2025 മാർച്ച് 22, ശനിയാഴ്‌ച

ഇ-മുസ്ഹഫ്

വളരെക്കാലമായി കാത്തിരുന്ന 
ഇ-മുസ്ഹഫ് (ഖുർആൻ) സൗദി അറേബ്യ പുറത്തിറക്കി.

സ്‌ക്രീനിൽ ഇടത്തുനിന്ന് വലത്തോട്ട് സ്‌പർശിച്ചുകൊണ്ട് സാധാരണ പുസ്തകത്തിലെ പേജുകൾ മറിക്കുന്നത് പോലെ ചെയ്യാൻ സാധിക്കും.

ഈ മുസ്ഹഫ് ഓപൺ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ശബ്ദം, പാരായണം, വിവർത്തനം, വ്യാഖ്യാനം എല്ലാം ഇതിലുണ്ട്


2025 മാർച്ച് 15, ശനിയാഴ്‌ച

ബീവി_നഫീസത്തുൽ_മിസ്‌രിയ്യ (റ)


പിതാവ്: സയ്യിദ് ഹസനുൽ അൻവർ (റ)
മാതാവ്: സയ്യിദ: ഉമ്മുസലമ (റ). 

സയ്യിദുനാ ഹസൻ (റ), സയ്യിദുനാ ഹുസൈൻ (റ) എന്നിവരുടെ സന്താന പരമ്പരയിലാണ് ബീവിയുടെ മാതാവിന്റെയും പിതാവിന്റെയും കുടുംബ വേരുകൾ സംഗമിക്കുന്നത്.

ജനനം: ഹിജ്‌റ 145 (ക്രി-760) ൽ മക്കയിൽ

ഭർത്താവ്: അഹ്‌ലുബൈത്തിൽ തന്നെയുള്ള ഇസ്ഹാഖുൽ മുഅതമിൻ (റ)
സന്താനങ്ങൾ: ഖാസിം(റ), ഉമ്മുകുൽസൂം(റ)

വളർന്നത്: മദീനയിൽ

മഹതി ജനിച്ചത് മക്കയിലാണെങ്കിലും അഞ്ച് വയസ്സുള്ളപ്പോൾ കുടുംബം മദീനയിലേക്ക് താമസം മാറ്റി. ഇബാദത്തിലും പരിത്യാഗത്തിലുമായി മദീനയിലാണ് മഹതി വളർന്നത്. പകലിൽ നോമ്പും രാത്രിയിൽ നിസ്കാരവുമായി കഴിഞ്ഞുകൂടി. തിരുനബിﷺയുടെ ഹറമായ മദീനയിൽ നിന്ന് ആ കാലയളവിൽ മഹതി ഒരിക്കലും മാറി താമസിച്ചില്ല. (നൂറുൽ അബ്സ്വാറ്)

#മുപ്പത്_ഹജ്ജ്
------------------------
മഹതി മുപ്പത് തവണ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അതിലധികവും നടന്നിട്ടാണ് പോയത്. മഹതിയവർകൾ വല്ലാതെ കരയുമായിരുന്നു. കഅ്ബയുടെ ഖില്ല പിടിച്ച് കൊണ്ട് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: "എന്റെ ഇലാഹും സയ്യിദും യജമാനനുമായ നാഥാ! എന്നെ നിന്റെ തൃപ്തികൊണ്ട് സന്തോഷിപ്പിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യേണമേ" (നൂറുൽ അബ്സ്വാർ)

#ഉറങ്ങാത്ത ദിനരാത്രികൾ
------------------------------------------

قال زينب بنت يحيى وهو أخو سيدة نفيسة رضي الله عنها. خدمت عمتى نفيسة أربعين سنة، فما رأيتها نامت بليل ولا فطرت بنهار، فقلت أما ترفقين بنفسك؟ قالت: كيف أرفق بنفسي وقدامى عقبات لا يقطعهن الا الفائزون. (نور الأبصار)

നഫീസാ ബീവി (റ) യുടെ സഹോദര പുത്രി സൈനബാ ബീവി(റ) പറയുന്നു: "ഞാൻ എന്റെ എളാമയായ നഫീസാ ബീവി(റ)യെ നാൽപത് വർഷം ഖിദ്മത്ത് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഒരിക്കലും രാത്രി ഉറങ്ങുന്നതായോ, പകലിൽ നോമ്പ്കാരിയല്ലാതയോ ഞാൻ മഹതിയെ കണ്ടിട്ടില്ല. ഞാൻ മഹതിയോട് ചോദിച്ചു:" അങ്ങയ്ക്ക് ശരീരത്തത്തോട് ഒന്ന് കൃപ കാണിച്ചുകൂടേ?
മഹതി പറഞ്ഞു: "ഞാനെങ്ങനെ എന്റെ ശരീരത്തോട് മയം കാണിക്കും. എന്റെ മുന്നിൽ കുറേ കടമ്പകൾ കടക്കേണ്ടതുണ്ട്. വിജയികളല്ലാതെ അവകളെ മുറിച്ച് കടക്കുകയില്ല.
(നൂറുൽ അബ്സ്വാർ)

#ശാഫിഈ ഇമാം (റ) രോഗശമനത്തിനായി തേടുന്നു
-------------------------------------------------------

وكان الشافعي رضي الله عنه إذا مرض أرسل إليها إنسانا من أصحابه الربيع الجيزى أو الريع المرادي فيسلم المرسل إليها و يقول لها إن ابن عمك الشافعي مريض ويسألك الدعاء تدعو له فلا يرجع له القاصد إلا وقد عوفي من مرضه فلما مرض مرضه الذي مات فيه أرسل لها على جارى عادته يلتمس منها الدعاء ، فقالت للقاصد متعه الله بالنظر إلى وجهه الكريم فجاء القاصد له فرآه الشافعي فقال له ما قالت لك ؟ قال قالت لي كيت وكيت فعلم أنه ميت فأوصى.
(نور الأبصار)

ശാഫിഈ ഇമാം(റ) രോഗബാധിതനാവുന്ന വേളയിലെല്ലാം ശമനത്തിനായി ബീവിയോട് ചെന്ന് ദുആ ചെയ്യാൻ ആവശ്യപ്പെടാൻ ശിഷ്യന്മാരെ പറഞ്ഞയക്കുമായിരുന്നു. തദ്ഫലമായി പോയവർ തിരിച്ചുവരും മുന്നെ സുഖം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ഇമാമിന്റെ മരണത്തിലേക്കെത്തിച്ച രോഗഘട്ടം പ്രാർത്ഥനാഭ്യർത്ഥനയുമായി ചെന്ന ശിഷ്യനോട് പ്രാർത്ഥനക്കു പകരം മഹതി പറഞ്ഞു: ‘അല്ലാഹു തിരുദർശനത്തിന് ഇമാമിനെ അനുഗ്രഹിക്കുമാറാകട്ടേ.’ തന്റെ മടക്കയാത്രക്കു സമയമായെന്ന് ബീവിയുടെ പ്രതികരണത്തിൽ നിന്നും ഇമാം മനസ്സിലാക്കി മരണത്തിനൊരുങ്ങി.
(നൂറുൽ അബ്സ്വാർ)

  #രണ്ടായിരം_ഖത്മുകൾ
----------------------------------------
وحفرت قبرها بيدها في بيتها وكانت تصلي فيه كثيرا وقرأت فيه مائة وتسعين ختمة وفي رواية عنه ألفي ختمة وقيل ألف وتسعمائة (نور الأبصار)

