കൾ....
ഇതൊന്നും പോരാഞ്ഞ് നമ്മുടെ ന്യൂ ജെൻ പിള്ളേരുടെ വകയായി അവരും കൊടുത്തു 'അടി'പൊളി എന്ന അപ്രിസിയേഷൻ...

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും
'ഒരടി' എന്നത് കേവലം പന്ത്രണ്ടിഞ്ചു മാത്രം...

2024, ഫെബ്രുവരി 11, ഞായറാഴ്‌ച

തൗഹീദിന്റെ തെളിമ

✒️ മൗലാനാ നജീബ് മൗലവി_

       തൗഹീദിൻ്റെ പേരിൽ തന്നെ പരസ്യമായി പുത്തൻവാദങ്ങളുമായി രംഗത്തുവന്ന പ്രസ്ഥാനമാണ് മുഅ്‌തസിലത്ത്. അഹ്‌ലുൽ അദ്ലിവത്തൗഹീദ് (നീതിയുടെയും ഏകദൈവ വിശ്വാസത്തിൻ്റെയും അളുകൾ) എന്നായിരുന്നു അവർ തങ്ങളെ സ്വയം വിശേഷിപ്പിച്ചത്. അല്ലാഹുവിൻ്റെ നീതിയിലും തൗഹീദിലും ശരി വിശ്വാസമുള്ളവർ തങ്ങൾ മാത്രമാവണെന്നു സ്വയം അവകാശപ്പെടുകയായിരുന്നു അവർ. മറ്റുള്ളവരെല്ലാം അല്ലാഹുവിലേക്ക് അനീതി ചേർക്കുന്ന അവിശ്വാസികളും ശിർക്ക് (ബഹുദൈവ വിശ്വാസം) വച്ചു പുലർത്തുന്നവരുമാണെന്ന് ആരോപിക്കാനും അവർ മടിച്ചില്ല. ഇസ്‌ലാമിൻ്റെ തൗഹീദിനെ വിശദീകരിച്ച് വിശദീകരിച്ച് അല്ലാഹുവിനെ കണ്ണുകൊണ്ടു കാണാൻ കഴിയില്ലെന്നും കാതുകൊണ്ടു കേൾക്കാൻ കഴിയില്ലെന്നും അവർ ജല്‌പിച്ചു. പരലോകത്തു വച്ച് അല്ലാഹുവിൻ്റെ തിരുദർശനം പ്രമാണങ്ങൾ സ്ഥിരീകരിച്ചതും ആദികാല മുസ്‌ലിംകൾ തർക്കമില്ലാതെ വിശ്വസിച്ചതുമാണ്. പക്ഷേ, അല്ലാഹുവിനെക്കാണൽ അസാദ്ധ്യമാണെന്നും കാണാമെന്നു വന്നാൽ അല്ലാഹുവിനു ജിസ്‌മു(സ്ഥൂല ശരീരം)ണ്ടെന്നും ദിശയുണ്ടെന്നും വരുമെന്നും ഇവർ തർക്കിച്ചു. ഇതുപോലെ പരിപൂർണ്ണതയുടെ ഗുണങ്ങളായ അറിവ്, സംസാരം, കഴിവ്, ജീവ്, തുടങ്ങിയ അല്ലാഹുവിൻ്റെ ഗുണങ്ങൾ തൗഹീദിനു വിരുദ്ധമാണെന്ന് ഇവർ സിദ്ധാന്തിച്ചു. ഇത്തരം ഗുണങ്ങൾ അല്ലാഹുവിനുണ്ടെന്നു വന്നാൽ അവയെല്ലാം അനാദിയാണെന്നു വരുമെന്നും അല്ലാഹു മാത്രമേ അനാദിയുള്ളൂവെന്നും അതിനു വിരുദ്ധമാണിതെന്നും അവർ ജല്‌പിച്ചു. ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്ന സത്യം അവർ നിഷേധിച്ചതും അത് അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വിതണ്ഡവാദം ഉയർത്തിവിട്ട് വിപ്ലവമുണ്ടാക്കിയതും ഈ തത്വത്തിൽ ഊന്നിക്കൊണ്ടായിരുന്നു.

        ചുരുക്കത്തിൽ, ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിന്റെ വാക്യം പഠിപ്പിക്കുന്ന ആശയങ്ങൾക്കു പുറമെ അല്ലാഹുവിനെ കാണാൻ കഴിയില്ലെന്നും അവന്റെ കലാം കേൾക്കാൻ പറ്റില്ലെന്നും മറ്റുമുള്ള തങ്ങളുടെ അബദ്ധ വാദങ്ങൾ അവർ തൗഹീദിൽ തിരുകിക്കയറ്റാൻ ശ്രമിച്ചു. കേൾവി, കാഴ്ച്ച, അറിവ്, കഴിവ് തുടങ്ങിയ അല്ലാഹുവിന്റെ ഗുണങ്ങളെ നിരാകരിച്ചു. അല്ലാഹുവിന്റെ കലാമിനെ നിഷേധിച്ചു. ഇതെല്ലാം വിശ്വസിക്കുന്നത് തൗഹീദിന് വിരുദ്ധമാണെന്നും ശിർക്കാണെന്നും തുറന്നു വാദിച്ചു.

      അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഇവരെ ശക്തിയുക്തം എതിർത്തു. ഇവർക്കെതിരെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. അതേസമയം ഭരണകൂട ഫാസിസത്തിലൂടെ ഇവരുടെ വിതണ്ഡവാദങ്ങൾ ചെലവാക്കാനും പ്രതിഷ്ഠിക്കാനുമുള്ള ശ്രമമുണ്ടായി. അഹ്ലു‌സ്സുന്നത്തിൻ്റെ ഇമാമുകൾ ഇതിനെതിരെ ശക്തമായി ചെറുത്തു നിന്നു. മുസ്ലിം ലോകത്തു ദശകങ്ങളോളം അല്ല, നൂറ്റാണ്ടുകളോളം നീണ്ട തർക്കവിതർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഇതു വഴിവച്ചു. ചില മുസ്‌ലിം ഭരണാധികാരികൾ ഇമാമുകൾക്കു നേരെ കൊടിയ മർദ്ദനങ്ങളഴിച്ചു വിട്ടു. എല്ലാറ്റിനുമൊടുവിൽ ഇസ്ലാമിൻ്റെ അടിത്തറയായ തൗഹീദ് ഇനിയൊരു കൈയേറ്റത്തിനും വിധേയമാകാത്തവണ്ണം സമഗ്രമായി നിർവ്വചിക്കപ്പെട്ടു. ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിൻ്റെ കലിമ: പ്രഖ്യാപനം ചെയ്യുന്ന ആശയം نفي التشبيه و التعطيل
ആണെന്ന് അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകൾ വിശദീകരിച്ചു. 
تشبيه
ന്റെയും 
تعطيل
ൻ്റെയും നിഷേധം എന്നാണ് ഈ വാക്യത്തിനർത്ഥം. അല്ലാഹുവിനെ മറ്റൊന്നിനോടു സദൃശപ്പെടുത്തൽ അഥവാ ദാത്തിലോ ഗുണങ്ങളിലോ പ്രവൃത്തികളിലോ അല്ലാഹുവിനു സദൃശമായി മറ്റാരെങ്കിലുമുണ്ടെന്നു വിശ്വസിക്കൽ എന്നാണ് തശ്‌ബീഹ്. അല്ലാഹുവിൻ്റെ തിരുദാത്തിനു പുറമേ അവനു ഗുണങ്ങളുണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്നു വാദിച്ച് അല്ലാഹുവിനെ നിർഗുണനാക്കലാണ് തഅ്ത്വീൽ. അല്ലാഹു തന്നെ ഇല്ലെന്നോ അവനനിവാര്യമായ ഗുണങ്ങളേതെങ്കിലുമില്ലെന്നോ ഉണ്ടെങ്കിൽ തന്നെ നമുക്കവനിലേക്ക് യാതൊരാവശ്യവുമില്ലെന്നോ ഉള്ള ധാരണകളും ജല്പ്‌പനങ്ങളും തഅ്‌ത്വീൽ തന്നെ. ഈ രണ്ടബദ്ധങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള വിശ്വാസമാണു തൗഹീദ്. അതായത്, അല്ലാഹു മറ്റൊന്നിനോടും ഒരു വിധേനയും സദൃശമല്ലെന്നും എന്നാൽ, പൂർണ്ണതയുടെ ഗുണങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട നിർഗുണ സത്തയല്ലെന്നും സദ്‌ഗുണ സമ്പൂർണ്ണനാണെന്നും വിശ്വസിക്കുകയാണ് തൗഹീദ്.

     പ്രമാണങ്ങളുടെയടിസ്ഥാനത്തിൽ ഇതു സ്ഥിരീകരിക്കപ്പെട്ടതോടെ അല്ലാഹുവിന് തൻ്റെ തിരുദാത്തിനു പുറമെ ഗുണങ്ങളുണ്ടെന്നു വിശ്വസിച്ചാൽ തൗഹീദ് തകർന്നു പോകുമെന്ന വാദവും സൃഷ്ടികളെ വിശേഷിപ്പിക്കുന്ന ഗുണങ്ങൾകൊണ്ട് അല്ലാഹുവിനെയും വിശേഷിപ്പിച്ചാൽ അതു തൗഹീദിനു വിരുദ്ധമാകുമെന്ന വാദവും അബദ്ധ ജഡിലമാണെന്നു വ്യക്തമായി.

        തൗഹീദിൻ്റെ പേരിൽ രംഗത്തുവന്ന മുഅ്തസിലീപ്രസ്ഥാനം ബിദ്അത്തിന്റെയും തർക്കത്തിൻ്റെയും നിരവധി ചിന്തകളും സിദ്ധാന്തങ്ങളും സ്ഥാപിച്ചെടുക്കുകയും ഇസ്‌ലാമിലെ ഒരു ബൗദ്ധിക പ്രസ്ഥാനമായി തങ്ങളെ സ്വയം അവരോധിക്കുകയുമായിരുന്നു. പക്ഷേ, അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകളുടെ ശ്രമഫലമായി ഈ പ്രസ്ഥാനം തീർത്തും നാമാവശേഷമാവുകയും അപ്പേരിൽ ഇനിയാരും പ്രവർത്തിക്കാനിടവരാത്തവണ്ണം സമുദായത്തിലെ കള്ളനാണയങ്ങളായിത്തീരുകയും ചെയ്തു. അവരുയർത്തിവിട്ട പുത്തൻചിന്തകളുടെ ഉച്ഛിഷ്‌ടങ്ങൾ അങ്ങിങ്ങായി ഇപ്പോളും ശേഷിക്കുകയും പലരും അതു പുറത്തു പറയുകയും ചെയ്യുന്നുണ്ടെന്നു മാത്രം.

