ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`
ജമാഅത്തായി നിർവ്വഹിക്കൽ പുണ്യമായ ഒരു സുന്നത്തു നമസ്‌കാരമാണു തറാവീഹ്. നബി(സ) തങ്ങൾ പ്രത്യേകം പ്രേരിപ്പിക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്ത 'ഖിയാമു റമളാൻ' എന്ന സുന്നത്തു നമസ്‌കാരം തന്നെയാണിത്.
من قام رمضان ايمانا واحتسابا غفر له ما تقدم من ذنبه
എന്ന ഹദീസ് പ്രസിദ്ധവും ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്തിട്ടുള്ളതുമാണ്. സത്യമാണെന്നംഗീകരിച്ചും മറ്റു ലക്ഷ്യങ്ങളില്ലാതെ അല്ലാഹുവിന്നായി മാത്രം നിർവ്വഹിച്ചും ഏതൊരാൾ റമളാൻ രാവിൽ നിന്നു നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ മാപ്പു ചെയ്യപ്പെടുമെന്നാണ് ഹദീസിൻ്റെ സാരം. ഇതുകൊണ്ടുദ്ദേശ്യം തറാവീഹ് നമസ്കാരമാണെന്നത്രെ പണ്ഡിത നിലപാട്. അതിനാൽ തറാവീഹ് എന്ന റമളാനിലെ പ്രത്യേക നമസ്‌കാരം ശർഇൽ തേടപ്പെട്ട ഒരു പുണ്യകർമ്മമാണെന്നത് ഇമാമുകളുടെ ഏകകണ്ഠമായ നിലപാടാണ്. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഇതിൻ്റെ റക്‌അത്തുകളുടെ എണ്ണത്തിലും ജമാഅത്തായാണോ തനിച്ചാണോ ശ്രേഷ്ടം എന്ന കാര്യത്തിലും മറ്റുമാണ് ഭിന്നവീക്ഷണങ്ങളുള്ളൂ.
സുദീർഘമായി ഖുർആൻ പാരായണം ചെയ്‌തു നമസ്കരിക്കുന്നതിനാൽ ഓരോ ഈരണ്ടു സലാമുകൾക്കിടയിലും (നാല് റക്‌അത്ത് കഴിഞ്ഞ്) വിശ്രമിച്ചിരുന്നതു കൊണ്ടാണ് ഈ നമസ്ക്കാരത്തിനു തറാവീഹ് എന്നു പേർ വന്നത്. ഈയൊരു വിശ്രമത്തിന് 'തർവീഹത്ത്' എന്നു പറയും. ഇങ്ങനെ നാലോ അഞ്ചോ തർവീഹത്തുകൾ വരുമല്ലോ. ഇതുകൊണ്ടാണ് തറാവീഹ് എന്ന ബഹുവചനപ്പേർ വന്നത്.
ഇശാ നമസ്കരിച്ചു കഴിഞ്ഞതു മുതലാണ് തറാവീഹിന്നു സമയമാകുക. പ്രഭാതോദയം വരെ സമയം നീണ്ടു നില്ക്കുകയും ചെയ്യും. ഇമാം ബഗ്‌വിയും(റ) മറ്റും വ്യക്തമാക്കിയതാണിത്.
