ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി
ഖലീഫ ഉസ്‌മാനി(റ)ൻ്റെ ബന്ധുക്കളായിരുന്ന ഗവർണ്ണർമാരിൽ ചിലരുടെ നടപടികൾ നീതിവിരുദ്ധവും ജനങ്ങളുടെ ആക്ഷേപം ക്ഷണിച്ചു വരുത്തുന്ന വിധവുമായിരുന്നു. അവരിൽ പലരും ഖലീഫയുടെ കുടുംബക്കാരെന്ന പേരിൽ അരുതാത്തതു പലതും ചെയ്യുകയും ഉമവികൾ എന്ന വംശീയപക്ഷപാതിത്വത്തോടെ പ്രവർത്തിക്കുകയും ഖലീഫയുടെ കല്പനകളും താക്കീതുകളും പോലും നിരന്തരം അവഗണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഖലീഫക്കെതിരിൽ സമൂഹത്തിൽ അനിഷ്‌ടമുണ്ടാക്കാനുള്ള കാരണങ്ങളാക്കുകയായിരുന്നു ഇബ്നു സബഇൻ്റെ ലക്ഷ്യം. മുസ്‌ലിംകളിൽ അലി(റ)യുടെ കക്ഷി, ഉസ്‌മാനി(റ)ൻ്റെ കക്ഷി എന്നിങ്ങനെ ചേരിതിരിവു സൃഷ്‌ടിക്കുകയും അവരെ തമ്മിൽ മത്സരത്തിലും പോരിലും നിറുത്തി ഇസ്‌ലാമിക ഖിലാഫത്തിനെ അട്ടിമറിക്കുകയുമായിരുന്നു ഇയാളുടെ ദുഷ്ടലാക്ക്. ഇതിന്നായി സ്വഹാബികളിൽ പ്രമുഖരും നബി(സ)തങ്ങളുടെ ഏറ്റവുമടുത്ത ബന്ധുവുമായ അലി(റ)യെ സംബന്ധിച്ച് അതുവരെ മുസ്‌ലിംകൾ കേട്ടിട്ടില്ലാത്ത ഒരു പുതിയ ചിന്ത നല്‌കി ജനങ്ങളെ വർഗ്ഗീകരിക്കുകയും പയ്യെപ്പയ്യെ ഖലീഫക്കെതിരിലുള്ള രാഷ്ട്രീയ വിപ്ലവത്തിലേക്ക് ഇതിനെ കരുവാക്കുകയും ചെയ്യുകയെന്ന തന്റെയും ചാരൻമാരായി ഇസ്‌ലാമിലേക്കു കടന്നു വന്ന കൂട്ടുകാരുടെയും ലക്ഷ്യം യാഥാർത്ഥ്യമാകുക തന്നെ ചെയ്‌തു. മൃദുല മനസ്കരും ലജ്ജയുടെ ഉദാത്ത മാതൃകയുമായ ഖലീഫ ഉസ്‌മാനി(റ)ൻ്റെ ബന്ധുക്കളെന്ന പേരിൽ തിരശ്ശീലക്കു പിന്നിൽ കളിച്ച ചിലരുടെ അക്രമങ്ങളും വഴിവിട്ട പ്രവർത്തനങ്ങളും ഇസ്‌ലാമിൻ്റെ ശത്രുക്കളുടെ ലക്ഷ്യവും താത്പര്യവും യാഥാർത്ഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഇസ്‌ലാമിക ഖിലാഫത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങൾതന്നെ ഇബ്‌നുസബഇന്റെയും മറ്റു ചാരൻമാരുടെയും കുതന്ത്രങ്ങൾ മൂലം നടമാടുകയുണ്ടായി. ഖലീഫക്കെതിരിൽ പുറപ്പെട്ട വിപ്ലവകാരികളിൽ വലിയൊരു പങ്ക് ഇബ്നുസബഇന്റെ വിഹാരകേന്ദ്രമായ ഈജിപ്തുകാരായിരുന്നുവെന്നതു യാദ്യഛികമല്ല. ഉസ്‌മാനി(റ)നെ വീടിൽ നിന്നു പുറത്തിറങ്ങാനനുവദിക്കാതെ ഉപരോധിക്കുകയും ഭക്ഷണവും വെള്ളവും പോലും നല്‌കാതെ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ ഖലീഫ വധിക്കപ്പെടുകയുമാണുണ്ടായത്.