       മുഅ്തസിലിസം പോലെ തൗഹീദിൻ്റെ ആശയത്തിൽ കൂട്ടി ചേർക്കലിനു ശ്രമിച്ച മറ്റൊരു ബിദ് അത്തിൻ്റെ കക്ഷിയാണു വഹ്ഹാബികൾ. അല്ലാഹു ജിസ്‌മ്‌ (സ്ഥൂല വസ്‌തു) ആണെന്നു വരുമെന്ന ആശങ്ക കൊണ്ട് അല്ലാഹുവിൻ്റെ തിരുദർശനം തൗഹീദിനു വിരുദ്ധമാണെന്നു മുഅ്തസിലത്തു ജൽപിച്ചുവെങ്കിൽ, അല്ലാഹു കൈകാലുകൾ, മുഖം, കണ്ണ്, കാത്, കൈത്തണ്ട, കാൽത്തണ്ട തുടങ്ങിയ അവയവങ്ങളെല്ലാമുള്ള ഒരു ജിസ്മാണെന്നും, ഇരിക്കുക, ഇറങ്ങുക, കയറുക, ചിരിക്കുക പോലുള്ളതെല്ലാം അതിന്റെ തനത് അർത്ഥത്തിൽ തന്നെ അല്ലാഹുവിനുണ്ടെന്നു വിശ്വസിക്കൽ തൗഹീദിൻ്റെ ഭാഗമാണെന്നുമത്രെ വഹ്ഹാബിസം പറയുന്നത്. ഖുർആനിലും സുന്നത്തിലും അല്ലാഹുവിനെ സംബന്ധിച്ച് ഇങ്ങനെയെല്ലാം വന്നിട്ടുണ്ടെന്നും അതങ്ങനെത്തന്നെ വിശ്വസിക്കലാണു തൗഹീദെന്നും ഇവർ ജൽപിക്കുന്നു! ഇതുപോലെ പ്രാർത്ഥന എന്ന കർമ്മം അല്ലാഹുവിനോട് മാത്രമായിരിക്കുക എന്നതും ഇവരുടെ ഭാഷയിൽ തൗഹീദിൻ്റെ അടിസ്ഥാന ഭാഗമാണ്. പക്ഷേ, ലാഇലാഹ ഇല്ലല്ലായെന്ന തൗഹീദിന്റെ കലിമയുടെ അർത്ഥത്തിൽ ഇതൊന്നും കൂട്ടിച്ചേർക്കാൻ അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകളും പണ്ഡിതൻമാരും സമ്മതിച്ചില്ല. സത്യവിശ്വാസിയും മുസ്‌ലിമുമാകാൻ അനിവാര്യമായിട്ടുള്ള തൗഹീദിൻ്റെ കലിമയിൽ ഉൾക്കൊണ്ടതായി ഇസ്‌ലാമിൻറെ ആദിതലമുറതൊട്ട് എന്തെല്ലാം കാര്യങ്ങൾ മനസ്സിലാക്കിയോ അവയ്ക്കപ്പുറം യാതൊന്നും കൂട്ടിച്ചേർക്കാൻ ദീനിൻ്റെ ഇമാമുകൾ ഒരു കാലത്തും സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ അടിസ്ഥാനാദർശമായ തൗഹീദ് യാതൊരു കലർപ്പുമില്ലാതെ ഇന്നും തെളിഞ്ഞു നിൽക്കുന്നു. 

     ബിദ്‌അത്തിന്റെ കക്ഷികളും വിഭാഗങ്ങളും സ്വന്തം ഇംഗിതങ്ങളും തത്വങ്ങളും തൗഹീദിൽ കടത്തിക്കൂട്ടാൻ ശ്രമിക്കുമ്പോളാണു തർക്കമുണ്ടാകുന്നത്. വിവാദങ്ങൾ നടക്കുന്നത്. തൗഹീദിന്റെ പേരിൽ മുസ്ലിംകൾ ഭിന്നിക്കുകയും തർക്കിക്കുകയും ചെയ്യലായി ഇതിനെ വിലയിരുത്താവതല്ല. മറിച്ച്, ഇസ്ലാമിന്റെ അടിസ്ഥാനാദർശമായ തൗഹീദ് സുരക്ഷിതമായി നിലക്കൊള്ളുന്നതിനു പരിശ്രമിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണ്.

2024, ഫെബ്രുവരി 10, ശനിയാഴ്‌ച

ഖബർസ്ഥാനിലെ കാട് വെട്ടിത്തെളിക്കുന്നതിന്റെ വിധി

ഖബ്റിനു മേല്‍ പച്ച ചെടി തടിക്കഷ്ണം തുടങ്ങിയവ വെക്കല്‍ സുന്നതാണ്. നബി (സ്വ) അങ്ങനെ ചെയ്തിട്ടുമുണ്ട്. ആ ചെടിയുടെ തസ്ബീഹ് കാരണം മയ്യിതിനു ഉപകാരം ലഭിക്കുമെന്നാണ് നബി തങ്ങള്‍ പറഞ്ഞത്. അത് കൊണ്ട് മയ്യിതിന്‍റെ ഉപകാരത്തിനായി വെച്ച ചെടി പോലോത്തവ അവിടെ നിന്നു നീക്കം ചെയ്യല്‍ ഹറാമാണ്. മയ്യിതിന്‍റെ അവകാശം നഷ്ടപ്പെടുത്തല്‍ അതിലൂടെ വരുന്നുണ്ട്. മറ്റുള്ളവന്‍റെ അവകാശം അക്രമമായി നശിപ്പിക്കല്‍ ഹറാമാണല്ലോ.


*يُسَنُّ وَضْعُ جَرِيدَةٍ خَضْرَاءَ عَلَى الْقَبْرِ لِلِاتِّبَاعِ وَسَنَدُهُ صَحِيحٌ وَلِأَنَّهُ يُخَفِّفُ عَنْهُ بِبَرَكَةِ تَسْبِيحِهَا إذْ هُوَ أَكْمَلُ مِنْ تَسْبِيحِ الْيَابِسَةِ لِمَا فِي تِلْكَ مِنْ نَوْعِ حَيَاةٍ وَقِيسَ بِهَا مَا اُعْتِيدَ مِنْ طَرْحِ الرَّيْحَانِ وَنَحْوِهِ وَيَحْرُمُ أَخْذُ ذَلِكَ كَمَا بَحَثَ لِمَا فِيهِ مِنْ تَفْوِيتِ حَقِّ الْمَيِّتِ (تحفة المحتاج 3/197)وَظَاهِرُهُ أَنَّهُ لَا حُرْمَةَ فِي أَخْذِ يَابِسٍ أَعْرَضَ عَنْهُ لِفَوَاتِ حَقِّ الْمَيِّتِ بِيُبْسِهِ وَلِذَا قُيِّدَ وَأُنْدِبَ الْوَضْعُ بِالْخَضِرَةِ وَأَعْرَضُوا عَنْ الْيَابِسِ بِالْكُلِّيَّةِ نَظَرًا لِتَقْيِيدِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - التَّخْفِيفَ بِالْأَخْضَرِ بِمَا لَمْ يَيْبَسْ*


🌈മേല്‍ പറഞ്ഞ വിഷയങ്ങളാണ് തുഹ്ഫയിലെ ഈ ഇബാതിലൂടെ വ്യക്തമാക്കുന്നത്. ചെടി വെക്കല്‍ തന്നെ വേണമെന്നില്ല മറിച്ച് ഖബ്റിനു മുകളില്‍ സ്വയം വളരുന്ന പുല്ല് പോലോത്തവ കൊണ്ടും ഈ സുന്നത് ലഭിക്കുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. 
*لَوْ نَبَتَ عَلَيْهِ *حَشِيشٌ اكْتَفَى بِهِ عَنْ وَضْعِ الْجَرِيدِ* 
ഖബ്റിനു മുകളില്‍ പുല്ല് മുളച്ചിട്ടുണ്ടെങ്കില്‍ തടിക്കഷ്ണം വെക്കേണ്ടതില്ല എന്ന ശര്‍വാനിയിലെ ഇബാറതില്‍ നിന്ന് അത് വ്യക്തമാവുന്നുണ്ട്.

💫ഖബ്റിനു മുകളില്‍ സ്വയം വളരുന്ന പുല്ലിന്‍റെ തസ്ബീഹ് കാരണവും മയ്യിതിന് സമാശ്വാസം ലഭിക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. അത് വെട്ടിക്കളയലും മയ്യിതിന്‍റെ അവകാശം ഹനിക്കല്‍ തന്നെയാണല്ലോ. മയ്യിതിനു ഉപകരിക്കണം എന്ന് കരുതി നട്ട പുല്ല് അല്ലെങ്കില്‍ ആ ഉദ്ദേശത്തോടെ നില നിര്‍ത്തിയ പുല്ലുകള്‍ ഇവയെ സംബന്ധിച്ചാണ് പറിച്ചെടുക്കല്‍ ഹറാമാണെന്ന് പണ്ഡിതര്‍ പറഞ്ഞത്. ഖബ്റിനു മുകളിലുള്ളതല്ലാത്ത മറ്റു പുല്ലുകള്‍ വെട്ടിക്കളയുന്നതിനു വിരോധമില്ല. സിയാറത് ചെയ്യുന്നവര്‍ക്കും മറ്റു വഴി നടക്കുന്നവര്‍ക്കും ബുദ്ധിമുട്ടാവുന്ന വിധം വളര്‍ന്ന പുല്ല് ബുദ്ധിമുട്ടിനു പരിഹാരമാവുന്ന വിധം വെട്ടിക്കളയുന്നതിനും വിരോധമില്ല.

☑️ഖബ്റിനു മുകളിലുള്ള പച്ച പുല്ല് പറിക്കുന്നതും വെട്ടുന്നതും കറാഹതാണെന്ന് ഹനഫീ പണ്ഡിതര്‍ ഉദ്ധരിക്കുന്നുണ്ട്.

 *يكره أيضا قطع النبات الرطب والحشيش من المقبرة دون اليابس كما في البحر و الدرر و شرح المنية وعلله في الإمداد بأنه ما دام *(رد المختار) رطبا يسبح الله تعالى فيؤنس الميت وتنزل بذكره الرحمة*

 മഖ്ബറയിലെ പച്ച പുല്ലുകളും ചെടികളും മുറിക്കല്‍ കറാഹതാണ്. ഉണങ്ങിയത് മുറിക്കാം, പച്ചയായ അവസരത്തില്‍ അത് തസ്ബീഹ് ചൊല്ലുകയും അത് മയ്യിതിമു സമാശ്വാസം ലഭിക്കുകയും റഹ്മത് ഇറങ്ങുകയും ചെയ്യുമെന്നതാണ് കറാഹതാവാന്‍ കാരണം.

                  

2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

ശംസി ജമാ മസ്ജിദ് ':ഇന്ത്യയിലെ മൂന്നാമത്തെ പൗരാണിക മസ്ജിദ്.

