ഈ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം ഉണ്ടോ?
1. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ കിൻഡർ ജോയ് വേണമെന്ന് പറയുന്നത്?
2. എന്തുകൊണ്ടാണ് റഹ്മത്തുള്ള ഖാസിമി ‘ലബുബു’വിനെ കുട്ടിച്ചാത്തൻ എന്ന് വിളിച്ചത്?
3. എന്തുകൊണ്ടാണ് നെക്രോ ടൂറിസത്തിനെതിരെ കേരള പോലീസിന് മുന്നറിയിപ്പ് നൽകേണ്ടിവന്നത്?
4. എന്തുകൊണ്ടാണ് നമ്മൾ തുടർച്ചയായി മൊബൈൽ ഫോൺ എടുത്തു നോക്കുന്നത് ?
5. എന്തുകൊണ്ടാണ് വാട്സാപ്പിന്റെ സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം സ്റ്റോറികളും സ്നാപ്ചാറ്റിന്റെ സ്നാപ്സും 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി പോകുന്നത് ?.
6. എന്തുകൊണ്ടാണ് ലേറ്റസ്റ് ഐഫോൺ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ പ്രയോറിറ്റീസ് തെറ്റായതുകൊണ്ടാണ് എന്ന് നമ്മൾക്ക് തോന്നുന്നത് ?
7. എന്തുകൊണ്ടാണ് കുടുംബ വഴക്കിലും, ആത്മ_ഹത്യയിലും നവമാധ്യങ്ങൾക്ക് പങ്കുണ്ട് എന്ന് പറയുന്നത്?
8. എന്തുകൊണ്ടാണ് നമ്മൾ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ ന്യൂട്ടെല്ലയും, റിഫ്രഷ്മെന്റിനായി പോക്കറ്റിൽ ടിക് ടാക്കും കരുതുന്നത് ?.
9. എന്തുകൊണ്ടാണ് ഒരു വ്യക്തിയുടെ സ്വകാര്യത വൾനറബിലിറ്റി മാർക്കറ്റിലെ ഉൽപ്പന്നമായി മാറുന്നത്?
10. എന്തുകൊണ്ടാണ് ഒരു വ്യക്തിയുടെ സാമൂഹിക പദവി അവരുടെ ‘എംഗേജ്മെന്റ് റേറ്റിനെ’ ആശ്രയിച്ചിരിക്കുന്നത്?
എന്നിങ്ങനെയുള്ള ഗൗരവതരമായ കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും, അവയുടെ വിശകലനമാണ് ഈ ലേഖനം. കുറച്ച് നീളം കൂടിയ ലേഖനമാണ്. ലേഖനത്തിന്റെ രത്ന ചുരുക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാതൃഭൂമി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.അതിനോടനുബന്ധിച്ച് ഉണ്ടായ പ്രതികരണങ്ങളാണ് ലേഖനം രണ്ടു പോസ്റ്റുകൾ ആയി ഷെയർ ചെയ്യാനുള്ള പ്രചോദനം.
----------------------------------------
*നിയോലിബറൽ വിപണി നമ്മുടെ മാനസികാരോഗ്യത്തിൽ കൈവയ്ക്കുമ്പോൾ! - ജഗദീഷ് വില്ലോടി*
കിൻഡർ ജോയ് വേണമെന്ന് പറയാത്ത കുട്ടികളോ, വാങ്ങിക്കൊടുക്കാത്ത മാതാപിതാക്കളോ ഉണ്ടാകുമോ? ഇറ്റാലിയൻ ‘ഫെറോറോ’യുടെ കിൻഡർ ജോയ് 170-ൽ പരം രാജ്യങ്ങളിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ മാത്രം മുപ്പത് ലക്ഷം കിൻഡർ ജോയ് എഗ്ഗുകൾ വിൽക്കപ്പെടുന്നു എന്നാണ് കണക്കുകൾ.! എന്താണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്ന മാജിക്ക്?
‘ബ്ലൈൻഡ് ബോക്സ്’ (Blind Box)എന്ന മാർക്കറ്റിംഗ് തന്ത്രമാണ് ഇതിന്റെ വിജയം. കുട്ടികളുടെ ജിജ്ഞാസയെ, ചോക്ലേറ്റിനൊപ്പം ഒളിപ്പിച്ച കളിപ്പാട്ടം എന്താണെന്നറിയാനുള്ള ആകാംക്ഷയെ വാണിജ്യവൽക്കരിച്ച മാജിക്കിന്റെ പേരാണ് ‘ബ്ലൈൻഡ് ബോക്സ്’’, ഇവിടെനിന്നാണ് ‘അറ്റൻഷൻ എക്കണോമി’ എന്ന സങ്കൽപ്പം ഉടലെടുക്കുന്നത്
*അറ്റൻഷൻ എന്ന പുതിയ കറൻസി*
നമ്മുടെ സമകാലിക സമൂഹത്തിലെ ഏറ്റവും ശക്തമായ പരിവർത്തനങ്ങളിലൊന്നാണ് അറ്റൻഷൻ ഇക്കണോമിയുടെ ഉദയം. ശ്രദ്ധ ഒരു വിപണന ഉൽപ്പന്നമായി മാറുന്ന ഈ പുതിയ സമ്പദ്‌വ്യവസ്ഥയിൽ നടക്കുന്ന മാറ്റങ്ങൾ നമ്മുടെ ഭാവനയ്ക്കപ്പുറമാണ്. ലണ്ടനിലെ ഹൈഗേറ്റിലെ കാൾ മാർക്സിന്റെ ശവകുടീരത്തിനു കീഴിൽ വരെ കാണപ്പെട്ട ‘ലബുബു’ അറ്റൻഷൻ ഇക്കണോമിയുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ്. കേരളത്തിലെ പ്രശസ്ത മുസ്ലിം മതപണ്ഡിതനായ റഹ്മത്തുള്ള ഖാസിമി ‘ലബുബു’വിനെ വിശേഷിപ്പിച്ചത് പഴയ സാത്താന്റെ ചരിത്രത്തിൽ നിന്നുള്ള കുട്ടിച്ചാത്തന്റെ പുതിയ രൂപം എന്നാണ്.
