ബലിപെരുന്നാള്‍ പ്രമാണിച്ച് മഹത്തായ ഒരു പുണ്യകര്‍മമാണ് തക്ബീര്‍. രണ്ടു വിധമാണിത്.
ഒന്ന്,
മുര്‍സലായ തക്ബീര്‍.
പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയം മുതല്‍ നിസ്കാരത്തിനു നേത്രത്വം നൽകുന്ന ഇമാം പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതു വരെ നിരന്തരമായി ചൊല്ലല്‍ സുന്നത്തുള്ള തക്ബീറാണിത്. മുത്വ്‌ലഖായ തക്ബീര്‍ എന്നും ഇതിന് പേരുണ്ട്.
പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായി നിസ്‌കരിക്കുന്നില്ലെങ്കില്‍ സ്വന്തമായി നിസ്‌കരിക്കുന്നതു വരെ തക്ബീര്‍ ചൊല്ലാനുള്ള സമയമുണ്ട്. പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാത്തവന്‍ ളുഹ്‌റിന്റെ സമയം പ്രവേശിക്കുന്നതുവരെയും തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്.
രണ്ട്,
മുഖയ്യദായ തക്ബീര്‍
അറഫ ദിനം ( ദുൽഹിജ്ജ : ഒമ്പത്) സുബ്ഹ് മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനം വരെയാണ് ഇതിന്റെ സമയം. ഈ സമയത്തു നിസ്‌ക്കരിക്കുന്ന എല്ലാ നിസ്‌കാരങ്ങളുടെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. നിസ്‌കാരാനന്തരമുളള ദിക്ര്‍, ദുആയുടെ മുമ്പാണ് തക്ബീര്‍ ചൊല്ലേണ്ടത്.
ദുല്‍ഹിജ്ജ :മാസത്തിലെ ആദ്യ പത്തു ദിവസങ്ങളില്‍ ആട്, മാട്, ഒട്ടകം എന്നിവയെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹു അക്ബര്‍ എന്നു ഒരു തവണ ചൊല്ലല്‍ സുന്നത്തുണ്ട്. (ശര്‍വാനി 3/54)
തക്ബീറുകളില്‍ വളരെ പുണ്യമുള്ള വചനം 'അല്ലാഹു അക്ബറുല്ലാഹു... വലില്ലാഹില്‍ ഹംദ്' എന്ന പ്രസിദ്ധിയാര്‍ജ്ജിച്ച തക്ബീറാണ്. ഈ വാചകത്തിലെ ആദ്യത്തെ മൂന്നു തക്ബീര്‍ ചേര്‍ത്തുകൊണ്ട് (അല്ലാഹു അക്ബറുല്ലാഹു) ഉച്ചരിക്കണം. മുറിച്ചു മുറിച്ചല്ല(അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍) ചൊല്ലേണ്ടത്. (അദ്കാര്‍ പേജ് 156)
ജഗന്നിയന്താവായ അല്ലാഹു വലിയവനാണ് , അവൻ മാത്രമാണ് വലിയവൻ , ഞാൻ ചെറിയവനാണ് എന്ന ഒരു തുറന്ന പ്രഖ്യാപ്പനമാണ് അല്ലാഹു അക്ബർ എന്ന തക്ബീറിലൂടെ ഒരു സത്യവിശ്വാസിയായ അടിമ നിർവഹിക്കുന്നത്. ഒരു മുസ്ലിമിൻ്റ മനസ്സിൽ എപ്പോഴും ഉണ്ടാവേണ്ട വിചാരവും ചിന്തയുമാണ് തക്ബീറിൽ അടങ്ങിയിട്ടുള്ളത്. മനുഷ്യൻ്റ അഹഭാവവും അസൂയയും മറ്റു മോശമായ കാര്യങ്ങളും ഇല്ലാതാക്കാൻ ഉപകരിക്കുന്ന ആശയമാണ് തക്ബീറിൽ അടങ്ങിയിട്ടുള്ളത്.
