2022 മാർച്ച് 22, ചൊവ്വാഴ്ച

മൗലാനാ നജീബ് ഉസ്താദ് നൂറ്റാണ്ടിലെ ഇബ്നു ഹജർ

മൗലാനാ നജീബ് ഉസ്താദ് 
നൂറ്റാണ്ടിലെ ഇബ്നു ഹജർ

وان العلماء هم ورثةالانبياء
----------------------------------------
സത്യ ദീനിനെ വിഭാവനം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ അനന്തിരഗാമികളായി അല്ലാഹു തെരഞ്ഞെടുത്തത് പണ്ഡിതന്മാരെയാണ്.കുഫ്റ്-ബിദ്അത്തിന്റെ കൂരിരുട്ടുകൾക്കിടയിൽ സത്യ ദീനിന്റെ പ്രഭ പരത്താൻ ഉദവി ലഭിച്ച മുവഫ്ഫഖുകളായ ഉലമാക്കൾ എക്കാലത്തുമുണ്ട്.എന്നാൽ വിശ്വാസ-കർമ്മ ശാസ്ത്രങ്ങളിൽ സമുദ്ര സമാനമായ വിഞ്ജന്മാർ വളരെ വിരളമാണ്.നൂറ്റാണ്ടിലെ ആദ്യ-മധ്യ-അവസാന കാലങ്ങളിൽ ഇമാം അശ്അരിയായും ഇമാം ഇബ്നു ഹജറായും ജ്വലിച്ചു നിൽക്കുന്നതും ഇവർ തന്നെ.ഒരു നൂറ്റാണ്ടിനിപ്പുറത്തെ കേരളീയ ചരിത്രത്തിൽ ഈ സ്ഥാനത്ത് തിളങ്ങി നിന്നത് താജുൽ ഉലമ ഖുദ് വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖത്തുല്ല മൗലവി(ഖു.സി)യും ശംസുൽ ഉലമാ കീഴന ഓറു(ഖു.സി)മാണ്.ഈ ഗുരു മഹത്തുക്കൾക്ക് ശേഷം ഈ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത് അവരുടെ ഇഷ്ട ശിഷ്യരും പിൻഗാമിയുമായ ബഹുവന്ദ്യ മൗലാനയാണ്.'സുന്നി കൈരളിയുടെ ആധികാരിക ശബ്ദ'മെന്ന് സംഘടനാ ഭേദമന്യേ ഉലമാ സമൂഹം വാഴ്ത്തിയ ഈ മഹാന് തുല്യമായി ഒരു പണ്ഡിതൻ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത.അഹ്ലുസ്സുന്ന:യുടെ കാവൽഭടനും പാണ്ഡിത്യ ലോകത്തെഅതുല്യ പ്രതിഭയുമായ മഹാനരെ വരച്ചോ വർണ്ണിച്ചോ തീർക്കാൻ സാധ്യമല്ലെങ്കിലും ഒരൽപ്പം പരിചയപ്പെടാം.ഇൻശാ അല്ലാഹ്.