തറാവീഹിൽ ജമാഅത്തു സുന്നത്തുണ്ടെന്നാണ് നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണം. നബി(സ) തങ്ങൾ തന്നെ ഒരു റമളാനിലെ മൂന്നു രാത്രികളിൽ ഇതു ജമാഅത്തായി നിസ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). ഹിജ്റയുടെ രണ്ടാം വർഷത്തെ റമളാനിൽ അവസാന പത്തിലെ 23,25,27 എന്നീ രാത്രികളിലായിരുന്നു നബി(സ) വീട്ടിൽ നിന്നു പള്ളിയിൽ വന്ന് ഇങ്ങനെ ജമാഅത്തായി നിർവ്വഹിച്ചതെന്നു ശബ്റാമല്ലിസിയും ബാജൂരിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ നമസ്കാര വിവരമറിഞ്ഞ് സ്വഹാബികൾ പള്ളിയിൽ തടിച്ചുകൂടി പള്ളി നിറയുകയും 29-ാം രാത്രിയിലും നബിയുടെ ആഗമനം പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും അവിടുന്ന് പുറത്തു വന്നില്ല. 'ഈ നമസ്കാരം നിങ്ങൾക്കു ഫർളാക്കപ്പെടുമോ എന്നു ഞാൻ ആശങ്കപ്പെടുന്നു'വെന്ന് പറഞ്ഞ് വരാതിരിക്കുകയാണു ചെയ്തത്. അല്ലാഹുവിന്റെ വഹ്‌യും നിർദ്ദേശങ്ങളും ഘട്ടം ഘട്ടമായി അവതരിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സ്വഹാബികളുടെ ആവേശത്തെ തുടർന്ന് അല്ലാഹു ഇതു ഫർളായി നിശ്ചയിക്കാനും പിറകിൽ വരുന്ന സമുദായമക്കൾക്ക് ഇതിൽ കഴിവുകേട് സംഭവിക്കാനും ഇടയുണ്ടെന്ന ഭയമാണ് ഇവിടെ ഉദ്ദേശ്യമെന്നു ധരിക്കാം. അതല്ലെങ്കിൽ നബി(സ)യും സ്വഹാബത്തും ആവേശപൂർവ്വം എന്നും നിർവ്വഹിച്ചു കൊണ്ടിരുന്ന ഒരു പ്രവൃത്തിയെ പിൻതലമുറ ഫർളാണെന്നു ധരിക്കാനും നിറവേറ്റുന്നതിൽ വീഴ്‌ച വരുത്താനും സാധ്യതയുണ്ടെന്നും ഇതാണീ ആശങ്കയുടെ ഉദ്ദേശ്യമെന്നും മനസ്സിലാക്കാം.
ഏതായാലും നബി(സ)യുടെ പ്രവൃത്തിയിൽ തന്നെ ഈ നമസ്കാരത്തിൽ ജമാഅത്തു സുന്നത്തുണ്ടെന്ന് അടിസ്ഥാനപരമായി മനസ്സിലായല്ലോ. ഇതിനെ തുടർന്ന് തറാവീഹ് ജമാഅത്തായി നമസ്കരിക്കുന്നതിൽ സ്വഹാബത്തിൻ്റെ അഥവാ അവരിൽ ബഹുഭൂരിപക്ഷത്തിൻ്റെ ഏകോപനവുമുണ്ടായി. ഇതാണ് തറാവീഹിൽ ജമാഅത്തു സുന്നത്താണെന്നതിനും അതാണു തനിച്ചു നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്‌ഠമെന്നതിനും നമ്മുടെ മദ്ഹബിന്റെ തെളിവ്. തനിച്ചു നമസ്‌കരിക്കലാണ് ജമാഅത്തിനേക്കാൾ ശ്രേഷ്ഠമെന്നും ഒരു വീക്ഷണം നമ്മുടെ മദ്ഹബിൽ തന്നെയുണ്ട്. ഇതുപക്ഷേ, ഖുർആൻ മനഃപാഠമാക്കുകയും കൂടുതൽ പാരായണം ചെയ്‌ത് നമസ്‌കരിക്കാൻ തനിച്ചാകുമ്പോൾ മടുപ്പു തോന്നാതിരിക്കുകയും താൻ മൂലം പള്ളിയിൽ ജമാഅത്ത് നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവൻ്റെ കാര്യത്തിലാണെന്നും അല്ലാത്തവർക്ക് ജമാഅത്തായാണ് ശ്രേഷ്‌ഠമെന്നതിൽ അഭിപ്രായാന്തരമില്ലെന്നും നമ്മുടെ മദ്ഹബിലെ ഇറാഖീ സരണിയിലെ ഇമാമുകളും ഖുറാസാനീ സരണിയിൽ നിന്ന് സ്വയ്‌ദലാനീ, ബഗ് വീ എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
*ഇരുപത് റക്അത്ത്*
തറാവീഹ് നമസ്‌കാരം ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിക്കൊണ്ട് ഇരുപത് റക്അത്താണെന്നാണ് നമ്മുടെ മദ്ഹബ്. ഇമാം അബൂഹനീഫ(റ)യും സഹയാത്രികരും അഹ്‌മദും(റ) ദാവൂദുള്ളാഹിരി(റ)യും മറ്റും ഇതേ വീക്ഷണക്കാരാണ്. ബഹുഭൂരിപക്ഷം ഉലമാഇൻ്റെയും അഭിപ്രായം ഇതു തന്നെയെന്ന് ഖാളി ഇയാള്(റ) ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, ഇമാം മാലിക്(റ) അഭി പ്രായപ്പെടുന്നത് തറാവീഹ് 36 റക്‌അത്താണെന്നാണ്. മദീനക്കാർ ഇങ്ങനെയാണു പ്രവർത്തിച്ചു വരുന്നതെന്നാണ് ഇമാമവർകളുടെ തെളിവ്. തന്റെ ഗുരു നാഫിഅ്(റ) ഇങ്ങനെ പ്രസ്താവിച്ചതും ഇമാമുദ്ധരിക്കുന്നു. 'റമളാനിൽ 39 റക്അത്തും അതിൽ നിന്നു മൂന്നു റക്അത്ത് വിത്റും നിർവ്വഹിക്കുന്നവരായാണ് ജനങ്ങളെ (സ്വഹാബത്ത്) ഞാനെത്തിച്ചത്' എന്നത്രെ നാഫിഇ(റ)ൻ്റെ മൊഴി. മദീനക്കാരുടെ പ്രവൃത്തി ഒരു പ്രമാണമായി ഉയർത്തിപ്പിടിക്കുന്നവരാണ് ഇമാം മാലിക്(റ).
തിരുനബി(സ)യുടെ കാലത്ത് ഒരേയൊരു റമളാനിൽ പ്രസ്തുത മൂന്നു രാത്രികളിൽ പൊതു ജമാഅത്തായി നിർവ്വഹിച്ചതല്ലാതെ തിരുസുന്നത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അത് ഇരുപതു റക്അത്തായിരുന്നുവെന്ന് ഒരു ഹദീസിൽ വന്നിട്ടുണ്ടെങ്കിലും പ്രസ്തുത ഹദീസ് പ്രബലമല്ല. ഔദ്യോഗിക വിളിച്ചു കൂട്ടലില്ലാതെ യാദൃച്ഛികമായി നബി(സ) പള്ളിയിൽ വരുകയും അന്നു കണ്ടവർ തങ്ങളോടൊപ്പം നിസ്‌കരിക്കുകയും ഇതു കേട്ടറിഞ്ഞ് അതിൽ കൂടുതൽ പേർ പിറ്റേ രാത്രിയിലെ ജമാഅത്തിൽ പങ്കെടുക്കുകയും മൂന്നാം രാത്രി അതിലുമധികം ആളുകൾ വിവരമറിഞ്ഞെത്തുകയുമാണുണ്ടായത്. അതിനാൽ തന്നെ മൂന്നു രാത്രിയിലും ഒരേയെണ്ണമാണോ നമസ്‌കരിച്ചത്, അതിൽ തന്നെ എല്ലാവർക്കും നബി(സ)യോടൊപ്പം പൂർണ്ണമായി ലഭിച്ചുവോ എന്നൊന്നും