തക്ബീർ ചൊല്ലണ്ട സമയം അതിനാണ് കൂടുതൽ പുണ്യം. പ്രസിദ്ധമായ തക്ബീറിൽ അല്ലാഹു വിൻ്റെ ഏകത്വം പ്രഖ്യാപിക്കുന്ന കലിമത്തു തൗഹീദും സർവ്വ സ്തുതിയും അല്ലാഹുവിനാണ് എന്ന പദവും തിരുനബി(സ്വ) ഉൾപ്പെടുത്തിയത് തക്ബീറിൻ്റെ പദത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്
ഒന്നും രണ്ടും ഖുത്വുബയിലുള്ള ഒമ്പതും ഏഴും തക്ബീറുകള്‍ ഓരോന്നും മുറിച്ച് , മുറിച്ച് ഒരു ശ്വാസത്തിൽ ഒന്നു എന്ന നിലയ്ക്ക് - (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍) കൊണ്ടാണ് ചൊല്ലേണ്ടത്, ചേര്‍ത്തിക്കൊണ്ടല്ല. ഖത്വീബുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണം. (തുഹ്ഫ 3/46, നിഹായ 2/392)
ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ വര്‍ധിപ്പിക്കൽ സുന്നത്തുണ്ട്. അതു പ്രസിദ്ധ തക്ബീറാണ് പതിവുള്ളത്. (അൽ അജ് വിബ:)
ഖുത്വുബയുടെ ആദ്യത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകള്‍ക്കു പുറമെ രണ്ടു ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ കൊണ്ടു പിരിക്കലും സുന്നത്താണെന്നു ഇമാം സുബ്കി(റ) പ്രസ്താവിച്ചിട്ടുണ്ട്. (അലിയ്യുശ്ശബറാമല്ലിസി 2/392)
അപ്പോള്‍ രണ്ടാം ഖുത്വുബ നിര്‍വഹിക്കാന്‍ ഏഴുന്നേറ്റു നിന്ന ശേഷം 'അല്ലാഹു അക്ബര്‍' എന്നു ഒരു തവണ ചൊല്ലി സുബ്ഹാനല്ലാഹ് എന്നതിന്റെ തോതില്‍ മൗനം പാലിച്ചു ഏഴ് തക്ബീര്‍ ചൊല്ലി ഖുത്വുബ ആരംഭിക്കണം. (തഖ്‌രീറു ഫത്ഹുല്‍ മൂഈന്‍, പേജ് 101)
പെരുന്നാള്‍ ആശംസ
പെരുന്നാളിന് പരസ്പരം ആശംസകള്‍ അര്‍പ്പിക്കല്‍ സുന്നത്താണ്. ''തഖബ്ബലല്ലാഹു മിന്നാ വമിന്‍കും' (അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കട്ടെ) എന്ന വചനമാണ് ഇമാം ബുഖാരി(റ) ആശംസാ വചനമായി ഉദ്ധരിച്ചത്.
സത്യവിശ്വാസികൾ കണ്ടുമുട്ടുമ്പോൾ സലാം പറയലും ഹസ്തദാനവും പുണ്യകരമാണ്.
സ്വഹാബികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ കൈ പിടിച്ചു മുസാഫഹത്തു ചെയ്യും. യാത്രകഴിഞ്ഞു വരുമ്പോള്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്യും. (ത്വബ്‌റാനി) സജ്ജനങ്ങളുടെയോ സയ്യിദന്മാരുടെയോ പണ്ഡിതന്‍മാരുടെയോ കൈകള്‍ പിടിച്ചു മുസാഫഹത് ചെയ്യുമ്പോള്‍ കൈ ചുംബിക്കല്‍ സുന്നത്താണ്. (മുസാഫഹത് നടത്തിയ തന്റെ കൈ സ്വയം ചുംബിക്കുന്നതും പുണ്യം തന്നെ.) (ബിഗ്‌യ: 187)
വിനോദം
അനുവദനീയവും പ്രോത്സാഹനമര്‍ഹിക്കുന്നതുമായ കായികവിനോദവും പാട്ടുകളും ആസ്വദിക്കുന്നതും നടത്തുന്നതും പെരുന്നാള്‍ ദിനങ്ങളില്‍ അനുവദിക്കപ്പെട്ടതാണ്. ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ(റ)യുടെ വീട്ടില്‍ ഏതാനും പെണ്‍കുട്ടികള്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ) അവിടെ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. വീട്ടില്‍ പ്രവേശിച്ച സിദ്ദീഖ്(റ) ഇതു കണ്ട് മകളെ ശകാരിച്ചു ''നബി തങ്ങള്‍ കിടക്കുമ്പോളാണോ ഈ പാട്ട്?'' -സിദ്ദീഖ്(റ) ചോദിച്ചു. നബി(സ) മുഖം തുറന്നു സിദ്ദീഖ്(റ)നോട് പറഞ്ഞു: ''അബൂബക്കര്‍, ഇന്ന് പെരുന്നാളെല്ലേ അവര്‍ പാടി ആസ്വദിക്കട്ടെ.''
ഒരു പെരുന്നാള്‍ ദിനത്തില്‍ അന്നത്തെ പ്രധാന യുദ്ധോപകരണമായ ചെറുകുന്തങ്ങളെറിഞ്ഞും അതുകൊണ്ടു കുത്തിയും പരസ്പരം കളിച്ചു നബി(സ) തങ്ങളെ കാണാന്‍ മസ്ജിദുന്നബവിയിലേക്ക് വന്ന അബ്‌സീനിയന്‍ സംഘത്തിന്റെ കായിക പരിശീലനവും വിനോദവും ആയിശ(റ)യുടെ വീടിന്റെ വാതില്‍ക്കലില്‍ നിന്നു വീക്ഷിച്ച നബി തങ്ങളോടൊപ്പം നബിയുടെ മറവില്‍ അരികുപറ്റി പ്രിയപത്‌നി ആഇശ(റ)യും കാണാന്‍ തുനിഞ്ഞപ്പോള്‍ നിനക്കും കാണണോ എന്നു ചോദിച്ചുകൊണ്ട് നബി(സ) അവരോട് വീണ്ടും കളിക്കാനാവശ്യപ്പെടുകയും മണവാട്ടിയായ ആഇശ(റ)യുടെ പൂതി തീരുവോളം വാതില്‍പടിയില്‍ നിന്നുകൊടുക്കുകയും ചെയ്ത സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹുല്‍ മുസ്‌ലിമിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാം വിലക്കു കല്‍പ്പിക്കാത്ത ഏത് വിനോദവും നടത്താം, കാണാം, ആസ്വദിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