ഇതു നമ്മുടെ കേരളത്തിൽ ചിലയിടത്തു നടപ്പുണ്ട്. ചില ഖതീബുമാർ അവരുടെ പ്രസംഗ വൈഭവം തെളിയിക്കുവാനും ജനങ്ങളെ തങ്ങളിലേക്കാകർഷിക്കുവാനും ഉദ്ദേശിച്ചു സ്വമേധയാ ഉണ്ടാക്കുന്നതാണ് ഈ വഴക്കമെങ്കിലും മറ്റു ചിലയിടത്തു നാട്ടുകാരുടെ നിർബന്ധമാണിതിനു പിന്നിൽ. മിക്കവാറും സ്ഥലത്തു ഖുതുബ പരിഭാഷ യിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണിത്. ഇനിയും ചിലപ്പോൾ പുത്തൻവാദികളുടെ പള്ളികളിലേക്കു ജനങ്ങൾ ഒഴുകുന്നത് തടയാനും അവരുടെ പള്ളിയിൽ നിന്ന് മുഴങ്ങുന്ന പുത്തൻ വാദങ്ങളെ തിരുത്തുവാനും ഉദ്ദേശിച്ചു കൊണ്ടുമുണ്ട്. ഇതിനെ ചൊല്ലിയും ഇപ്പോൾ വിവാദമുണ്ട്. ഇത് കറാഹത്തും ഹറാമുമാണെന്നു വരെ വിധി കൽപ്പിക്കുന്നുണ്ട് ആധുനിക സമസ്തക്കാർ. ഇതിലും അവർക്കു ഗ്രൂപ്പ് വ്യത്യാസമില്ല. എന്നാൽ വസ്തുനിഷ്ഠമായി വിഷയത്തെ സമീപിക്കാൻ ഉദ്ദേശിച്ചാണ് ഈ അദ്ധ്യായം.
ഇതു സലഫിന്റെ കാലത്ത് ഒരാചാരമായി നടപ്പില്ലാത്തതാണെന്നതിൽ തർക്കമില്ല. വെള്ളിയാഴ്ചയുടെ മഹത്വം പ്രമാണിച്ചു ശറഅ് വിധിച്ചിട്ടുള്ള പുണ്യകർമ്മങ്ങളിൽ പെട്ട ഒന്നല്ലെന്നും ഉറപ്പ്. അതിനും പുറമേ വെള്ളിയാഴ്ച പകലിൽ ജുമുഅക്ക് വരുന്നവർക്കും പള്ളിയിൽ എത്തുന്നവർക്കും ഏറ്റവും പുണ്യമായി ശറഅ് നിശ്ചയിച്ച ചില കർമ്മങ്ങൾക്ക് ഇതുകൊണ്ടു തടസ്സമുണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. 'അൽകഹ്ഫ്' ഓതുക, സ്വലാത്ത് വർദ്ധിപ്പിക്കുക പോലുള്ളതാണല്ലോ അന്നത്തെ ദിക്റുകളിൽ ഏറ്റവും സവിശേഷമായി ശറഉ നിർദ്ദേശിച്ചത്. ഖത്തീബ് ഖുതുബയിൽ പ്രവേശിക്കുന്നതു വരെ ഇതിന്റെ സമയം തന്നെ. തൽസമയം ഒരാൾ പ്രസംഗിക്കാനെഴുന്നേറ്റാൽ സ്വാഭാവികമായും ഇതു മുടങ്ങിപ്പോകും. അതിനുംപുറമെ ജുമുഅക്കു പള്ളിയിൽ എത്തുന്നവർക്കു തഹിയ്യത്ത് നമസ്കാരം സുന്നത്തുണ്ട്. ഖുതുബയുടെ വേളയിൽ പോലും വന്നെത്തുന്നവർക്ക് ഇതു സുന്നത്താണ്. ഒരാൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും ഈ നമസ്കാരത്തിനും അതൊരു വിഷമമാണല്ലോ. ഈവക കാരണങ്ങൾ പരിഗണിക്കുമ്പോൾ ഈ പ്രസംഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതോ ആവശ്യമില്ലാതെ ഉണ്ടാക്കപ്പെടേണ്ടതോ ആയ ഒരു പുണ്യകർമ്മമല്ലെന്നു വ്യക്തം. ഖത്തീബിന്റെ ജോർ വെളിപ്പെടുത്താൻ തീർച്ചയായും ഇതൊരായുധമാക്കി കൂടാ.
