(ഭാഗം: 1)
കുടുംബം
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉദാത്തരാണ് ആദം സന്തതികൾ- മനുഷ്യർ. അവരിൽ നിന്നും വിശിഷ്ടർ അറബികൾ. അറബികളിൽ വിശേഷതയർഹിക്കുന്നവരാണ് മുളർ വംശജർ. അവരിൽ പ്രധാന ഗോത്രം ഖുറൈശ് . ഖുറൈശികളിൽ ബനൂ ഹാശിം. ഈ ബനൂഹാശിമിൽ നിന്നു നിസ്തുല വ്യക്തിയാണു പ്രവാചക ശ്രേഷ്ടർ മുഹമ്മദ് മുസ്ത്വഫാ. ഇതിപ്രകാരം നബി(സ) പ്രസ്താവിച്ചതായി ഇബ്നുഉമറി(റ)നെ തൊട്ട് ഇമാം തുർമുദി, ബൈഹഖി, ത്വബ്റാനീ, അബൂനുഐം, ഇബ്നു മർദവൈഹി എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. ആദം സന്തതികളിൽ നിന്നും തല മുറയായി അതിവിശിഷ്ട തലമുറയിലൂടെയാണ് എന്റെ ഇന്നുള്ള ഉത്തമ തലമുറയിൽ നിന്ന് എന്നെ നിയോഗിക്കപ്പെട്ടതെന്നു നബി (സ) തങ്ങൾ പ്രസ്താവിച്ചതായി അബൂഹുറൈറ(റ)യെ തൊട്ട് ഇമാം ബുഖാരിയും നിവേദനം ചെയ്തിട്ടുണ്ട്. ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തിലെ എക്കാലത്തെയും ഉന്നത കുടുംബത്തിലൂടെയാണു നബി(സ) തങ്ങൾ പ്രത്യക്ഷലോകത്തേക്കു കടന്നു വന്നതെന്നു വ്യക്തം. ആദം നബി(അ)മുതൽ അവിടുത്തെ തിരുബീജവും പേറി കടന്നുപോയ എല്ലാ പിതാമഹൻമാരും ഉന്നത വ്യക്തിത്വവും മാന്യ കുടുംബ പാരമ്പര്യവും ഉള്ളവരായിരുന്നുവെന്നും ഖണ്ഡിതമായി തെളിഞ്ഞതാണ്. എന്നാൽ അവിടുത്തെ പിതൃശൃംഖലയിലെ ഓരോ കണ്ണിയും പ്രവാചകന്മാരായിരുന്നുവെന്ന് ഇതിനർത്ഥമില്ല. എല്ലാവരും ഇസ്ലാം ദീനിൽ നില കൊണ്ടവരായിരുന്നുവെന്നും ഖണ്ഡിതമല്ല. ജാഹിലിയ്യത്തിൽ കടന്നുപോയവർ അവരിലനേകം പേരുണ്ടല്ലോ. അതേസമയം, ദുരാചാരികളോ ദുർനടപ്പുകാരോ കുലം കെട്ടവരോ ദുഷിച്ചവരോ ആരും അവിടുത്തെ പിതൃപരമ്പരയിൽ ഇല്ലെന്നും എല്ലാവരും പരിശുദ്ധരായിരുന്നെന്നും സർവ്വാഗീകൃതവും അനിഷേദ്ധ്യവുമാണ്.
******************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 2)
ഗാഢനിദ്രയിൽ ലയിച്ച ശൈഖുൽ അമ്പിയാഅ് നൂഹി(അ)ന്റെ വസ്ത്ര ശകലം നീങ്ങി ഔറത്തു വെളിപ്പെട്ടപ്പോൾ മക്കൾ രണ്ടുപേരിൽ 'ഹാം' കൈ കൊട്ടിച്ചിരിക്കുകയും ഇതു കണ്ടു ദുഃഖത്തോടെ സാത്വികനായ പുത്രൻ 'സാം' വളരെ വേഗം ഒരു മുണ്ടെടുത്തതു മൂടുകയും ചെയ്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ശബ്ദകോലാഹലം കേട്ട് നബി പുംഗവർ എണീറ്റു. കാര്യമറിഞ്ഞപ്പോൾ ക്രൂദ്ധഭാവത്തിൽ ഹാമിനെ വീട്ടിൽ നിന്നോടിക്കുകയും സാമിനെ അനുമോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവത്രെ. അതിന്റെ ഫലമായി തന്റെ മുതുകിൽ നിന്നു വന്നവരൊക്കെ സ്വാലിഹീങ്ങളായ ഭരണകർത്താക്കളോ പ്രവാചകന്മാരോ ആയിത്തീർന്നിട്ടുണ്ട്. ഹാമാവട്ടെ, പിതാവിന്റെ ശാപത്താൽ മുഖം കരുവാളിച്ച് സുഡാനിൽ എത്തിപ്പെടുകയും ബുദ്ധിശൂന്യരും അയോഗ്യരുമായ ഒരു തലമുറക്കു ജന്മം നൽകുകയും ചെയ്തു.
ഈ സാമിന്റെ പുത്രൻ അർഫഖശദിന്റെ മകൻ ശാലഖിന്റെ പുത്രൻ ആബീറിന്റെ മകൻ ഫാലഗിന്റെ മകൻ അർഗൂവിന്റെ മകൻ ശാറൂഖിന്റെ പുത്രൻ നാഖൂറിന്റെ മകൻ താറഖിന്റെ പുത്രനാണു ഹ: ഇബ്രാഹീം നബി(അ).
അല്ലാഹുവിന്റെ ഓരോ പരീക്ഷണവും ഇബ്രാഹീമി(അ)നെ തളർത്തുകയല്ല; ആ സുദൃഢ ഈമാനിനു ജ്വലനവും തിളക്കവും ഏറ്റുകയാണുണ്ടായത്. ഏറ്റവുമൊടുവിൽ ഇലാഹിയ്യായ ദിവ്യ സോപാനങ്ങളുടെ ഏതു രൂപവും ഭാവവും ഉൾക്കൊള്ളാനുള്ള ഒരു വിശാലാവസ്ഥ ആ ഹൃദയത്തിനകത്തുദ്ഭൂതമായി. അങ്ങനെയാണ് "ആകാശഭൂമികളിലെ മലക്കൂത്തുകൾ' അല്ലാഹു അവർക്കു വെളിപ്പെടുത്തിയത്. ഇന്ദ്രിയ ലോകത്തുനിന്ന് അതീന്ദ്രിയ ലോകത്തെ സംഭവങ്ങൾ കാണാൻ, വർത്തമാന കാലത്തിരുന്ന് ഭൂതവും ഭാവിയും ദർശിക്കാൻ ആ മിഴികൾക്കു കരുത്തു കിട്ടി. ഗൈബീ കവാടങ്ങൾ അവിടുത്തേക്കു മുമ്പിൽ തുറന്നു കിടന്നു.
