2024, ഏപ്രിൽ 3, ബുധനാഴ്‌ച

ശൈഖുനാ ആറ്റിങ്ങൽ ഉസ്താദ്:പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ

അറിവ് അമൂല്യമാണ്. അതിന്റെ വക്താക്കൾ അത്യുത്തമരും ആഖിറം മാത്രം ആഗ്രഹിച്ച് ആത്മാർത്ഥതയോടെ ആരാധനകൾ അനുഷ്ഠിച്ച് അല്ലാഹുവിന്റെ അടുപ്പം നേടിയ അനേകം അതുല്യ പണ്ഡിതർ ആലമിൽ ആകെ കഴിഞ്ഞുപോയിട്ടുണ്ട്. അവർ പ്രസിദ്ധിയും പ്രശംസകളും പ്രതീക്ഷിചിരുന്നവരല്ല.പ്രപഞ്ചനാഥൻ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുവാൻ അഹോരാത്രം അധ്വാനിച്ചു മറ്റുള്ളവർക്ക് താങ്ങും തണലുമായി ജീവിച്ചു.അത്തരം നിസ്വാർത്ഥ സേവകർ വിരളമാണെങ്കിലും ഇന്നുമുണ്ട് ആക്ഷേപങ്ങളിൽ കുലുങ്ങാതെ തളരാതെ കയ്പ്പേറിയ അനുഭവങ്ങൾ നാളെയുടെ മധുരത്തിനായി ശ്രമിക്കുന്നവർ. ചെയ്ത നന്മകളുടെ ആധിക്യ വലിപ്പങ്ങളും പിന്നിട്ട ജീവിതത്തിലെ പുണ്യ പർവങ്ങളും തിരിച്ചറിയുന്നത് വിയോഗാനന്തരം ആയിരിക്കും. അത്തരത്തിൽ ജീവിച്ചു വിടപറഞ്ഞ് ഒരു മഹാത്മാവാണ് ഉസ്താദുൽ അസാതീദ് മർഹൂം ശൈഖുന ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി.

1952ൽ ആറ്റിങ്ങൽ മാമം വെട്ടുവിള വീട്ടിൽ അഹ്മദ് പിള്ളയുടെയും ഖദീജ ബീവിയുടെയും ഏഴുമക്കളിൽ അവസാനത്തെ ആളായി ജനനം. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. യത്തീം ആയിട്ടായിരുന്നു ശൈഖുന വളർന്നത്. മാമം തൈക്കാവിൽ ആയിരുന്നു മദ്രസ പഠനം. അബ്ദുറഹ്മാൻ മുസ്‌ലിയാർ ഇടയില വീട്ടിൽ, വലിയുല്ലാഹി എ എം ഉസ്താദ് എന്നിവർ മദ്രസ പഠന കാലത്തിലെ ഗുരുനാഥൻമാർ ആയിരുന്നു. അസാമാന്യ ബുദ്ധിവൈഭവവും മികച്ച ഗ്രാഹ്യ ശേഷിയും പഠനവും പ്രകടമാക്കിയിരുന്ന ശൈഖുനാക്ക് കുട്ടിക്കാലത്തുതന്നെ ദറസ് നോടും ദീനീ സേവനത്തിനോടും വലിയ ആഗ്രഹമായിരുന്നു. ആത്മജ്ഞാനികൾ ആയ ഗുരുനാഥൻമാരുടെ ഉപദേശങ്ങൾ അതിനുള്ള പ്രതിപത്തി വർദ്ധിപ്പിച്ചു.

