2024 ഫെബ്രുവരി 1, വ്യാഴാഴ്‌ച

തിരുവിതാംകൂറിലെ കറിവേപ്പില തമ്പുരാട്ടി

തിരുവിതാംകൂറിലെ കറിവേപ്പില തമ്പുരാട്ടിയെ താമരശ്രീ നൽകി ആദരിക്കുന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. 

സംഘപരിവാർ വിഭാവനം ചെയ്യുന്ന രാമരാജ്യമായിരുന്നു തിരുവിതാംകൂർ, ആ രാജ്യത്തെ ഇന്ത്യയിൽ നിന്നടർത്തിമാറ്റി ഹിന്ദു രാജ്യമാക്കി നിലനിർത്താനുള്ള ശ്രമം സവർക്കറുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. 

"തിരുവിതാംകൂർ രാജ്യത്തിനുള്ള ഭക്ഷ്യ അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുത്തും എന്നുള്ള ഇന്ത്യയുടെ ഭീഷണിയെ തുടർന്ന് തിരുവിതാംകൂറും പാകിസ്ഥാനുമായി ഒരു വാണിജ്യ ബന്ധം സ്ഥാപിക്കാൻ ഞാൻ ഇതിനാൽ തീരുമാനിക്കുന്നു. ജിന്നയെ ഒരു യാഥാർഥ്യ ബോധമുള്ള നേതാവായിട്ടാണ് ഞാൻ കാണുന്നത്. വൈസ്രോയിയും ഗാന്ധിയുമാണ് പാകിസ്ഥാൻ രൂപീകരണത്തിനുള്ള പ്രധാന കാരണക്കാർ . പാകിസ്ഥാൻ രൂപീകരണത്തിന് ഞാൻ എതിരായിരുന്നെങ്കിലും ഇപ്പോൾ എനിക്ക് ജിന്നയുടെ യാതൊരു പ്രശ്നങ്ങളുമില്ല." 1946 സർ സി പി രാമസ്വാമി അയ്യർ മൗണ്ട് ബാറ്റൺ പ്രഭുവിന് അയച്ച കത്തിൽനിന്ന്.

സി പി പാകിസ്ഥാനിലേക്ക് ഒരു തിരുവിതാംകൂർ അംബാസിഡറെ അയച്ചിരുന്നു, സി പിയുടെ വിശ്വസ്തനായ പോലീസ് ഇൻസ്‌പെക്ടർ ജനറൽ അബ്ദുൽ കരിം ആയിരുന്നു തിരുവിതാംകൂറിന്റെ പാകിസ്ഥാൻ അംബാസിഡർ . (Menon, A. Sreedhara. Triumph and Tragedy in Travancore. Thrissur: Current Books, 2001.)

ഇന്ത്യയിൽ ചേരാതെ സ്വതന്ത്രമായി നിൽക്കാനുള്ള തിരുവിതാംകൂറിന്റെ തീരുമാനത്തെ തുടർന്ന് തിരുവിതാം കൂറിനുള്ള ഭക്ഷ്യ സപ്പ്ളൈ നിർത്തലാക്കുമെന്ന് കാണിച്ചു നെഹ്രു മൗണ്ട് ബാറ്റണ് അയച്ച കത്തിന് പകരമായാണ് സി പി പാകിസ്ഥാനുമായി ഡീലുണ്ടാക്കിയത്. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാകുക എന്ന മാസ്റ്റർ പ്ലാൻ യഥാർത്ഥത്തിൽ സി പി യുടെ തലയിൽ ഉദിച്ചത് ആയിരുന്നില്ല. മഹാരാജാവ് ചിത്തിര തിരുനാളിനെ സ്വന്തം കരവലയത്തിൽ ഒതുക്കി നിയന്ത്രിച്ചു കൊണ്ടിരുന്ന അമ്മ സേതു പാർവതി ഭായിയുടെ ബുദ്ധി ആയിരുന്നു അത്. അവരുമായി വഴി വിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് അന്ന് പല പത്രങ്ങളും ആരോപിച്ചിരുന്നു സർ സി പി , സേതു പാർവതീ ഭായിയുടെ പദ്ധതികൾ എല്ലാം നടപ്പാക്കാൻ മുൻപിൽ നിൽക്കുക മാത്രമായിരുന്നു ചെയ്തത്.

ഇന്ത്യയുടെ ഭാഗത്തു നിന്ന് അരി സപ്ലൈ നിർത്തിക്കൊണ്ടുള്ള ഒരു തീരുമാനം നെഹ്രു എടുക്കാൻ തുനിഞ്ഞപ്പോൾ അതിനു മറുപടിയായി പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് അരിവാങ്ങാനും പകരം തിരുവിതാംകൂറിലെ കൊപ്രയും തേങ്ങയും അവിടേയ്ക്കു കയറ്റിവിടാനും സി പി ജിന്നയുമായി കരാറായി. അതുപോലെ തുണി മില്ലുകൾ സ്പൈ നിർത്തും എന്ന ഘട്ടം വന്നപ്പോൾ സി പി ലണ്ടനിലെയും ന്യൂയോർക്കിലെയും മില്ലുകളുമായും ധാരണയാകാൻ ശ്രമം നടത്തി. (Guha, Ramachandra. India After Gandhi: The History of the World’s Largest Democracy. New Delhi: Pan Macmillan India, 2017.)

കോൺഗ്രെസും മൗണ്ട് ബാറ്റണുമായും ഇത്തരത്തിലുള്ള വടം വലികൾ സി പി നടത്തിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായ ഒരു കോണിൽ നിന്ന് സ്വതന്ത്ര തിരുവിതാംകൂറിന് പിന്തുണ കിട്ടുകയുണ്ടായി. അന്ന് ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വി ഡി സവർക്കർ 1947 ജൂൺ 20 നു സി പി ക്കു അയച്ച ഒരു കമ്പി സന്ദേശത്തിൽ ഇങ്ങനെ പറയുന്നു. "ഹിന്ദു രാജ്യമായ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി നില്ക്കാന് എടുത്ത തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു". (C.P. and independent Travancore", Frontline, July 4, 2003) 

ഹിന്ദു രാജ്യം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്ന സംഘപരിവാർ പദ്ധതി നടപ്പിലാക്കിയ ശേഷവും ഇന്ത്യ കോൺഗ്രസിന് കീഴിൽ ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ തീരുമാനിച്ചപ്പോൾ ഹിന്ദു രാജാക്കന്മാർ ഭരിച്ചിരുന്ന ബറോഡ ഗ്വാളിയോർ തുടങ്ങിയ പല രാജ്യങ്ങളെയും ഹിന്ദു രാജ്യമായി നിലനിൽക്കണം എന്നഭ്യർത്ഥിച്ചു കൊണ്ട് സംഘപരിവാർ സമീപിച്ചിരുന്നു. പശുവിനും ബ്രാഹ്മണനും സുഖമാണെങ്കിൽ ലോകസമസ്ത സുഖിനോ ഭവന്തുവാണ് എന്ന് വിശ്വസിച്ചിരുന്ന പത്തരമാറ്റ് മനുസ്മൃത്രി രാജ്യമായിരുന്നു തിരുവിതാംകൂർ, മുലക്കും മീശക്കും തെങ്ങിൽ കയറുന്ന തളപ്പിനും വരെ നികുതി വാങ്ങി പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന അവർണരായ പാവങ്ങളെ പിഴിഞ്ഞ് ബ്രാഹ്മണർക്ക് സൗജന്യ ഊട്ടുപുര നടത്തിയിരുന്ന മധുരമനോജ്ഞ ഹൈന്ദവ രാജ്യം. 

സർ സിപിയെ വെട്ടാൻ ഒരു കെസിഎസ് മണി ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് വലിയ തലവേദനയാകുമായിരുന്ന ഹൈന്ദവ രാജ്യത്തിന്റെ പ്രതിനിധിക്കാണ് സംഘപരിവാർ താമരശ്രീ നൽകി ആദരിച്ചത്. രാമരാജ്യം പിറന്നു കഴിഞ്ഞു, കറിവേപ്പിലത്തമ്പുരാട്ടി ഇനി വെറും കറിവേപ്പിലയല്ല.

-ആബിദ് അടിവാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...