മഹതി മിസ്റിലെ തന്റെ വീട്ടിൽ സ്വന്തം കൈകൊണ്ട് കുഴിച്ച ഖബ്റിൽ ധാരാളമായി നിസ്കരിക്കുമായിരുന്നു. അതിൽ ഇറങ്ങിയിരുന്ന് മഹതി 190 ഖത്മുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു രിവായത്ത് പ്രകാരം രണ്ടായിരം ഖത്മുകൾ എന്നാണ്. 1900 ഖത്മുകളെന്നും അഭിപ്രായമുണ്ട്. (നൂറുൽ അബ്സ്വാർ) 

#യഹൂദി_കുടുംബം_ഇസ്‌ലാമിലേക്ക്
--------------------------------------------------------

ﻭﻛﺎﻥ ﺑﺠﻮاﺭ ﻫﺬﻩ اﻟﺪاﺭ اﻣﺮﺃﺓ ﻳﻬﻮﺩﻳﺔ ﻟﻬﺎ اﺑﻨﺔ ﻣﻘﻌﺪﺓ، ﻓﺄﺭاﺩﺕ اﻷﻡ ﺃﻥ ﺗﺘﻮﺟّﻪ ﺇﻟﻰ اﻟﺤﻤّﺎﻡ، ﻓﻘﺎﻟﺖ ﻟﻬﺎ: ﻳﺎ ﺑﻨﻴّﺘﻰ، ﻣﺎ ﺃﺻﻨﻊ ﻓﻰ ﺃﻣﺮﻙ؟ ﻫﻞ ﻟﻚ ﺃﻥّ ﻧﺤﻤﻠﻚ ﻣﻌﻨﺎ ﺇﻟﻰ اﻟﺤﻤّﺎﻡ؟ ﻗﺎﻟﺖ [ اﻟﺒﻨﺖ] : ﻳﺎ ﺃﻣّﺎﻩ، اﺟﻌﻠﻴﻨﻰ ﻋﻨﺪ ﻫﺬﻩ اﻟﺸﺮﻳﻔﺔ اﻟﺘﻰ ﺑﺠﻮاﺭﻧﺎ ﺣﺘﻰ ﺗﻌﻮﺩﻯ. ﻓﺠﺎءﺕ ﺃﻣّﻬﺎ ﺇﻟﻰ اﻟﺴﻴﺪﺓ ﻧﻔﻴﺴﺔ، ﻭﺳﺄﻟﺘﻬﺎ ﻭاﺳﺘﺄﺫﻧﺘﻬﺎ ﻓﻰ ﺫﻟﻚ ، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﺄﺗﺖ ﺑﻬﺎ ﺇﻟﻴﻬﺎ، ﻭﻭﺿﻌﺘﻬﺎ ﻓﻰ ﺟﺎﻧﺐ اﻟﺒﻴﺖ، ﻭﻣﻀﺖ، ﻓﺠﺎء ﻭﻗﺖ ﺻﻼﺓ اﻟﻈﻬﺮ، ﻓﻘﺎﻣﺖ اﻟﺴﻴﺪﺓ ﻧﻔﻴﺴﺔ ﻓﺘﻮﺿّﺄﺕ ﺇﻟﻰ ﺟﺎﻧﺐ اﻟﺼﺒﻴﺔ، ﻓﺠﺮﻯ اﻟﻤﺎء ﺇﻟﻴﻬﺎ ، ﻓﺄﻟﻬﻤﻬﺎ اﻟﻠﻪ ﺗﻌﺎﻟﻰ ﺃﻥ ﺃﺧﺬﺕ ﻣﻦ ﻣﺎء اﻟﻮﺿﻮء ﻭﺟﻌﻠﺖ ﺗﻤﺮّ ﺑﻪ ﻋﻠﻰ ﺃﻋﻀﺎﺋﻬﺎ، ﻓﺸﻔﻴﺖ ﺑﺈﺫﻥ اﻟﻠﻪ ﺗﻌﺎﻟﻰ، ﻭﻗﺎﻣﺖ ﺗﻤﺸﻰ ﻛﺄﻥ ﻟﻢ ﻳﻜﻦ ﺑﻬﺎ ﺷﻰء، ﻓﻠﻤﺎ ﺟﺎء ﺃﻫﻠﻬﺎ ﺧﺮﺟﺖ ﺇﻟﻴﻬﻢ ﺗﻤﺸﻰ، ﻓﺴﺄﻟﻮﻫﺎ ﻋﻦ ﺷﺄﻧﻬﺎ، ﻓﺄﺧﺒﺮﺗﻬﻢ، ﻓﺄﺳﻠﻤﻮا.
(مرشد الزوار إلى قبور الابرار:١٦٣)

ബീവിയുടെ അയൽക്കാരായി ഒരു ജൂത കുടുംബം താമസിച്ചിരുന്നു. ഇവർക്ക് സ്വയം എഴുന്നേറ്റു നിൽക്കാനും നടക്കാനും ശേഷിയില്ലാത്ത ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ വീട്ടിലും മുറ്റത്തുമൊക്കെ ഇഴഞ്ഞു നീങ്ങുമായിരുന്നു. ഒരുദിവസം വീട്ടിൽ അവളുടെ മാതാവ് മാത്രമുള്ള സമയം, മാതാവിന് കുളിമുറിയിൽ പോകണം. മകളോട് ചോദിച്ചു : എനിക്ക് കുളിമുറിയിൽ പോകണം നിന്നെ ഞാൻ എന്ത് ചെയ്യും? കുട്ടി പറഞ്ഞു: എന്നെ നിങ്ങൾ നമ്മുടെ അയൽപക്കത്തുള്ള ബീവിയുടെ സമീപത്തേക്ക് ആക്കുക. നിങ്ങൾ മടങ്ങി വരുന്നത് വരേ ഞാൻ അവിടെ നിന്നോളാം. കുട്ടിയെ ബീവിയുടെ സമീപത്താക്കി മാതാവ് പോയി. ളുഹ്റ് നിസ്കാരത്തിന് സമയമായി. ബീവി നിസ്‌കരിക്കാൻ വുളൂഅ് ചെയ്യാൻ എഴുനേറ്റു. കുട്ടിയെ സമീപത്താക്കി മഹതി വുളൂഅ് എടുത്തു. ആ കുട്ടിക്ക് അല്ലാഹു മഹതി വുളൂഅ് എടുത്ത് ഒഴുകി വരുന്ന വെള്ളം എടുക്കാൻ തോന്നിച്ചുകൊടുത്തു. മഹതിയുടെ സമീപത്തേക്ക് ഇഴഞ്ഞെത്തിയ കുട്ടി ആ വെള്ളം കൈയ്യിൽ എടുത്ത് തന്റെ അവയവങ്ങളിൽ പുരട്ടി. ആ തളർന്ന കാലുകളിൽ അദ്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം അവൾ സുഖപ്പെട്ടു. കുട്ടി പരസഹായമില്ലാതെ എഴുന്നേറ്റു വീട്ടിലേക്ക് ഓടിപ്പോയി, സംഭവമറിഞ്ഞ ആ കുടുംബം പരിശുദ്ധ ഇസ്‌ലാമിലേക്ക് വന്നു.
(മുർശിദുസ്സുവ്വാർ)

