2024, മാർച്ച് 12, ചൊവ്വാഴ്ച

മാസപ്പിറവിയും ശാസ്ത്രവും .

മാസപ്പിറവിയും ശാസ്ത്രവും .
----------------------------------------------------
പൊതുവേ ലോക മുസ്ലിം സമൂഹത്തിൽ ഇതിൽ വലിയ ചർച്ചകളും ഭിന്നതകളും ഒന്നുമില്ലെങ്കിലും നമ്മുടെ ഇട്ടാവട്ട കേരളത്തിൽ ഇത് ഒരു ചർച്ചയും ഭിന്നിപ്പും ഉള്ള വിഷയമാണ്. 

കേരളത്തിൽ മർക്കസുദ്ദഅവ മുജാഹിദ് വിഭാഗം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി 2024 മാർച്ച് 11 തിങ്കളാഴ്ച തന്നെ നോമ്പ് ആരംഭിച്ചു. അതിന് അവർ ഉന്നയിച്ച ന്യായം തികഞ്ഞ അബദ്ധമാണ് എന്ന് പറയാതെ വയ്യ!. 

മാർച്ച് പത്താം തീയതി ഞായറാഴ്ച സൂര്യ അസ്തമയ ശേഷം എട്ടു മിനിറ്റ് ചന്ദ്രൻ കേരളത്തിലെ ആകാശത്ത് ഉണ്ട് എന്ന ശാസ്ത്രീയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇവർ തിങ്കളാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചതും നോമ്പ് തുടങ്ങിയതും. 

എന്നാൽ ഇസ്ലാമിലെ മാസ നിർണയത്തിന്റെ അടിസ്ഥാനം ചന്ദ്രൻ ആകാശത്ത് ഉണ്ടോ ഇല്ലയോ എന്നതല്ല ഹിലാൽ ഉണ്ടോ ഇല്ലയോ എന്നതാണ്. അപ്പോൾ ചിലർക്ക് സംശയമുണ്ടാവും ചന്ദ്രൻ തന്നെയല്ലേ ഹിലാൽ എന്ന്; ഒരിക്കലും അല്ല. ചന്ദ്രൻ വേറെ ഹിലാൽ വേറെ .

ചന്ദ്രന് വ്യത്യസ്ത വൃദ്ധിക്ഷയങ്ങൾ ഉണ്ട് എന്നറിയാമല്ലോ. ചന്ദ്രന് സ്വന്തമായി പ്രകാശമില്ല സൂര്യൻറെ പ്രകാശം പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ന്യൂ മൂൺ അഥവാ അമാവാസി എന്നത് സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുന്ന അവസ്ഥയാണ്. ചന്ദ്രനെ ഒരിക്കലും കാണാൻ പറ്റാത്ത അവസ്ഥ. ചന്ദ്രൻ ആകാശത്തുണ്ട് പക്ഷേ നമുക്ക് കാണാൻ കഴിയില്ല. 

ചന്ദ്രനെ കാണണമെങ്കിൽ ചന്ദ്രൻ ആ നേർരേഖയിൽ നിന്ന് ചലിക്കണം, അത് മാത്രം പോര - സൂര്യ പ്രകാശം പതിച്ച് പ്രതിഫലിക്കാനുള്ള സാഹചര്യവും വേണം.

New moon സമയത്ത് എല്ലാം നേർരേഖയിലാണ്. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ചലിക്കുന്നതിനനുസരിച്ച് അത് വിസിബിൾ ആയി വരുന്നു. . ചന്ദ്രനും സൂര്യനും തമ്മിലുള്ള angular സെപ്പറേഷൻ പൊതുവെ 10.5 ഡിഗ്രിയെങ്കിലും ഉണ്ടെങ്കിലേ സൂര്യപ്രകാശംപതിച്ച്ചന്ദ്രൻ visible ആവൂ. ഈ അവസ്ഥയാണ് waxing crescent അഥവാ ഹിലാൽ എന്നറിയപ്പെടുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ട് ഹിലാൽ ദൃശ്യമാവാൻ കുറഞ്ഞത് 15 മണിക്കൂർ എങ്കിലും കഴിയണം. ടെലസ്കോപ്പുകൾ കൊണ്ട് അനുകൂല സാഹചര്യങ്ങളിൽ 12 മണിക്കൂർ കൊണ്ടും ഹിലാൽ ദൃശ്യമാകും

 എന്നാൽ ഈ സമയത്തൊക്കെ ചന്ദ്രൻ ആകാശത്ത് ഉണ്ട്. ന്യൂ മൂൺ സമയം മുതൽ ഹിലാൽ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള സമയത്ത് ചന്ദ്രൻ അദൃശ്യമാണ് അഥവാ ഇരുണ്ടതാണ്. ഈ സമയത്തുള്ള ചന്ദ്രനെ ശാസ്ത്രം ഡാർക്ക് മൂൺ എന്നാണ് വിളിക്കുന്നത്. 

