2024 ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഗാന്ധിയും ഗോവിന്ദച്ചാമിയും....


മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ നമ്മൾ മറന്നു കാണില്ല, 2011 ഫെബ്രുവരി 6 നാണ് സൗമ്യ മരിച്ചത്, ഗോവിന്ദച്ചാമി എന്ന ക്രിമിനൽ തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് കൊല്ലുകയായിരുന്നു. 

ഗോവിന്ദച്ചാമിയുടെ ആരാധകർ ചേർന്ന് ഒരു സംഘടനയുണ്ടാക്കി എന്നിരിക്കട്ടെ, 
ആ സംഘടനയുടെ നേതാവിൻ്റെ ഫോട്ടോ വെച്ച് സ്റ്റാമ്പിറക്കുമോ…? 
ആ സംഘടനയുടെ നേതാവ് മരിച്ചാൽ അന്ത്യോപചാരമർപ്പിച്ച് അയാളെ വാഴ്ത്തി പ്രസംഗിക്കുമോ..? 
ആ സംഘടനയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമോ..? 
ആ സംഘടനയുടെ നേതാക്കളെ നിങ്ങളുടെ സമ്മേളനങ്ങളിൽ അതിഥികളായി ക്ഷണിക്കുമോ..? 
ആ സംഘടനയുടെ നേതാക്കളുടെ വീട്ടിലെ വിവാഹച്ചടങ്ങുകളിൽ സന്തോഷത്തോടെ പങ്കെടുക്കുമോ...?
മേല്പറഞ്ഞതെല്ലാം ചെയ്യുന്ന ഏതെങ്കിലും നേതാവിന് നിങ്ങൾ ജയ് വിളിക്കുമോ...?  

ഇല്ല എന്നാണ് ഉത്തരമെങ്കിൽ അത് നുണയാണ്, അതും അതിലപ്പുറവും ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. നാളെ ഗോവിന്ദച്ചാമിയെ തൂക്കിക്കൊന്നാൽ അയാളുടെ ചിതാ ഭസ്മം സൂക്ഷിക്കുന്ന കുടത്തിന് മുന്നിൽ തൊഴുത് നിൽക്കാൻ മടിയില്ലാത്തവരാണ് ഇവിടെയുള്ളത്, ഒറ്റ നിബന്ധനയേയുള്ളൂ, ഗോവിന്ദച്ചാമിയുടെ സംഘടനക്ക് അധികാരമുണ്ടാവണം. 

ഇന്ത്യയിലെ ഏറ്റവും നികൃഷ്ടനായ കുറ്റവാളി ആരാണ്..? 
ഒരു സംശയവും വേണ്ട നാഥുറാം വിനായക് ഗോഡ്‌സെ. 
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ നയിച്ച, രാജ്യത്തുടനീളം സഞ്ചരിച്ച് സൗഹാർദത്തിന്റെ ഊടും പാവും നെയ്ത ലോകം ആദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ക്രൂരനാണ് അയാൾ.

അയാൾക്ക് ഇന്ത്യയിൽ ഒരു ഫാൻസ്‌ അസോസിയേഷനുണ്ട്, അയാളുടെ ചിതാഭസ്മം അവർ സൂക്ഷിക്കുന്നുണ്ട്. 

"ഹൈന്ദവാചാര പ്രകാരം തൻ്റെ ചിതാഭസ്മം കടലിൽ ഒഴുക്കരുത്, ഒരു ഹൈന്ദവ ഭരണത്തിന് കീഴിൽ ഏകീകരിക്കപ്പെടുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിലൂടെ ഒഴുകുന്ന സിന്ധു നദിയിൽ അതൊഴുക്കാൻ കഴിയുന്ന കാലം വരെ അത് സൂക്ഷിച്ചു വെക്കണം"    

