ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് ഏതാണ്ട് 150 കിലോ മീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറൻ പൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി മാത്രമായ ഈ നഗരം ഇന്ന് ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നത് അവിടെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ വൈജ്ഞാനിക ഭവന(ദാറൂൽ ഉലൂം)ത്തിന്റെ പേരിലാണ്.
മുസ്ലിം ലോകത്താകെ പ്രശസ്തിയുടെ യശോധാവള്യം പരത്തിയ വിദ്യാലയം. ഒരു പ്രദേശത്തിനും രാജ്യത്തിനാകെയും പെരുമയുടെ കീർത്തിമുദ്ര ചാർത്തിയ സ്ഥാപനം.
ചരിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ഈ വിദ്യാകേന്ദ്രത്തിന്റെ പിറവി ഇന്ത്യൻ മുസ്ലിംകളുടെ പിൽക്കാല ചരിത്രത്തിൽ ഏറെ നിർണായകവും ദൂരവ്യാപകവുമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചു.
1867 മെയ് 30 (ഹിജ്റ വര്ഷം 1283 മുഹര്റം 15)നാണ് ഈ സ്ഥാപനത്തിന് അസ്തിവാരമിടുന്നത്.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ബഹദൂര്ഷാ സഫറിനെ മുൻ നിർത്തി നടത്തിയ ചെറുത്തുനില്പ്പ് 1857-ല് അടിച്ചമര്ത്തപ്പെടുകയും മുഗൾ ഭരണത്തിന്റെ അവസാനത്തെ ചിഹ്നവും തേച്ചുമായ്ക്കപ്പെടുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില് പിടിമുറുക്കി. മുസ്ലിംകള് തങ്ങളുടെ നൂറ്റാണ്ടുകളുടെ പ്രതാപ ചിഹ്നങ്ങളും രാഷ്ട്രീയ അസ്തിത്വവും തകര്ന്ന് തികഞ്ഞ നഷ്ടബോധത്തിലും അനാഥത്വത്തിലുമാണ്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിക്കുന്ന അവസ്ഥ. സ്പെയിനിന്റെ ദുരനുഭവം അവരെ തുറിച്ചു നോക്കുന്നു!
ഇത്തരമൊരു ഘട്ടത്തിലാണ് പ്രതിരോധത്തിന്റെയും ആത്മരക്ഷയുടെയും യഥാര്ത്ഥ ഉള്ക്കരുത്ത് വൈജ്ഞാനിക അസ്തിവാരത്തിലാണെന്ന് തിരിച്ചറിഞ്ഞ ഒരുപറ്റം ദീർഘദർശികൾ ദാറുൽ ഉലൂം എന്ന പേരിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില് യു.പി.യിലെ താനഭവൻ, ശാംലി പ്രദേശങ്ങളില് ചെറുത്തു നില്പ്പിന് നേതൃത്വം നല്കുക വഴി ഏറെ മതിപ്പും സ്വീകാര്യതയും നേടിയിരുന്നു.
ശൈഖ് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവി(മരണം 1880)യായിരുന്നു ഇതിന്റെ മുൻ നിരയിൽ .
പ്രമുഖ പണ്ഡിതനും പ്രബോധകനും പോരാളിയുമായിരുന്ന ശൈഖ് നാനൂഥവി, ക്രിസ്ത്യൻ മിഷനറിമാർ, ഖാദിയാനികൾ , തുടങ്ങിയ വിഭാഗങ്ങള്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സംവാദങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്യുക വഴിയും പ്രശസ്തി നേടിയിരുന്ന അദ്ദേഹത്തോടൊപ്പം പ്രമുഖ ഹദീസ് പണ്ഡിതൻ മൗലാനാ റശീദ് അഹ്മദ് ഗംഗോഹി(1905) പ്രമുഖ അറബി കവിയും പണ്ഡിതനുമായിരുന്ന ശൈഖ് ദുല്ഫിഖാര് അലി ദയൂബന്തി(1905) അല്ഹാജ് ആബിദ് ഹുസൈന് ദയൂബന്തി(1912) ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂഥവി(1884) ശൈഖ് റഫീഉദ്ദീന്(1890) ശൈഖ് ഫദ്ലുര്റഹ്മാന് ഉസ്മാനി(1907) തുടങ്ങിയവരും സജീവമായി സഹകരിച്ചു.