*********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 3)
ഒരിക്കൽ ദിവ്യകാഴ്ചകളുടെ മാസ്മരികതയിൽ സ്വയം മറന്നു നിൽക്കേ, ഇബ്രാഹീം(അ) അതു കണ്ടു! അവരുടെ മുതുകിൽ നിന്നു വരാനിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അതീവ പ്രഭ ചൊരിയുന്നൊരു മുത്ത്! മുഹമ്മദ് മുസ്ഥഫാ(സ), തിരുഗ്രന്ഥം നൽകപ്പെടുന്ന നബി! തന്റെ ചര്യകളുടെ പ്രയോക്താവ്! നവലോകത്തിന്റെ ഇലാഹീ സാക്ഷാൽക്കാരം! പരമമായ കീഴ്വണക്കവും ആരാധനാനുസരണവും സമ്മേളിച്ച മോഹന പ്രതീകം! ഇബ്രാഹീം (അ) സന്തോഷം കൊണ്ടുയർന്നു പോയി. പിന്നെ റബ്ബോടു യാചിക്കുമ്പോഴൊക്കെ അവിടുന്ന് മനം നിറഞ്ഞു തേടി: “ഞങ്ങളുടെ നാഥാ! എന്നെയും എന്റെ പുത്ര(ഇസ്മാഈലി)നേയും നിനക്ക് അനുസരിക്കുന്നവരാക്കേണമേ. ഞങ്ങളുടെ മക്കളിൽ നിന്ന് ഒരു കൂട്ടരേയും അങ്ങനെയൊരു ഉമ്മത്തുൻ മുസ്ലിമയാക്കേണമേ. അവരിൽ നിന്നു തന്നെ, വേദഗ്രന്ഥവും വ്യാഖ്യാനവും നൽകി അവരെ ശുദ്ധീകരിക്കുന്ന ഒരു പ്രവാചകനെ നിയോഗിക്കണേ...!” (സൂറ: അൽ ബഖറ)
എല്ലാം അല്ലാഹു സ്വീകരിച്ചു. ഇബ്രാഹീമി(അ)നെയും മകനെയും അനുസരണ ശീലരാക്കി! വിശുദ്ധരും നിഷ്കളങ്കരുമായ ഒരു സമൂഹം നബി(സ) ആഗതരാവുന്ന കാലം വരെ നില നിന്നു. അവരിൽ നിന്നു തന്നെ അന്ത്യപ്രവാചകർ ഉദയം ചെയ്തു. അങ്ങനെ ആ ദുആ ഫലമായി കാലത്തിന്റെ കാപട്യങ്ങളേശാതെ ഋജു മാനസരായി നിലകൊണ്ട ഇസ്മാഈലി പുത്രന്മാരായിരുന്നു മുത്തുനബി(സ)യുടെ പിതൃ പരമ്പര അവരാരും ബിംബാരാധകരായില്ല. 'എന്നെയും എന്റെ മക്കളേയും ബിംബാരാധകരാക്കരുതേ' എന്ന ഖലീലുല്ലാഹിയുടെ പ്രാർത്ഥനാഫലം കൂടിയായിരുന്നത്.
ഇബ്നുജരീർ (റ) തന്റെ തഫ്സീറിൽ ഇമാം മുജാഹിദി(റ)നെ തൊട്ട് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിക്കുന്നു: “നബി തങ്ങൾ നിയോഗിക്കപ്പെടുന്നതുവരെ ഇസ്മാഈൽ നബി(അ)യുടെ സന്തതികളിൽ നിന്ന് ആരും ബിംബാരാധകരായിരുന്നില്ല. അങ്ങനെയാണ് ഇബ്രാഹീം നബി(അ)യുടെ ദുആക്ക് അല്ലാഹു ഉത്തരം നൽകിയത്!”
മാത്രമല്ല, “എന്നെയും എന്റെ മക്കളെയും നമസ്കാരം നിലനിറുത്തുന്നവരും പ്രാർത്ഥന സ്വീകരിക്കപ്പെടുന്നവരുമാക്ക്” എന്ന ആയത്തിന് ഇമാം ഇബ്നു മുൻദിർ(റ) ഇബ്നു ജരീറി(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: “അവർ ബഹു ദൈവാരാധകരായിരുന്നില്ലെന്നു മാത്രമല്ല, അല്ലാഹുവിനെ ആരാധിക്കുന്നവരും നിസ്കാരം നിലനിർത്തുന്നവരും കൂടിയായിരുന്നു എന്ന്.
**********************
നബി (സ) തങ്ങളുടെ പിതാമഹന്മാർ
(ഭാഗം: 4)
ശൈഖുനൽ മർഹൂം സദഖത്തുല്ല മൗലവി(റ) തന്റെ ഫതാവാ 4-118ൽ പറയുന്നു: “റസൂലിന്റെ മാതാപിതാക്കൾ മുശ്‌രിക്കീങ്ങളാണെന്നു പറയുന്നതു ശരിയല്ല. വിവിധ തെളിവുകളിൽ നിന്ന് അവർ പരലോക മോക്ഷം നേടിയ സുരക്ഷിതരാണെന്നും മുശ്‌രിക്കുകളല്ലെന്നും തെളിഞ്ഞതാണ്. ഇബ്നു ഹജർ (റ) പറഞ്ഞതു കാണുക: ഹവ്വാ(റ) മുതൽ ആമിന(റ)വരെ നബിക്കുള്ള മാതാപിതാക്കളിലും ആദം(അ) മുതൽ അബ്ദുല്ല(റ) വരെയുള്ള പിതാക്കളിലും അല്ലാഹുവിനാൽ തെരെഞ്ഞടുക്കപ്പെട്ടവർ മാത്രമാണുള്ളത്. 'ആദം സന്തതികളിലെ ഓരോ തലമുറയിൽ നിന്നും ഖൈറായ തലമുറകളിലായി എന്നെ അയക്കപ്പെട്ടു. അങ്ങനെ ഞാൻ നിലകൊള്ളുന്ന ഈ തലമുറയിൽ എത്തിച്ചേർന്നു.' എന്നു ബുഖാരി ഉദ്ധരിച്ച ഹദീസും മറ്റും അതിനു തെളിവാണ്.
