ഇന്നത്തെ ഇന്ത്യയിൽ ഏതാണ് മുസ്ലിംകൾക്ക് നല്ലത് എന്നൊരു ചർച്ച കണ്ടു, തീർച്ചയായും പ്രസക്തമായ വിഷയമാണ്.
ആദ്യം സ്വത്വവും മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്, സ്വത്വ രാഷ്ട്രീയമെന്നാൽ മതരാഷ്ട്രീയമല്ല. ഉദാഹരണത്തിന് എ എ റഹീമും അബ്ദുല്ലകുട്ടിയും എൻഎം ഷംസീറും ഇ എ ജബ്ബാറുമെല്ലാം സ്വത്വപരമായി മുസ്ലിംകളാണ്, ജീവിതത്തിൽ മതം അനുഷ്ഠിച്ചില്ലെങ്കിലും അവർ മുസ്ലിംകൾക്കുള്ള സംവരണത്തിന് അപേക്ഷിക്കാം, നിസ്കരിക്കാത്തവർക്കും പലിശ ഇടപാട് നടത്തുന്നവർക്കും മദ്യപിക്കുന്നവർക്കും മുസ്ലിം ലീഗിൽ മെമ്പർഷിപ്പ് കിട്ടും. മതത്തിന് സ്വത്വ രാഷ്ട്രീയത്തിൽ ഇടപാടൊന്നുമില്ല.
ആരൊക്കെയാണ് കേരളത്തിൽ സ്വത്വപരമായി സംഘടിച്ചിരിക്കുന്നത്..?
ആദ്യം മനസ്സിൽ വരിക മുസ്ലിംകളും ദലിതുകളുമായിരുക്കും, കാരണം അവരാണ് സ്വത്വപരമായി നീതി നിഷേധിക്കപ്പെടുന്നവർ അവരാണ് സ്വത്വപരമായി ശബ്ദമുണ്ടാക്കുന്നവർ, നായന്മാരുടെ സ്വത്വപരമായ സംഘാടനമാണ് എൻഎസ്എസ്, ക്രിസ്ത്യാനികളുടെ സ്വത്വപരമായ സംഘടനമാനാണ് കേരളാ കോൺഗ്രസ് അത് പക്ഷെ നമ്മുടെ ചിന്തകളിൽ വരാറേയില്ല.
ഒരു ബഹുസ്വര സമൂഹത്തിൽ എക്കാലത്തും മനുഷ്യർ മതേതരമായി സംഘടിക്കുന്നതാണ് നല്ലത്, ഇന്ത്യയിലും അങ്ങനെതന്നെ. പക്ഷെ അതിന് പറ്റിയ ഒരു മതേതര പ്രസ്ഥാനം ഇല്ലെങ്കിൽ എന്ത് ചെയ്യും..?
സ്വത്വപരമായി അനീതി നേരിടുന്ന ഒരു സമൂഹത്തെ കൂടെ നിർത്തുന്ന ഒരു മതേതര പ്രസ്ഥാനം അവരെ പരിഗണിക്കുകയാണോ ഉപയോഗപ്പെടുത്തുകയാണോ ചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്. കേരളത്തിന്റെ കാര്യമെടുക്കൂ, കേരളത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസ്സും സിപിഎമ്മും മുസ്ലിംകളെയും ദളിതുകളെയും പരിഗണിക്കുകയാണോ ചൂഷണം ചെയ്യുകയാണോ ചെയ്യുന്നത്..? സംശയമില്ല അവർ ചൂഷണം ചെയ്യുകയാണ്.
കോൺഗ്രസ്സിന് ഇപ്പോൾ കേരളത്തിൽ എത്ര എംപിമാരുണ്ട്.? 16 പേർ. ഇതിൽ എത്ര മുസ്ലിംകളുണ്ട്..? പൂജ്യം.
