2023 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ചന്ദ്രാരോഹണം ഇസ്ലാമിക വീക്ഷണത്തിൽ


താജുൽ ഉലമാ ശൈഖുനാ കെ കെ സ്വദഖത്തുള്ള മൗലവി(റ)

നീൽ ആംസ്‌ട്രോംഗും, ആൽഡ്രിനും 21-7-69ന്ന് ചന്ദ്രനിൽ കാലുകുത്തിക്കൊണ്ട് ചരിത്രത്തിൽ പുതിയ ഒരദ്ധ്യായം സൃഷ്ടിച്ചുവെന്ന വാർത്ത പത്രത്തിൽ വന്നതോടുകൂടി ചില ആളുകളിൽ ആശയക്കുഴപ്പം ഉത്ഭുതമായിരിക്കുകയാണ്.

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല, മനുഷ്യനതിന്നു സാധ്യമല്ല, പോയിട്ടുണ്ടെങ്കിൽ പോയത് മനുഷ്യനല്ല, അല്ലെങ്കിൽ ചെന്നത് ചന്ദ്രനിലല്ല എന്നും മറ്റുമാണ് ആ ആശയക്കുഴപ്പങ്ങളും സംശയങ്ങളും. ലണ്ടനിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ ജോഡ്രൽ ബാങ്കിന്റെ ഡയരക്ടർ ഡോ:ലോമിൽ ചോദിച്ചത് ഇത്തരുണത്തിൽ സ്മരണീയമാണ്. അദ്ദേഹം ചോദിക്കുകയാണ്. "ഏറ്റവും വേഗത കൂടിയ റോക്കറ്റ് ഉപയോഗിച്ച് മനുഷ്യന്നു മൂന്ന് മണിക്കൂർ കൊണ്ട് ചന്ദ്രനിൽ എത്താമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു എന്നാൽ ചന്ദ്രനെ കുറിച്ച് മനുഷ്യ മനസ്സിൽ അടിഞ്ഞുകൂടിക്കിടക്കുന്ന അശാസ്ത്രീയ സിദ്ധാന്തങ്ങളെയും സങ്കൽപ്പി വിശ്വാസങ്ങളെയും നിർമ്മാർജ്ജനം ചെയ്യുവാൻ ഏറ്റവും ശക്തി കൂടിയ ശാസ്ത്രീയ സിദ്ധാന്തത്തിന് എത്ര കാലം വേണ്ടി വരും?"

നുസ്രത്തുൽ അനാം ഓഫീസിലേക്ക് തൽസംബന്ധമായ പല കത്തുകളും ചോദ്യങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അവക്കെല്ലാം വേറെ വേറെ മറുപടി എഴുതുകയാണെങ്കിൽ ദൈർഘിച്ചു പോകും. എല്ലാ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും മറുപടി സമഗ്രമായി ഗ്രഹിക്കാൻ ഉപയുക്തമായ ഒരു ലേഖനമെഴുതുവാനാണ് ഞാൻ തൽക്കാലം തീരുമാനിച്ചത്.

സൂര്യൻ, ചന്ദ്രൻ, ചൊവ്വ, വ്യാഴം, ശുക്രൻ തുടങ്ങിയ ഗോളങ്ങളെ സംബന്ധിച്ചു ശാസ്ത്രീയ നിഗമനം രണ്ടു വിധത്തിലുണ്ട്. പുരാതന ശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ബുത്'ലൈമൂസ് (ടോളമി) കണ്ടുപിടിച്ചതുമാണ് അതിലൊന്ന്. പ്രസ്തുത ഗോളങ്ങളെല്ലാം ഭൂമിയെ ചുറ്റി നിൽക്കുന്ന ഗോളാകൃതിയിലുള്ള ഫലക്കിൽ തറക്കപ്പെട്ടതാണന്നും ആ ഫലക്കുകൾ കട്ടിയുളളതും പൊട്ടിക്കുവാൻ സാധ്യമാവാത്തതുമാണെന്നും, അവ സ്ഫടിക രൂപത്തിലായതുകൊണ്ട് ഭൂമിയിൽ നിന്നു സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗോളങ്ങളെ ദർശിക്കപ്പെടാൻ സാധിക്കുമെന്നും, നക്ഷത്രങ്ങൾ തറച്ച ഫലക്കുകൾ എല്ലാം കൂടി നിശ്ചലമായി നിൽക്കുന്ന ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 24 മണിക്കൂർകൊണ്ട് ഒരു തവണ തിരിയുന്നതും അതുകൊണ്ട് രാവും പകലും ഉണ്ടാവുന്നുവെന്നും, ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഫലക്ക് സ്വന്തമായിക്കൊണ്ട് സുമാർ മാസത്തിൽ ഒരു തവണ പടിഞ്ഞാറു നിന്നു കിഴക്കോട്ടു തിരിയുന്നതും അത്കൊണ്ട് ചാന്ദ്രികാ മാസം ഉണ്ടാവുന്നുവെന്നും, സൂര്യൻ നിൽക്കുന്ന ഫലക്ക് പടിഞ്ഞാറു നിന്നു കിഴക്കോട്ട് 365 ദിവസം കൊണ്ട് ഒരിക്കൽ തിരിയുന്നതും അത്കൊണ്ട് സൂര്യവർഷം ഉണ്ടാകുന്നുവെന്നും മറ്റുമാണ് ടോളമി സിദ്ധാന്തത്തിലുള്ളത്.

