മുകളിലുദ്ധരിച്ച പോലെ അലി(റ) അവരോടു യുദ്ധത്തിന് ആരംഭം കുറിച്ചില്ല. അവരെ സത്യത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനായി പലമാർഗ്ഗങ്ങളും അദ്ദേഹം സ്വീകരിച്ചു. അവർ 'സത്യാന്വേഷികളായി പിഴച്ചവർ' ആണെന്നാണ് അലി(റ) പ്രസ്‌താവിച്ചത്. എന്നാൽ, ഹറൂറാഅ് ഗ്രാമം കേന്ദ്രീകരിച്ച് അവർ അക്രമവും അതിക്രമവും കാണിക്കുകയും കൊള്ളയും കൊലയും നടത്തി അരാജകത്വത്തിനു ശ്രമിക്കുകയും ചെയ്‌തപ്പോൾ ഇസ്‌ലാമിക ഭരണാധികാരിയെന്ന നിലയ്ക്കു ഖലീഫ അവരിലേക്കു സൈന്യത്തെ നയിച്ചുവെന്നുമാത്രം. മക്കയിൽ യാതനയും കഷ്‌ടപ്പാടും സഹിച്ച ഖബ്ബാബുബ്‌നുൽ അറത്ത്(റ)എന്ന ആദികാല സ്വഹാബി വര്യന്റെ മകൻ അബ്‌ദുല്ലാ(റ)യെ പോലും 'ഭക്തരാ'യിരുന്ന ആ ഭീകരൻമാർ വധിച്ചു കളഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ഗർഭിണിയായ ഭാര്യയെ അവർ ക്രൂരമായി അറക്കുകയും വയറുകീറി കുട്ടിയെ പുറത്തെടുക്കുകയും ചെയ്‌തിരുന്നു! ജൂതൻമാരുടെ പന്നികൾക്കു കല്പ്‌പിച്ചിരുന്ന വില പോലും അവർ മുസ്‌ലിംകൾക്കു-സ്വഹാബിമാർക്കു പോലും കൽപിച്ചില്ല. ഒരു നസറാണിയുടെ കാരക്ക വില കൊടുക്കാതെ തിന്നുന്നത് അപരാധമായി കരുതിയ അവർ, വഴിയാത്രക്കാരായ സത്യവിശ്വാസികളുടെ സമ്പത്ത് നിർദ്ദയം കൊള്ളയടിച്ചു. പ്രസിദ്ധ ചരിത്ര പണ്ഡിതനായ മുബർദിൻ്റെ 'അൽകാമിൽ' എന്ന ഗ്രന്ഥം ഉദ്ധരിക്കട്ടെ:
"ഖവാരിജിന്റെ ക്രൂരഫലിതങ്ങളിൽ പെട്ടതാണ് അവർ ഒരു മുസ്‌ലിമിനെയും നസ്രാണിയെയും കിട്ടിയപ്പോൾ മുസ്‌ലിമിനെ കൊല്ലുകയും നസ്രാണിയോടു നന്മയിൽ വർത്തിക്കാൻ സഹയാത്രികരോട് ഉപദേശിക്കുകയും ചെയ്തത്. അബ്‌ദുല്ലാഹിബ്‌നു ഖബ്ബാബും(റ) ഗർഭിണിയായ തൻ്റെ ഭാര്യയും സഞ്ചരിക്കുമ്പോൾ തടഞ്ഞു വച്ച അവർ അബ്‌ദുല്ലാ(റ)യുടെ കഴുത്തിലെ മുസ്ഹഫിലേക്കു ചൂണ്ടിപ്പറഞ്ഞു: നിൻ്റെ കഴുത്തിലുള്ളതു നിന്നെക്കൊല്ലാൻ ഞങ്ങളോടു കൽപിക്കുന്നു......വാഗ്വാദത്തിനിടയിൽ അവർ ചോദിച്ചു: അബൂബക്റിന്റെയും ഉമറിന്റെയും കാര്യത്തിൽ നീയെന്തു പറയുന്നു? അദ്ദേഹം നന്മകൾമാത്രം പുകഴ്ത്തി. അലി മദ്ധ്യസ്ഥനെ നിശ്ചയിക്കും മുമ്പും ഉസ്‌മാൻ തന്റെ ഭരണത്തിൻ്റെ ആറു വർഷങ്ങളിലും എങ്ങനെ? അദ്ദേഹം നല്ലതുതന്നെ പറഞ്ഞു. അലി(റ) മദ്ധ്യസ്ഥനെ നിശ്ചയിച്ചതിനെപ്പറ്റി എന്തുപറയുന്നുവെന്നായി അവർ. “നിങ്ങളെക്കാൾ അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതൽ അറിയുന്നവരും അല്ലാഹുവിൻ്റെ ദീനിന്റെ മേൽ കർക്കശമായ സൂക്ഷ്‌മതയുള്ളവരും തുളഞ്ഞ ദീർഘദൃഷ്‌ടിയുള്ളവരുമാണ് അദ്ദേഹം. അവർ സമീപത്തെ ഒരു നദിയുടെ കരയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി അറത്തു. "ഞാൻ ഗർഭിണിയാണ്. