2024 ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഗ്യാൻവാപി മസ്ജിദും മതേതര പൊയ്മുഖങ്ങളും.

ഗ്യാൻവാപി മസ്ജിദും മതേതര പൊയ്മുഖങ്ങളും. 

വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ സംഘപരിവാർ ബാബറിമസ്ജിദ് ആവർത്തിക്കാൻ ശ്രമിക്കുന്നതിൽ ആർക്കെങ്കിലും ആശ്ചര്യമുണ്ടോ ..? ഉണ്ടേവേണ്ടതില്ല, കാരണം ഇന്ത്യയിലെ മുവ്വായിരം പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റും എന്നവർ നേരത്തെ പ്രഖ്യാപിച്ചതാണ്, അതവരുടെ രാഷ്ട്രീയമാണ്. ബ്രാഹ്മണ രാഷ്ട്രീയത്തിന് ഹിന്ദുക്കളുടെ പിന്തുണ നേടാനുള്ള ഉപാധിയാണ് ദൈവങ്ങൾ. മാനിറച്ചിയുടെ രുചി അറിഞ്ഞ കടുവകൾക്ക് മനിറച്ചി ഒഴിവാക്കാനാവില്ല, മാനിനെ കൊന്നു തിന്നേണ്ടി വന്നല്ലോ എന്ന സങ്കടം ഒരു കടുവക്കും ഉണ്ടായിട്ടുമില്ല. ബാബരി മസ്ജിദിൽ സംഘപരിവാർ രുചി അറിഞ്ഞു കഴിഞ്ഞു, 'മതേതര' പക്ഷത്ത് നിന്ന് കഥയിലെ രാമന്റെ ജന്മഭൂമിക്ക് കിട്ടിയ പിന്തുണ തീർച്ചയായും സംഘപരിവാറിനെ ആവേശ ഭരിതരാക്കും. ശശി തരൂർ മുതൽ നടി രേവതി വരെയുള്ളവരെ നമ്മൾ മലയാളികൾ കണ്ടുവല്ലോ.. സാക്ഷാൽ കോൺഗ്രസ്സ് പോലും പണി തീരാത്ത ക്ഷേത്രം നേരത്തെ തുറന്നു കൊടുത്ത് തെരെഞ്ഞടുപ്പിന് ഉപയോഗിക്കുന്നതിനെയാണ് എതിർത്തത്. ഗ്യാൻവാപിയിലും അതിൻ്റെ ആവർത്തനമാണ് നാം കാണുന്നത്.   

ലോകത്താകെ നൂറു കണക്കിന് രാമായണങ്ങളുണ്ട്. കംബോഡിയയിലും ഇന്തോനേഷ്യയിലും തായ്‌ലണ്ടിലും തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിലും രാമനും സീതക്കും ജന്മ സ്ഥലങ്ങളുണ്ട്, അയോധ്യകളുണ്ട്. ചില രാമായണങ്ങളിൽ രാമൻ സീതയുടെ ഭർത്താവും ചിലതിൽ സഹോദരിയുമാണ്. പത്ത് തലയുള്ള രാവണനും, സൂര്യനെ പഴമെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങാൻ ശ്രമിച്ച പറക്കുന്ന വാനരനായ ഹനുമാനും ആറു മാസം ഉറങ്ങുന്ന കുംഭകർണ്ണനും, ബാലിയും സുഗ്രീവനും താടകയും, പുഷ്പക വിമാനം പോലുമുള്ള അത്യുഗ്രൻ ഫിക്ഷനാണ് രാമായണം എന്ന് തലക്ക് വെളിവുള്ള നേരിയ ശാസ്ത്ര ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും എല്ലാ വർഷവും മഹാബലി കേരളം കാണാൻ വരുമെന്നും വിശ്വസിച്ച് മലയാളികൾ പൂവിടുന്നില്ലേ, ഓണം ആഘോഷിക്കുന്നില്ലേ..? സിനിമയിലെ നല്ലവനും ധീരനുമായ നായകന് കയ്യടിക്കുന്ന ഒരു മനസ്സില്ലേ നമുക്ക്. കഥയും തിരക്കഥയുമെഴുതി ഷൂട്ട് ചെയ്ത കഥാപാത്രമാണെന്നറിഞ്ഞിട്ടും ആവേശത്തോടെ കയ്യടിക്കുന്നു അതേ മനസ്സാണ് മനുഷ്യരെയെല്ലാം ഒന്ന് പോലെ കണ്ട, കള്ളവും ചതിയുമില്ലാത്ത ഭരണം നടത്തിയ മാവേലിയെ ആഘോഷപൂർവ്വം എതിരേൽക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. രാമായണത്തിലെ രാമൻ എന്ന കഥാപാത്രത്തിന് ദൈവീക പരിവേശം നൽകി ആരാധിക്കാൻ പ്രേരിപ്പിക്കുന്നതും ഇതേ മനസ്സാണ്. ത്രേതായുഗത്തിലാണ് രാമനെ സൃഷ്ടിച്ച കഥാകാരൻ വാത്മീകി കഥ അവതരിപ്പിക്കുന്നത്, അതായത് പത്ത് ലക്ഷം വർഷങ്ങൾക്ക് മുമ്പ്. മനുഷ്യന് ഭാഷയോ വസ്ത്രമോ പാകം ചെയ്ത ഭക്ഷണമോ ഇല്ലാതിരുന്ന ആ കാലത്ത് ജനിച്ച രാമന്റെ ജന്മസ്ഥലവും ജന്മ സമയവും നിർണയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ രാമൻ വാത്മീകിയുടെ സൃഷ്ടിയാണ് കഥയിലെ നായകനാണ് ചരിത്ര പുരുഷനല്ല എന്ന് പറഞ്ഞു കൊടുക്കാനാണ് ഇവിടെ ആളുണ്ടാകേണ്ടത്., അതുണ്ടായിട്ടുണ്ടോ..?   

