2024 ഫെബ്രുവരി 11, ഞായറാഴ്‌ച

തൗഹീദിന്റെ തെളിമ

✒️ മൗലാനാ നജീബ് മൗലവി_

       തൗഹീദിൻ്റെ പേരിൽ തന്നെ പരസ്യമായി പുത്തൻവാദങ്ങളുമായി രംഗത്തുവന്ന പ്രസ്ഥാനമാണ് മുഅ്‌തസിലത്ത്. അഹ്‌ലുൽ അദ്ലിവത്തൗഹീദ് (നീതിയുടെയും ഏകദൈവ വിശ്വാസത്തിൻ്റെയും അളുകൾ) എന്നായിരുന്നു അവർ തങ്ങളെ സ്വയം വിശേഷിപ്പിച്ചത്. അല്ലാഹുവിൻ്റെ നീതിയിലും തൗഹീദിലും ശരി വിശ്വാസമുള്ളവർ തങ്ങൾ മാത്രമാവണെന്നു സ്വയം അവകാശപ്പെടുകയായിരുന്നു അവർ. മറ്റുള്ളവരെല്ലാം അല്ലാഹുവിലേക്ക് അനീതി ചേർക്കുന്ന അവിശ്വാസികളും ശിർക്ക് (ബഹുദൈവ വിശ്വാസം) വച്ചു പുലർത്തുന്നവരുമാണെന്ന് ആരോപിക്കാനും അവർ മടിച്ചില്ല. ഇസ്‌ലാമിൻ്റെ തൗഹീദിനെ വിശദീകരിച്ച് വിശദീകരിച്ച് അല്ലാഹുവിനെ കണ്ണുകൊണ്ടു കാണാൻ കഴിയില്ലെന്നും കാതുകൊണ്ടു കേൾക്കാൻ കഴിയില്ലെന്നും അവർ ജല്‌പിച്ചു. പരലോകത്തു വച്ച് അല്ലാഹുവിൻ്റെ തിരുദർശനം പ്രമാണങ്ങൾ സ്ഥിരീകരിച്ചതും ആദികാല മുസ്‌ലിംകൾ തർക്കമില്ലാതെ വിശ്വസിച്ചതുമാണ്. പക്ഷേ, അല്ലാഹുവിനെക്കാണൽ അസാദ്ധ്യമാണെന്നും കാണാമെന്നു വന്നാൽ അല്ലാഹുവിനു ജിസ്‌മു(സ്ഥൂല ശരീരം)ണ്ടെന്നും ദിശയുണ്ടെന്നും വരുമെന്നും ഇവർ തർക്കിച്ചു. ഇതുപോലെ പരിപൂർണ്ണതയുടെ ഗുണങ്ങളായ അറിവ്, സംസാരം, കഴിവ്, ജീവ്, തുടങ്ങിയ അല്ലാഹുവിൻ്റെ ഗുണങ്ങൾ തൗഹീദിനു വിരുദ്ധമാണെന്ന് ഇവർ സിദ്ധാന്തിച്ചു. ഇത്തരം ഗുണങ്ങൾ അല്ലാഹുവിനുണ്ടെന്നു വന്നാൽ അവയെല്ലാം അനാദിയാണെന്നു വരുമെന്നും അല്ലാഹു മാത്രമേ അനാദിയുള്ളൂവെന്നും അതിനു വിരുദ്ധമാണിതെന്നും അവർ ജല്‌പിച്ചു. ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്ന സത്യം അവർ നിഷേധിച്ചതും അത് അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വിതണ്ഡവാദം ഉയർത്തിവിട്ട് വിപ്ലവമുണ്ടാക്കിയതും ഈ തത്വത്തിൽ ഊന്നിക്കൊണ്ടായിരുന്നു.

        ചുരുക്കത്തിൽ, ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിന്റെ വാക്യം പഠിപ്പിക്കുന്ന ആശയങ്ങൾക്കു പുറമെ അല്ലാഹുവിനെ കാണാൻ കഴിയില്ലെന്നും അവന്റെ കലാം കേൾക്കാൻ പറ്റില്ലെന്നും മറ്റുമുള്ള തങ്ങളുടെ അബദ്ധ വാദങ്ങൾ അവർ തൗഹീദിൽ തിരുകിക്കയറ്റാൻ ശ്രമിച്ചു. കേൾവി, കാഴ്ച്ച, അറിവ്, കഴിവ് തുടങ്ങിയ അല്ലാഹുവിന്റെ ഗുണങ്ങളെ നിരാകരിച്ചു. അല്ലാഹുവിന്റെ കലാമിനെ നിഷേധിച്ചു. ഇതെല്ലാം വിശ്വസിക്കുന്നത് തൗഹീദിന് വിരുദ്ധമാണെന്നും ശിർക്കാണെന്നും തുറന്നു വാദിച്ചു.

      അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഇവരെ ശക്തിയുക്തം എതിർത്തു. ഇവർക്കെതിരെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. അതേസമയം ഭരണകൂട ഫാസിസത്തിലൂടെ ഇവരുടെ വിതണ്ഡവാദങ്ങൾ ചെലവാക്കാനും പ്രതിഷ്ഠിക്കാനുമുള്ള ശ്രമമുണ്ടായി. അഹ്ലു‌സ്സുന്നത്തിൻ്റെ ഇമാമുകൾ ഇതിനെതിരെ ശക്തമായി ചെറുത്തു നിന്നു. മുസ്ലിം ലോകത്തു ദശകങ്ങളോളം അല്ല, നൂറ്റാണ്ടുകളോളം നീണ്ട തർക്കവിതർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഇതു വഴിവച്ചു. ചില മുസ്‌ലിം ഭരണാധികാരികൾ ഇമാമുകൾക്കു നേരെ കൊടിയ മർദ്ദനങ്ങളഴിച്ചു വിട്ടു. എല്ലാറ്റിനുമൊടുവിൽ ഇസ്ലാമിൻ്റെ അടിത്തറയായ തൗഹീദ് ഇനിയൊരു കൈയേറ്റത്തിനും വിധേയമാകാത്തവണ്ണം സമഗ്രമായി നിർവ്വചിക്കപ്പെട്ടു. ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിൻ്റെ കലിമ: പ്രഖ്യാപനം ചെയ്യുന്ന ആശയം نفي التشبيه و التعطيل
ആണെന്ന് അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകൾ വിശദീകരിച്ചു. 
تشبيه
ന്റെയും 
تعطيل
ൻ്റെയും നിഷേധം എന്നാണ് ഈ വാക്യത്തിനർത്ഥം. അല്ലാഹുവിനെ മറ്റൊന്നിനോടു സദൃശപ്പെടുത്തൽ അഥവാ ദാത്തിലോ ഗുണങ്ങളിലോ പ്രവൃത്തികളിലോ അല്ലാഹുവിനു സദൃശമായി മറ്റാരെങ്കിലുമുണ്ടെന്നു വിശ്വസിക്കൽ എന്നാണ് തശ്‌ബീഹ്. അല്ലാഹുവിൻ്റെ തിരുദാത്തിനു പുറമേ അവനു ഗുണങ്ങളുണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്നു വാദിച്ച് അല്ലാഹുവിനെ നിർഗുണനാക്കലാണ് തഅ്ത്വീൽ. അല്ലാഹു തന്നെ ഇല്ലെന്നോ അവനനിവാര്യമായ ഗുണങ്ങളേതെങ്കിലുമില്ലെന്നോ ഉണ്ടെങ്കിൽ തന്നെ നമുക്കവനിലേക്ക് യാതൊരാവശ്യവുമില്ലെന്നോ ഉള്ള ധാരണകളും ജല്പ്‌പനങ്ങളും തഅ്‌ത്വീൽ തന്നെ. ഈ രണ്ടബദ്ധങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള വിശ്വാസമാണു തൗഹീദ്. അതായത്, അല്ലാഹു മറ്റൊന്നിനോടും ഒരു വിധേനയും സദൃശമല്ലെന്നും എന്നാൽ, പൂർണ്ണതയുടെ ഗുണങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട നിർഗുണ സത്തയല്ലെന്നും സദ്‌ഗുണ സമ്പൂർണ്ണനാണെന്നും വിശ്വസിക്കുകയാണ് തൗഹീദ്.

     പ്രമാണങ്ങളുടെയടിസ്ഥാനത്തിൽ ഇതു സ്ഥിരീകരിക്കപ്പെട്ടതോടെ അല്ലാഹുവിന് തൻ്റെ തിരുദാത്തിനു പുറമെ ഗുണങ്ങളുണ്ടെന്നു വിശ്വസിച്ചാൽ തൗഹീദ് തകർന്നു പോകുമെന്ന വാദവും സൃഷ്ടികളെ വിശേഷിപ്പിക്കുന്ന ഗുണങ്ങൾകൊണ്ട് അല്ലാഹുവിനെയും വിശേഷിപ്പിച്ചാൽ അതു തൗഹീദിനു വിരുദ്ധമാകുമെന്ന വാദവും അബദ്ധ ജഡിലമാണെന്നു വ്യക്തമായി.

        തൗഹീദിൻ്റെ പേരിൽ രംഗത്തുവന്ന മുഅ്തസിലീപ്രസ്ഥാനം ബിദ്അത്തിന്റെയും തർക്കത്തിൻ്റെയും നിരവധി ചിന്തകളും സിദ്ധാന്തങ്ങളും സ്ഥാപിച്ചെടുക്കുകയും ഇസ്‌ലാമിലെ ഒരു ബൗദ്ധിക പ്രസ്ഥാനമായി തങ്ങളെ സ്വയം അവരോധിക്കുകയുമായിരുന്നു. പക്ഷേ, അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകളുടെ ശ്രമഫലമായി ഈ പ്രസ്ഥാനം തീർത്തും നാമാവശേഷമാവുകയും അപ്പേരിൽ ഇനിയാരും പ്രവർത്തിക്കാനിടവരാത്തവണ്ണം സമുദായത്തിലെ കള്ളനാണയങ്ങളായിത്തീരുകയും ചെയ്തു. അവരുയർത്തിവിട്ട പുത്തൻചിന്തകളുടെ ഉച്ഛിഷ്‌ടങ്ങൾ അങ്ങിങ്ങായി ഇപ്പോളും ശേഷിക്കുകയും പലരും അതു പുറത്തു പറയുകയും ചെയ്യുന്നുണ്ടെന്നു മാത്രം.