അങ്ങനെ ഒരു മുഹര്റ മാസം 15-ന് വ്യാഴാഴ്ച (1283) ചത്താ മസ്ജിദ് എന്ന പേരില് അറിയപ്പെടുന്ന പുരാതന പള്ളിയുടെ മുൻ വശത്ത് ഒരു മരത്തിന്റെ ചുവട്ടിൽ മുല്ലാ മഹ്മൂദ് എന്ന അധ്യാപകന് മഹ്മൂദ് ഹസൻ എന്ന വിദ്യാര്ത്ഥിക്ക് അറിവ് പകര്ന്നു നല്കി ആരംഭിച്ച കൊച്ചു മദ്റസയാണ് പില്ക്കാലത്ത് വളര്ന്നു വികസിച്ച് ഇന്ത്യയിലെ മുസ്ലിം ചരിത്രത്തിന് പുതിയ ദിശാ സൂചി നല്കി തല ഉയര്ത്തി നില്ക്കുന്ന 'ദാറുല് ഉലൂം ദയൂബന്ദ്്' എന്ന ഇസ്ലാമിക സര്വകലാശാലയായി മാറിയത്.
അന്ന് പ്രഥമ വിദ്യാര്ത്ഥിയായി പഠനം തുടങ്ങിയ മഹ്മൂദ് ഹസന് അവിടെ തന്നെ പഠനം പൂര്ത്തിയാക്കി. അതേ സ്ഥാപനത്തില് അധ്യാപകനായും ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനായും സ്വാതന്ത്ര്യ സമര സേനാനിയായും ബ്രിട്ടീഷ് അധികൃതരുടെ കണ്ണിലെ കരടായും മാറി. ഇന്ത്യന് മുസ്ലിംകള് ശൈഖുല് ഹിന്ദ് മഹമൂദ് ഹസൻ ദയൂബന്ദി(1851-1920)എന്നു വിളിച്ച, നിശ്ചയ ദാര്ഢ്യവും ത്യാഗബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും ആസൂത്രണ വൈഭവവും ഒത്തു കൂടിയ അദ്ദേഹം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന നിരവധി പദ്ധതികള്ക്ക് രൂപം നല്കി.
ഇന്ത്യയിലേയും വിദേശത്തേയും അനവധി വ്യക്തികളെയും സംഘങ്ങളെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് നയിച്ചു.
ബ്രിട്ടീഷ് വിരുദ്ധ ചേരിയിലുള്ള പല രാജ്യങ്ങളുമായും നേരില് ബന്ധപ്പെട്ടും ദൂതന്മാരെ അയച്ചും അദ്ദേഹം സൈനിക-രാഷ്ട്രീയ ശക്തി സംഭരിക്കാന് പ്രേരിപ്പിച്ചു. തന്റെ കാഴ്ചപ്പാടുകളും പദ്ധതികളും അതീവ രഹസ്യമായി കൈമാറാന് പട്ടുതുണികളാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല് ഈ നീക്കങ്ങള് 'ആന്റികൊളോണിയല് സില്ക്ക് ലെറ്റര് കോണ്സ്പിറസി' എന്ന പേരില് അറിയപ്പെട്ടു. പിന്നീട് ഇദ്ദേഹത്തേയും ശിഷ്യനായ ഹുസൈന് അഹ്മദ് മദനി (1957)യെയും ബ്രിട്ടീഷ് അധികൃതര്ക്ക് കൈമാറുകയും മാള്ട്ടായിലേക്ക് നാടുകടത്തുകയും ചെയ്തു. അതിനാല് 'അസീറെ മാള്ട്ടാ' എന്ന പേരിലും ശൈഖുല് ഹിന്ദ് അറിയപ്പെടുന്നു.