ഈ സിദ്ധാന്തം ഇന്ത്യയിലെ പ്രസിദ്ധ ശാസ്ത്രജ്ഞനായ 'ബൈതുബാ'യുടെതാണെന്നും പ്രസിദ്ധ തത്വചിന്തകനായ 'അറസ്ത്വാത്വലീസി'(അരിസ്റേറാട്ടിൽ)ന്റെ ശിഷ്യൻ അലക്സാണ്ടർ ഇന്ത്യയിൽ വന്നു തിരിച്ചു പോകുമ്പോൾ 'ബൈതുബാ' വാന ശാസ്ത്രത്തിൽ നിർമിച്ച "ഹിംന്ദ് സിംന്ദ്" എന്ന ഒരു കൃതി താൻ കൊണ്ടുപോകുകയും അത് ഗ്രീക്ക് ഭാഷയിലേക്കു ടോളമി വിവർത്തനം ചെയ്തു 'മുജസ്തി' എന്നു നാമകരണം ചെയ്തതാണെന്നും ഐതിഹ്യമുണ്ട്.

സൗരയൂഥ സിദ്ധാന്തമാണ് രണ്ടാമത്തേത്. ഇത് ഗ്രീക്കുകാരനായ പ്രസിദ്ധ ശാസ്ത്രജ്ഞൻ 'ഫൈസാഗൂറസ്' (പൈതഗോറസ്) കണ്ടുപിടിച്ചതും 'കോപ്പർ നിക്കസ്' തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് സ്ഥിതീകരിച്ചതുമാണ്. ഭൂമിയും മറ്റു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും (ഫലക്കുകളില്ലാതെ) പരസ്പരം ആകർഷണ ശക്തികൊണ്ടു നിൽക്കുന്നതാണെന്നും, അവ സൂര്യനെ കേന്ദ്രമാക്കിക്കൊണ്ട് ഓരോ രേഖയിൽ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂർ കൊണ്ടു ഭൂമി അതിന്റെ അച്ചുതണ്ടിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒരു തവണ ചലിക്കുന്നതു കൊണ്ട് രാപ്പകലുകൾ അനുഭവപ്പെടുന്നുവെന്നും, അതേയവസരത്തിൽ ഭൂമി അതിന്റെ ഭ്രമണപഥത്തിൽ 365 ദിവസം കൊണ്ട് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ട് സൂര്യവർഷം ഉണ്ടാവുന്നുവെന്നും, ചന്ദ്രൻ സുമാർ ഒരു മാസം കൊണ്ട് ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടു ചാന്ദ്രികമാസം ഉണ്ടാവുന്നുവെന്നും മറ്റുമാണ് സൗരയൂഥ സിദ്ധാന്തത്തിലുള്ളത്.