വ്യക്തമല്ല. ഇബ്‌നുഖുസൈമയും ഇബ്‌നുഹിബ്ബാനും നിവേദനം ചെയ്ത ഒരു ഹദീസിൽ 'എട്ടു റക്അത്താണ് നബി(സ) ഞങ്ങളെ കൊണ്ട് നിസ്‌കരിച്ചതെ'ന്ന് ജാബിറി(റ)ൻ്റെ വാക്ക് വന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഏതു രാത്രിയിലെ കാര്യമാണു പറയുന്നത്, അന്നു തന്നെ ആദ്യന്തം പങ്കെടുത്തുവോ എന്നൊന്നും വ്യക്തമല്ല. അതിനാൽ തന്നെ പ്രസ്‌തുത മൂന്നു രാത്രിയിലെ നബി(സ)യുടെ നിസ്‌കാരത്തിൻ്റെ റിപ്പോർട്ടുകൾ എണ്ണത്തിൽ വ്യക്തതയില്ലാത്തതാണ്. തിരുമേനി(സ)യുടെ ശേഷിച്ച ജീവിതകാലത്തും സിദ്ദീഖി(റ)ൻ്റെ ഖിലാഫത്തു കാലത്തും തറാവീഹിൻ്റെ പൊതു ജമാഅത്ത് പള്ളിയിൽ നടന്നിട്ടുമില്ല. ഫർളാക്കപ്പെടുമെന്ന ഭയമാണ് നബി(സ)യെ പിന്തിരിപ്പിച്ചതെന്ന് അവിടുന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. സിദ്ദീഖി(റ)ൻ്റെ ഖിലാഫത്തു കാലത്താകട്ടെ ഇതിനേക്കാൾ പ്രധാനപ്പെട്ട ഭരണച്ചുമതലകൾ നിർവ്വഹിക്കാനുള്ളതു കൊണ്ട് ഇക്കാര്യത്തിൽ ഒരുമയുണ്ടാക്കാൻ ശ്രദ്ധിക്കാനുമായില്ല. രണ്ടാം ഖലീഫ ഉമറി(റ)ൻ്റെ മാതൃകാ ഭരണത്തിലെ രണ്ടാം വർഷമാണ്(ഹിജ്റ 14) പള്ളിയിലെ ചിന്നഭിന്നമായ അവസ്ഥ ഖലീഫക്ക് അരോചകമായി തോന്നിയത്. അവിടുന്ന് സമാന സ്വഹാബികളോടു കൂടിയാലോചിച്ചാണ് നബി(സ) കാലത്തെ ആശങ്ക ഇല്ലാതായതിനാൽ തുരുസുന്നത്തിനെ പുന:സ്ഥാപിച്ചു കൊണ്ട് തറാവീഹിലെ പൊതു ജമാഅത്തെന്ന നവീന നടപടിക്കു തുടക്കമിട്ടത്. ഉബയ്യുബ്‌നു കഅ്ബി(റ)നെ ഇമാമാക്കിയായിരുന്നു ഈ ജമാഅത്ത്.
ഈ ജമാഅത്തു നമസ്ക്കാരത്തിൽ ഇരുപതു റക്അത്താണ് തറാവീഹ് നമസ്ക്കരിച്ചതെന്ന് പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ബൈഹഖി(റ)യും മറ്റും സാഇബുബ്നു യസീദ് പ്രസ്താവിച്ചതായി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:
كانوا يقومون على عهد عمر بن الخطاب (ر) في شهر رمضان بعشرين ركعة. وكانوا يقومون بالماتين وكانوا يتوكلون على عصيهم في عهد عثمان من شدة القيام
(ഉമറി(റ)ന്റെ കാലത്ത് റമളാനിൽ 20 റക്അത്താണ് സ്വഹാബികൾ സംഘമായി ഖിയാമുറമളാൻ നിർവ്വഹിച്ചിരുന്നത്. 200 ആയത്തുകളുള്ള സുദീർഘ സൂറത്തുകൾ ഓതിയാണ് അവർ നിസ്കരിച്ചിരുന്നത്. ഉസ്മാനി(റ)ൻ്റെ കാലത്ത് നിറുത്തം ശക്തമായതിനാൽ അവർ വടി കുത്തിപ്പിടിച്ചാണ് നമസ്ക്കാരത്തിൽ നിന്നിരുന്നത്.)