    
#വഫാത്ത്
-----------------

ﻗﺎﻟﺖ ﺯﻳﻨﺐ ﺑﻨﺖ ﺃﺧﻴﻬﺎ: ﺗﺄﻟّﻤﺖ ﻋﻤّﺘﻰ ﻓﻰ ﺃﻭﻝ ﻳﻮﻡ ﻣﻦ ﺭﺟﺐ، ﻭﻛﺘﺒﺖ ﺇﻟﻰ ﺯﻭﺟﻬﺎ ﺇﺳﺤﺎﻕ اﻟﻤﺆﺗﻤﻦ ﻛﺘﺎﺑﺎ، ﻭﻛﺎﻥ ﻏﺎﺋﺒﺎ ﺑﺎﻟﻤﺪﻳﻨﺔ، ﺗﺄﻣﺮﻩ ﺑﺎﻟﻤﺠﻰء ﺇﻟﻴﻬﺎ، ﻭﻣﺎ ﺯاﻟﺖ «4» ﻛﺬﻟﻚ ﺇﻟﻰ ﺃﻥ ﻛﺎﻥ ﺃﻭﻝ ﺟﻤﻌﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺯاﺩ ﺑﻬﺎ اﻷﻟﻢ ﻭﻫﻰ ﺻﺎﺋﻤﺔ، ﻓﺪﺧﻞ ﻋﻠﻴﻬﺎ اﻷﻃﺒﺎء اﻟﺤﺬّاﻕ ﻭﺃﺷﺎﺭﻭا ﺑﺄﺳﺮﻫﻢ ﻋﻠﻴﻬﺎ ﺃﻥ ﺗﻔﻄﺮ ﻟﺤﻔﻆ اﻟﻘﻮﺓ، ﻟﻤﺎ ﺭﺃﻭا ﻣﻦ اﻟﻀﻌﻒ اﻟﺬﻱ ﺃﺻﺎﺑﻬﺎ، ﻓﻘﺎﻟﺖ: ﻭا ﻋﺠﺒﺎ! ﻟﻰ ﺛﻼﺛﻮﻥ ﺳﻨﺔ ﺃﺳﺄﻝ اﻟﻠﻪ ﻋﺰ ﻭﺟﻞ ﺃﻥ ﻳﺘﻮﻓّﺎﻧﻰ ﻭﺃﻧﺎ ﺻﺎﺋﻤﺔ ﻭﺃﻓﻄﺮ؟! ﻣﻌﺎﺫ اﻟﻠﻪ ﺗﻌﺎﻟﻰ-....ﺛﻢ ﺇﻧﻬﺎ ﺑﻘﻴﺖ ﻛﺬﻟﻚ ﺇﻟﻰ اﻟﻌﺸﺮ اﻷﻭاﺳﻂ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﺎﺷﺘﺪّ ﺑﻬﺎ اﻟﻤﺮﺽ ﻭاﺣﺘﻀﺮﺕ ، ﻓﺎﺳﺘﻔﺘﺤﺖ ﺑﻘﺮاءﺓ ﺳﻮﺭﺓ اﻷﻧﻌﺎﻡ، ﻓﻤﺎ ﺯاﻟﺖ ﺗﻘﺮﺃ ﺇﻟﻰ ﺃﻥ ﻭﺻﻠﺖ ﺇﻟﻰ ﻗﻮﻟﻪ ﺗﻌﺎﻟﻰ:.. ﻗُﻞْ ﻟِﻠَّﻪِ، ﻛَﺘَﺐَ ﻋَﻠﻰ ﻧَﻔْﺴِﻪِ اﻟﺮَّﺣْﻤَﺔَ
ﻓﻔﺎﺿﺖ ﺭﻭﺣﻬﺎ اﻟﻜﺮﻳﻤﺔ.. ﻭﻗﻴﻞ: ﺇﻧﻬﺎ ﻗﺮﺃﺕ: ﻟَﻬُﻢْ ﺩاﺭُ اﻟﺴَّﻼﻡِ ﻋِﻨْﺪَ ﺭَﺑِّﻬِﻢْ ﻭَﻫُﻮَ ﻭَﻟِﻴُّﻬُﻢْ ﺑِﻤﺎ ﻛﺎﻧُﻮا ﻳَﻌْﻤَﻠُﻮﻥَ
« ﻓﻐﺸﻰ ﻋﻠﻴﻬﺎ.. 

ബീവിയുടെ ഖാദിമത്തായ സൈനബ് ബീവി പറയുന്നു: റജബ്മാസം ബീവി രോഗബാധിതയായി. ഭർത്താവ് ഇസ്ഹാഖ് (റ) നാട്ടിലില്ലായിരുന്നു. ഞാൻ അവർ തിരിച്ചുവരാൻ പറഞ്ഞ് അദ്ദേഹത്തിന് കത്തയച്ചു. റമളാനിലെ ആദ്യ വെള്ളിയാഴ്ച വരെ രോഗം തുടർന്നു. രോഗം കലശലായെങ്കിലും നോമ്പ് ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. നോമ്പൊഴിവാക്കാനുള്ള വൈദ്യനിർദേശത്തിന് മഹതി പ്രതികരിച്ചതിങ്ങനെ: മുപ്പത് വർഷമായി നോമ്പുകാരിയായിരിക്കെ മരിപ്പിക്കണമെന്നു ഞാനെന്റെ രക്ഷിതാവിനോടു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് അതിന് അവസരമെത്തിയപ്പോൾ നിങ്ങളെന്നോടു നോമ്പൊഴിവാക്കാൻ ആവശ്യപ്പെടുകയാണോ?’  

റമളാൻ രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചു. ഇതേ അവസ്ഥ തന്നെ തുടർന്നു. മരണമാസന്നമായി. മഹതി സൂറത്തുൽ അൻആം പാരായണം ചെയ്യാൻ തുടങ്ങി. ”അവരുടെ രക്ഷിതാവിങ്കൽ അവർക്ക് രക്ഷയുടെ ഗേഹമുണ്ട്. അവൻ അവരുടെ രക്ഷാധികാരിയുമാകുന്നു ; അവർ സ്വീകരിച്ച ശരിയായ കർമ മാർഗം കാരണമായി’ (അൽ അൻആം 127) എന്ന ആയത്ത് എത്തിയപ്പോൾ മഹതി ഈ ലോകത്തോട് വിട പറഞ്ഞു.
(മുർശിദുസ്സുവ്വാർ) 