ഈരണ്ടു സിദ്ധാന്തങ്ങളും മാർഗ്ഗത്തിൽ വിഭിന്നമാണെങ്കിലും ഉദ്ദേശത്തിലും ഫലത്തിലും ഒന്നു തന്നെയാണ്. പക്ഷേ, ഫലക്കുകൾ ഉണ്ടെന്നു വച്ചാൽ മാത്രമേ രാവും പകലും മറ്റും ഉണ്ടാകാൻ സാധ്യമാകൂ എന്ന അടിസ്ഥാനത്തിലാണ് ടോളമി തന്റെ സിദ്ധാന്തം കെട്ടിപ്പടുത്തത്. ആവശ്യമുളളത് ഉണ്ടെന്നുവയ്ക്കലും ആവശ്യമില്ലാത്തത് ഇല്ലെന്ന്‌വയ്ക്കലുമാണ് തന്റെ ശാസ്ത്രത്തിന്റെ മൗലിക സിദ്ധാന്തമെന്ന് ആ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന ഗ്രന്ദങ്ങളിൽ പറയുന്നുണ്ട്. ഇത്രയും വിചിത്രമായ ന്യായങ്ങൾ കൊണ്ട് തെളിയിച്ച ഈ സിദ്ധാന്തം അബ്ബാസിയാ ഭരണകർത്താക്കളുടെ മുമ്പ് മുസ്ലിം ലോകം സ്വപ്നം കാണുകപോലും ചെയ്തിട്ടില്ല. ഉമർ(റ)ന്റെ ഭരണകാലത്ത് പേർഷ്യൻ വിജയം കൈവന്ന സന്ദർഭത്തിൽ ശാസ്ത്രത്തിന്റെ പല ഗ്രന്ഥങ്ങളും അവിടെ കാണുകയും മുസ്ലിംകൾക്ക് അത് വിവർത്തനം ചെയ്തു കൊടുക്കുന്നതിനെ സംബന്ധിച്ച് അന്വേഷിച്ചു കൊണ്ടു 'സഅദ്ബ്നു അബീവഖാസ്' ഖലീഫ ഉമറി(റ)ന് കത്തെഴുതുകയും ചെയ്തപ്പോൾ 'അത് വെളളത്തിൽ ഒഴുക്കി വിടുവാൻ' മറുപടി കൊടുത്തത് സ്മരണീയമാണ്.

ഹിജ്റ 200 നു ശേഷം ഖലീഫ മഅ്‌മൂനിന്റെ കാലത്താണ് അവ അറബിയിലേക്കു വിവർത്തനം ചെയ്യപ്പെട്ടതും മുസ്ലിംകൾ അതു പഠിക്കുവാൻ തുടങ്ങിയതും. അങ്ങനെ അതൊരു നവീന കലയായതു കൊണ്ടും ഭരണകർത്താവിന്റെ പ്രേരണകൊണ്ടും മുസ്ലിംകൾ ആവേശപൂർവ്വം അത് കൈകാര്യം ചെയ്യാനും ആശ്ലേഷിക്കുവാനും തുടങ്ങി. മതമായ ചില കിതാബുകളിൽ അതിന്റെ ചില ശിഷ്ടങ്ങളും സാങ്കേതിക പാദങ്ങളും കണ്ടെന്നു വരും.

സൗരയൂഥ സിദ്ധാന്തമനുസരിച്ചു ഫലക്കുകളൊന്നുമില്ലെങ്കിലും ഉദ്ദേശ്യം പൂർണ്ണമാവുമെന്ന് തെളിയിക്കപ്പെട്ടതാണ്. അപ്പോൾ ഈ സിദ്ധാന്തമനുസരിച്ച് ചന്ദ്രഗോളത്തിൽ പോകുന്നതിനോ അവിടെ സഞ്ചരിക്കുന്നതിനോ വിരാധമില്ലെന്നും ടോളമി സിദ്ധാന്തമനുസരിച്ച് അതിന്ന് നിർവ്വാഹമില്ലെന്നും ഗ്രഹിക്കാമല്ലോ. ടോളമി സിദ്ധാന്തത്തിന്റെ തെളിവുകൾ വെറും അനുമാനമായതുകൊണ്ട് അതത്ര കണക്കിലെടുക്കേണ്ടതില്ലെന്നേയുള്ളൂ.

എന്നാൽ ഇസ്ലാമിന്റെ വീക്ഷണത്തിൽ അഥവാ ഖുർആൻ ഹദീസ് തുടങ്ങിയ തെളിവുകളുടെ വെളിച്ചത്തിൽ അതു സംഭവ്യമോ അസംഭവ്യമോ എന്ന ഒരു പരിശോധന മാത്രമാണ് ഈ ലേഖനോദ്ദേശ്യം .