 സ്കൂൾ പഠന സമയത്ത് പത്താം ക്ലാസ് വിജയിച്ചാൽ ദറസിൽ ചേരാൻ കുടുംബക്കാർ അനുവദിക്കാതെ ഭൗതിക മേഖലയിലേക്ക് തിരിച്ചു വിടുമോ എന്ന് ആശങ്കപ്പെട്ട് പരീക്ഷയിൽ പരാജയപ്പെടാൻ പള്ളി കുറ്റിയിൽ കാണിക്കയർപ്പിച്ച് പ്രാർത്ഥിക്കുമായിരുന്നു എന്ന് സ്വചരിത്രം നർമ്മബോധത്തോടെ വിവരിക്കുമ്പോൾ ദീനീ മേഖലയോടുള്ള ആഗ്രഹ വലിപ്പം എത്രയായിരുന്നുവെന്ന് ചിന്തനീയമാണ്.
 ദീനി വിജ്ഞാന സമ്പാദന മേഖലയിലേക്ക് തിരിഞ്ഞ് ശൈഖുന ആദ്യമായി പഠിക്കാൻ ചേർന്നത് പനവൂര് മുദരിസ് ആയിരുന്ന മർഹൂം കെ എം ഉസ്താദ് തൃശ്ശൂർ അവർകളുടെ ദർസിലായിരുന്നു. സ്വന്തം നാടായ തൃശ്ശൂരിലേക്ക് കെ എം ഉസ്താദ് ദർസ് മാറിയപ്പോൾ ദൂരം കാരണം അടുത്തുള്ള ഏതെങ്കിലും ദർസിൽ ചേരുക എന്ന ലക്ഷ്യത്തോടെ പിന്നീട് ചേർന്നത് ചിലക്കൂർ ദർസിലായിരുന്നു. തെക്കൻ കേരളത്തിലെ പ്രഗൽഭ മുദരിസും മഹത്തായ അഹ് ലുസുന്നത്തി വൽ ജമാഅ ത്തിന്റെ ധീര നേതൃത്വവും ആയിരുന്ന ഉസ്താദുൽ അസാതീദ് പാവല്ല അബ്ദുൽ സത്താർ ഉസ്താദ് അവർകളായിരുന്നു അവിടുത്തെ മുദരിസ്. പ്രിയ ഗുരുവിന്റെ സമീപത്തെത്തി ശൈഖുനാ മീസാൻ മുതൽ തുടങ്ങണമെന്ന് ഗുരുവിനോട് അഭ്യർത്ഥിച്ചു. അങ്ങനെ വ്യാകരണത്തിന് ബാല പാഠങ്ങളിലൂടെ വിജ്ഞാനത്തിന്റെ മാസ്മരിക ലോകത്തേക്ക് ഗുരുവിന്റെ കരം ഗ്രഹിച്ച് പ്രവേശിച്ച ശൈഖുനാ തന്നെ ബുദ്ധികൂർമ്മതയും പഠന തൽപരതയും കൈമുതലാക്കി കഠിനാധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും പാതയിൽ സ്വസ്ഥസഞ്ചാരം നടത്തി ഓരോ ഫന്നുകളുടെയും ഉന്നതികൾ കീഴടക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ സാമർത്ഥ്യവും ശേഷിയും ബോധ്യപ്പെട്ട ഗുരുവര്യർ പഠന വേഗത പര്യമതയിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്നു. കിതാബുകളുടെ വിസ്മയലോകത്ത് പഠനത്തിന്റെ മോഹവലയത്തിൽ ലയിച്ച് ഇരിക്കുമ്പോൾ ഭൗതിക ലോകവുമായി ബന്ധം ഉണ്ടാകാറില്ല. മറ്റുള്ളവർ പുറത്തു പോകുമ്പോഴും കളികൾ ഏർപ്പെടുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ കിതാബുകളിൽ മുഖം പൂഴ്ത്തി വരികൾക്കിടയിലൂടെ പുതിയ മേച്ചിൽപുറങ്ങൾ തേടി അലയുകയാവും ശൈഖുനാ. രാത്രികളിലും സംശയങ്ങളും ഇഷ്കാലുകളുമായി ഉസ്താദിന്റെ മുന്നിൽ തന്നെ. ഈ വിദ്യാർത്ഥിക്ക് അറിവ് നുകരാൻ ഉസ്താദിനും വലിയ ഉത്സാഹം.

