2022 മാർച്ച് 22, ചൊവ്വാഴ്ച

മുറബ്ബിയായ_ശൈഖ്

മുറബ്ബിയായ ശൈഖ്
ആരായിരിക്കണം ഒരു #മുറബ്ബിയായ_ശൈഖ്, അങ്ങനെയുള്ള ശൈഖിനെ ഇക്കാലത്ത് #എങ്ങനെ_കണ്ടെത്താം?

ലതായിഫ്‌ അൽ മിനനിന്റെ രചിയിതാവ് പറയുന്നു: 

"അല്ലാഹു നിങ്ങൾക്ക് ഒരു വലിയ്യിനെ കാണിച്ചു തരുകയും അദ്ദേഹത്തിന്റെ പ്രത്യേകമായ ഗുണങ്ങൾ വെളിവാക്കി തരുകയും ചെയ്‌താൽ, എത്രത്തോളമെന്നാൽ നിങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ മാനുഷിക സ്വഭാവം അപ്രത്യക്ഷമായി (കുറിപ്പ്: അതായത്, നിങ്ങൾക്ക് അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യൻ ആയി കാണാൻ സാധിക്കുന്നില്ല). എങ്കിൽ അത്തരം ഒരു വലിയ്യിന്റെ മാർഗദർശനം പിന്തുടരുന്നത് മാത്രമാണ് നിങ്ങൾക്ക് മുമ്പിൽ ഏക വഴി. നിങ്ങളുടെ മുകളിൽ അദ്ദേഹത്തിന് സ്വതന്ത്രമായ അധികാരം നിങ്ങൾ നൽകണം, അങ്ങനെ അദ്ദേഹം നിങ്ങളെ ശരിയായ മാർഗ്ഗത്തിലൂടെ നയിക്കും. അദ്ദേഹം നിങ്ങളുടെ നഫ്സിന്റെ കുറവുകൾ ബോധ്യപ്പെടുത്തി തരും, അതിന്റെ ആഴങ്ങളെ കുറിച്ചും മറഞ്ഞു കിടക്കുന്ന രഹസ്യ നിലവറകളെ കുറിച്ചും മനസ്സിലാക്കി തരും. അല്ലാഹുവിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും അല്ലാഹു അല്ലാത്ത എല്ലാത്തിൽ നിന്നും ഓടി അകലാനും അദ്ദേഹം നിങ്ങളെ മാർഗദർശനം ചെയ്യും. നിങ്ങൾ അല്ലാഹുവിന്റെ സാനിധ്യത്തിൽ എത്തുന്നത് വരെ അദ്ദേഹം നിങ്ങളോടൊപ്പം നിങ്ങളുടെ വഴിയിൽ യാത്ര ചെയ്യും. നിങ്ങളുടെ നഫ്സിന്റെ ദുർന്നടത്തിപ്പുകൾ നിങ്ങൾക്ക് മനസ്സിലാക്കി തരുകയും അല്ലാഹുവിന് നിങ്ങളോടുള്ള കാരുണ്യത്തെ നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരുകയും ചെയ്യും. നിങ്ങളുടെ ദുർന്നടത്തിപ്പുകൾ നിങ്ങൾക്ക് മനസ്സിലാവുന്നത് അവയിൽ നിന്നും രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കും, നിങ്ങളുടേതായ കാരണങ്ങൾ പറഞ്ഞു നഫ്സിന്റെ ദുർന്നടപ്പുകളെ ഞ്യായീകരിക്കുന്നത് നിങ്ങൾ നിർത്തും. അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിങ്ങൾ മനസ്സിലാക്കുന്നത് അവനിലേക്ക് സമീപിക്കാനും അവന് നന്ദി പ്രകാശിപ്പിക്കാനും, എപ്പോളും അവന്റെ സാനിധ്യത്തിൽ ആവാനും നിങ്ങളെ സഹായിക്കും. 

ചിലപ്പോൾ നിങ്ങൾ ചോദിക്കും: "ഇങ്ങനെ ഒരു വിശേഷണം ഒത്ത ആരെങ്കിലും ഉണ്ടോ? മിത്തുകളിൽ കേട്ട്കേൾവിയുള്ള 'അംഖാ' എന്ന പക്ഷിയേക്കാൾ അത്ഭുതം തോന്നുന്നുവല്ലോ നിങ്ങളുടെ സംസാരം കേട്ടിട്ട്?". എന്നാൽ നിങ്ങൾ അറിയണം "ഇങ്ങനെയുള്ള ശൈഖന്മാർ എവിടെയാണ്" എന്ന അറിവ് നിങ്ങൾക്ക് നിർബന്ധമല്ല. നിങ്ങൾക്ക് ആകെ വേണ്ടത് അത്തരം ശൈഖിനെ തേടുന്നതിലുള്ള ആത്മാർത്ഥതയാണ്. നിങ്ങൾ ശരിക്കും ആത്മാര്ഥതയുള്ളവരാണെങ്കിൽ നിങ്ങൾ അങ്ങനെ ഒരു ശൈഖിൽ എത്തിച്ചേരുക തന്നെ ചെയ്യും. കാരണം അല്ലാഹു പറഞ്ഞു: 

"أَمَّن يُجِيبُ ٱلۡمُضۡطَرَّ إِذَا دَعَاهُ" 
ആവശ്യക്കാരൻ ചോദിക്കുമ്പോൾ ഉത്തരം നൽകുന്നവൻ അവനല്ലേ (ഖുർആൻ 27: 62) 

" فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ"
"അല്ലാഹുവിനോട് അവർ സിദ്ഖ് (സത്യസന്ധത) കാണിക്കൽ ആയിരുന്നു അവർക്ക് കൂടുതൽ നല്ലത്" (ഖുർആൻ 47:21) 

ദാഹിച്ചു വലഞ്ഞ വ്യക്തിക്ക് വെള്ളം ആവശ്യമുള്ളത് പോലെ, പേടിച്ചരണ്ട വ്യക്തി സംരക്ഷണം തേടുന്നത് പോലെ നിങ്ങളെ അല്ലാഹുവിലേക്ക് നയിക്കാൻ പോന്ന ഒരു ശൈഖിനെ നിങ്ങൾ തേടിയാൽ, നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളുടെ ചോദ്യത്തെക്കാൾ നിങ്ങളോട് അടുത്തുള്ളതായി നിങ്ങൾക്ക് കണ്ടെത്താനാവും. 

നഷ്ടപ്പെട്ട കുഞ്ഞിനെ ഒരു ഉമ്മ തേടുന്നത് പോലെ നിങ്ങൾ അല്ലാഹുവിനെ തേടുന്നുവെങ്കിൽ ഹഖിനെ നിങ്ങളുടെ സമീപസ്ഥനായി, നിങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറായി നില്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അങ്ങനെ അല്ലാഹുവിന്റെ സാനിധ്യത്തിൽ എത്തുന്നത് നിങ്ങൾക്ക് എളുപ്പമായിത്തീരുകയും, നിങ്ങൾക്ക് ഹഖിനോടുള്ള സന്ധി സൗകര്യപ്പെടുത്തപ്പെടുകയും ചെയ്യും. "

- ശൈഖ് ഇബ്‌റാഹീം നിയാസ് (റ) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...