#ഖബ്റിടം_മിസ്റിലായതിന്_പിന്നിൽ
〰️〰️〰️〰️〰️〰️〰️〰️〰️〰️
മഹതി തന്റെ മരണാനന്തര കാര്യങ്ങൾ ഭർത്താവായ ഇസ്ഹാഖ് (റ) തീരുമാനിക്കുന്നത് പോലയല്ലാതെ നടപ്പാക്കാൻ പാടില്ല' എന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. നാട്ടിലില്ലാതിരുന്ന മഹാനവർകൾ അന്ന് സ്ഥലത്തെത്തി. അപ്പോഴേക്കും എല്ലാ നാട്ടിലേയും ഗ്രാമങ്ങളിലെയും ജനങ്ങൾ അവിടെ ഒരിമിച്ചുകൂടിയിരുന്നു. മിസ്റിലെ എല്ലാ ഭവനങ്ങളിൽ നിന്നും കരച്ചിൽ കേൾക്കാമായിരുന്നു. മഹാൻ മഹതിക്കു വേണ്ടി ഒരു താബൂത്ത് (മഞ്ചം) തയ്യാറാക്കിയിരുന്നു. മഹാൻ പറഞ്ഞു: ബീവിയെ ഞാൻ അവരുടെ പിതാമഹന്റെ അടുക്കൽ മദീനയിൽ മറമാടാൻ കൊണ്ടുപോവുകയാണ്. ഇതുകേട്ട് സങ്കടത്തിലായ ജനത മഹാനെ സമീപിച്ച് അല്ലാഹുവിനെ മുൻനിർത്തി അവിടെത്തന്നെ മറമാടാൻ അപേക്ഷിച്ചു . അദ്ദേഹം വഴങ്ങിയില്ല. ജനങ്ങൾ ഒരുമിച്ചു കൂടി രാജാവിനെ സമീപിച്ച് അദ്ദേഹം മുഖേന ഇസ്ഹാഖ് (റ) വിനോട് ആവശ്യപ്പെട്ടു നോക്കി . രാജാവ് പറഞ്ഞു: "അല്ലാഹുവിനെ മുൻനിർത്തി ചോദിക്കുന്നു' മഹതിയുടെ ഖബ്ർ ഇവിടെയാക്കുന്നതിൽ നിങ്ങൾ എതിർ പറയരുത്. മഹതിയുടെ ജീവിത കാലത്ത് ഞങ്ങൾക്കു വല്ല പ്രയാസങ്ങളും വന്നാൽ ഞങ്ങൾ മഹതിയെ സമീപിക്കും. മഹതി ദുആ ചെയ്യും. തദ്ഫലമായി ഞങ്ങൾക്ക് ആ പ്രയാസം നീങ്ങുകയും ചെയ്യും. മഹതിയെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ വിട്ടുതരണം. അങ്ങനെയാകുമ്പോൾ ഞങ്ങൾക്ക് പ്രയാസങ്ങൾ വരുമ്പോൾ മഹതിയുടെ ഖബ്റിങ്കൽ ചെന്ന് ഞങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യും, അതുകാരണം ഞങ്ങൾക്ക് ആ പ്രയാസങ്ങൾ നീങ്ങിക്കിട്ടും." പക്ഷേ ഇതൊന്നും ഇസ്ഹാഖ്(റ) വിന്റെ തീരുമാനത്തിന് മാറ്റം വരുത്തിയില്ല. മഹാനവർകളുടെ മനംമാറ്റം പ്രതീക്ഷിച്ച് ജനങ്ങൾ കുറേ ധനം ഒരുമിച്ചുകൂട്ടി മഹാനെ സമീപിച്ചു . മഹാൻ വഴങ്ങിയില്ല. ധനം മഹാന്റെ സമീപത്ത് വെച്ച് അവർ മടങ്ങിപ്പോയി. വലിയ സങ്കടത്തിലായി ആ രാത്രി അവർ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ വീണ്ടും അവർ മഹാന്റെ സമീപത്തേക്ക് ഓടിയെത്തി. 'അത്ഭുതം'! ഇന്നലെ കണ്ട ആളല്ല ഇന്ന്. അവർക്ക് മഹതിയെ മിസ്റിൽ തന്നെ മറമാടാൻ മഹാൻ സമ്മതം കൊടുക്കുന്നു, അവരുടെ ധനം മടക്കിക്കൊടുക്കുന്നു. ഇതുകണ്ട് അമ്പരന്ന ജനങ്ങൾ മഹാനോട് കാരണം ആരാഞ്ഞു. മഹാൻ പറഞ്ഞു: "ഞാൻ ഇന്നലെ സ്വപ്നത്തിൽ തിരുനബിﷺയെ കണ്ടു. അവിടുന്ന് എന്നോട് പറഞ്ഞു:" അവരുടെ ധനങ്ങൾ അവർക്ക് തന്നെ മടക്കിക്കൊടുക്കുക, അവരുടെ അടുക്കൽ തന്നെ ബീവിയെ മറവു ചെയ്യുക." ഇത് കേട്ട ജനങ്ങൾ ആഹ്ലാദിച്ചു. അവർ തിരുനബിﷺ യുടെ മേൽ ധാരാളമായി സ്വലാത്ത് ചൊല്ലി.
(മുർശിദുസ്സുവ്വാർ, നൂറുൽ അബ്സ്വാർ)

2025 മാർച്ച് 4, ചൊവ്വാഴ്ച

റമദാൻ ഡയറി


മനുഷ്യ മനസ്സിന് തിന്മപ്രേരിത ഭാവം ഉള്ളതു പോലെ കുറ്റബോധ ഭാവവുമുണ്ട്. ഒരു തെറ്റു ചെയ്തു കഴിഞ്ഞാൽ മനസ്സിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടൽ. മനസ്സാക്ഷിക്കുത്ത് എന്ന് നാം പറയാറുള്ള മനസ്സിന്റെ ഒരു സ്വാഭാവിക ഭാവം.
മനസ്സാക്ഷിക്കുത്തുണ്ടാവാൻ ദൈവവിശ്വാസിയാവണമെന്നില്ല. ധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾ ആരു ചെയ്താലും തുരുമ്പിക്കാത്ത ഹൃദയമുള്ളവർക്ക് നീറ്റലുണ്ടാവും.

കോതമംഗലം, തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കാൻ ഫ്രാൻസിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ വന്നൊരു സംഭവം ഒരിക്കലൊരു സൃഹൃത്തിൽ നിന്ന് അറിയാനിടയായി.
ശാസ്ത്രജ്ഞൻ ദൈവവിശ്വാസി ആയിരുന്നില്ല. പക്ഷി സങ്കേതത്തിൽ അപൂർവയിനം പക്ഷികളുണ്ടെന്നറിഞ്ഞ് അവയെ കാമറയിൽ പകർത്താമെന്നു വിചാരിച്ചാണ് അദ്ദേഹം എത്തിയത്.
പ്രവേശന കവാടത്തിനടുത്ത് സ്ഥാപിച്ചിരുന്ന *ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു* എന്ന ബോർഡ്, ശാസ്ത്രജ്ഞനെ പക്ഷേ, നിരാശനാക്കി.
അത് അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു.

" കാര്യമാക്കണ്ട സർ, ബോർഡുകൾ അങ്ങനെ പലതും കാണും. ഫോട്ടോ എത്ര വേണമെങ്കിലും സർ എടുത്തോ."

ഒപ്പമുള്ള ഗൈഡ് ശാസ്ത്രജ്ഞനെ പ്രോത്സാഹിപ്പിച്ചു.

" വേണ്ട. ഞാൻ എന്റെ മനസ്സാക്ഷിയെ വഞ്ചിക്കുകയില്ല "

ഗൈഡിന്റെ മറുപടി വളരെ കൃത്യമായിരുന്നു. താനുയർത്തിപ്പിടിക്കുന്ന ധാർമികതയുടെ മാറ്റ് ആ വാക്കുകളിൽ ജ്വലിച്ചു നിന്നു. 
കഴുത്തിൽ തൂക്കിയിട്ടിരുന്ന കാമറ അയാളെടുത്ത് ബാഗിൽ വെച്ചു.