വേറെയും ചില ഹദീസുകൾ ഉദ്ധരിച്ചശേഷം ഇബ്നു ഹജർ (റ) തുടരുന്നു: 'ആദം (അ), ഹവ്വാ (റ)വരെ നബി (സ) തങ്ങൾക്കുള്ള മാതാപിതാക്കളിൽ ഒരൊറ്റ കാഫിറും ഇല്ലെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. എങ്ങനെയെന്നാൽ കാഫിറിനെ സംബന്ധിച്ച് 'തിരഞ്ഞടുക്കപ്പെട്ടവർ' എന്നും 'ഖൈറായവർ' എന്നും പറയാവതല്ല. 'നജസ്' (മലിനമായത്) എന്ന നാമമാണവർക്ക് അനുയോജ്യമായത്. മേൽ കാണിച്ച ഹദീസുകൾ 'തിരഞ്ഞെടുക്കപ്പെടവർ', 'ഖൈറായവർ' എന്നാണവരെ വിശേഷിപ്പിച്ചത്. അഫ്‌സലുൽ ഖിറാ: പേജ്:19"
ബുഘ്‌ത് നസ്വ്‌റിന്റെയും മൂസാ നബി(അ)യുടെയും കാലത്ത് ജീവിച്ച മഅദ്ദുബ്നു അദ്നാൻ (റ) വരെയുള്ള തിരുനബി(സ)യുടെ പിതൃ പരമ്പര സുവ്യക്തവും സുസമ്മിതവുമാണ്. നബി തങ്ങൾ തന്നെ ആ പരമ്പര ഒരു ഖുതുബക്കിടെ വ്യക്തമാക്കിയതായി അനസി(റ)നെ തൊട്ട് ഇമാം ബൈഹഖി തന്റെ ദലാഇലുന്നുബുവ്വയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനപ്പുറം തന്റെ പിതൃപരമ്പര വിവരിക്കരുതെന്ന് നബി(സ) വിലക്കിയിട്ടുമുണ്ട്. “അതിനപ്പുറം തറവാട് വിവരിക്കുന്നവർ കള്ളം പറഞ്ഞു"വെന്നാണ് നബി(സ)യുടെ പ്രസ്താവന. ഇബ്നു ദിഹ്‌യ എന്നവർ പറയുന്നു: “അദ്നാൻ വരെയുള്ള നബിയുടെ കുടുംബ പരമ്പര നബി(സ) അംഗീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം വിട്ടു കടന്നിട്ടില്ലെന്നും ഉലമാഅ് ഏകോപിച്ചിട്ടുണ്ട്. ഈ ഇജ്മാഅ് ഹുജ്ജത്തു(ലക്ഷ്യം)മാണ്" ഉമർ(റ) പ്രസ്താവിച്ചു: അദ്നാൻ വരെയുള്ള നബി(സ)യുടെ കുടുംബ വിവരണം അംഗീകൃതമാണ്. അതിനപ്പുറമുള്ള വിവരണം എന്തടിസ്ഥാനത്തിലാണെന്നു നമുക്കറിഞ്ഞുകൂടാ.
ഉർവത്തുബ്നു സുബൈർ(റ) പ്രസ്താവിച്ചു. മഅ്ദുബ്നു അദ്നാനിനപ്പുറം നബിയുടെ പിതൃ പരമ്പര അറിയുന്ന ഒരാളെയും ഞങ്ങൾക്കറിയില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അദ്നാൻ മുതൽ ഇസ്മാഈൽ നബി(അ) വരെ മുപ്പതു പിതാമഹന്മാരുണ്ട്. അവരെ അറിയപ്പെടുകയില്ല. ആദം നബി (അ)വരെയുള്ള തിരു നബി(സ)യുടെ പിതാമഹന്മാരെ എണ്ണിപ്പറയുന്ന ഒരാളെക്കുറിച്ച് ഇമാം മാലികി(റ)നോട് ചോദിക്കപ്പെട്ടു. അദ്ദേഹത്തിനതിഷ്ടപ്പെട്ടില്ല. അവിടുന്നു ചോദിച്ചു: ആരാണവന് പരമ്പര വിവരിച്ചു കൊടുത്തത്?
അദ്നാൻ വരെയുള്ള നബിയുടെ കുടുംബപരമ്പര നമുക്കിങ്ങനെ പരിചയപ്പെടാം. ഒരു പിതാവും ഇരുപത് പിതാമഹാന്മാരുമാണ് ഈ ശൃംഖലയിലെ കണ്ണികൾ.
*****************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 5)
പിതാവ്:
അബ്ദുല്ല എന്നാണ് പിതാവിന്റെ പേര്. അബ്ദുൽ മുത്വലിബിന്റെ ഏറ്റവും ഇളയപുത്രനാണ് അബ്ദുല്ല. മക്കയിലെ പ്രധാനിയായിരുന്ന അബ്ദുൽ മുത്വലിബ് ഇടക്കിടെ യമനിൽ പോകുക പതിവായിരുന്നു. അവിടത്തെ ഒരു പൗര പ്രധാനിയുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞു കൂടും. ഒരിക്കൽ അവിടെ വേദജ്ഞാനിയായ ഒരു പുരോഹിതൻ കടന്നുവന്നു. അദ്ദേഹം അബ്ദുൽ മുത്വലിബിനെ കണ്ട മാത്രയിൽ കൗതുകത്തോടെ ചോദിച്ചു: ഞാൻ നിങ്ങളുടെ നാസാദ്വാരമൊന്നു പരിശോധിക്കട്ടെ. 'അതെ' അബ്ദുൽ മുത്വലിബ് സമ്മതിച്ചു. പരിശോധനക്കു ശേഷം പുരോഹിതൻ പ്രവചിച്ചു. നിങ്ങളുടെ കുലത്തിൽ പ്രവാചകത്വവും അധികാരവും വന്നെത്തുന്നതായി ഞാൻ മനസ്സിലാക്കുന്നു. രണ്ട് മനാഫ് ദമ്പതികളിലാണ് ആ കുസുമം വിരിയുക. ഖുറൈശീ ഗോത്രത്തിലെ പ്രധാനികളായ രണ്ട് അബ്ദുമനാഫുമാരുടെ (അബ്ദുമനാഫ്ബ്നു ഖുസയ്യ്, അബ്ദുമനാഫ്ബ്നു സഹ്റാ) പുത്രനിലും പുത്രിയിലുമായാണ് പ്രവാചകത്വം ലഭിക്കുന്നയാൾ ജനിക്കുകയെന്നാണ് ഈ പ്രവചനത്തിന്റെ സാരം.
