2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ആരാണീ സൂഫികൾ


ഒരു കപ്പലിൽ തിരിച്ചു വരികയായിരുന്നു 
ഹജ്ജ് തീർത്ഥാടക സംഘം. യാത്രികരിൽ കൂടുതലും മതപണ്ഡിതന്മാർ ആയിരുന്നു. 
അതെ കപ്പലിൽ തന്നെ, മതപണ്ഡിതന്മാർ മതഭ്രഷ്ട് കല്പിച്ചിരുന്നു ഒരു സൂഫിയും യാത്ര ചെയ്തിരുന്നു. 
ഈ സൂഫിയുടെ സാന്നിധ്യം 
മതപണ്ഡിതന്മാർ വളരെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. കാരണം, അവരുടെ ഏറ്റവും ഉയർന്ന സഭ ഈ സൂഫിയെ വഴിപിഴച്ചവനാണെന്ന് വിധിപറഞ്ഞിരുന്നു. 
ആരും അദ്ദേഹത്തോട് സമ്പർക്കം പുലർത്തരുതെന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു. 
   മതപണ്ഡിതന്മാരുടെ ക്കൂട്ടത്തിൽ നിന്ന് ചിലർ വന്ന് സൂഫിയെ ചോദ്യം ചെയ്യുകയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരസ്യമായി പരിഹസിക്കുകയും ചെയ്തു. 
ചിലർ അതിരുവിട്ട് ഉപദ്രവിക്കാൻ വരെ ശ്രമിച്ചു. അവരുടെ നേതൃത്വം പഠിപ്പിക്കുന്ന സത്യമാർഗ്ഗത്തിൽ നിന്ന് വൃതിചലിച്ചവരെ, ഉപദ്രവിക്കുന്നതോ, കൊല്ലുന്നത് പോലുമോ പുണ്യമാണെന്നു വരെ പഠിപ്പിച്ചു കളയുന്ന മതപണ്ഡിതന്മാർ ആ കൂട്ടത്തിലുണ്ടായിരുന്നു.

തിക്തമായ ഈ അനുഭവങ്ങൾക്കിടയിലും, ഒരു മന്ദഹാസത്തോടെ സൂഫി നിസ്സംഗനായിരുന്നു. മതനേതൃത്വം പിഴച്ചവരെന്ന് മുദ്രകുത്തിയ സൂഫികൾക്കെതിരെ നിരന്തരം കവലകളിൽ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മതപണ്ഡിത നേതാവും ആ കൂട്ടത്തിലുണ്ടായിരുന്നു.എന്തോ പറഞ്ഞു പ്രകോപിതനായ അയാൾ സൂഫിയെ പിടിച്ചു തള്ളുകയും അടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.മതപണ്ഡിതനല്ലാത്ത ഒരു തീർത്ഥാടകൻ ഇടപ്പെട്ട് അയാളെ പിടിച്ചു മാറ്റുകയായിരുന്നു. അപ്പോഴും സൂഫി മൗനിയായി, ധ്യാനനിരതനായിരുന്നു. 

     യാത്ര രണ്ടുമൂന്നു ദിവസം പിന്നിട്ടു. ഒരു രാത്രി കടൽ അതിശക്തമായി ക്ഷോഭിച്ചു. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. കടൽക്ഷോഭത്തിൽ കപ്പൽ ആടിയുലഞ്ഞു. പൊടുന്നനെ, കടലിൽ ആഴ്ന്നുപോകുമെന്ന രീതിയിൽ കപ്പൽ ഇളകിമറിയാൻ തുടങ്ങി. അതുവരെ അഹന്ത നടിച്ചു, വിടുവായിത്തം പറഞ്ഞ  മതപണ്ഡിതന്മാർ പേടിച്ച്, അലറിവിളിക്കാൻ തുടങ്ങി.

ജീവനുവേണ്ടി കരഞ്ഞു വിളിക്കുന്ന ആ മനുഷ്യർക്കിടയിൽ സൂഫി കണ്ണുകളടച്ച് സ്വസ്ഥനായി ഇരിക്കുന്നു. മരണവെപ്രാളത്തിൽ അലറിക്കരയുന്ന പുരോഹിതന്മാർക്കിടയിൽശാന്തനായി, 
മൗനിയായിരിക്കുന്ന സൂഫിയെ അവർ  
അന്തംവിട്ടു നോക്കിനിന്നു. 
     
അലറിമറിയുന്ന തിരമാലകൾക്കിടയിൽ, ആടിയുലയുന്ന കപ്പലിലെ കൂട്ടക്കരച്ചിൽ ഒരു നിമിഷം പൊടുന്നനെ നിലച്ചു. ഏതോ ഒരശരീരി, ഗാംഭീര്യമാർന്ന സ്വരത്തിൽ മുഴങ്ങിക്കേട്ടതായിരുന്നു കാരണം. 
   