       മുഅ്തസിലിസം പോലെ തൗഹീദിൻ്റെ ആശയത്തിൽ കൂട്ടി ചേർക്കലിനു ശ്രമിച്ച മറ്റൊരു ബിദ് അത്തിൻ്റെ കക്ഷിയാണു വഹ്ഹാബികൾ. അല്ലാഹു ജിസ്‌മ്‌ (സ്ഥൂല വസ്‌തു) ആണെന്നു വരുമെന്ന ആശങ്ക കൊണ്ട് അല്ലാഹുവിൻ്റെ തിരുദർശനം തൗഹീദിനു വിരുദ്ധമാണെന്നു മുഅ്തസിലത്തു ജൽപിച്ചുവെങ്കിൽ, അല്ലാഹു കൈകാലുകൾ, മുഖം, കണ്ണ്, കാത്, കൈത്തണ്ട, കാൽത്തണ്ട തുടങ്ങിയ അവയവങ്ങളെല്ലാമുള്ള ഒരു ജിസ്മാണെന്നും, ഇരിക്കുക, ഇറങ്ങുക, കയറുക, ചിരിക്കുക പോലുള്ളതെല്ലാം അതിന്റെ തനത് അർത്ഥത്തിൽ തന്നെ അല്ലാഹുവിനുണ്ടെന്നു വിശ്വസിക്കൽ തൗഹീദിൻ്റെ ഭാഗമാണെന്നുമത്രെ വഹ്ഹാബിസം പറയുന്നത്. ഖുർആനിലും സുന്നത്തിലും അല്ലാഹുവിനെ സംബന്ധിച്ച് ഇങ്ങനെയെല്ലാം വന്നിട്ടുണ്ടെന്നും അതങ്ങനെത്തന്നെ വിശ്വസിക്കലാണു തൗഹീദെന്നും ഇവർ ജൽപിക്കുന്നു! ഇതുപോലെ പ്രാർത്ഥന എന്ന കർമ്മം അല്ലാഹുവിനോട് മാത്രമായിരിക്കുക എന്നതും ഇവരുടെ ഭാഷയിൽ തൗഹീദിൻ്റെ അടിസ്ഥാന ഭാഗമാണ്. പക്ഷേ, ലാഇലാഹ ഇല്ലല്ലായെന്ന തൗഹീദിന്റെ കലിമയുടെ അർത്ഥത്തിൽ ഇതൊന്നും കൂട്ടിച്ചേർക്കാൻ അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകളും പണ്ഡിതൻമാരും സമ്മതിച്ചില്ല. സത്യവിശ്വാസിയും മുസ്‌ലിമുമാകാൻ അനിവാര്യമായിട്ടുള്ള തൗഹീദിൻ്റെ കലിമയിൽ ഉൾക്കൊണ്ടതായി ഇസ്‌ലാമിൻറെ ആദിതലമുറതൊട്ട് എന്തെല്ലാം കാര്യങ്ങൾ മനസ്സിലാക്കിയോ അവയ്ക്കപ്പുറം യാതൊന്നും കൂട്ടിച്ചേർക്കാൻ ദീനിൻ്റെ ഇമാമുകൾ ഒരു കാലത്തും സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ അടിസ്ഥാനാദർശമായ തൗഹീദ് യാതൊരു കലർപ്പുമില്ലാതെ ഇന്നും തെളിഞ്ഞു നിൽക്കുന്നു. 

     ബിദ്‌അത്തിന്റെ കക്ഷികളും വിഭാഗങ്ങളും സ്വന്തം ഇംഗിതങ്ങളും തത്വങ്ങളും തൗഹീദിൽ കടത്തിക്കൂട്ടാൻ ശ്രമിക്കുമ്പോളാണു തർക്കമുണ്ടാകുന്നത്. വിവാദങ്ങൾ നടക്കുന്നത്. തൗഹീദിന്റെ പേരിൽ മുസ്ലിംകൾ ഭിന്നിക്കുകയും തർക്കിക്കുകയും ചെയ്യലായി ഇതിനെ വിലയിരുത്താവതല്ല. മറിച്ച്, ഇസ്ലാമിന്റെ അടിസ്ഥാനാദർശമായ തൗഹീദ് സുരക്ഷിതമായി നിലക്കൊള്ളുന്നതിനു പരിശ്രമിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...