എന്നാൽ മുകളിൽ സൂചിപ്പിച്ച ചില അനിവാര്യമോ ആവശ്യമോ ആയ കാരണങ്ങളാൽ ഇങ്ങനെ ഒരു പ്രസംഗം നടത്തുന്നത് ഒരിക്കലും ആക്ഷേപാർഹമല്ല. എന്തുകൊണ്ടെന്നാൽ, ഒരു മുൻകറാണെങ്കിൽ പോലും അതിലേറെ വലിയ ഒരു ദുരാചാരത്തിൽ നിന്ന് രക്ഷപ്പെടാനും അകപ്പെടാതിരിക്കാനും താഴ്ന്ന മുൻകർ അനിവാര്യമെങ്കിൽ ചെയ്യാമെന്നു ഫത്ഹുൽ ബാരിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണെങ്കിൽ കറാഹത്തെന്നോ മറ്റോ ശറഇൽ 'ഖബീഹും' ചീത്തയുമാണെന്നു വരുത്തുന്ന ഒരു വിധി ഇതിനു നൽകാൻ ഒരു നിലയിലും വഴിയുമില്ല. ഒന്നാമതായി, ഒരു കാര്യം ശറഇൽ കറാഹത്താണെന്നു വിധി കല്പിക്കണമെങ്കിൽ അക്കാര്യത്തെ സംബന്ധിച്ചു പ്രത്യേകമായ ഒരു വിരോധം ശാരിഇൽ നിന്നുണ്ടാകണം. അല്ലെങ്കിൽ തൽസ്ഥാനത്തു നിൽക്കുന്ന ശക്തമായ അഭിപ്രായവ്യത്യാസം വേണം.
(തുഹ്ഫ 1:124, 2:161)
ഇതു രണ്ടുമില്ലാതെ എവിടെയെങ്കിലും 'കരിഹ' എന്നോ കറാഹത്ത് എന്നോ കാണുമ്പോളേക്ക് ഇതൊക്കെ സാങ്കേതികാർത്ഥത്തിലുള്ള ശറഇയായ കറാഹത്താണെന്നു ധരിക്കുന്നതാണ് കുഴപ്പം വരുത്തുന്നത്. നമ്മുടെ ചർച്ചാവിഷയത്തെ സംബന്ധിച്ച് ഇത്തരം ഒരു നഹ്‌യോ വിധിയോ ഫിഖ്ഹിന്റെ കിതാബുകളിൽ നിന്നു ലഭ്യമല്ല. പിന്നെ ആകെയുള്ളതു വെള്ളിയാഴ്ച ദിനത്തിൽ 'തഹല്ലുഖി'നെ തൊട്ടു നബി(സ) നിരോധിച്ചു എന്ന ഒരു ഹദീസാണ്. അതിൽ ചർച്ചാ വിഷയത്തെപ്പറ്റി വിരോധമുണ്ടെന്നു പറയാൻ ഒരു ന്യായവുമില്ല. ഇതു സംബന്ധിച്ച് അഭിവന്ദ്യരായ താജുൽ ഉലമാ ശൈഖുനാ (കെ.കെ സ്വദഖത്തുള്ള മൗലവി) യുടെ ഒരു ഫത്‌വായും ചോദ്യവും ഇവിടെ പകർത്താം.
"#ചോദ്യം: 1976 ഡിസംബർ ഇരുപത്തിനാലാം തിയ്യതിയിലെ സുന്നീ ടൈംസിൽ ജുമുഅ ഖുതുബയുടെ മുമ്പ് ഒരു പ്രസംഗം നടത്തുന്നത് ബിദ്അത്ത് മുൻകറത്താണെന്നു കണ്ടു. പത്രാധിപരുടെ അഭിപ്രായം?
