• അറിവിൻ ലോകത്തെ മഹാ സാഗരം.
• എല്ലാ വിജ്ഞാന ശാഖകളിലും പാണ്ഡിത്യം.
• അറുനൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവ്.
• പത്താം നൂറ്റാണ്ടിലെ മുജദ്ദിദ്.
ഹിജ്‌റ 849 റജബ് മാസം ഒന്നിന് (1445 ഒക്ടോബർ 3) ഞായറാഴ്ച മഗ്‌രിബ് ന് ശേഷം ഈജിപ്ത് ലെ കെയ്റോ യിൽ ജനനം.
അബ്ദുറഹ്മാൻ എന്നാണ് യഥാർത്ഥ നാമം.
ജലാലുദ്ധീൻ എന്നത് സ്ഥാനപ്പേരാണ്.
അബുൽ ഫള്ൽ, ഇബ്നുൽ കുതുബ് (കിതാബുകൾക്കിടയിൽ ജനിച്ചത് കാരണം) എന്നീ ഓമനപ്പേരുകളും മഹാനുണ്ട്.
പിതാവ് : അബൂബക്കർ ബ്നു മുഹമ്മദ്, വലിയ ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതനായിരുന്നു, ഫറാഇളിൽ (അനന്തരാവകാശവുമായി ബന്ധപ്പെട്ട പഠനം) പ്രതേകിച്ചും. പിതാ മഹാന്മാരിൽ പെട്ട ഹുമാമുദ്ധീൻ എന്നവർ ഹഖീഖത്തിലും ത്വരീഖത്തിലും അറിയപ്പെട്ട ശൈഖ് ആയിരിന്നു. ദീനിന്റെ ഖാദിമീങ്ങളും നാട്ടിലെ പ്രധാനികളും ദീനീ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവരും ഇൽമിന്റ അഹ്ലുകാരെ സ്നേഹിക്കുന്നവരും ആയിരുന്നു മഹാന്റെ കുടുംബം.
സുയൂത്വിയ്യ്, ഖുളൈരിയ്യ് :
മഹാന്റെ പേരിന്റെ കൂടെ കാണാറുള്ള ഖുളൈരിയ്യ് എന്നത് പിതാമഹന്മാരിലൊരാൾ ബാഗ്ദാദ് ലെ ഖുളൈരിയ്യ എന്ന സ്ഥലത്ത് നിന്നും വന്നവരായത് കൊണ്ടാണ്. ഈജിപ്തിലെ സുയൂത്വ് എന്ന സ്ഥലത്താണ് അവർ താമസമാക്കിയത്. ഇതിലേക്ക് ചേർത്തിയാണ് മഹാനെ ഇമാം സുയൂത്വി എന്ന് വിളിക്കുന്നത്. മഹാൻ ജനിക്കുന്നതും വഫാതാകുന്നതും സുയൂത്വിൽ ആയിരുന്നില്ല.
കുട്ടിക്കാലം :
പിതാവിന്റെ കൂടെ കൈറോ യിലാണ് വളരുന്നത്. മൂന്ന് വയസ്സായപ്പോൾ തന്നെ ഉപ്പയുടെ കൂടെ മഹാനായ ഇബ്നു ഹജറിനിൽ അസ്ഖലാനി (റ) വിന്റെ സ്വഹീഹു മുസ്‌ലിം ക്ലാസ്സിൽ പങ്കെടുക്കാൻ വേണ്ടി പോകുമായിരുന്നു.
