2024 ഫെബ്രുവരി 14, ബുധനാഴ്‌ച

അടി.... അടി.... തമ്പോരടി

മലയാളത്തിലെ 'അടി' എന്ന പദത്തെക്കുറിച്ച് ചെറിയൊരു ഗവേഷണം നടത്തിനോക്കിയതാണ്.
ശരിക്കും ഞെട്ടിച്ചുകളഞ്ഞു.
ആരും അടിയ്ക്കാതെയും,
ആർക്കും അടികൊള്ളാതെയും നമ്മുടെ വാമൊഴിയിലും, വരമൊഴിയിലും ഈ 'അടി'കൾ എത്രത്തോളം അടയാളപ്പെടുത്തിയിട്ടുണ്ടെന്നു നോക്കൂ...

'ചെകിട്ടത്തടി' പോലെയല്ലല്ലോ 'നോട്ടീസടി'
'നോട്ടീസടി' പോലെയാകില്ല 'പെയിന്റടി'
'പെയിന്റടി' പോലെയല്ല 'വിസിലടി'
'വിസിലടി' പോലെയാണോ 'പെട്രോളടി'
'പെട്രോളടി' പോലെയല്ലല്ലോ 'മരമടി'(മത്സരം)
'മരമടി' കാണാൻ രസമാണെങ്കിലും
'ലോട്ടറിയടി'ക്കുന്നത് കാണാനേ കഴിയില്ല. 

ടോർച്ചടി'ക്കുന്നതും, 'ടോർച്ചുകൊണ്ടടി'ക്കുന്നതും
രണ്ടു തരത്തിലാണ്,
ആണിയിൽ ചുറ്റിക കൊണ്ടാണ് 
'അടി'ക്കുന്നതെങ്കിലും
'ആണിയടി'യെന്നാണ് പറയാറ്.
മൈദാ കുഴച്ചു മേശമേലാണ് 'അടി'ക്കുന്നതെങ്കിലും,
'പൊറോട്ടാഅടി' എന്നാണ് പേര്..
തല 'മൊട്ടയടി'ക്കുന്നതും
മുട്ട 'ഓംലെറ്റടി'ക്കുന്നതും ഒരുപോലെയാണോ..

'അച്ചടി'ക്കുന്നത് കടലാസിലാണെങ്കിലും
'ചെണ്ടയടി'ക്കുന്നത് ചെണ്ടയിൽത്തന്നെ 
'ആഞ്ഞടി'ക്കുകയാണ്.
'മണിയടി'യും 'അലാറമടി'യും
ഫലത്തിൽ ഒന്നാണെങ്കിലും
'മണിയടി'ക്കു വേറെയും അർത്ഥമുണ്ട്.
'ഹോണടി'ക്കുന്നത് വാഹനത്തിന്റ
ഉള്ളിലിരുന്നാണെങ്കിലും
ഹോൺ ഘടിപ്പിച്ചിരിക്കുന്നത്
വാഹനത്തിന്റെ 'അടി'യിലാണ്..

'വെള്ളമടി' തന്നെ പല തരം,
മനുഷ്യർ 'കള്ളടി'ക്കുന്നത് 'വെള്ളമടി'യാണെങ്കിലും
മോട്ടോർ 'വെള്ളമടി'ക്കുന്നത്
വെള്ളം വലിച്ചെടുത്തു തള്ളിവിടലാണ്,
സൈക്കിളിന് 'കാറ്റടി'ക്കുന്നതും,
കുളിർ'ക്കാറ്റടി'ക്കുന്നതും വ്യത്യസ്തമല്ലേ..
'സൈറ്റടി'ക്കുന്നതും, ബോറടി'ക്കുന്നതും,
'കമന്റടി'ക്കുന്നതും 'കറണ്ടടി'ക്കുന്നതും 'ലൈക്കടി'ക്കുന്നതും 'കുമ്മിയടി'ക്കുന്നതും
പല തരത്തിലാണ്..

'ഒറ്റയടി'പ്പാത വെറും 'ഒറ്റയടി'യല്ലല്ലോ,
എന്നാൽ 'കൂട്ടയടി' കൂട്ടം ചേർന്നുള്ള
'അടിയോടടി' തന്നെയാണ്.
'കൈയടി' പോലെയല്ല ഒരു 'കാലടി'
'നമ്മുടെ ഒരു 'കാലടി' പോലെയല്ല
നമ്മുടെ നാട്ടിലെ 'കാലടി' എന്ന സ്ഥലം,
ഈ പറഞ്ഞ രണ്ടു 'കാലടി'കളും പോലെയല്ലല്ലോ ഒരു കാൽ'അടി'..
'വെയിലടി'ക്കുന്നതും, 'തണുപ്പടി'ക്കുന്നതും
ഒരുപോലെയെന്ന് തോന്നുമെങ്കിലും
'മണമടി'ക്കുന്നത് മറ്റൊരു തരത്തിലാണ്.

ഇങ്ങനെ നോക്കിയാൽ നമ്മുടെ നിത്യജീവിത പരിസരങ്ങളിലാകെ കുടിയേറി, പെറ്റുപെരുകി, അധീശത്വം സ്ഥാപിച്ചിരിക്കുകയാണ്
മഹത്തായ ഈ 'അടി'കൾ....
ഇതൊന്നും പോരാഞ്ഞ് നമ്മുടെ ന്യൂ ജെൻ പിള്ളേരുടെ വകയായി അവരും കൊടുത്തു 'അടി'പൊളി എന്ന അപ്രിസിയേഷൻ...

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും
'ഒരടി' എന്നത് കേവലം പന്ത്രണ്ടിഞ്ചു മാത്രം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...