#ഉത്തരം: ജുമുഅ ഖുതുബയുടെ മുമ്പ് പ്രസംഗം നടത്തൽ സലഫിന്റെ കാലത്തു നടപ്പില്ലാത്തതായിരുന്നു എന്നതിൽ സംശയമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം അത് ബിദ്അത്ത് മുൻകറത്താണെന്നു പറയാൻ നിവൃത്തിയില്ല. അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ തഹല്ലുഖിനെ റസൂൽ കരീം (സ) നിരോധിച്ചുവെന്നു വന്നിട്ടുണ്ട്. ആ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ടൈംസിൽ അങ്ങനെ പറഞ്ഞതെന്ന് വിചാരിക്കുവാൻ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അതിന് പ്രസംഗം കേൾക്കുവാൻ ഇരിക്കുക എന്ന് അർത്ഥമില്ല. അതിന്റെ അർത്ഥം വട്ടമിട്ടിരിക്കുക എന്നാണെന്നും അത് അങ്ങുമിങ്ങും സംസാരിക്കാനും തദ്വാരാ ശബ്ദമുണ്ടാക്കുവാനും കാരണമാകുന്നതു കൊണ്ടും സ്വഫ്ഫായി ഇരിക്കുന്നതിനെ തടയുന്നതു കൊണ്ടുമാണ് വിരോധിക്കപ്പെട്ടതെന്നും അബൂദാവൂദിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആകയാൽ വട്ടമിട്ടിരുന്ന് ഇൽമിനെ സംബന്ധിച്ച് അങ്ങുമിങ്ങും സംസാരിക്കൽ പോലത്തവയാണ് വിരോധിക്കപ്പെട്ടത്.
ഇൽമിനെ സംബന്ധിച്ച് ഒരാൾ സംസാരിക്കുന്നത് (പ്രസംഗിക്കുന്നത്) കേൾക്കാൻ വരിവരിയായി ഇരിക്കുന്നതിനെയല്ല.
(സമ്പൂർണ്ണ ഫതാവാ പേജ്: 169, 170)
ചുരുക്കത്തിൽ വട്ടമിട്ടിരിക്കുന്നതും അങ്ങനെ ഇൽമ് പറയാനും സൊറ പറയാനുമായി സമ്മേളിക്കുന്നതുമാണ് ഈ ഹദീസിൽ വിരോധിക്കപ്പെട്ടതെന്ന് എല്ലാ ഹദീസു വ്യാഖ്യാനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക സമസ്തക്കാർ ഇതു കറാഹത്താണെന്നതിനുദ്ധരിക്കാറുള്ള 'ഔനുൽ മഅ്‌ബൂദ്, അൽ മൻഹലുൽ അദബുൽ മൗറൂദ്' തുടങ്ങിയ എല്ലാ കിതാബുകളിലും തഹല്ലുഖും ആ വിധമുള്ള സമ്മേളിക്കലും (ഇജ്തിമാഅ്) കൂട്ടിപ്പിണച്ചു കൊണ്ടല്ലാതെ ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടില്ല. ശറഹുസ്സുന്നയിലും മിർഖാതിലും ഇതുതന്നെയാണ് പറഞ്ഞത്. മറ്റൊന്ന് ആധുനികരുന്നയിക്കാറുള്ളതു തഫ്സീർ റാസിയാണ്. ഇതിലും തഹല്ലുഖും ഇജ്തിമാഉം പരസ്പരം വ്യാഖ്യാനമായിച്ചേർത്തുകൊണ്ട് 'മുദാക്കറത്തുൽ ഇൽമി'നുവേണ്ടി (തമ്മതമ്മിൽ ഇല്മു പറയൽ) കൂടുന്നതിനെയാണ് ഈ ഹദീസിന്റെ വ്യാഖ്യാനമായി നിരോധിച്ചതു ചൂണ്ടിക്കാട്ടിയത്. ഈ നിരോധനത്തിന്റെ നിമിത്തം വട്ടം കൂടിയുള്ള ഇരുത്തത്തിന്റെ ആകൃതിയെ അവലംബിച്ചോ അതല്ല ഖുതുബക്ക് വേണ്ടിയുള്ള ശ്രദ്ധയെ തടയുമെന്നതിനെ ആസ്പദമാക്കിയോ എന്നിങ്ങനെ മുഹദ്ദിസുകളും വ്യാഖ്യാതാക്കളും ചർച്ചചെയ്തിട്ടുണ്ടെന്നല്ലാതെ വട്ടമിട്ടിരുന്നുള്ള ഈ പരിപാടിയെയാണ് നിരോധം ബാധിക്കുന്നത് എന്ന കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ആകയാൽ മേൽ ഹദീസിനെ ആധാരമാക്കി ചർച്ചാവിഷയമായ ഖുതുബക്ക് മുമ്പുള്ള പ്രസംഗത്തെ കറാഹത്തെന്നു വിധിയെഴുതുന്നത് ന്യായമല്ല; അക്രമമാണ്.
