മൗലാനാ സജ്ജാദ് നുഅ്മാനി
***************************
വഖ്ഫിനെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം. പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
***************************
പരിശുദ്ധ ഖുര്‍ആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ള മുസ്ലിംകളുടെ വ്യക്തി നിയമത്തിലെ പ്രധാന ഭാഗമാണ് വഖ്ഫുകള്‍. സമ്പന്നരും സാധുക്കളുമായ മുന്‍ഗാമികള്‍ വഖ്ഫുകള്‍ ചെയ്യാന്‍ വലിയ ആവേശം പുലര്‍ത്തിയിരുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും എന്നത് ചരിത്രത്തില്‍ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഇസ്ലാമില്‍ തന്നെ വ്യക്തവും ശക്തവുമായ വ്യവസ്ഥകളുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള അമുസ്ലിം ഭരണകൂടങ്ങളും വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ അമുസ്ലിം ഭരണാധികാരികള്‍ പോലും വലിയ താല്പര്യം കാട്ടിയിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിം നേതാക്കളെല്ലാവരും മുസ്ലിം വ്യക്തി നിയമവും, പ്രത്യേകിച്ചും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കണമെന്ന് സമരനായകരെ അറിയിക്കുകയും അവര്‍ അത് പല സന്ദര്‍ഭങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ എല്ലാ മതസ്ഥരുടെയും സ്വത്തുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പറയപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ലില്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.
എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.
ഇതിനിടയില്‍ വഖ്ഫിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉളവാക്കുന്ന ചില പ്രചാരണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് പണ്ഡിതരും വിദ്യാര്‍ത്ഥികളും പ്രഭാഷകരും എഴുത്തുകാരും വഖ്ഫിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ശരിയായ വഖ്ഫുകളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനമായ ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു.
അളവറ്റ ദയാലുവായ പടച്ചവന്‍ മനുഷ്യനെ സാമൂഹിക ജീവിയായിട്ടാണ് സംവിധാനിച്ചിട്ടുള്ളത്. ഇവിടെ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഗുണപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പരസ്പരം സേവന സഹായങ്ങള്‍ ചെയ്യുന്ന സ്വഭാവം പണ്ട് മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ട്. എന്നാല്‍ മനുഷ്യനെ ഈ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കാന്‍ പിശാചും മനസ്സും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിന് തുടക്കം മുതല്‍ക്ക് തന്നെ പ്രവാചകന്മാര്‍ വരുകയും ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഈ വിഷയത്തില്‍ അങ്ങേയറ്റം സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമായ പ്രബോധന ഉദ്ബോധനങ്ങളാണ് നടത്തിയത്.
റസൂലുല്ലാഹി (സ) പഠിപ്പിച്ചു: ദാനധര്‍മ്മങ്ങള്‍ പല വിഭാഗമാണ്. ആരെയും അന്യായമായി ഉപദ്രവിക്കാതിരിക്കുന്നതും മനസ്സാ, വാചാ, കര്‍മ്മണാ സഹായിക്കുന്നതും ദാനമാണ്. പ്രത്യേകിച്ചും പടച്ചവന്‍ കനിഞ്ഞരുളിയ സമ്പത്ത് ആവശ്യക്കാരായ ആളുകള്‍ക്ക് നല്‍കിക്കൊണ്ടുള്ള ദാനധര്‍മ്മങ്ങള്‍ വളരെ മഹത്തരമാണ്. സാമ്പത്തിക ദാനധര്‍മ്മം രണ്ട് ഭാഗമാണ്. 