ഇസ്ലാമിക വിശ്വാസവും സംസ്കാരവും അതിന്റെ തനിമയോടെ നിലനിര്ത്താന് ആവശ്യമായ വിദ്യാഭ്യാസം നല്കുക, ഇതിനായി അധ്യാപനം, പത്രപ്രവര്ത്തനം, ഗ്രന്ഥരചന, മാര്ഗ നിര്ദ്ദേശങ്ങള് തുടങ്ങിയവക്ക് വേണ്ട സംവിധാനങ്ങള് ഒരുക്കുക. ആലസ്യത്തിലും സുഖനിദ്രയിലും കഴിയുന്ന മുസ്ലിംകളെ തട്ടിയുണര്ത്തി അവരുടെ കടമകളും ദൗത്യങ്ങളും സംബന്ധിച്ച് ബോധവല്ക്കരിക്കുക. വിശ്വാസ രംഗത്ത് വന്നുപെട്ട അപചയങ്ങളും ദുരാചാരങ്ങളും നിര്മാര്ജനം ചെയ്യാന് പരിശ്രമിക്കുക, ഇതിന് വേണ്ട വിദ്യാലയ ശൃംഖലകള് രാജ്യത്തുടനീളം സ്ഥാപിക്കാന് മുന്കൈയെടുക്കുക, ക്രിസ്ത്യന് മിഷനറിമാരുടെയും ഓറിയന്റലിസ്റ്റുകളുടെയും മറ്റു നിരീശ്വര-നിര്മത പ്രസ്ഥാനങ്ങളുടെയും ഗൂഢതന്ത്രങ്ങള് തിരിച്ചറിയാനും ചെറുത്തുനില്ക്കാനും മുസ്ലിംകളെ പ്രാപ്തരാക്കുക, ഖാദിയാനി ബഹായീ പ്രസ്ഥാനങ്ങളുടെ കുതന്ത്രങ്ങളെ തുറന്നു കാട്ടുക, കൊളോണിയലിസത്തിന്റെ കരാള ഹസ്തങ്ങളില് നിന്ന് രാജ്യത്തെ രക്ഷിക്കാന് വേണ്ട സന്നാഹങ്ങള് ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്ഥാപനം അടിസ്ഥാനപരമായി മുന്നില് കണ്ടത്.
ആ ലക്ഷ്യങ്ങളുടെ സാക്ഷാല്ക്കാരത്തില് സ്ഥാപനവും സന്തതികളും ബഹുദൂരം മുന്നോട്ടു പോയെന്ന് പില്ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പാരമ്പര്യത്തിന്റെ തനിമയും മഹിമയും നിലനിര്ത്തി വേണം ദീനീ സ്ഥാപനം നില്നില്ക്കേണ്ടതെന്ന കാര്യത്തില് സ്ഥാപക നേതാക്കള്ക്ക് നിര്ബന്ധബുദ്ധിയുണ്ടായിരുന്നു. അതിനാല് വിനയവും ലാളിത്യവും മുഖമുദ്രയായി അവര് സ്വീകരിച്ചു.
സുഖലോലുപതയും ആര്ഭാട ജീവിതവുമായി അവര് അകലം പാലിച്ചു.
സ്ഥാപനത്തിന് സ്ഥായിയായ വരുമാനമോ സര്ക്കാര് സഹായമോ സ്വീകരിക്കരുതെന്നും അതാത് കാലത്തെ സാധാരണക്കാരായ മുസ്ലിം സഹോദരങ്ങള് നല്കുന്ന സംഭാവനകളില് ആശ്രയം അര്പ്പിച്ചു മുന്നോട്ടു പോകണമെന്നം സ്ഥാപകര് പ്രത്യേകം എഴുതിവച്ചു. ഇതിന് വിരുദ്ധമായി നീങ്ങിയാല് ദൈവിക ആശ്രയത്വത്തിന്റെ കണ്ണി അറ്റുപോകുമെന്നും പ്രവര്ത്തകര്ക്കിടയില് ഭിന്നത ഉടലെടുക്കുമെന്നും വരെ സ്ഥാപകന് മൗലാനാ ഖാസിം നാനൂഥവി ദീര്ഘദര്ശനം ചെയ്തു.
1980-കളില് നൂറാം വാര്ഷികാഘോഷ പരിപാടികള്ക്ക് (സദ്സാല) ശേഷം സ്ഥാപനത്തില് ഉടലെടുത്ത ഭിന്നതയും ചേരിതിരിവും ആ ദീര്ഘദര്ശനം ശരിവയ്ക്കുന്നതരത്തിലായിരുന്നു.
ഒരു ലക്ഷം ചതുരശ്ര മീറ്റര് ചുറ്റളവില് വ്യാപിച്ചു കിടക്കുന്ന ദാറുല് ഉലൂം കാമ്പസ്, പുരാതന പേര്ഷ്യന് ഇസ്ലാമിക ശില്പ വിദ്യയില് പണിത കോട്ട സമാനമായ കെട്ടിടങ്ങളാല് മിക്കവാറും വലയം ചെയ്ത നിലയിലാണ്.
