2024, ഏപ്രിൽ 1, തിങ്കളാഴ്‌ച

സ്വലാത്തിൻ സുഗന്ധം നീക്കും ഖബ്റിലെ വിസ്രഗന്ധം

സ്വഹാബീശ്രേഷ്ഠനായ *ഉത്ബത് ബിൻ ഫർഖദ്* റളിയല്ലാഹുഅൻഹുവിന്റെ ഭാര്യ *ഉമ്മുആസ്വിംബീവി* പറയുന്നു:

ഞാനുൾപ്പെടെ നാലുഭാര്യമാർ അദ്ദേഹത്തിന്നുണ്ടായിരുന്നു. ഭർത്താവിന്നെ സന്തോഷിപ്പിക്കാൻ ഞങ്ങൾ നാലുപേരും സുഗന്ധികളാകാൻ പരസ്പരം മത്സരിക്കുമായിരുന്നു. താടിയിൽ ഒരല്പം എണ്ണ പുരട്ടുമെന്നല്ലാതെ അദ്ദേഹം പക്ഷേ ഒരു സുഗന്ധവസ്തുവും ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു വശ്യമായ സുഗന്ധം പരിസരമാകെ പടർന്നിരുന്നു.

അദ്ദേഹം പുറത്തിറങ്ങിയാൽ ആളുകൾ അദ്ഭുതംകൂറിക്കൊണ്ടു പറയുമായിരുന്നു: ഇത്ര നല്ലസൗരഭ്യം ഞങ്ങൾ ഇതിന്നുമുമ്പ് ആസ്വദിച്ചിട്ടേയില്ല.

ഒരുനാൾ അദ്ദേഹത്തോടു ഞാൻ ചോദിച്ചു:

"അങ്ങയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞങ്ങൾ എന്തുമാത്രം പാടുപെടുന്നുണ്ടെന്നറിയാമോ? ഞങ്ങൾ ഉപയോഗിക്കുന്ന ഒരു സുഗന്ധവും അങ്ങയുടെ ശരീരസുഗന്ധത്തോടു കിടപിടിക്കുന്നില്ല. പറയൂ, അങ്ങയുടെ ഈ ശരീരസൗരഭ്യത്തിന്റെ രഹസ്യമെന്താണ്?"

ഒരു മന്ദസ്മിതത്തോടെ അദ്ദേഹം തന്റെ ഓർമ്മകളെ പുറകിലോട്ടു പായിച്ചു. അദ്ദേഹം പറഞ്ഞുതുടങ്ങി: 

"മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ ജീവിതകാലത്ത്, എനിക്ക് ഒരുതരം ത്വക്കുരോഗം ബാധിച്ചു. വിഷമവൃത്തത്തിലകപ്പെട്ട ഞാൻ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു.

ഔറത്തൊഴിച്ചുള്ള ശരീരഭാഗങ്ങൾ തുറന്നുകാണിക്കാൻ അവിടുന്ന് എന്നോടു നിർദ്ദേശിച്ചു. ഞാൻ അതനുസരിച്ച് ഔറത്തുമാത്രം മറച്ച് അവിടുത്തെ തിരുമുന്നിലിരുന്നു. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ അവിടുത്തെ തൃക്കരങ്ങളിൽ തിരുവാകൊണ്ട് ഊതിയതിന്നുശേഷം ആ തൃക്കരങ്ങളാൽ എന്റെ ശരീരത്തിൽ തടവി, എന്റെ വയറ്റിലും നടുംപുറത്തുമെല്ലാം അവിടുത്തെ തൃക്കരങ്ങൾ സഞ്ചരിച്ചു. തത്സമയംതന്നെ എന്റെ രോഗം സുഖപ്പെട്ടു എന്നു മാത്രമല്ല, അന്നേ ദിവസംമുതൽ എന്റെ ശരീരത്തിൽനിന്ന് നിങ്ങൾക്കിന്ന് അനുഭവപ്പെടുന്ന സുഗന്ധം പുറപ്പെട്ടുകൊണ്ടിരിക്കുന്നു".

സുബ്ഹാനല്ലാഹ്! മുത്തുനബി സ്വല്ലല്ലാഹു(അലൈഹി വഅലാ ആലിഹി വസല്ലം) അവിടുത്തെ തൃക്കരങ്ങളാൽ ഒന്നു തടവിയ സ്വഹാബിയുടെ അവസ്ഥ ഇതാണെങ്കിൽ അവിടുത്തെ തിരുദേഹത്തിന്റെ സുഗന്ധം എത്രയായിരിക്കും! അവിടുത്തെ വിയർപ്പുകണങ്ങൾക്കുപോലും മിസ്കിനെ അതിജയിക്കുന്ന സൗരഭ്യമുണ്ടായിരുന്നുവല്ലോ? തിരുദേഹത്തുനിന്നു വിയർപ്പുകണങ്ങൾ വടിച്ചെടുത്തു ബറകത്തിന്നും സുഗന്ധത്തിന്നുംവേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്ന സംഗതിയും അറിയപ്പെട്ടതാണ്. 