1. പടച്ചവന്‍ നമുക്ക് നല്‍കിയ പണം, ഭൂമി, സാധന സാമഗ്രികള്‍ ഇവയില്‍ ഒരു ഭാഗം സാധുക്കളായ ആളുകള്‍ക്ക് നല്‍കുകയും അവരെ അതിന്‍റെ ഉടമകളാക്കുകയും ചെയ്യുക. ഇത് വളരെ മഹത്തരമായ ദാനമാണ്. ഇതിന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. ആവശ്യക്കാരായ ആളുകളെ കണ്ടാല്‍ കഴിവിന്‍റെ പരമാവധി സഹായിക്കുക തന്നെ വേണം. തീര്‍ച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്‍റെ ഉദ്യോഗസ്ഥര്‍ക്കും (ഇസ്ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവര്‍ക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ളവര്‍ക്കും വഴിയാത്രികര്‍ക്കും നല്‍കപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കല്‍ നിന്നുമുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) ഈ ദാനധര്‍മ്മം വളരെ ശ്രേഷ്ടകരമാണെങ്കിലും ഇതിന്‍റെ പരിധി പരിമിതമായിരിക്കും. 2. എന്നാല്‍ ഇതോടൊപ്പം രണ്ടാമത്തെ മറ്റൊരു ദാനധര്‍മ്മമുണ്ട്. അതായത്, നമ്മുടെ സകല വസ്തുവകകളുടെയും ഉടമാധികാരം സര്‍വ്വലോക പരിപാലകനായ പടച്ചവനാണെങ്കിലും പടച്ചവന്‍ താല്‍ക്കാലികമായ നിലയില്‍ നമ്മെ അതിന്‍റെ ഉടമകളാക്കിയിരിക്കുന്നു. ഇവിടെ നമ്മള്‍ ഒരു സമ്പത്തിനെക്കുറിച്ച് ഇപ്രകാരം മനസ്സുകൊണ്ട് തീരുമാനം എടുത്ത് പറയുക: എന്‍റെ ഈ ഭൂമി അല്ലെങ്കില്‍ ഭവനം അല്ലെങ്കില്‍ തോട്ടം അല്ലെങ്കില്‍ ഇന്ന വസ്തു എന്‍റെ താല്‍ക്കാലിക ഉടമാധികാരത്തില്‍ നിന്നും മാറ്റി മഹോന്നതനായ പടച്ചവന്‍റെ ഉടമാധികാരത്തിലേക്ക് മാറ്റുന്നു. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. പടച്ചവന് അടിമകളുടെ സമ്പത്തുകളൊന്നും ആവശ്യമില്ല. ഇവിടെ പടച്ചവന്‍ വഖ്ഫ് ചെയ്ത വ്യക്തിയോട് പറയുന്നു: ഇത് ഏതെല്ലാം ഭാഗത്താണ് ചിലവഴിക്കേണ്ടതെന്ന് താങ്കള്‍ പറയുക. ഇവിടെ അദ്ദേഹം ആ സ്ഥാനങ്ങള്‍ പറയുന്നു. ഇത് എന്‍റെ കുടുബത്തിന്, ഇന്ന കുടുംബത്തിന്, ഈ നാട്ടുകാര്‍ക്ക്, മുഴുവന്‍ ജനങ്ങള്‍ക്ക്, വിധവകള്‍ക്ക്, അനാഥര്‍ക്ക്, മൃഗങ്ങള്‍ക്ക്, പറവകള്‍ക്ക് എന്നിങ്ങനെ അദ്ദേഹത്തിന് ചിലവഴിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം അദ്ദേഹം പറഞ്ഞാല്‍ പ്രസ്തുത സമ്പത്ത് പറയപ്പെട്ട സ്ഥാനത്ത് മാത്രം ചിലവഴിക്കേണ്ടതാണ്. അതിന്‍റെ ഉടമാധികാരം ആര്‍ക്കും ഉണ്ടാകുന്നതല്ല. എന്നാല്‍ ലോകാവസാനം വരെ അല്ലെങ്കില്‍ അത് നിലനില്‍ക്കുന്ന കാലഘട്ടം വരെ അത് പറയപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും അതിന്‍റെ പ്രതിഫലം വഖ്ഫ് ചെയ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്.
കാരുണ്യത്തിന്‍റെ തിരുദൂതന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) വഖ്ഫിനെ പ്രേരിപ്പിക്കുക മാത്രമല്ല, ധാരാളം സമ്പത്ത് വഖ്ഫ് ചെയ്യുകയുമുണ്ടായി. മഹാന്മാരായ സഹാബിവര്യന്മാര്‍ ഇതില്‍ മത്സരിച്ച് മുന്നേറി. മുന്‍ഗാമികളായ മഹത്തുക്കളും ഇത് ആവേശത്തോടെ നിര്‍വ്വഹിക്കുകയുണ്ടായി. മുസ്ലിം സമുദായത്തില്‍ ധാരാളം വീഴ്ചകളും തിന്മകളും ഉണ്ടായെങ്കിലും വഖ്ഫ് ചെയ്യുന്ന പരമ്പര എല്ലാ കാലഘട്ടത്തിലും സര്‍വ്വ സ്ഥലങ്ങളിലും സജീവമായിരുന്നു. വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളും വലിയ സമ്പന്നരും മാത്രമാണെന്ന ഒരു പ്രചാരണം ഇന്ന് നടക്കുന്നുണ്ട്. അത് ശരിയല്ല. സാധുക്കളായ ജനങ്ങളും അന്നും ഇന്നും വഖ്ഫില്‍ പങ്കെടുക്കുന്നുണ്ട്. അതുപോലെ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ ധാരാളം ഭൂസ്വത്തുക്കള്‍ വഖ്ഫ് ചെയ്തുവെന്നും മുസ്ലിംകള്‍ മറ്റുള്ളവരുടെ ഭൂമികള്‍ വഖ്ഫിന്‍റെ പേരില്‍ കയ്യേറിയെന്നും ചിലര്‍ വാദിക്കുന്നു. ഇതും അവാസ്തവമാണ്. കാരണം മറ്റുള്ളവരുടെ ഭൂമി കയ്യേറി വഖ്ഫ് ചെയ്യുക സാധ്യമേയല്ല. മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതിന് വഖ്ഫ് എന്നല്ല പറയുന്നത്, ഗസ്ബ് (അപഹരണം) എന്നാണ് പറയുന്നത്. ഇസ്ലാമിക ശരീഅത്തില്‍ വഖ്ഫിന്‍റെ മഹത്വം പറഞ്ഞതുപോലെ അപഹരണത്തിന്‍റെ ദൂശ്യങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അപഹരിച്ച ഭൂമിയും ഓരോ വസ്തുക്കളും അവകാശികള്‍ക്ക് തിരിച്ച് കൊടുക്കണമെന്നതാണ് ഇസ്ലാമിക നിയമം.