ഈ പ്രവചനം കേട്ട് അബ്ദുൽ മുത്വലിബ് അബ്ദുമനാഫ്ബ്നു സഹ്റയുടെ പരമ്പരയിലെ പുത്രിമാർ അബ്ദുമനാഫ്ബ്നു ഖുസയ്യിന്റെ മക്കളിൽ പെട്ട താനുമായും തന്റെ മക്കളുമായും ദാമ്പത്യം വരിക്കണമെന്നു തീരുമാനിച്ചു. അബ്ദുമനാഫ്ബ്നു സഹ്റക്ക് ഉഹൈബ്, വഹബ് എന്നീ രണ്ടു പുത്രന്മാരിലായി യഥാക്രമം ഹാലത്ത്, ആമിന എന്നീ രണ്ടു പുത്രിമാരാണുള്ളത്. അവരിലൊരുത്തിയെ താനും ഒരുത്തിയെ തന്റെ ഇഷ്ടമകൻ അബ്ദുല്ലക്കും വിവാഹം കഴിക്കാമെന്നു തീരുമാനിച്ചു. യമനിൽ നിന്ന് തിരിച്ചു വന്ന ഉടനെ അബ്ദുല്ലയെയും കൂട്ടി പുറപ്പെട്ടു. വഹബിന്റെ പുത്രി ആമിനയെ അബ്ദുല്ലക്ക് വിവാഹം ചെയ്തു കൊടുക്കുകയും ഉഹൈബിന്റെ പുത്രി ഹാലയെ താൻ തന്നെ വേൾക്കുകയും ചെയ്തു. ഒന്നുകിൽ തന്റെ ദാമ്പത്യത്തിൽ അല്ലെങ്കിൽ അബ്ദുല്ലയുടെ ദാമ്പത്യവല്ലരിയിൽ പ്രവാചകത്വവും അധികാരവും ലഭിക്കേണ്ട കുഞ്ഞു പിറക്കണമെന്ന പ്രതീക്ഷയോടെ.
അല്ലാഹുവിന്റെ വിധി അബ്ദുല്ലാ ആമിനാ ദമ്പതിമാരിൽ ലോക നായകനായ പ്രവാചകർ ജനിക്കണമെന്നായിരുന്നു. മൂന്നേ മൂന്നു ദിവസത്തെ മധുവിധുനാളുകളിൽ തന്നെ ആമിനാ (റ) ഗർഭം ധരിച്ചു. ആ ഓമനമുഖം കാണാൻ പോലും സാധിക്കും മുമ്പ് അബ്ദുല്ല (റ) വഫാത്താവുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ചിരുന്ന കുഞ്ഞെന്ന നിലക്കു തന്നെ പിതാമഹൻ അബ്ദുൽ മുത്വലിബ് ആ കുഞ്ഞിന്റെ വത്സപിതാവായി. അബ്ദുൽ മുത്വലിബ്-ഹാല: ദാമ്പത്യം പുഷ്പിച്ചുവോ. എന്തോ...?!
**********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 6)
*1. അബ്ദുൽ മുത്തലിബ്*
ശൈബത്ത് എന്നോ ശൈബത്തുൽ ഹംദ എന്നോ ആണ് സ്വനാമം. പ്രസവിച്ചപ്പോൾ തന്നെ തന്റെ തലമുടിയിൽ 'നര' ബാധിച്ച ഒരൽപ്പം മുടിയുണ്ടായിരുന്നതാണ് ഈ പേരിടാൻ കാരണം. ചെറുപ്പത്തിൽ തന്നെ 'കാരണവർ' പദവി നേടുന്നുവെന്നതിന്റെ സൂചനയായിരുന്നിരിക്കുമോ ആ നര. ശൈബത്ത് എന്ന ശബ്ദത്തിനു നര എന്നും ശൈബത്തുൽ ഹംദ് എന്നാവുമ്പോൾ സ്തുത്യർഹനര എന്നും അർത്ഥം. അബ്ദുൽ മുത്തലിബ് (മുത്തലിബിന്റെ ദാസൻ) എന്ന പേരിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. അതിങ്ങനെയാണ്:
തന്റെ പിതാവ് ഹാശിം കച്ചവടാർത്ഥം ശാമിൽ പോകാറുണ്ട്. ഒരിക്കൽ യാത്ര മദീന വഴിയാക്കി. മദീനയിൽ ഖസ്റജ് വംശജനായ അംറുബ്നു സൈദിന്റെ ആതിഥ്യത്തിലായിരുന്നു താമസം. അദ്ദേഹത്തിന്റെ മകൾ സൽമായെ കണ്ട് ഹാശിം അവളെ വിവാഹാലോചന നടത്തി. പ്രസവത്തിനു തന്റെ വീട്ടിലയക്കണമെന്ന ഉപാധിയോടെ അംറ് മകളെ നിക്കാഹ് ചെയ്തു കൊടുത്തു. മധുവിധു കച്ചവടം കഴിഞ്ഞു തിരിച്ചു വരുമ്പോഴാകാമെന്നുവച്ചു ഹാശിം ശാമിലേക്കു യാത്ര തുടർന്നു. തിരിച്ചു വന്നപ്പോൾ മദീനയിൽ വന്നു നവവധുവൊത്ത് അല്പം താമസിച്ചു. സൽമാ ഗർഭിണിയുമായി. പോരുമ്പോൾ ഹാശിം ഗർഭിണിയായ ഭാര്യയേയും കൂട്ടിത്തന്നെ മക്കയിലെത്തി. ഗർഭാസ്വാസ്ഥ്യം വർദ്ധിച്ചപ്പോൾ അടുത്ത ശാം യാത്രയിൽ ഭാര്യയെ വീട്ടിൽ കൊണ്ടാക്കി. ഹാശിം ശാമിലേക്കും പോയി. അവിടെ 'ഗസ്സ'* എന്ന സ്ഥലത്തു വെച്ചു ഹാശിം വഫാത്തായി. സൽമ ഒരാൺ കുഞ്ഞിനു ജൻമം നൽകി.
കുഞ്ഞിന് ഏഴോ എട്ടോ വയസ്സു കാണും. അസ്ത്രമെയ്തും പന്തു കളിച്ചും കുഞ്ഞുവളർന്നു. സതീർത്ഥ്യരെ തോൽപിച്ചു ജയം നേടുമ്പോൾ കുഞ്ഞ് പത്രാസു പറയും. “ഞാൻ ഹാശിമിന്റെ പുത്രനാണ്, ബുത്വഹാഇന്റെ -മക്കയുടെ- നായകന്റെ പുത്രനാണ്. ബനുൽ ഹാരിസ് ഗോത്രത്തിൽപ്പെട്ട ഒരാൾ ഒരിക്കൽ ഇതുകേട്ടു. അദ്ദേഹം കുഞ്ഞിനോടു തിരക്കി. കുട്ടി പറഞ്ഞു. “ഞാൻ അബ്ദുമനാഫിന്റെ പുത്രൻ ഹാശിമിന്റെ പുത്രൻ ശൈബയാണ്".