എന്താണ് ‘ലബുബു’ (Labubu) എന്നല്ലേ?.
കൂർത്ത ചെവിയും ചാര നിറത്തിലുള്ള വലിയ കണ്ണുകളും കൂർത്ത പല്ലുകളുമുള്ള മിസ്റ്ററി പാവയുടെ പേരാണ് ലബുബു. ലബുബുവിനെ നിർമ്മിച്ച് ബ്ലൈൻഡ് ബോക്സിൽ അടച്ചു വിൽക്കുന്ന പോപ്പ് മാർട്ട് ഇന്റർനാഷനലിന്റെ സ്ഥാപകനായ വാങ് നിങ്ങ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറിയതിന്റെ പുറകിൽ ഈ പാവയാണ്..
നിയോലിബറൽ മുതലാളിത്തം മനുഷ്യന്റെ ചിന്താമണ്ഡലങ്ങളെ എങ്ങനെയാണ് വാണിജ്യവൽക്കരിക്കുന്നത്? അതിന്റെ മനശാസ്ത്രപരമായ സങ്കീർണതകൾ എന്തൊക്കെയാണ്? അതിനെതിരെയുള്ള ബദലുകൾ സാധ്യമാണോ? എന്നിവയെല്ലാമുള്ള അന്വേഷണമാണ് ഈ ലേഖനം.
കളക്ടീവ് മാർക്കറ്റും സ്പെക്കുലേറ്റീവ് വിപണിയും.
കെ – പോപ്പിലൂടെ പ്രശസ്തയായ ബ്ലാക്ക് പിങ്കിലെ ലിസ (Lalisa Manoba) ലബുബുവിൻ്റെ അൺബോക്സിങ് വീഡിയോകൾ ചെയ്തു തുടങ്ങിയതോടെ ഫാഷൻ ലോകത്ത് ലബുബു ഒരു ട്രെൻഡ് ആയി മാറിയത്. പിന്നീട് പ്രശസ്ത പാട്ടുകാരി റിഹാനയെ പോലുള്ളവരുടെ ബാഗുകളിലും ലബുബുവിനെ ഫാഷൻ ലോകം കണ്ടു. തുടർന്ന് പോപ്പ് മാർട്ട് ലിമിറ്റഡ് എഡിഷൻ എന്ന സ്പെക്കുലേറ്റീവ് ബബിൾ നിർമ്മിച്ച് ലബുബുവിൻ്റെ മാർക്കറ്റിംഗ് മൂല്യം ഉയർത്തി. അതിനുശേഷം ലബുബു ‘കളക്ടീവ് മാർക്കറ്റി’ന്റെ സാധ്യതകളുടെ ഉപയോഗപ്പെടുക്കുന്നത് ലോകം കണ്ടു. അതോടെ പാവയുടെ വില ലക്ഷങ്ങൾക്കു മുകളിലായി. നിലവിൽ ‘ആർട്ട് ടോയ്’, ‘കളക്ടിബിൾ’, ‘സ്റ്റാറ്റസ് സിംബൽ’,എന്നിങ്ങനെ പല തലങ്ങളിൽ ലബുബു അവതരിപ്പിക്കുന്നു. കൂടാതെ, സെലിബ്രിറ്റി എൻഡോഴ്സ്മെന്റുകളിലൂടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുകളുടെ പ്രചാരണത്തിലൂടെയും ഇത് ഒരു സോഷ്യൽ ഐക്കണായി മേധാവിത്വം നേടിക്കഴിഞ്ഞു. കിൻഡർ ജോയിൽ നിന്ന് ലബുബുവിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പരിവർത്തനം, സർപ്രൈസ് അനുഭവത്തിന്റെ വ്യക്തിപരമായ സ്വഭാവത്തിൽ നിന്ന് പൊതുവായ പ്രകടനത്തിലേക്കുള്ള മാറ്റമാണ്. നവമാധ്യമങ്ങളിൽ ലബുബുവിന്റെ ‘അൺബോക്സിംഗ്’ വീഡിയോകൾ വൈറലാകുന്നു. ആളുകൾ തങ്ങളുടെ ശേഖരണം പ്രദർശിപ്പിക്കുന്നു. ലൈവ് സ്ട്രീമിംഗിൽ ബ്ലൈൻഡ് ബോക്സുകൾ തുറക്കുന്നു. ഇത് വ്യക്തിപരമായ സന്തോഷത്തെ സാമൂഹിക മൂലധനമായി മാറ്റുന്ന ഒരു സമ്പ്രദായമാണ്. ഉപഭോക്താവിന്റെ ആനന്ദം മറ്റുള്ളവരുടെ കാഴ്ചയ്ക്കായി ഉൽപ്പാദിപ്പിക്കപ്പെടുകയും അത് വീണ്ടും പുതിയ ഉപഭോഗത്തിന് പ്രേരണ നൽകുകയും ചെയ്യുന്നു. ഇങ്ങനെ ആനന്ദം തന്നെ ഒരു ‘ഉള്ളടക്കം’ അഥവാ ഒരു ഉൽപ്പന്നമായി മാറുന്നു.