അതുപോലെ വഖ്ഫ് സ്വത്തുക്കള്‍ മസ്ജിദിനും മദ്റസയ്ക്കും മാത്രമാണ് വഖ്ഫ് ചെയ്യേണ്ടതെന്ന് അമുസ്ലിംകള്‍ മാത്രമല്ല, മുസ്ലിംകളിലും വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചിട്ടുണ്ട്. തല്‍ഫലമായി അസ്ഥാനത്ത് മസ്ജിദുകളും മദ്റസകളും സ്ഥാപിക്കുന്ന പ്രവണതകളും കാണാന്‍ കഴിയും. തീര്‍ച്ചയായും ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതും അതിനുവേണ്ടി ഭൂമി വിട്ടുകൊടുക്കുന്നതും വളരെ ഉന്നതമായ വഖ്ഫാണ്. പക്ഷേ, വഖ്ഫ് ചെയ്യേണ്ടത് അതിന് മാത്രമല്ല, ജനങ്ങള്‍ക്ക് എന്നല്ല സൃഷ്ടികള്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വ്വ മേഖലകളിലും വഖ്ഫ് ചെയ്യാവുന്നതാണ്. മുന്‍ഗാമികള്‍ ചെയ്തിട്ടുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഹോസ്റ്റലുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഖബ്ര്‍സ്ഥാനങ്ങളും നിലവില്‍ വന്നു. അതെ, സമൂഹത്തിന്‍റെ ആവശ്യ നിര്‍വ്വഹണവും പുരോഗതിയും ഭരണകൂടത്തിന്‍റെ മാത്രം ബാധ്യതയല്ല. അത് സമ്പത്തും ശേഷിയുമുള്ള എല്ലാവരുടേതുമാണെന്നും സമ്പന്നരായ ആളുകള്‍ ഇതിന് മുന്നിട്ടിറങ്ങണമെന്നും മറ്റുള്ളവര്‍ അതിനെ പ്രയോജനപ്പെടുത്താന്‍ സംരക്ഷിക്കാനും പരിശ്രമിക്കണമെന്നും വഖ്ഫ് പഠിപ്പിക്കുന്നു.