ഗ്യാൻവാപിയും മദുരാ ശാഹി ഈദ് ഗാഹ് പള്ളികൾക്കൊപ്പം സംഘപരിവാറിൻ്റെ അജണ്ടയിലെ ഇന്ത്യയിലെ പ്രധാന പള്ളികളിലൊന്നാണ് ഉത്തർ പ്രദേശിലെ ബദായുനിൽ നിർമിക്കപ്പെട്ട 'ശംസി ജമാ മസ്ജിദ് ' എന്ന പേരിലറിയപ്പെടുന്ന ചരിത്ര നിർമിതി. ദില്ലി ഭരണാധികാരി ഇൽത്തുമിഷിൻ്റെ കാലത്ത്, നാല് വർഷത്തോളം ദില്ലി സൽത്തനത്തിൻ്റെ തലസ്ഥാന നഗരിയായിരുന്നു ബദായുൻ. ഇന്ത്യയിൽ നിലവിലുള്ള പൗരാണിക മസ്ജിദികളിൽ മൂന്നാമത്തേതും രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ പള്ളിയുമാണ് ബദായുനിൽ പണികഴിപ്പിച്ചിട്ടുള്ളത്. 'അസീമുശ്ശഹാൻ ജമാ മസ്ജിദ്' എന്ന പേരിൽ കൂടി ചരിത്രം പള്ളിയെ വരച്ചിടുന്നുണ്ട്. 

" 60 വർഷത്തിലധികമായി ഈ പള്ളിയിൽ സേവനം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. മുസ്ലികളെ സംബന്ധിച്ചിടത്തോളം ബദായുൻ പള്ളിയും പരിസരവും എക്കാലവും അവർക്ക് പ്രിയപ്പെട്ടതാണ്. ഇവിടെയാണ് ഇൽത്തുമിഷിൻ്റെ മകളായ ഇന്ത്യയിലെ ഏക മുസ്ലിം സ്ത്രീ ഭരണാധികാരി റസിയ സുൽത്താന ജനിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങളെ മുന്നിൽ നയിച്ച പണ്ഡിതനും ചിശ്തി സൂഫിധാരയിലെ പ്രധാന ആചാര്യനുമായ ശൈഖ് ഖ്വാജ സയ്യിദ് മുഹമ്മദ് നിസാമുദ്ധീൻ ഔലിയ ജനിച്ചത് ബദായുനിലെ പള്ളിയോട് ചേർന്ന പ്രദേശത്താണെന്നതും ചരിത്ര വസ്തുതയാണ്. വർഷങ്ങളായി ഹിന്ദു-മുസ്ലിം ഐക്യത്തോടെയാണ് ജനങ്ങൾ ഇവിടെ ജീവിച്ചു വരുന്നത് ". പള്ളി പരിപാലകനായ മസർറത് ഫരീദിയുടെ വാക്കുകളാണ് മേൽ പരാമർശിച്ചത്.

1210 ൽ ആരംഭിച്ച പള്ളിയുടെ നിർമാണം പൂർത്തിയാകുന്നത് 13 വർഷങ്ങൾക്ക് ശേഷം 1223 ലാണ്. പേർഷ്യൻ, അഫ്ഗാൻ വാസ്തുവിദ്യയിലാണ് പള്ളി നിർമിച്ചിട്ടുള്ളത്. അഞ്ചിലധികം കുംഭഗോപുരങ്ങളാൽ സമ്പന്നമായ പള്ളിക്ക് മൂന്ന് പ്രധാന കവാടങ്ങളുമുണ്ട്. ഇന്ത്യയിലെ മറ്റേതൊരു പള്ളിയെക്കാൾ ഏറ്റവും വലിപ്പമുള്ള കുംഭഗോപുരം പ്രസ്തുത പള്ളിയിലാണെന്നത് ചരിത്ര വസ്തുതയാണ്. നടുത്തളത്തിൽ ദില്ലി ജമാമസ്ജിദിലെ വുളൂ ഖാനെയെപ്പോലെ വിശാലമായ വുളൂ ഖാനയും കാണാം. പള്ളിക്കകത്തുള്ള കുംഭഗോപുരത്തിൽ മനോഹരമായി കൊത്തിവെച്ച ഖുർആൻ ആയത്തുകൾ ഇന്നും ദൃശ്യമാണ്. 

ഹിന്ദു സംഘടനകളുടെ പരാതിക്ക് മേൽ ഇന്ത്യയിലെ പുരാവസ്തു വിഭാഗം കോടതിക്ക് മുമ്പാകെ സമർപ്പിച്ച വിശദീകരണം ഈ വിഷയത്തിൽ ശ്രദ്ധേയമാണ്: 'ബദായുനിലെ ശംസി ജമാ മസ്ജിദ് 800 വർഷം പഴക്കം ചെന്ന പള്ളിയാണെന്നും 1991 ലെ ആരാധനാലയ നിയമപ്രകാരം പ്രസ്തുത പള്ളി സംരക്ഷിക്കപ്പെടേണ്ടതാണെന്നും' അറിയിച്ചത് മേൽ പറഞ്ഞ ചരിത്ര വസ്തുതകളെ ശക്തിപ്പെടുത്തുന്നുണ്ട്.


2024, ഫെബ്രുവരി 3, ശനിയാഴ്‌ച

എന്താണ് രോമാഞ്ചം?

നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കാണല്ലോ, 'എനിക്ക്‌ രോമാഞ്ചമുണ്ടായി' എന്നത്‌. സാഹിത്യത്തിൽ ഒക്കെ 'രോമാഞ്ച കഞ്ചുകമണിഞ്ഞു' എന്നൊക്കെ. വികാരാധിക്യത്താൽ നമ്മുടെ ശരീരത്തിലെ രോമം എഴുന്നേറ്റ്‌ നിൽക്കുന്ന പ്രതിഭാസത്തെയാണ്‌ രോമാഞ്ചം എന്ന വാക്ക്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌.

സ്വമേധയാ നമ്മുടെ ചർമ്മത്തിൽ താൽക്കാലികമായി ഉണ്ടാകുന്ന വളരെ ചെറിയ ഉയർച്ചകളാണ് യഥാർത്ഥത്തിൽ ഈ രോമാഞ്ചം.

goosebumps എന്നാണ് ഇംഗ്ലീഷ്‌ വാക്ക്‌. താറാവിന്റെയോ കോഴിയുടെയോ തൂവൽ നീക്കുമ്പോൾ കാണുന്ന ചർമ്മത്തിനു സമാനമായതിനാലാണ് ഇതിന് ‘goose bumps’ എന്ന പേരു ലഭിച്ചത്. goose pimples എന്നും goose flesh എന്നും പറയാറുണ്ട്‌.

ഭയം, അത്ഭുതം, ആഹ്ളാദം പോലെയുള്ള വികാരങ്ങൾ കാരണമാവും നമ്മിൽ പലർക്കും രോമാഞ്ചമുണ്ടാവാർ. ഒരു ഹൊറർ സിനിമ കാണുന്ന അവസരത്തിൽ രോമം എഴുന്നു നിൽക്കുന്ന അവസരങ്ങളുണ്ടാവാം. പഴയ ഓർമ്മകൾ, മനസ്സിനെ കോരിത്തരിപ്പിക്കുന്ന പാട്ടിൽ മുഴുകുന്നത്, ചില അമൂല്യ നിമിഷങ്ങൾ ഓർമ്മയിൽ തെളിയുമ്പോൾ, വൈകാരിക ചലനമുണ്ടാക്കുന്ന ടിവി പ്രോഗ്രാം, സിനിമകൾ കാണുമ്പോൾ, ചില പുസ്തകങ്ങൾ വായിക്കുമ്പോഴൊക്കെ പലർക്ക്‌ രോമാഞ്ചം അനുഭവപ്പെടാറുണ്ട്‌. ഇത്തരം അവസരങ്ങളിൽ അഡ്രിനാലിൻ സ്വതന്ത്രമാക്കപ്പെടുകയും രോമങ്ങൾ എഴുന്നു നിൽക്കുകയും ചെയ്യുന്നതാണ് രോമങ്ങൾ എഴുന്നേറ്റ്‌ നിൽക്കാൻ കാരണമാവുന്നത്‌.

മനുഷ്യർ പേടിക്കുമ്പോഴോ, തണുക്കുമ്പോഴോ തലച്ചോറിലെ ഹൈപ്പോതലമാസ് ഉണരുകയും ശരീരത്തിലെ സിമ്പതറ്റിക് നാഡി വ്യവസ്ഥയെ (sympathetic nervous system ) ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ നാഡി വ്യവസ്ഥയാണു പേടിക്കുമ്പോൾ പൊരുതുക അല്ലെങ്കിൽ രക്ഷപ്പെടുക എന്ന വികാരം ( fight-or-flight responses.) ഉണ്ടാക്കുന്നത്. സിമ്പതറ്റിക് നാഡി വ്യവസ്ഥ ഉണർന്നതിൻ്റെ ഫലമായി അഡ്രിനാലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ രക്തത്തിലൂടെ സഞ്ചരിച്ച് തൊലിയിൽ എത്തുമ്പോൾ തൊലിയിലെ രോമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അറേക്റ്റർ പിൽ എന്ന പേശിയെ (arrector pili muscles ) സങ്കോചിപ്പിക്കുന്നു. ഈ പേശി സങ്കോചം മൂലം തൊലിയിൽ ഒരു ചെറിയ മുഴ രൂപപ്പെടുകയും അതിനോട് ചേർന്നു നിൽക്കുന്ന രോമം എഴുന്നേറ്റു നിൽക്കുകയും ചെയ്യും.. രോമാഞ്ചത്തിനു കാരണമാകുന്ന റിഫ്ളക്സിനെ പൈലോമോട്ടോർ റിഫ്ളക്സ്, പൈലോഇറക്ഷൻ, ഹൊറിപൈലേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

(ചിത്രത്തിൽ 1) എപ്പിഡെർമിസ് 2) അറേക്റ്റർ പിൽ എന്ന പേശി 3) രോമം 4) ഡെർമിസ്)

മനുഷ്യരിൽ രോമാഞ്ചം മൂലം പ്രത്യേകിച്ച് പ്രയോജനങ്ങൾ ഒന്നുമില്ലെങ്കിലും മൃഗങ്ങളിൽ ഈ പ്രതിഭാസം ഗുണപ്രദമാണ്. രോമാവൃതമായ ശരീരമുള്ള മൃഗങ്ങൾക്ക് ഇതു മൂലം അവയുടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. മൃഗങ്ങൾ ഭയപ്പെട്ടിരിക്കുന്ന അവസരത്തിലും അല്ലെങ്കിൽ ആക്രമണോത്സുകരായിരിക്കുന്ന അവസരത്തിലും ഇതു സംഭവിക്കാറുണ്ട്.