വാനലോകത്തെ സംബന്ധിച്ച് ആ പ്രമാണങ്ങളിൽ വിവരിച്ച ചില സംഗതികൾ ഒന്നാമതായി വായനക്കാരുടെ മുന്നിൽ വയ്ക്കുന്നു. 'നിങ്ങൾ കാണുന്ന തൂണുകളില്ലാതെ അല്ലാഹു ആകാശങ്ങളെ ഉയർത്തിയെന്നും, ഭൂമി സൃഷ്ടിച്ചതിനു ശേഷം ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചു'വെന്നും ഖുർആനിൽ പറയുന്നുണ്ട്. ഓരോ ആകാശത്തിന്റെയും ഇടയിലുള്ള ദൂരവും ഓരോ ആകാശത്തിന്റെയും വണ്ണവും 500 കൊല്ലത്തെ വഴിദൂരമാണെന്നു റസൂൽ(സ) പറഞ്ഞത് അഹ്‌മദ്‌, തുർമുദി എന്നിവർ നിവേദനം ചെയ്യുന്നുണ്ട്. ആകാശങ്ങൾക്കു പ്രത്യേകം ചില കതകുകളുണ്ടെന്നും മിഅ്‌റാജിന്റെ അവസരം ജിബ്‌രീൽ(അ) ആവശ്യപ്പെട്ടതനുസരിച്ച് അതു തുറക്കപ്പെട്ടപ്പോഴാണ് റസൂൽ(സ) അങ്ങോട്ടു കയറിയതെന്നും ബുഖാരി നിവേദനം ചെയ്യുന്നു. ഈസാ(അ) ആകാശത്തിൽ താമസിക്കുകയാണെന്നും ഹദീസുകൊണ്ട് തെളിഞ്ഞതാണ്.

ഇത്തരം തെളിവുകളിൽ നിന്നെല്ലാം ആകാശം ഉണ്ടെന്നും അതു തടിയുള്ള വസ്തുവാണെന്നും തെളിഞ്ഞു കഴിഞ്ഞ പരമാർത്ഥവും അപ്രകാരം നാം വിശ്വസിക്കേണ്ടതുമാണ്.

എന്നാൽ ഈ ഏഴ് ആകാശത്തിൽ ഒന്നാമത്തേതിന്റെ താഴെയാണ് സൂര്യചന്ദ്രനക്ഷത്രാദി ഗോളങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്ന് പരമ്പരയായി ലഭിച്ചത് ഇബ്നു ജരീറുത്തിബ്‌രി താരീഖുൽ ഉമമിൽ വിവരിച്ചിട്ടുണ്ട്. പളളികളിൽ കിനാദികൾ തൂക്കിയതുപോലെ അവയെല്ലാം ആകാശത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നവയാണെന്നു സൽമാനുൽ ഫാരിസി(റ) പ്രസ്താവിച്ചതായി ഇബ്നുഹജറിനിൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ട്. സൂര്യചന്ദ്രാദികളുടെ മുഖം എന്നും ആകാശത്തിലേക്കു തിരിഞ്ഞാണ് നിൽക്കുന്നതെന്ന് ഇബ്നു ഉമർ, ഇബ്നു അബ്ബാസ് (റ) എന്നിവർ പറഞ്ഞതായി ഇമാം നസഫി(റ)യുടെ 'മദാരിക്കി'ൽ ഉദ്ധരിച്ചിട്ടുണ്ട്.

സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങൾ ആകാശത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നവയാണെന്നും ഈ ഗോളങ്ങളുടെ മീതെയായി തൂണുകൾ ഒന്നുമില്ലാതെ എഴു ആകാശങ്ങളെ അല്ലാഹു സൃഷ്ടിച്ചു വച്ചിട്ടുണ്ടെന്നും ഇതിൽ നിന്നെല്ലാം സ്പഷ്ടമായല്ലോ.

എന്നാൽ ടോളമിയുടെ മനശാസ്ത്രം കണക്കിലെടുത്തുകൊണ്ട് ചന്ദ്രൻ ഒന്നാം ആകാശത്തിലും സൂര്യൻ നാലാം ആകാശത്തിലുമാണെന്നു ചില തഫ്സീറുകളിൽ കാണുവാൻ സാധിക്കും. തൽവിഷയമായി പ്രബലമുഫസ്സിറായ ഇമാം ബൈസാവി(റ) തന്റെ തഫ്സീറിൽ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 'ഒന്നാം ആകാശത്തെ നക്ഷത്രങ്ങളുടെ പ്രകശം കൊണ്ടു നാം ഭംഗിയാക്കി' എന്നർത്ഥം വരുന്ന ഖുർആൻ വാക്യത്തിന്റെ വ്യാഖ്യാനത്തിൽ താൻ പറയുന്നു:

“നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഓരേ ഫലക്കിൽ തറക്കപ്പെടുമെന്നത് സ്ഥിരപ്പെടുകയാണെങ്കിൽ തന്നെ, ഫലക്കുകൾ സ്ഫടികരൂപേണയായതുകൊണ്ട് എല്ലാ നക്ഷത്രങ്ങളുടെ ശോഭയും ഒന്നാം ആകാശത്തിൽ ദർശ്യമാകാവുന്നതാണ്".