 ഉസ്താദും ശിഷ്യനും തമ്മിൽ ദൃഢമായബന്ധം ആയിരുന്നു. പല കാര്യങ്ങളും തമ്മിൽ ചർച്ച ചെയ്യുകയും നർമ്മ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ഒരിക്കൽ ഉസ്താദ് ചോദിച്ചു 'നീ പഠിക്കുന്നത് എന്തിനാണ്?'.. ശിഷ്യൻ പറഞ്ഞു 'ദറസ് നടത്താൻ' നർമ്മ രൂപത്തിൽ ഉസ്താദ് വീണ്ടും ചോദിച്ചു 'ഈ കാഴ്ചയിൽ ചെറുതായ നിനക്ക് ആരും ജോലി തന്നില്ലെങ്കിലോ?...' ശിഷ്യൻ പറഞ്ഞു ആരും ജോലി തന്നില്ലെങ്കിൽ മാമം തൈക്കാവിൽ ദറസ് നടത്തും ഫ്രീയായി. അതിന് പറ്റിയില്ലെങ്കിൽ എന്റെ കുടുംബ ഓഹരി ഞാൻ ജേഷ്ഠൻമാരോട് പറഞ്ഞു വാങ്ങും എന്നിട്ട് അതിൽ മരച്ചീനികൃഷി നടത്തി ഞാൻ 10 മുതആലിമീങ്ങളെ എങ്കിലും പഠിപ്പിക്കും'. കുട്ടിയായിരുന്ന ശൈഖുനായുടെ ഈ മറുപടി ഉസ്താദിനെ വല്ലാതെ രസിപ്പിച്ചു. സന്തോഷത്തോടെ ഉസ്താദ് വളർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ പ്രാർത്ഥനയാണ് തന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും കാരണമെന്ന് ശൈഖുനാ നിറകണ്ണുകളോടെ ഓർക്കാറുണ്ട് ആയിരുന്നു.