കുറ്റകൃത്യാനന്തര മനസ്സാക്ഷിക്കുത്ത് മനുഷ്യനെ പാപരഹിതനാക്കാൻ സഹായിക്കും. വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കൃതരായ ആദമിനും ഹവ്വക്കും മനസ്സാക്ഷിക്കുത്തുണ്ടായി. അവർ അല്ലാഹുവിനോട് കുറ്റം ഏറ്റുപറഞ്ഞു. പശ്ചാത്തപിച്ചു. അവരിരുവരുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു.

*പൊറുത്തു കൊടുക്കുന്നവൻ* എന്നത് അല്ലാഹുവിന്റെ ഒരു വിശിഷ്ട ഗുണമാണല്ലൊ.
മനുഷ്യനെ ശിക്ഷിക്കാനല്ല , രക്ഷിക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

*തീർച്ചയായും അന്ത്യനാളിനെ മുൻനിർത്തി ഞാൻ സത്യം ചെയ്യുന്നു. സ്വയം കുറ്റപ്പെടുത്തുന്ന മനസ്സിനെ മുൻനിർത്തിയും ഞാൻ സത്യം ചെയ്യുന്നു*

( ഖുർആൻ - 75:1-2 )

സ്വയം കുറ്റപ്പെടുത്തുന്ന മനസ്സുകൾ അവയുടെ ഉടമകളെ വിശുദ്ധിയുടെ വഴികളിലേക്ക് കൈപിടിച്ച് നടത്തിയേക്കും.അവരുടെയുള്ളിൽ ഗുപ്തമായിക്കിടക്കുന്ന നന്മയുടെ നാമ്പുകളെ പുറത്തേക്ക് വളരാൻ അവസരമൊരുക്കും.

നിർവൃതിയും സമാധാനവും അനുഭവിക്കുക എന്ന മൂന്നാമതൊരു ഭാവവും മനുഷ്യമനസ്സിനുണ്ട്. 

എല്ലാവരും ആഗ്രഹിക്കുന്നതും എന്നാൽ പലർക്കും അപ്രാപ്യവുമാണ് ഈയൊരു ഭാവം. ആത്മനിർവൃതി, മനസ്സമാധാനം, ഹൃദയാനുഭൂതി എന്നതൊക്കെ വഴി തെറ്റി വന്ന് മനുഷ്യനെ സ്പർശിക്കാറില്ല. സ്വയം മനുഷ്യനാർജിക്കേണ്ടതാണവയൊക്കെ.
ഒരു നല്ല കാര്യം ചെയ്യുമ്പോൾ, അർഹതപ്പെട്ട ഒരാളെ സഹായിക്കാൻ കഴിയുമ്പോൾ, ഒരു നന്മയിൽ സഹകരിക്കുമ്പോൾ, ഒരനുഗ്രഹീത സദസ്സിൽ പങ്കെടുക്കുമ്പോൾ, ഒരു ഗ്രന്ഥം വായിക്കുമ്പോൾ...............
..,................
നമുക്ക് സന്താഷവും സംതൃപ്തിയും അനുഭവപ്പെടാറുണ്ട്.
പ്രാർത്ഥനകളിൽ മുഴുകുമ്പോൾ, വേദസൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ,
ദൈവസ്മരണയിൽ വ്യാപാരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ സമാധാനതരളിതമാകാറുണ്ട്.

*അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ. ദൈവസ്മരണയാൽ* *അവരുടെ ഹൃദയങ്ങൾ സമാധാന തരളിതമാവുന്നു*.
*അറിയുക, ദൈവസ്മരണയാൽ ഹൃദയങ്ങൾ സമാധാനതരളിതമാകുന്നു*
( ഖുർആൻ -13:28 )

*അല്ലയോ സമാധാന നിർവൃതി കൊള്ളുന്ന മനസ്സേ സംതൃപ്തിയോടെ നീ നിന്റെ നാഥന്റെ സുരക്ഷാ ഗേഹത്തിലേക്ക് പ്രവേശിച്ചാലും*. *എന്റെ ദാസന്മാരോടൊപ്പം, എന്റെ സ്വർഗത്തിലേക്ക് പ്രവേശിച്ചാലും*.
( ഖുർആൻ - 89:27-30 )

ഹൃദയങ്ങളെ അനന്ദപുളകിതമാക്കാനും
മനസ്സുകളിൽ അനുഭൂതിവർഷം ചൊരിയാനും നമ്മെ സജ്ജമാക്കുന്ന ശഹ്റു റമദാനിൽ ഒരിക്കൽ കൂടി ജീവിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.

സ്വർഗവാതിലുകളുടെ താക്കോൽ നമ്മുടെ കയ്യിലാണുള്ളത്. മറ്റാരുടെ കയ്യിലുമല്ല. സ്വർഗവാതിലുകളുടെ പൂട്ടു തുറന്ന് നമുക്കകത്തു കയറാം.

നമ്മെ മാടിവിളിച്ചു കൊണ്ട് നരകവാതായനങ്ങൾ തുറന്നു കിടപ്പുണ്ട്. കൊടുങ്കാറ്റിന്റെ വീറോടെ അവ കൊട്ടിയടക്കാൻ നമുക്കാർജവമുണ്ടാവണം.

പ്രലോഭനങ്ങളുടെ മധുരം നീട്ടി അഭിശപ്തരായ ചെകുത്താന്മാർ നമ്മെ വളഞ്ഞിട്ടു പിടിക്കാൻ പ്രഛന്ന വേഷധാരികളായി ചുറ്റിലുമുണ്ട്. ആ വർഗ ശത്രുക്കളെ കൂട്ടത്തോടെ പിടിച്ച് ചങ്ങലകളിൽ തളച്ചു നിർവീര്യമാക്കാൻ നമുക്കാവണം.
അപ്പോഴാണ് നോമ്പിന്റെ ആത്മാവുണരുന്നത്.

*ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്*

2025 മാർച്ച് 2, ഞായറാഴ്‌ച

തറാവീഹ് നമസ്ക്കാരം

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`

   ജമാഅത്തായി നിർവ്വഹിക്കൽ പുണ്യമായ ഒരു സുന്നത്തു നമസ്‌കാരമാണു തറാവീഹ്. നബി(സ) തങ്ങൾ പ്രത്യേകം പ്രേരിപ്പിക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്ത‌ 'ഖിയാമു റമളാൻ' എന്ന സുന്നത്തു നമസ്‌കാരം തന്നെയാണിത്.

 من قام رمضان ايمانا واحتسابا غفر له ما تقدم من ذنبه

എന്ന ഹദീസ് പ്രസിദ്ധവും ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്തിട്ടുള്ളതുമാണ്. സത്യമാണെന്നംഗീകരിച്ചും മറ്റു ലക്ഷ്യങ്ങളില്ലാതെ അല്ലാഹുവിന്നായി മാത്രം നിർവ്വഹിച്ചും ഏതൊരാൾ റമളാൻ രാവിൽ നിന്നു നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ മാപ്പു ചെയ്യപ്പെടുമെന്നാണ് ഹദീസിൻ്റെ സാരം. ഇതുകൊണ്ടുദ്ദേശ്യം തറാവീഹ് നമസ്കാരമാണെന്നത്രെ പണ്ഡിത നിലപാട്. അതിനാൽ തറാവീഹ് എന്ന റമളാനിലെ പ്രത്യേക നമസ്‌കാരം ശർഇൽ തേടപ്പെട്ട ഒരു പുണ്യകർമ്മമാണെന്നത് ഇമാമുകളുടെ ഏകകണ്ഠമായ നിലപാടാണ്. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഇതിൻ്റെ റക്‌അത്തുകളുടെ എണ്ണത്തിലും ജമാഅത്തായാണോ തനിച്ചാണോ ശ്രേഷ്ടം എന്ന കാര്യത്തിലും മറ്റുമാണ് ഭിന്നവീക്ഷണങ്ങളുള്ളൂ.