ഈ പരിപ്രേക്ഷ്യത്തില്‍ മുന്‍ഗാമികളുടെ വഖ്ഫുകളിലേക്ക് നോക്കുമ്പോള്‍ അത്ഭുതകരമായ ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. * ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോയ ഒരു സഹോദരി പടച്ചവന്‍ നല്‍കിയ സമ്പത്ത് കൂടുതല്‍ പ്രയോജനപ്പെടണമെന്ന ആഗ്രഹത്തില്‍ കുറച്ച് പണവുമായി മക്കയിലെത്തുന്നു. ഇത് നിലനില്‍ക്കുന്ന ദാനമായി ആരെങ്കിലും സ്വീകരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അവര്‍ ആളുകളെ അന്വേഷിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്നുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും അവസാനം പലായനം ചെയ്ത് മക്കയിലെത്തുകയും ചെയ്ത ഏതാനും പണ്ഡിതരെ അവര്‍ കണ്ടെത്തി പ്രസ്തുത തുക അവിടെ ഏല്‍പ്പിക്കുന്നു. അവര്‍ അതുകൊണ്ട് മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് തന്നെ ഒരു പാഠശാല ആരംഭിക്കുന്നു. ഈ പാഠശാലയ്ക്ക് അവരുടെ പേര് വെക്കാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവര്‍ ഇതിന് അല്‍ മദ്റസത്തുസ്സൗലത്തിയ്യ എന്ന് പേര് വെച്ച് സൗലത്ത് ബീഗം എന്ന മഹിളയുടെ നാമം അനുശ്വരമാക്കുന്നു. ഇന്നും മക്കയില്‍ മക്കളില്ലാത്ത ആ സ്ത്രീയ്ക്ക് ആയിരക്കണക്കിന് സല്‍സന്താനങ്ങളെ സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെ വിളക്കായി സൗലത്തിയ്യ പ്രകാശിക്കുന്നു. * ശാമില്‍ ജനങ്ങള്‍ അധികമായി വഖ്ഫ് ചെയ്തതിനാല്‍ വഖ്ഫ് മന്ത്രാലയം എന്ന ഒരു സമിതി രൂപീകരിക്കുകയും ആരെങ്കിലും വഖ്ഫ് ചെയ്യുന്നെങ്കില്‍ ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട് മാത്രം ചെയ്യണമെന്നും അല്ലെങ്കില്‍ അസ്ഥാനത്ത് വഖ്ഫുകള്‍ അധികരിക്കുമെന്നും ഭരണകൂടം പ്രഖ്യാപിക്കുന്നു. ഈ മന്ത്രാലയത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. അവര്‍ ഭാരവാഹികളോട് പറയുന്നു: എന്‍റെ ഈ തോട്ടങ്ങള്‍ പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം? അന്നത്തെ വഖ്ഫ് മന്ത്രിയും ഹദീസ് പണ്ഡിതനുമായ അല്ലാമാ മിസ്സി പറയുന്നു: സഹോദരീ, മനുഷ്യരുടെ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്യാന്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ല. വിദ്യാഭ്യാസത്തിനും വിധവാ അനാഥകളുടെ സംരക്ഷണത്തിനും ചികിത്സകള്‍ക്കും ഇതര മാനുഷിക ആവശ്യങ്ങള്‍ക്കും ധാരാളം വഖ്ഫുകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ സൈബീരിയയില്‍ നിന്നും ശൈത്യകാലത്ത് ധാരാളം പറവകള്‍ ശാമില്‍ വരാറുണ്ട്. ഇവിടെ നാല് മാസം താമസിച്ച് അവ സൈബീരിയയിലേക്ക് മടങ്ങുന്നതാണ്. ഈ പറവകള്‍ക്ക് കൂടിനും ആഹാരത്തിനും വെള്ളത്തിനും മരുന്നിനും ഈ സമ്പത്ത് ചിലവഴിക്കുന്നത് നന്നായിരിക്കും! അവര്‍ സന്തോഷത്തോടെ അദ്ദേഹത്തെ സമ്പത്തേല്‍പ്പിച്ച് മടങ്ങുന്നു. * മറ്റൊരിക്കല്‍ ഇതേ മന്ത്രാലയത്തിലേക്ക് ഒരാള്‍ വന്നപ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ട മറുപടി ഇപ്രകാരമാണ്: രാജ്യത്ത് മഴവെള്ളവും മറ്റും ഒഴുകിപ്പോകുന്നതിനുള്ള കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ അടുത്ത മറ്റൊരു നാട്ടില്‍ ഇത് ചിലവഴിക്കുന്നത് നന്നായിരിക്കും! അദ്ദേഹം അതിന് സന്നദ്ധമാകുന്നു. * സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വഖ്ഫ് ഇന്നും ഈജിപ്തില്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ സുല്‍ത്താന്‍ അയ്യൂബിയുടെ കാലത്ത് രണ്ട് പാത്തികളിലൂടെ പാലും ധാന്യങ്ങളും ഒഴുക്കപ്പെട്ടിരുന്നു. അവിടെ സുല്‍ത്താന്‍ നടത്തിയിരുന്ന പ്രസ്താവന ഇപ്രകാരമാണ്: ഈ പാലും ധാന്യങ്ങളും സാധുക്കളും ആവശ്യക്കാരുമായ ആളുകള്‍ക്കുള്ളതാണ്. അവരില്‍ ക്രൈസ്തവ സഹോദരിമാര്‍ക്കും അവരില്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്!
