`ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`
സംശയം: എസ്.എസ്.എഫിൻ്റെ മുഖപത്രമായ രിസാല ഇക്കഴിഞ്ഞ ഏപ്രിൽ ലക്കം(2011) നെല്ലിക്കുത്ത് ഇസ്‌മാഈൽ മുസ്‌ലിയാരുടെ അനുസ്‌മരണപ്പതിപ്പായിരുന്നു. അതിൽ ബഹു. കാന്തപുരം അബൂബക്ർ മുസ്‌ലിയാരുടെ കുറിപ്പിൽ ഇങ്ങനെ വായിക്കാം.
".......മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയിലേക്ക് പ്രഗത്ഭരായ രണ്ടു മൂന്നു മുദർരിസുമാരെ വേണം എന്നു തീരുമാനിച്ചപ്പോൾ ഒന്ന് ഇസ്മാഈൽ മുസ്‌ലിയാരായിരിക്കട്ടെ എന്നു തീരുമാനിച്ചു. പക്ഷേ, അദ്ദേഹവുമായി മുമ്പ് വൈജ്ഞാനിക ചർച്ചകളിൽ കൂടുതൽ ഇടപെട്ടിട്ടില്ലാത്തതിനാൽ ഇൽമിൻ്റെ ആഴം എത്രയാണെന്ന് എനിക്ക് അറിയുമായിരുന്നില്ല. അക്കാര്യം പരിശോധിക്കണമെന്നു വച്ചു. പക്ഷേ, എങ്ങനെ? ഏതായാലും വഴികണ്ടു. നന്തി ദാറുസ്സലാമിൽ യാത്രാമദ്ധ്യേ ഞാൻ ചിലപ്പോൾ നിസ്ക്കരിക്കാനിറങ്ങാറുണ്ട്. കുടാതെ അവിടെ പലപ്പോഴും ക്ലാസ്സെടുക്കാനും പോകാറുണ്ട്. ഒരിക്കൽ ഞാനൊരു ക്ലാസ്സെടുത്തു.... നബി(സ)ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. എന്നാൽ, പിന്നീട് എല്ലാം അറിഞ്ഞു, അറിയാത്ത ഒന്നുമില്ലായിരുന്നു എന്നു ക്ലാസ്സിൽ സ്ഥിരപ്പെടുത്തി ഞാൻ തിരിച്ചുപോന്നു. അന്ന് ശംസുൽ ഉലമാ ഇ.കെ. അബൂബക്ർ മുസ്‌ലിയാർ പ്രിൻസിപ്പലും നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ വൈസ്പ്രിൻസിപ്പലുമാണ്. ഇസ്‌മാഈൽ മുസ്‌ലിയാർ അന്നു ക്ലാസ്സിലുണ്ട്. ശംസുൽ ഉലമാ അടുത്ത മുറിയിലായിരുന്നു. ഞാൻ ക്ലാസ്സെടുത്തു പോന്നതിനു ശേഷം അവിടത്തെ ഒരു മുദർരിസ് ഞാൻ പറഞ്ഞതിനെതിരായി പ്രസംഗിച്ചു. നബി(സ)ക്കു വഫാത്തുവരെയും എഴുത്തും വായനയും അറിയില്ലായിരുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ സമർത്ഥനം. ഈ വിവരം ശംസുൽ ഉലമാ അറിഞ്ഞു. അദ്ദേഹം നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരെ വിളിച്ചു പറഞ്ഞു: ഇസ്‌മാഈൽ, ഇവർക്ക് ഉമ്മിയ്യിൻ്റെ അർത്ഥം പറഞ്ഞുകൊടുത്ത് ഒരു ക്ലാസ്സെടുക്കൂ. അങ്ങനെ നെല്ലിക്കുത്ത് ഉസ്‌താദ് ക്ലാസ്സെടുത്തു. ഞാൻ പറഞ്ഞ അതേ ആശയം തന്നെയാണ് ഒരു വ്യത്യാസവുമില്ലാതെ നെല്ലിക്കുത്ത് ഇസ്‌മാഈൽ മുസ്‌ലിയാരും അവതരിപ്പിച്ചത്. പിന്നീട് അരമണിക്കൂർ നേരം ഞാനും നെല്ലിക്കുത്ത് ഉസ്താദും പറഞ്ഞ കാര്യങ്ങൾ ഉറപ്പിച്ചുകൊണ്ട് ശംസുൽ ഉലമാ കാസ്സെടുത്ത വിവരം അവിടുത്തെ വിദ്യാർത്ഥികളിൽ നിന്ന് അറിഞ്ഞു” (രിസാല-ഏപ്രിൽ).