    സുദീർഘമായി ഖുർആൻ പാരായണം ചെയ്‌തു നമസ്കരിക്കുന്നതിനാൽ ഓരോ ഈരണ്ടു സലാമുകൾക്കിടയിലും (നാല് റക്‌അത്ത് കഴിഞ്ഞ്) വിശ്രമിച്ചിരുന്നതു കൊണ്ടാണ് ഈ നമസ്ക്കാരത്തിനു തറാവീഹ് എന്നു പേർ വന്നത്. ഈയൊരു വിശ്രമത്തിന് 'തർവീഹത്ത്' എന്നു പറയും. ഇങ്ങനെ നാലോ അഞ്ചോ തർവീഹത്തുകൾ വരുമല്ലോ. ഇതുകൊണ്ടാണ് തറാവീഹ് എന്ന ബഹുവചനപ്പേർ വന്നത്.

      ഇശാ നമസ്കരിച്ചു കഴിഞ്ഞതു മുതലാണ് തറാവീഹിന്നു സമയമാകുക. പ്രഭാതോദയം വരെ സമയം നീണ്ടു നില്ക്കുകയും ചെയ്യും. ഇമാം ബഗ്‌വിയും(റ) മറ്റും വ്യക്തമാക്കിയതാണിത്.

    തറാവീഹിൽ ജമാഅത്തു സുന്നത്തുണ്ടെന്നാണ് നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണം. നബി(സ) തങ്ങൾ തന്നെ ഒരു റമളാനിലെ മൂന്നു രാത്രികളിൽ ഇതു ജമാഅത്തായി നിസ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). ഹിജ്റയുടെ രണ്ടാം വർഷത്തെ റമളാനിൽ അവസാന പത്തിലെ 23,25,27 എന്നീ രാത്രികളിലായിരുന്നു നബി(സ) വീട്ടിൽ നിന്നു പള്ളിയിൽ വന്ന് ഇങ്ങനെ ജമാഅത്തായി നിർവ്വഹിച്ചതെന്നു ശബ്റാമല്ലിസിയും ബാജൂരിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ നമസ്കാര വിവരമറിഞ്ഞ് സ്വഹാബികൾ പള്ളിയിൽ തടിച്ചുകൂടി പള്ളി നിറയുകയും 29-ാം രാത്രിയിലും നബിയുടെ ആഗമനം പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും അവിടുന്ന് പുറത്തു വന്നില്ല. 'ഈ നമസ്കാരം നിങ്ങൾക്കു ഫർളാക്കപ്പെടുമോ എന്നു ഞാൻ ആശങ്കപ്പെടുന്നു'വെന്ന് പറഞ്ഞ് വരാതിരിക്കുകയാണു ചെയ്തത്. അല്ലാഹുവിന്റെ വഹ്‌യും നിർദ്ദേശങ്ങളും ഘട്ടം ഘട്ടമായി അവതരിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സ്വഹാബികളുടെ ആവേശത്തെ തുടർന്ന് അല്ലാഹു ഇതു ഫർളായി നിശ്ചയിക്കാനും പിറകിൽ വരുന്ന സമുദായമക്കൾക്ക് ഇതിൽ കഴിവുകേട് സംഭവിക്കാനും ഇടയുണ്ടെന്ന ഭയമാണ് ഇവിടെ ഉദ്ദേശ്യമെന്നു ധരിക്കാം. അതല്ലെങ്കിൽ നബി(സ)യും സ്വഹാബത്തും ആവേശപൂർവ്വം എന്നും നിർവ്വഹിച്ചു കൊണ്ടിരുന്ന ഒരു പ്രവൃത്തിയെ പിൻതലമുറ ഫർളാണെന്നു ധരിക്കാനും നിറവേറ്റുന്നതിൽ വീഴ്‌ച വരുത്താനും സാധ്യതയുണ്ടെന്നും ഇതാണീ ആശങ്കയുടെ ഉദ്ദേശ്യമെന്നും മനസ്സിലാക്കാം.

    ഏതായാലും നബി(സ)യുടെ പ്രവൃത്തിയിൽ തന്നെ ഈ നമസ്കാരത്തിൽ ജമാഅത്തു സുന്നത്തുണ്ടെന്ന് അടിസ്ഥാനപരമായി മനസ്സിലായല്ലോ. ഇതിനെ തുടർന്ന് തറാവീഹ് ജമാഅത്തായി നമസ്കരിക്കുന്നതിൽ സ്വഹാബത്തിൻ്റെ അഥവാ അവരിൽ ബഹുഭൂരിപക്ഷത്തിൻ്റെ ഏകോപനവുമുണ്ടായി. ഇതാണ് തറാവീഹിൽ ജമാഅത്തു സുന്നത്താണെന്നതിനും അതാണു തനിച്ചു നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്‌ഠമെന്നതിനും നമ്മുടെ മദ്ഹബിന്റെ തെളിവ്. തനിച്ചു നമസ്‌കരിക്കലാണ് ജമാഅത്തിനേക്കാൾ ശ്രേഷ്ഠമെന്നും ഒരു വീക്ഷണം നമ്മുടെ മദ്ഹബിൽ തന്നെയുണ്ട്. ഇതുപക്ഷേ, ഖുർആൻ മനഃപാഠമാക്കുകയും കൂടുതൽ പാരായണം ചെയ്‌ത്‌ നമസ്‌കരിക്കാൻ തനിച്ചാകുമ്പോൾ മടുപ്പു തോന്നാതിരിക്കുകയും താൻ മൂലം പള്ളിയിൽ ജമാഅത്ത് നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവൻ്റെ കാര്യത്തിലാണെന്നും അല്ലാത്തവർക്ക് ജമാഅത്തായാണ് ശ്രേഷ്‌ഠമെന്നതിൽ അഭിപ്രായാന്തരമില്ലെന്നും നമ്മുടെ മദ്ഹബിലെ ഇറാഖീ സരണിയിലെ ഇമാമുകളും ഖുറാസാനീ സരണിയിൽ നിന്ന് സ്വയ്‌ദലാനീ, ബഗ് വീ എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

*ഇരുപത് റക്അത്ത്*

    തറാവീഹ് നമസ്‌കാരം ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിക്കൊണ്ട് ഇരുപത് റക്അത്താണെന്നാണ് നമ്മുടെ മദ്ഹബ്. ഇമാം അബൂഹനീഫ(റ)യും സഹയാത്രികരും അഹ്‌മദും(റ) ദാവൂദുള്ളാഹിരി(റ)യും മറ്റും ഇതേ വീക്ഷണക്കാരാണ്. ബഹുഭൂരിപക്ഷം ഉലമാഇൻ്റെയും അഭിപ്രായം ഇതു തന്നെയെന്ന് ഖാളി ഇയാള്(റ) ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, ഇമാം മാലിക്(റ) അഭി പ്രായപ്പെടുന്നത് തറാവീഹ് 36 റക്‌അത്താണെന്നാണ്. മദീനക്കാർ ഇങ്ങനെയാണു പ്രവർത്തിച്ചു വരുന്നതെന്നാണ് ഇമാമവർകളുടെ തെളിവ്. തന്റെ ഗുരു നാഫിഅ്(റ) ഇങ്ങനെ പ്രസ്താവിച്ചതും ഇമാമുദ്ധരിക്കുന്നു. 'റമളാനിൽ 39 റക്അത്തും അതിൽ നിന്നു മൂന്നു റക്അത്ത് വിത്റും നിർവ്വഹിക്കുന്നവരായാണ് ജനങ്ങളെ (സ്വഹാബത്ത്) ഞാനെത്തിച്ചത്' എന്നത്രെ നാഫിഇ(റ)ൻ്റെ മൊഴി. മദീനക്കാരുടെ പ്രവൃത്തി ഒരു പ്രമാണമായി ഉയർത്തിപ്പിടിക്കുന്നവരാണ് ഇമാം മാലിക്(റ).