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ" എന്നു ചോദിച്ച അദ്ദേഹത്തിൻ്റെ ഭാര്യയെയും അവരറത്തു! അതേസമയം, ഒരു നസ്രാണിയോട് ഒരു ഈന്തപ്പന മരം ചോദിച്ചപ്പോൾ അയാൾ അതു 'നിങ്ങളെടുത്തോ' എന്നു പറഞ്ഞു. വിലവാങ്ങാതെ ഞങ്ങളതെടുക്കുകയില്ലെന്ന് അവർ ശഠിച്ചു. തത്സമയം ആ ക്രിസ്‌ത്യാനിയുടെ പ്രതികരണമിങ്ങനെ: അബ്‌ദുല്ലാഹിബ്‌നു ഖബ്ബാബിനെപ്പോലുള്ളവരെ നിങ്ങൾ കൊല്ലുന്നു. ഞങ്ങളുടെ ഒരു ഈന്തപ്പനപോലും നിങ്ങളെടുക്കുകയുമില്ല!"(അൽകാമിൽ വാള്യം 2, ഖവാരിജിന്റെ വിവരങ്ങൾ എന്ന അദ്ധ്യായം)
കൊള്ളയും കൊലയും നിറുത്താനും സ്വഹാബത്തടക്കമുള്ള സത്യവിശ്വാസികളെ കൊന്നവരെ തന്നെ ഏൽപിക്കാനും അലി(റ) ഖവാരിജിനു നിർദ്ദേശം നല്കി. തങ്ങൾ ഒന്നിച്ചാണു കൊന്നത്. അവരുടെയും, മാത്രമല്ല നിങ്ങളുടെയും രക്തം ഞങ്ങൾക്ക് അനുവദനീയമാണെന്നു പറഞ്ഞ് അവർ ധിക്കാരം കാട്ടി. ഖൈസുബ്നു സഅ്ദ്(റ), അബൂഅയ്യൂബൽ അൻസ്വാരി(റ) എന്നിവരെല്ലാം അവരെ ഉപദേശിച്ചു നോക്കി. ഭീഷണിപ്പെടുത്തി. ഒടുവിൽ അലി(റ) തന്നെ നേരെ അവരുടെയടുത്തു ചെന്ന് ഉപദേശങ്ങളും താക്കീതുകളുമെല്ലാം നല്‌കി നോക്കി. അദ്ദേഹം പറഞ്ഞു: നിങ്ങളെൻ്റെ പേരിൽ ഉന്നയിക്കുന്ന ആരോപണത്തിലേക്ക് എന്നെ നിർബന്ധിച്ചതും അതിന്നായി ശാഠ്യം പിടിച്ചതും നിങ്ങളാണ്. ഞാൻ അപ്പോളേ മദ്ധ്യസ്ഥനാക്കുന്ന വിഷയത്തെ നിങ്ങളോടു വിലക്കിയതാണ്. അന്നു നിങ്ങൾ സ്വീകരിച്ചില്ല. ഇപ്പോൾ ഇതാ ഞാനും നിങ്ങളും മുഖാമുഖം നിൽക്കുകയാണ്. നിങ്ങൾ ചെയ്ത് ആ തെറ്റിൽ നിന്നു നിങ്ങളല്ലേ മടങ്ങേണ്ടത്. അല്ലാഹു നിഷിദ്ധമാക്കിയ കൊലയും കൊള്ളയും നിങ്ങൾ പ്രവർത്തിക്കരുത്. നിങ്ങളെ നിങ്ങളുടെ ശരീരം തന്നെ എന്തോ ചില ചിന്തകൾ പകർന്നുതന്നു കൊണ്ടു പിഴപ്പിച്ചിരിക്കുന്നു. ആ പിഴച്ച ധാരണയുടെ പേരിൽ നിങ്ങൾ മുസ്‌ലിംകളെ കൊല്ലുകയാണ്. നിങ്ങളൊരു കോഴിക്കുട്ടിയെപ്പോലും അതിൻ്റെ പേരിൽ കൊല്ലുന്നെങ്കിൽ അതല്ലാഹുവിങ്കൽ വലിയ തെറ്റാണ്. എന്നിട്ടല്ലേ മുസ്‌ലിംകളുടെ രക്തം ചിന്തൽ?