നബി(സ)തങ്ങൾ എഴുത്തും വായനയും അറിയാത്ത 'ഉമ്മിയ്യാ'ണെന്നായിരുന്നു ഇതുവരെ മനസ്സിലാക്കിയത്. നുസ്രത്തുൽ അനാമിൻ്റെ സൂചിക എന്ന പംക്തിയിൽ ഈ വിശേഷണം നബി(സ) തങ്ങൾക്ക് അലങ്കാരവും നബിയാണെന്നു തെളിയിക്കുന്ന മുഅ്ജിസത്തുമാണന്ന് സമർത്ഥിച്ചുകൊണ്ട് ഇമാം റാസിയുടേതായി ഒരു വിവരണം പ്രസിദ്ധീകരിച്ചിരുന്നത് വായിച്ചതും ഓർക്കുന്നു. ഇതിനു വിരുദ്ധമായി കാണുന്ന ബഹു. കാന്തപുരത്തിൻ്റെ മേൽകുറിപ്പിൽ നിന്ന് പല സംശയങ്ങളും ഉടലെടുക്കുന്നു. അവ താഴെ കുറിക്കാം.
1) നബി(സ) ഉമ്മിയ്യാണ്. അതേസമയം എഴുത്തും വായനയും അറിയുകയും ചെയ്യും എന്നാണ് കാന്തപുരത്തിന്റെയും നെല്ലിക്കുത്ത് ഇസ്‌മാഈൽ മുസ്‌ലിയാരുടെയും അഭിപ്രായമെന്നും ബഹു. ഇ.കെ. അബൂബക്ർ മുസ്‌ലിയാർ ഇതിനെ ശരിവച്ചുവെന്നും മേൽക്കുറിപ്പിൽ നിന്നും വ്യക്തമാണല്ലോ. ഇതെങ്ങനെ ശരിയാകും?
2) 'ഇസ്മാഈൽ, ഇവർക്ക് ഉമ്മിയ്യിൻ്റെ മഅ്‌ന പറഞ്ഞുകൊടുക്ക്' എന്ന് ബഹു. ഇ.കെ. നിർദ്ദേശിച്ചതായാണു ലേഖനത്തിലുള്ളത്. ഉമ്മിയ്യെന്നതിനു സാധാരണ കേട്ടുവരുന്നതല്ലാത്ത അർത്ഥമുണ്ടെന്നാണല്ലോ ഇതുകൊണ്ടു വരുന്നത്. ശരിയാണോ?
3) നബി(സ)ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നെന്ന പൊതുധാരണ മാറ്റേണ്ടതുണ്ടോ?
4) വഫാത്തിനു മുമ്പ് എപ്പോഴായാലും നബി(സ)ക്ക് ഏഴുത്തും വായനയും അറിയാമായിരുന്നുവെന്നു വന്നാൽ നബി(സ)യുടെ ഉമ്മിയ്യെന്ന നിലക്കുള്ള മുഅ്ജിസത്തിന് അത് ഇടർച്ചയല്ലേ? നബി(സ) എവിടെ നിന്നെങ്കിലും വായിച്ചുപഠിച്ചു പറയുകയാണെന്നു ശത്രുക്കൾ സംശയിക്കാനും പ്രചരിപ്പിക്കാനും ഇടവരികയില്ലേ?
5) ഉമ്മിയ്യിന്റെ അർത്ഥത്തിൽ തൻ്റെ നിലപാടുകാരനാണെന്നു വന്നാൽ ഒരാളുടെ അറിവിൻ്റെ ആഴത്തിന് അതു തെളിവാകുന്നതെങ്ങനെ?
മേൽകുറിപ്പ് വായിച്ചപ്പോൾ തോന്നിയ ഈ സംശയങ്ങൾക്കെല്ലാം ഒരു നിവാരണം നല്‌കി സഹായിച്ചാലും.