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ നടന്നുപോകുന്ന തെരുവീഥികൾ സുഗന്ധപൂരിതമാകാറുണ്ടായിരുന്നുവത്രേ! ആ അന്തരീക്ഷത്തിൽ പരിലസിക്കുന്ന സുഗന്ധമാരുതനാൽ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നു സ്വഹാബികൾ മനസ്സിലാക്കിയിരുന്നു. 

തിരുമേനി ഒരുകുഞ്ഞിന്റെ ശിരസ്സിൽ കൈവച്ചാൽ, പിന്നീട് ആ കുഞ്ഞിൽനിന്നു നിർഗമിക്കുന്ന പരിമളത്താൽ ഈ കുഞ്ഞിന്നു മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുകരസ്പർശമേറ്റിട്ടുണ്ടെന്നു മറ്റുള്ളവർ മനസ്സിലാക്കിയിരുന്നുവത്രേ!

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുദേഹം അഭൗമമായ സുഗന്ധം പൊഴിച്ചിരുന്നുവെങ്കിലും അവിടുന്നു മിസ്ക് ഉൾപ്പെടെയുളള സുഗന്ധവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അവയെ ഏറെ പ്രിയവും വച്ചിരുന്നു. ഈ ദുൻയാവിൽ അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുളള മൂന്നുസംഗതികൾ അവിടുന്ന് എണ്ണിപ്പറഞ്ഞതിൽ ഒന്നു സുഗന്ധവസ്തുക്കളായിരുന്നു. 

തിരുമേനിയെ സ്നേഹിക്കുന്ന അവിടുത്തെ ഉമ്മത്തും അവിടുത്തെ സ്നേഹത്തോടു താദാത്മ്യം പ്രാപിച്ചുകൊണ്ടു സുഗന്ധവസ്തുക്കളെ സ്നേഹിക്കാനും അതുപയോഗിക്കാനും കരുതൽ കാണിക്കുന്നു. സുഗന്ധവസ്തുക്കൾ ഹദിയഃ നല്കിയാൽ അവിടുന്നു തിരസ്കരിക്കാറുണ്ടായിരുന്നില്ല. അവിടുത്തെ ഉമ്മത്തും തഥൈവ. 

മഹാനായ *ഇബ്നുഅബ്ബാസ്* റളിയല്ലാഹുഅൻഹുമായുടെ സുഗന്ധോപയോഗതാത്പര്യം കേളികേട്ടതാണ്. ഒരു പൊതുവഴിയിൽ സുഗന്ധം മണക്കുന്നുവെങ്കിൽ ആളുകൾ ചോദിക്കുമായിരുന്നുവത്രേ, ഇതിലൂടെ ഇബ്നു അബ്ബാസാണോ കടന്നുപോയത് അതോ മിസ്കിന്റെ കൊട്ടയോ?

എന്തിന്നധികം പറയണം? സുഗന്ധവസ്തുക്കളോടുളള പ്രണയംമൂത്ത് അതുതന്നെ കച്ചവടം ചെയ്തവരും ചെയ്യാനാഗ്രഹിച്ചവരും ഉമ്മത്തിലുണ്ട്. *അമീറുൽമുഅ്മിനീൻ ഉമറുൽഖത്ഥാബ്* റളിയല്ലാഹു അൻഹു ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: 

"ഞാനൊരു കച്ചവടക്കാരനായിരുന്നുവെങ്കിൽ സുഗന്ധവർഗ്ഗമല്ലാത്ത മറ്റൊന്നും ഞാൻ കച്ചവടത്തിന്നായി തിരഞ്ഞെടുക്കാതിരുന്നേനെ. എനിക്കാ കച്ചവടത്തിൽ ഒരുവേള ലാഭമുണ്ടായില്ലെങ്കിലുംപോലും സാരമില്ല. അതിന്റെ സുഗന്ധം എനിക്കു നഷ്ടപ്പെടില്ലല്ലോ?"

മുൻകാല ഇമാമുമാരായ പലരുടെയും പേരിന്റെ ഒടുവിൽ കാണുന്ന *അൽഅത്ഥാർ* എന്ന വാലറ്റം അവർക്കോ അവരുടെ പിതാ- പ്രപ്രിതാക്കൾക്കോ ഉണ്ടായിരുന്ന അത്ഥറുകച്ചവടത്തെയാണു സൂചിപ്പിക്കുന്നത്.