ഇപ്പോൾ ഇതിൽ ഒരു പുതിയ അടവ് ചില വിരുതന്മാർ ഒപ്പിക്കുന്നുണ്ട്. ജുമുഅക്ക് പോകലിനെയും(സഅയ്) വിട്ട് കച്ചവടം കൊണ്ടോ മറ്റോ ജോലിയാകൽ ജുമുഅ നിർബന്ധമുള്ളവർക്ക് ജുമുഅയുടെ ഖുതുബക്കു തൊട്ടുമുമ്പുള്ള ബാങ്കിനു ശേഷം ഹറാമാണെന്നും ഈ ബാങ്കിനു മുമ്പ് സമയമായ ശേഷം കറാഹത്താണെന്നും തുഹ്ഫ 2-480 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ കച്ചവടവും മറ്റുമെന്നതിന്റെ വ്യാപ്തിയിൽ "ജുമുഅക്കു പോകലിനെയും വിട്ടു ജോലിയാക്കുന്ന ഏതു കാര്യവും-അതു ഇബാദത്താണെങ്കിലും" ഉൾപ്പെടുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. ഈ ഇബാദത്തിനു ഉദാഹരണമായി "കിത്താബത്തിൽ ഖുർആനി വൽ ഇൽമിശ്ശറഇയ്യി ഫതഹ്റുമു ഖാരിജൽ മസ്ജിദി വ തുക്റഹു ഫീഹി" എന്ന് അലിയ്യുശ്ശബ്റാമുല്ലസിയെ തൊട്ടു ശർവാനി ഉദ്ധരിച്ചിട്ടുണ്ട്. ഇതിനു ഇല്മുകൊണ്ട് ജോലിയാകുക എന്നർത്ഥം പറഞ്ഞു അതു കറാഹത്താണെന്ന് തുഹ്ഫയിലും ശർവാനയിലും പറഞ്ഞതായി ആധുനികരിൽ ചിലർ പ്രസംഗിക്കുകയും എഴുതുകയും സാധുക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു! ഇവിടെ വാസ്തവത്തിൽ എന്താണ് പ്രമേയം? ജുമുഅക്കു ഔദ്യോഗികമായുള്ള ബാങ്കിന്റെ ശേഷവും പോകാതെ വഴിയിലോ വീട്ടിലോ ടൗണിലോ കച്ചവടാതികളിൽ വ്യാപൃതനായിരിക്കൽ ഹറാമാണെന്നാണ് ആദ്യം പറഞ്ഞത്. ആ ബാങ്കിനു മുമ്പ് സമയമായ ശേഷം ഇത് കറാഹത്താണെന്നു തുടർന്നു പറഞ്ഞു. ഇതു ജുമുഅക്ക് പോകുന്നതിൽ നിരതരാകാതെ തടസ്സങ്ങളിലേർപ്പെടുന്നതിനെപ്പറ്റിയാണെന്നു തന്നെ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. പള്ളിയിലേക്ക് പോകുന്ന വഴിയിൽ നടന്നു കൊണ്ടാണെങ്കിൽ ഇതിൽ പെടില്ലെന്നും അതുപോലെ പള്ളിയിൽ എത്തിയശേഷം മേൽ കാര്യങ്ങളിൽ വ്യാപൃതരാകുന്നതും ഇതിൽ പെടില്ലെന്നും തുഹ്ഫ വ്യക്തമാക്കിയിരിക്കയാണ്. പള്ളിക്കകത്തു കച്ചവടം കറാഹത്താണെന്നതിൽ സമയവ്യത്യാസമില്ലെങ്കിലും. ഇതുപോലെ പെട്ടെന്നു ജുമുഅക്കു ചെന്നു ചേരാൻ സൗകര്യപ്പെടുന്ന വിധം ഖുതുബയുടെ മുമ്പുള്ള ബാങ്ക് കൊടുക്കുമ്പോൾ അതിനടുത്തുളള ഒരു സ്ഥലത്ത് അവൻ കച്ചവടാതികളിൽ വ്യാപൃതനായാലും ഇതിൽ പെടില്ലെന്ന് തുഹ്ഫ വിവരിച്ചിട്ടുണ്ട്. ( 2-480) അപ്പോൾ ഇതു ജുമുഅക്ക് പോകുന്നതിൽ നിന്നും കച്ചവടാതികളിൽ കുടുങ്ങി തടഞ്ഞു നിൽക്കുന്ന വർത്തമാനമാണ്. ഇതാണ് ഹറാമും കറാഹത്തുമെന്നു പറഞ്ഞത്. ജുമുഅക്ക് പോകുമ്പോൾ വഴിയിൽ വച്ചുള്ളതു പോലും ഇതിൽ പാടില്ലെന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇബാദത്താണെങ്കിലും എന്നു പറഞ്ഞതിന്റെ വ്യാഖ്യാനമായി ശർവാനി ഉദ്ധരിച്ചതോ എന്നു സംശയം കാണും. സംശയം വേണ്ട. ഖുർആനോ ഇൽമോ എഴുതിക്കൊണ്ടിരിക്കുക എന്ന ഇബാദത്ത് കൊണ്ടു വ്യാപൃതനായി ജുമുഅക്ക് പോകാതെ ഇരുന്നാലും ഈ ഹറാം വന്നുചേരുമെന്നാണ് അപ്പറഞ്ഞത്. അതു പള്ളിക്കു വെളിയിൽ പെട്ടെന്ന് ജുമുഅക്കു ചെന്നു ചേരാൻ പറ്റാത്ത സ്ഥലത്തുവച്ച്! പള്ളിക്കകത്തു വച്ചു ഈ എഴുതിയിരിക്കൽ കറാഹത്തും. അങ്ങനെ വരുമ്പോൾ പള്ളിക്കകത്തുവച്ച് ജുമുഅക്കു പോകലിനെയും വിട്ടു ജോലിയാവൽ എങ്ങനെ? എന്നു സംശയമുണ്ടാകും. അതിങ്ങനെയാണ്. ഒരു മുസ്ലിയാരുട്ടിയുടെ താമസം പള്ളിയിലാണ്. ദർസിൽ പഠിക്കുന്നവർ പള്ളിയിലായതു കൊണ്ട് സാധാരണപോലെ ഇരുന്നാൽ അവർക്ക് അതിരാവിലെ ജുമുഅക്ക് പോയ പുണ്യം കിട്ടുമോ? ഇല്ല. പിന്നെന്തുവേണം? മറ്റു കാര്യങ്ങളിൽ നിന്നും വിട്ടു ജുമുഅക്കായി ഒരുങ്ങി അതിലേക്ക് തിരിഞ്ഞിരിക്കണം. അപ്പോൾ പള്ളിക്കകത്തു വച്ചും ജുമുഅക്ക് 'സഅ്‌യു'ണ്ടാകാം, ഇല്ലാതെയുമിരിക്കാം എന്ന് ബോധ്യപ്പെട്ടു. ദർസിലെ മുതഅല്ലിമുകൾക്കിതു പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പള്ളിയിൽ തന്നെ താമസിച്ചുകൊണ്ട് ജുമുഅയോടടുത്ത സമയത്തുമാത്രം ജുമുഅക്ക് പോകുന്നവരാണവർ. അങ്ങനെ ഒരു കുട്ടി മിമ്പറിന്റെ സമീപത്തെ രണ്ടാം ബാങ്ക് കൊടുക്കുമ്പോളും കിതാബ് ശറഹെഴുതി നന്നാക്കുന്ന ജോലിയിൽ വ്യാപൃതനായിരിക്കുന്നുവെന്നു സങ്കൽപ്പിക്കുക. ഇതാണു കറാഹത്തെന്നു ശർവാനിയിൽ പറഞ്ഞത്.
