2024 ഫെബ്രുവരി 16, വെള്ളിയാഴ്‌ച

അൽകഹ്ഫ് ഗുഹാവാസികളുടെ ഒരു അതിജീവനകഥ

അൽകഹ്ഫ് സൂറയിൽ ഗുഹാവാസികളുടെ അതിജീവനകഥ പറയുന്നതിന്റെ മുഖവുരയിൽ ഒരുകാര്യം ഉണർത്തുന്നുണ്ട്. അസ്ഹാബുൽ കഹ്ഫ് ഒരു ദൈവിക അത്ഭുതകഥയായി മാറ്റിനിർത്തരുത്. ഖുർആനിക സമൂഹത്തിനത് ജീവിത ബന്ധിയായിരിക്കണം.

ഒരൊറ്റ ആഖ്യാനമായി ഗുഹാവസികളുടെ കഥപറഞ്ഞു തീർക്കുകയല്ല. ഇടക്കിടെ ഓരോ കട്ട് വരുന്നുണ്ട്. ആ കട്ടുകളിൽ ചില തത്വങ്ങളോ നിർദ്ദേശങ്ങളോ വായനക്കാരോട് നേരിട്ട് പറയുന്നതിലൂടെ വർത്തമാനവും ഭാവിയുമായി കഥയെ ബന്ധിപ്പിക്കുകയാണ്. കഥയുടെ ഏതാണ്ട് അവസാനഭാഗത്ത് വരുന്ന ഇത്തരം ഒരിടവേളയിൽ കാണുന്ന രണ്ട് ചെറിയ സൂക്തങ്ങൾ.

‎وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا (23) إِلَّا أَن يَشَاءَ اللَّهُ ۚوَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَٰذَا رَشَدًا (24)     
‘ഞാൻ നാളെ ആ സംഗതി ചെയ്തിരിക്കും എന്ന് നീ കട്ടായം പറയരുത് (23). 
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സംഭവിക്കില്ല. മറന്നുപോയെങ്കിൽ നീ നിന്റെ റബ്ബിനെ സ്മരിക്കുക. നീ പറയേണ്ട നിലപാടിങ്ങനെയാണ്: ഇതിനേക്കാൾ ഏറ്റവും ശരിയായതിലേക്ക് എന്റെ റബ്ബ് എനിക്ക് വഴികാണിച്ചേക്കും (24).      
 
എന്തുചെയ്യുമ്പോഴും ഇൻഷാഅല്ലാഹ് പറയണം എന്ന കേവല നിർദേശമല്ലിത്. സമകാലിക നിരാശാ/രോഷപ്രകടനങ്ങളുടെ സമയത്ത് മനസിരുത്തി വായിച്ചു നോക്കേണ്ട വചനങ്ങളാണിവ.
'ഇതിവിടം കൊണ്ടൊന്നും തീരില്ല, നമ്മൾ കെട്ടകാലത്താണ്, നമ്മളൊക്കെ ഇങ്ങനെ നശിക്കും, മുന്നോട്ട് നയിക്കാൻ തക്ക നേതൃത്വമില്ല, സമുദായം ഒന്നിനും കൊള്ളാത്തവരാണ്, അടിമത്തം പേറുന്നവരാണ്.... നിലവിലെ യാഥാർഥ്യങ്ങളെ ഇവ്വിധം കർക്കിച്ചുതുപ്പി രോഷം തീർക്കുകയാണ് പലരും.  

മുന്നൂറ് കൊല്ലമെടുത്ത് അതിജീവനം സാധ്യമാക്കിയ ഏതാനും ചെറുപ്പക്കാരെ ഉദാഹരിക്കുന്നിടത്താണ് മേൽവചനങ്ങൾ. വിശ്വാസവും സംസ്കാരവും സംരക്ഷിക്കാൻ ആ പ്രത്യേക ഗുഹയിൽ الكهف അഭയം തേടുകയല്ലാതെ നിവൃത്തിയില്ലെന്ന് തീരുമാനിക്കാൻ മാത്രം ഭീകരമായിരുന്നു ചുറ്റുമുള്ള സാഹചര്യങ്ങൾ. കഴിയും വിധം അവർ ചെറുത്തു إذ قاموا . സത്യവും നിലപാടും വിളിച്ചു പറഞ്ഞു وقالوا... ആവുന്നതൊക്കെ ചെയ്തിട്ടും അവർക്ക് അന്നത്തെ സാഹചര്യത്തെ മറികടക്കുവാൻ സാധിച്ചില്ല. എന്നാൽ പിന്നെ വ്യവസ്ഥിതിക്ക് കീഴടങ്ങാം? അതിനനുകൂലമായ ചരിത്ര മാലിന്യങ്ങളുണ്ടോ എന്ന് ചികഞ്ഞു നോക്കാം? അല്ല. നേരത്തെ അവർ കണ്ടെത്തിയ/തയ്യാറാക്കിയ ആ പ്രത്യേക ഗുഹയിൽ അഭയം പ്രാപിക്കുകയാണ് (അഖ്‌സയിലെ ഖുബ്ബതു സ്വഖ്‌റക്ക് കീഴിലാണ് ആ ഗുഹയെന്ന പ്രബല നിരീക്ഷണം ശരിയായിരിക്കുമെന്നാണ് തോന്നുന്നത്). അല്ലാഹു അവന്റെ സമയക്രമത്തിലൂടെ പുറത്തേക്ക് എത്തിക്കും വരെ അവിടെ കഴിയുകയാണ്. പുറത്തുവരുമ്പോൾ അവർ ആഗ്രഹിച്ച മാറ്റം സമൂഹത്തിൽ സംഭവിച്ചു കഴിഞ്ഞിരുന്നു. 