അവർ പക്ഷേ, മറുപടിയൊന്നുമുരത്തില്ല. അലി(റ)യോടും സംഘത്തോടും സംസാരിക്കേണ്ടതില്ലെന്നും അല്ലാഹുവിനെ കാണാൻ തയ്യാറെടുത്തു കൊള്ളൂവെന്നും അവരുടെ നേതാക്കൾ അനുയായികൾക്ക് ആഹ്വാനം നല്കി. അർറവാഹ്! അർറവാഹ് ഇലൽജന്ന: - ചലോ ചലോ സ്വർഗ്ഗത്തിലേക്ക്! എന്നുമാത്രം അവർ മുദ്രാവാക്യം മുഴക്കി. യുദ്ധത്തിനായി സ്വഫു കെട്ടുകയും ചെയ്തു. അലി(റ)യുടെ നിർദ്ദേശപ്രകാരം അബൂഅയ്യൂബൽ അൻസ്വാരി(റ) സുരക്ഷയുടെ പതാക ഉയർത്തി ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഈ പതാകക്കു കീഴെ വന്നുനിൽക്കുന്നവർ സുരക്ഷിതരാണ്! കൂഫയിലേക്കോ മദാഇനിലേക്കോ പിരിഞ്ഞു പോകുന്നവരും സുരക്ഷിതരാണ് ഞങ്ങൾക്കു നിങ്ങളെ ഒന്നടങ്കം കൊല്ലേണ്ട ആവശ്യമില്ല. നിരപരാധരായ ഞങ്ങളുടെ സഹോദരൻമാരെ കൊന്ന ഘാതകാരെ മാത്രമാണു ഞങ്ങൾക്കു കിട്ടേണ്ടത്." ഇതു കേട്ടപ്പോൾ നാലായിരത്തിലധികം പേരുണ്ടായിരുന്ന ആ സംഘത്തിൽ നിന്ന് ആയിരത്തോളം പേരൊഴിച്ചു ബാക്കിയെല്ലാവരും പിരിഞ്ഞുപോയി. അവരോട് അലി(റ)യുടെ സൈന്യം വളരെ നേരിയ തോതിൽ തൻമയത്വത്തോടെ പൊരുതാൻ തുടങ്ങി. പക്ഷേ, മരിക്കാൻ തന്നെ തീരുമാനിച്ച ചാവേർ പടയായിരുന്നു അത്. കുറേപേർ അവരിൽ കൊല്ലപ്പെട്ടു. നാനൂറോളം പേർ മുറിവേറ്റവരായിരുന്നു. അവരെ ചികിത്സിക്കുവാനായി അവരവരുടെ ഗോത്രങ്ങൾക്കു കൈമാറി. അവരിട്ടേച്ചു പോയ പടക്കോപ്പുകളും ഉപകരണങ്ങളുമെല്ലാം അവർക്കുതന്നെ വീതിച്ചുനല്കി. കൊല്ലപ്പെട്ടവർക്കിടയിൽ വേദനയോടുകൂടെ നടന്ന അലി(റ)പറഞ്ഞു: "അതീവ ദു:ഖമുണ്ട് നിങ്ങളുടെ കാര്യത്തിൽ. നിങ്ങളെ ചതിയിൽ പെടുത്തിയവൻ നിങ്ങളെ ഉപദ്രവിച്ചു." അതാരാണെന്ന കൂട്ടുകാരുടെ ചോദ്യത്തിന് അലി(റ)യുടെ പ്രതികരണമിങ്ങനെ: പിശാചും അവരുടെ സ്വന്തം ശരീരങ്ങളും. മോഹങ്ങൾ നല്കി അവരെ പറ്റിച്ചത് ഇവരാണ്. തെറ്റുകുറ്റങ്ങൾ അലങ്കരിച്ചു കാണിച്ചതും അവർതന്നെ!