------------------------------------------

▪▫▪▫▪▫▪▫▪
*നുസ്രത്തിന്റെ കാര്യങ്ങളൊക്കെ ഈ കുട്ടി നോക്കിക്കോളും-
താജുൽ ഉലമ സ്വദഖത്തുല്ല മൗലവി (ന: മ )
------------------------------------------------
'ഫിറാസത്ത്' കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ശൈഖുനാ താജുൽ ഉലമ അവർകൾ മൗലാനാ യെ കുറിച്ച് തന്റെ വീട്ടുകാരോട് പറഞ്ഞ വാക്കാണ് മുകളിലുദ്ധരിച്ചത്.ആ വാക്ക് പുലരുക തന്നെ ചെയ്തു.മൂന്നര പതിറ്റാണ്ടോളമായി നുസ്രത്തുൽ അനാം മാസിക യെയും രണ്ടര പതിറ്റാണ്ടിലേറെയായി ബുൽബുൽ മാസിക യെയും വളർത്തുന്നതിനു പിന്നിൽ ആ തിരു കരങ്ങളാണ്.ചോദ്യോത്തരം,പത്രാധിപക്കുറിപ്പ്,ഫിഖ്ഹ്,ഹദീസ്,വഹ്ഹാബിസം തുടങ്ങി ഗഹനവും പഠനാർഹവുമായ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് മൗലാനയാണ്.ആദ്യ കാലങ്ങളിൽ ശൈഖുൽ ഉലമാ എൻ.കെ ഉസ്താദും കൂട്ടുണ്ടായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല.നുസ്രത്തിനും ബുൽബുലിനും വർത്തമാന കാലത്തെ ആധികാരികതക്ക് കാരണം മൗലാനാ എന്ന വിജ്ഞാന സമുദ്രം മാത്രമാണ്.അവിടുത്തെ കരസ്പർശമില്ലാതെ ഇവ പ്രസിദ്ധീകരിക്കേണ്ടി വന്നപ്പോൾ അതിന്റെ വേദന സമൂഹം പങ്ക് വെച്ചതാണ്.
ചുരുക്കത്തിൽ താജുൽ ഉലമയുടെ വാക്ക് അന്വർത്ഥമാക്കും വിധം നുസ്രത്തുൽ അനാമിനെയും ശൈഖുനാക്ക് ശേഷം പിറവി കൊണ്ട ബുൽബുലിനെയും ബഹുവന്ദ്യ മൗലാനാ കുറ്റമറ്റ രീതിയിൽ മുന്നോട്ട് നയിക്കുകയാണ്.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
عليك الفقه....
-----------------------------------------
നമ്മുടെ മദ്ഹബിന്റെ ഇമാമും ഖുത്വുബുമായ ശാഫിഈ(റ)ന്റെ വീഥിയാണ് ഗവേഷണ ധാരയിൽ മികച്ച് നിൽക്കുന്നത്.മഹാനർ ക്രോഡീകരിച്ച നിയമസംഹിതയുടെ സംരക്ഷകരായി എക്കാലത്തും പണ്ഡിതശ്രേഷ്ഠർ ഉണ്ടായിട്ടുണ്ട്.വർത്തമാന കാലത്തെ ശാഫിഈ മദ്ഹബിന്റെ കാവൽഭടനാണ് ബഹുവന്ദ്യ മൗലാനാ.ഇമാം ശാഫിഈ എന്ന ഫഖീഹിന്റെ ചരിത്രത്തിന് സമാനമായ ഒരു സംഭവം മൗലാനായുടെ ചരിത്രത്തിലും കാണാൻ സാധിക്കും.നല്ലൊരു കവി കൂടിയായ ഇമാമവർകൾ പദ്യമാലപിക്കാറുണ്ടായിരുന്നു.തദവസരത്തിൽ 'ഫിഖ്ഹ് പിടിക്കാൻ'നിർദേശമുണ്ടായി.