അത് പോലെ, `ഔലിയാക്കളിൽ പ്രമുഖനായ അശൈഖ് മുഹമ്മദ് ൽ മജ്ദൂബ് എന്നവരുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി ബർകത്ത് എടുക്കാറുണ്ടായിരുന്നു´. (ഹുസ്‌നുൽ മുഹാളറ ഫീ താരീഖി മിസ്‌റ വൽ ഖാഹിറ : സുയൂത്വി (റ) )
ഉപ്പയുടെ തണൽ ദീർഘ കാലം നീണ്ടു നിന്നില്ല. അഞ്ചാം വയസ്സിന്റെ അവസാനത്തിൽ ഉപ്പ യാത്രയായി. ഈ സമയത്തു തന്നെ മഹാൻ ഖുർആൻ ലെ സൂറത്തു തഹ്‌രീം വരെ മനഃപാഠമാക്കിയിരുന്നു. പിന്നീട് പിതൃ സുഹത്തുക്കളിലൊരാളായ കമാലുബ്നുൽ ഹുമാം എന്നവരുടെ കൂടെ യത്തീമായി വളരുന്നു.
എട്ട് വയസ്സ് ആയപ്പോയേക്കും ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമാക്കി. അതോടൊപ്പം ഉംദത്തുൽ അഹ്‌കാം, അൽഫിയ്യ ത്തു ബ്നു മാലിക്, മിൻഹാജ് (ഇമാം നവവി (റ)), മിൻഹാജ് (ഇമാം ബൈളാവി (റ)), തുടങ്ങിയവയും മനഃപാഠമാക്കി.
മഹാനായ ഇമാം മഹല്ലി(റ) വിന്റെ ക്ലാസ്സിൽ ഒരു വർഷം പങ്കെടുത്തു. ആഴ്ചയിൽ രണ്ട് ദിവസമാണ് മഹാനവർകളുടെ ക്ലാസ്സ് ഉണ്ടായിരുന്നത്.
പഠനം :
പതിനഞ്ചാം വയസ്സിൽ തന്നെ അറിവ് തേടിയുള്ള യാത്ര ആരംഭിച്ചു. ഒരു പണ്ഡിതനെ അവലംബിക്കുക അദ്ദേഹത്തിന്റെ മരണം വരെ എന്നതായിരുന്നു ശൈലി. അന്ന് ഫറാഇളിൽ ഏറ്റവും പ്രസിദ്ധരായ അശൈഖ് ശിഹാബുദ്ധീൻ ഷാർമസാഹി എന്നവരിൽ നിന്നാണ് ഫറാഇള് പഠിക്കുന്നത്.
പതിനേഴാം വയസ്സിൽ മഹാന് അറബി ഭാഷയിൽ ദർസ് നടത്താനുള്ള ഇജാസത് ലഭിച്ചു. ശറഹുൽ ഇസ്തിആദതി വൽ ബസ്മല എന്ന ആദ്യത്തെ ഗ്രന്ഥം രചിക്കുന്നതും ഈ സമയത്താണ്. രചന കയിഞ്ഞ് ഉസ്താദായ ഇമാം സ്വാലിഹ് അലമുദ്ധീൻ അൽ ബുൽഖീനി (ശൈഖുൽ ഇസ്‌ലാം സിറാജുദ്ധീനുൽ ബുൽഖീനിയുടെ പുത്രൻ) ക്ക് കാണിച്ചു കൊടുത്തപ്പോൾ വളരെ അധികം പ്രശംസിക്കുകയും തഖ് രീള് (പ്രശംസ പത്രം) എഴുതിക്കൊടുക്കുകയും ചെയ്തു. മരിക്കുന്നത് വരെ ഈ ഉസ്താദിന്റെ കൂടെ ആയിരുന്നു. ഫിഖ്ഹ് ആയിരുന്നു ഇവിടുത്തെ പ്രധാന വിഷയം.
ഉസ്താദിന്റെ മരണ ശേഷം ഉസ്താദിന്റെ മകനെ തന്നെ മുലാസിമാക്കി. അവിടെ നിന്നും ഒരുപാട് വിഷയങ്ങൾ പഠിച്ചെടുത്തു. തദ്രീസിനും ഫത് വക്കുമുള്ള അനുമതി ലഭിച്ചു.
ഇവരുടെ മരണ ശേഷം ശൈഖുൽ ഇസ്ലാം ശറഫുദ്ധീൻ അൽ മുനാവി എന്നവരായിരുന്നു ഉസ്താദ്.
പിന്നീട് അറബി ഭാഷ യിലും ഹദീസിലും പ്രതേകം പഠനം നടത്തുന്നത് ഹനഫി പണ്ഡിതനായ തഖിയുദ്ധീൻ അഷിബിലി എന്നവരിൽ നിന്നാണ്. അവിടെ നാല് വർഷം പഠിച്ചു. സുയൂത്വി ഇമാമിന്റെ ശറഹു അല്ഫിയ്യത്തുബ്നു മാലിക് നും ജംഉൽ ജവാമിഅ ഫിൽ അറബിയ്യ ക്കും ഈ ഉസ്താദ് തഖ്‌രീള് എഴുതുകയും ചെയ്തു.
ഇവരുടെ മരണ ശേഷം അശൈഖ് മുഹ്‌യുദ്ധീൻ അൽ കാഫീജി എന്നവരുടെ അടുക്കൽ പതിനാല് വർഷം പഠനം നടത്തി. ഇവരായിരുന്നു പ്രധാന ഉസ്താദ്. ഇസ്ലാമിക വിജ്ഞാനങ്ങളിലെ തഫ്സീർ, ഉസൂൽ, മആനി തുടങ്ങിയ ശാഖകൾ ഇവിടെ നിന്നും പഠിച്ചു. ഒരുപാട് പ്രധാന ഇജാസത്തുകൾ ലഭിച്ചു.
അതു പോലെ അശൈഖ് സൈഫുദ്ധീൻ അൽ ഹനഫി തുടങ്ങിയ നിരവധി ഉസ്താദുമാരിൽ നിന്നായി മഹാൻ തഫ്സീർ,ഹദീസ്, ഫിഖ്ഹ്, നഹ്‌വ്, മആനി, ബയാൻ, ബദീഅ, ഉസൂലുൽ ഫിഖ്ഹ്, തസ്‌രീഫ്, ത്വിബ്ബ്, ഖിറാആത്ത്.. തുടങ്ങിയ വ്യത്യസ്ത ശാഖകളില്ലെല്ലാം ഉയർന്ന പാണ്ഡിത്യം നേടി.
അറിവ് തേടി ഒരുപാട് നാടുകളിലേക്ക് യാത്ര ചെയ്തു. ദിമ് യാഥ്വ്, അലക്‌സാണ്ടറിയ്യ, ഫയൂം, മഹല്ല, ശാം, ഹിജാസ്, യമൻ, ഇന്ത്യ... തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്.
സുയൂത്വി ഇമാം തന്നെ പറയുന്നു : `ഞാൻ ഹജ്ജിനു പോയ സമയത്തു സംസം വെള്ളം കുടിക്കുമ്പോൾ ഞാൻ മനസ്സിൽ കരുതി; ഫിഖ്‌ഹിൽ അശൈഖ് സിറാജുദീനിൽ ബുൽഖീനിയുടേയും ഹദീസിൽ അൽ ഹാഫിള് ഇബ്നു ഹജർ തങ്ങളുടെയും സ്ഥാനത്തു എനിക്ക് എത്തിച്ചേരണമെന്ന്.´
അവിടെ ഒരു വർഷം താമസിച്ചു.
ഹിജ്‌റ 871 ഇരുപത്തി രണ്ടാം വയസ്സിൽ മഹാനവർകൾ മുഫ്തി യായി.
മഹാനവർകൾ പറയുന്നു : ഞാൻ തുടക്കത്തിൽ മൻത്വിഖിൽ നിന്ന് അൽപം ഓതിയിരുന്നു. പിന്നെ എനിക്ക് അതിനോട് വെറുപ്പ് തോന്നി. ഇബ്നു സ്വലാഹ് തങ്ങൾ അത് ഹറാമാണെന്ന് ഫത്‌വ കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞാൻ കേട്ടു. അപ്പോൾ ഞാൻ അതിനെ ഉപേക്ഷിച്ചു. അല്ലാഹു തആല അതിനു പകരം എനിക്ക് ഇൽമുൽ ഹദീസിനെ നൽകി. (ഇത് അന്നത്തെ ഫിലോസഫി യുമായി കൂടികലർന്ന മൻത്വിഖിനെ കുറിച്ച് പറഞ്ഞതാണ്.)
