2024, മാർച്ച് 24, ഞായറാഴ്‌ച

പ്രവാചക തിരുമേനി(സ)യുടെ റമളാൻ സന്ദേശം

സൽമാനുൽ ഫാരിസി(റ)വിവരിക്കുന്നു. ശഅ്ബാനിലെ അവസാന ദിവസം റസൂലുല്ലാഹി ﷺ ഒരു പ്രഭാഷണം നടത്തി. അതിൽ തങ്ങൾﷺ പറഞ്ഞു. ജനങ്ങളേ, വലിയ മഹത്വങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ ഒരു മാസം നിങ്ങളുടെ മേൽ തണലിട്ടിരിക്കുന്നു. ആ മാസത്തിലെ ഒരു രാത്രി (ലൈലത്തുൽ ഖദ്ർ) ആയിരം മാസങ്ങളേക്കാൾ മഹത്വമേറിയതാണ്. അതിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രികളിൽ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കൽ (തറാവീഹ് നമസ്കാരം) നഫ്‌ലായ ഇബാദത്തായി അവൻ നിശ്ചയിച്ചിരിക്കുന്നു. വമ്പിച്ച പ്രതിഫലമാണ് അതിനുള്ളത്. ഒരാൾ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി പ്രസ്തുത മാസത്തിൽ ഒരു നിർബന്ധമല്ലാത്ത (സുന്നത്തായ) നന്മ പ്രവർത്തിച്ചാൽ മറ്റു മാസങ്ങളിൽ ഫർള് പ്രവർത്തിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്. അതിൽ ഒരു ഫർള് നിർവഹിക്കുന്നവന് മറ്റു മാസങ്ങളിൽ 70 ഫർള് നിർവഹിക്കുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്. അത് സാധുക്കളെ സഹായിക്കേണ്ട മാസമാണ്. മുഅ്മിനുകളുടെ ജീവിത വിഭവങ്ങൾ വർദ്ധിപ്പിക്കപ്പെടുന്ന മാസമാണത്. ഒരാൾ പ്രസ്തുത മാസത്തിൽ ഒരു നോമ്പുകാരനെ (അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി) നോമ്പ് തുറപ്പിച്ചാൽ അവന് പാപമോചനത്തിനും നരകത്തിൽ നിന്നുമുള്ള മോചനത്തിനും അത് കാരണമാകുന്നതാണ്. കൂടാതെ നോമ്പുകാരന് തുല്യമായ പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും. നോമ്പുകാരന്റെ പ്രതിഫലത്തിൽ യാതൊരു കുറവും ഉണ്ടാകുന്നതുമല്ല. അപ്പോൾ റസൂലുല്ലാഹി ﷺ യോട് ചോദിക്കപ്പെട്ടു. ഞങ്ങളിൽ എല്ലാവർക്കും നോമ്പ് തുറപ്പിക്കുവാനുള്ള സാമഗ്രികൾ ലഭ്യമല്ലല്ലോ? (അപ്പോൾ ദരിദ്രർക്ക് ഇത്ര വലിയ പ്രതിഫലം നഷ്ടപ്പെടുമല്ലോ?) റസൂലുല്ലാഹി ﷺ അരുളി : ഒരിറക്ക് പാലോ, വെള്ളമോ കൊണ്ട് നോമ്പ് തുറപ്പിക്കുന്നവർക്കും അല്ലാഹു ഈ പ്രതിഫലം നൽകുന്നതാണ്. (റസൂലുല്ലാഹി ﷺ തുടർന്ന് പറഞ്ഞു) ഒരാൾ നോമ്പുകാരനെ വയറുനിറച്ച് ഭക്ഷിപ്പിച്ചാൽ എന്റെ ഹൗളിൽ (കൗസർ) നിന്നുള്ള പാനീയം അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്. അത് കുടിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതുവരെ പിന്നീടൊരിക്കലും അവന് ദാഹമുണ്ടാകുന്നതല്ല. ആ മാസത്തിന്റെ ആദ്യഭാഗം റഹ്മത്തും (അല്ലാഹുവിന്റെ അനുഗ്രഹം) മധ്യഭാഗം മഗ്ഫിറത്തും (പാപമോചനം) അവസാനഭാഗം നരകത്തിൽ നിന്നുമുള്ള മോചനവുമാണ്. ആ മാസത്തിൽ ഒരാൾ തന്റെ സേവകർക്ക് ജോലിഭാരം ലഘൂകരിച്ച് കൊടുത്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതും നരകത്തിൽ നിന്നും അവനെ മോചിപ്പിക്കുന്നതുമാണ് (ബൈഹഖി)
      റമളാനിൽ ആത്മവിശുദ്ധി കൈവരിക്കുന്നതിന് തിരുമേനി(സ)യുടെ ഈ റമളാൻ സന്ദേശ പ്രഭാഷണത്തിൽ നമുക്ക് മഹനീയമായ മാതൃകയുണ്ട്.
       പടച്ചതമ്പുരാൻ ഈ റമളാൻ നമുക്ക് അനുകൂലസാക്ഷിയാക്കി അനുഗ്രഹിക്കട്ടെ. ഇബാദത്ത് കൊണ്ട് ധന്യമാക്കാൻ അല്ലാഹു അവസരം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ!


*കെ. ഏ. ഹാരിസ് മൗലവി റഷാദി M D*
(ഇമാം ചെറുപിലാക്കൽ മുസ്ലിം ജമാഅത്ത്, മൈനാഗപ്പള്ളി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...