ഇതേ പ്രകൃതിയുളള മൗലാനയോട് 'നീ പ്രസംഗിച്ചാൽ മതി'യെന്ന് തന്റെ മാർഗദർശിയായ ശൈഖുനാ താജുൽ ഉലമാ നിർദേശിക്കുകയായിരുന്നു.ഇമാം ശാഫിഈ എന്ന മുജദ്ദിദിന്റെ വീക്ഷണങ്ങൾ സംരക്ഷിക്കാൻ അല്ലാഹു നിയോഗിച്ച ഈ നൂറ്റാണ്ടിലെ മുജദ്ദിദായ(പരിഷ്കർത്താവ്)മൗലാനക്കും ഇമാമവർകളോട് സമാനമായ ചരിത്രം റബ്ബ് തെരഞ്ഞെടുത്തതായേക്കാം.ഞങ്ങളുടെ ആശ നീ പുലർത്തണേ നാഥാ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
അസാധാരണ മനുഷ്യൻ-
ശംസുൽ ഉലമാ കീഴന ഓർ(ന:മ)
------------------------------------------
ബഹുവന്ദ്യരായ ശംസുൽ ഉലമാ കീഴന ഓർ (ഖു.സി)മൗലാനാ യെ കുറിച്ച് പറഞ്ഞ വാക്കാണ് خارق العادة (പതിവിനെ കീറുന്നയാൾ അഥവാ അസാധാരണ മനുഷ്യൻ).സബ്ഖിൽ മൗലാനാ യെ സംബന്ധിച്ച് പ്രതിപാദിക്കുമ്പോൾ അവിടുന്ന് വിരലുകൾ മടക്കി മൂപ്പരെ വിശേഷണങ്ങൾ പറയുമത്രെ.'എന്തെല്ലാം ചെയ്യുന്നു.!ദർസ് നടത്തുന്നു,പ്രസംഗിക്കുന്നു,എഴുതുന്നു.....നജീബിന്റെ കാര്യം അജീബാണ്.
നോക്കൂ,മഹാനായ ശംസുൽ ഉലമാ ഓർ ഒരു പക്ഷെ തന്റെ ഗുരുവര്യരല്ലാത്ത മറ്റൊരാളെയും ഇത്രയധികം മദ്ഹ് ചെയ്ത് കാണില്ല.മൗലാനാ എന്ന മഹാമനീഷിയെ കുറിച്ച് ആരാണ് അത്ഭുതപ്പെടാത്തത്..!മഹാനരെ പോലെ എല്ലാ കഴിവും സമ്മേളിച്ച ഒരു പണ്ഡിതൻ വർത്തമാന കാലത്ത് ഇല്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിപരമല്ല.അധ്വാനിച്ചെടുക്കാൻ പറ്റാത്ത വിധം അല്ലാഹു ഓശാരമായി കനിഞ്ഞു നൽകിയതാണ് അവിടുത്തെ സിദ്ധികൾ.ഒരുപാട് കാലം ആ തണൽ റബ്ബ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
ആ കുട്ടി ഒരു മുസ്ല്യാരാണ്-ശംസുൽ ഉലമാ 
-----------------------------------------
ശൈഖുനാ താജുൽ ഉലമാ നാദാപുരത്ത് വന്നപ്പോൾ കൂടെ മൗലാനാ യുമുണ്ടായിരുന്നു.ശംസുൽ ഉലമായും താജുൽ ഉലമായും തമ്മിലുള്ള സംഭാഷണം എഴുതി എടുക്കുകയായിരുന്നുവത്രേ മഹാനർ.അവർ പോയതിനു ശേഷം ശംസുൽ ഉലമ പറഞ്ഞു.'ആ കുട്ടി ഒരു മുസ്ല്യാരാണ്'.
'മുസ്ല്യാർ ആരാണെന്ന് അളക്കാനുളള അളവ് കോൽ തന്റെ കയ്യിലുണ്ടെന്ന്' മൊഴിഞ്ഞ ഓറുടെ തിരുനാവിലൂടെയാണ് കുട്ടിയായ മൗലാനയെ കുറിച്ച് 'മുസ്ല്യാർ'എന്ന് പറഞ്ഞെന്നോർക്കണം.മറ്റൊരിക്കൽ ഓർ പറഞ്ഞത് 'ചെറിയോൻ നല്ല ജോറുണ്ട്'എന്നാണ്.