*സൂര്യാസ്തമയത്തിന്റെ ഇൻസ്റ്റാഗ്രാമൈസേഷൻ*
സൂര്യാസ്തമയം കാണുന്നത് നമുക്ക് ഒരു വളരെ സ്വാഭാവികമായ അതിലുപരി വ്യക്തിപരമായ അനുഭവമായിരുന്നു. ദിവസം നീണ്ട അലച്ചിലിനൊടുവിൽ
വൈകുന്നേരം കുറച്ചുസമയം പകലിനും രാത്രിയും ഇടയിൽ എല്ലാം മറന്ന് പ്രകൃതിയെ അറിയുന്ന നിമിഷങ്ങൾ, ആന്തരിക സംഘർഷങ്ങൾക്ക് അയവ് വരുത്താനുള്ള സമയം, നിശബ്ദതയുടെ മൂല്യം, ചുറ്റുപാടുകളുമായിട്ടുള്ള ഇഴുകി ചേരൽ - ഇതെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. ഇത് ഉൽപ്പന്നവൽക്കരിക്കാൻ കഴിയാത്ത, വിൽക്കാൻ കഴിയാത്ത ഒരു മൂല്യവത്തായ അനുഭവമാണ്. എന്നാൽ സമകാലിക അറ്റൻഷൻ ഇക്കണോമിയിൽ ഇത്തരം "സ്വതന്ത്ര" അനുഭവങ്ങൾ അപകടകരമാണ്. കാരണം അവ പ്ലാറ്റ്ഫോമുകളിൽ എംഗേജ്മെന്റ് സൃഷ്ടിക്കുന്നില്ല, ഡാറ്റ ഉൽപ്പാദിപ്പിക്കുന്നില്ല, പരസ്യ വരുമാനം കൊണ്ടുവരുന്നില്ല. അനുഭവങ്ങളുടെ ഉൽപ്പന്നവൽക്കരണം മോണിറ്റൈസേഷനു കൂടെയുള്ള സാധ്യതകളാണ് പുതുതലമുറയ്ക്ക്. പുതിയ തലമുറ സൂര്യാസ്തമയം കാണുമ്പോൾ അവരുടെ ആദ്യ ചിന്ത "ഇത് എങ്ങനെ ഏത് ആംഗിളിൽ ഫോണിൽ പകർത്താം?" എന്നായിരിക്കാം. അനുഭവം തന്നെ ഒരു "കണ്ടന്റ്" ആയി പ്രോസസ് ചെയ്യപ്പെടുന്നു. കൂടാതെ ഇൻസ്റ്റാഗ്രാമിൽ ശരിയായ ഫിൽട്ടർ തിരഞ്ഞെടുക്കണം, ആകർഷകമായ ക്യാപ്ഷൻ എഴുതണം, ശരിയായ ഹാഷ്ടാഗുകൾ ചേർക്കണം. ഈ പ്രക്രിയയിൽ പ്രകൃതിയുമായുള്ള നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നു. പകരം ഒരു മീഡിയേറ്റഡ് അനുഭവം - സ്ക്രീനിലൂടെയുള്ള അനുഭവം - ലഭിക്കുന്നു. ഫലം വിരോധാഭാസപരമാണ്: പ്രകൃതിയുടെ മുന്നിൽ നിൽക്കുമ്പോൾ പോലും വ്യക്തി ഡിജിറ്റൽ ലോകത്ത് തന്നെ മുഴുകിയിരിക്കുന്നു.
*നെക്രോ ടൂറിസത്തിന്റെ (Necro Tourism) ഉദയം*
വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിനുശേഷം കേരള പോലീസ് നെക്രോ ടൂറിസത്തിനെതിരെ പ്രത്യേക മുന്നറിയിപ്പ് നൽകുകയും ദുരന്ത സ്ഥലത്തേക്കുള്ള ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. നെക്രോ ടൂറിസം അഥവാ ഡാർക്ക് ടൂറിസം ഇൻസ്റ്റാഗ്രാമൈസേഷൻ്റെ കൂടുതൽ തീവ്രമായ രൂപമാണ്. ഇവിടെ മനുഷ്യ കഷ്ടപ്പാടുകളും ദുരന്തങ്ങളും മാധ്യമങ്ങളും ഇൻഫ്ലുവൻസർമാരും ഉൽപ്പന്നങ്ങളായി അൺബോക്സ് ചെയ്യപ്പെടുന്നു. വയനാട്ടിലെ മുണ്ടക്കൈ ദുരന്തസ്ഥലം "കാണാനുള്ള" ആകാംക്ഷ ‘നവമാധ്യമ തൊഴിലാളി’കൾക്ക്(പ്രയോഗത്തിന് Christian Fuchനോട് കടപ്പാട്). മോണിറ്റൈസേഷനുള്ള ഉള്ള മാർഗം കൂടിയാണ്.
നെക്രോ ടൂറിസത്തിലെ ഏറ്റവും ആശങ്കാജനകമായ വശം സഹാനുഭൂതിയുടെ വാണിജ്യവൽക്കരണമാണ്. മനുഷ്യ കഷ്ടപ്പാടുകളോടുള്ള സ്വാഭാവിക സഹാനുഭൂതി "എക്സ്പീരിയൻസ് ചെയ്യാനുള്ള" ഒരു ഉൽപ്പന്നമായി മാറുമ്പോൾ, യഥാർത്ഥ സഹാനുഭൂതിയും സാമൂഹിക ബാധ്യതയും കുറയുന്നു. ദുരന്തം ഒരു ബാക്ക്ഡ്രോപ്പായി മാറുന്നു,. ഉക്രൈനിലെ ചെർണോബിലും, ഇന്ത്യയിലെ ജാലിയൻവാലാബാഗിലും വയനാട്ടിലെ മുണ്ടക്കൈയിലും ടൂറിസ്റ്റുകൾ പലപ്പോഴും ദുരന്തത്തിന്റെ രാഷ്ട്രീയവും പാരിസ്ഥിതികവുമായ സന്ദേശങ്ങൾ ഒരു പഠനവിഷയമായിട്ടല്ല മനസ്സിലാക്കുന്നത്, പകരം "ഇൻസ്റ്റഗ്രാമബിൾ" ആകുന്നതോടെ യാത്രയുടെ അർത്ഥതലങ്ങൾ തന്നെ മാറുന്നു.ഇത് കേവലം സാഡിസമോ നിസംഗതയോ അല്ല. പകരം ഇത് മരണത്തോടും ദുരന്തത്തോടുമുള്ള മനുഷ്യന്റെ സ്വാഭാവിക ജിജ്ഞാസയെയും ഭയത്തെയും ഉത്കണ്ഠയെയും വാണിജ്യ അവസരങ്ങളായി പരിവർത്തനം ചെയ്യുന്ന ഒരു നിയോലിബറലിസത്തിൻ്റെ വാണിജ്യ തന്ത്രമാണ്.