വോട്ടർപട്ടികയിൽ 35 ശതമാനം വരുന്ന ഒരു ജനവിഭാഗത്തെ അർഹമായ അധികാരം കൊടുത്ത് കൂടെ നിർത്തേണ്ടതുണ്ട് എന്ന് കരുതുന്നതാണ് പരിഗണന, കേന്ദ്രത്തിൽ മുസ്ലിംകൾക്ക് വേറെ ഓപ്‌ഷൻ ഇല്ല അവർ നമുക്ക് വോട്ട് ചെയ്തുകൊള്ളും എന്ന് മനസ്സിലാക്കി അവരുടെ അർഹതയിൽ കയ്യിട്ടു വാരുന്നതാണ് ചൂഷണം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് ഇതേ നയമാണ് സ്വീകരിച്ചത്, ആകെ 93 സീറ്റിൽ കോൺഗ്രസ്സ് മത്സരിച്ചപ്പോൾ 30 സീറ്റിൽ നായർ സ്വത്വമുള്ളവരും 25 സീറ്റിൽ ക്രിസ്ത്യൻ സ്വത്വമുള്ളവരും മത്സരിച്ചു, അതായത് 55 സീറ്റുകൾ ജനസംഖ്യയിൽ 25 ശതമാനം വരുന്ന വിഭാഗത്തിന് 75 ശതമാനം വരുന്ന മുസ്ലിം ഈഴവ ദലിത് വിഭാഗങ്ങൾക്കെല്ലാം കൂടി 38 സീറ്റുകൾ. യുഡിഎഫിൽ സ്വത്വപരമായി സംഘടിച്ച മുസ്ലിം ലീഗ് ഉള്ളത് കൊണ്ട് മാത്രമാണ് മുസ്ലിംകൾ പരിഗണിക്കപ്പെടുന്നത്. കേരളാ കോൺഗ്രസ്സ് ഇല്ലെങ്കിൽ പോലും കൃസ്ത്യാനികൾ പരിഗണിക്കപ്പെടും.
ഇതിലേറെ ഗുരുതരമായ അവസ്ഥയാണ് ഇടതു പക്ഷത്ത്, ജനസംഖ്യാനുപാതികമായ പരിഗണന അവിടെ മുസ്ലിംകൾക്കോ ദളിത് കൾക്കോ ചിന്തിക്കാൻ പോലും പറ്റില്ല, അത് ചോദിക്കുന്നവർ ആ നിമിഷം വർഗീയവാദിയായി മുദ്രകുത്തപ്പെടും. ദളിതുകൾക്ക് വീട് വെക്കാൻ മൂന്ന് ലക്ഷം വാഗ്ദാനം ചെയ്യുകയും പൂണൂലിട്ടവരുടെ അഗ്രഹാരങ്ങൾ പുതുക്കിപ്പണിയാൻ പത്ത് ലക്ഷം റൊക്കം കൊടുക്കുകയും (വെറും വാഗ്ദാനമല്ല) ചെയ്യുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയാണ്, സ്വതപരമായ നീതി എന്നൊന്ന് അവിടെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. രാഷ്ട്രീയ നിലപടുകളിലും കാണാം ഈ ഇരട്ടത്താപ്പ്. പൗരത്വ സമരകാലത്തെ കേസുകൾ പിൻവലിക്കാമെന്ന വാഗ്ദാനം നിലനിൽക്കുമ്പോൾ എൻഎസ്എസ് നെതിരെ എടുത്ത കേസുകൾ പിൻവലിച്ചതിൻറെ വേഗത കണ്ടില്ലേ..? ഷാൻ വധക്കേസിൽ ആഭ്യന്തര വകുപ്പ് മെല്ലെപോവുകയും പ്രതികൾക്ക് ജാമ്യം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യുമ്പോൾ രഞ്ജിത്ത് വധക്കേസിൽ ആർഎസ്എസ് ബന്ധമുള്ളവരെ അന്വേഷണത്തിലും കോടതിയിലും അണിനിരത്തി കേസ് തീർത്തത് കണ്ടില്ലേ..? ഒരു പ്രകടനം പോലും നടത്താതെ, ഒരു കണക്കെടുപ്പും നടത്താതെ സവർണ്ണ സംവരണം പാസ്സാക്കിയത് കണ്ടില്ലേ..? കോർപറേഷനകത്ത് അരയേക്കർ ഭൂമിയും പഞ്ചായത്തിൽ രണ്ടരയേക്കർ ഭൂമിയുമുള്ള സവർണനെ ദരിദ്രനായി പ്രഖ്യാപിച്ചത് കണ്ടില്ലേ..? മറുവശത്ത് ദളിത് മുസ്ലിം സംഘടനകൾ സംവരണവുമായി ബന്ധപ്പെട്ട് എത്രയെത്ര സമരങ്ങൾ നടത്തുന്നു, മൈൻഡ് ചെയ്യുന്നുണ്ടോ..? കമ്മ്യുണിസ്റ്റ്പാർട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ പറയാൻ കഴിയും.