മാസത്തിലൊരിക്കൽ മൗലാനാ നാദാപുരത്ത് വന്നാൽ മറ്റുള്ളവർക്കൊന്നും ഓറുടെ അടുക്കൽ പ്രവേശനമില്ല.'ഇന്ന് നജീബ് വന്നിട്ടുണ്ട് സബ്ഖൊക്കെ മുടക്കാണ്'എന്ന് ഓർ പറയും.വളരെ കാലം ഓറുടെ അടുത്ത് ഓതി പഠിച്ച ശിഷ്യരേക്കാൾ കൂടുതൽ അറിവ് ശംസുൽ ഉലമയിൽ നിന്ന് കരസ്ഥമാക്കാൻ മൗലാനക്ക് സാധിച്ചുവെന്നത് മഹാനരുടെ പ്രത്യേകതയാണ്.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
-----------------------------------------

▪▫▪▫▪▫▪▫▪
ആഖിറത്തിലേക്കുളള രക്ഷകർ-ശൈഖുനാ അലവി ഉസ്താദ് (ന:മ)
-----------------------------------------
ബഹുവന്ദ്യ മൗലാനായുടെ കാര്യവീര്യത്തിന്റെ കാതലായ ഗുരുനാഥൻ ശൈഖുനാ കെ അലവി ഉസ്താദ് (ഖു.സി)യുടെ വാക്കുകൾ ഇങ്ങനെ:എനിക്ക് ദർസ് ജീവിതം നടത്തി മുതലായത് നജീബിനെ കൊണ്ടാണ്.എന്റെ ആഖിറം രക്ഷപ്പെടാൻ നജീബിനെ കിട്ടിയല്ലോ.
നോക്കൂ, ലോക ചരിത്രത്തിൽ ഏതൊരു ഗുരുവാണ് തന്റെ ശിഷ്യനെ കുറിച്ച് ആഖിറത്തിലേക്കുളള മുതൽകൂട്ടെന്ന് വിശേഷിപ്പിച്ചിട്ടുണ്ടാവുക..!
കാലങ്ങളായി ദർസ് നടത്തിയതിന്റെ ഫലമായി കാര്യമായ ഒരു ശിഷ്യനെങ്കിലുമുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോൾ മൗലാനയെ കാണിച്ചു കൊടുക്കുകയാണ് ശൈഖുനാ അലവി ഉസ്താദ് ചെയ്തത്.ഗുരുമഹത്തുക്കൾ പോലും വാഴ്ത്തിയ ഈ മഹാമനീഷിയുടെ കാൽപ്പാടുകൾ നമുക്ക് പിന്തുടരാം.നാഥൻ തൗഫീഖ് നൽകട്ടേ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
ഇൽമിന്റെ വൻ വൃക്ഷം-ഇ.കെ
-----------------------------------------
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല ജന.സെക്രട്ടറിയും കുശാഗ്രബുദ്ധി ശാലിയുമായ ബഹു.ഇ.കെ.അബൂബക്കർ മുസ്ല്യാർ ബഹുവന്ദ്യ മൗലാനായെ വിശേഷിപ്പിച്ചത് 'വളർന്നു വരുന്ന ഇൽമിന്റെ വൻ വൃക്ഷം'എന്നാണ്.
സ്പീക്കർ ഖുതുബയുടെ വിഷയത്തിൽ ഖണ്ഡനമണ്ഡനങ്ങൾ നടക്കുന്ന കാലം.സംസ്ഥാന:ക്ക് മറുപടി പറയാൻ ഇ.കെയെ തന്റെ സംഘടനക്കാർ സമീപിച്ചു.ആരാണ് പ്രസംഗിച്ചതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ നജീബ് മൗലവിയാണെന്ന് പറഞ്ഞു.ഉടനെ ബഹു.ഇ.കെയുടെ പ്രതികരണം ഇങ്ങനെ:നജീബാണെങ്കിൽ സൂക്ഷിക്കണേ...