      തിരുനബി(സ)യുടെ കാലത്ത് ഒരേയൊരു റമളാനിൽ പ്രസ്തുത മൂന്നു രാത്രികളിൽ പൊതു ജമാഅത്തായി നിർവ്വഹിച്ചതല്ലാതെ തിരുസുന്നത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അത് ഇരുപതു റക്അത്തായിരുന്നുവെന്ന് ഒരു ഹദീസിൽ വന്നിട്ടുണ്ടെങ്കിലും പ്രസ്തുത ഹദീസ് പ്രബലമല്ല. ഔദ്യോഗിക വിളിച്ചു കൂട്ടലില്ലാതെ യാദൃച്ഛികമായി നബി(സ) പള്ളിയിൽ വരുകയും അന്നു കണ്ടവർ തങ്ങളോടൊപ്പം നിസ്‌കരിക്കുകയും ഇതു കേട്ടറിഞ്ഞ് അതിൽ കൂടുതൽ പേർ പിറ്റേ രാത്രിയിലെ ജമാഅത്തിൽ പങ്കെടുക്കുകയും മൂന്നാം രാത്രി അതിലുമധികം ആളുകൾ വിവരമറിഞ്ഞെത്തുകയുമാണുണ്ടായത്. അതിനാൽ തന്നെ മൂന്നു രാത്രിയിലും ഒരേയെണ്ണമാണോ നമസ്‌കരിച്ചത്, അതിൽ തന്നെ എല്ലാവർക്കും നബി(സ)യോടൊപ്പം പൂർണ്ണമായി ലഭിച്ചുവോ എന്നൊന്നും വ്യക്തമല്ല. ഇബ്‌നുഖുസൈമയും ഇബ്‌നുഹിബ്ബാനും നിവേദനം ചെയ്ത ഒരു ഹദീസിൽ 'എട്ടു റക്അത്താണ് നബി(സ) ഞങ്ങളെ കൊണ്ട് നിസ്‌കരിച്ചതെ'ന്ന് ജാബിറി(റ)ൻ്റെ വാക്ക് വന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഏതു രാത്രിയിലെ കാര്യമാണു പറയുന്നത്, അന്നു തന്നെ ആദ്യന്തം പങ്കെടുത്തുവോ എന്നൊന്നും വ്യക്തമല്ല. അതിനാൽ തന്നെ പ്രസ്‌തുത മൂന്നു രാത്രിയിലെ നബി(സ)യുടെ നിസ്‌കാരത്തിൻ്റെ റിപ്പോർട്ടുകൾ എണ്ണത്തിൽ വ്യക്തതയില്ലാത്തതാണ്. തിരുമേനി(സ)യുടെ ശേഷിച്ച ജീവിതകാലത്തും സിദ്ദീഖി(റ)ൻ്റെ ഖിലാഫത്തു കാലത്തും തറാവീഹിൻ്റെ പൊതു ജമാഅത്ത് പള്ളിയിൽ നടന്നിട്ടുമില്ല. ഫർളാക്കപ്പെടുമെന്ന ഭയമാണ് നബി(സ)യെ പിന്തിരിപ്പിച്ചതെന്ന് അവിടുന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. സിദ്ദീഖി(റ)ൻ്റെ ഖിലാഫത്തു കാലത്താകട്ടെ ഇതിനേക്കാൾ പ്രധാനപ്പെട്ട ഭരണച്ചുമതലകൾ നിർവ്വഹിക്കാനുള്ളതു കൊണ്ട് ഇക്കാര്യത്തിൽ ഒരുമയുണ്ടാക്കാൻ ശ്രദ്ധിക്കാനുമായില്ല. രണ്ടാം ഖലീഫ ഉമറി(റ)ൻ്റെ മാതൃകാ ഭരണത്തിലെ രണ്ടാം വർഷമാണ്(ഹിജ്റ 14) പള്ളിയിലെ ചിന്നഭിന്നമായ അവസ്ഥ ഖലീഫക്ക് അരോചകമായി തോന്നിയത്. അവിടുന്ന് സമാന സ്വഹാബികളോടു കൂടിയാലോചിച്ചാണ് നബി(സ) കാലത്തെ ആശങ്ക ഇല്ലാതായതിനാൽ തുരുസുന്നത്തിനെ പുന:സ്ഥാപിച്ചു കൊണ്ട് തറാവീഹിലെ പൊതു ജമാഅത്തെന്ന നവീന നടപടിക്കു തുടക്കമിട്ടത്. ഉബയ്യുബ്‌നു കഅ്ബി(റ)നെ ഇമാമാക്കിയായിരുന്നു ഈ ജമാഅത്ത്.

     ഈ ജമാഅത്തു നമസ്ക്കാരത്തിൽ ഇരുപതു റക്അത്താണ് തറാവീഹ് നമസ്ക്കരിച്ചതെന്ന് പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ബൈഹഖി(റ)യും മറ്റും സാഇബുബ്നു യസീദ് പ്രസ്ത‌ാവിച്ചതായി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:

كانوا يقومون على عهد عمر بن الخطاب (ر) في شهر رمضان بعشرين ركعة. وكانوا يقومون بالماتين وكانوا يتوكلون على عصيهم في عهد عثمان من شدة القيام

(ഉമറി(റ)ന്റെ കാലത്ത് റമളാനിൽ 20 റക്അത്താണ് സ്വഹാബികൾ സംഘമായി ഖിയാമുറമളാൻ നിർവ്വഹിച്ചിരുന്നത്. 200 ആയത്തുകളുള്ള സുദീർഘ സൂറത്തുകൾ ഓതിയാണ് അവർ നിസ്കരിച്ചിരുന്നത്. ഉസ്മാനി(റ)ൻ്റെ കാലത്ത് നിറുത്തം ശക്തമായതിനാൽ അവർ വടി കുത്തിപ്പിടിച്ചാണ് നമസ്ക്കാരത്തിൽ നിന്നിരുന്നത്.)

