2023 ഒക്‌ടോബർ 11, ബുധനാഴ്‌ച

100 വർഷം മുമ്പ് മഖ്ദൂം പറഞ്ഞുവെച്ചത്


"മുസ്ലിംകള്‍ 'മതനിഷ്ഠ'യുള്ള ഹിന്ദു ഭരണാധികാരികള്‍ക്ക് കീഴിലാണ് ജീവിച്ചിരുന്നത്. അവരുടെ പെരുമാറ്റം അത്യന്തം സൗമ്യവും സ്നേഹപൂര്‍ണ്ണവും സഹിഷ്ണുതാപരവുമായിരുന്നു. ഈ തണലില്‍ സുഖ സന്തോഷത്തോടെ ജീവിതം അനുഭവിച്ചു വന്നു കൊണ്ടിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ അവര്‍ മറന്നു. അവനെ ധിക്കരിക്കുന്നത് അവര്‍ക്ക് ഒട്ടും മനോവേദന ഇല്ലാത്ത കാര്യമായി. ജുമുഅ സമയത്ത് പോലും പള്ളിയില്‍ കയറാന്‍ കൂട്ടാക്കാത്ത വിഭാഗം അവര്‍ക്കിടയില്‍ ഉണ്ടായി. ഇതിനുള്ള ദൈവിക ശിക്ഷ എന്ന നിലക്കാണ് പോര്‍ച്ചുഗീസ് ക്രൈസ്തവരുടെ കൈകളില്‍ അവര്‍ ചെന്നുപെട്ടത്. പിന്നീട് അവര്‍ അനുഭവിച്ച ക്രൂരതകള്‍ വിവരണാതീതമാണ്...!

കാണുന്നിടത്ത് വെച്ചൊക്കെ അവര്‍ മുസ്ലിംകളെ മര്‍ദ്ദിച്ചു. കഴിയുന്ന രീതിയില്‍ എല്ലാം അപമാനിച്ചു. ചെളിയും മാലിന്യവും ഉള്ള സ്ഥലങ്ങളില്‍ കടന്നുപോകാന്‍ വാഹനമായി ഉപയോഗിച്ചു. മുഖത്തും ശരീരത്തിലും കാര്‍ക്കിച്ചു തുപ്പി. ഹജ്ജ് യാത്രകള്‍ മുടക്കി. സമ്പത്ത് നിരന്തരം കൊള്ളയടിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്തു. വീടുകളും പള്ളികളും അഗ്നിക്കിരയാക്കി. മുസ്ഹഫുകളും കിത്താബുകളും ചവിട്ടിയരച്ചു. പ്രവാചകനെ(സ്വ) നിന്ദ്യമായി അവഹേളിച്ചു. മുസ്ലിംകളെ പിടിച്ചു മര്‍ദ്ദിക്കുകയും കുരിശിനു മുന്നില്‍ കുമ്പിടീക്കുകയും മതവിരുദ്ധമായ വാക്കുകള്‍ പറയിക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ അവമതിക്കാന്‍ ക്രിസ്ത്യന്‍ പെണ്ണുങ്ങളെ ആടയാഭരണങ്ങള്‍ ധരിപ്പിച്ച് അവരുടെ മുന്നിലൂടെ നടത്തിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചവരുടെ കൈകാലുകളില്‍ കനത്ത ചങ്ങലകള്‍ ബന്ധിച്ചു. അടിമകളാക്കി അങ്ങാടികളില്‍ വില്‍പ്പന നടത്തി. കൂട്ടത്തോടെ പിടിച്ചു കൊണ്ടുപോയി മാലിന്യങ്ങളും ദുരഗന്ധവുമുള്ള ഇരുട്ടറകളില്‍ പാര്‍പ്പിച്ചു. മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ വെള്ളം ഉപയോഗിക്കാന്‍ അനുവദിച്ചില്ല. ശുദ്ധിയാക്കുന്നവരെ ചെരിപ്പുകൊണ്ട് അടിക്കുകയും തീകൊണ്ട് പൊള്ളിക്കുകയും ചെയ്യും. കുലീന കുടുംബങ്ങളിലെ മുസ്ലിം സ്ത്രീകളെ ബന്ധനസ്ഥരാക്കി ബലാല്‍സംഗം ചെയ്തു. നിരവധി പേര്‍ ഗര്‍ഭിണികളായി. എത്രയോ പേര്‍ ജാരസന്തതികളെ പ്രസവിച്ചു!!! സയ്യിദന്മാരെയും പണ്ഡിതന്‍മാരെയും തടവില്‍ പാര്‍പ്പിച്ചു, പലരെയും നിഷ്കരുണം കൊന്നുകളഞ്ഞു. ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി. മുസ്ലിംകളുടെ വേഷവും രൂപവും കാണുന്നത് തന്നെ അവര്‍ക്ക് അമര്‍ഷമുണ്ടാക്കിയിരുന്നു. മുസ്ലിംകളോട് അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് ദൈവത്തിനല്ലാതെ തക്ക ശിക്ഷ നല്‍കാന്‍ കഴിയില്ല..."