 മൂന്ന് വർഷങ്ങൾക്ക് ശേഷം സത്താർ ഉസ്താദിന്റെ അടുക്കൽ നിന്നും ഉസ്താദിന്റെ അനുവാദത്തോടുകൂടി മറ്റൊരു ദർസിലേക്ക് പോയി. താനുദ്ദേശിച്ച ശൈലിയും അധ്യാപനവും അവിടെനിന്ന് കിട്ടാത്തതിനാൽ ശേഷം രണ്ടു ദറസ്റ്റിലൂടെ പോയതിനുശേഷം അവസാനം തേവലക്കര ദറസ് നടത്തുകയായിരുന്ന ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ അധ്യക്ഷരും വർക്കല ജാമിഅ: മന്നാനിയ്യയുടെ പ്രിൻസിപ്പളുമായ നൂറുൽ ഉലമ ശൈഖുനാ കെ പി അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ ദർസിൽ ചേർന്നു. തന്റെ പ്രഥമ ഗുരുവിന് സമാന്തരമായി ഒഴുകുന്ന മറ്റൊരു ജനസമുദ്രം തന്നെയായിരുന്നു ശൈഖുനാ കെ പി ഉസ്താദ്. അവിടെ പുതുലോകം ഉടലെടുക്കുകയായിരുന്നു. ലഭ്യമായ സമയത്തിൽ പരമാവധി പഠനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടു പുതിയ വിഷയങ്ങളും കിതാബുകളും ആയി ഉസ്താദിന്റെ മുന്നിൽ തന്നെയായിരുന്നു. ശിഷ്യൻ ബുദ്ധി സാമർത്ഥ്യവും താൽപര്യവും ബോധ്യപ്പെട്ട വിജ്ഞാന ഖനിയായ ഗുരു അതിലേറെ ആവേശത്തോടെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഒന്നര വർഷമാണ് കെ പി ഉസ്താദിന്റെ ദർസിൽ പഠിച്ചത്. ഒരു കുന്നോളം കിതാബുകൾ അവിടെനിന്നും ശൈഖുന ഓതി തീർത്തു. ആ ദറസ് കാലം ഓർത്തെടുത്ത് കെ പി ഉസ്താദിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു " അപാര ബുദ്ധിശാലി ആയിരുന്നു ആറ്റിങ്ങൽ അബ്ദുൽ അസീസ് മുസ്ലിയാർ. കിതാബുകൾ ഓതാൻ വലിയ ആവേശമായിരുന്നു. എനിക്ക് വിശ്രമം ഇല്ലാത്ത കാലമായിരുന്നു അത്. ഒന്നര വർഷമാണ് എന്റെ അടുക്കൽ ഓതിയതെങ്കിലും ഒരുപാട് കിതാബുകൾ ഓതി തീർത്തിട്ടുണ്ട്. പലപ്പോഴും രാത്രികളിലും ദർസ് എടുത്തിട്ടുണ്ട്. ഒരു രീതിയിൽ പറഞ്ഞാൽ ആറ്റിങ്ങലിന് ദർസ് എടുത്ത് ഞാൻ രോഗിയായി". നർമ്മത്തോടെ ആണെങ്കിലും അവസാനം പറഞ്ഞ വാക്കുകളിൽ ആ പഠനകാലത്തെ കുറിച്ചുള്ള സകലതും ഉണ്ട്. അങ്ങനെ ഏഴ്,എട്ട് വർഷങ്ങളെടുത്ത് ഓതുന്ന കിതാബുകളെല്ലാം തന്നെ തന്റെ മിടുക്ക് കൊണ്ട് അഞ്ചു കൊല്ലത്തിനുള്ളിൽ ഓതി തീർന്ന ഇരുപത്തിയൊന്നാം വയസ്സിൽ ദർസ് ആരംഭിച്ചു. 

സേവനം 

കാരാളിമുക്ക് ലായിരുന്നു ആദ്യ സേവനം. തന്റെ ദർസിലെ മിടുക്കരായ വിദ്യാർത്ഥികളെ നൽകി കെ പി ഉസ്താദ് തന്നെയാണ് തുടക്കം കുറിച്ചത്. മൈബദി, ഉഖ്‌ലൈദിസ് പോലെയുള്ള തത്വശാസ്ത്രത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഗ്രന്ഥങ്ങൾ ഓതിക്കൊടുത്തു കൊണ്ടായിരുന്നു തുടക്കം. ശൈഖുനായുടെ കഴിവ് കേട്ടറിഞ്ഞ ഭൗതിക വിഷയങ്ങൾ ഓതുവാൻ എത്തിയവരിൽ ശൈഖുനയെക്കാൾ പ്രായത്തിൽ മുതിർന്നവർ വരെ ഉണ്ടായിരുന്നു.

 മതപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ശൈഖുനായുടെ സവിശേഷതയായിരുന്നു. നാട്ടുകാരിലോ, മഹല്ല് ഭാരവാഹികളിലോ ഇസ്‌ലാമിക വിരുദ്ധ പ്രവർത്തനങ്ങളോ ശറഇന്ന് നിരക്കാത്ത സംഗതികളോ കണ്ടാൽ അവയെ ചൂണ്ടിക്കാണിക്കുവാനും തെറ്റുകൾ തിരുത്തുവാനും ഒരു മടിയും കാണിച്ചിരുന്നില്ല. എന്നാൽ ചിലർക്ക് അത് ഇഷ്ടപ്പെടാറില്ല. അതിനെ തുടർന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങൾ കാത്തുനിൽക്കാതെ നിലപാടുകൾ തുറന്ന അവതരിപ്പിച്ച ശൈഖുനാ അവിടെനിന്നും ജോലി ഒഴിവാക്കുമായിരുന്നു. നാട്ടുകാർക്കോ ഭാരവാഹികൾക്ക് ഇഷ്ടമല്ലെന്ന് കണ്ടാൽ പിന്നെ അവിടെ നിൽക്കാറില്ല. ഈ ശൈലി കാരണം പലസ്ഥലങ്ങളിലും അധികകാലം തുടരാൻ സാധിച്ചിട്ടില്ല.
 ഖത്തീബ് ആയി ജോലിയിൽ പ്രവേശിക്കുകയും ദറസിന് സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്ത ദറസ് തുടങ്ങുകയും ആയിരുന്നു പലസ്ഥലങ്ങളിലും ചെയ്തിരുന്നത്.കാരാളിമുക്കിന് ശേഷം മൈലാപ്പൂർ, പെരുമ്പുഴ,ആലുവ,കുന്നത്തേരി,കാക്കനാട്,പിണർമുണ്ട,കല്ലൂർ,ചില്ലയ്ക്കൽ,ചാത്തിനാം കുളം,വാളക്കാട്‌,തേങ്ങാപട്ടണം,പടമുഗൾ,അണ്ടൂർക്കോണം,കുറക്കോട്,എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.കുറക്കോട് സേവനം ചെയ്യുന്ന സമയത്താണ് സ്വന്തമായി സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം ഉദിക്കുന്നത്.അങ്ങനെ അന്ന് ജീവിച്ചിരുന്ന മഹാരഥന്മാരായ ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ്,ഉമയനല്ലൂർ ഉസ്താദ്,കക്കിടിപ്പുറം അബൂബക്കർ വലിയുല്ലാഹി,എ.എം ഉസ്താദ്,തഴവ ഉസ്താദ് തുടങ്ങിയവരെ സന്ദർശിച്ച് ആശീർവാദം വാങ്ങി അങ്ങനെ 1984ജൂൺ 11ന് ആറ്റിങ്ങൽ വാളക്കാട് കേന്ദ്രമാക്കി ഒരു സ്ഥാപനം ആരംഭിച്ചു.അതാണ്‌ തെക്കൻ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ആറ്റിങ്ങൽ വാളക്കാട് ജാമിഉൽ ഖൈറാത്ത് അറബിക് കോളേജ്.സ്ഥാപനം തുടങ്ങിയതിനു ശേഷം അതിന്റെ വളർച്ചക്കും നിലനിൽപ്പിനും വേണ്ടി ശൈഖുനായും സഹപ്രവർത്തകരും വിദ്യാർത്ഥികളും ഏറെ ത്യാഗം സഹിച്ചിരുന്നു.ഹാജിയാർ ഉസ്താദ് നിർദ്ദേശിച്ച പ്രകാരം എല്ലാ ആഴ്ചയിലും നടന്നു വരുന്ന നാരിയത് സ്വലാത്ത് മജ്‌ലിസ് ഈ സ്ഥാപനത്തിന് ഒരു മുതൽ കൂട്ടാണ്.