*അറ്റൻഷൻ ഇക്കണോമി എന്ന സൈക്കോ*
നിലവിൽ 1500 കോടി മൊബൈൽ ഉപകരണങ്ങൾ ലോകത്തുണ്ട് എന്നാണ് കണക്കുകൾ, മനുഷ്യരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം. ഇതിൽ നല്ലൊരു ശതമാനം ഉപകരണങ്ങളും നമ്മുടെ ശ്രദ്ധയെകോർപ്പറേറ്റുകൾക്ക് വേണ്ട രീതിയിൽ ചൂഷണം ചെയ്യാൻ രൂപകൽപ്പന ചെയ്തവയാണ്. മൊബൈലിൽ നമ്മൾ തൊടുന്ന ഗ്ലാസ് പ്രതലത്തിനു തൊട്ടുതാഴെ മനുഷ്യ തലച്ചോറിന്റെ പ്രതിഫല സമ്പ്രദായത്തെ കൃത്രിമമായി ചൂഷണം ചെയ്യുന്ന ഒരു നിയോലിബറൽ സംവിധാനമുണ്ട്. ഓരോ ലൈക്കും കമന്റും ഷെയറും നമ്മുടെ തലച്ചോറിൽ ഡോപാമൈൻ റിലീസ് ചെയ്യുന്നു. ഇത് കേവലം സ്വാഭാവിക പ്രതികരണമല്ല, സൂക്ഷ്മമായി രൂപകൽപ്പന ചെയ്യപ്പെട്ട മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമാണ്.
നവമാധ്യമങ്ങൾ, ഓൺലൈൻ സൈറ്റുകൾ, ബുക്കിംഗ് ആപ്പുകൾ, ഓ. ടി. ടി ആപ്പുകൾ എന്നിവയെല്ലാം ഉപഭോക്താക്കളെ ആകർഷിക്കാൻ കൃത്യമായ അൽഗോരിതങ്ങളും അവയ്ക്കനുസരിച്ച് മെട്രിക്സുകളും രൂപകല്പന ചെയ്തിട്ടുണ്ടാവും. ഇവയുടെ എൻഗേജ്മെന്റിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കറ്റിംഗ് തന്ത്രമാണ് FoMO (Fear of Missing Out) എന്താണ് ഫോമോ എന്നല്ലേ? അറ്റൻഷൻ ഇക്കണോമിയുടെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ഫോമോ. ലബുബു പാവകളുടെ ‘ലിമിറ്റഡ് എഡിഷൻ’ സ്വഭാവം, നെക്രോ ടൂറിസത്തിൽ ‘ദുരന്ത പശ്ചാത്തലത്തിലുള്ള അനുഭവങ്ങൾ’, സോഷ്യൽ മീഡിയയിലെ ‘വൈറൽ ട്രെൻഡുകൾ’ - ഇതെല്ലാം ഫോമോയെ ചൂഷണം ചെയ്യുന്നു. ഫോമോ മനുഷ്യർക്ക് തരുന്ന മാനസിക സംഘർഷം ചില്ലറയല്ല. വാങ്ങുന്നതിനും എൻഗേജ് ചെയ്യുന്നതിനുള്ള ആന്തരിക സംഘർഷം സൃഷ്ടിക്കാനുള്ള ഉള്ളടക്കങ്ങളാണ് ഈ അൽഗോരിതങ്ങൾ നമ്മുടെ ഡിവൈസുകളിലേക്ക് എത്തിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്സുകൾ എന്നിവ ഒരു പ്രത്യേക തരത്തിലുള്ള കണ്ടന്റ് ഉപഭോഗത്തിനായി ഉപയോക്താക്കളെ പരിശീലിപ്പിക്കുന്നു. അതിവേഗം മാറുന്ന കണ്ടൻറുകൾ വഴി തൽക്ഷണ സംതൃപ്തി, കൂടാതെ തികച്ചും ഉപരിപ്ലവമായ ഇൻഫർമേഷൻ പ്രോസസിംഗ് എന്നിവയാണ് ഈ മീഡിയത്തിന്റെ സവിശേഷതകൾ. ഇതിന്റെ ഫലമായി ഉപയോക്താക്കൾക്ക് ദീർഘകാല ഏകാഗ്രത ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിൽ - പുസ്തകം വായിക്കൽ, ആഴത്തിലുള്ള സംഭാഷണം, ക്രിയേറ്റീവ് പ്രൊജക്റ്റുകൾ - എന്നിവ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറ് നിരന്തരമായ ചെറു ഉത്തേജനങ്ങൾക്ക് കീഴ്പ്പെടുന്നു.ഇത് നമ്മളിൽ ഒരു നിരന്തരമായ അസ്വസ്ഥത സൃഷ്ടിക്കുന്നു. "മറ്റുള്ളവർ എന്തെങ്കിലും രസകരമായ കാര്യം ചെയ്യുന്നുണ്ടോ?", "എനിക്ക് എന്തെങ്കിലും നഷ്ടമാകുന്നുണ്ടോ?" - ഈ ചിന്തകൾ മനസ്സിൽ നിന്നും മാറാതെ പിൻതുടരും. ചുരുക്കത്തിൽ നമുക്ക് ശാന്തതയും സംതൃപ്തിയും നേടാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു.