(തുഹ്ഫത്തുല്‍ മുജാഹിദീന്‍: അദ്ധ്യായം-2, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം)

ഈ അവസ്ഥകള്‍ തുടര്‍ക്കഥയായപ്പോള്‍ പണ്ഡിതന്‍മാര്‍ നോക്കി നിന്നില്ല. അവര്‍ മുസ്ലിംകള്‍ക്ക് പോരാട്ടത്തിന് അനുവാദം നല്‍കി. നിന്ദ്യരായി, വിശ്വാസം ഉപേക്ഷിച്ചവരായി ജീവിക്കുന്നതിനേക്കാള്‍ നാടിനു വേണ്ടിയും വിശ്വാസത്തിനു വേണ്ടിയും പോരാടി മരിക്കുന്നതിന്‍റെ ശ്രേഷ്ഠതകള്‍ അവര്‍ മുസ്ലിംകളെ പഠിപ്പിച്ചു. 'തഹ്'രീളു അഹ്'ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സ്വുല്‍ബാന്‍'(കുരിശുപൂജകരോട് പോരാടാന്‍ ഈമാനിന്‍റെ ആളുകളെ പ്രേരിപ്പിക്കുന്ന ഗ്രന്ഥം) പുറത്തിറങ്ങി. 

ബദറില്‍ ധീര രക്ത സാക്ഷ്യം വരിച്ച സ്വഹാബികളുടെ ചരിത്രങ്ങള്‍ വിപ്ലവ ഗാനങ്ങളായി. മോയിന്‍കുട്ടി വൈദ്യരുടെ 'ബദര്‍ ഖിസ്സപ്പാട്ട്' കേവലം പാട്ടായിരുന്നില്ല, പ്രാര്‍ത്ഥന കൂടിയായിരുന്നു. വ്യാപകമായി സംഘടിപ്പിക്കപ്പെട്ട സീറാ പാരായണ സദസ്സുകളില്‍ ശുഹദാക്കളുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തപ്പെട്ടു. ഉമര്‍ ഖാളിയും ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മമ്പുറം തങ്ങളും പോരാട്ടത്തിന് നേതൃത്വം നല്‍കി. കെ.മാധവന്‍ നായരെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പള്ളികളില്‍ പ്രസംഗിച്ചു. മുസ്ലിംകളും ഹിന്ദുക്കളും തോളോടുതോള്‍ ചേര്‍ന്നു. പറങ്കികളോടും വെള്ളക്കാരോടും ബ്രിട്ടീഷുകാരോടും യുദ്ധം ചെയ്ത് ആയിരങ്ങള്‍ രക്ത സാക്ഷിത്വം വരിച്ചു. ആയിരക്കണക്കിന് പേര്‍ നാടുകടത്തപ്പെട്ടു. ജയിലില്‍ അടക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും എത്രയെന്ന് ദൈവത്തിനു മാത്രമറിയാം. 

ഇതിനിടെ, മുസ്ലിംകള്‍ ഭൗതിക വിദ്യ നേടാത്തവരും സാമ്പത്തികമായി തകര്‍ന്നവരും പിന്നാക്കക്കാരുമായി. പക്ഷെ, സത്യ വിശ്വാസികള്‍ എന്ന അവരുടെ ആത്മാഭിമാനം ഒരിക്കലും നശിച്ചിരുന്നില്ല. നിരന്തരമായ ചോരച്ചാലുകള്‍ക്ക് വിരാമം കുറിച്ച് രാജ്യം സ്വതന്ത്രമായി. മുസ്ലിംകള്‍ പതിയെ പിച്ചവെച്ചു തുടങ്ങി. അറുപതാണ്ട് മുമ്പ് അവരുടെ പൂര്‍വികര്‍ ഗള്‍ഫിലേക്ക് കുടിയേറി. പതിയെ അവര്‍ക്ക് സാമ്പത്തിക സുസ്ഥിതി കൈവന്നു. മക്കള്‍ വിദ്യാഭ്യാസം നേടി. അവര്‍ പള്ളികളും ദീനീ സ്ഥാപനങ്ങളും ആവോളം നിര്‍മ്മിച്ചു. രാഷ്ട്രീയമായി കരുത്തുനേടി. നഷ്ടപ്പെട്ടതൊക്കെ പതിയെ അവര്‍ തിരിച്ചു പിടിച്ചു. 