തന്റെ മുന്നിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളെ പുത്രതുല്യരായി കണ്ട ശൈഖുനാ ഓരോരുത്തർക്കും അനുയോജ്യമായ ലളിത ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്.വിദ്യാർത്ഥികളുടെ ബൗദ്ധിക -വൈജ്ഞാനിക വളർച്ചക്ക് ആവശ്യമായ ഒറ്റ മൂലികളും ആളറിഞ്ഞ അവസരോചിതമായി നൽകുവാൻ കഴിഞ്ഞതു കൊണ്ടാണ് ദറസ്സ് രംഗത്ത് ഇത്രെയേറിയ ശോഭിക്കാൻ സാധിച്ചത്.ഉപമകളും ചരിത്രങ്ങളും നസ്വീഹത്തുക്കളും ആത്മീയ ഉപദേശങ്ങളും അനുഭവജ്ഞാനവും നിറഞ്ഞ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പ്രചോദനവും ആവേശവും അതിലേറെ ഇഷ്ട്ടവുമായിരുന്നു.
പാഠഭാഗങ്ങൾ എടുത്ത ആവശ്യ വിശദീകരണങ്ങൾ നൽകി ശറഹുകളിൽ നിന്നും മനസ്സിലാക്കേണ്ടവ സൂചിപ്പിച്ച ശേഷം അവകൾ കിതാബുകളിലും നോട്ടുബുക്കുകളിലും എഴുതി സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ലഫ്ള് ഹല്ല ചെയ്ത് പഠിക്കൽ നിർബന്ധമാക്കുകയും ചെയ്തിരുന്നു.അതിനാൽ ശൈഖുനായുടെ മുന്നിലെത്തിയവർക്കെല്ലാം കിത്താബിൽ അത്യാവശ്യം പിടിപാടുകൾ ലഭിച്ചിരുന്നു.

മത-ഭൗതിക സമന്വയ വിദ്യാഭാസത്തിനു പ്രചാരമേറുകയും ദഅവാ കോളേജുകൾ ജനമനസ്സുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തപ്പോഴാണ് ആ ലക്ഷ്യം മുന്നിൽ നിർത്തി 2002ൽ മണനാക്ക് അൽബുർഹാൻ അറബിക് കോളേജ് ആരംഭിക്കുന്നത്.ഇന്ന് തെക്കൻ കേരളത്തിൽ അറിയപ്പെട്ട ദഅവാ കോളേജുകളുടെ കൂട്ടത്തിൽ അൽബുർഹാനും ജനമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

 സുന്നത്ത് ജമാഅത്തിന്റെ വിഷയങ്ങൾ തന്റെ ശിഷ്യരെ പഠിപ്പിക്കുന്നതിന് ശൈഖുനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളക്കാട്‌ ജാമിഉൽ ഖൈറാത്തിൽ മുമ്പ് കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് മുനാളറ നടത്തിയിരുന്നു. ചൊവ്വാഴ്ചകളിൽ ഉസ്താദുമാരുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്. വിവാദ വിഷയങ്ങളിൽ നിന്നും ഒരു വിഷയം തിരഞ്ഞെടുത്ത് അതിലാണ് സംവദിക്കേണ്ടത്. തന്റെ വിദ്യാർത്ഥികളെ പഠിപ്പിക്കൽ ആയിരുന്നു ലക്ഷ്യം.
സുന്നത്ത് ജമാഅത്തിനു നേരെ പുത്തൻ വാദികൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിൽ ശൈഖുന മുന്നിൽ തന്നെയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ഏതെങ്കിലുമൊരു വിഭാഗത്തിനോട്‌ പ്രത്യേക അടുപ്പമോ അകൽച്ചയോ ഉണ്ടായിരുന്നില്ല. എന്നാൽ പലപ്പോഴായി പല സംഘടനകളിലും പ്രവർത്തിച്ചിട്ടുമുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രണ്ടുവിഭാഗങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ തുടങ്ങി സുന്നത്ത് ജമാഅത്തിന്റെ എല്ലാ സംഘടനകളെയും അംഗീകരിക്കുകയും അവരുടെ ദീനിയായ പ്രവർത്തനങ്ങളിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ വാർഷികങ്ങൾക്കും മറ്റും എല്ലാ സുന്നി നേതാക്കന്മാരെയും ക്ഷണിക്കുകയും അവരെല്ലാം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