എന്നാൽ, അപ്പോളും ബിദ്‌അത്തിൻ്റെ ഒരു പാർട്ടി രൂപപ്പെടുകയോ അങ്ങനെയൊരു ശിഥിലീകരണം സമുദായത്തിലുണ്ടാവുകയോ ചെയ്തിരുന്നില്ല. പക്ഷേ, നിരപരാധരായ ഖലീഫ ഉസ്‌മാനി(റ)ൻ്റെ രക്തത്തിനു സമൂഹം വലിയ വില നല്‌കേണ്ടിവന്നു. തീരാത്ത കുഴപ്പങ്ങളും ദൗർഭാഗ്യകരമായ പലയുദ്ധങ്ങളുമായി സമുദായത്തിനകത്ത് എന്നും പ്രശ്‌നങ്ങൾ തന്നെയായിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങളുടെയും ഖിലാഫത്തു സംബന്ധിച്ച ഭിന്നതകളുടെയും പേരിൽ ചേരിതിരിഞ്ഞ പോരാട്ടങ്ങൾ തന്നെ പലതുമുണ്ടായി. പരിശുദ്ധരായ സ്വഹാബത്തടക്കം ആയിരക്കണക്കിനു വിശ്വാസികൾ ഇതിലെല്ലാം കൂടി കൊല്ലപ്പെട്ടു. കുഫ്റിനും സത്യനി ഷേധത്തിനുമെതിരിലുള്ള യുദ്ധങ്ങളുടെ പരമ്പര തത്ക്കാലം നിലയ്ക്കുകയും സാമുദായിക കലാപങ്ങളും യുദ്ധങ്ങളും പകരം അരങ്ങേറുകയും ചെയ്‌ത ദാരുണമായ അവസ്ഥ. ഇതിനു പാകത്തിൽ സമുദായത്തിൽ കക്ഷിത്വവും വർഗ്ഗീകരണവും അതിനകം നടന്നു കഴിഞ്ഞിരുന്നു. ഇതിന്റെയെല്ലാം പരിണതിയെന്നോണം രണ്ടു വലിയ ബിദ്അത്തു സംഘങ്ങൾ പ്രത്യക്ഷപ്പെട്ടു. രണ്ടും നാലാം ഖലീഫ അലി(റ)യെ അധികരിച്ചു കൊണ്ടാണു രൂപപ്പെട്ടത്. ഒരുസംഘം അലി( റ)യോടുള്ള ഒടുങ്ങാത്ത വിദ്വേഷവും പകയുമാണു വച്ചു പുലർത്തിയതെങ്കിൽ മറുവിഭാഗം അലിയാരോടുള്ള അതിരുകവിഞ്ഞ സ്നേഹവും പിരിശവും പറഞ്ഞുകൊണ്ടാണു രംഗത്തുവന്നത്. ആദ്യസംഘം ഹറൂറിയ്യത്ത് അഥവാ ഖവാരിജ് എന്നും പ്രതിയോഗി സംഘം റാഫിളത്ത് അഥവാ ശീഅത്ത് എന്നും വിളിക്കപ്പെടുന്നു.
ഖിലാഫത്തുറാശിദയുടെ അവസാനത്തിലാണ്, ഈ രണ്ടു ബിദ്അത്തിൻ്റെ കക്ഷികളും രംഗത്തുവന്നത്. നബി(സ)തങ്ങൾക്കു ശേഷം അവിടുത്തെ ഭരണത്തിന്റെ തുടർച്ചയും പ്രാതിനിധ്യവും അവകാശപ്പെടാവുന്ന ഭരണം മുപ്പതു വർഷമായിരിക്കുമെന്നും അതിനുശേഷം രാജഭരണമാണു വരികയെന്നും നബി(സ) തങ്ങൾ പ്രവചിച്ച ഹദീസ്(മുസ്‌നദ്‌അഹ്മദ്) പ്രസിദ്ധമാണ്. ഹിജ്റ നാല്‌പതാം വർഷത്തിൽ നാലാം ഖലീഫ അലി(റ) വധിക്കപ്പെട്ടതോടെ പ്രസ്തുത ഹദീസിൽ പ്രവചിച്ച ഖിലാഫത്തിൻ്റെ മുപ്പതു വർഷം ഏതാണ്ടു പൂർത്തിയായി. ഉദ്ദേശം ആറുമാസക്കാലമേ മുപ്പതു വർഷം തികയാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അലി( റ)യുടെ പുത്രൻ ഹ: ഹസൻ(റ) ഖലീഫയായ ആറു മാസം കൂടി നാലു ഖലീഫമാരുടെ ഭരണത്തിലേക്കു ചേർത്താൽ തുടർന്നങ്ങോട്ടുള്ള മുസ്‌ലിം ഭരണാധികാരികളുടെ ഭരണങ്ങളെല്ലാം മുൽക് (രാജഭരണം) ആണെന്നു മനസ്സിലാക്കാം. നബി(സ)തങ്ങളെ അക്ഷരാർത്ഥത്തിൽ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഭരണമായതുകൊണ്ടാണു പ്രസ്‌തുത മുപ്പതു വർഷഭരണത്തെ ഖിലാഫത്തെന്നു നബി(സ)തങ്ങൾ വിശേഷിപ്പിച്ചത്. പ്രസിദ്ധ ചരിത്ര നിരൂപകനും പണ്ഡിതനുമായ ഇബ്നു ഖൽദൂനിൻ്റെ വിശകലനത്തിൽ ദീനും സുന്നത്തും അടിത്തറയായുള്ള ഭരണമാണു ഖിലാഫത്ത്. ഈ ഖിലാഫത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ ബിദ്അത്തുകൾ അങ്ങിങ്ങായി മൊട്ടിട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും ഖിലാഫത്തിന്റെ അവസാനത്തിലാണ് ബിദ്‌അത്തിന്റെ പാർട്ടികൾ പ്രത്യക്ഷപ്പെട്ടതെന്ന വസ്‌തുത പ്രസ്‌താവ്യമാണ്. അതിൽ പ്രഥമ കക്ഷിയാണു ഖവാരിജ്. ഇവരുടെ ആഗമനത്തെക്കുറിച്ച് നബി(സ) തങ്ങൾതന്നെ പ്രവചിക്കുകയും താക്കീതു നല്‌കുകയും ചെയ്‌ത ഹദീസുകൾ ധാരാളമാണ്. അവയിൽ ചിലത് ഇങ്ങനെ വായിക്കാം.
1) നബി(സ) പറഞ്ഞു: "എൻ്റെ സമുദായത്തിൽ നിന്ന് ഒരുവിഭാഗം വരും. സത്യമായ വചനം കൊണ്ടാണ് അവർ സംസാരിക്കുക. പക്ഷേ, ആ സത്യവാക്ക് അവരുടെ തൊണ്ടക്കുഴികൾക്കപ്പുറം വിട്ടുകടക്കുകയില്ല. ഉരുവിൽനിന്ന് അമ്പു പുറപ്പെടും പോലെ അവർ ഇസ്ലാമിൽ നിന്നു പുറപ്പെടും. കൈക്കു ന്യൂനതയുള്ള, കൈയിൽ കറുത്ത മുടികളുള്ള ഒരു കറുത്ത മനുഷ്യനാണ് അവരുടെ അടയാളം. ഇങ്ങനെയൊരാൾ അവരിലുണ്ടെങ്കിൽ അവരെ നിങ്ങൾ കൊന്നാൽ മനുഷ്യരിൽ ഏറ്റവും നികൃഷ്‌ടരെയാണു നിങ്ങൾ കൊന്നത്. ഈ ആളില്ലെങ്കിൽ നിങ്ങൾ കൊന്നത് ഉത്തമ മനുഷ്യരെയാകുന്നു." (അഹ്‌മദ്)
2) അവസാനകാലത്ത് ബുദ്ധിപൂർണ്ണത വന്നിട്ടില്ലാത്ത ചെറുപ്പക്കാരായ ഒരു വിഭാഗം പുറപ്പെടും. അവർ മനുഷ്യ വചനങ്ങളിൽ ഏറ്റവും മുന്തിയതിൽ (ഹദീസ്) നിന്നാണു സംസാരിക്കുക. നാക്കുകൊണ്ട് അവർ ഖുർആനോതും. പക്ഷേ, അവരുടെ തൊണ്ടക്കുഴി വിട്ട് അതിറങ്ങുകയില്ല. വേട്ട മൃഗത്തിൽ തറച്ച അമ്പുപുറത്തുകടക്കും പോലെ ഇസ്ലാമിൽ നിന്ന് അവർ പുറപ്പെടും. അവരെ അകറ്റുന്നവർ അവരെ കൊന്നുകളയട്ടെ. അവരെ കൊല്ലുന്നതിൽ കൊന്നവർക്ക് അല്ലാഹുവിങ്കൽ വമ്പിച്ച പ്രതിഫലമുണ്ട്. (അഹ്മദ്, തുർമുദി)