നമ്മുടെ കുട്ടികൾ ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കാത്ത സമയത്ത് ഇടയ്ക്കിടയ്ക്ക് ‘ ബോറടിക്കുന്നു’ എന്നുപറയുന്നതിനു പിന്നിലെ യഥാർത്ഥ വില്ലൻ ഇത്തരം കണ്ടെന്റുകൾ അവരുടെ ഡോപ്പമിൻ അളവിൽ വരുത്തുന്ന വ്യതിയാനങ്ങളാണ്.
*ഫോമോയുടെ (Fear of Missing Out) മനഃശാസ്ത്രം*
മനുഷ്യൻ അടിസ്ഥാനപരമായി സാമൂഹ്യ ജീവികളാണ്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ചുള്ള സംഘർഷങ്ങൾ കൊലപാതകത്തിൽ വരെ കലാശിക്കുന്ന കാലമാണിത്. ഒഴിവാക്കൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം മരണതുല്യമാണ്. സാമൂഹ്യജീവി എന്ന നിലയിൽ എന്ന നിലയിൽ നമ്മൾ ചുറ്റുമുള്ള വിവരങ്ങൾ അറിയാതിരിക്കുകയോ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ അത് അവരുടെ അതിജീവനത്തെ ബാധിക്കും എന്ന ഭയം പണ്ടുതൊട്ടേ മനുഷ്യരിലുണ്ട്. ഈ ഭയത്തെ മാർക്കറ്റിംഗിന് ഉപയോഗിക്കുന്ന നവീന തന്ത്രമാണ് ഫോമോ. ഇതിൻറെ മികച്ച ഉദാഹരണമാണ് നവമാധ്യമങ്ങളിലെ ഫീഡുകൾ. ഉദാഹരണത്തിന് ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ നോക്കിയില്ലെങ്കിൽ ഫീഡിൽ വന്നു പോകുന്ന വാർത്തകൾ നമുക്ക് നഷ്ടപ്പെടും എന്ന് തോന്നൽ ഉണ്ടാക്കുന്നു. കാരണം എപ്പോഴും നമ്മൾ റീഫ്രഷ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. സത്യമോ അസത്യമോ ആയ പുതിയ ഉള്ളടക്കങ്ങൾ വരും. നമ്മൾ അറിയാതെ അതിലേക്ക് ‘പുൾ’ചെയ്യപ്പെടുന്നു. അതിലെ അനിശ്ചിതത്വം നമ്മുടെ തലച്ചോറിൻ്റെ ഉത്തേജനങ്ങളുമായി ബന്ധപ്പെടുന്നു, പക്ഷേ സംതൃപ്തി കിട്ടുകയില്ല, കാരണം അടുത്ത റീലിൽ അതിനേക്കാൾ മികച്ചത് ഉണ്ടാവുമെന്ന് തോന്നലിൽ നമ്മൾ സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കും .ഫോമോയുടെ ഏറ്റവും പുതിയ രൂപമാണ് വാട്സാപ്പിന്റെ സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം സ്റ്റോറികളും സ്നാപ്ചാറ്റിന്റെ സ്നാപ്സും. ഇവയുടെ 24 മണിക്കൂർ കാലാവധി വച്ചിരിക്കുന്നത് കൃത്രിമമായ ഒരു ‘എമർജൻസി’ സൃഷ്ടിക്കാൻ വേണ്ടിയാണ് , നിശ്ചിത സമയത്തിനുള്ളിൽ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് അത് എന്നത്തേക്കാമായി നഷ്ടപ്പെടും എന്ന് തോന്നൽ, അത് നമ്മളെ കൂടുതൽ അസ്വസ്ഥതപ്പെടുത്തുകയും കൂടുതൽ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യും.
*മാർക്കറ്റിംഗ് രംഗത്തെ ഫോമോ എൻജിനീയറിങ്*
ലബുബു പാവകൾ മാർക്കറ്റിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ചുകൊണ്ടാണ് മൂല്യമുയർത്തുന്നത്. ലബുബു ലിമിറ്റഡ് എഡിഷൻ പാവകൾ ഇപ്പോൾ വാങ്ങിയില്ലെങ്കിൽ എന്നത്തേക്കുമായി നഷ്ടമാകുമെന്ന ഫോമോ തന്ത്രം. പാവ കളക്ടർമാരെ/ ഉപഭോക്താക്കളെ കൂടുതൽ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ‘ആർട്ടിഫിഷ്യൽ സ്കാർസിറ്റി’ (Artificial scarcity) എന്ന മാർക്കറ്റിംഗ് തന്ത്രമാണിത്. ഓൺലൈൻ സൈറ്റുകളിലും ബുക്കിംഗ് ആപ്പുകളിലും ഫോമോ തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ "കൗണ്ട്ഡൗൺ ടൈമറുകൾ" കാണിക്കുന്നത് മറ്റൊരു തന്ത്രമാണ്. "50 പേർ ഇത് ഇപ്പോൾ കാണുന്നു" എന്ന തരത്തിലുള്ള സന്ദേശങ്ങൾ നമ്മളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു. പലപ്പോഴും ഇവ കൃത്രിമമായി ജനറേറ്റ് ചെയ്യപ്പെട്ട ഡാറ്റയാണ്. ഉദ്ദേശം വളരെ ലളിതമാണ്: നമ്മളിൽ "ഇപ്പോൾ തീരുമാനിക്കണം" എന്ന സമ്മർദ്ദം സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം. അതിനുവേണ്ടി പല മാർക്കറ്റിംഗ് തന്ത്രങ്ങളും അവർ പ്രയോഗിക്കുന്നു. ടാറ്റയുടെ ZUDIO യിൽ, അഫോർഡബിൾ ലക്ഷ്വറി ഇല്ലൂഷൻ എന്ന ടെക്നിക്കാണ് അവർ പ്രയോഗിക്കുന്നത്. NYKAA യും MEESHO യും മറ്റൊരു വിപണ തന്ത്രമായ ഹോട്ട് സെല്ലിംഗ് ലേബലുകൾ ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഫോമോ സൃഷ്ടിക്കുന്നതിൽ വിദഗ്ധരാണ്. അവരുടെ ലക്ഷ്വറി യാത്രകൾ, വിലകൂടിയ റെസ്റ്റോറന്റുകൾ, എക്സ്ക്ലൂസിവ് ഇവന്റുകൾ എന്നിവയുടെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നു. ഫോളോവേഴ്സിന് തോന്നുന്നത് ‘എനിക്കും ഇത്തരം അനുഭവങ്ങൾ വേണം’ എന്നാണ്. ‘Link in my bio’, എന്നിങ്ങനെയുള്ള Call to action-നുകൾ കൂടെ ആകുന്നതോടെ കാണുന്നവരുടെ സമ്മർദ്ദം ഉയരുന്നു. സാമൂഹിക മനഃശാസ്ത്രത്തിലെ ഫോമോയുടെ ആഴത്തിലുള്ള സ്വാധീനങ്ങൾ നമ്മുടെ ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം താരതമ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഏറ്റവും സാധാരണ ദിനചര്യയെ മറ്റുള്ളവരുടെ ഏറ്റവും അസാധാരണമായ അനുഭവങ്ങളുമായി താരതമ്യം ചെയ്യുന്നു. ഇത് എപ്പോഴും നിങ്ങളെ "പിന്നിലാണ്" എന്ന തോന്നൽ നൽകുന്നു.