മുസ്ലിംകളുടെ മുന്നിലുള്ള ചോദ്യം രാഷ്ട്രീയമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മതേതര ലേബലുള്ള കക്ഷികളുടെ കൂടെ നിൽക്കണോ അതോ സ്വത്വപരമായി സംഘടിക്കണോ എന്നാണ്, സ്വത്വപരമായി സംഘടിക്കുകയും മതേതര കക്ഷികളോട് വിലപേശി അവകാശങ്ങൾ ചോദിച്ചു വാങ്ങി അവരോട് ഐക്യപ്പെടുകയും ചെയ്യുക എന്നതാണ് ഉത്തരം. കൃത്യമായി പറഞ്ഞാൽ മുസ്ലിം ലീഗ് നിലനിൽക്കുന്ന രാഷ്ട്രീയ ഇടമാണ് മുസ്ലിംകൾക്ക് നല്ലത്. അത് പോലൊരു സംഘാടനം പക്ഷേ ഇടത് പക്ഷത്ത് സാധ്യമാവില്ല, നാഷണൽ ലീഗ് പിറന്ന സന്ദർഭം ഓർമ്മയുണ്ടോ..? ഇബ്രാഹിം സുലൈമാൻ സേട്ട്, മമ്മുക്കേയി, യു എ ബീരാൻ, പിഎം അബൂബക്കർ തുടങ്ങി പ്രഗത്ഭരായ നിരവധി നേതാക്കൾ നാഷണൽ ലീഗിലുള്ള ആ കാലത്ത് ആ പാർട്ടിയെ ഇടതുമുന്നണിയിൽ എടുത്തിരുന്നെങ്കിൽ ഇന്ന് ലീഗിനോളം ശക്തിയുള്ള ഒരു പ്രസ്ഥാനം മറുവശത്ത് ഉണ്ടാകുമായിരുന്നു. ചൂഷണവിധേയരാക്കാൻ സാധിക്കുന്ന മുസ്ലിംകളുടെ സംഘാടനം കമ്മ്യുണിസ്റ്റ് പാർട്ടി ആഗ്രഹിക്കാത്തത് കൊണ്ടാണ് നാഷണൽ ലീഗിന് നീണ്ട ഇരുപത്തി അഞ്ച് വർഷങ്ങൾ മുന്നണിക്ക് പുറത്ത് നിൽക്കേണ്ടിവന്നത്, അവർ ശുഷ്കിച്ച് ഇല്ലാതായത്. നാഷണൽ ലീഗും സിപിഎമ്മും തമ്മിൽ പ്രത്യക്ഷമായി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്നോർക്കണം, എന്നാൽ കേരളം ഇളക്കി മറിച്ച് സിപിഎം പ്രതിസ്ഥാനത്ത് നിർത്തിയ കേരളാ കോൺഗ്രസ്സിനെ മുന്നണിയിൽ എടുക്കാൻ സിപിഎമ്മിന് 24 മണിക്കൂർ വേണ്ടി വന്നിട്ടില്ല. പണച്ചാക്കുകളായ കുറെ മുസ്ലിം വ്യക്തികളെ കാശ് വാങ്ങി കൂടെ നിർത്തുക, അവർ സ്വത്വപരമായി സംഘടിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക, ഈ നേതാക്കളെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുക എന്നതാണ് സിപിഎമ്മിന്റെ മുസ്ലിംകളോടുള്ള നിലപാട് . മാക്ട അലി മുതൽ മന്ത്രി അബ്ദുറഹിമാൻ വരെയുള്ളവരെയും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്ത പാർട്ടിക്ക് പുറത്തുള്ള മുസ്ലിംകളെയും ഒന്നോർത്തു നോക്കൂ, കാര്യം പിടികിട്ടും.