യസീദുബ്നു റൂമാൻ (റ) പ്രസ്‌താവിച്ചതായി ഇമാം മാലിക്(റ) തൻ്റെ മുവത്വയിൽ നിവേദനം ചെയ്‌തതിൽ 23 റക്‌അത്തു കൊണ്ടാണ് അവർ നിന്നിരുന്നതെന്നു റിപ്പോർട്ടു ചെയ്‌തിട്ടുണ്ടെങ്കിലും മൂന്ന് വിത്റായിരുന്നുവെന്ന് മനസ്സിലാക്കിയാൽ ഈ രണ്ടു റിപ്പോർട്ടുകളും 20 റക്‌അത്തെന്നതിൽ സംയോജിപ്പിക്കാം. അലിയാരുടെ കാലത്തും 20 റക്അത്തായിരുന്നുവെന്നു ബൈഹഖി(റ) റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഉമർ(റ) ഉബയ്യി(റ)നോടും തമീമുദ്ദാരി(റ)യോടും രണ്ടു പേരും 11 റക്അത്ത് ജനങ്ങൾക്ക് ഇമാമത്തു നില്ക്കണമെന്നു നിർദ്ദേശിച്ചതായും ഇമാം മാലിക് മുവത്വയിൽ നിവേദനം ചെയ്‌ത ഒരു റിപ്പോർട്ടുണ്ട്. ഇതിൻ്റെ നിവേദകരായ സാഇബുബ്നു യസീദ് തന്നെ 13 റക്അത്താണെന്നും 23 റക്അത്താണെന്നും ഈ 11 ന്റെ സ്ഥാനത്തു പറഞ്ഞതായി മുഹമ്മദുബ്‌നുന്നസ്വ‌ർ മർവസിയും അബ്ദുർറസാഖും റിപ്പോർട്ടു ചെയ്‌തിട്ടുള്ളതിനാൽ എണ്ണത്തിൻ്റെ കാര്യത്തിൽ ഈ റിപ്പോർട്ടു വ്യക്തതയില്ലാത്തതാണെന്നു വരും. അതല്ലെങ്കിൽ 20-ൽ നിന്ന് അവസാന പത്തും വിത്റും ഒരാൾ മാത്രമായി എന്നും നിർവ്വഹിക്കരുതെന്നും ആ പതിനൊന്ന് അഥവാ പതിമൂന്ന് രണ്ടുപേരും മാറിമാറി നിസ്ക്കരിക്കണമെന്നുമാണ് ഈ റിപ്പോർട്ടിലെ നിർദ്ദേശമെന്നു വയ്ക്കുകയുമാകാം (ഔജസുൽമസാലിക്)

     ചുരുക്കത്തിൽ, പുന:സ്ഥാപിക്കപ്പെട്ട തറാവീഹിന്റെ ജമാഅത്ത് ഖിലാഫത്തു റാശിദയിൽ മൂന്നു ഖലീഫമാരുടെ കാലത്തും 20 റക്‌അത്തും വിത്റുമാണെന്നാണു റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ പ്രബലമാണു താനും. ഈ ശക്തമായ പ്രമാണത്തിൻ്റെയടിസ്ഥാനത്തിലാണ് തറാവീഹ് നമസ്‌കാരം പൊതുവിൽ 20 റക്അത്താണെന്ന് നമ്മുടെ മദ്ഹബിൽ സ്ഥാപിക്കപ്പെട്ടത്.

      എന്നാൽ, മദീനക്കാരുടെ 36 റക്‌അത്ത്, മക്കക്കാർ നാലു തർവീഹത്തുകളിലും ത്വവാഫു ചെയ്‌തിരുന്നതിനു പകരം നാലും റക്‌അത്തുകൾ അവർ അധികം നമസ്‌കരിച്ചിരുന്നതാണ്. ഇതു തന്നെ ഒന്നാം തലമുറയുടെ അവസാന കാലങ്ങളിലാണ് ഉടലെടുത്തത്. സ്വഹാബത്തിൽ പലരും താബിഈ പ്രമുഖരും മദീനയിൽ നിറഞ്ഞു നിന്ന അക്കാലത്ത് ഈ വർദ്ധനവിനെതിരെ പ്രതിഷേധമോ ആക്ഷേപമോ ഉണ്ടായതുമില്ല. ഒരു നിരാക്ഷേപ നടപടിയെന്ന നിലക്ക് സുകൂത്തിയ്യായ ഇജ്‌മാഇൻ്റെ സ്ഥാനത്തു വരുന്ന ഇതിനെ പ്രമാണിക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ മക്ക ഹറമുകാരോട് സാമ്യമാകാൻ മദീന ഹറമുകാർ നടത്തിയ ഈ വർദ്ധനവ് മദീനക്കാരുടെ കാര്യത്തിൽ അംഗീകരിക്കാമെന്നല്ലാതെ മറ്റുള്ളവർക്കു ബാധകമല്ലെന്നാണു നമ്മുടെ ഇമാമുകൾ വ്യക്തമാക്കുന്നത്. നബി(സ) തങ്ങളുടെ ഹിജ്റയുടെ മണ്ണും അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശവുമെന്ന നിലക്ക് മദീനക്കാരെ പോലെ മറ്റുള്ളവർക്ക് മക്ക നിവാസികളോട് മത്സരിക്കാവതല്ലെന്നും ഇമാം ശാഫിഈ(റ) പ്രസ്‌താവിച്ചു. എന്നാൽ പോലും മദീനക്കാർക്കും 20 തന്നെയാണു ശ്രേഷ്ടമെന്നും ഇമാമവർകൾ വ്യക്തമാക്കുകയുണ്ടായി. ശർഹുൽ മുഹദ്ദബ് 4-33, തുഹ്ഫ 2-241.

       നബി(സ)യുടെ അടിസ്ഥാന തറാവീഹ് ജമാഅത്തിലും ഖലീഫമാരുടെ ജമാഅത്തിലുമെല്ലാം ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിയാണു നമസ്‌കരിച്ചതെന്നു മേൽ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണ്. അതിനാൽ തറാവീഹ് നമസ്‌കാരത്തിൽ ഇതു നിർബ്ബന്ധമാണെന്ന് നമ്മുടെ ഇമാമവർകൾ വ്യക്തമാക്കിയിട്ടുണ്ട്. മന:പൂർവ്വം രണ്ടിലധികം റക്‌അത്തുകൾ ചേർത്തു നിസ്ക്കരിക്കാവതല്ല. നമസ്കാരം അസാധുവാകും. അറിവില്ലാതെ അങ്ങനെ വർദ്ധിപ്പിച്ചാൽ അതു നിരുപാധിക സുന്നത്തു നമസ്‌കാരമാകുമെന്നല്ലാതെ തറാവീഹാകുകയില്ല.

    തറാവീഹ് ജമാഅത്തു സുന്നത്തുള്ള ഒരു പ്രത്യേക നമസ്‌കാരമാണെന്നും നിശ്ചിത സമയമുള്ള സവിശേഷ നമസ്കാരമാണന്നും വ്യക്തമായല്ലോ. അതിനാൽ അങ്ങനെ പ്രത്യേകം കരുതിയെങ്കിൽ മാത്രമേ തറാവീഹ് സാധുവാകുകയുള്ളൂ. തറാവീഹ് നമസ്കാരമെന്നോ ഖിയാമു റമളാനെന്നോ നിർണ്ണയിക്കാവുന്നതാണ്. നിരുപാധിക സുന്നത്തു നമസ്‌കാരമെന്നു കരുതിയാൽ തറാവീഹ് ലഭ്യമാകുകയില്ല.

    തറാവീഹിൽ നിന്നുള്ള അല്‌പം നമസ്കരിച്ചാലും തറാവീഹിൻ്റെ അടിസ്ഥാന സുന്നത്ത് ലഭ്യമാകുന്നതാണ്.

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...