മൂന്ന് നൂറ്റാണ്ടുകൾ എടുത്താലും മാറ്റം വരും. അതിനിടക്ക് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങൾ തന്നെയാണ്. അതിനാൽ വിശ്വാസികൾക്ക് ഒരിക്കലും നിരാശ വേണ്ട. ഈ സൂറയുടെ ആരംഭവചനങ്ങൾ ഒന്നുകൂടി വായിച്ചു നോക്കുക. നിഗൂഢതകളില്ലാത്ത, നേർക്കുനേർ പരിഹാരങ്ങളും തെളിഞ്ഞ മാർഗവും വ്യക്തമാക്കുന്ന ഗ്രന്ഥമുണ്ട്. അതു കയ്യിലേന്തി മുന്നോട്ടു പോവുക മാത്രമേ വിശ്വാസികൾ ചെയ്യേണ്ടതുള്ളൂ. 

സയണിസമോ ലിബറലിസമോ സാമ്രാജ്യത്വമോ ഫാഷിസമോ ... ഫസാദുകൾ എന്തുതന്നെ ആയാലും മറികടക്കുവാൻ ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം അവനവന്റെ കഴിവനുസരിച്ചു ചെയ്തുതീർക്കുക. തനിക്ക് അനശ്വര പ്രതിഫലം ഉറപ്പ്. താൻ ഉദ്ദേശിച്ച മാറ്റം ഇന്നു തന്നെ/ ഉടൻ തന്നെ/ എന്റെ ജീവിതകാലത്തു തന്നെ നശ്വരലോകത്ത് നടക്കും/നടക്കണം എന്ന് സ്വയം തീരുമാനിച്ചു നിരാശയും രോഷവും കൊള്ളേണ്ടതില്ല. അല്ലാഹു ഉദ്ദേശിക്കണം. മേൽസൂചിപ്പിച്ച എല്ലാ ഫസാദുകളും നടക്കുന്നതും അല്ലാഹു ഉദ്ദേശിച്ചു തന്നെയാണ്. 
‘അവർ തന്ത്രം മെനയുമ്പോൾ ഞാൻ എന്റെ തന്ത്രവും മെനയുന്നുണ്ട്. നിഷേധികളുടെ അൽപതന്ത്രകാലത്തേക്ക് അവരെയങ്ങു വിട്ടേക്കുക’. അത്രേയുള്ളൂ

പരിഹാരങ്ങൾക്ക് അവനവന്റെ കഴിവത് ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഫലം സമൂഹത്തിൽ വന്നോളും. പരിശ്രമങ്ങൾ തടയപ്പെട്ടു, പരിഷ്കർത്താക്കൾ ബന്ധിതരായി/ഇല്ലാതായി, ഇതൊന്നും നടക്കില്ല, ശത്രുക്കൾ അതിശക്തരാണ്... തുടങ്ങിയ നിരാശകളും വേണ്ടതില്ല. മാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നവർക്ക് മുമ്പിൽ വെല്ലുവിളികളും അവയെ മറികടക്കുവാൻ സഹായവും അല്ലാഹു നൽകും. വെല്ലുവിളികളെ പരിഹസിക്കുന്നവർ അൽപന്മാരാണ്. അവരോട് തർക്കിക്കുന്നതും അല്പത്തമായിരിക്കും.

അൽകഹ്ഫ് സംഭവത്തിന്റെ പ്രതലഭൂമിയായ അഖ്‌സയിലേക്ക് നോക്കുക. ഒരു നൂറ്റാണ്ടിലധികമായി ലോകത്തെ എല്ലാ വൻശക്തികളും ഒന്നിച്ചുനിന്ന് പദ്ധതിയിട്ടു നടപ്പാക്കി വളർത്തിനോക്കിയ സയണിസ്റ്റ് ഫസാദാണ് അവിടെ തകർന്നു കൊണ്ടിരിക്കുന്നത്. തകർച്ചയുടെ പ്രഹരങ്ങൾ ഏൽപിച്ചുകൊണ്ടിരിക്കുന്നവരെ നോക്കൂ. അവർ സയണിസ്റ്റ് തടവറയിൽ കഴിഞ്ഞവരാണ്. 430 വർഷമായിരുന്നു സിൻവറിന് വിധിക്കപ്പെട്ട തടവറ. അതിൽ 24 കൊല്ലമദ്ദേഹം തടവനുഭവിച്ചു. എന്നിട്ടോ? മരണമില്ലാത്ത പ്രേതമെന്ന് അദ്ദേഹത്തെയും ആ മുന്നേറ്റത്തെയും ചൊല്ലി പിശാചുകൾ പേടിപൂണ്ടു കഴിയുന്നു. എല്ലാ മനുഷ്യത്വ വിരുദ്ധ ഫസാദുകളുടെയും സ്ഥിതി ഇതുതന്നെയാണ്. അത് നമ്മുടെ കണ്ണിൽ ഇപ്പോൾ തന്നെ കാണണം എന്ന വാശി വേണ്ട. 
    
'മറന്നുപോയെങ്കിൽ റബ്ബിനെ ഓർക്കുക. നീ പറയേണ്ട നിലപാട് ഇതാണ്: ഇതിനേക്കാൾ ഏറ്റവും ശരിയായതിലേക്ക് എന്റെ റബ്ബ് എനിക്ക് വഴികാണിച്ചേക്കും'.
#Dr.CkAbdulla

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...