[ഹാശിം എന്നവർ വഫാത്തായ സ്ഥലമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഫലസ്തീനിലെ ഗസ്സ. അല്ലാഹു അവിടെയുള്ള വിശ്വാസികൾക്ക് സംരക്ഷണവും സമാധാനവും നൽകട്ടെ ആമീൻ എന്ന് നമുക്ക് ദുആ ചെയ്യാം]
*******************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 7)
ഒരിക്കൽ ഈ ഹാരിസ് ഗോത്രക്കാരൻ മക്കയിൽ വന്നപ്പോൾ അബ്ദുമനാഫിന്റെ മകൻ മുത്വലിബ് കഅബത്തിങ്കൽ ഹിജ്റ് ഇസ്മാഈലിൽ ഇരിക്കുന്നതു കണ്ടു. അയാൾ പറഞ്ഞു: അല്ലയോ അബൽ ഹാരിസ്, യസ്‌രിബിൽ അസ്ത്രമെയ്തു കളിക്കുന്ന കുട്ടികളിൽ ഒരു എട്ടു വയസ്സുകാരൻ എന്റെ ശ്രദ്ധ ആകർഷിച്ചു. കളി ജയിക്കുമ്പോഴെല്ലാം ആ കുട്ടി ഞാൻ ഹാശിമിന്റെ മകനാണ്. മക്കയുടെ നായകന്റെ പുത്രൻ. എന്നിങ്ങനെ പത്രാസടിക്കും. മുത്തലിബ് പറഞ്ഞു: ശരിയാണ്. അതെന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണ് അവനെ ഇവിടെ മക്കയിലെത്തിക്കാതെ ഇനി ഞാൻ വീട്ടിലേക്കു തിരിക്കില്ല. എങ്കിൽ എന്റെ ഒട്ടകമതാ കഅബയുടെ മുറ്റത്ത്. അതിനുമേൽ കയറി പൊയ്ക്കോളൂ. ആഗതൻ പറഞ്ഞു.
മുത്തലിബ് ആ ഒട്ടകപ്പുറത്തു കയറി യസ്‌രിബിലെത്തി. സന്ധ്യയാവാറായി. തന്റെ സഹോദരൻ ഹാശിം കല്ല്യാണം കഴിച്ച 'ബനുന്നജ്ജാർ' ഗോത്രക്കാരുടെ താമസസ്ഥലത്തു ചെന്നു. അവിടെ ഒരു കൂട്ടം കുട്ടികൾ പന്തു കളിക്കുന്നു. കണ്ട മാത്രയിൽ തന്നെ മുത്വലിബ് തന്റെ സഹോദരപുത്രനെ തിരിച്ചറിഞ്ഞു. കൂടി നിന്നവരോട് ഇതു ഹാശിമിന്റെ മകൻ തന്നെയോ എന്നുറപ്പുവരുത്തി. അവർ പറഞ്ഞു. അതെ നിങ്ങളുടെ സഹോദരൻ ഹാശിമിന്റെ പുത്രൻ തന്നെ. നിങ്ങളവനെ കൂട്ടാൻ വന്നതെങ്കിൽ അവന്റെ ഉമ്മ അറിയും മുമ്പ് പിടിച്ചു കൊണ്ടുപോവണം. ഉമ്മ അറിഞ്ഞാൽ സമ്മതിക്കില്ല. മുത്വലിബ് തന്റെ പ്രിയമകനെ വിളിച്ചുപറഞ്ഞു. എന്റെ സഹോദരപുത്രാ! ഞാൻ നിന്റെ പിതൃസഹോദരനാണ്. നിന്നെ നിന്റെ ഗോത്രക്കാരിലേക്ക് -മക്കയിലേക്ക് കൂട്ടാൻ വിചാരിക്കുന്നു. നീ വരണം. കേട്ട മാത്രയിൽ തന്നെ പിതൃവ്യനെ തിരിച്ചറിഞ്ഞ മകൻ ഒട്ടകപ്പുറത്തു കയറി അദ്ദേഹത്തിന്റെ കൂടെ മക്കയിൽ വന്നു. രാത്രിയായപ്പോൾ മകനെ തിരക്കിയ ഉമ്മയോട്, തന്റെ പിതൃവ്യൻ കുട്ടിയെ കൊണ്ടുപോയ കഥ നാട്ടുകാർ വിവരിച്ചു.
പകൽ സൂര്യപ്രകാശം തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോഴാണ് മുത്വലിബ് മക്കയിലെത്തിയത്. അങ്ങിങ്ങായി സമ്മേളിച്ച ജനങ്ങൾ മുഷിഞ്ഞ വേഷത്തിൽ തന്നെ പിന്നിലിരിക്കുന്ന ബാലനാരെന്നു ചോദിച്ചപ്പോൾ മുത്ത്വലിബ് അവരോട് പറഞ്ഞു. ഇതൊരടിമക്കുട്ടിയാണ്. ബാലനാരെന്നന്വേഷിച്ച സഹധർമ്മിണിയോടും മുത്വലിബ് പറഞ്ഞു. ഇതെന്റെ അടിമയാണെന്ന്. കളിക്കളത്തിൽ നിന്നു കൂട്ടികൊണ്ടുവരുമ്പോഴുള്ള കീറി പറിഞ്ഞ മുഷിഞ്ഞ വേഷക്കാരൻ ചെറുക്കൻ തന്റെ സഹോദര പുത്രനാണെന്നു പറയാൻ മുത്വലിബിന് ജാള്യത തോന്നി. കുട്ടിയെ വീട്ടിലാക്കി തുണിക്കടയിൽ ചെന്നു മുന്തിയ ഉടയാടകൾ വാങ്ങി വീട്ടിലെത്തിയ മുത്വലിബ് വൈകുന്നേരമായപ്പോൾ കുളിച്ചു വൃത്തിയായി പുതിയ ഉടയാടകൾ അണിഞ്ഞ തന്റെ ബാലനെയും കൂട്ടി അബ്ദുമനാഫിന്റെ മക്കൾ സമ്മേളിക്കുന്ന വിശിഷ്ട സദസ്സിൽ എത്തി. മക്കയിലെ വീഥികളിലൂടെ ബാലനെയും കൂട്ടി ചുറ്റി. ഇതെന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണെന്ന് ഏവരെയും സസന്തോഷം അറിയിച്ചു. അപ്പോഴേക്കും തന്റെ കുട്ടി “മുത്വലിബിന്റെ അടിമ” എന്ന പേരിൽ തന്നെ അറിയപെട്ടിരുന്നു. അങ്ങനെ ശൈബതുബ്നുഹാശിം അബ്ദുൽ മുത്വലിബുബുനുഹാശിമായി!