മുള്ളൻപന്നിയുടെ മുള്ളുകൾ ഉയർന്നു നിൽക്കുന്നത് ഇതിന് ഉദാഹരണമാണ്. നമുക്ക്‌ ചുറ്റുമുള്ള പല മൃഗങ്ങളിലും ഈ പ്രതിഭാസമുണ്ടാവാറുണ്ട്.

2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

തിരുവിതാംകൂറിലെ കറിവേപ്പില തമ്പുരാട്ടി

തിരുവിതാംകൂറിലെ കറിവേപ്പില തമ്പുരാട്ടിയെ താമരശ്രീ നൽകി ആദരിക്കുന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. 

സംഘപരിവാർ വിഭാവനം ചെയ്യുന്ന രാമരാജ്യമായിരുന്നു തിരുവിതാംകൂർ, ആ രാജ്യത്തെ ഇന്ത്യയിൽ നിന്നടർത്തിമാറ്റി ഹിന്ദു രാജ്യമാക്കി നിലനിർത്താനുള്ള ശ്രമം സവർക്കറുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. 

"തിരുവിതാംകൂർ രാജ്യത്തിനുള്ള ഭക്ഷ്യ അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുത്തും എന്നുള്ള ഇന്ത്യയുടെ ഭീഷണിയെ തുടർന്ന് തിരുവിതാംകൂറും പാകിസ്ഥാനുമായി ഒരു വാണിജ്യ ബന്ധം സ്ഥാപിക്കാൻ ഞാൻ ഇതിനാൽ തീരുമാനിക്കുന്നു. ജിന്നയെ ഒരു യാഥാർഥ്യ ബോധമുള്ള നേതാവായിട്ടാണ് ഞാൻ കാണുന്നത്. വൈസ്രോയിയും ഗാന്ധിയുമാണ് പാകിസ്ഥാൻ രൂപീകരണത്തിനുള്ള പ്രധാന കാരണക്കാർ . പാകിസ്ഥാൻ രൂപീകരണത്തിന് ഞാൻ എതിരായിരുന്നെങ്കിലും ഇപ്പോൾ എനിക്ക് ജിന്നയുടെ യാതൊരു പ്രശ്നങ്ങളുമില്ല." 1946 സർ സി പി രാമസ്വാമി അയ്യർ മൗണ്ട് ബാറ്റൺ പ്രഭുവിന് അയച്ച കത്തിൽനിന്ന്.

സി പി പാകിസ്ഥാനിലേക്ക് ഒരു തിരുവിതാംകൂർ അംബാസിഡറെ അയച്ചിരുന്നു, സി പിയുടെ വിശ്വസ്തനായ പോലീസ് ഇൻസ്‌പെക്ടർ ജനറൽ അബ്ദുൽ കരിം ആയിരുന്നു തിരുവിതാംകൂറിന്റെ പാകിസ്ഥാൻ അംബാസിഡർ . (Menon, A. Sreedhara. Triumph and Tragedy in Travancore. Thrissur: Current Books, 2001.)

ഇന്ത്യയിൽ ചേരാതെ സ്വതന്ത്രമായി നിൽക്കാനുള്ള തിരുവിതാംകൂറിന്റെ തീരുമാനത്തെ തുടർന്ന് തിരുവിതാം കൂറിനുള്ള ഭക്ഷ്യ സപ്പ്ളൈ നിർത്തലാക്കുമെന്ന് കാണിച്ചു നെഹ്രു മൗണ്ട് ബാറ്റണ് അയച്ച കത്തിന് പകരമായാണ് സി പി പാകിസ്ഥാനുമായി ഡീലുണ്ടാക്കിയത്. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാകുക എന്ന മാസ്റ്റർ പ്ലാൻ യഥാർത്ഥത്തിൽ സി പി യുടെ തലയിൽ ഉദിച്ചത് ആയിരുന്നില്ല. മഹാരാജാവ് ചിത്തിര തിരുനാളിനെ സ്വന്തം കരവലയത്തിൽ ഒതുക്കി നിയന്ത്രിച്ചു കൊണ്ടിരുന്ന അമ്മ സേതു പാർവതി ഭായിയുടെ ബുദ്ധി ആയിരുന്നു അത്. അവരുമായി വഴി വിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് അന്ന് പല പത്രങ്ങളും ആരോപിച്ചിരുന്നു സർ സി പി , സേതു പാർവതീ ഭായിയുടെ പദ്ധതികൾ എല്ലാം നടപ്പാക്കാൻ മുൻപിൽ നിൽക്കുക മാത്രമായിരുന്നു ചെയ്തത്.

ഇന്ത്യയുടെ ഭാഗത്തു നിന്ന് അരി സപ്ലൈ നിർത്തിക്കൊണ്ടുള്ള ഒരു തീരുമാനം നെഹ്രു എടുക്കാൻ തുനിഞ്ഞപ്പോൾ അതിനു മറുപടിയായി പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് അരിവാങ്ങാനും പകരം തിരുവിതാംകൂറിലെ കൊപ്രയും തേങ്ങയും അവിടേയ്ക്കു കയറ്റിവിടാനും സി പി ജിന്നയുമായി കരാറായി. അതുപോലെ തുണി മില്ലുകൾ സ്പൈ നിർത്തും എന്ന ഘട്ടം വന്നപ്പോൾ സി പി ലണ്ടനിലെയും ന്യൂയോർക്കിലെയും മില്ലുകളുമായും ധാരണയാകാൻ ശ്രമം നടത്തി. (Guha, Ramachandra. India After Gandhi: The History of the World’s Largest Democracy. New Delhi: Pan Macmillan India, 2017.)

കോൺഗ്രെസും മൗണ്ട് ബാറ്റണുമായും ഇത്തരത്തിലുള്ള വടം വലികൾ സി പി നടത്തിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായ ഒരു കോണിൽ നിന്ന് സ്വതന്ത്ര തിരുവിതാംകൂറിന് പിന്തുണ കിട്ടുകയുണ്ടായി. അന്ന് ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വി ഡി സവർക്കർ 1947 ജൂൺ 20 നു സി പി ക്കു അയച്ച ഒരു കമ്പി സന്ദേശത്തിൽ ഇങ്ങനെ പറയുന്നു. "ഹിന്ദു രാജ്യമായ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി നില്ക്കാന് എടുത്ത തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു". (C.P. and independent Travancore", Frontline, July 4, 2003) 

ഹിന്ദു രാജ്യം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്ന സംഘപരിവാർ പദ്ധതി നടപ്പിലാക്കിയ ശേഷവും ഇന്ത്യ കോൺഗ്രസിന് കീഴിൽ ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ തീരുമാനിച്ചപ്പോൾ ഹിന്ദു രാജാക്കന്മാർ ഭരിച്ചിരുന്ന ബറോഡ ഗ്വാളിയോർ തുടങ്ങിയ പല രാജ്യങ്ങളെയും ഹിന്ദു രാജ്യമായി നിലനിൽക്കണം എന്നഭ്യർത്ഥിച്ചു കൊണ്ട് സംഘപരിവാർ സമീപിച്ചിരുന്നു. പശുവിനും ബ്രാഹ്മണനും സുഖമാണെങ്കിൽ ലോകസമസ്ത സുഖിനോ ഭവന്തുവാണ് എന്ന് വിശ്വസിച്ചിരുന്ന പത്തരമാറ്റ് മനുസ്മൃത്രി രാജ്യമായിരുന്നു തിരുവിതാംകൂർ, മുലക്കും മീശക്കും തെങ്ങിൽ കയറുന്ന തളപ്പിനും വരെ നികുതി വാങ്ങി പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന അവർണരായ പാവങ്ങളെ പിഴിഞ്ഞ് ബ്രാഹ്മണർക്ക് സൗജന്യ ഊട്ടുപുര നടത്തിയിരുന്ന മധുരമനോജ്ഞ ഹൈന്ദവ രാജ്യം. 

സർ സിപിയെ വെട്ടാൻ ഒരു കെസിഎസ് മണി ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് വലിയ തലവേദനയാകുമായിരുന്ന ഹൈന്ദവ രാജ്യത്തിന്റെ പ്രതിനിധിക്കാണ് സംഘപരിവാർ താമരശ്രീ നൽകി ആദരിച്ചത്. രാമരാജ്യം പിറന്നു കഴിഞ്ഞു, കറിവേപ്പിലത്തമ്പുരാട്ടി ഇനി വെറും കറിവേപ്പിലയല്ല.

-ആബിദ് അടിവാരം

ഭരണഘടനയിൽ രാമന്റെ ചിത്രമുണ്ട്

ഭരണഘടനയിൽ രാമന്റെ ചിത്രമുണ്ട് എന്ന കണ്ടുപിടുത്തമാണ് ഇപ്പോൾ രാജ്യസ്നേഹികളുടെ ഗ്രൂപ്പിൽ വൈറലായി ഓടുന്നത്.

കൂട്ടത്തിൽ ബുദ്ധനുണ്ട്, മഹാവീരനുണ്ട്, ശ്രീകൃഷ്ണനും അർജുനനുമുണ്ട്, അക്ബർ ചക്രവർത്തിയും 
അദേഹത്തിൻ്റെ ന്യായ സദസ്സുമുണ്ട്. ഗാന്ധിയും ഗുരു ഗോവിന്ദ് സിംഗും, ശിവജിയും, സുഭാഷ് ചന്ദ്ര ബോസുമെല്ലാം ചിത്രങ്ങളായി ഭരണഘടനയിലുണ്ട്.
 
ടിപ്പു സുൽത്താനും ത്സാൻസി റാണിയുമുണ്ട്. 

ഭരണഘടനയുടെ ഏതെങ്കിലും ഒരു പുറം മാത്രം വായിക്കുന്നവർ എല്ലാം വായിച്ചാൽ ഈ രാജ്യത്തിൻറെ ബഹുസ്വരതയുടെ, വൈവിധ്യതയുടെ മഹത്തായ ദൃഷ്ടാന്തങ്ങൾ കാണും.

ഒരു ജനാധിപത്യ മതേതരത്വ രാജ്യമായി ഇന്ത്യയെ മാറ്റാൻ സഹായിച്ച ഒരുപാട് ചരിത്രങ്ങൾ കാണും.

ചരിത്രം തിരുത്താനും, ഓർമ്മകളെ മായ്ക്കാനും ശ്രമിക്കുന്ന ഓരോ ഫാസിസ്റ്റും ഇന്ത്യൻ ഭരണഘടനയെ ഭയപ്പെടുന്നുണ്ട്. അതിനെ തിരുത്താനാവും അവരുടെ ഇനിയുള്ള ശ്രമം.

ചിത്രം - ഇന്ത്യൻ ഭരണഘടനയിലെ ടിപ്പു സുൽത്താൻ

@prasannan KP

ഗാന്ധിയും ഗോവിന്ദച്ചാമിയും....


മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ നമ്മൾ മറന്നു കാണില്ല, 2011 ഫെബ്രുവരി 6 നാണ് സൗമ്യ മരിച്ചത്, ഗോവിന്ദച്ചാമി എന്ന ക്രിമിനൽ തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് കൊല്ലുകയായിരുന്നു. 

ഗോവിന്ദച്ചാമിയുടെ ആരാധകർ ചേർന്ന് ഒരു സംഘടനയുണ്ടാക്കി എന്നിരിക്കട്ടെ, 
ആ സംഘടനയുടെ നേതാവിൻ്റെ ഫോട്ടോ വെച്ച് സ്റ്റാമ്പിറക്കുമോ…? 
ആ സംഘടനയുടെ നേതാവ് മരിച്ചാൽ അന്ത്യോപചാരമർപ്പിച്ച് അയാളെ വാഴ്ത്തി പ്രസംഗിക്കുമോ..? 
ആ സംഘടനയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമോ..? 
ആ സംഘടനയുടെ നേതാക്കളെ നിങ്ങളുടെ സമ്മേളനങ്ങളിൽ അതിഥികളായി ക്ഷണിക്കുമോ..? 
ആ സംഘടനയുടെ നേതാക്കളുടെ വീട്ടിലെ വിവാഹച്ചടങ്ങുകളിൽ സന്തോഷത്തോടെ പങ്കെടുക്കുമോ...?
മേല്പറഞ്ഞതെല്ലാം ചെയ്യുന്ന ഏതെങ്കിലും നേതാവിന് നിങ്ങൾ ജയ് വിളിക്കുമോ...?  

ഇല്ല എന്നാണ് ഉത്തരമെങ്കിൽ അത് നുണയാണ്, അതും അതിലപ്പുറവും ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. നാളെ ഗോവിന്ദച്ചാമിയെ തൂക്കിക്കൊന്നാൽ അയാളുടെ ചിതാ ഭസ്മം സൂക്ഷിക്കുന്ന കുടത്തിന് മുന്നിൽ തൊഴുത് നിൽക്കാൻ മടിയില്ലാത്തവരാണ് ഇവിടെയുള്ളത്, ഒറ്റ നിബന്ധനയേയുള്ളൂ, ഗോവിന്ദച്ചാമിയുടെ സംഘടനക്ക് അധികാരമുണ്ടാവണം. 

ഇന്ത്യയിലെ ഏറ്റവും നികൃഷ്ടനായ കുറ്റവാളി ആരാണ്..? 
ഒരു സംശയവും വേണ്ട നാഥുറാം വിനായക് ഗോഡ്‌സെ. 
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ നയിച്ച, രാജ്യത്തുടനീളം സഞ്ചരിച്ച് സൗഹാർദത്തിന്റെ ഊടും പാവും നെയ്ത ലോകം ആദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ക്രൂരനാണ് അയാൾ.

അയാൾക്ക് ഇന്ത്യയിൽ ഒരു ഫാൻസ്‌ അസോസിയേഷനുണ്ട്, അയാളുടെ ചിതാഭസ്മം അവർ സൂക്ഷിക്കുന്നുണ്ട്. 

"ഹൈന്ദവാചാര പ്രകാരം തൻ്റെ ചിതാഭസ്മം കടലിൽ ഒഴുക്കരുത്, ഒരു ഹൈന്ദവ ഭരണത്തിന് കീഴിൽ ഏകീകരിക്കപ്പെടുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിലൂടെ ഒഴുകുന്ന സിന്ധു നദിയിൽ അതൊഴുക്കാൻ കഴിയുന്ന കാലം വരെ അത് സൂക്ഷിച്ചു വെക്കണം"    

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ബ്രാഹ്മണൻ തൻ്റെ മരണപത്രത്തിൽ എഴുതിയതാണിത്. ഗോഡ്‌സെയുടെ ആരാധകർ പൂനയിലെ ആർഎസ്എസ് കാര്യാലയത്തിൽ ഇന്നും ആ ചിതാഭസ്മം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എല്ലാവർഷവും ഗോഡ്‌സെയെ തൂക്കിക്കൊന്ന നവംബർ പതിനഞ്ചാം തീയതി ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടുന്ന അഖണ്ഡ ഭാരതത്തിന്റെ ചിത്രത്തിന് മുന്നിൽ ആ ചിതാഭസ്മം വെക്കും. അതിന് മുന്നിൽ നിന്ന് അവർ പ്രതിജ്ഞ ചെയ്യും 

"വിശുദ്ധ വേദസൂക്തങ്ങൾ രചിക്കപ്പെട്ട സിന്ധു നദീ തടം മുതൽ ബ്രഹ്മപുത്രക്ക്പുറത്തുള്ള വനങ്ങൾ വരെ, ഹൈന്ദവ ഭരണത്തിന് കീഴിൽ ഇന്ത്യയെ ഏകീകരിക്കാൻ വേണ്ടി നമ്മുടെ മാതൃഭൂമിയുടെ വിഭജിക്കപ്പെട്ട ഭാഗമായ പാകിസ്ഥാൻ മുഴുവനും ആക്രമിച്ചു കീഴടക്കും"
ഗാന്ധി വധക്കേസിലെ കൂട്ട് പ്രതിയായിരുന്ന ഗോപാൽ ഗോഡ്സെയാണ് ഈ ചടങ്ങ് തുടങ്ങി വെച്ചത്
(അവലംബം: Freedom at Midnight, Larry Collins, Dominique Lapierre)

ഇനി നിങ്ങൾ കണ്ണാടി സ്വന്തം മുഖത്തിന് നേരെ പിടിക്കുക. 
ഗാന്ധിയെ വെടിവെച്ചു കൊന്നവനെയാണോ സൗമ്യയെ കൊന്നവനെയാണോ നിങ്ങൾ കൂടുതൽ വെറുക്കുന്നത്...? രണ്ട് പേരെയും ഒരുപോലെ വെറുക്കുന്നു എന്നിരിക്കട്ടെ. 

ഗോഡ്സെയുടെ കൂട്ടുപ്രതിയായിരുന്ന, അയാളുടെ ചിതാഭസ്മത്തിന് മുന്നിൽ കൈകൂപ്പുന്ന വിഡി സവർക്കറുടെ ചിത്രം തപാൽ സ്റ്റാമ്പാക്കി ഇറക്കിയത് കോൺഗ്രസ് ഭരണത്തിലാണ്. 

ഗോഡ്‌സെയെ പൂജിക്കുന്ന പരമേശ്വരൻ മരിച്ചപ്പോൾ അയാളുടെ മൃതശരീരത്തിന് മുന്നിൽ കൈകൂപ്പി നിന്ന് അയാളെ ഋഷി തുല്യൻ എന്ന് വിശേഷിപ്പിച്ചത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ മുതലാളിയാണ്. 

ഗോഡ്‌സെയെ പൂജിക്കുന്ന ആർഎസ്എസ് ന് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയെന്ന് വീമ്പ് പറയുന്നത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റാണ്‌. 

ഗോഡ്‌സെയെ പൂജിക്കുന്ന സംഘടനയുടെ നേതാക്കളെ വേദികളിൽ അതിഥികളായി ക്ഷണിക്കുന്നത് ഇത് വായിക്കുന്ന പലരുടെയും സംഘടനകളും നേതാക്കളുമാണ്. 

ഇന്ന് ഗാന്ധി സ്നേഹം അണപൊട്ടി ഒഴുകുന്നത് നല്ലത് തന്നെയാണ്. കൂടെ ഗോഡ്‌സെയുടെ ആരാധകരുമായി ഒത്തുതീർപ്പിന് ഒരു മടിയുമില്ലാത്തവരാണ് ഇന്ന് ഗാന്ധി സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് ഓർമ്മവേണം. 
ഗോഡ്‌സെയുടെ ഫാൻസുമായി സഹകരിക്കാൻ മടിയില്ലാത്തവർക്ക് ഗോവിന്ദച്ചാമിയുടെ ഫാൻസുമായി സഹകരിക്കാൻ മടിയുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...? 

-ആബിദ് അടിവാരം.

സ്വത്വ രാഷ്ട്രീയമോ മതേതര രാഷ്ട്രീയമോ..?


ഇന്നത്തെ ഇന്ത്യയിൽ ഏതാണ് മുസ്ലിംകൾക്ക് നല്ലത് എന്നൊരു ചർച്ച കണ്ടു, തീർച്ചയായും പ്രസക്തമായ വിഷയമാണ്. 

ആദ്യം സ്വത്വവും മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്, സ്വത്വ രാഷ്ട്രീയമെന്നാൽ മതരാഷ്ട്രീയമല്ല. ഉദാഹരണത്തിന് എ എ റഹീമും അബ്ദുല്ലകുട്ടിയും എൻഎം ഷംസീറും ഇ എ ജബ്ബാറുമെല്ലാം സ്വത്വപരമായി മുസ്ലിംകളാണ്, ജീവിതത്തിൽ മതം അനുഷ്ഠിച്ചില്ലെങ്കിലും അവർ മുസ്ലിംകൾക്കുള്ള സംവരണത്തിന് അപേക്ഷിക്കാം, നിസ്കരിക്കാത്തവർക്കും പലിശ ഇടപാട് നടത്തുന്നവർക്കും മദ്യപിക്കുന്നവർക്കും മുസ്ലിം ലീഗിൽ മെമ്പർഷിപ്പ് കിട്ടും. മതത്തിന് സ്വത്വ രാഷ്ട്രീയത്തിൽ ഇടപാടൊന്നുമില്ല. 

ആരൊക്കെയാണ് കേരളത്തിൽ സ്വത്വപരമായി സംഘടിച്ചിരിക്കുന്നത്..? 
ആദ്യം മനസ്സിൽ വരിക മുസ്ലിംകളും ദലിതുകളുമായിരുക്കും, കാരണം അവരാണ് സ്വത്വപരമായി നീതി നിഷേധിക്കപ്പെടുന്നവർ അവരാണ് സ്വത്വപരമായി ശബ്ദമുണ്ടാക്കുന്നവർ, നായന്മാരുടെ സ്വത്വപരമായ സംഘാടനമാണ് എൻഎസ്എസ്, ക്രിസ്ത്യാനികളുടെ സ്വത്വപരമായ സംഘടനമാനാണ് കേരളാ കോൺഗ്രസ് അത് പക്ഷെ നമ്മുടെ ചിന്തകളിൽ വരാറേയില്ല. 

ഒരു ബഹുസ്വര സമൂഹത്തിൽ എക്കാലത്തും മനുഷ്യർ മതേതരമായി സംഘടിക്കുന്നതാണ് നല്ലത്, ഇന്ത്യയിലും അങ്ങനെതന്നെ. പക്ഷെ അതിന് പറ്റിയ ഒരു മതേതര പ്രസ്ഥാനം ഇല്ലെങ്കിൽ എന്ത് ചെയ്യും..? 

