ആ രക്ത സാക്ഷിത്വത്തിന് 32 വർഷം തികഞ്ഞ ഓർമ്മ ദിനമാണ് ഇന്ന്..
അധികാരത്തിന്റെ തിണ്ണ ബലത്തിൽ ഒരു ബാല്യത്തിന്റെ നെഞ്ചിലെ സ്വപ്നങ്ങളിലേക്ക് വെടി ഉതിർത്ത് മണ്ണിൽ ചോര കൊണ്ട് ചെമ്പരത്തി വിരിയിച്ചത് ഞങ്ങൾ മറന്നു പോയിട്ടില്ല. ഞങ്ങളുടെ ഓർമ്മകൾക്ക് മേലെ ഒരു തമ്പുരാനും മാറാല കെട്ടി നിർത്താൻ കഴിയില്ല..
11 വയസ്സുക്കാരിയായ സിറാജുന്നിസ എന്ന പൈതലിനെ മുഖ്യ പ്രതിയാക്കി കേസ്സുകൾ ചമച്ച
പോലീസ് ഏമാന്മാരിൽ പലരും ഇപ്പോൾ സർക്കാർ സർവ്വീസിൽ നിന്ന് അടിത്തൂൺ പറ്റി പേരക്കിടാങ്ങളെ ലാളിച്ചിരിക്കുന്നുണ്ടാവും.നിങ്ങളുടെ പേരമക്കളെ കൊഞ്ചിച്ചിരിക്കുമ്പോഴും മരിക്കുവോളം നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കുന്ന ആ പെൺ പൈതലിനെ ഞങ്ങൾ ആദരവോടെ സിറാജുന്നീസ എന്ന് വിളിക്കും.
പാലക്കാട്ടെ പുതുപ്പള്ളി തെരുവിൽ മുസ്ലിങ്ങളുടെ ശവശരീരത്തിന് വേണ്ടി അലറി വിളിച്ച പോലീസ് ഏമാൻ ഏറെ കാലം നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായിരുന്നു, ഇപ്പോഴും അടിത്തൂൺ പറ്റിയ അയാളെ ശിഷ്ട കാലവും അയാളെ സുരക്ഷിതനാക്കി സർക്കാർ തീറ്റി പോറ്റുന്നുണ്ട്..
അയാളുടെ മുസ്ലിം ശവ ശരീരങ്ങളെ മനസ്സ് കൊണ്ട് ഭോഗിക്കാനുള്ള ആഗ്രഹങ്ങളെ അയാളുടെ യജമാന ഭക്തിയുള്ള അടിമകളായ പോലീസ് ഉദ്യോഗസ്ഥർ ഒരു പെൺ പൈതലിനെ വെടി വെച്ച് കൊന്ന് അയാൾക്ക് കാഴ്ച വെച്ചാണ് അയാളിൽ നിന്നും പട്ടും, വളയും വാങ്ങിച്ചത്...
ആ പാവം പെൺകുട്ടി അവളുടെ പാഠപുസ്തകത്തിൽ കിനാവുകൾ നിറച്ചു കാത്തു വെച്ച മയിൽ പീലികൾ ചാപ്പിള്ളകളെ പെറ്റു കൂട്ടിയത്, അവളുടെ മധുര മിഠായികളിൽ ഉറുമ്പരിച്ചത്.അവളുടെ കളി കൂട്ടുകാരികൾ മൗനം കൊണ്ട് ലോകത്തോട് പക വീട്ടിയത്.
ഒരു വീടിന്റെ മഞ്ഞും, മഴയും ആയി പെയ്തിരുന്നവൾ ചുറ്റുമുള്ളവരെ പൊരി വെയിലിൽ നിർത്തി ആകാശത്തേക്ക് പറന്നു പോയത് ഇത് പോലെയുള്ള ഒരു ദിവസമാണ്.
അവൾ നക്ഷത്രവും, നിലാവും ആയി വെളിച്ചം പരത്താൻ ഇല്ലാതായപ്പോൾ അവളുടെ പ്രിയപ്പെട്ട ഉമ്മയും അവളെ തിരഞ്ഞു സ്വർഗ്ഗത്തിലേക്ക് പോയി..
11 വയസ്സുക്കാരിയെ ഒരു കലാപത്തിലെ മുഖ്യ പ്രതിയാക്കിയ ഏമാന്മാരൊന്നും പിന്നീട് മനസ്സ് അറിഞ്ഞു ചിരിച്ചിരിക്കില്ല. നിങ്ങളുടെ നെടുവീർപ്പിൽ പോലും ഞങ്ങളുടെ കുഞ്ഞിന്റെ ശ്വാസനിശ്വാസങ്ങളുണ്ട്.
ഇന്നും നിങ്ങൾക്ക് മുസ്‌ലിം ശവശരീരങ്ങളെ ഭോഗിച്ചു തീർക്കാനുള്ള കൊതി അടങ്ങിയിട്ടില്ല. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ജന്മം കൊണ്ട് ജീവിതം കൊണ്ട് സാക്ഷ്യം പറഞ്ഞ ഈ മണ്ണിൽ തന്നെ രക്ത സാക്ഷിത്വം കൊണ്ടും ഞങ്ങൾ സാക്ഷ്യം പറയും.
അതിന് എതിരിടാൻ നിന്റെയൊന്നും ഒരു വെടിയുണ്ടകൾക്കും സാധ്യമല്ല.
സിറാജുന്നിസ ഞങ്ങളുടെ ഓർമ്മകൾക്ക് ഇപ്പോഴും കരുത്തും, കാവലും ആവുന്നുണ്ടെന്ന് മാത്രമേ ഈ ഓർമ്മയുടെ ആണ്ടറുതിയിലും എല്ലാ തമ്പുരാക്കന്മാരോടും ഉച്ചത്തിൽ പറയാൻ ഉള്ളൂ..
ഞങ്ങളെയും, ഞങ്ങളുടെ കൊച്ചു പൈതങ്ങളെയും വേട്ട നായ്ക്കളെ നിങ്ങൾ കൊന്ന് തിന്നുക..
അപ്പോഴും ഞങ്ങൾ മഞ്ഞിൽ വിരിഞ്ഞു നിൽക്കും മുല്ല മൊട്ടു പോലെ ഈ മണ്ണിൽ സുഗന്ധം പരത്തി കൊണ്ടിരിക്കും..
പി. എം യൂനുസ് സലീം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