തന്റെ പിതാവ് ഹാശിമിനു ശേഷം പിതൃവ്യൻ മുത്വലിബു കൂടി മരണപെട്ടതോടെ അബ്ദുമനാഫിന്റെ മക്കൾക്കുള്ള എല്ലാ പ്രൗഢിയും അധികാരങ്ങളും അബ്ദുൽ മുത്വലിബിന്നു സ്വന്തമായി. അടഞ്ഞു കിടന്നിരുന്ന സംസം കിണറിന്റെ സ്ഥാനം കണ്ടുപിടിച്ചു കുഴിക്കുകയും അതു വീണ്ടെടുക്കുകയും ചെയ്തതും അതിന്നടിയിൽ കുഴിച്ചുമൂടപ്പെട്ടിരുന്ന അമൂല്യവസ്തുക്കൾ പിടിച്ചെടുത്തതും അബ്ദുൽ മുത്വലിബായിരുന്നു. അതോടെ മക്കയുടെയും കഅബയുടെയും നായകത്വം തനിക്കു സ്വന്തമായി.
********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 8)
*2. ഹാശിം:-*
അംറ് എന്നാണു സ്വന്തം പേര്. ഒരിക്കൽ ഖുറൈശികൾ രൂക്ഷമായ വരൾച്ചയിൽ പെട്ടു പട്ടിണി കിടന്നപ്പോൾ ഫലസ്തീനിൽ പോയി പൊടി മേടിച്ചു മക്കയിൽ കൊണ്ടുവന്നു. വലിയ പത്തിരിയുണ്ടാക്കി ഒട്ടകത്തെ അറത്തു പത്തിരി കഷ്ണിച്ചു കറിയിലിട്ടു ജനങ്ങൾക്കു തീറ്റിയതു മുതൽക്കാണ് അദ്ദേഹം ഹാശിം എന്നു വിളിക്കപ്പെട്ടത്. 'കഷ്ണിക്കുന്നവൻ' എന്നാണ് ആ അറബി ശബ്ദത്തിന്റെ അർത്ഥം. തന്റെ പിതാവ് അബ്ദുമനാഫിന്റെ മരണാനന്തരം സംസമിന്റെ അധികാരവും മക്കയിൽ വരുന്നവരുടെ ആതിഥ്യം നൽകുന്ന അവകാശവും മൂത്തപുത്രനായ ഹാശിമിനായിരുന്നു.
*3. അബ്ദുമനാഫ്:-*
മുഗീറഃ എന്നാണു യഥാർത്ഥ പേര്. മക്കയിലെ ഏറ്റവും വലിയ വിഗ്രഹമായ മനാഫിനു തന്റെ മാതാവു വഴിപാടു നേർന്നതിനാലാണു മുഗീറ അബ്ദുമനാഫ് (മനാഫു ദേവന്റെ ദാസൻ) എന്നറിയപ്പെട്ടത്.
***********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 9)
*4. ഖുസ്വയ്യ്:-*
സൈദാണു നാമം. തന്റെ പിതാവു കിലാബിന്റെ മരണാനന്തരം മാതാവ് അസദ് ഗോത്രക്കാരിയായ ഫാത്വിമ തന്റെ രണ്ടുമക്കളിൽ ഇളയവനായ സൈദിനെ രണ്ടാം ഭർത്താവായ റബീഅത്തുബ്നു ഹറാമിനോടൊപ്പം മക്കയിൽ നിന്നും അകലെ ഖുസാഅത്തു ഗോത്രക്കാർ താമസിക്കുന്നിടത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഫാത്വിമക്കു റബീഅത്തിൽ നിന്നും പുത്രൻ ജനിച്ചു. റബീഅത്തിനു വേറെ ഒരു സ്ത്രീയിൽ മൂന്നു മക്കളുമുണ്ട്. അവർക്കിടയിൽ പെട്ട സൈദിന് അവർ ഖുസ്വയ്യ് (ദൂരെയുള്ളയാൾ) എന്ന് വിളിച്ചു വന്നു.
അവിടെ യുവാവായി വളർന്ന ഖുസ്വയ്യ് ഒരു പ്രശ്നത്തിനിടയിൽ ഖുസാഅത്തു ഗോത്രക്കാരിൽ നിന്നും 'നീ പരദേശിയാണെ'ന്ന ശകാരം കേട്ടു. വീട്ടിൽ മാതാവിനോടു ചെന്ന് സത്യാവസ്ഥ തിരക്കിയ ഖുസ്വയ്യിനോടു മാതാവു പറഞ്ഞു. “മോനേ, നീ അവരേക്കാൾ ഉന്നത കുലജാതനാണ്. നീ ഖുറൈശീ വംശജനായ കിലാബിന്റെ പുത്രനാണ്. നിന്റെ കൂട്ടക്കാർ പരിശുദ്ധ കഅബക്കു സമീപം മക്കയിലും ചുറ്റുവട്ടത്തും കഴിയുന്നു.” ഇതു കേട്ട മകൻ തന്റെ കുടുംബത്തിന്റെ നാട്ടിലണയാൻ തീരുമാനിച്ചു. മാതാവു പറഞ്ഞു: ധൃതി വയ്ക്കേണ്ട മോനേ, ശഹ്റുൽ ഹറാം പിറന്നാൽ മക്കയിലേക്കു ഹാജിമാർ പോവും. അവരുടെ കൂടെ പുറപ്പെടാം. അല്ലെങ്കിൽ എനിക്കു ഭയമാണ്.
ഹാജിമാരോടൊപ്പം മക്കയിലെത്തിയ ഖുസ്വയ്യ് ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോയില്ല. കരുത്തുറ്റ ജൻറൽമാനായി ഖുസ്വയ്യ് ഖുസാഅഃ ഗോത്രത്തിൽ പെട്ട ഹലീലിന്റെ മകൾ ഹുബായെ വിവാഹം കഴിച്ചു. മക്കളും സമ്പത്തും പ്രതാപവും വർദ്ധിച്ച ഖുസ്വയ്യ് മക്കയിലെ പ്രധാനിയായി.