യസീദുബ്നു റൂമാൻ (റ) പ്രസ്‌താവിച്ചതായി ഇമാം മാലിക്(റ) തൻ്റെ മുവത്വയിൽ നിവേദനം ചെയ്‌തതിൽ 23 റക്‌അത്തു കൊണ്ടാണ് അവർ നിന്നിരുന്നതെന്നു റിപ്പോർട്ടു ചെയ്‌തിട്ടുണ്ടെങ്കിലും മൂന്ന് വിത്റായിരുന്നുവെന്ന് മനസ്സിലാക്കിയാൽ ഈ രണ്ടു റിപ്പോർട്ടുകളും 20 റക്‌അത്തെന്നതിൽ സംയോജിപ്പിക്കാം. അലിയാരുടെ കാലത്തും 20 റക്അത്തായിരുന്നുവെന്നു ബൈഹഖി(റ) റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഉമർ(റ) ഉബയ്യി(റ)നോടും തമീമുദ്ദാരി(റ)യോടും രണ്ടു പേരും 11 റക്അത്ത് ജനങ്ങൾക്ക് ഇമാമത്തു നില്ക്കണമെന്നു നിർദ്ദേശിച്ചതായും ഇമാം മാലിക് മുവത്വയിൽ നിവേദനം ചെയ്ത ഒരു റിപ്പോർട്ടുണ്ട്. ഇതിൻ്റെ നിവേദകരായ സാഇബുബ്നു യസീദ് തന്നെ 13 റക്അത്താണെന്നും 23 റക്അത്താണെന്നും ഈ 11 ന്റെ സ്ഥാനത്തു പറഞ്ഞതായി മുഹമ്മദുബ്‌നുന്നസ്വർ മർവസിയും അബ്ദുർറസാഖും റിപ്പോർട്ടു ചെയ്‌തിട്ടുള്ളതിനാൽ എണ്ണത്തിൻ്റെ കാര്യത്തിൽ ഈ റിപ്പോർട്ടു വ്യക്തതയില്ലാത്തതാണെന്നു വരും. അതല്ലെങ്കിൽ 20-ൽ നിന്ന് അവസാന പത്തും വിത്റും ഒരാൾ മാത്രമായി എന്നും നിർവ്വഹിക്കരുതെന്നും ആ പതിനൊന്ന് അഥവാ പതിമൂന്ന് രണ്ടുപേരും മാറിമാറി നിസ്ക്കരിക്കണമെന്നുമാണ് ഈ റിപ്പോർട്ടിലെ നിർദ്ദേശമെന്നു വയ്ക്കുകയുമാകാം (ഔജസുൽമസാലിക്)
ചുരുക്കത്തിൽ, പുന:സ്ഥാപിക്കപ്പെട്ട തറാവീഹിന്റെ ജമാഅത്ത് ഖിലാഫത്തു റാശിദയിൽ മൂന്നു ഖലീഫമാരുടെ കാലത്തും 20 റക്‌അത്തും വിത്റുമാണെന്നാണു റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ പ്രബലമാണു താനും. ഈ ശക്തമായ പ്രമാണത്തിൻ്റെയടിസ്ഥാനത്തിലാണ് തറാവീഹ് നമസ്‌കാരം പൊതുവിൽ 20 റക്അത്താണെന്ന് നമ്മുടെ മദ്ഹബിൽ സ്ഥാപിക്കപ്പെട്ടത്.