 'ഹേ  സാത്വകനായ  മനുഷ്യാ, അങ്ങയെ ഉപദ്രവിച്ചു, പരിഹസിച്ചു രസിക്കുന്ന ഈ തെമ്മാടിക്കൂട്ടത്തെ കടലിൽ മറിച്ചിടട്ടെയോ? എത്ര കഠിനമായാണ് അവർ അങ്ങയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. 
അവർ ചെയ്യുന്ന പാതകം എത്ര വലുതാണെന്ന് അവരറിയുന്നില്ല. അങ്ങയുടെ അനുവാദമുണ്ടെങ്കിൽ ഈ ദുർവൃത്തരായ മനുഷ്യരെ നിമിഷങ്ങൾക്കകം കടലിൽ മറിച്ചിടാം. അങ്ങയെ  രക്ഷപ്പെടുത്താൻ ആയിരം മാലാഖമാർ എത്തിക്കഴിഞ്ഞു. അങ്ങയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവർ. '

ഇതുകേട്ട മതപണ്ഡിത കൂട്ടം ആ സൂഫിയുടെ കാലിൽ വീണു കരഞ്ഞുവിളിച്ചു മാപ്പു പറഞ്ഞു. രക്ഷിക്കണേ എന്നവർ കേണു യാചിച്ചു കൊണ്ടിരുന്നു. 
    
എന്നാൽ, ഇതൊന്നും കേൾക്കാൻ നിൽക്കാതെ സൂഫി ആ അശരീരി വന്ന ഭാഗത്തേയ്ക്ക് നടന്നു. ആകാശത്തേക്ക്‌  നോക്കി ഇങ്ങനെ പറഞ്ഞു :

   'ആരാണിവിടെ മതപണ്ഡിതന്റെ ഭാഷയിൽ, പിശാചിന്റെ ശബ്ദത്തിൽ അശരീരി മുഴക്കുന്നത്? അജ്ഞതയും അഹങ്കാരവുമായി നടക്കുന്ന ഈ വിഡ്ഢികളായ മനുഷ്യരെ കടലിൽ മറിച്ചിട്ട് എന്തുകാര്യം? 
അവരുടെ ഹൃദയങ്ങളെ മാറ്റിമറിക്കുന്നതിൽ മാത്രമാണ് എന്റെ ദൈവത്തിന് താല്പര്യം. അതുകൊണ്ട് ഇത് പിശാചിന്റെ ഭാഷയാണ്. ഒരിക്കലും ദൈവത്തിന്റെ അശരീരിയല്ല. '

അപ്പോഴേയ്ക്കും കടൽ ശാന്തമാവാൻ തുടങ്ങിയിരുന്നു. 

പൊടുന്നനെ മറ്റൊരശരീരി മൃദു ശബ്ദത്തിൽ മുഴങ്ങി:         
      'പ്രിയപ്പെട്ടവനെ, നീ പിശാചിന്റെ ഭാഷ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. എന്റെ ഭാഷ ഹൃദയത്തിൽ അറിഞ്ഞവന് മാത്രമേ പിശാചിന്റെ ഭാഷ തിരിച്ചറിയാൻ കഴിയൂ.'
    
കാറ്റും കോളുമടങ്ങി, കടൽ പൂർണ്ണമായും ശാന്തമായി. യാത്രക്കാർ സമാധാനത്തോടെ ഉറങ്ങി. പിറ്റേ ദിവസം മുതൽ, നിന്ദിച്ചവരും പീഡിപ്പിച്ചവരുമെല്ലാം ഭയഭക്തിയോടെ സൂഫിക്കു ചുറ്റിലുമിരുന്നു. ചെയ്തുപോയ അപരാധത്തിൽ അവർ കാലുപിടിച്ചു മാപ്പ്‌ പറഞ്ഞു. 
സൂഫി അപ്പോഴും, പഴയതു പോലെ  നിസ്സംഗനായി, ഒരു മൗനമന്ദഹാസത്തോടെ അവരെ നോക്കിയിരുന്നു.

ഹൃദയത്തെ മാറ്റിമറിയ്ക്കലാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ രാസവിദ്യ. 
മണ്ണിനെ സ്വർണ്ണമാക്കുന്ന ആൽക്കെമിയാണത്. 
ദൈവികത ഹൃദയത്തിൽ നിറഞ്ഞ ആധ്യാത്മമനുഷ്യർ എക്കാലവും യത്നിച്ചത് ആ ഹൃദയമാറ്റത്തിനാണ്.

സ്നേഹവും കാരുണ്യവുമാണ് ഹൃദയത്തെ മാറ്റിത്തീർക്കുന്ന ദിവ്യഭാവങ്ങൾ. 


എന്നാൽ,  ഹൃദയത്തിലെ ദിവ്യഭാവങ്ങളായ സ്നേഹത്തെയും കാരുണ്യത്തെയും പടിയിറക്കി പകരം ഭയത്തെയും കുറ്റബോധത്തെയും കുത്തിനിറച്ചു എന്നതാണ്
ചിലർ മാനുഷ്യകത്തോട് ചെയ്ത ഏറ്റവും വലിയ പാതകം .
അതിനു വേണ്ടിയാണു അവർ എപ്പോഴും ഭീഷണിയുടെയും ഭീതിപ്പെടുത്തലിന്റെയും ഭാഷയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...