ഇതാണ് ഇസ്ലാമിലെ വഖ്ഫിന്‍റെ സുന്ദര രൂപങ്ങള്‍. അതെ, അന്ന് അവര്‍ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ട് മസ്ജിദുകളും മദ്റസകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ ആരാധനകളും വൈജ്ഞാനിക സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനോടൊപ്പം ജാതിമത വ്യത്യാസമില്ലാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവനങ്ങളും നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇസ്ലാമിന്‍റെയും മുന്‍ഗാമികളായ മുസ്ലിംകളുടെയും ഈ ഉന്നത അവസ്ഥകളിലൂടെയാണ് ഇസ്ലാം ലോകത്ത് പ്രചരിച്ചത്. എന്നാല്‍ ഒരു ഭാഗത്ത് നാം ഇസ്ലാമിനെ ഏതാനും ആരാധനകളിലും വസ്ത്രങ്ങളിലും പരിമിതപ്പെടുത്തി. ആരാധനകളുടെയും വസ്ത്രങ്ങളുടെയും പ്രധാന്യം അല്‍പ്പവും കുറച്ച് കാട്ടുന്നില്ല. പക്ഷേ, ആരാധനകളുടെ എല്ലാം ഒരു ലക്ഷ്യം കൂടിയായ മാനവ സാഹോദര്യത്തെയും സേവന സഹായങ്ങളെയും മറന്നുകൊണ്ടുള്ള ആരാധനാലയങ്ങളും വേഷവിധാനങ്ങളും അര്‍ത്ഥമില്ലാത്തതാണ്. ഇസ്ലാമിനെ ഫത്വകളുടെയും വിരട്ടലുകളുടെയും ആകത്തുകയായിട്ടാണ് നമ്മളില്‍ പലരും മനസ്സിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ കാര്യം ഇരിക്കട്ടെ, പണ്ഡിതര്‍ പോലും ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്ന രീതിയിലാണെന്ന് ദു:ഖത്തോടെ അനുസ്മരിക്കുകയാണ്. മറുഭാഗത്ത് കഠിനമായ ഇസ്ലാം ശത്രുതയുടെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ഇസ്ലാമിനെയും മുന്‍ഗാമികളായ മഹത്തുക്കളെയും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വഖ്ഫ് മുസ്ലിംകളുടെ ഒരുചില ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും മാത്രമുള്ളതാണെന്നും മറ്റുള്ളവരുടെ ധാരാളം സമ്പത്തുകള്‍ വഖ്ഫ് എന്ന പേരില്‍ മുസ്ലിംകള്‍ കൈക്കലാക്കിയെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. ഇസ്ലാം എന്നത് സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വീക്ഷണമാണ്. അത് ശരിയായ നിലയില്‍ പ്രകടമാകുന്ന ഒരു അദ്ധ്യായമാണ് വഖ്ഫുകള്‍. അന്യരുടെ സമ്പത്ത് അപഹരിച്ചുകൊണ്ടും അക്രമങ്ങള്‍ കാട്ടിക്കൊണ്ടും വഖ്ഫുകള്‍ നടത്താന്‍ കഴിയുന്നതല്ല.
ചുരുക്കത്തില്‍, ഈ രണ്ട് പ്രവണതകള്‍ക്കുമുള്ള ശരിയായ പരിഹാരം നാം ഓരോരുത്തരും ഇസ്ലാമിനെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ്. അല്ലാമാ സയ്യിദ് ഖുതുബിന്‍റെ ഒരു ഗ്രന്ഥമുണ്ട്: ഇസ്ലാം തെറ്റിദ്ധാരണകള്‍ക്കിടയില്‍. (മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബ് വിവര്‍ത്തനം ചെയ്ത ഈ ഗ്രന്ഥം കോഴിക്കോട് ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഇതില്‍ അദ്ദേഹം മേല്‍ പറയപ്പെട്ട രണ്ട് കുഴപ്പങ്ങളെ ശക്തമായി ഉണര്‍ത്തുകയും തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അതെ, ഇസ്ലാം എന്നാല്‍ അളവറ്റ ദയാലുവായ പടച്ചവന്‍റെ ഭാഗത്ത് നിന്നും അവതീര്‍ണ്ണമായ കാരുണ്യത്തിന്‍റെ മഹത്തായ സന്ദേശങ്ങളാണ്. അത് വിളിച്ചറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ് വഖ്ഫും മുന്‍ഗാമികളുടെ വഖ്ഫിന്‍റെ രീതികളും. ഇത് നല്ലനിലയില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചരിപ്പിക്കാനും പറ്റിയ ഒരു സമയം സമാഗതമായിരിക്കുകയാണ്. പടച്ചവന്‍ ഇതിനെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതവി നല്‍കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