തന്റെ എതിർ സംഘടനയിലുള്ള തന്നേക്കാൾ എത്രയോ പ്രായം കുറഞ്ഞ ഒരാളെ കുറിച്ചാണ് ബഹു.ഇ.കെ മദ്ഹ് ചെയ്യുന്നതെന്നോർക്കുമ്പോൾ നമ്മുടെ അഭിവന്ദ്യ മൗലാനായുടെ സ്ഥാനമെത്രയാണ്.!നമുക്കഭിമാനിക്കാം അർഹതയില്ലെങ്കിലും ആ ഓരംപറ്റി ജീവിക്കാൻ കഴിഞ്ഞതിൽ.അല്ലാഹു നിലനിർത്തട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
പാരമ്പര്യ പാതയുടെ കാവൽക്കാരൻ-ശൈഖുനാ പുല്ലൂർ ഉസ്താദ് 
-----------------------------------------
ഈയ്യിടെ വഫാത്തായ പ്രഗത്ഭ മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ പുല്ലൂർ ഉസ്താദിന്റെ(ന:മ)വാക്കുകൾ ഇങ്ങനെ:"നജീബ് മൗലവി മലകൾക്കു നേരെ കല്ലെറിയുകയാണ്.പലരാജാക്കന്മാരും തുണിയുടുത്തിട്ടില്ലെന്ന് വിളിച്ചു പറയുകയാണ്.മൂപ്പരൊരു ആൺകുട്ടിയാണ്.ഓരോ കാലത്തും അല്ലാഹു അവന്റെ ദീൻസംരക്ഷണത്തിനു ഓരോരുത്തരെ നിയോഗിക്കും.ഇപ്പോളത് അദ്ദേഹമാണ്.കിതാബ് തിരിയുന്നവർക്ക് മൂപ്പരെ അവഗണിക്കാനാവില്ല.പാരമ്പര്യ പാതയുടെ കാവൽക്കാരനാണദ്ധേഹം.അല്ലാഹു മൂപ്പരെ സഹായിക്കും".
എത്ര കൃത്യമായ വിവരണം.കേരളത്തിന്റെ മഹല്ലുകളിൽ ഭിന്നിപ്പിന്റെ വിത്ത് പാകിയ ഭൂരിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത് ആ മഹാനുഭാവനല്ലെ.ആരോഗ്യം പോലും മറന്നു കൊണ്ടുള്ള ഇഖ്ലാസിലധിഷ്ഠിതമായ ആ പ്രസംഗങ്ങളുടെ നേട്ടങ്ങളാണ് സമൂഹം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.അഹ്ലുസ്സുന്നയുടെ യഥാർത്ഥ ആശയാദർശങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ഈ പണ്ഡിത ശബ്ദം തന്നെയാണ് 'പാരമ്പര്യ പാതയുടെ കാവൽക്കാരൻ'.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
നജീബ് മൗലവി നേതൃത്വം നൽകാത്ത ഒരു മേഖലയും ദീനിലില്ല-പൊന്നുരുന്നി ഉസ്താദ് 
------------------------------------------
വണ്ടൂർ ജാമിഅ:യുടെ സനദ് ദാന സമ്മേളനത്തിൽ പൊന്നുരുന്നി കുഞ്ഞു മുഹമ്മദ് മുസ്ല്യാർ പറഞ്ഞ വാക്കാണ് മേലുദ്ധരിച്ചത്.ശരിയാണ്,ബഹുവന്ദ്യ മൗലാനാ അവർകൾ നേതൃത്വം നൽകാത്ത ഏത് മേഖലയാണ് ദീനിലുളളത്.!