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ബ്രാഹ്മണൻ തൻ്റെ മരണപത്രത്തിൽ എഴുതിയതാണിത്. ഗോഡ്‌സെയുടെ ആരാധകർ പൂനയിലെ ആർഎസ്എസ് കാര്യാലയത്തിൽ ഇന്നും ആ ചിതാഭസ്മം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എല്ലാവർഷവും ഗോഡ്‌സെയെ തൂക്കിക്കൊന്ന നവംബർ പതിനഞ്ചാം തീയതി ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടുന്ന അഖണ്ഡ ഭാരതത്തിന്റെ ചിത്രത്തിന് മുന്നിൽ ആ ചിതാഭസ്മം വെക്കും. അതിന് മുന്നിൽ നിന്ന് അവർ പ്രതിജ്ഞ ചെയ്യും 

"വിശുദ്ധ വേദസൂക്തങ്ങൾ രചിക്കപ്പെട്ട സിന്ധു നദീ തടം മുതൽ ബ്രഹ്മപുത്രക്ക്പുറത്തുള്ള വനങ്ങൾ വരെ, ഹൈന്ദവ ഭരണത്തിന് കീഴിൽ ഇന്ത്യയെ ഏകീകരിക്കാൻ വേണ്ടി നമ്മുടെ മാതൃഭൂമിയുടെ വിഭജിക്കപ്പെട്ട ഭാഗമായ പാകിസ്ഥാൻ മുഴുവനും ആക്രമിച്ചു കീഴടക്കും"
ഗാന്ധി വധക്കേസിലെ കൂട്ട് പ്രതിയായിരുന്ന ഗോപാൽ ഗോഡ്സെയാണ് ഈ ചടങ്ങ് തുടങ്ങി വെച്ചത്
(അവലംബം: Freedom at Midnight, Larry Collins, Dominique Lapierre)

ഇനി നിങ്ങൾ കണ്ണാടി സ്വന്തം മുഖത്തിന് നേരെ പിടിക്കുക. 
ഗാന്ധിയെ വെടിവെച്ചു കൊന്നവനെയാണോ സൗമ്യയെ കൊന്നവനെയാണോ നിങ്ങൾ കൂടുതൽ വെറുക്കുന്നത്...? രണ്ട് പേരെയും ഒരുപോലെ വെറുക്കുന്നു എന്നിരിക്കട്ടെ. 

ഗോഡ്സെയുടെ കൂട്ടുപ്രതിയായിരുന്ന, അയാളുടെ ചിതാഭസ്മത്തിന് മുന്നിൽ കൈകൂപ്പുന്ന വിഡി സവർക്കറുടെ ചിത്രം തപാൽ സ്റ്റാമ്പാക്കി ഇറക്കിയത് കോൺഗ്രസ് ഭരണത്തിലാണ്. 

ഗോഡ്‌സെയെ പൂജിക്കുന്ന പരമേശ്വരൻ മരിച്ചപ്പോൾ അയാളുടെ മൃതശരീരത്തിന് മുന്നിൽ കൈകൂപ്പി നിന്ന് അയാളെ ഋഷി തുല്യൻ എന്ന് വിശേഷിപ്പിച്ചത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ മുതലാളിയാണ്. 

ഗോഡ്‌സെയെ പൂജിക്കുന്ന ആർഎസ്എസ് ന് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയെന്ന് വീമ്പ് പറയുന്നത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റാണ്‌. 

ഗോഡ്‌സെയെ പൂജിക്കുന്ന സംഘടനയുടെ നേതാക്കളെ വേദികളിൽ അതിഥികളായി ക്ഷണിക്കുന്നത് ഇത് വായിക്കുന്ന പലരുടെയും സംഘടനകളും നേതാക്കളുമാണ്. 

ഇന്ന് ഗാന്ധി സ്നേഹം അണപൊട്ടി ഒഴുകുന്നത് നല്ലത് തന്നെയാണ്. കൂടെ ഗോഡ്‌സെയുടെ ആരാധകരുമായി ഒത്തുതീർപ്പിന് ഒരു മടിയുമില്ലാത്തവരാണ് ഇന്ന് ഗാന്ധി സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് ഓർമ്മവേണം. 
ഗോഡ്‌സെയുടെ ഫാൻസുമായി സഹകരിക്കാൻ മടിയില്ലാത്തവർക്ക് ഗോവിന്ദച്ചാമിയുടെ ഫാൻസുമായി സഹകരിക്കാൻ മടിയുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...? 

-ആബിദ് അടിവാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...