സ്വത്വപരമായി അനീതി നേരിടുന്ന ഒരു സമൂഹത്തെ കൂടെ നിർത്തുന്ന ഒരു മതേതര പ്രസ്ഥാനം അവരെ പരിഗണിക്കുകയാണോ ഉപയോഗപ്പെടുത്തുകയാണോ ചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്. കേരളത്തിന്റെ കാര്യമെടുക്കൂ, കേരളത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസ്സും സിപിഎമ്മും മുസ്ലിംകളെയും ദളിതുകളെയും പരിഗണിക്കുകയാണോ ചൂഷണം ചെയ്യുകയാണോ ചെയ്യുന്നത്..? സംശയമില്ല അവർ ചൂഷണം ചെയ്യുകയാണ്. 

കോൺഗ്രസ്സിന് ഇപ്പോൾ കേരളത്തിൽ എത്ര എംപിമാരുണ്ട്.? 16 പേർ. ഇതിൽ എത്ര മുസ്ലിംകളുണ്ട്..? പൂജ്യം. 
വോട്ടർപട്ടികയിൽ 35 ശതമാനം വരുന്ന ഒരു ജനവിഭാഗത്തെ അർഹമായ അധികാരം കൊടുത്ത് കൂടെ നിർത്തേണ്ടതുണ്ട് എന്ന് കരുതുന്നതാണ് പരിഗണന, കേന്ദ്രത്തിൽ മുസ്ലിംകൾക്ക് വേറെ ഓപ്‌ഷൻ ഇല്ല അവർ നമുക്ക് വോട്ട് ചെയ്തുകൊള്ളും എന്ന് മനസ്സിലാക്കി അവരുടെ അർഹതയിൽ കയ്യിട്ടു വാരുന്നതാണ് ചൂഷണം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് ഇതേ നയമാണ് സ്വീകരിച്ചത്, ആകെ 93 സീറ്റിൽ കോൺഗ്രസ്സ് മത്സരിച്ചപ്പോൾ 30 സീറ്റിൽ നായർ സ്വത്വമുള്ളവരും 25 സീറ്റിൽ ക്രിസ്ത്യൻ സ്വത്വമുള്ളവരും മത്സരിച്ചു, അതായത് 55 സീറ്റുകൾ ജനസംഖ്യയിൽ 25 ശതമാനം വരുന്ന വിഭാഗത്തിന് 75 ശതമാനം വരുന്ന മുസ്ലിം ഈഴവ ദലിത് വിഭാഗങ്ങൾക്കെല്ലാം കൂടി 38 സീറ്റുകൾ. യുഡിഎഫിൽ സ്വത്വപരമായി സംഘടിച്ച മുസ്ലിം ലീഗ് ഉള്ളത് കൊണ്ട് മാത്രമാണ് മുസ്ലിംകൾ പരിഗണിക്കപ്പെടുന്നത്. കേരളാ കോൺഗ്രസ്സ് ഇല്ലെങ്കിൽ പോലും കൃസ്ത്യാനികൾ പരിഗണിക്കപ്പെടും. 

ഇതിലേറെ ഗുരുതരമായ അവസ്ഥയാണ് ഇടതു പക്ഷത്ത്, ജനസംഖ്യാനുപാതികമായ പരിഗണന അവിടെ മുസ്ലിംകൾക്കോ ദളിത് കൾക്കോ ചിന്തിക്കാൻ പോലും പറ്റില്ല, അത് ചോദിക്കുന്നവർ ആ നിമിഷം വർഗീയവാദിയായി മുദ്രകുത്തപ്പെടും. ദളിതുകൾക്ക് വീട് വെക്കാൻ മൂന്ന് ലക്ഷം വാഗ്ദാനം ചെയ്യുകയും പൂണൂലിട്ടവരുടെ അഗ്രഹാരങ്ങൾ പുതുക്കിപ്പണിയാൻ പത്ത് ലക്ഷം റൊക്കം കൊടുക്കുകയും (വെറും വാഗ്ദാനമല്ല) ചെയ്യുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയാണ്, സ്വതപരമായ നീതി എന്നൊന്ന് അവിടെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. രാഷ്ട്രീയ നിലപടുകളിലും കാണാം ഈ ഇരട്ടത്താപ്പ്. പൗരത്വ സമരകാലത്തെ കേസുകൾ പിൻവലിക്കാമെന്ന വാഗ്ദാനം നിലനിൽക്കുമ്പോൾ എൻഎസ്എസ് നെതിരെ എടുത്ത കേസുകൾ പിൻവലിച്ചതിൻറെ വേഗത കണ്ടില്ലേ..? ഷാൻ വധക്കേസിൽ ആഭ്യന്തര വകുപ്പ് മെല്ലെപോവുകയും പ്രതികൾക്ക് ജാമ്യം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യുമ്പോൾ രഞ്ജിത്ത് വധക്കേസിൽ ആർഎസ്എസ് ബന്ധമുള്ളവരെ അന്വേഷണത്തിലും കോടതിയിലും അണിനിരത്തി കേസ് തീർത്തത് കണ്ടില്ലേ..? ഒരു പ്രകടനം പോലും നടത്താതെ, ഒരു കണക്കെടുപ്പും നടത്താതെ സവർണ്ണ സംവരണം പാസ്സാക്കിയത് കണ്ടില്ലേ..? കോർപറേഷനകത്ത് അരയേക്കർ ഭൂമിയും പഞ്ചായത്തിൽ രണ്ടരയേക്കർ ഭൂമിയുമുള്ള സവർണനെ ദരിദ്രനായി പ്രഖ്യാപിച്ചത് കണ്ടില്ലേ..? മറുവശത്ത് ദളിത് മുസ്ലിം സംഘടനകൾ സംവരണവുമായി ബന്ധപ്പെട്ട് എത്രയെത്ര സമരങ്ങൾ നടത്തുന്നു, മൈൻഡ് ചെയ്യുന്നുണ്ടോ..? കമ്മ്യുണിസ്റ്റ്പാർട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ പറയാൻ കഴിയും. 

മുസ്ലിംകളുടെ മുന്നിലുള്ള ചോദ്യം രാഷ്ട്രീയമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മതേതര ലേബലുള്ള കക്ഷികളുടെ കൂടെ നിൽക്കണോ അതോ സ്വത്വപരമായി സംഘടിക്കണോ എന്നാണ്, സ്വത്വപരമായി സംഘടിക്കുകയും മതേതര കക്ഷികളോട് വിലപേശി അവകാശങ്ങൾ ചോദിച്ചു വാങ്ങി അവരോട് ഐക്യപ്പെടുകയും ചെയ്യുക എന്നതാണ് ഉത്തരം. കൃത്യമായി പറഞ്ഞാൽ മുസ്ലിം ലീഗ് നിലനിൽക്കുന്ന രാഷ്ട്രീയ ഇടമാണ് മുസ്ലിംകൾക്ക് നല്ലത്. അത് പോലൊരു സംഘാടനം പക്ഷേ ഇടത് പക്ഷത്ത് സാധ്യമാവില്ല, നാഷണൽ ലീഗ് പിറന്ന സന്ദർഭം ഓർമ്മയുണ്ടോ..? ഇബ്രാഹിം സുലൈമാൻ സേട്ട്, മമ്മുക്കേയി, യു എ ബീരാൻ, പിഎം അബൂബക്കർ തുടങ്ങി പ്രഗത്ഭരായ നിരവധി നേതാക്കൾ നാഷണൽ ലീഗിലുള്ള ആ കാലത്ത് ആ പാർട്ടിയെ ഇടതുമുന്നണിയിൽ എടുത്തിരുന്നെങ്കിൽ ഇന്ന് ലീഗിനോളം ശക്തിയുള്ള ഒരു പ്രസ്ഥാനം മറുവശത്ത് ഉണ്ടാകുമായിരുന്നു. ചൂഷണവിധേയരാക്കാൻ സാധിക്കുന്ന മുസ്ലിംകളുടെ സംഘാടനം കമ്മ്യുണിസ്റ്റ് പാർട്ടി ആഗ്രഹിക്കാത്തത് കൊണ്ടാണ് നാഷണൽ ലീഗിന് നീണ്ട ഇരുപത്തി അഞ്ച് വർഷങ്ങൾ മുന്നണിക്ക് പുറത്ത് നിൽക്കേണ്ടിവന്നത്, അവർ ശുഷ്കിച്ച് ഇല്ലാതായത്. നാഷണൽ ലീഗും സിപിഎമ്മും തമ്മിൽ പ്രത്യക്ഷമായി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്നോർക്കണം, എന്നാൽ കേരളം ഇളക്കി മറിച്ച് സിപിഎം പ്രതിസ്ഥാനത്ത് നിർത്തിയ കേരളാ കോൺഗ്രസ്സിനെ മുന്നണിയിൽ എടുക്കാൻ സിപിഎമ്മിന് 24 മണിക്കൂർ വേണ്ടി വന്നിട്ടില്ല. പണച്ചാക്കുകളായ കുറെ മുസ്ലിം വ്യക്തികളെ കാശ് വാങ്ങി കൂടെ നിർത്തുക, അവർ സ്വത്വപരമായി സംഘടിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക, ഈ നേതാക്കളെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുക എന്നതാണ് സിപിഎമ്മിന്റെ മുസ്ലിംകളോടുള്ള നിലപാട് . മാക്ട അലി മുതൽ മന്ത്രി അബ്ദുറഹിമാൻ വരെയുള്ളവരെയും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്ത പാർട്ടിക്ക് പുറത്തുള്ള മുസ്ലിംകളെയും ഒന്നോർത്തു നോക്കൂ, കാര്യം പിടികിട്ടും.      