ഇന്ത്യ രാമരാജ്യമായി മാറുന്നു എന്നത് ഒരു യാഥാർഥ്യമാണ്, കൂടുതൽ കക്ഷികളും വ്യക്തികളും സ്ഥാപനങ്ങളും അവരുമായി സഹകരിച്ചു തുടങ്ങാൻ പോകുന്നേയുള്ളൂ, അധികാരത്തോട് മുട്ടി നിൽക്കാൻ തയ്യാറുള്ളവർ വളരെക്കുറവായിരിക്കും, ഇന്ത്യയിൽ ഇനിയും നെല്ലും പതിരും വേർതിരിഞ്ഞിട്ടില്ല. ജനാധിപത്യ ഇന്ത്യയെ നിലനിർത്തുക എന്ന ഒരേയൊരു താല്പര്യത്തോടെ ഇന്ത്യയിൽ ആരും സംഘടിച്ച് തുടങ്ങിയിട്ടില്ല. അതിന് ഇനിയും സമയമെടുക്കും. 1921 ൽ മലബാറിൽ ഗാന്ധിജി വരികയും, ബ്രിട്ടീഷുകാർക്കെതിരെ കലാപം നടക്കുകയും ചെയ്ത അതേ സമയത്ത് ക്രിസ്ത്യൻ സഭകൾ ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ച് ലോയൽറ്റി മാർച്ച് നടത്തിയിരുന്നു, ആ സീനൊക്കെ വരാൻ പോകുന്നേയുള്ളൂ. ഏഴ് പതിറ്റാണ്ട് ജനാധിപത്യത്തിന്റെ സുഖം അനുഭവിച്ചവരാണ് ഇന്ത്യയിൽ ഇപ്പോൾ ജീവിക്കുന്നത്, ബ്രിട്ടീഷ് കാലത്തെ പ്രജയിൽ നിന്ന് പൗരനിലേക്ക് മാറാൻ വർഷങ്ങൾ നീണ്ടുനിന്ന സമരം ചെയ്തത് അന്നത്തെ മനുഷ്യരുടെ അനുഭവങ്ങളാണ്, അവരുടെ ബോധ്യങ്ങളാണ്. രാമരാജ്യത്ത് നാം വീണ്ടും പൗരനിൽ നിന്ന് പ്രജയിലേക്ക് മാറുകയാണ്. പത്ത് വർഷമായി മാധ്യമ പ്രവർത്തകരെ നേരിട്ടിട്ടില്ലാത്ത പാർലമെന്റിനെ നേരിട്ടിട്ടില്ലാത്ത ഒരു സംസ്ഥാനം കത്തിയെരിയുമ്പോൾ തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒരു ഭരണാധികാരി ജനാധിപത്യത്തിന്റെ ലക്ഷണമല്ല, ജനാധിപത്യം ഇല്ലാത്തിടത്ത് പൗരന്മാരുമില്ല. യഥാർത്ഥത്തിൽ നാം പ്രജകളായി മാറിക്കഴിഞ്ഞിട്ടുണ്ട്, ഇനി ഔദ്യോഗീക പ്രഖാപനം നടക്കാൻ മാത്രമേ ബാക്കിയുള്ളൂ...