അക്കാലത്തു ഖുസാഅഃ ഗോത്രക്കാർക്കാണ് കഅബയുടെ ആധിപത്യം. ഖുസ്വയ്യിന്റെ ഭാര്യാപിതാവു ഹലീലായിരുന്നു അവസാനത്തെ അധിപൻ. അദ്ദേഹത്തിന്റെ മരണാനന്തരം അബൂഗബ്ശാൻ എന്ന ഖുസാഈ വംശജനായിരുന്നു കഅബയും ഹറമും ഭരിച്ചിരുന്നത്. ഈ അധികാരം ഇവിടത്തെ ഏറ്റവും ഉന്നത കുടുംബമായ തന്റെ ഗോത്രം ഖുറൈശികൾക്കവകാശപ്പെട്ടതാണെന്നും തന്റെ പിതാമഹാന്മാരിൽ നിന്നും ഇത് ഖുസാഅത്ത് ഗോത്രക്കാർ തട്ടിയെടുത്തതാണെന്നും മനസ്സിലാക്കിയ ഖുസ്വയ്യ് സന്ദർഭത്തിനൊത്തുയർന്നു. തന്റെ ഗോത്രത്തിലെ എല്ലാ ഉപ ഗോത്രക്കാരോടും കിനാനത്ത് വംശജരോടുമെല്ലാം സംസാരിച്ച് ഈ അധികാരം തിരിച്ചുപിടിക്കാൻ ഖുസ്വയ്യ് തീരുമാനിച്ചു. അബൂഗബ്ശാൻ മദ്യം കിട്ടിയാൽ എല്ലാം മറക്കുന്ന ദുർബ്ബലനായിരുന്നു. ഇതു മനസ്സിലാക്കിയ ഖുസ്വയ്യ് ഒരു വീപ്പ കള്ളും ഊദ് എന്ന ഒരു തരം വാദ്യോപകരണവും വച്ചു നീട്ടിയപ്പോൾ അബൂഗബ്ശാൻ കഅ്ബയുടെ താക്കോലും ആധിപത്യവും ഖുസ്വയ്യിനു കൈമാറി.
ഇതറിഞ്ഞ ഖുസാഅഃ ഗോത്രക്കാർ ഇളകിവശായെങ്കിലും ആസൂത്രിതമായി ഖുറൈശീ ഉപശാഖകളെയെല്ലാം ഒത്തിണക്കിക്കൊണ്ടും ഖുസാഅ ഗോത്രത്തിലെ തന്റെ മാതാവൊത്ത സഹോദരൻ റസാഇന്റെ പിന്തുണ കൊണ്ടും ഖുസ്വാഅത്തു ഗോത്രക്കാരെ എതിർത്തു തോല്പിച്ചു. ജാള്യരായ അവർ വീടും സ്വത്തും വിറ്റു കഅബയുടെ പരിസരത്തുനിന്നു മാറി താമസിച്ചു തുടങ്ങി. ഈ തക്കത്തിൽ മലയോരങ്ങളിലും പർവ്വതശിഖരങ്ങളിലും ചിന്നിച്ചിതറിക്കിടന്ന ഖുറൈശീശാഖകളെയെല്ലാം കഅബക്കു സമീപവും മക്കയിലെ അബ്ത്വഹിലും ഒന്നിച്ചു താമസിപ്പിച്ചു. ഇതുകൊണ്ടാണു ഖുസ്വയ്യിനു 'മുജമ്മിഉ ഖുറൈശ്' (ഖുറൈശികളുടെ സംയോജകൻ) എന്ന അപരനാമം ലഭിച്ചത്.
***********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 10)
*5. കിലാബ്:-*
ശത്രുവിനു നേരെ ചാടിവീഴുക എന്നർത്ഥമുള്ള അറബി ശബ്ദമാണിത്. അല്ലെങ്കിൽ നായ എന്നർത്ഥമുള്ള കൽബിന്റെ ബഹുവചനവുമാകാം. ശത്രുക്കൾക്കുനേരെ കുരച്ചു ചാടുന്ന നായ എന്ന ഉദ്ദേശ്യാർത്ഥത്തിലാണു പണ്ടുകാലത്ത് അറബികൾ ഇങ്ങനെ പേരിടാറുള്ളത്.
സ്വന്തം മക്കൾ തങ്ങളുടെ ശത്രുക്കൾക്കു നേരെ പ്രതിരോധം സൃഷ്ടിക്കാനുള്ളതാണെന്ന സങ്കൽപത്തിൽ ശത്രുക്കൾക്കു നേരെ ചെന്നായ (ദ്വിഅ്ബ്) സിംഹം (അസദ്) നായ (കൽബ്) യുദ്ധം (ഹർബ്) അരോചകമായ കൈപ്പ് (മുർറ) എന്നിങ്ങനെയുള്ള നാമങ്ങൾ സ്വന്തം സന്താനങ്ങൾക്കു നൽകുകയും അതേ സമയം, അടിമകൾക്ക് അവർ നേട്ടം കൊയ്തു തരുന്നവരെന്ന സങ്കൽപത്തിൽ നല്ല നല്ല പേരുകൾ നൽകുകയും ചെയ്യുക ആ കാലത്തെ അറബി സമ്പ്രദായമായിരുന്നു.
ഖുറൈശി വംശജനായ സുറൈറിന്റെ മകൾ ഹിന്ദാണു കിലാബിന്റെ മാതാവ്. അബൂബക്കർ(റ)യുടെ ഗോത്രമായ ബനൂതൈമിന്റെ പിതാമഹൻ തൈമുബ്നു മുറം കിലാബിന്റെ പിതാവൊത്ത സഹോദരനാണ്.
*6. മുർറ:-*
ഖുറൈശി വംശജയാണ് ഇവരുടെ മാതാവ് വഹ്ശിയ്യ. അദിയ്യ്, ഹുസൈസ് എന്നീ രണ്ടു സഹോദരൻമാരും അദ്ദേഹത്തിനുണ്ട്. ഉമറി (റ)ന്റെ വംശജരായ ബനൂഅദിയ്യ് നബിയുടെ പിതൃപരമ്പരയിൽ നിന്നും വേർപിരിയുന്നത് ഈ അദിയ്യിലൂടെയാണ്.