ആരാധനകളിലെ കണിശത

'ഇൽമ് പ്രയോജനകരമാകണമെങ്കിൽ അത് കൊണ്ട് അമൽ ചെയ്യണം.പ്രയോജനകരമല്ലാത്ത അറിവിൽ നിന്ന് നബി(സ)കാവൽ തേടിയിട്ടുണ്ട് .അത്കൊണ്ട് പഠിക്കുന്നത് പ്രാവർത്തികമാക്കണം' എന്ന് തന്റെ ഉപദേശങ്ങളിൽ പ്രത്യേകം എടുത്ത് പറഞ്ഞിരുന്ന ശൈഖുനാ സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്തിരുന്നു .ആരാധനകളിലെ കൃത്യതയും സൂക്ഷ്മതയും അവിടത്തെ സവിശേഷതയായിരുന്നു. ജമാഅത്തിന്റെ പുണ്യവും മഹത്വവും മനസ്സിലാക്കിയിരുന്നത് കൊണ്ടു തന്നെ അത് മുടങ്ങാതിരിക്കാൻ അതിന് പരമാവധി ശ്രമിച്ചിരുന്നു. അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും തുടർ യാത്രയ്ക്ക് ബുദ്ധിമുട്ടായപ്പോൾ അൽ ബുർഹാൻ ഇതിനോട് ചേർന്ന് വസ്തു വാങ്ങി വീട് വെച്ചതിന് പിന്നിൽ ബുർഹാനിന് കീഴിലുള്ള നിസ്കാര പള്ളിയിലെ ജമാഅത്തിൽ പങ്കുവെക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

 ശൈഖുനാ വിടപറഞ്ഞ റമദാൻ മാസത്തിലും നോമ്പ് ഒഴിവാക്കുകയോ തറാവീഹിന് ജമാഅത്ത് മുടക്കുകയോ ചെയ്തിരുന്നില്ല. അവശതകൾ അവഗണിച്ചുകൊണ്ട് ആരാധനകളിൽ മുഴുകുകയായിരുന്നു. മരണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ വെള്ളം കൊണ്ടു വന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. നോമ്പുകാരനായിരിക്കെ മരണം വരിക്കുവാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നു.
 ദാനധർമ്മങ്ങളിൽ സേവന ഒട്ടും പുറകിൽ ആയിരുന്നില്ല സാധുക്കളായ ശിഷ്യർക്കും അടുപ്പക്കാർ ക്കും ആവശ്യങ്ങൾ മനസ്സിലാക്കി സഹായം ചെയ്തിരുന്നു. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്നവർക്ക് ഒരു ഹദിയ നൽകാറുണ്ടായിരുന്നു.
 ഉംറയുടെയും ഹജ്ജിന്റെയും മഹത്വം എപ്പോഴും തന്റെ ശിഷ്യർക്ക് ഉണർത്തി കൊടുക്കാറുള്ള ശൈഖുനയുടെ പ്രചോദനവും സഹായവും കൊണ്ട് പലർക്കും അത് നിർവഹിക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.തന്റെ മൂന്ന് ആൺമക്കളെയും ഹാഫിളുകൾ ആക്കുകയും വളരെ ചെറുപ്പത്തിൽ തന്നെ അവരെയും ഏക മകളെയും ഭാര്യയേയും ഹജ്ജിന് കൊണ്ടുപോകുകയും ചെയ്തിരുന്നു. ആരാധനയുടെ മഹാത്മ്യം തന്നെ നാവിൽ ഒതുക്കാതെ ജീവിതത്തിൽ പകർത്തി മാതൃകാപുരുഷൻ ആക്കുകയായിരുന്നു ശൈഖുനാ..