● *നബി(സ) ഉമ്മിയ്യാണ്; പക്ഷേ, നിരക്ഷരനല്ല!?-2*
`ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`
*നിവാരണം:* 'ഉമ്മിയ്യ്' എന്നത് നബി(സ)യുടെ ഒരു വിശേഷണമാണെന്നത് ഖുർആനിന്റെ ഖണ്ഡിത പ്രസ്‌താവനയാണ്. 'ഉമ്മയിലേക്കു ചേർക്കപ്പെട്ടയാൾ' എന്നോ 'ഉമ്മത്തിലേക്കു ചേർക്കപ്പെട്ടയാൾ' എന്നോ ആണിതിനർത്ഥം. ഉമ്മ പ്രസവിച്ചപ്പോളുള്ള അതേ പ്രകൃതിയിൽ നിലക്കൊള്ളുന്നുവെന്ന ഉദ്ദേശ്യത്തിലോ ഉമ്മത്തിൻ്റെ-സമൂഹത്തിൻ്റെ പൊതു നിലപാടിൽ നിലക്കൊള്ളുന്നുവെന്ന അർത്ഥത്തിലോ ആണ് ഇങ്ങനെ ചേർത്തു പറയുന്നത്. ഒരറിവും പിടിപാടുമില്ലാത്ത മുരത്ത മൂഢൻ എന്ന വിവക്ഷയിൽ ഇങ്ങനെ ഉമ്മിയ്യെന്നുപയോഗിക്കാറുണ്ട്, ഭാഷയിൽ. തിരുനബി(സ)യെ ക്കുറിച്ചുള്ള വിശേഷണം ഈ അർത്ഥത്തിലല്ലെന്നു വ്യക്തമാണല്ലോ. എഴുതാനും വായിക്കാനും പഠിച്ചിട്ടില്ലാത്തയാൾ, എഴുതാത്തയാൾ എന്ന അർത്ഥത്തിലാണ് ഉമ്മിയ്യെന്നു പൊതുവെ അറബികൾ ഉപയോഗിച്ചു വരുന്നത്. 'ഇന്നാ ഉമ്മത്തുൻ ഉമ്മിയ്യത്തുൻ ലാ നക്‌തുബു വലാ നഹ്‌സുബു' (നാം എഴുതാനും കണക്കു കൂട്ടാനുമറിയാത്ത ഉമ്മിയ്യായ ഒരു സമൂഹമാണ്) എന്ന് അറബുസമൂഹത്തിൻ്റെ പൊതുനിലപാടിനെപ്പറ്റി നബി(സ)തങ്ങൾ പ്രസ്‌താവിച്ചത് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഈ അർത്ഥത്തിലാണ് ഉമ്മിയ്യിൻ്റെ പൊതു ഉപയോഗം.
നബി(സ)യെക്കുറിച്ച് ഉമ്മിയ്യെന്ന വിശേഷണവും ഈ അർത്ഥത്തിലാണെന്നതിൽ കാര്യമായ അഭിപ്രായവ്യത്യാസമൊന്നും സമൂഹത്തിലില്ല. താങ്കളുടെ സംശയത്തിനാധാരമായ ബഹു. എ.പി. അബൂബക്ർ മുസ്‌ലിയാരുടെ കുറിപ്പിലും 'നബി(സ)ക്ക് എഴുത്തും വായനയും മുമ്പ് അറിയില്ലായിരുന്നു' എന്നു വ്യക്തമാക്കിയ സ്ഥിതിക്ക് ഉമ്മിയ്യ് എന്ന വിശേഷണം ഈ അർത്ഥത്തിലാണ് അദ്ദേഹവും എടുത്തിട്ടുള്ളതെന്നു വ്യക്തമാണല്ലോ. അതിനാൽ മറിച്ചുള്ള ഒറ്റപ്പെട്ട അർത്ഥങ്ങളിലേക്കു കടക്കേണ്ടതില്ല.