ഗ്യാൻവാപിയിലേക്ക് വരൂ... 
ഇന്ത്യയിലെ പ്രതിപക്ഷ്ത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടോ...? 
മറ്റൊരു ബാബരി മസ്ജിദ് ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി, ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15 ന് ആരുടെ കയ്യിലാണോ അവരുടേതാണ്, മറ്റാരും അവകാശാദമുന്നയിക്കരുത്, അത്തരം അവകാശവാദങ്ങൾ അനുവദിച്ചു കൊടുക്കരുത് എന്ന് പാർലമെന്റിൽ നിയമം പാസ്സാക്കിയിട്ടുണ്ട് പക്ഷെ നഗ്നമായ നിയമ ലംഘനം നടക്കുമ്പോൾ ഏത് മതേതര നേതാവിൻ്റെ/ പ്രസ്ഥാനത്തിന്റെ ശബ്ദമാണ് നമ്മൾ കേൾക്കുന്നത്..? 

മത സൗഹാർദത്തിന്റെ പ്രതീകങ്ങളായിരുന്നു മുഗൾ ചക്രവർത്തിമാർ, ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു മുഗൾ ഭരണ കാലം. വാരണാസിയിൽ ഗംഗാ തീരത്തെ തരിശു ഭൂമിയിൽ ഒരു ക്ഷേത്രവും പള്ളിയും ഒന്നിച്ചു പണിതത് മഹാനായ അക്ബർ ചക്രവർത്തിയുടെ കാലത്ത് രാജാ മാൻ സിംഗിന്റെ നേതൃത്വത്തിലാണ്. ആ ചരിത്രത്തെ വളച്ചൊടിച്ച് വീണ്ടും ബാബരി മസ്ജിദ് സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ഹിന്ദു ബഹുജനങ്ങളോട് ഈ രാജ്യത്ത് നിലനിന്ന മത സൗഹാർദത്തിന്റെ ചിഹ്നമാണത്, സംഘികളുടെ നുണകളിൽ വീഴരുത് എന്ന് പറയേണ്ട ഉത്തരവാദിത്തം ആർക്കാണ്...? ഇവിടെ ആരെങ്കിലും ആ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടോ..? 

ഇതൊക്കെ ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്, കേരളം കേമമാണ് എന്നാണോ കരുതുന്നത്..? 