ഇന്ന് ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും അത് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചിലരെങ്കിലും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അവരുടെ അണികൾ പക്ഷെ കൂടുകയല്ല, അനുദിനം കുറയുകയാണ്. ഹിന്ദുത്വ രാജ്യത്തിന്റെ പ്രജകളായി മാറുമ്പോൾ ജനാധിപത്യത്തിന്റെ സുഖം എന്തായിരുന്നു എന്ന് ചിലർക്കെങ്കിലും മനസ്സിലാകും, അത് മനസ്സിലാക്കുന്നവർ മുന്നിട്ടിറങ്ങുമ്പോൾ ഒരു സമരം വരും, ഇന്ത്യ തിരിച്ചു വരും, ഇപ്പോൾ മതേതര ലേബലുകളിൽ പ്രവർത്തിക്കുന്നവർ നല്ലൊരു ശതമാനം രാമരാജ്യ ഭക്തരാണ്, അവരിൽ നിന്ന് ചൂഷണമല്ലാതെ ഒരു പരിഗണനയും മുസ്ലിംകൾ പ്രതീക്ഷിക്കേണ്ടതില്ല.
ഇപ്പോൾ ഇന്ത്യ നിൽക്കുന്നത് ജനാധിപത്യ രാജ്യത്തിനും രാമരാജ്യത്തിനും ഇടക്കുള്ള കയ്യാലപ്പുറത്താണ്. ഈ അവസ്ഥ തുടരുന്നത് ഏറ്റവും വലിയ ഭീഷണിയായിത്തീരുക മുസ്ലിംകൾക്കാണ്. ഭൂരിപക്ഷ വോട്ട് ബാങ്കിന് ആവേശം കൊടുക്കാൻ വേണ്ടി ഹിന്ദുത്വ മുസ്ലിംകളെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കും, അതെ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ വേണ്ടി 'മതേതര' പാർട്ടികളും മുസ്ലിംകളെ മൃദുവായി പ്രഹരിച്ചു കൊണ്ടിരിക്കും.
കയ്യാലപ്പുറത്ത് നിന്ന് ഇന്ത്യ രാമ രാജ്യത്തിലേക്ക് വീണാൽ സീൻ മാറും, അവർ നിയന്ത്രിത ജനാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകും, ചൈനയെപ്പോലെ ജനകീയ വോട്ടെടുപ്പ് ഇല്ലാത്ത, ആർഎസ്എസ് (സവർണ്ണർ) ഭരണാധികാരികളെ തീരുമാനിക്കുന്ന സംവിധാനത്തിലേക്ക് രാജ്യം മാറിക്കഴിഞ്ഞാൽ സംഘപരിവാറിന് മുസ്ലിംകളെ അക്രമിക്കേണ്ട കാര്യമില്ല, പിന്നെ അവരുടെ യഥാർത്ഥ ശത്രുക്കളായ അവർണ്ണ ജനത പ്രതിസ്ഥാനത്ത് വരും, മോദി അധികാരത്തിൽ ശേഷം യൂണിവേഴ്‌സിറ്റികളിൽ നിന്ന് അവർണ്ണനെ പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതും, രോഹിത് വെമുലമാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതും കണ്ടിട്ട് പഠിക്കാത്തവർക്ക് നന്നായി പണികിട്ടുമ്പോൾ ബോധം വരും, അന്നൊരു പക്ഷെ ചൂഷണത്തിന് പകരം എല്ലാവരെയും പരിഗണിക്കുന്ന മതേതര മുന്നേറ്റമുണ്ടാകും, അത് വരെ സ്വത്വപരമായി സംഘടിച്ച് വോട്ടുകൾ ജനാധിപത്യപരമായി ഉപയോഗപ്പെടുത്തുകയാണ് അഭികാമ്യം. സ്വത്വപരമായ സംഘാടനം ഒരു നൂൽപ്പാലമാണ്, അത് വർഗീയതയിലേക്ക് വഴുതി വീഴാതെ നോക്കാൻ ശേഷിയുള്ള നേതാക്കൾ ഉണ്ടായിരിക്കണം. അതുണ്ടായതാണ് മുസ്ലിം ലീഗിന്റെ വിജയം.
-ആബിദ് അടിവാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