എന്നാൽ, ഉമ്മിയ്യായിരുന്ന നബി(സ)ക്ക് പഠനമോ പരിശീലനമോ ഇല്ലാതെ അത്ഭുതകരമായി എഴുതാനറിഞ്ഞുവെന്ന അഭിപ്രായം മുൻഗാമികളിൽ ചിലർ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് അപ്രബലമാണെന്ന് നമ്മുടെ അവലംബങ്ങളായ ഇമാമുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രബലമല്ലാത്ത ചില അഭിപ്രായങ്ങളെ-അടിസ്ഥാനരഹിതമെന്ന് മുൻഗാമികളായ ഇമാമുകൾ സമർത്ഥിച്ചതുപോലും- തൻ്റേതായ ന്യായങ്ങൾ വച്ച് പ്രബലമായവതരിപ്പിക്കുകയെന്നത് അതിസമർത്ഥനായ ബഹു. ഇ.കെ. അബൂബക്ർ മുസ്‌ലിയാരുടെ ഒരു രീതിയാണ്. അദ്ദേഹത്തിന്റേതായി ഇങ്ങനെ പല വീക്ഷണങ്ങളും ശിഷ്യന്മാർക്കും പരിചിതർക്കുമെല്ലാം അറിയാം. അക്കൂട്ടത്തിൽ ഒന്നാണ് ഉമ്മിയ്യായ നബി(സ)ക്ക് അസാധാരണമായി അവസാനം എഴുതാനറിഞ്ഞിരുന്നുവെന്ന അഭിപ്രായവും. അദ്ദേഹം ഇതു പലപ്പോഴും സമർത്ഥിച്ചിരുന്നതായി അനുഭവസ്‌തരിൽ നിന്നു കേട്ടിട്ടുണ്ട്. ബഹു. നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ തന്നെ ഇതുദ്ധരിക്കാറുണ്ടായിരുന്നു. ബഹു. ഇ.കെ.യിൽ നിന്ന് ഇതു കേട്ടും പഠിച്ചും തന്നെയാകാം എ.പി.അബൂബക്‌ർ മുസ്‌ലിയാർ നന്തിയിൽ അങ്ങനെ ക്ലാസ്സെടുത്തിരിക്കുക. അല്ലാതെ അടുത്ത മുറിയിൽ ഇ.കെയുണ്ടായിരിക്കെ നന്തി കോളേജിൽ വച്ച് അങ്ങനെ ക്ലാസ്സെടുക്കാൻ അദ്ദേഹത്തിനു ധൈര്യം വരാനിടയില്ല.
സ്വാഭാവികമായും ഇസ്‌മാഈൽ മുസ്‌ലിയാരും ബഹു ഇ.കെ.യുടെ ഈ വിഷയത്തിലെ വിവരണത്തിൽ ആകൃഷ്‌ടനായിരിക്കാം. ഈ വിഷയത്തിൽ ഇ.കെ.യെ കേൾക്കാത്തതു കൊണ്ടോ അല്ലെങ്കിൽ കേട്ടിട്ട് ബോദ്ധ്യപ്പെടാത്തതുകൊണ്ടോ ആകാം നന്തിയിൽ ബഹു ഇ.കെ. തന്നെ നിയമിച്ച 'ഒരു മുദർരിസ്' അതിനെതിരായി സമർത്ഥിച്ചത്. പകരം തൻ്റെ അഭിപ്രായം വിദ്യാർത്ഥികളെ കേൾപ്പിക്കാൻ ഇസ്‌മാഈൽ മുസ്‌ലിയാരോട് ബഹു, ഇ.കെ. നിർദ്ദേശിച്ചുവെന്നതിലും അത്ഭുതമില്ല. പക്ഷേ, ഇസ്മാഈൽ മുസ്‌ലിയാരെ മർകസിൽ മുദർരിസായി നിയമിക്കുന്നതിന്ന് 'ഇൽമിൻ്റെ ആഴം എത്രയാണെന്ന് പരിശോധിക്കാനുള്ള' മാനദണ്ഡമായി ഈ വിഷയം തെരഞ്ഞെടുത്തതും ഇതിൽ നിന്ന് ഇൽമിന്റെ ആഴം മനസ്സിലാക്കിയതും എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മുൻകാല ഇമാമുകൾ അപ്രബലമെന്നു സ്ഥിരപ്പെടുത്തിയ അഭിപ്രായങ്ങൾ ഉയർത്തിക്കാട്ടുന്നതിലാണോ അറിവിൻ്റെ ആഴം കുടികൊള്ളുന്നത്. ബഹു കാന്തപുരം ഉദ്ദേശിച്ചതെന്താണെന്ന് അല്ലാഹുവിനറിയാം?