ചുരുക്കത്തിൽ, തുഹ്ഫ പറഞ്ഞതിന്റെ സാരം ജുമുഅക്ക് പോകാതെ ജോലിയാവുക എന്നതിന്റെ അർത്ഥം വീട്ടിലോ അങ്ങാടിയിലോ മറ്റോ ഇരിക്കുക എന്നതാണ്. പള്ളിയിലേക്ക് പോകുന്ന വഴിമധ്യേ ഇതിലുൾപ്പെടുകയില്ല. പള്ളിക്കകത്തു വച്ചും ഇതിൽ ഉൾപ്പെടുകയില്ല. പെട്ടെന്നു ചെന്നു ചേരാൻ സൗകര്യപ്പെടുന്ന വിധം പള്ളിയോടടുത്തുള്ള സ്ഥലവും ഇതിൽ ഉൾപ്പെടുകയില്ല. ഇത്ര വ്യക്തമായി ജുമുഅക്ക് പോകുന്നതിനെക്കുറിച്ചാണെന്ന് സുനിശ്ചിതമായ ഈ ഇബാറത്തുകൾ ജുമുഅക്കു പളളിയിൽ നേരത്തെ വന്നിരുന്നു ഹാജരായവർക്കു ബാധകമല്ലെന്ന് സുവ്യക്തം. അവരോടു ഖത്വീബോ മറ്റോ പ്രസംഗിക്കുന്നതിനും ബാധകമല്ല. പിന്നെ എവിടെ നിന്നാണ് ഇത് കറാഹത്താണെന്നും പണ്ഡിതന്മാർക്കു ഹറാമാണെന്നും ഇവർക്ക് വഹ്‌യ് ഇറങ്ങിയത്?!
പോരെങ്കിൽ, ഇമാം ഗസ്സാലി (റ) ഇഹ്യായിൽ വിവരിക്കുന്നതിൽ നിന്നും കറാഹത്തും നഹ്‌യും ഈ ഉറുദിക്കും പ്രസംഗത്തിനും അശേഷം ബാധകമല്ലെന്ന് വ്യക്തമാവും. മഹാനർ പറയുന്നു:
"നിസ്കാരത്തിന്റെ മുമ്പ് വട്ടങ്ങളിൽ ചെന്നിരിക്കൽ അനുയോജ്യമല്ല. കാരണം നബി (സ)തങ്ങൾ അത് വിരോധിച്ചതായി അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്തിട്ടുണ്ട്. അതേസമയം, അല്ലാഹുവിനെക്കൊണ്ടറിയുന്ന ഒരു പണ്ഡിതൻ മുൻ സമുദായത്തിലെ അല്ലാഹുവിന്റെ നടപടിക്രമങ്ങളെ കൊണ്ടു പേടിപ്പിച്ചു പറയുകയോ ദീനീ വിധികൾ പഠിപ്പിച്ചു കൊടുക്കുകയോ ചെയ്തുകൊണ്ട് ജുമുഅത്തു പള്ളിയിൽ ജുമുഅ നിസ്കാരത്തിനു മുമ്പ് അല്ലെങ്കിൽ ശേഷം സദസ്സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിലേക്കവനിരിക്കണം. എങ്കിൽ അതികാലത്തു ജുമുഅക്കു ചെന്നുചേർന്ന കൂലിയും ഇൽമിനെ കേൾക്കുന്ന കൂലിയും ഒന്നിച്ചു നേടിയവനാകും. പരലോകത്ത് ഉപകാരപ്രദമായ ഇൽമു കേൾക്കൽ മറ്റു സുന്നത്തു കൊണ്ട് ജോലിയാകുന്നതിനേക്കാൾ ഉൽകൃഷ്ടമാണ്" (ഇഹ്‌യാ: 1- 191 ,192)
ഈ ഉദ്ധരണിയിൽ നിന്നു ജുമുഅക്കു ചെന്നവർ ഉറുദി കേൾക്കുന്നത് പുണ്യമുള്ള ഒരമലാണെന്നും നിസ്കാരത്തിനു മുമ്പ് നബി (സ)വിരോധിച്ച 'ഹലഖിൽ' ഇതു പെട്ടിട്ടില്ലെന്നും സുതരാം വ്യക്തമായി. ചുരുക്കത്തിൽ ഖുതുബ പരിഭാഷ ഹറാം വാദം പോലെ ഇതും ഒരു ആധുനിക വാദമാണ്. ഫിഖ്ഹിന്റെ നിയമമല്ല.
സത്യം സത്യമായി മനസ്സിലാക്കി അതിനെ പിൻപറ്റുവാനും സത്യത്തിനെതിരെ ശക്തിയുക്തം ധർമ്മ സമരം നടത്താനും നീ തുണ നൽകേണമേ നാഥാ- ആമീൻ.
*(മൗലാനാ നജീബുസ്താദിന്‍റെ*
*'ഖുത്വുബ; ഭാഷയും പരിഭാഷയും'* എന്ന പുസ്തകത്തില്‍ നിന്നും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