പണ്ഡിതൻ,മുദരിസ്,പ്രഭാഷകൻ,ഗ്രന്ഥകാരൻ,എഴുത്തുകാരൻ,മുഫ്തി,ഖാളി,പ്രിൻസിപ്പാൾ,സംഘാടകൻ,സാഹിത്യകാരൻ....തുടങ്ങിയ എല്ലാ വിശേഷണങ്ങളും മികച്ച രീതിയിൽ ചാർത്താൻ പറ്റുന്ന ഏക വ്യക്തിത്വമാണ് മഹാനർ.സംഘടനാ സങ്കുചിതത്വമുളളവർ പോലും 'മത വൈഞ്ജാനിക വിധിന്യായ കോടതിയിലെ അവസാന വാക്കെ'ന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നത് സമൂഹത്തിൽ ബഹുവന്ദ്യർക്കുളള അംഗീകാരമാണ് വിളിച്ചറിയിക്കുന്നത്.അല്ലാഹു ആ തണൽ മരം ഒരുപാട് കാലം നിലനിർത്തട്ടെ.ആമീൻ 
-----------------------------------------

▪▫▪▫▪▫▪▫▪
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചവരാണ് ഇമാം ഇബ്നു ഹജർ(റ).ശാഫിഈ ഫിഖ്ഹിലെ അഗ്രഗണ്യരായ മഹാനർക്ക് തുല്യമായൊരാൾ സമകാലികരിലോ ശേഷമുള്ള കാലക്കാരിലോ ഇല്ലെന്നത് തന്നെയാണ് അവിടുത്തെ സവിശേഷത.തദ് രീസിലും ഗ്രന്ഥ രചനയിലും ഫത്വ് വ നൽകിയും സമയം ചെലവഴിച്ച മഹാനർ പണ്ഡിത-പാമരന്മാരുടെ ആശ്രയവും അവലംബവുമാണ്.കർമ്മ ശാസ്ത്ര വിഷയങ്ങളിൽ നാം മുന്തിക്കുന്നത് മഹാനരുടെ പ്രസിദ്ധമായ തുഹ്ഫയാണ്.പതിനൊന്ന് മാസത്തിനുള്ളിൽ വിരചിതമായ പത്ത് വാള്യങ്ങളുളള ഈ മഹാ ഗ്രന്ഥത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിലും കുരുക്കഴിക്കുന്നതിലും വർത്തമാന കാലത്തെ വലിയ പണ്ഡിതന്മാർ പോലും കുഴങ്ങുന്നു.
*ഇവിടെയാണ് ബഹുവന്ദ്യ മൗലാനാ വിത്യസ്തമാകുന്നത്.കേരളത്തിലെ വിവിധ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ പോലും കെട്ടുപിണഞ്ഞ വിഷയങ്ങളിൽ മൗലാനായെ ആശ്രയിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.മാത്രമല്ല,"മൗലാനാ എന്ത് പറയുന്നുവോ അത് ഹഖ്ഖാണെന്ന്"പ്രതിയോഗികൾ പോലും സമ്മതിക്കുന്ന പരമാർത്ഥമാണ്.
കേരളീയന്തരീക്ഷത്തെ കലുഷിതമാക്കിയ എത്രയെത്ര വിവാദങ്ങളാണ് മഹാനരുടെ ഇടപെടലുകൾ കൊണ്ട് കെട്ടണഞ്ഞത്.സമുദായ നേതാക്കൾക്കെല്ലാം വിഷയങ്ങളുടെ ഗൗരവവും ദീനിനേൽക്കുന്ന ഭവിഷ്യത്തുകളും തര്യപ്പെടുത്തി കൊടുത്തത് മഹാനരല്ലെ.
ചുരുക്കത്തിൽ നിലവിലുള്ള ഉലമാക്കളിൽ ഏറ്റവും വലിയ വിഞ്ജാന സമുദ്രമായ നമ്മുടെ അഭിവന്ദ്യ മൗലാനായെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇബ്നു ഹജർ' എന്ന് വിശേഷിപ്പിക്കാമെന്ന് മാത്രമല്ല,അത് അതിശയോക്തിപരവുമല്ല .സത്യ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി അല്ലാഹു കനിഞ്ഞു നൽകിയ ഈ മഹാ പണ്ഡിതന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ 

*മുഹമ്മദ് തച്ചറക്കൽ വാണിമേൽ*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...