● *നബി(സ) ഉമ്മിയ്യാണ്; പക്ഷേ, നിരക്ഷരനല്ല!?-3*
`ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`
ഇനി താങ്കൾ നമ്പറിട്ടു കുറിച്ച സംശയങ്ങളിലേക്കു കടക്കാം.
1) നബി(സ) ഉമ്മിയ്യാണെന്നതിൽ തർക്കമില്ലെന്നും എഴുത്തും വായനയും പഠിക്കാത്തയാൾ, അറിയാത്തയാൾ എന്നാണ് അതിൻ്റെ ഉദ്ദേശ്യമെന്നും മുകളിലെ വിവരണത്തിൽ നിന്ന് ഗ്രഹിച്ചുവല്ലോ.
എന്നാൽ, നബിയും ഖുറൈശികളും തമ്മിൽ ഹുദൈബിയ്യയിൽ വച്ചു നടന്ന സന്ധിരേഖയിൽ അലി(റ), 'മുഹമ്മദുർറസൂലുല്ലാ' എന്നെഴുതിയപ്പോൾ ഖുറൈശിപ്രതിനിധി അതിനെ എതിർക്കുകയും 'നിൻ്റെ പേരും നിൻ്റെ ബാപ്പായുടെ പേരും എഴുതുക' എന്നു നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എഴുത്തുകാരനായ അലി(റ)യോട് നബി(സ) അങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചുവെന്നും അദ്ദേഹം അതിനു കൂട്ടാക്കാത്തതിനാൽ തത്സമയം എഴുതിയതു കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് നബി(സ)തങ്ങൾ തന്നെ അതു മായിക്കുകയും 'മുഹമ്മദുബ്‌നു അബ്‌ദില്ലാ' എന്നെഴുതുകയും ചെയ്‌തുവെന്നും ഒരു ഹദീസ് സ്വഹീഹുൽ ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്.(കിതാബുസ്സുൽഹ്). ഇതു സംബന്ധിച്ച ചർച്ചയിൽ നബി (സ)തങ്ങൾ സ്വന്തം കൈ കൊണ്ട് അങ്ങനെ എഴുതിയെന്നു ചിലർ അഭിപ്രായപ്പെട്ടു. എഴുത്തും വായനയും അറിയാത്ത നബി(സ)തങ്ങൾക്കു തത്സമയം പെട്ടെന്ന് അങ്ങനെ അറിവുണ്ടായെന്നും ഇതു നബി(സ)യു ടെ ഒരു മുഅ്ജിസത്താണെന്നും അവർ വിശദീകരിക്കുന്നു. ഇവിടെ നിന്നാണ് ഉമ്മിയ്യായ നബി(സ)ക്ക് പിൽക്കാലത്ത് എഴുത്തും വായനയും അറിയുമായിരുന്നുവെന്ന വാദം ഉയർന്നുവന്നത്.
എന്നാൽ, ഇതു സംബന്ധിച്ച് പ്രസിദ്ധ ഹദീസ് നിരൂപകനും പ്രശസ്ത പണ്ഡിതനുമായ ഹാഫിള്‌ഇബ്‌നുഹജർ അസ്ഖലാനി(റ) നല്‌കിയ ഒരു ഫത്‌വായിൽ നന്നായി വിശദീകരിച്ചിട്ടുണ്ട്. ഹി: 5-ാം നൂറ്റാണ്ടുവരെ ഉമ്മിയ്യായ നബി(സ)ക്ക് എഴുത്തും വായനയും അറിയില്ലെന്നതിൽ ഒരു വിവാദവുമുണ്ടായിരുന്നില്ലെന്നും 5-ാംനൂറ്റാണ്ടിൽ അബുൽവലീദിൽ ബാജീ(റ) ഇതുസംബന്ധിച്ചുവന്ന ചോദ്യത്തിന് സ്വഹീഹുൽ ബുഖാരിയിലെ പ്രസ്തുത ഹദീസുദ്ധരിച്ചുകൊണ്ട് നബി(സ)തങ്ങൾ സ്വന്തം കൈയക്ഷരം കൊണ്ടെഴുതിയെന്ന് മറുപടി നല്‌കിയപ്പോളാണ് ഈ വിവാദം ഉടലെടുത്തതെന്നുമാണ് ഹാഫിള് ഇബ്‌നുഹജർ(റ) പറയുന്നത്. ബാജിയുടെ നാട്ടിലെ ഫുഖഹാക്കളെല്ലാം അദ്ദേഹത്തെ അങ്ങേയറ്റം എതിർക്കുകയും ആക്ഷേപിക്കുകയും അദ്ദേഹത്തിൽ നിർമ്മതത്വം വരെ ആരോപിക്കുകയും ചെയ്തു. നബി(സ) ഉമ്മിയ്യാണെന്ന ഖുർആനിന്റെ വ്യക്തമായ മൊഴിക്ക് വിരുദ്ധമാണിതെന്നും അവർ വ്യക്തമാക്കി.