 ആത്മീയബന്ധങ്ങൾ

 ആത്മീയതയ്ക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന ശോഭന തന്റെ കാലത്ത് അറിയപ്പെട്ടിരുന്ന എല്ലാ മഹാന്മാരുമായും അടുപ്പവും ബന്ധവും സൂക്ഷിച്ചിരുന്നു. ഹാജിയാർ ഉസ്താദ്,ഉമയനല്ലൂർ ഉസ്താദ്, തഴവ ഉസ്താദ് തുടങ്ങിയ മഹത്തുക്കളുമായി എപ്പോഴും ബന്ധപ്പെടുകയും ദുആ ചെയ്യിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിർദുകൾ അധികവും ലഭിച്ചത് ഇവരിൽ നിന്നാണ്. കക്കിടിപ്പുറം അബൂബക്കർ ശൈഖ്, സി.എം വലിയുല്ലാഹി, ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ ആ കണ്ണിയിലെ പ്രധാനികളായിരുന്നു. നെടുമങ്ങാട് അബ്ദുസ്സലാം മസ്താൻ ശൈഖുനായുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. സ്വാലിഹീങ്ങളുമായി സഹവാസം ഉണ്ടാക്കുന്നതിന് അവിടുന്ന് എന്നും മുന്നിലായിരുന്നു.മുത്ത് നബിയുടെ കുടുംബ പരമ്പരയിൽ പിറന്ന സാദാത്തീങ്ങളോട് വളരെയേറെ ആദരവും അടുപ്പവും കാത്തുസൂക്ഷിച്ചിരുന്നു.

 ദറസിൽ ആത്മീയ പരിപോഷണത്തിന് ആവശ്യമായ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളിക്കുകയും അതിന്റെ പ്രാധാന്യം ഉപദേശങ്ങളിലൂടെ തന്റെ ശിഷ്യരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ എല്ലാവർഷവും മഹാന്മാരുടെ മഖ്ബറകൾ സിയാറത്തിന് കൊണ്ടുപോകുന്നതിനു മുൻകൈ എടുത്തിരുന്നു. രോഗങ്ങൾ കൊണ്ട് അവശത അനുഭവിക്കുമ്പോഴും മഹത്തുക്കളായ.സൂഫി വര്യന്മാർ നൽകിയ പ്രതിദിന ദിക്‌റുകൾക്ക് ഭംഗം വരാതിരിക്കാൻ വളരെ ശ്രദ്ധ പുലർത്തിയിരുന്നു. 

വിയോഗം

 2018 ജൂൺ 9 ശനിയാഴ്ച പരിശുദ്ധ റമദാനിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിൽ നോമ്പുകാരൻ ആയി അവസാന വഖ്തും നിസ്കരിച്ച് സ്വവസതിയിൽ വച്ച് വുളൂഓടുകൂടെ തന്റെ 66മത്തെ വയസ്സിൽ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി..ഇന്നാലില്ലാഹി....
 മരണവാർത്തയറിഞ്ഞ് വിവിധ ദിക്കുകളിൽ നിന്നായി ആലിമീങ്ങളും സാദാത്തുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അൽ ബുർഹാനിലേക്ക് ഒഴുകി. രണ്ടു തവണകളായി നടന്ന മയ്യത്ത് നമസ്കാരത്തിന് അഭിവന്ദ്യ ഗുരുവര്യർ ശൈഖുനാ കെ.പി ഉസ്താദും സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങളും നേതൃത്വം നൽകി. തുടർന്ന് അൽ ബുർഹാനിന്റെ പൂമുഖത്ത് തയ്യാറാക്കിയ ഖബറിൽ മഹാനവർകളെ അടക്കം ചെയ്തു. തന്റെ ശിഷ്യർക്കും കുടുംബക്കാർക്കും തന്നെ സിയാറത്ത് ചെയ്യുന്നവർക്കും ആത്മീയ നേതൃത്വം നൽകിക്കൊണ്ട് രാജകീയ പദവിയിൽ അൽ ബുർഹാനിന്റെ മണ്ണിൽ മഹാനുഭാവൻ അന്തിയുറങ്ങുന്നു. 
ആ ഖബർ അള്ളാഹു സ്വർഗ പൂന്തോപ്പ് ആക്കുകയും നാളെ ഹബീബായ മുത്ത് നബിയോടൊപ്പം മഹാനവർകളോടൊപ്പം സ്വർഗീയ ആരാമത്തിൽ ഒരുമിച്ച് കൂടുവാൻ നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...