കൃത്യമായി മനസ്സിലാക്കുക; ചന്ദ്രൻ ആകാശത്തുണ്ട് എന്നാൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനുള്ള അവസ്ഥയിൽ അല്ല. അതുകൊണ്ടുതന്നെ ചന്ദ്രനെ ഈ സമയങ്ങളിൽ നമുക്ക് ഭൂമിയിൽ നിന്ന് ദൃശ്യമാവില്ല. ഈ പറഞ്ഞതൊക്കെ കൃത്യമായ ശാസ്ത്രീയ വസ്തുതകളാണ്.

ശാസ്ത്രീയമായ കണക്കുകൾ അനുസരിച്ച് മാർച്ച് 10 ഞായറാഴ്ച ഇന്ത്യൻ സമയം 2.30pm നാണ് ന്യൂ മൂൺ സംഭവിച്ചിട്ടുള്ളത്. സൂര്യൻ അസ്തമിച്ചത് 6.36 pm നും അന്ന് 8 മിനിട്ട് കഴിഞ്ഞ് ചന്ദ്രനും അസ്തമിച്ചു. അഥവാ ന്യൂമൂൺ കഴിഞ്ഞ് വെറും നാലു മണിക്കൂർ കൊണ്ട് ചന്ദ്രൻ അസ്തമിച്ചു.
ശാസ്ത്രീയമായി ഈ ഒരു അവസ്ഥയിൽ ഒരിക്കലും ഹിലാൽ (crescent )എന്ന അവസ്ഥ ചന്ദ്രന് ഉണ്ടായിട്ടില്ല. 

മാർച്ച് 10ന് സൂര്യാസ്തമായ ശേഷം 8 മിനിറ്റ് ആകാശത്തുണ്ടായിരുന്ന ചന്ദ്രൻ ശാസ്ത്രീയമായി പറഞ്ഞാൽ ടെലസ്കോപ്പ് കൊണ്ടും കണ്ണുകൊണ്ടും ഒന്നും ഭൂമിയിൽ നിന്ന് നമുക്ക് ദൃശ്യമല്ലാത്ത ഡാർക്ക് മൂണാണ്, ഹിലാൽ അല്ല.

 ഇസ്ലാമിക ശരീഅത്തിൽ മാസപ്പിറവിയുടെ അടിസ്ഥാനം ഹിലാലാണ് (waxing crescent) അല്ലാതെ നമുക്ക് അദൃശ്യമായ ഡാർക്ക് മൂണോ ന്യൂമോണോ ഒന്നുമല്ല. 

പടച്ചവൻ മാസപ്പിറവി കണക്കാക്കാൻ നമുക്ക് നിശ്ചയിച്ചിട്ടുള്ളത് ഹിലാൽ crescent ആണ് അല്ലാതെ സൂര്യ വെളിച്ചം പ്രതിഫലിപ്പിക്കാത്ത ചന്ദ്രനെ dark moon അല്ല. 

۞ يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ .....
( നബിയേ, ) നിന്നോടവര്‍ ഹിലാലിനെ പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ്‌ തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ.... 
(Surat:2, Verse:189).

അപ്പോൾ ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ ആണ് ഞങ്ങൾ മാസ നിർണയം നടത്തുന്നത് എന്ന് അവകാശപ്പെടുന്നവർ തികഞ്ഞ ശാസ്ത്ര വിരുദ്ധ അബദ്ധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ KNM സിഡി ടവർ വിഭാഗവും വ്യത്യസ്തമല്ല. മൂന്നുമാസങ്ങൾ അല്ലാത്ത മറ്റു മാസങ്ങളിൽ എല്ലാം ഇത്തരം അബദ്ധജഡില കണക്കുകളാണ് അവരും ഫോളോ ചെയ്യുന്നത്. മാത്രമല്ല അത്തരം അബദ്ധ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മാർച്ച് 10 ഞായറാഴ്ച ഈ രണ്ടുകൂട്ടർക്കും ശഅബാൻ 29 ആയതും!. 

ഇരു വിഭാഗത്തിലും ഉള്ള KNM സഹോദരന്മാരേ നിങ്ങൾ ചെയ്യുന്നത് പ്രമാണവിരുദ്ധമാണ് എന്നത് കൂടാതെ ശാസ്ത്ര വിരുദ്ധവുമാണ്. മാസപ്പിറവിയുടെ അടിസ്ഥാനം ചന്ദ്രൻ ആകാശത്ത് ഉണ്ടോ ഇല്ലയോ എന്നതല്ല ഹിലാലാണ് എന്ന് തിരിച്ചറിയുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...