ഇബ്‌നുഹജർ(റ) തുടരുന്നു. ഈ സംഭവം വിവരിച്ച അബൂബക്‌രിനിബ്‌നുൽ അറബി തൻ്റെ 'സിറാജുൽ മുരീദീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ബാജിയുടെ വാദവും പണ്ഡിതന്മാരുടെ എതിർപ്പും ഒരു വിവാദമായതോടെ ഭരണാധികാരി ഇവരെയൊന്നിച്ചു സംവാദത്തിനായി ഒരുമിച്ചുകൂട്ടുകയും ബാജീ അതിൽ വിജയം നേടുകയും ചെയ്തു. തന്നെ എതിർത്തവർക്ക് കാര്യമായ വിവരമില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം താൻ പറഞ്ഞകാര്യം ലോകത്തെ വിവിധ ഭാഗത്തുള്ള ഉലമാക്കൾക്കെഴുതാൻ വേണ്ടി ഭരണാധിപനോട് നിർദ്ദേശിച്ചു. ഭരണാധികാരിയുടെ എഴുത്തിനു മറുപടിയായി ആഫ്രിക്കയിലെയും മറ്റും ഒരു സംഘം പണ്ഡിതന്മാർ ബാജിയെ അനുകൂലിച്ചുകൊണ്ടു മറുപടി നല്കി. അവരുടെ മറുപടിയുടെ ചുരുക്കം ഇതാണ്: നബി അങ്ങനെ എഴുതിയെന്നത് ഉമ്മിയ്യായ നബി(സ)തങ്ങൾ ഖുർആനോതിയ മുഅ്ജിസത്തിനെതിരല്ല. എഴുതാനോ വായിക്കാനോ മുമ്പു പഠിച്ചിട്ടില്ലാത്ത നബി(സ)തങ്ങൾ നിരക്ഷരനാണെന്നു ജനങ്ങൾക്കു ബോദ്ധ്യപ്പെടുകയും ആ നിരക്ഷരൻ അതിശയകരമായ ഖുർആൻ ഓതുകയും ചെയ്യുന്നുവെന്ന മുഅ്ജിസത്ത്-അസാധാരണ സംഭവം-സ്ഥിരപ്പെട്ട ശേഷം പഠിക്കാതെ എഴുതാനറിയുകയെന്നത് നബി(സ)യുടെ മറ്റൊരു മുഅ്‌ജിസത്തായി മാറും. കാരണം, ഖുർആനിൻ്റെ അവതരണം പൂർത്തിയാവുകയും ഇസ്‌ലാം ദീൻ പ്രചാരപ്പെടുകയും ചെയ്‌തശേഷം നബി(സ)തങ്ങൾ പൂർവ്വവേദങ്ങൾ വായിച്ചു പറയുകയാണോ എന്ന സംശയത്തിനും സന്ദേഹത്തിനും പ്രസക്തിയില്ലല്ലോ. അതിനാൽ പില്ക്കാലത്ത് എഴുതാനറിയുന്നതുകൊണ്ട് ഉമ്മിയ്യെന്നതിലെ മുഅ്ജിസത്ത് തകരുകയില്ല.
● തുടരും.
*പുസ്തകം: നിവാരണം*
`AHIBBAU MOULANA 8281430730`
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