മഹാനവർകൾ പറയുന്നു : `അല്ലാഹുവിന്റെ സഹായം കൊണ്ട് ഇജ്തിഹാദിന് വേണ്ടതൊക്കെ എന്റെ അടുക്കൽ പൂർത്തിയായിട്ടുണ്ട്. ഞാനിത് പറയുന്നത് ഫഖ്‌റിന് വേണ്ടിയല്ല, അല്ലാഹു തന്ന അനുഗ്രഹം എടുത്തു പറയുകയാണ്´.
ഇതിനെ തുടർന്ന് മഹാനവർകൾക്ക് സമകാലികരായ പണ്ഡിതൻ മാരിൽ നിന്നും നിരവധി ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇമാം ഇജ്തിഹാദിനെ വാദിക്കുന്നുണ്ടെന്ന് അവർ പ്രചരിപ്പിച്ചു. ഇതിന് മറുപടിയായി സുയൂത്വി ഇമാം പറഞ്ഞതായി ശഅറാനി ഇമാം പറയുന്നുണ്ട് : `ജനങ്ങൾ എന്നെ കുറിച്ച് ഞാൻ ഇജ്തിഹാദ് മുത്വ് ലഖ് നെ വാദിക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അത് ശരിയല്ല. ഞാൻ ഉദ്ദേശിച്ചത് മുജ്തഹിദ് മുൻതസിബ് നെ യാണ്. ഞാൻ തർജീഹിന്റെ മർതബ എത്തിച്ചപ്പോൾ ഇമാം നവവി യുടെ തർജീഹിനപ്പുറം ഞാൻ ഫത് വ കൊടുത്തിട്ടില്ല. ഞാൻ ഇജ്തിഹാദ് മുത്വ് ല ഖിന്റെ മർതബ എത്തിച്ചപ്പോൾ ഷാഫിഈ മദ്ഹബിനപ്പുറത്ത് ഞാൻ ഫത് വ നൽകിയിട്ടില്ല´. ഇമാം സഖാവി വിമർശകരിൽ പ്രമുഖനായിരുന്നു.
ഹദീസ് കേൾവിയിലും രിവായത്തിലുമായി മഹാനവർകൾക്ക് നൂറ്റി അൻപതോളം
ഉസ്താദുമാരുണ്ട്.
ഓരോ നൂറ്റാണ്ടിലും ഒരു മുജദ്ദിദ് ഉണ്ടായിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആയിരുന്നു മഹാനവർകൾ.
തന്റെ ശിഷ്യനായ അശ്ശംസു ദാവിദി അൽ മാലികി പറയുന്നു : ഞാൻ ശൈഖിനെ വീക്ഷിച്ചു. ഒരു ദിവസം ചുരുങ്ങിയത് മൂന്നു പേജെങ്കിലും രചന നടത്തും. അതോടൊപ്പം ഹദീസ് എഴുതി വെക്കും. മാത്രവുമല്ല വരുന്ന ചോദ്യങ്ങൾ ക്കെല്ലാം നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്യും.
നാൽപതു വയസ്സായപ്പോൾ ജനങ്ങളിൽ നിന്ന് മാറി നിന്നു കൊണ്ട് രചന യിലും ഇബാദത്തിലുമായി റൗളത്തുൽ മിഖ് യാസ് എന്ന പ്രവിശ്യയിൽ കഴിഞ്ഞു കൂടി. അറുനൂറോളം ഗ്രന്ഥങ്ങൾ രചിച്ചു. കൂടുതലും രചിക്കുന്നത് ഇവിടെ നിന്നാണ്.
ധാരാളം ഉമറാക്കളും ധനാഢ്യരും മഹാനവർകളെ കാണാനും ബർകത്ത് എടുക്കുവാനും എത്തിയിരുന്നു. അവർ നൽകുന്ന ഹദ് യ കളൊന്നും തന്നെ മഹാൻ സ്വീകരിക്കുമായിരുന്നില്ല. എല്ലാം തിരികെ നൽകും.