ഇന്ത്യ രാമരാജ്യമായി മാറുന്നു എന്നത് ഒരു യാഥാർഥ്യമാണ്, കൂടുതൽ കക്ഷികളും വ്യക്തികളും സ്ഥാപനങ്ങളും അവരുമായി സഹകരിച്ചു തുടങ്ങാൻ പോകുന്നേയുള്ളൂ, അധികാരത്തോട് മുട്ടി നിൽക്കാൻ തയ്യാറുള്ളവർ വളരെക്കുറവായിരിക്കും, ഇന്ത്യയിൽ ഇനിയും നെല്ലും പതിരും വേർതിരിഞ്ഞിട്ടില്ല. ജനാധിപത്യ ഇന്ത്യയെ നിലനിർത്തുക എന്ന ഒരേയൊരു താല്പര്യത്തോടെ ഇന്ത്യയിൽ ആരും സംഘടിച്ച് തുടങ്ങിയിട്ടില്ല. അതിന് ഇനിയും സമയമെടുക്കും. 1921 ൽ മലബാറിൽ ഗാന്ധിജി വരികയും, ബ്രിട്ടീഷുകാർക്കെതിരെ കലാപം നടക്കുകയും ചെയ്ത അതേ സമയത്ത് ക്രിസ്ത്യൻ സഭകൾ ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ച് ലോയൽറ്റി മാർച്ച് നടത്തിയിരുന്നു, ആ സീനൊക്കെ വരാൻ പോകുന്നേയുള്ളൂ. ഏഴ് പതിറ്റാണ്ട് ജനാധിപത്യത്തിന്റെ സുഖം അനുഭവിച്ചവരാണ് ഇന്ത്യയിൽ ഇപ്പോൾ ജീവിക്കുന്നത്, ബ്രിട്ടീഷ് കാലത്തെ പ്രജയിൽ നിന്ന് പൗരനിലേക്ക് മാറാൻ വർഷങ്ങൾ നീണ്ടുനിന്ന സമരം ചെയ്തത് അന്നത്തെ മനുഷ്യരുടെ അനുഭവങ്ങളാണ്, അവരുടെ ബോധ്യങ്ങളാണ്. രാമരാജ്യത്ത് നാം വീണ്ടും പൗരനിൽ നിന്ന് പ്രജയിലേക്ക് മാറുകയാണ്. പത്ത് വർഷമായി മാധ്യമ പ്രവർത്തകരെ നേരിട്ടിട്ടില്ലാത്ത പാർലമെന്റിനെ നേരിട്ടിട്ടില്ലാത്ത ഒരു സംസ്ഥാനം കത്തിയെരിയുമ്പോൾ തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒരു ഭരണാധികാരി ജനാധിപത്യത്തിന്റെ ലക്ഷണമല്ല, ജനാധിപത്യം ഇല്ലാത്തിടത്ത് പൗരന്മാരുമില്ല. യഥാർത്ഥത്തിൽ നാം പ്രജകളായി മാറിക്കഴിഞ്ഞിട്ടുണ്ട്, ഇനി ഔദ്യോഗീക പ്രഖാപനം നടക്കാൻ മാത്രമേ ബാക്കിയുള്ളൂ...   

ഇന്ന് ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും അത് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചിലരെങ്കിലും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അവരുടെ അണികൾ പക്ഷെ കൂടുകയല്ല, അനുദിനം കുറയുകയാണ്. ഹിന്ദുത്വ രാജ്യത്തിന്റെ പ്രജകളായി മാറുമ്പോൾ ജനാധിപത്യത്തിന്റെ സുഖം എന്തായിരുന്നു എന്ന് ചിലർക്കെങ്കിലും മനസ്സിലാകും, അത് മനസ്സിലാക്കുന്നവർ മുന്നിട്ടിറങ്ങുമ്പോൾ ഒരു സമരം വരും, ഇന്ത്യ തിരിച്ചു വരും, ഇപ്പോൾ മതേതര ലേബലുകളിൽ പ്രവർത്തിക്കുന്നവർ നല്ലൊരു ശതമാനം രാമരാജ്യ ഭക്തരാണ്, അവരിൽ നിന്ന് ചൂഷണമല്ലാതെ ഒരു പരിഗണനയും മുസ്ലിംകൾ പ്രതീക്ഷിക്കേണ്ടതില്ല.

ഇപ്പോൾ ഇന്ത്യ നിൽക്കുന്നത് ജനാധിപത്യ രാജ്യത്തിനും രാമരാജ്യത്തിനും ഇടക്കുള്ള കയ്യാലപ്പുറത്താണ്. ഈ അവസ്ഥ തുടരുന്നത് ഏറ്റവും വലിയ ഭീഷണിയായിത്തീരുക മുസ്ലിംകൾക്കാണ്. ഭൂരിപക്ഷ വോട്ട് ബാങ്കിന് ആവേശം കൊടുക്കാൻ വേണ്ടി ഹിന്ദുത്വ മുസ്ലിംകളെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കും, അതെ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ വേണ്ടി 'മതേതര' പാർട്ടികളും മുസ്ലിംകളെ മൃദുവായി പ്രഹരിച്ചു കൊണ്ടിരിക്കും. 
കയ്യാലപ്പുറത്ത് നിന്ന് ഇന്ത്യ രാമ രാജ്യത്തിലേക്ക് വീണാൽ സീൻ മാറും, അവർ നിയന്ത്രിത ജനാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകും, ചൈനയെപ്പോലെ ജനകീയ വോട്ടെടുപ്പ് ഇല്ലാത്ത, ആർഎസ്എസ് (സവർണ്ണർ) ഭരണാധികാരികളെ തീരുമാനിക്കുന്ന സംവിധാനത്തിലേക്ക് രാജ്യം മാറിക്കഴിഞ്ഞാൽ സംഘപരിവാറിന് മുസ്ലിംകളെ അക്രമിക്കേണ്ട കാര്യമില്ല, പിന്നെ അവരുടെ യഥാർത്ഥ ശത്രുക്കളായ അവർണ്ണ ജനത പ്രതിസ്ഥാനത്ത് വരും, മോദി അധികാരത്തിൽ ശേഷം യൂണിവേഴ്‌സിറ്റികളിൽ നിന്ന് അവർണ്ണനെ പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതും, രോഹിത് വെമുലമാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതും കണ്ടിട്ട് പഠിക്കാത്തവർക്ക് നന്നായി പണികിട്ടുമ്പോൾ ബോധം വരും, അന്നൊരു പക്ഷെ ചൂഷണത്തിന് പകരം എല്ലാവരെയും പരിഗണിക്കുന്ന മതേതര മുന്നേറ്റമുണ്ടാകും, അത് വരെ സ്വത്വപരമായി സംഘടിച്ച് വോട്ടുകൾ ജനാധിപത്യപരമായി ഉപയോഗപ്പെടുത്തുകയാണ് അഭികാമ്യം. സ്വത്വപരമായ സംഘാടനം ഒരു നൂൽപ്പാലമാണ്, അത് വർഗീയതയിലേക്ക് വഴുതി വീഴാതെ നോക്കാൻ ശേഷിയുള്ള നേതാക്കൾ ഉണ്ടായിരിക്കണം. അതുണ്ടായതാണ് മുസ്ലിം ലീഗിന്റെ വിജയം. 

-ആബിദ് അടിവാരം

ഗ്യാൻവാപി മസ്ജിദും മതേതര പൊയ്മുഖങ്ങളും.

ഗ്യാൻവാപി മസ്ജിദും മതേതര പൊയ്മുഖങ്ങളും. 

വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ സംഘപരിവാർ ബാബറിമസ്ജിദ് ആവർത്തിക്കാൻ ശ്രമിക്കുന്നതിൽ ആർക്കെങ്കിലും ആശ്ചര്യമുണ്ടോ ..? ഉണ്ടേവേണ്ടതില്ല, കാരണം ഇന്ത്യയിലെ മുവ്വായിരം പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റും എന്നവർ നേരത്തെ പ്രഖ്യാപിച്ചതാണ്, അതവരുടെ രാഷ്ട്രീയമാണ്. ബ്രാഹ്മണ രാഷ്ട്രീയത്തിന് ഹിന്ദുക്കളുടെ പിന്തുണ നേടാനുള്ള ഉപാധിയാണ് ദൈവങ്ങൾ. മാനിറച്ചിയുടെ രുചി അറിഞ്ഞ കടുവകൾക്ക് മനിറച്ചി ഒഴിവാക്കാനാവില്ല, മാനിനെ കൊന്നു തിന്നേണ്ടി വന്നല്ലോ എന്ന സങ്കടം ഒരു കടുവക്കും ഉണ്ടായിട്ടുമില്ല. ബാബരി മസ്ജിദിൽ സംഘപരിവാർ രുചി അറിഞ്ഞു കഴിഞ്ഞു, 'മതേതര' പക്ഷത്ത് നിന്ന് കഥയിലെ രാമന്റെ ജന്മഭൂമിക്ക് കിട്ടിയ പിന്തുണ തീർച്ചയായും സംഘപരിവാറിനെ ആവേശ ഭരിതരാക്കും. ശശി തരൂർ മുതൽ നടി രേവതി വരെയുള്ളവരെ നമ്മൾ മലയാളികൾ കണ്ടുവല്ലോ.. സാക്ഷാൽ കോൺഗ്രസ്സ് പോലും പണി തീരാത്ത ക്ഷേത്രം നേരത്തെ തുറന്നു കൊടുത്ത് തെരെഞ്ഞടുപ്പിന് ഉപയോഗിക്കുന്നതിനെയാണ് എതിർത്തത്. ഗ്യാൻവാപിയിലും അതിൻ്റെ ആവർത്തനമാണ് നാം കാണുന്നത്.   

ലോകത്താകെ നൂറു കണക്കിന് രാമായണങ്ങളുണ്ട്. കംബോഡിയയിലും ഇന്തോനേഷ്യയിലും തായ്‌ലണ്ടിലും തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിലും രാമനും സീതക്കും ജന്മ സ്ഥലങ്ങളുണ്ട്, അയോധ്യകളുണ്ട്. ചില രാമായണങ്ങളിൽ രാമൻ സീതയുടെ ഭർത്താവും ചിലതിൽ സഹോദരിയുമാണ്. പത്ത് തലയുള്ള രാവണനും, സൂര്യനെ പഴമെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങാൻ ശ്രമിച്ച പറക്കുന്ന വാനരനായ ഹനുമാനും ആറു മാസം ഉറങ്ങുന്ന കുംഭകർണ്ണനും, ബാലിയും സുഗ്രീവനും താടകയും, പുഷ്പക വിമാനം പോലുമുള്ള അത്യുഗ്രൻ ഫിക്ഷനാണ് രാമായണം എന്ന് തലക്ക് വെളിവുള്ള നേരിയ ശാസ്ത്ര ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും എല്ലാ വർഷവും മഹാബലി കേരളം കാണാൻ വരുമെന്നും വിശ്വസിച്ച് മലയാളികൾ പൂവിടുന്നില്ലേ, ഓണം ആഘോഷിക്കുന്നില്ലേ..? സിനിമയിലെ നല്ലവനും ധീരനുമായ നായകന് കയ്യടിക്കുന്ന ഒരു മനസ്സില്ലേ നമുക്ക്. കഥയും തിരക്കഥയുമെഴുതി ഷൂട്ട് ചെയ്ത കഥാപാത്രമാണെന്നറിഞ്ഞിട്ടും ആവേശത്തോടെ കയ്യടിക്കുന്നു അതേ മനസ്സാണ് മനുഷ്യരെയെല്ലാം ഒന്ന് പോലെ കണ്ട, കള്ളവും ചതിയുമില്ലാത്ത ഭരണം നടത്തിയ മാവേലിയെ ആഘോഷപൂർവ്വം എതിരേൽക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. രാമായണത്തിലെ രാമൻ എന്ന കഥാപാത്രത്തിന് ദൈവീക പരിവേശം നൽകി ആരാധിക്കാൻ പ്രേരിപ്പിക്കുന്നതും ഇതേ മനസ്സാണ്. ത്രേതായുഗത്തിലാണ് രാമനെ സൃഷ്ടിച്ച കഥാകാരൻ വാത്മീകി കഥ അവതരിപ്പിക്കുന്നത്, അതായത് പത്ത് ലക്ഷം വർഷങ്ങൾക്ക് മുമ്പ്. മനുഷ്യന് ഭാഷയോ വസ്ത്രമോ പാകം ചെയ്ത ഭക്ഷണമോ ഇല്ലാതിരുന്ന ആ കാലത്ത് ജനിച്ച രാമന്റെ ജന്മസ്ഥലവും ജന്മ സമയവും നിർണയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ രാമൻ വാത്മീകിയുടെ സൃഷ്ടിയാണ് കഥയിലെ നായകനാണ് ചരിത്ര പുരുഷനല്ല എന്ന് പറഞ്ഞു കൊടുക്കാനാണ് ഇവിടെ ആളുണ്ടാകേണ്ടത്., അതുണ്ടായിട്ടുണ്ടോ..?   

