ജുഹമിയ്യ:
ജുഹ്‌മുബ്‌നു സ്വഫ്‌വാൻ എന്ന ഒരു നവീനവാദിയിലേക്ക് ചേർത്തുപറയപ്പെടുന്ന സംഘമാണു ജുഹമിയ്യ, ഉമവി ഭരണകൂടത്തിൻ്റെ അവസാനകാലത്ത് ഖുറാസാനിൽ വെളിപ്പെട്ട ഹാരിസുബ്‌നു സുറൈജ് എന്നയാളുടെ എഴുത്തുകാരനാണ് ജൂഹ്‌മുബ്‌നു സ്വഫ്വാൻ. പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഇമാം ത്വബ്‌രി തന്റെ താരിഖുൽ ഉമമിൽ ഹി:128 ലെ സംഭവങ്ങളിൽ ഇയാളെക്കുറിച്ചു വിവരിക്കുന്നുണ്ട്. അൽമിലലുവന്നിഹൽ:1-86 ലും വായിക്കാം.
ജഅ്‌റുബ്‌നുദിർഹമിൻ്റെ ജബ്ർ വാദത്തിനു പുറമെ നിരവധി നവീന വാദങ്ങളും ബിദ്അത്തു ചിന്തകളും ഇയാൾക്കുണ്ട്. ഈമാൻ എന്താണെന്നതിൽ ഇയാൾ അഹ്ലുസ്സുന്നത്തിൻ്റെ പൊതുനിലപാടിനു വിരുദ്ധമായ ബിദ്അത്താണു പറയുന്നത്. അല്ലാഹുവിനെക്കൊണ്ടും മറ്റും അറിയുകയും അതു ഖൽബു കൊണ്ട് അംഗീകരിക്കുകയും വേണമെന്ന കാര്യത്തിൽ അഹ്ലുസ്സുന്നത്തിനു തർക്കമില്ല. നാക്കുകൊണ്ടു സമ്മതിച്ചു പറയേണ്ടതുണ്ടോ, കർമ്മങ്ങൾകൂടി ചേർത്തു പറയേണ്ടതുണ്ടോ എന്നതിൽ മാത്രമാണു പണ്ഡിതൻമാർക്ക് അഭിപ്രായ വ്യത്യാസമുള്ളത്. ഇയാൾ പറയുന്നത്, ഖൽബുകൊണ്ട് സത്യം അറിഞ്ഞാൽ വിശ്വാസമായെന്നാണ്. അംഗീകരണമില്ലെങ്കിലും. നബി(സ) യുടെ കാലത്തെ ജൂതൻമാർ സത്യം അറിഞ്ഞു നിഷേധിച്ചവരാണെന്നു ഖുർആൻ പറയുന്നുണ്ട്. ഇതുപോലെ മനസ്സിൽ സത്യമറിഞ്ഞുകൊണ്ടു നിഷേധിച്ച ബഹുദൈവ വിശ്വാസികളെയും ഖുർആൻ പറയുന്നുണ്ട്. ഇയാളുടെ സിദ്ധാന്തപ്രകാരം ഇവരെല്ലാം മുഅ്‌മിനുകളാണെന്നുവരും! സ്വർഗ്ഗവും നരകവും നശിക്കുമെന്നും ഇദ്ദേഹത്തിൻ്റെ വാദമാണ്. ഖുർആനിൽ ശാശ്വതമെന്നു പറഞ്ഞത് 'വളരെ നീണ്ടകാലം' എന്ന ഉദ്ദേശത്തിലാണെന്ന് ഇയാൾ ജൽപിക്കുന്നു. അതുപോലെ പിൽക്കാലത്ത് മുഅ്‌തസിലത്തു കക്ഷി ഉയർത്തിപിടിച്ച അനേകം വാദങ്ങൾ ഇയാളെ ഏറ്റുപിടിച്ചതാണ്. അന്ത്യനാളിൽ അല്ലാഹുവിനെക്കാണുകയില്ല. അല്ലാഹു സംസാരിക്കുകയില്ല, അല്ലാഹുവിൻ്റെ കലാമ് ഖദീമല്ല എന്നിങ്ങനെയുള്ള വാദങ്ങളെല്ലാം ഇയാളുടെ ജൽപനങ്ങൾ മാത്രമാണ്. ഇതിൽനിന്നാണ് ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും കലാം എന്ന ഒരു സ്വിഫത്ത് അല്ലാഹുവിന് ഇല്ലെന്നുമെല്ലാം മുഅ്‌തസിലത്ത് കണ്ടുപിടിക്കുവാനും വാദിക്കുവാനും ഇടവന്നത്.
ഇയാളുടെ അപകടകരമായ മറ്റൊരു വാദമാണ് സൃഷ്ടികളെ വിശേഷിപ്പിക്കുന്ന വിശേഷണങ്ങൾ കൊണ്ടൊന്നും അല്ലാഹുവിനെ വിശേഷിപ്പിക്കാവതല്ലെന്ന്. ഇതുപ്രകാരം ഹയ്യ്, ഇൽമ്, സമീഅ്, ബസീർ എന്നിങ്ങനെയുള്ള ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട എല്ലാ വിശേഷണങ്ങളെയും ഇയാൾ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. ഇതിന്നാണു തഅ്ത്വീൽ (അല്ലാഹുവിനെ സ്വിഫത്തുകളിൽ നിന്നു മുക്തനായി കേവലം ഒരു സത്ത മാത്രമായി പ്രതിഷ്ഠിക്കൽ) എന്നു പറയുന്നത്. തദടിസ്ഥാനത്തിലാണ് ഈ ബിദ്അത്തു സംഘത്തിനെ معطلة എന്നും വിളിക്കപ്പെടുന്നത്.
ഈ നൂതനവാദങ്ങളെല്ലാം സ്വഹാബത്തടക്കമുള്ള മുസ്‌ലിം ഉമ്മത്തിൻ്റെ വിശ്വാസങ്ങൾക്കും പൊതുനിലപാടുകൾക്കും വിരുദ്ധമാണ്. അതുകൊണ്ടു തന്നെ ഇതെല്ലാം ബിദ്‌അത്തുകളുമാണ്. ഈ സംഘത്തിന്റെ റിയാക്‌ഷനെന്നോണം പതിവുപോലെ മറ്റൊരു ബിദ് അത്തു സംഘം കടന്നുവന്നു. ആരാണവർ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