2024, മാർച്ച് 22, വെള്ളിയാഴ്‌ച

ശൈഖുനാ എൻ എം യൂസുഫ് ഉസ്താദ് നവ്വറള്ളാഹു മർഖദഹു ആണ്ടനുസ്മരണം

ബഹുമാനപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാവും ദക്ഷിണ കേരളത്തിലെ പണ്ഡിത തറവാട്ടിന്റെ കാരണവരും പനവൂർക്കാരുടെ സ്വകാര്യ അഭിമാനവും കുടവൂർക്കാരുടെ "വലിയ ഉസ്താദും" ഒക്കെയായി വൈജ്ഞാനിക നഭോ മണ്ഡലത്തിലെ മിന്നും താരകമായി പ്രശോഭിച്ചിരുന്ന ബഹുവന്ദ്യരായ   
ശൈഖുനാ എൻ എം യൂസുഫ് ഉസ്താദ് അവർകളുടെ പതിമൂന്നാമത് ആണ്ടനുസ്മരണം
 23-3-2024 ശനിയാഴ്ച മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്ന മഹാനർ സ്വന്തം വസ്തുവിൽ പടുത്തുയർത്തിയ ജാമിഅ: ഹുദൈബിയ എന്ന മഹത്തായ സ്ഥാപനത്തിൽ വച്ച് ഗംഭീരമായി നടക്കുകയാണ്.

അല്ലാഹുവിൻറെ വലിയ അനുഗ്രഹം കൊണ്ട് പരിശുദ്ധ റമളാനിലെ പാപമോചനത്തിന്റെ പത്തിൽ വെള്ളിയാഴ്ച സുദിനം അംഗസ്‌നാനം ചെയ്തു ജുംഅ വസ്ത്രധാരിയായി ദീനി വിജ്ഞാന സ്ഥാപനത്തിന്റെ ചാരെ വച്ച് അല്ലാഹുവിൻറെ റഹ്മത്തിലേക്ക് നടന്നുപോയ ആരെയും കൊതിപ്പിക്കുന്ന സുന്ദര വിടവാങ്ങൽ കൊണ്ടനുഗ്രഹീതരായ പ്രിയപ്പെട്ട ശൈഖുനാക്ക് അല്ലാഹു ഉയർന്ന ദറജകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ.

 അല്ലാഹു കനിഞ്ഞ് നൽകിയ കുറഞ്ഞകാല ജീവിതം കൊണ്ട് ത്യാഗോജ്വലമായ പരിശ്രമങ്ങളിലൂടെ ഇസ്ലാമിക കൈരളിക്ക് കഴിവുറ്റ ഒരു കൂട്ടം പണ്ഡിത സമൂഹത്തിന് ജന്മം നൽകിയും തെക്കൻ കേരളത്തിലെ അറിയപ്പെട്ട വൈജ്ഞാനിക ഗ്രാമങ്ങളായ പനവൂരിന്റെയും കുടവൂരിന്റെയും ഇടയിൽ ഇഴപിരിയാത്ത ആത്മീയ ബന്ധം സ്ഥാപിച്ച് കടന്നുപോയ ആ മഹാമനീഷി ബീജവാപം നടത്തി വളർത്തിയെടുത്ത ദീനി സംരംഭമാണ് ഇന്ന് പടർന്ന് പന്തലിച്ച് ധാരാളം ആലിമീങ്ങളെയും ഹാഫിളീങ്ങളെയും ആലിമത്തുകളെയും ഹാഫിളത്തുകളെയും സമൂഹത്തിന് സംഭാവനചെയ്തുകൊണ്ടിരിക്കുന്ന വെള്ളാഞ്ചിറ ഹുദൈബിയ എന്ന മഹത്തായ പ്രസ്ഥാനം,

ആ വിജ്ഞാന വല്ലരിയുടെ തിരുമുറ്റത്താണ് ഒരു ദിവസം പോലും ഇടമുറിയാതെ ലഭ്യമായി കൊണ്ടിരിക്കുന്ന പ്രാർത്ഥനകളുടെയും ഖുർആൻ പാരായണങ്ങളുടേയും നടുവിൽ വിജ്ഞാന വിളംബരങ്ങളും കേട്ടാസ്വദിച്ച് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.

ഞങ്ങൾ കുടവൂർക്കാർ വലിയ ഉസ്താദ് എന്നും മറ്റുള്ളവർ കുടവൂരുസ്താദെന്നും സ്നേഹത്തോടെ വിളിച്ചു പോന്ന മഹാനവർകൾ നീണ്ട 25 വർഷത്തോളം കുടവൂർ ജുംഅത്ത് പള്ളിയിൽ നടത്തിയ പള്ളി ദർസാണ് അപ്രസക്തമായിരുന്ന കുടവൂരെന്ന എന്റെ ചെറു ഗ്രാമത്തെ ലോകപ്രശസ്തിയിലേക്ക് എടുത്തുയർത്തിയത്.

കരുണാമയനായ തമ്പുരാൻ മഹാനവർകളെ അവന്റെ കരുണ കൊണ്ട് പൊതിയുകയും മഹാനരുടെ സ്ഥാപനത്തെ ഒരുപാടു ഉയരങ്ങളിലേക്ക് ഉയർത്തുകയും അവരുടെ ശിഷ്യഗണങ്ങളെയും ശിഷ്യ പരമ്പരയിൽ വരുന്ന ഈയുള്ളവനെപ്പോലുള്ളരെയും ദീനി വിജ്ഞാനത്തിന്റെ മാർഗത്തിൽ അടിയുറച്ചു നിൽക്കാൻ വലിയ സൗഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ .
ആമീൻ യാ റബ്ബൽ ആലമീൻ

നവാസുദ്ദീൻ മന്നാനി കുടവൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...