*********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 11)
*7. കഅ്ബ്:-*
വെള്ളിയാഴ്ച ദിവസത്തിനു യൗമുൽ അറൂബ എന്ന് ആദ്യമായി നാമകരണം ചെയ്തത് ഇദ്ദേഹമായിരുന്നു. അദ്ദേഹം അന്നേ ദിവസം ഖുതുബ നിർവഹിക്കുകയും ഖുറൈശികൾ അതുകേൾക്കാൻ സമ്മേളിക്കുകയും പതിവുണ്ടായിരുന്നു. തന്റെ സന്താനപരമ്പരയിൽ ഒരു നബി വെളിപ്പെടുമെന്നും അവരോടു പിൻപറ്റണമെന്നും തന്റെ ഖുതുബ യിൽ പലപ്പോഴും അദ്ദേഹം പ്രവചിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. "അമ്മാബഅ്ദു' എന്ന വാക്യം ആമുഖത്തിനുശേഷം വിഷയത്തിൽ പ്രവേശിക്കും മുമ്പ് ഖുതുബയിൽ ആദ്യം പതിവാക്കിയത് ഇദ്ദേഹമായിരുന്നു.
*8. ലുഅയ്യ്:-*
ഇദ്ദേഹത്തിന്റെ ഒരു പുത്രനായ ഖുസൈമയാണ് പ്രശ്നസമയങ്ങളിൽ ഖുറൈശികളുടെ അഭയം. മറ്റൊരു പുത്രൻ സഅദിന്റെ മക്കൾ പരമ്പരയാണ് നാട്ടിൻ പുറത്ത് താമസക്കാരായ അറബികൾ. നാട്ടിൽ താമസിക്കുന്നവർ മാത്രമാണു ഖുറൈശികൾ എന്ന തറവാട്ടു നാമം ചേർത്തു പറയുന്നവർ.
*9. ഗാലിബ്:-*
ലൈലാബിൻതു ഹാരിസത്താണു മാതാവ്. ആറു സഹോദരൻമാരുണ്ട്..
********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 12)
*10. ഫിഹ്ർ:-*
ജുമ്മാഉ ഖുറൈശ് എന്ന സ്ഥാനപ്പേരുള്ള ഇദ്ദേഹത്തിന്റെ മക്കൾക്കാണു ഖുറൈശ് ഗോത്രം എന്നു പറയുന്നതെന്നു ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു പ്രബലമല്ലെങ്കിലും. ഹസ്സാൻ എന്ന ഹിംയർ ഗോത്രക്കാരന്റെ നേതൃത്വത്തിൽ കഅ്ബയുടെ കല്ലുകൾ പൊളിച്ചു തങ്ങളുടെ നാട്ടിലേക്കെത്തിക്കാനും അവിടെ ഹജ്ജിന്റെ കേന്ദ്രമാക്കാനും യമനിൽ നിന്നും വന്ന ഒരു വലിയ സൈന്യത്തോടു മക്കയിലെ ഖുറൈശികളും മറ്റു ഗോത്രക്കാരും യുദ്ധം ചെയ്യുകയും തുരത്തി ഓടിക്കുകയും ചെയ്തപ്പോൾ അതിന്റെ നേതൃത്വം ഫിഹ്റിനായിരുന്നു. മൂന്നുവർഷം മക്കയിൽ തടങ്കലിൽ കഴിഞ്ഞ ശേഷം ദണ്ഡം നൽകി രക്ഷപ്പെട്ട ഹസ്സാൻ യമനിൽ തിരിച്ചെത്തുകയും മുമ്പേ മരണപ്പെടുകയു മാണുണ്ടായത്.
*11. മാലിക്:-*
ഇക്‌രിശത്തു ബിൻതു അദ്‌വൻ ആണു ഉമ്മ. യഖ്‌ലൂദ്, സ്വൽത്വ് എന്നീ രണ്ടു സഹോദരൻമാരുമുണ്ട്. ഇവർക്കാണ് ആദ്യമായി ഖുറൈശ് എന്ന തറവാട്ടുപേർ ലഭ്യമായത്.
*12. നള്ർ:-*
ഖൈസ് എന്നാണു ശരിനാമം. തന്റെ മുഖത്തെ നിസ്തുല പ്രകാശം മൂലമാണു നള്ർ എന്നു വിളിക്കപ്പെട്ടത്. ബർറത്താണു മാതാവ്. പ്രബലാഭിപ്രായപ്രകാരം ഇദ്ദേഹത്തിന്റെ മക്കൾക്കാണു ഖുറൈശികളെന്നു പറയുന്നത്.
********************
*നബി (സ) തങ്ങളുടെ പിതാമഹന്മാർ*
(ഭാഗം: 13)
*13. കിനാനത്ത്:-*
ഖുറൈശ് എന്ന ഗോത്രപ്പേരിനു മുൻപ് പ്രചാരപ്പെട്ട ഗോത്ര നാമമാണു കിനാനത്ത്. ഇദ്ദേഹത്തിലേക്കു ചേർത്താണ് ഈ നാമം വന്നത്. സഅദിന്റെ മകൾ "അവാന' യാണു മാതാവ്.
*14. ഖുസൈമ:-*
അസ്ലം മകൾ. സൽമ: മാതാവ്.
*15. മുദ്‌രിക്കത്ത്:-*
അംറ് എന്നാണു നാമം. ഹൽവാൻ മകൾ ലൈലാ മാതാവ്. ആമിർ എന്ന തന്റെ സഹോദരനും താനും ഒട്ടകത്തെ മേച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കിട്ടിയ വേട്ട ജീവിയെ തീയ്യിലിട്ടു വേവിക്കാനിരുന്നു. അതിനിടയിലെന്തോ സംഭവിച്ചു ഒട്ടകം ചിതറി ഓടിയപ്പോൾ അംറ് ആമിറിനോട് ചോദിച്ചു: നീ ഒട്ടകത്തെ പിടിച്ചു കൊണ്ടുവരുന്നോ, അതല്ല, ഇതിനെ വേവിക്കുന്നോ? ആമിർ പറഞ്ഞു: ഞാൻ വേവിക്കാം. അംറ് ഒട്ടകത്തെ തിരഞ്ഞു പിടിച്ചെത്തിക്കാനും പുറപ്പെട്ടു. വീട്ടിൽ വന്നു രണ്ടു പേരും സംഭവം വിവരിച്ചപ്പോൾ പിതാവ് പറഞ്ഞു, അംറിനോട്: നീ മുദ്‌രികത്തു (ഒട്ടകത്തെ കണ്ടെത്തിയവൻ) ആണ്. ആമിറിനോട്: നീ ത്വാബിഖത്തും (വേവിക്കുന്നയാൾ).
***********************
(തുടരും)
[കടപ്പാട്: ബുൽബുൽ മാസിക, _'മുഹമ്മദ് മുസ്തഫാ'_ - അലി അക്ബർ മൗലവി ഉദിരംപൊയിൽ]
*🪀 അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*
_To Join: +918281430730_
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