3) “എന്റെ ഉമ്മത്തിൽ ശേഷം ഭിന്നിപ്പും ചേരിതിരിവും ഉണ്ടാകും. വാക്കുകൾ നന്നാക്കുകയും പ്രവൃത്തി ചീത്തയാക്കുകയും ചെയ്യുന്ന ഒരു വിഭാഗം വരും. അവർ ഖുർആനോതും. പക്ഷേ, തൊണ്ടക്കുഴിക്കപ്പുറം വിട്ടുകടക്കുകയില്ല. നിങ്ങളിലൊരാൾ തന്റെ നമസ്കാരത്തെ ഇവരുടെ നമസ്‌കാരത്തിലേക്കു ചേർത്തു നിസ്സാരമായി ഗണിക്കും. ഇവരുടെ നോമ്പിലേക്കു ചേർത്താൽ തന്റെ നോമ്പും നിസ്സാരമാകും. ഉരുവിനെത്തൊട്ട് അമ്പു പുറപ്പെടും പോലെ ദീനിൽ നിന്ന് അവർ പുറപ്പെടും. അമ്പുമുകളിലേക്കു മടങ്ങാത്തതു പോലെ ഇവരും ദീനിലേക്കു മടങ്ങുകയില്ല. സൃഷ്‌ടികളിൽ നികൃഷ്‌ടരാണിവർ. അവരെ കൊല്ലുകയോ അവരാൽ കൊല്ലപ്പെടുകയോ ചെയ്‌തവർക്കു സന്തോഷം. അല്ലാഹുവിൻ്റെ കിതാബിലേക്കാണ് അവർ ജനങ്ങളെ ക്ഷണിക്കുക. എന്നാൽ കിതാബുമായി അവർക്കൊരു ബന്ധവുമില്ല. അവരോടു പൊരുതുന്നവരാണ് അല്ലാഹുവുമായി ഏറ്റവും അടുത്തവർ. സ്വഹാബത്തു ചോദിച്ചു. നബിയേ, അവരുടെ അടയാളമെന്ത്? നബി(സ)തങ്ങൾ പറഞ്ഞു: തലമുണ്ഡനം ചെയ്യൽ." (അഹ്‌മദ്, അബൂദാവൂദ്, ഇബ്നുമാജ, ബസ്സാർ)
4) “എൻ്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം പുറപ്പെടും. അവർ ഖുർആനോതും. നിങ്ങളുടെ ഖുർആൻ പാരായണം അവരുടെ ഓതലിലേക്കു ചേർത്താൽ ഒന്നുമല്ല. നിങ്ങളുടെ നമസ്‌കാരം അവരുടെ നമസ്‌കാരത്തെ അപേക്ഷിച്ചു യാതൊന്നുമല്ല. അവരുടെ നോമ്പിലേക്കു ചേർത്താൽ നിങ്ങളുടെ നോമ്പ് ഒന്നുമല്ല. അവർ ഖുർആനോതും. ഖുർആൻ തങ്ങൾക്കനുകൂലമാണെന്നാണ് അവരുടെ വിചാരം. പക്ഷേ, അതവർക്കെതിരാണ്. അവരുടെ പ്രാർത്ഥനകൾ തൊണ്ടക്കുഴി വിട്ടിറങ്ങുകയില്ല. വേട്ടമൃഗത്തെത്തൊട്ട് അമ്പു പുറപ്പെടും പോലെ അവർ ഇസ്ലാമിൽ നിന്നു പുറപ്പെടും. അവരോടേറ്റുമുട്ടുന്ന സൈന്യം തങ്ങൾക്കു കിട്ടുന്ന പുണ്യം മനസ്സിലാക്കിയിരുന്നെങ്കിൽ മറ്റൊരു കർമ്മവും ചെയ്യുമായിരുന്നില്ല. അവരിൽ കൈത്തണ്ടയില്ലാതെ തോളൻകൈ മാത്രമുള്ള ഒരുത്തനുണ്ടെന്നതാണു സംഘത്തിന്റെ അടയാളം, അയാളുടെ തോളൻ കൈയിന്റെ തലയ്ക്കൽ മുലക്കണ്ണുപോലെ ഒരു ഞെട്ടുണ്ട്. അതിന്മേൽ ഏതാനും മുടികളും." (സ്വഹീഹു മുസ്‌ലിം)
5)ആഇശ(റ)യെത്തൊട്ടു നിവേദനം: നബി(സ)തങ്ങൾ ഖവാരിജിനെക്കുറിച്ചു മുന്നറിയിപ്പുനല്‌കി. അവിടുന്നു പറഞ്ഞു: എൻ്റെ ഉമ്മത്തിലെ ദുഷ്ടൻമാരാണവർ. എൻറെ ഉമ്മത്തിലെ മുന്തിയവർ അവരെ വധിക്കും. (ബസ്സാർ)
▪️തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