2024, മാർച്ച് 16, ശനിയാഴ്‌ച

നോമ്പിന്റെ പൊരുൾ


 
   

 കൃത്യമായ ലക്ഷ്യങ്ങളോടെ മനുഷ്യകുലത്തിന് ഇലാഹനുവദിച്ച പരിശീലന കാലയളവാണ് റമളാൻ

അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദനത്തിന് ചില പാകപ്പെടലുകൾ അനിവാര്യമാണ് 

 ഈ നിമിഷം പിറന്നുവീണ കുഞ്ഞിന് ബിരിയാണിയും ചുളിവുകൾ വീണ് മരണം കാത്തിരിക്കുന്നവർക്ക് അമ്മിഞ്ഞയും നൽകുന്നതിലെ യുക്തി വിരുദ്ധത നമുക്കറിയാം സർവ സുഖങ്ങളാലും വിഭൂഷിതമായി മരണാനന്തര ലോകം മനുഷ്യരെ കാത്തിരിക്കുന്നു
എല്ലാം നൽകാൻ തന്നെയാണ് സ്‌നേഹവാനായ ഉടമയുടെ തീരുമാനം
 പക്ഷേ, ചില കാത്തിരിപ്പുകൾ വേണം 

 നോമ്പുള്ള വ്യക്തി ഇഫ്താറിനായി നിരത്തിവെച്ച വിഭവങ്ങൾക്കു മുമ്പിൽ ക്ഷമചിത്തതയോടെ സൂര്യാസ്തമയവും കാത്തിരിക്കാൻ തയ്യാറാകുകയെന്നത് മനോഹരമായ ആത്മീയ വ്യവഹാരമാണ്
ഏറ്റവും ചുരുങ്ങിയത് അംഗസ്‌നാനം ചെയ്യാനുള്ള വെള്ളമെങ്കിലും അവന്റെ വായക്കകത്ത് എത്തുന്നുണ്ട്
എന്നിട്ടും അകത്തേക്കിറക്കാതെ നോമ്പിനെ പരിരക്ഷിക്കാൻ വിശ്വാസി തയ്യാറാകുന്നുവെങ്കിൽ ആ ആത്മീയ ബോധത്തെ മരണം വരെ നിലനിർത്താൻ അവന് പരിശീലനം നൽകുകയാണ് മുപ്പത് ദിനങ്ങളിലൂടെ
നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കിയതെന്ന വിശുദ്ധ വചനത്തിന്റെ അർത്ഥവും ഈ കാത്തിരിപ്പു തന്നെ 

 റമളാനല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന പലതും റമളാനിൽ ഒഴിവാക്കൽ അഭികാമ്യമായി മാറുന്നു

ആസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള വായന, സുഗന്ധ വസ്തുക്കളുടെ ലേപനം തുടങ്ങി അർഹമായ പലതിൽ നിന്നും കൈ വലിച്ച് സൂക്ഷ്മതയാർന്ന, ഇലാഹീഗന്ധിയായ ജീവിത വീക്ഷണത്തിലേക്ക് റമളാൻ മനുഷ്യനെ ഉയർത്തുന്നു 

 മാനവികതയുടെ മാഗ്‌നാകാർട്ടയാണ് റമളാൻ അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു വിശപ്പറിയുന്നവന് സഹജീവിയുടെ ഉദരത്തിന്റെ ഉൾവിളികൾ ഗ്രഹിക്കാനാവും
അവൻ പട്ടിണിപ്പാവങ്ങളെക്കുറിച്ചോർക്കും
തൽഫലമായി ഉദാരതയും സഹജീവി കരുണയും ചുരത്തുന്ന മനുഷ്യനായി വിശ്വാസി മാറും 

 ദഖാഇറുൽ ഇഖ്‌വാൻ എന്ന ഗ്രസ്ഥത്തിൽ ഇപ്രകാരം വായിക്കാം: അല്ലാഹു ﷻ ബുദ്ധിയെ സൃഷ്ടിച്ച ശേഷം ചോദിച്ചു, ഞാനാരാണ്..?

ബുദ്ധി പറഞ്ഞു: ഞാൻ നിന്റെ അടിമയും നീ എന്റെ രക്ഷിതാവുമാണ്

ശേഷം ശരീരത്തെ സൃഷ്ടിച്ചു
അതേ ചോദ്യം തന്നെ ആവർത്തിച്ചു
ശരീരം പറഞ്ഞുവത്രേ,
“നീ നീയും
ഞാൻ ഞാനുമാണ്..."

 കുറഞ്ഞകാലം നരകത്തിലിട്ട് ശിക്ഷിച്ചെങ്കിലും മറുപടിക്ക് മാറ്റമുണ്ടായില്ല
പിന്നീട് വിശപ്പിന്റെ നരകത്തിലാണിട്ടത് അതോടെ പ്രത്യുത്തരത്തിന് പകർച്ചയുണ്ടായി
- നീ എന്റെ റബ്ബാണ് ദൗർബല്യങ്ങളും ബലഹീനതകളും എറെയുള്ള മനുഷ്യ ശരീരത്തെ സംസ്‌കരിക്കാനും മെരുക്കിയെടുക്കാനുമുള്ള വഴിയും മാർഗവുമാണ് വിശപ്പ്.