ഗ്യാൻവാപിയിലേക്ക് വരൂ... 
ഇന്ത്യയിലെ പ്രതിപക്ഷ്ത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടോ...? 
മറ്റൊരു ബാബരി മസ്ജിദ് ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി, ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15 ന് ആരുടെ കയ്യിലാണോ അവരുടേതാണ്, മറ്റാരും അവകാശാദമുന്നയിക്കരുത്, അത്തരം അവകാശവാദങ്ങൾ അനുവദിച്ചു കൊടുക്കരുത് എന്ന് പാർലമെന്റിൽ നിയമം പാസ്സാക്കിയിട്ടുണ്ട് പക്ഷെ നഗ്നമായ നിയമ ലംഘനം നടക്കുമ്പോൾ ഏത് മതേതര നേതാവിൻ്റെ/ പ്രസ്ഥാനത്തിന്റെ ശബ്ദമാണ് നമ്മൾ കേൾക്കുന്നത്..? 

മത സൗഹാർദത്തിന്റെ പ്രതീകങ്ങളായിരുന്നു മുഗൾ ചക്രവർത്തിമാർ, ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു മുഗൾ ഭരണ കാലം. വാരണാസിയിൽ ഗംഗാ തീരത്തെ തരിശു ഭൂമിയിൽ ഒരു ക്ഷേത്രവും പള്ളിയും ഒന്നിച്ചു പണിതത് മഹാനായ അക്ബർ ചക്രവർത്തിയുടെ കാലത്ത് രാജാ മാൻ സിംഗിന്റെ നേതൃത്വത്തിലാണ്. ആ ചരിത്രത്തെ വളച്ചൊടിച്ച് വീണ്ടും ബാബരി മസ്ജിദ് സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ഹിന്ദു ബഹുജനങ്ങളോട് ഈ രാജ്യത്ത് നിലനിന്ന മത സൗഹാർദത്തിന്റെ ചിഹ്നമാണത്, സംഘികളുടെ നുണകളിൽ വീഴരുത് എന്ന് പറയേണ്ട ഉത്തരവാദിത്തം ആർക്കാണ്...? ഇവിടെ ആരെങ്കിലും ആ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടോ..? 

ഇതൊക്കെ ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്, കേരളം കേമമാണ് എന്നാണോ കരുതുന്നത്..? 

ഇതേ പോലുള്ള നുണകൾ പറഞ്ഞു കൊണ്ടാണ് ബിജെപി അവരുടെ വോട്ട് നില നാല് ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയത്, 
ശബരിമലയിൽ കാണിക്കയായി കിട്ടുന്ന പണം മുസ്ലിംകൾക്ക് ഹജ്ജ് സബ്‌സിഡിക്ക് കൊടുക്കുന്നു, സർക്കാർ ശമ്പളം കൊടുക്കുന്നു എന്നൊക്കെ കുമ്മനം രാജശേഖരനും കെപി ശശികലയും പ്രസംഗിച്ചു തുടങ്ങിയത് തൊണ്ണൂറുകളിലാണ്, സംഘപരിവാർ കേരളമൊട്ടാകെ നിരന്തരം ഈ വിഷമൊഴുക്കുമ്പോൾ സത്യം അറിയാവുന്ന ഒരു കൂട്ടർ ഇവിടെ ഉണ്ടായിരുന്നു, കേരളം ഭരിച്ച, ധനകാര്യ വകുപ്പും ദേവസ്വം ബോർഡും ഭരിച്ച 'മതേതര' പുംഗവന്മാർ. ശബരിമലയിൽ നിന്ന് പണം മറ്റുള്ളവർ എടുക്കുകയല്ല, മുസ്‌ലിമും ക്രിസ്ത്യാനിയും ഉൾപ്പടെയുള്ള മനുഷ്യരുടെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ശബരിമലയുൾപ്പടെയുള്ള ക്ഷേത്രങ്ങൾക്ക് വേണ്ടി ചെലവാക്കുകയാണ് എന്ന സത്യം ഒരു നേതാവും പറഞ്ഞില്ല, ആരും പ്രതിരോധിക്കാത്ത നുണകളിലൂടെ ബിജെപി വളരുകയും അവരുടെ വോട്ട് ഷെയർ വർദ്ധിക്കുകയും ചെയ്ത ശേഷം 2015 ലാണ് വിഡി സതീശൻ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നത്. അതിന് ശേഷം പോലും സംഘപരിവാർ ഇതേ നുണ ആവർത്തിക്കുന്നു എന്നോർക്കണം. 
          
അതായത് കേരളത്തിലെ നാലിൽ ഒന്ന് ഹിന്ദുക്കൾ വർഗീയതക്ക് വോട്ട് ചെയ്യുന്നവരായി മാറാൻ കാരണം മതേതര കക്ഷികളുടെ മൗനമാണ്, മദ്രസ്സയിലെ ഉസ്താദ്മാർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നു, ഹജ്ജിന് ഫ്രീയായി ബസ്‌ കൊടുക്കുന്നു, ശബരിമലക്ക് ഇരട്ടി ചാർജ്ജ് വാങ്ങുന്നു, മുസ്ലികൾക്ക് അനർഹമായി സംവരണം കൊടുക്കുന്നു, ജോലികൊടുക്കുന്നു, ലവ് ജിഹാദ് നടത്തുന്നു, തുടങ്ങിയ നുണ പ്രചരണങ്ങൾ പ്രതിരോധിക്കാനുള്ള ഡാറ്റ കയ്യിലുണ്ടായിട്ടും ഒരു മതേതര പാർട്ടിയും ബിജെപിയെ തടയാൻ തുനിഞ്ഞിറങ്ങിയിട്ടില്ല. 

ഗ്യാൻവ്യാപിയിൽ സംഭവിക്കാൻ പോകുന്നതും ശേഷം മറ്റു പള്ളികളിൽ സംഭവിക്കാൻ പോകുന്നതും എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ, ബിജെപിയെ വളർത്തുന്നത് ആ പാർട്ടിയെ അകത്തുള്ളവരേക്കാൾ അവർക്ക് വേണ്ടി പുറത്ത് നിന്ന് പ്രവർത്തിക്കുന്ന മതേതര മുഖം മൂടികളാണ്. പള്ളികൾ നാലെണ്ണം പോയാലെങ്കിലും മുസ്ലിംകൾക്ക് അവരെ തിരിച്ചറിയാൻ കഴിയട്ടെ. സമൂഹത്തിന് മുന്നിൽ ചരിത്രവും സത്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുക എന്ന ദൗത്യം നിർവഹിക്കുന്ന വിരലിൽ എണ്ണാവുന്ന മനുഷ്യരുണ്ട് അവർ അധികാരത്തിന് പുറത്താണ്, അവർക്ക് പിന്തുണ കൊടുക്കുകയും ധീരമായി സത്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുക.  

ചുറ്റുമുള്ള വർഗീയവാദികളെയും മതേതര പൊയ്മുഖങ്ങളെയും തിരിച്ചറിയാനുള്ള കാലം കൂടിയാണിത്.
നുണയിലും അസത്യത്തിലും കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ ഒന്നും നിലനിന്നിട്ടില്ല, സംഘി രാജ്യം അസത്യത്തിൽ ഊതിവീർപ്പിച്ച ഒരു നീർക്കുമിളയാണ്, അത് തകർന്നടിയുക തന്നെ ചെയ്യും.                                                    

-ആബിദ് അടിവാരം

മെഹ്റോളിയിലെ പള്ളിയും പൊളിച്ചു


AD 1236-1240 കാലത്ത്, ബാബർ വരുന്നതിനും മുമ്പ്  ഡൽഹി ആസ്ഥാനമായി ഇന്ത്യ ഭരിച്ചിരുന്ന മാംലൂക് രാജവംശത്തിലെ റസിയ സുൽത്താനയുടെ കാലത്ത് മെഹ്റോളിയിൽ നിർമിച്ച 800 വർഷം പഴക്കമുള്ള പള്ളി ഇന്നലെ (30-1-2024)  പൊളിച്ചു കളഞ്ഞു. 

കാരണം പറഞ്ഞത് എന്താണെന്നോ…? 
ആ സ്ഥലം ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ്, അനധികൃത നിർമ്മാണമാണ്..! 

സ്വയം ഭൂവും, കോടതി വിധിയും നോട്ടീസും, ശിവലിംഗവുമൊന്നുമില്ല. സംഘികളുടെ സ്ഥിരം നാടകങ്ങൾ ഒന്നുമില്ലാതെ ജനുവരി 30 ന് രാവിലെ ബുൾഡോസറുമായി ചിലർ വന്നു. പള്ളിക്കകത്ത് നിസ്കരിക്കുന്നവരോട് പുറത്തിറങ്ങാൻ പറഞ്ഞു. പള്ളിയും അടുത്തുള്ള മദ്രസ്സയും ഖബർ സ്ഥാനും അടക്കമുള്ളതെല്ലാം പൊളിച്ചു നിരത്തി… 

വാർത്തകളില്ല, പ്രതിഷേധമില്ല, പ്രസ്താവനകളില്ല… ഡൽഹിയിൽ ഒരു സാധാരണ ദിവസമായി ജനുവരി 30 കടന്നു പോയി. 

താജ്മഹൽ ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്, ഇത് വരെ കാണാത്തവരും കാണാൻ ആഗ്രഹിക്കുന്നവരും എത്രയും പെട്ടെന്ന് കാണുക. യുപി സർക്കാരിന്റെയും ആഗ്ര മുനിസിപ്പാലിറ്റിയുടെയും അനുമതി വാങ്ങാതെ പണിത കെട്ടിടമാണ്, ഏത് നിമിഷവും ബുൾഡോസർ താജ് മഹലിനെ ലക്ഷ്യമാക്കി നീങ്ങിയേക്കാം…

-ആബിദ് അടിവാരം

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...