സുഗന്ധവസ്തുക്കൾ മണക്കുമ്പോൾ അവിടുത്തെ ഉമ്മത്തിന്ന് അവരുടെ നേതാവായ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ ഓർമ്മവരും, തത്സമയം അവർ അവിടുത്തെമേൽ സ്വലാത്തു ചൊല്ലും. അതു നല്ലതാണെന്ന് ഉമ്മത്തിലെ ജ്ഞാനികൾ സാധാരണക്കാരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സാമ്പത്തിക പാരാധീനതകളൊന്നുമില്ലെങ്കിൽ സുഗന്ധവസ്തുക്കൾക്കുവേണ്ടി വലിയതുകകൾ ചെലവഴിക്കുന്നതു ദുർവ്യയമായി കണക്കാക്കില്ലെന്നാണ് അഭിജ്ഞമതം. ഒരുമനുഷ്യൻ തന്റെ സമ്പത്തിന്റെ മൂന്നിലൊന്നു സുഗന്ധവർഗ്ഗത്തിന്നുവേണ്ടി ചെലവഴിച്ചാൽപോലും അതിന്നെ അമിതവ്യയമെന്നു പറയാനാകില്ലെന്ന് *ഇമാം ശാഫിഈ* റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഒരു റിപ്പോർട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ സുഗന്ധം ബുദ്ധിയെ ഉദ്ദീപിപ്പിക്കുമെന്നു മഹാനർ പറഞ്ഞതിന്നു സ്ഥിരീകരണമുണ്ട്.

തീർന്നില്ല, മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോടുളള ഹുബ്ബിന്നാൽ അവിടുത്തെമേൽ സ്വലാത്തു ചൊല്ലുന്നവരുടെ ഖബ്റുകൾ സുഗന്ധപൂരിതമാകുന്നു. എങ്ങനെ ആകാതിരിക്കും? അവരുടെ ഖബ്റുകളിൽ ഒരു പ്രാവശ്യമെങ്കിലും മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ ആഗതരാകുന്നുണ്ടല്ലോ? 

ചില ഭാഗ്യശാലികളുണ്ട്, അവരുടെ ജീവിതകാലത്തുതന്നെ അവരിൽനിന്ന് അഭൗതികമായ നിലയിൽ സുഗന്ധം അടിച്ചുവീശാറുണ്ട്. എങ്ങനെ വീശാതിരിക്കും? അവർ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മഇയ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ?

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ സ്വലാത്തു വർദ്ധിപ്പിക്കുകയാണെങ്കിൽ നമ്മിൽനിന്നും നിർഗമിക്കും പരിമളം. നമ്മുടെ ഖബ്റുകളും സുഗന്ധപൂരിതമാകും. സ്വലാത്ത് അധികമായി ഉരുക്കഴിക്കുന്നവർക്കു വായ്നാറ്റമുണ്ടാകില്ലെന്നു ചില ജ്ഞാനികൾ പറഞ്ഞത് ഇതിന്നോടു ചേർത്തുവായിക്കണം.

മറ്റൊന്നു കൂടിയുണ്ട്, സ്വലാത്ത് അധികം ചൊല്ലുന്നവർ സ്വാഭാവികമായും മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ സുന്നത്തുകളോട് അതിയായി ആഭിമുഖ്യമുളളവരായിരിക്കും. എങ്കിൽപിന്നെ അത്തറുപയോഗം അവരെങ്ങനെ ഒഴിവാക്കും? 

അതേ, അവർ നിത്യവും അത്തർ മണക്കുന്നവരായിരിക്കും. തങ്ങളുടെ ചുറ്റുപാടുകളെക്കൂടി സുഗന്ധപൂരിതമാക്കുന്നവർ. അവരിൽനിന്ന് ഒരിക്കലും ദുർഗന്ധം വമിക്കുകയില്ല. തങ്ങളുടെ ഹബീബ്(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) ഇഷ്ടപ്പെട്ട കാരണത്താൽമാത്രം അത്തർ ഇഷ്ടപ്പെടുകയും അതുപയോഗിച്ചു ജീവിതകാലത്തു ദുർഗന്ധം അകറ്റുകയും ചെയ്തവർ മരണാനന്തരം ദുർഗന്ധം പേറുമെന്നു കരുതാവോ? പക്ഷേ അത്തറുപയോഗിക്കുമ്പോൾ തിരുസുന്നത്തിനെക്കരുതുകയും അവിടുത്തെമേൽ സ്വലാത്തു ചൊല്ലുകയും വേണം. 

സുഗന്ധം ഇഷ്ടപ്പെടുക എന്നതു മലക്കുകളുടെ സ്വഭാവമാണ്. ദുർഗന്ധാസക്തി പിശാചുക്കളുടെതും. അതിന്നാൽ മലക്കുകളോടു ചേർന്നുനില്ക്കാൻ ശ്രമിക്കുക. ശരീരവും പരിസരവും സുഗന്ധമയമാക്കുക.

ഇക്കുറിപ്പു വായിച്ചതിന്നുശേഷം കമന്റ്ബോക്സിൽ ഒരുസ്വലാത്ത് എഴുതുക, _കോപ്പിപേസ്റ്റ്_ വേണ്ടാ. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ സ്വലാത്ത് എഴുതുന്നതിന്നും പുണ്യമുണ്ട്. അതു വേണ്ടെന്നു വയ്ക്കണോ? ആലോചിക്കുക.

ഹബീബായ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ ധാരാളമായി സ്വലാത്തു ചൊല്ലി ദേഹവും ദേഹിയും സുഗന്ധപൂരിതമാകു(ക്കു)ന്ന മഹാഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തട്ടെ ആമീൻ.

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം 

*അൽനുഹാസി* 
*ചാമക്കാല*
*wa.me/7447474744*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...