*സാമൂഹികവൽക്കരണത്തിന്റെ ഭ്രമാത്മകത*
നിങ്ങൾ ഒരു ട്രെൻഡിംഗ് ഹാഷ്ടാഗിൽ പങ്കെടുക്കുന്നില്ലെങ്കിൽ, ഒരു വൈറൽ വീഡിയോ കണ്ടിട്ടില്ലെങ്കിൽ, ഒരു പുതിയ അപ്ലിക്കേഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ - നിങ്ങൾ പുറന്തള്ളപ്പെട്ടതായി തോന്നുന്നു.എന്നാൽ ഇത് യഥാർത്ഥ സാമൂഹിക ബന്ധമല്ല. ഇത് കൃത്രിമമായി നിർമ്മിക്കപ്പെട്ട ഒരു സാമൂഹിക ബോധമാണ്. നിങ്ങൾ എത്ര ട്രെൻഡുകൾ പിന്തുടർന്നാലും, എത്ര ഉള്ളടക്കം കണ്ടാലും ആ തൃപ്തി ലഭിക്കില്ല. കാരണം അടുത്ത ട്രെൻഡ് ഇതിനകം വന്നുകൊണ്ടിരിക്കുന്നു. വ്യക്തിത്വ നിർമ്മാണത്തിലെ ആശ്രിതത്വം വഴി ഫോമോ യുവാക്കളെ അവരുടെ സ്വത്വ രൂപീകരണത്തിന് ബാഹ്യ സ്രോതസ്സുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു. "എനിക്ക് ഏത് സിനിമകൾ ഇഷ്ടപ്പെടണം?", "എവിടെ യാത്ര ചെയ്യണം?", "എന്ത് വസ്ത്രങ്ങൾ ധരിക്കണം?" - ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ നിന്ന് തേടുന്നു.ഇത് ആത്മാവലംബനത്തെയും സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുന്നു. വ്യക്തികൾ അവരുടെ സ്വന്തം മൂല്യങ്ങളും താൽപ്പര്യങ്ങളും വികസിപ്പിക്കുന്നതിനുപകരം നിയോലിബറൽ തന്ത്രങ്ങളുടെ ഉപകരണങ്ങളായി മാറുന്നു.
*ഫോമോയുടെ ന്യൂറോബയോളജി*
മനുഷ്യർക്ക് സാധാരണ സാഹചര്യങ്ങളിൽ ഡോപാമൈൻ റിലീസ് ആകുന്നത് ഒരു പ്രതിഫലം ലഭിക്കുമ്പോഴാണ്. വാട്സാപ്പിന്റെ സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം സ്റ്റോറികളും സ്നാപ്ചാറ്റിന്റെ സ്നാപ്സും നമ്മുടെ മസ്തിഷ്കത്തിന്റെ റിവാർഡ് സിസ്റ്റത്തെ അസന്തുലിതമാക്കുന്നു.അതിനെ തുടർന്നുണ്ടാവുന്ന കോർട്ടിസോൾ(സ്ട്രെസ് ഹോർമോൺ )ലെവൽ വർദ്ധന സ്ട്രെസിന് കാരണമാകുന്നു. എനിക്ക് എന്തോ നഷ്ടമാകുന്നുണ്ട് എന്ന് തോന്നൽ ഹൃദയമിടിപ്പ് കൂട്ടും, രക്തസമ്മർദ്ദം കൂട്ടും, കൂടാതെ ഉറക്കക്കുറവിനും കാരണമാകാം. ചുരുക്കത്തിൽ ഇവ ഉത്കണ്ഠ, വിഷാദം, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. നിങ്ങൾ ഒരു ലബുബു പാവ വാങ്ങിയാൽ, അതിന്റെ സന്തോഷം അധികനേരം നിലനിൽക്കില്ല. കാരണം അടുത്ത "ലിമിറ്റഡ് എഡിഷൻ" ഇതിനകം അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ടാവും,. നിങ്ങൾ ഒരു ട്രെൻഡിംഗ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചാൽ, അടുത്ത ആഴ്ച മറ്റൊരു "ഹോട്ട് സ്പോട്ട്" വൈറലായിരിക്കും. ഇത് ഒരു അനന്തമായ ലൂപ്പാണ് - മുഴുവൻ സംതൃപ്തി ഒരിക്കലും ലഭിക്കില്ല. ഫോമോ നമ്മുടെയുള്ളിൽ "നിങ്ങൾ വേണ്ടത്ര ആക്ടീവ് അല്ല", "നിങ്ങൾ വേണ്ടത്ര കണക്റ്റഡ് അല്ല" എന്ന കുറ്റബോധം സൃഷ്ടിക്കുന്നു. സാമ്പത്തിക അസമത്വം, സാമൂഹിക നീതിക്കേട്, വ്യവസ്ഥാപിത പ്രശ്നങ്ങൾ എന്നിവയുടെ ഫലമായി ഉണ്ടാകുന്ന അസംതൃപ്തിയെ വ്യക്തിഗത പരാജയമായി കാണിക്കുന്നു."നിങ്ങൾക്ക് തായ്‌ലൻഡിൽ വെക്കേഷൻ പോകാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങൾ വേണ്ടത്ര കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടാണ്". "നിങ്ങൾക്ക് ലേറ്റസ്റ് ഐഫോൺ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ പ്രയോറിറ്റീസ് തെറ്റായതുകൊണ്ടാണ്" എന്നിങ്ങനെയുള്ള തെറ്റായ സന്ദേശങ്ങൾ ഫോമോ വഴി പ്രചരിപ്പിക്കപ്പെടുന്നു.