പക്ഷെ, ഇപ്പോള്‍ പറങ്കികള്‍ അധിനിവേശം നടത്തിയതിനു സമാനമായ സാഹചര്യം ഉരുണ്ടു കൂടുകയാണ്. സുഖജീവിതം ഒരു നൂറ്റാണ്ടിനപ്പുറം കടക്കില്ലെന്ന അവസ്ഥ സംജാതമാകുന്നു. പഴയ പീഡനകാലം അവരെ തുറിച്ചു നോക്കുന്നു. ഫാഷിസം അതിന്‍റെ കോമ്പല്ലുകള്‍ കൊണ്ട് ഇളിക്കുകയും ആക്രോശം മുഴക്കുകയും ചെയ്യുന്നുണ്ട്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്ത ജനത വിജയിക്കില്ല. നാലു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. 

ഒന്ന്, സമൃദ്ധി ഉണ്ടാകുമ്പോള്‍ ദൈവത്തെ മറക്കുന്നവരെ അവന്‍ കൈവിടുമെന്നതാണ്. ധിക്കാരികള്‍ക്ക് മേല്‍ അല്ലാഹു ശത്രുക്കളെ കയറൂരി വിടും. പടച്ചവനോട്‌ കരാര്‍ ചെയ്ത ജനതയാണ് മുസ്ലിംകള്‍. ജീവ-ധനാദികള്‍ അവന്‍റെ സ്വര്‍ഗത്തിന് പകരമായി വിറ്റവരാണവര്‍. അനുസരണത്തിലേക്ക് തിരിച്ചു വരാതെ അവര്‍ക്ക് നിലനില്‍പ്പില്ല. 

രണ്ട്, പരസ്പരം തര്‍ക്കിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന ജനത ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയായിരിക്കും. ഒരു ചെറിയ സൂചി മതി അതിനെ നശിപ്പിക്കാന്‍. ആള്‍ക്കൂട്ടങ്ങള്‍ എന്നും പൊങ്ങുതടികള്‍ മാത്രമാണ്. അതുകൊണ്ട്, അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിച്ച് ഒന്നിച്ചു നില്‍ക്കാന്‍ നമുക്ക് കഴിയണം. 

മൂന്ന്, അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ശത്രുക്കള്‍ക്ക് മുന്നില്‍ വിശ്വാസവും ആത്മാഭിമാനവും പണയം വെക്കുന്നവര്‍ നിന്ദ്യരായിത്തീരും. ഈ പ്രപഞ്ചം അല്ലാഹുവിന്‍റെതാണ്. താല്‍ക്കാലികമായി അവന്‍ ചിലര്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ പരീക്ഷണം മാത്രമാണ്. ആ അധികാരം കണ്ട് യഥാര്‍ത്ഥ ശക്തിയുടെ, അധികാരത്തിന്‍റെ ഉടമയെ മറക്കുകയും സൃഷ്ടികളെ പേടിക്കുകയും ചെയ്യുന്നവര്‍ക്ക് നിന്ദ്യമായ മരണമാണ് അവന്‍ വിധിക്കുക. അതുകൊണ്ട്, 'ഭയപ്പെടാതിരിക്കുക. വിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍'. 

നാല്, നാടിനെ നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ എന്നും നമ്മോടൊപ്പം സഹോദര സമുദായങ്ങള്‍ ഉണ്ടായിരുന്നു. കാരണം, ഒരു നാട്ടില്‍ ഒരു ജനതയെ മാത്രമായി നാശം പിടികൂടില്ല. ഒരു വിഭാഗം എങ്ങനെ ക്ഷയിക്കുന്നുവോ, തത്തുല്യമായ രീതിയില്‍ മറുഭാഗവും നഷ്ടത്തെ നേരിടേണ്ടി വരും. അതറിയുന്നവരാണ് മറ്റുള്ളവര്‍. അവരില്‍ ചിലര്‍ അക്രമത്തിന്‍റെ വഴി സ്വീകരിക്കുന്നു എന്ന് കരുതി എല്ലാവരെയും നാം അവിശ്വസിക്കാന്‍ പാടില്ല. മാത്രമല്ല, അക്രമികള്‍ക്കെതിരെ നമ്മളും അവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കുകയാണു വേണ്ടത്. നമുക്ക് സംഘടനകളുണ്ട്; പണ്ഡിത സഭകളുണ്ട്. തക്കസമയത്ത് ദീർഘവീക്ഷണത്തോടെ ഉചിതമായതും ഉറച്ചതുമായ നിലപാടെടുക്കാൻ അവർക്ക് കഴിയണം. നിരാശ നമ്മുടെ മാർഗമല്ല. ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കര്‍മ്മ പഥത്തില്‍ മുന്നേറുക. 
................
മാലിക് വീട്ടിക്കുന്ന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...