ഇസ്‌ലാമിലെ കർമങ്ങളും നിഷ്‌കർഷകളും ആരോഹണ അവരോഹണ ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട് ആദ്യകാലത്ത് മദ്യപാനം നിഷിദ്ധമായിരുന്നത് നിസ്‌കാരത്തിൽ മാത്രമായിരുന്നല്ലോ തുടർന്ന് വിവിധ ഘട്ടങ്ങളിലായാണ് പൂർണമായി നിഷിദ്ധമാക്കുന്നത് എന്നാൽ ദിവസം മുഴുവൻ നിർബന്ധമായിരുന്ന നോമ്പ് പകലിലേക്കു മാത്രം ചുരുക്കി ലഘൂകരണം നടത്തുകയായിരുന്നു അല്ലാഹുﷻ
ആദ്യകാല വിശ്വാസികളുടെ ത്യാഗങ്ങളുടെ ആരോഹണ പട്ടികയിലാണ് നമ്മളുള്ളതെന്ന് വിശ്വാസികൾ നന്നായി ഓർമിക്കണം 

 റമളാനിൽ വലിയ വിന വരുത്തിവെക്കുന്ന അവയവമാണ് നാവ്
 ശവം തീനികളോടാണ് പരദൂഷണക്കാരെ മുത്ത് നബി ﷺ ഉപമിച്ചിരിക്കുന്നത് 

ഏറ്റവും വലിയ വിഡ്ഢിയാണ് പരദൂഷണക്കാരൻ
 തന്റെ നന്മകൾ മുഴുവനും അപരന് വിതരണം ചെയ്യുക, അവന്റെ തിന്മകൾ ഏറ്റെടുക്കേണ്ടിവരിക എന്നതാണത് ലാഭരഹിതമായ വ്യാപാരത്തിനാണ് അവൻ കരാറെഴുതിയിരിക്കുന്നത്


 അതുകൊണ്ടാണ് ഫുളൈലുബ്‌നു ഇയാള് (റ) പറഞ്ഞത്,
"ഞാൻ ആരെയും കുറ്റം പറയില്ല
അഥവാ പറയുകയാണെങ്കിൽ ഉമ്മയേയും ഉപ്പയേയും മാത്രമേ പറയൂ"
 അവരെ സംബന്ധിച്ച് പറയാനുള്ള അനുമതി നൽകുകയല്ല മഹാൻ ചെയ്തത്
 മറിച്ച് അന്യർക്ക് അമലുകൾ കൊടുക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസമാണ്
വിഷയം ഗൗരവമാണെന്നർത്ഥം..!!

 മൗനമവലംബിച്ചവൻ രക്ഷപ്പെട്ടുക്കഴിഞ്ഞു എന്ന ഹദീസിന്റെ ആഴങ്ങളന്വേഷിക്കുന്ന ഇമാം ഗസ്സാലി (റ) സംസാരത്തെ നാലായി തരംതിരിക്കുന്നുണ്ട് ഇഹ്‌യാ ഉലൂമുദ്ദീനിൽ. ഉപകാരം മാത്രമുള്ളത്, ഉപദ്രവം മാത്രമുള്ളത്, രണ്ടും കലർന്നത്, രണ്ടിന്റെയും സാന്നിധ്യമില്ലാത്തത്. ഉപകാരം മാത്രമുള്ളതാണ് വിശ്വാസികൾ പറയേണ്ടത്

അപ്പോഴാണ് മൗനത്തിന്റെ പ്രസക്തി ബോധ്യപ്പെടുക 

 പ്രഭാതത്തിൽ നാവിനും മറ്റവയവങ്ങൾക്കുമിടയിൽ പതിവായി നടത്തുന്ന സംഭാഷണത്തെ സംബന്ധിച്ച് സഈദ്ബ് നു ജുബൈർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ വായിക്കാം: മറ്റു അവയവങ്ങൾ നാവിനോടു പറയും’നീ ഞങ്ങളുടെ കാര്യത്തിൽ അല്ലാഹുﷻവിനെ സൂക്ഷിക്കണം നിന്റെ ധാർമികതയുടെ നിഴലാണ് ഞങ്ങളിൽ പ്രകടമാവുക’ അധിക സംസാരത്തെ സൂക്ഷിക്കാൻ ചരൽ കല്ലുകൾ വായിൽ നിറച്ചിരുന്നുവത്രേ ഒന്നാം ഖലീഫ അബൂബക്കർ(റ). നാവിനെപ്പോലെ ശക്തമായ തടവറയാവശ്യപ്പെടുന്ന മറ്റൊരു വസ്തുവില്ലെന്ന് ഇബ്‌നു മസ്‌ഊദ് (റ) പറയുന്നു 

അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പരദൂഷണക്കാരൻ നേരിടേണ്ടി വരുന്ന ശിക്ഷകളെ പ്രതിപാദിക്കുന്നുണ്ട് 
അല്ലാഹുﷻവിന്റെ റഹ്മത്തിനെ വിട്ട് അകലുക, സ്ഥിരസാന്നിധ്യങ്ങളായ റഹ്മത്തിന്റെ മാലാഖമാരുടെ സഹവാസ വിഘ്‌നം, മരണസമയത്തുള്ള റൂഹു പിരിച്ചിലിന്റെ കഠിനത, ഖബറിലെ ശിക്ഷകളുടെ ഭയാനകത, ഇല്ലിയ്യീനിൽ മുത്ത് നബിﷺയുടെ ആത്മാവുമായുള്ള സമ്പർക്കം നഷ്ടപ്പെടൽ, ഇലാഹീ കോപം, അമലുകളുടെ വിലാസം നഷ്ടപ്പെടൽ, തത്ഫലമായുണ്ടാകുന്ന നന്മകളുടെ ശക്തമായ ദാരിദ്ര്യം എന്നിവയാണവ.

🪂സമ്പാദകൻ: 
മുഹമ്മദ്‌ ശാഫി അൽ ഫാളിൽ മന്നാനി തേവലക്കര

               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...