ഫോമോ പ്രശ്നക്കാരൻ മാത്രമാണോ? അല്ല എന്നതാണ് ഉത്തരം, ഫോമോ പോസിറ്റീവ് ആയുള്ള മാർക്കറ്റിംഗ് ക്യാമ്പയിൻ ചെയ്യാനും ഉപയോഗിക്കാറുണ്ട്, ഉദാഹരണത്തിന് സീറ്റ് ബെൽറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് ഏറ്റവും അനുയോജ്യമായ മെത്തേഡ് ഫോമോയാണ്, മറ്റുള്ളവർ എല്ലാവരും സ്വീറ്റ് ധരിക്കുന്നു അതുകൊണ്ട് അവരുടെ ജീവൻ രക്ഷപ്പെടുന്നു, നിങ്ങളും ധരിക്കൂ എന്നുള്ള ബോധവൽക്കരണം.കോവിഡ് വാക്സിനേഷൻ സമയത്തും ഫോമോ മാർക്കറ്റിംഗ് തന്ത്രം ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. എല്ലാവരും വാക്സിൻ എടുത്തു നിങ്ങളോ?, എന്നുള്ളത് ബാക്കിയുള്ളവരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.
ഫോമോ ഗുണപരമായി ഉപയോഗിക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും മെച്ചപ്പെട്ട ഫലങ്ങൾക്ക് കാരണമാകും. എന്നാൽ ഇത് നൈതിക ബാധ്യതയോടും സത്യസന്ധതയോടുംകൂടി ചെയ്യേണ്ടത് അത്യന്താപേക്ഷമാണ്. ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം, പാരിസ്ഥിതിക ബോധവത്കരണം തുടങ്ങിയ മേഖലകളിൽ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ FOMO ഒരു ശക്തമായ സാമൂഹിക മാറ്റത്തിന്റെ ഉപകരണമാകാം. നിലവിൽ ഹോമോ കൂടുതൽ ഉപയോഗിക്കുന്നത് നമ്മളെ ചൂഷണം ചെയ്യാനുള്ള നിയോലിബറൽ മാർക്കറ്റിംഗ് തന്ത്രങ്ങൾക്കു വേണ്ടിയാണ്. നിയോലിബറലിസത്തിനെതിരായ പ്രത്യയശാസ്ത്ര കാഴ്ചപ്പാട്. അന്റോണിയോ ഗ്രാംഷിയുടെ 'സാംസ്കാരിക അധിനിവേശം' (Cultural Hegemony) എന്ന സിദ്ധാന്തത്തിലൂടെ നോക്കുമ്പോൾ, അറ്റൻഷൻ ഇക്കണോമി ഒരു പുതിയ തരത്തിലുള്ള സാംസ്കാരിക ആധിപത്യമാണ് സ്ഥാപിക്കുന്നത്. ലബുബു പാവകൾ, കിൻഡർ ജോയ് എഗ്ഗുകൾ, സോഷ്യൽ മീഡിയ ട്രെൻഡുകൾ - ഇവയെല്ലാം വെറും ഉൽപ്പന്നങ്ങളല്ല, മറിച്ച് മുതലാളിത്ത വ്യവസ്ഥയുടെ മൂല്യങ്ങളെ സാധാരണവൽക്കരിക്കുന്ന പ്രത്യയശാസ്ത്രപരമായ ഉപകരണങ്ങളാണ്. ഭരണകൂടം അതിന്റെ ആധിപത്യം ബലപ്രയോഗത്തിലൂടെ മാത്രമല്ല, മറിച്ച് സമ്മതത്തിലൂടെയും സ്ഥാപിക്കുന്നു എന്ന ഗ്രാംഷിയുടെ വിലയിരുത്തലിന്റെ ആംഗിളിൽ നോക്കിയാൽ അറ്റൻഷൻ ഇക്കണോമിയിൽ ഈ സമ്മതം വളരെ സൂക്ഷ്മമായാണ് ലഭിക്കുന്നത് - ഉപഭോക്താക്കൾ "സ്വതന്ത്ര തിരഞ്ഞെടുപ്പ്" എന്ന് കരുതി നിരന്തരം കണ്ടന്റ് കൺസ്യൂം ചെയ്യുകയും, അതിലൂടെ കോർപ്പറേറ്റ് ലാഭം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഫ്രാങ്ക്ഫർട്ട് സ്കൂളിലെ പ്രമുഖ ചിന്തകനായ ഹെർബർട്ട് മാർക്കൂസെയുടെ 'വൺ-ഡൈമെൻഷണൽ മാൻ' (One-Dimensional Man) എന്ന എന്ന പഠനത്തിൽ ഇന്നത്തെ അറ്റൻഷൻ ഇക്കണോമിയെ മനസ്സിലാക്കാൻ കുറേക്കൂടി എളുപ്പമാണ്. മാർക്കൂസ് വാദിക്കുന്നത് ആധുനിക മുതലാളിത്ത സമൂഹം വ്യക്തികളിൽ "തെറ്റായ ആവശ്യങ്ങൾ" (False Needs) സൃഷ്ടിക്കുകയും, ഈ ആവശ്യങ്ങളുടെ തൃപ്തിയിലൂടെ അവരെ സിസ്റ്റത്തിന് അടിമകളാക്കി മാറ്റുകയും ചെയ്യുന്നു എന്നാണ്. FoMO (Fear of Missing Out) ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ലിമിറ്റഡ് എഡിഷൻ പാവകൾ വാങ്ങാനുള്ള ആകാംക്ഷ, ട്രെൻഡിംഗ് റെസ്റ്റോറന്റുകളിൽ പോകാനുള്ള തിരക്ക്, സോഷ്യൽ മീഡിയയിൽ കണ്ടെത്തുന്ന എല്ലാ കണ്ടന്റും കാണാനുള്ള നിർബന്ധം - ഇവയെല്ലാം മാർക്കൂസ് പറയുന്ന "തെറ്റായ ആവശ്യങ്ങളാണ്". ഈ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിലൂടെ വ്യക്തികൾ അവരുടെ യഥാർത്ഥ ആവശ്യങ്ങൾ - സൗഹൃദം, സ്നേഹം, സർജനാത്മകത, സാമൂഹിക നീതി - എന്നിവയിൽ നിന്ന് വ്യതിചലിക്കുന്നു. അറ്റൻഷൻ ഇക്കണോമിയിൽ ഇത് വളരെ സൂക്ഷ്മമായാണ് നടക്കുന്നത്. നമ്മുടെ വ്യക്തിഗത ഡാറ്റ, ശ്രദ്ധ, സാമൂഹിക ബന്ധങ്ങൾ, സർജനാത്മകത - ഇവയെല്ലാം ‘പൊതു സ്വത്ത്’ പോലെയുള്ളവയായിരുന്നു. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇവയെ വാണിജ്യവൽക്കരിക്കുകയും, ഇതിലൂടെ ലഭിക്കുന്ന ലാഭം കോർപ്പറേറ്റുകളുടെ കയ്യിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
നിയോലിബറലിസം സമൂഹത്തെ ബാധിക്കുമ്പോൾ. എന്റെ സുഹൃത്തുക്കൾക്കെല്ലാം ‘ഇത്’ ഉണ്ട്, അതുകൊണ്ട് ‘ഇത്’ എനിക്കും വേണം എന്ന അവസ്ഥ. ഇത് കിൻഡർ ജോയ് കളക്ഷൻ മുതൽ പ്ലേസ്റ്റേഷൻ ഗെയിമുകൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും കാണാം. കൗമാരപ്രായത്തിൽ ഇത് കൂടുതൽ തീവ്രമാകുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സ്മാർട്ട്ഫോണുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ - ഇവയെല്ലാം സാമൂഹിക സ്വീകാര്യതയുടെ മാനദണ്ഡങ്ങളായി വിലയിരുത്തപ്പെടുന്നു.യുവാക്കളിൽ ഫോമോ കരിയർ, റിലേഷൻഷിപ്സ്, ലൈഫ്സ്റ്റൈൽ എന്നിവയിൽ കേന്ദ്രീകരിക്കുന്നു. "എന്റെ സമപ്രായക്കാർ കൂടുതൽ സമ്പാദിക്കുന്നു", "അവർക്ക് കൂടുതൽ നല്ല ജോലികൾ ഉണ്ട്", "അവരുടെ റിലേഷൻഷിപ്സ് കൂടുതൽ പെർഫെക്റ്റ് ആണ്" - ഇത്തരം ചിന്തകൾ എല്ലാം ഈ പ്രായത്തിലുള്ളവരിൽ സമ്മർദം കൂട്ടുന്നു. വിവാഹിതർക്കിടയിൽ ഫോമോ താരതമ്യങ്ങൾ കുടുംബവഴക്കിനും വേർപിരിയലിനും വരെ വഴിയൊരുക്കുന്നു. ഫോമോയുടെ സാമൂഹിക അനന്തരഫലങ്ങൾ മാനസികാരോഗ്യത്തിലെ പ്രത്യാഘാതങ്ങൾ വിഷാദവും, ഉത്കണ്ഠയും, ആത്മവിശ്വാസക്കുറവും എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിരന്തരമായ "എനിക്ക് കുറവാണ്" എന്ന തോന്നൽ വ്യക്തികളിൽ ദീർഘകാല മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.സ്ലീപ് ഡിസോർഡറുകൾ, ഈറ്റിംഗ് ഡിസോർഡറുകൾ, അഡിക്റ്റീവ് ബിഹേവിയറുകൾ - ഇവയെല്ലാം ഫോമോയുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവാക്കളിൽ ആത്മഹത്യാ ചിന്തകൾ വർധിക്കുന്നതിലും ഫോമോയ്ക്ക് പങ്കുണ്ട്.സാമ്പത്തിക അസ്ഥിരത ഫോമോ കാരണം ആളുകൾ അവരുടെ സാമ്പത്തിക ശേഷിക്കപ്പുറം ചിലവ് ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഡെറ്റ്, പേഴ്സണൽ ലോണുകൾ, ഇംപൾസീവ് പർച്ചേസുകൾ - ഇവയെല്ലാം ഫോമോഡ്രിവൻ പെരുമാറ്റത്തിന്റെ ഫലങ്ങളാണ്."EMI-യിൽ ജീവിക്കുന്ന" ജനറേഷൻ ഫോമോയുടെ നേരിട്ടുള്ള ഫലമാണ്.
തുടരും
ജഗദീഷ് വില്ലോടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