ഇവിടെ സംശയാസ്പദമായ വിഷയത്തിനുപയോഗിക്കുന്ന 'ഇൻ' എന്ന അവ്യയമാണ് 'അത് സ്ഥിരപ്പെട്ടെങ്കിൽ' എന്ന് പറഞ്ഞേടത്ത് ഇമാം ബൈസായി ഉപയോഗിച്ചത്. അതായത് ഇമാം ബൈസാവിയുടെ പക്കൽ അത് സ്ഥിരപ്പെട്ടിട്ടില്ല. അതിനുപുറമെ 'സമാഅ്‌' എന്നപദം 'മേൽഭാഗം' എന്ന അർത്ഥത്തിന്ന് ഉപയോഗിക്കാറുണ്ട് എന്ന് അതേ ബൈസാവിയിൽ തന്നെ മറെറാരിടത്തു പറഞ്ഞിട്ടുണ്ട്.

അപ്പോൾ ആകാശത്തിന്റെ താഴെ സ്ഥിതിചെയ്യു ഗോളങ്ങളിൽ ചന്ദ്രനിലോ മറേറാ മനുഷ്യൻ പോവുകയോ സഞ്ചരിക്കുകയോ ചെയ്യുകയാണെങ്കിൽ ഇസ്ലാമിന്റെ വീക്ഷണത്തിലും അത് അസംഭവ്യമൊന്നുമല്ല. അഥവാ അതുണ്ടാവാൻ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ചിട്ടില്ല. അതിനു പുറമെ 'ചലിച്ചുകെണ്ടിരിക്കുന്ന സുര്യനെയും ചന്ദ്രനെയും നിങ്ങൾക്ക് അവൻ കീഴ്പെടുത്തിത്തന്നു'വെന്ന ഖുർആൻ വാക്യത്തിന്റെ വിവക്ഷയിൽ നിൽആംസ്‌ട്രോംഗും ആൽഡ്രിനും നടത്തിയ ചന്ദ്രാരോഹണവും പെടുമെന്ന് ഒരാൾ വ്യാഖ്യാനിക്കുകയാണെങ്കിൽ അത് വിദൂരമല്ല.

പ്രാചീന കാലം മുതൽക്കെ കേരളത്തിലെ പണ്ഡിതൻമാർ വിശ്വസിച്ചതും ഇസ്ലാമിൽ പറഞ്ഞതു പ്രകാരം സൂര്യചന്ദ്രാദികൾ ആകാശത്തിന്റെ താഴെ സ്ഥിതിചെയ്യുന്നുവെന്നു തന്നെയായിരുന്നു. റസൂൽ(സ)യുടെ ജീവിതകാലത്തുതന്നെ ഇസ്ലാം മതം കേരളത്തിൽ പ്രചരിച്ചിരുന്നുവല്ലോ. റസൂലി(സ)ന്റെ 200 കൊല്ലത്തിന്റെ ശേഷമാണ് ടോളമി സിദ്ധാന്തം മുസ്ലിംകൾ കാണുന്നത്. അപ്പോൾ ആ സിദ്ധാന്തം മുസ്ലിംകളിൽ പ്രചരിക്കുന്നതിന്റെ 200 കൊല്ലം മുമ്പ് തന്നെ കേരളത്തിൽ ഇസ്ലാമും അതിന്റെ വിശ്വാസവുമുണ്ട്. അത് ഹദീസിൽ വിവരിച്ച പ്രസ്തുത വിശ്വാസമല്ലാതെ മറെറാന്നുമല്ല. പരമ്പരാഗതമായി ലഭിച്ച അതേ വിശ്വാസം തന്നെയാണു കേരളത്തിലുണ്ടായിരുന്നത്. ഈ വിശ്വാസം ടോളമിയുടെ സിദ്ധാന്തമനുസരിച്ച് പഴഞ്ചനാണന്ന നിഗമനത്തിൽ തളളിക്കളഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയുടെ 'അപ്പോളോ-11' അനുഭവത്തിൽ നിന്ന് അത് തെളിയിച്ചത് കൊണ്ട് പഴയ പണ്ഡിതൻമാരുടെ വിശ്വാസം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹുവിന് സ്ത്രോത്രം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...