എന്നാൽ, മദീനക്കാരുടെ 36 റക്‌അത്ത്, മക്കക്കാർ നാലു തർവീഹത്തുകളിലും ത്വവാഫു ചെയ്‌തിരുന്നതിനു പകരം നാലും റക്‌അത്തുകൾ അവർ അധികം നമസ്‌കരിച്ചിരുന്നതാണ്. ഇതു തന്നെ ഒന്നാം തലമുറയുടെ അവസാന കാലങ്ങളിലാണ് ഉടലെടുത്തത്. സ്വഹാബത്തിൽ പലരും താബിഈ പ്രമുഖരും മദീനയിൽ നിറഞ്ഞു നിന്ന അക്കാലത്ത് ഈ വർദ്ധനവിനെതിരെ പ്രതിഷേധമോ ആക്ഷേപമോ ഉണ്ടായതുമില്ല. ഒരു നിരാക്ഷേപ നടപടിയെന്ന നിലക്ക് സുകൂത്തിയ്യായ ഇജ്‌മാഇൻ്റെ സ്ഥാനത്തു വരുന്ന ഇതിനെ പ്രമാണിക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ മക്ക ഹറമുകാരോട് സാമ്യമാകാൻ മദീന ഹറമുകാർ നടത്തിയ ഈ വർദ്ധനവ് മദീനക്കാരുടെ കാര്യത്തിൽ അംഗീകരിക്കാമെന്നല്ലാതെ മറ്റുള്ളവർക്കു ബാധകമല്ലെന്നാണു നമ്മുടെ ഇമാമുകൾ വ്യക്തമാക്കുന്നത്. നബി(സ) തങ്ങളുടെ ഹിജ്റയുടെ മണ്ണും അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശവുമെന്ന നിലക്ക് മദീനക്കാരെ പോലെ മറ്റുള്ളവർക്ക് മക്ക നിവാസികളോട് മത്സരിക്കാവതല്ലെന്നും ഇമാം ശാഫിഈ(റ) പ്രസ്‌താവിച്ചു. എന്നാൽ പോലും മദീനക്കാർക്കും 20 തന്നെയാണു ശ്രേഷ്ടമെന്നും ഇമാമവർകൾ വ്യക്തമാക്കുകയുണ്ടായി. ശർഹുൽ മുഹദ്ദബ് 4-33, തുഹ്ഫ 2-241.
നബി(സ)യുടെ അടിസ്ഥാന തറാവീഹ് ജമാഅത്തിലും ഖലീഫമാരുടെ ജമാഅത്തിലുമെല്ലാം ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിയാണു നമസ്‌കരിച്ചതെന്നു മേൽ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണ്. അതിനാൽ തറാവീഹ് നമസ്‌കാരത്തിൽ ഇതു നിർബ്ബന്ധമാണെന്ന് നമ്മുടെ ഇമാമവർകൾ വ്യക്തമാക്കിയിട്ടുണ്ട്. മന:പൂർവ്വം രണ്ടിലധികം റക്‌അത്തുകൾ ചേർത്തു നിസ്ക്കരിക്കാവതല്ല. നമസ്കാരം അസാധുവാകും. അറിവില്ലാതെ അങ്ങനെ വർദ്ധിപ്പിച്ചാൽ അതു നിരുപാധിക സുന്നത്തു നമസ്‌കാരമാകുമെന്നല്ലാതെ തറാവീഹാകുകയില്ല.
തറാവീഹ് ജമാഅത്തു സുന്നത്തുള്ള ഒരു പ്രത്യേക നമസ്‌കാരമാണെന്നും നിശ്ചിത സമയമുള്ള സവിശേഷ നമസ്കാരമാണന്നും വ്യക്തമായല്ലോ. അതിനാൽ അങ്ങനെ പ്രത്യേകം കരുതിയെങ്കിൽ മാത്രമേ തറാവീഹ് സാധുവാകുകയുള്ളൂ. തറാവീഹ് നമസ്കാരമെന്നോ ഖിയാമു റമളാനെന്നോ നിർണ്ണയിക്കാവുന്നതാണ്. നിരുപാധിക സുന്നത്തു നമസ്‌കാരമെന്നു കരുതിയാൽ തറാവീഹ് ലഭ്യമാകുകയില്ല.
തറാവീഹിൽ നിന്നുള്ള അല്‌പം നമസ്കരിച്ചാലും തറാവീഹിൻ്റെ അടിസ്ഥാന സുന്നത്ത് ലഭ്യമാകുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