ഒരിക്കൽ അവിടുത്തെ സുൽത്താനായ സൈഫുദ്ധീനുൽ ഗുരിയ്യ് മഹാനവര്കളിലേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു. കൂടെ ആയിരം ദീനാറും ഒരു അടിമയെയും കൊടുത്തയച്ചു. എന്നാൽ ഇമാം ദീനാർ തിരിച്ചു കൊടുക്കുകയും അടിമയെ മോചിപ്പിച്ച് ഹുജ്റത്തു ശരീഫിൽ സേവകനാക്കുകയും ചെയ്തു. ശേഷം ദൂതനോട് പറഞ്ഞു : ഇനി ഹദ് യ യുമായി വരരുത്. എന്റെ രക്ഷിതാവ് ഇവയെ തൊട്ടെല്ലാം എന്നെ ഐശ്വര്യമാക്കിയിട്ടുണ്ട്.
മഹാനവർകൾ തിരു നബി (സ്വ)തങ്ങളെ എഴുപതോളം തവണ സ്വപ്നത്തിൽ ദർശിച്ചു. `ഹാതി യാ ശൈഖസ്സുന്ന´ എന്ന് വിളിച്ച് ആശീർവാദം നൽകി.
മരണം വരെ റൗളത്തുൽ മിഖ് യാറിൽ തന്നെ കഴിഞ്ഞു കൂടി.
പ്രധാന ഗ്രന്ഥങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു:
• അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ
• അദ്ദുർറുൽ മൻസൂർ
• അൽ ജാമിഉ സ്സ്വഗീർ
• ഹുസ്‌നുൽ മുഹാളറ
• ജംഉൽ ജവാമിഅ
• തദ്‌രീബു റാവി
• ത്വബഖാത്തുൽ മുഫസ്സിരീൻ
• താരീഖുൽ ഖുലഫാ
• തഫ്സീറുൽ ജലാലൈനി ; ഈ ഗ്രന്ഥത്തിന്റെ പൂർത്തീകരമാണ് മഹാനവർകൾ നടത്തിയത്. ഉസ്താദ് ആയ മഹല്ലി ഇമാം സൂറത്തുൽ കഹ്ഫ് മുതൽ സൂറത്തു നാസ് വരെയും പിന്നെ സൂറത്തുൽ ഫാതിഹയും സൂറത്തുൽ ബഖറയിൽ നിന്ന് അല്പവുമായിരുന്നു തഫ്സീർ എഴുതിയിരുന്നത്. അത് ഇമാം സുയൂത്വി തന്റെ ഉസ്താദിന്റെ അതേ ശൈലിയിൽ തന്നെ പൂർത്തിയാക്കി.
ഹിജ്‌റ 911 ജമാദുൽ അവ്വൽ 19 (1505 ഒക്ടോബർ 18)ന് വെള്ളിയാഴ്ച സുബ്ഹിയോടടുത്ത സമയത്ത് അറുപത്തൊന്നാം വയസ്സിൽ മഹാനവർകൾ ഇഹ ലോകത്തോട് വിട പറഞ്ഞു. ഒരാഴ്ചയോളം അസുഖ ബാധിതനായിരുന്നു. ഈജിപ്തിലെ ബാബുൽ ഖുറാഫായുടെ പുറത്ത് ഹൗഷ് ഖൂസൂനിൽ മറവ് ചെയ്യപ്പെട്ടു. (ഇന്ന് സയ്യിദ ആയിഷ എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അവിടെ പോയാൽ മഹാന്റെ മഖ്‌ബറ ഇപ്പോഴും കാണാം. അതിന്റെ ഫോട്ടോ ആണ് ചുവടെ കൊടുത്തത്). അല്ലാഹു അവരുടെ ബർകത്ത് കൊണ്ട് നമ്മെ വിജയിപ്പിക്കട്ടെ.. ആമീൻ
Uvais Pulpatta
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