വിവിധ വിഭാഗങ്ങളിലുള്ള പഠനങ്ങള്ക്ക് പ്രത്യേകം ക്ലാസ്മുറികളും ഹോസ്റ്റലുകളും. ദാറുല് ഹദീസ്, ദാറുത്തഫ്സീര്, ദാറുല് ഇഫ്താ, ദാറുല് ഖുര്ആന്, അറബി ഭാഷ, പഠന വിഭാഗം, കമ്പ്യൂട്ടര് വിഭാഗം, പത്ര-രചനാ പരിശീലന വിഭാഗം, വിവിധ മത-പ്രത്യയ ശാസ്ത്ര പഠന വിഭാഗം, ഇംഗ്ലീഷ് പഠന വിഭാഗം, ദാറുദിയാഫ (ഗസ്റ്റ് ഹൗസ്), മൂന്ന് പള്ളികള്, വിവിധ പേരുകളിലുള്ള ഹോസ്റ്റലുകള്. പ്രോപഗേഷന് ആന്റ് ഗൈഡന്സ് ബ്യൂറോ, പബ്ലിഷിങ്ങ് ആന്റ് ഡിസ്ട്രിബ്യൂഷന് ഓഫീസ്, ദാറുല് ഉലൂം ഉര്ദു മാസിക, അദ്ദാഈ അറബി മാസിക, ശൈഖുല് ഹിന്ദ് അക്കാദമി.
രണ്ടര ലക്ഷത്തില്പരം ഗ്രന്ഥങ്ങളുള്ള ബൃഹത്തായ ലൈബ്രറി. നൂറില്പ്പരം അധ്യാപകരും 300-ല്പ്പരം മറ്റു ജീവനക്കാരും. ഓരോ വര്ഷവും വിവിധ വിഷയങ്ങളില് 25,000-ല്പ്പരം ഫത്വകള് ഇവിടെ നിന്ന് നല്കപ്പെടുന്നു. വര്ഷംപ്രതി ശരാശരി 4000 വിദ്യാര്ത്ഥികള് വിവിധ വിഭാഗങ്ങളില് പ്രവേശനം നേടുന്നു. ഇതിനകം ഒരു ലക്ഷത്തിലധികം പേര് പഠനം പൂര്ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് സേവനം ചെയ്യുന്നു.
ഹദീസ് പഠനമാണ് ദാറുല് ഉലൂമിന്റെ മുഖമുദ്ര. ഹദീസ് പഠനരംഗത്ത് ഈ സ്ഥാപനവും അതിലെ അധ്യാപകരും സന്തതികളും അര്പ്പിച്ച സേവനങ്ങള് ഒരുപക്ഷേ, ലോകത്ത് മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും വേറിട്ടതുമാണ്. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി എന്ന വിഖ്യാത ഇന്ത്യന് പണ്ഡിതന് കൊളുത്തിവെച്ച ആ ദീപശിഖ അണയാതെ കാത്തുസൂക്ഷിക്കുകയും പുതിയ തലമുറകള്ക്ക് കൈമാറുകയും ചെയ്യുകയാണവര്.
ദയൂബന്ദില് നിന്നു പഠനം പൂര്ത്തിയാക്കി പുറത്തിറങ്ങുന്നവര് സ്ഥാപകനിലേക്ക് ചേര്ത്തു 'അല്ഖാസിമി' എന്ന പേരിലാണ് അറിയപ്പെടുന്നത്. റശീദ് അഹ്മദ് ഗംഗോഹി (1905), മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (ഹി: 1267), അശ്റഫ് അലി ഥാനവി (1943), ഹുസൈന് അഹ്മദ് മദനി (1957), അല്ലാമാ ശബ്ബീര് അഹ്മദ് ഉസ്മാനി (1949), അന്വര്ഷാ കാശ്മീരി (1933), മുഫ്തി അസീസുര്റഹ്മാന് ഉസ്മാനി(ഹി: 1347),ഫഖ്റുദ്ദീന് അഹ്മദ് മുറാദാബാദി (1972), മുഫ്തി മുഹമ്മദ് കിഫായത്തുല്ലാഹ് ദഹ്ലവി (ഹി: 1372), മുഫ്തി അതീഖുര് റഹ്മാന് ഉസ്മാനി (1984), ഖാരി മുഹമ്മദ് ത്വയ്യിബ് അല്ഖാസിമി (1983) തുടങ്ങിയവര് ദയൂബന്ദിന്റെ സംഭാവനകളാണ്.
ഇന്ത്യയുടെ വിവിധ കോണുകളില് നിന്ന് മുസ്ലിം വ്യക്തിനിയമത്തിനെതിരിലും ഏക സിവില്കോഡിന് അനുകൂലമായും ശബ്ദം ഉയര്ന്നപ്പോള് 'ആള് ഇന്ത്യാ മുസ്ലിം പേഴ്സനല് ലോ ബോര്ഡ് എന്ന പേരില് 1972ല് ഒരു മുസ്ലിം പൊതുവേദി രൂപംകൊണ്ടു. സുന്നീ-ശിആ, ദയൂബന്ദി-ബറേല്വി തുടങ്ങി ഇന്ത്യയില് എന്നും തമ്മിലകന്നു കഴിയുന്ന വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചണിനിരത്തി നീണ്ട ചര്ച്ചകള്ക്കും കൂടിയാലോചനകള്ക്കും ശേഷം രൂപംകൊണ്ട ഈ ബോര്ഡിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ദയൂബന്ദ് സ്ഥാപകന്റെ പൗത്രന് കൂടിയായ ഖാരി ത്വയ്യിബ് സാഹിബായിരുന്നു.
മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്ന്നു. ശേഷം സയ്യിദ് അബുല് ഹസന് അലി നദ്വി (മരണം 1999) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹവും ദാറുല് ഉലൂം ദയൂബന്ദില് നിന്ന് വിജ്ഞാനം സമ്പാദിച്ച ലോക പ്രശസ്ത പണ്ഡിതനാണ്.
പേഴ്സനല് ലോ ബോര്ഡ് സെക്രട്ടറിയായിരുന്ന മിന്നത്തുല്ലാഹ് റഹ്മാനി, ആള് ഇന്ത്യാ ഫിഖ്ഹ് അക്കാദമി ചെയര്മാന് മുജാഹിദുല് ഇസ്ലാം അല് ഖാസിമീ, തബ്ലീഗ് ജമാഅത്ത് സ്ഥാപകന് മൗലാന മുഹമ്മദ് ഇല്യാസ് കാന്തലവി, മലേഷ്യയിലെ കെലന്താന് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന നിക് അബ്ദുല് അസീസ് നിക്മത്ത്, ലോക്സഭാഗമായിരുന്ന മൗലാനാ അസ്റാറുല് ഹഖ് ഖാസിമി, ആസാമിലെ എ.ഐ.യു.ഡി.എഫ് സ്ഥാപക പ്രസിഡണ്ട് മൗലാനാ ബദ്റുദ്ദീന് അജ്മല് ഖാസിമി തുടങ്ങി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകരും പ്രധാന നേതാക്കളുമായ ഒട്ടേറെ പേര് ദാറുല് ഉലൂമിന്റെ സന്തതികളായുണ്ട്.
ഉപരിപഠനത്തിന് പ്രധാനമായും വെല്ലൂര് ബാഖിയാത്ത് അറബി കോളജായിരുന്നു, കേരളീയര് ആശ്രയിച്ചിരുന്നതെങ്കിലും ദയൂബന്ദിലും അവര് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. ശൈഖ് ഹസന് ഹസ്റത്ത്, മുസ്തഫാ ആലിം സാഹിബ്, കെ.കെ അബൂബക്കര് ഹസറത്ത്, പാനൂര് സഹ്റാ കോളജ് സ്ഥാപകന് സയ്യിദ് ശിഹാബുദ്ദീന് പൂക്കോയ തങ്ങള്, നൂഹ് മൗലവി, ശര്ഖാവി അബ്ദുല്ഖാദിര് മുസ്ല്യാര്, സയ്യിദ് അബ്ദുർ റഹ്മാൻ അസ്ഹരിതങ്ങൾ ശൈഖ് ബഷീർ അഹ്മദ് മുഹ്യുദ്ധീൻ ശൈഖ് യൂസഫ് അസ്ഹരി ഷർണൂർ) സമസത കേരള ജംഇയ്യത്തുൽ ഉലമ ഇപ്പോഴെത്തെ പ്രസിഡെണ്ട് സയ്യിദ് മുത്തു കോയ തങ്ങൾ (ജിഫ്രി) തുടങ്ങി പല പ്രഗൽഭൻമാരും ദയൂബന്ദിൻ്റെ സംഭാവനകൾ ആണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