ഇതേ പോലുള്ള നുണകൾ പറഞ്ഞു കൊണ്ടാണ് ബിജെപി അവരുടെ വോട്ട് നില നാല് ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയത്, 
ശബരിമലയിൽ കാണിക്കയായി കിട്ടുന്ന പണം മുസ്ലിംകൾക്ക് ഹജ്ജ് സബ്‌സിഡിക്ക് കൊടുക്കുന്നു, സർക്കാർ ശമ്പളം കൊടുക്കുന്നു എന്നൊക്കെ കുമ്മനം രാജശേഖരനും കെപി ശശികലയും പ്രസംഗിച്ചു തുടങ്ങിയത് തൊണ്ണൂറുകളിലാണ്, സംഘപരിവാർ കേരളമൊട്ടാകെ നിരന്തരം ഈ വിഷമൊഴുക്കുമ്പോൾ സത്യം അറിയാവുന്ന ഒരു കൂട്ടർ ഇവിടെ ഉണ്ടായിരുന്നു, കേരളം ഭരിച്ച, ധനകാര്യ വകുപ്പും ദേവസ്വം ബോർഡും ഭരിച്ച 'മതേതര' പുംഗവന്മാർ. ശബരിമലയിൽ നിന്ന് പണം മറ്റുള്ളവർ എടുക്കുകയല്ല, മുസ്‌ലിമും ക്രിസ്ത്യാനിയും ഉൾപ്പടെയുള്ള മനുഷ്യരുടെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ശബരിമലയുൾപ്പടെയുള്ള ക്ഷേത്രങ്ങൾക്ക് വേണ്ടി ചെലവാക്കുകയാണ് എന്ന സത്യം ഒരു നേതാവും പറഞ്ഞില്ല, ആരും പ്രതിരോധിക്കാത്ത നുണകളിലൂടെ ബിജെപി വളരുകയും അവരുടെ വോട്ട് ഷെയർ വർദ്ധിക്കുകയും ചെയ്ത ശേഷം 2015 ലാണ് വിഡി സതീശൻ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നത്. അതിന് ശേഷം പോലും സംഘപരിവാർ ഇതേ നുണ ആവർത്തിക്കുന്നു എന്നോർക്കണം. 
          
അതായത് കേരളത്തിലെ നാലിൽ ഒന്ന് ഹിന്ദുക്കൾ വർഗീയതക്ക് വോട്ട് ചെയ്യുന്നവരായി മാറാൻ കാരണം മതേതര കക്ഷികളുടെ മൗനമാണ്, മദ്രസ്സയിലെ ഉസ്താദ്മാർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നു, ഹജ്ജിന് ഫ്രീയായി ബസ്‌ കൊടുക്കുന്നു, ശബരിമലക്ക് ഇരട്ടി ചാർജ്ജ് വാങ്ങുന്നു, മുസ്ലികൾക്ക് അനർഹമായി സംവരണം കൊടുക്കുന്നു, ജോലികൊടുക്കുന്നു, ലവ് ജിഹാദ് നടത്തുന്നു, തുടങ്ങിയ നുണ പ്രചരണങ്ങൾ പ്രതിരോധിക്കാനുള്ള ഡാറ്റ കയ്യിലുണ്ടായിട്ടും ഒരു മതേതര പാർട്ടിയും ബിജെപിയെ തടയാൻ തുനിഞ്ഞിറങ്ങിയിട്ടില്ല. 

ഗ്യാൻവ്യാപിയിൽ സംഭവിക്കാൻ പോകുന്നതും ശേഷം മറ്റു പള്ളികളിൽ സംഭവിക്കാൻ പോകുന്നതും എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ, ബിജെപിയെ വളർത്തുന്നത് ആ പാർട്ടിയെ അകത്തുള്ളവരേക്കാൾ അവർക്ക് വേണ്ടി പുറത്ത് നിന്ന് പ്രവർത്തിക്കുന്ന മതേതര മുഖം മൂടികളാണ്. പള്ളികൾ നാലെണ്ണം പോയാലെങ്കിലും മുസ്ലിംകൾക്ക് അവരെ തിരിച്ചറിയാൻ കഴിയട്ടെ. സമൂഹത്തിന് മുന്നിൽ ചരിത്രവും സത്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുക എന്ന ദൗത്യം നിർവഹിക്കുന്ന വിരലിൽ എണ്ണാവുന്ന മനുഷ്യരുണ്ട് അവർ അധികാരത്തിന് പുറത്താണ്, അവർക്ക് പിന്തുണ കൊടുക്കുകയും ധീരമായി സത്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുക.  

ചുറ്റുമുള്ള വർഗീയവാദികളെയും മതേതര പൊയ്മുഖങ്ങളെയും തിരിച്ചറിയാനുള്ള കാലം കൂടിയാണിത്.
നുണയിലും അസത്യത്തിലും കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ ഒന്നും നിലനിന്നിട്ടില്ല, സംഘി രാജ്യം അസത്യത്തിൽ ഊതിവീർപ്പിച്ച ഒരു നീർക്കുമിളയാണ്, അത് തകർന്നടിയുക തന്നെ ചെയ്യും.                                                    

-ആബിദ് അടിവാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...