2025 ജൂലൈ 19, ശനിയാഴ്‌ച

ഉമ്മ....കാരുണ്യത്തിന്റെ അലിവു മരമാണ്

 ഉമ്മ..

അമ്മയ്ക്കല്ലാതെ ആർക്കാണ് ആ കുഞ്ഞുങ്ങൾക്ക് അടയിരിക്കാൻ ആവുക..?

കാരുണ്യത്തിന്റെ അലിവു മരമാണ് അമ്മ..

സ്നേഹത്തിന്റെ പുണ്യ നദി..

സഹനത്തിന്റെ പർവ്വതം..

ഒറ്റവാക്കിൽ ഒതുക്കാനാവാത്ത മഹാസമുദ്രം..

ഗർഭപാത്രം മുതൽ സ്വർഗ്ഗം വരെ നീണ്ടുകിടക്കുന്ന അറ്റു പോവാത്ത പൊക്കിൾക്കൊടിക്ക് ദൈവം നൽകിയ ഏറ്റവും മനോഹരമായ ഭാഷ വിവർത്തനമാണ് അമ്മ..

സ്വർഗ്ഗത്തിനു വേണ്ടി ദൈവം വരച്ചു വെച്ച ഭൂപടത്തിന്റെ പേരായിരിക്കാം അമ്മ..

അല്ലെങ്കിൽ അവർ എന്തിനാണ് ഇലകളെ കരുതി മണ്ണിൽ കിടന്നിങ്ങനെ വീർപ്പുമുട്ടുന്നത്..?

അല്ലെങ്കിൽ അവർ എന്തിനാണ് ഇലകളെ ഓർത്ത് മണ്ണിൽ കിടന്നു കണ്ണുനീർ ഒഴുക്കുന്നത്..?

അല്ലെങ്കിൽ അവർ എന്തിനാണ് മരിക്കുവോളം ഗ്രീഷ്മത്തിന്റെ വിത്തുപുരകൾ ആകുന്നത്..?

പൊക്കിൾകൊടിയിൽ തുടങ്ങുന്നു ആ സ്നേഹക്കടലിന്റെ വേരുകൾ..

ആ രക്തബന്ധം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു..

 ദൈവമേ, നീ ഏതൊക്കെ ആർദ്രമായ വികാരങ്ങൾ കൂട്ടി കുഴച്ച മൺ തരികളാലാവും അമ്മയുടെ ആത്മാവിനെ പടച്ചിരിക്കുക..?

കനിവിന്റെ കളി മണ്ണ്..

സഹനത്തിന്റെ മരുഭൂ മണ്ണ്..

കരുത്തിന്റെ കറുത്ത മണ്ണ്..

കണ്ണുനീർ ചേർത്ത കരിമണ്ണ്..

പ്രണയത്തിന്റെ ചെളി മണ്ണ്..

പുഞ്ചിരിയുടെ പൂഴി മണ്ണ്..

കരുതലിന്റെ കാറ്റേറ്റ് കിടക്കുന്ന നിന്റെ വിശുദ്ധിയുടെ മേൽമണ്ണ്..

കാറ്റ് കടം കൊടുത്ത കസ്തൂരിയുടെ മണമുള്ള സ്വർഗ്ഗത്തിലെ അടി മണ്ണ്..

മഞ്ഞു വീണു തണുത്ത മണ്ണ്..

മഴ പെയ്തു തോരാത്ത നനഞ്ഞ മണ്ണ്..

ഒരു വെയിലിലും വാടാത്ത ചുടുമണ്ണ്..

ഏതൊക്കെ കളിമണ്ണുകൾ എത്രയൊക്കെ അനുപാതത്തിൽ ചേർത്ത് വെച്ചായിരിക്കും നീ അമ്മയെ പടച്ചിരിക്കുക..?

അല്ല ഞങ്ങളുടെ സ്വർഗ്ഗത്തെ പടച്ചിരിക്കുക..?*

✍️..സ്വാലിഹ് മദനി
        *തേവലക്കര*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...