ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഫലമാണ് ചക്ക; ലോകത്തെ വൃക്ഷഫലങ്ങളിൽ ഏറ്റവും വലുത്. പാവപ്പെട്ടവരുടെ വിശപ്പടക്കാനുള്ള വിള എന്നല്ലാതെ, വലിയ പ്രധാന്യമൊന്നും സമീപകാലം വരെ ആരും ചക്കയ്ക്ക് നൽകിയിരുന്നില്ല. ഇപ്പോൾ കഥ മാറുകയാണ്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കണക്ക് പ്രകാരം, വർഷം തോറും കേരളത്തിൽ വിളയുന്ന ഏതാണ്ട് 38 കോടി ചക്കകളിൽ 75 ശതമാനവും പാഴാവുകയായിരുന്നു പതിവ്. കഴിഞ്ഞ വർഷങ്ങൾക്കിടെ പാഴാക്കുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞു. 2018 മാർച്ച് 21ന് ചക്ക കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ, ചക്കകൃഷിയും ചക്കയുടെ ഉപയോഗവും വിപണനവും കൂടുൽ വർധിക്കാനുള്ള സാധ്യത ഉണ്ടായി.
കപ്പയും ചോളവും ഗോതമ്പും പോലെ മറ്റെവിടെ നിന്നെങ്കിലും എത്തിയതാണോ ചക്കയെന്ന് സംശയിക്കുന്നവരുണ്ട്. 'അല്ല, ചക്ക ഇവിടെ ഉണ്ടായതാണ്, നമ്മുടെ പശ്ചിമഘട്ടത്തിൽ'- നമ്മുടെ നാട്ടിൽ 6000 വർഷം മുമ്പ് മുതൽ 3000 വർഷം മുമ്പ് വരെയുള്ള കാലയളവിൽ ചക്ക കൃഷി ചെയ്യാൻ ആരംഭിച്ചു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 340 വർഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്ന് ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമുണ്ട്-'ഹോർത്തൂസ് മലബാറിക്കൂസ്'. അതിൽ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിൽ ഒന്ന് പ്ലാവാണ്
ആയിരക്കണക്കിന് വർഷങ്ങളായി തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷിചെയ്യുന്നുണ്ട് എങ്കിലും, തെക്കേഅമേരിക്കയിലും മറ്റും ചക്കയെത്തിയിട്ട് അധികം കാലമായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കടൽകടന്ന് വടക്കൻ ബ്രസീലിലെത്തിയ ചക്ക, അവിടെ വലിയ ജനപ്രീതി നേടാൻ അധികസമയം വേണ്ടിവന്നില്ല. ഒരു ഫ്രഞ്ച് കപ്പലിൽ നിന്നാണ് 1782 ൽ ജമൈക്കയിൽ ചക്കയെത്തുന്നത്. 1800 കളോടെ യു.എസിലെ ഫ്‌ളോറിഡയിൽ സാധാരണ ഫലവൃഷമായി പ്ലാവ് മാറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