കൊല്ലപ്പെട്ടവർക്കിടയിൽ ഒരു കൈയിന് അസ്ഥിയില്ലാതെ തോളൻ കയ്യിൻമേൽ ഒരു മുലക്കണ്ണുപോലെ ഞെട്ടുള്ളയാളുണ്ടോ എന്നു പരിശോധിക്കാൻ അലി( റ)നിർദ്ദേശം നല്കി. അന്വേഷകർ കാണാതെ മടങ്ങുമ്പോൾ അലി(റ)പറഞ്ഞു: അല്ലാഹുവും റസൂലും സത്യമേ പറയൂ. പരിശോധിക്കൂ. കണ്ടെത്തും! ഒടുവിൽ യൂഫ്രട്ടീസ് നദിയുടെ ഓരത്ത് അൻപതോളം ജഡങ്ങൾ കൂടിക്കിടക്കുന്നതിൽനിന്ന് ഇങ്ങനെയൊരാളുടെ ജഡം കിട്ടി. വലത്തേ കൈയിൻ്റെ ചുമലിൻമേൽ ഞെട്ടുപോലെ മുഴച്ചുനിൽക്കുന്ന മുലക്കണ്ണ്! പിടിച്ചു നീട്ടിയാൽ അത് ഇടത്തെ കൈയിൻ്റെ അത്ര നീളമുള്ള മാംസമായി നീളും! ഇയാളെ കണ്ടുകിട്ടിയപ്പോൾ അലി(റ) തക്ബീർ ചൊല്ലിക്കൊണ്ടു പറഞ്ഞു: അല്ലാഹുവാണെ, അല്ലാഹുവിൻ്റെ റസൂൽ പറഞ്ഞുതന്ന അടയാളമാണിത്. ഞാൻ കള്ളം പറഞ്ഞിട്ടില്ല. ഇവരെ കൊല്ലുന്നവർക്ക് അല്ലാഹു നല്‌കുന്ന പ്രതിഫലം ഞാൻ പറഞ്ഞു തന്നാൽ നിങ്ങൾ അതിന്മേൽ ചാരിനിന്നു കർമ്മവിമുഖരാകും. ഇല്ലെങ്കിൽ ഞാനതു വെളിപ്പെടുത്തുമായിരുന്നു.
ഖവാരിജിനെകുറിച്ചു നടേ പറഞ്ഞ ഹദീസുകളിൽ വ്യക്തമാക്കിയ അടയാളം കൂടി ബോദ്ധ്യപ്പെട്ടതോടെ സ്വഹാബത്തു സന്തോഷ ഭരിതരായി. അവർ യുദ്ധം ചെയ്‌തതും വധിച്ചതും അതർഹിക്കുന്നവരെയാണെന്ന് അവർ ഒരിക്കൽ കൂടി ഉറപ്പിച്ചു. എന്നിട്ടും നഹ്റവാനിൽ (ഈ പോരാട്ട സ്ഥലം) കൊല്ലപ്പെട്ടവരെക്കുറിച്ച് അലി(റ)യോട് അവർ മുശ്‌രിക്കുകളാണോയെന്നു ചോദിച്ചപ്പോൾ അവർ ശിർക്കിൽ നിന്ന് ഓടുകയായിരുന്നുവെന്നും മുനാഫിഖുകളാണോ എന്നു ചോദിച്ചപ്പോൾ, മുനാഫിഖുകൾ കുറച്ചു മാത്രമേ അല്ലാഹുവിനെ സ്മരിക്കുമായിരുന്നുള്ളൂ ഇവരങ്ങനെയല്ലല്ലോ എന്നുമായിരുന്നു പ്രതികരണം. പിന്നെ ഇവർ ആരായിരുന്നു എന്ന ചോദ്യത്തിന് അലി(റ) യുടെ മറുപടി ഇങ്ങനെ: അവർ നമ്മുടെ സഹോദരങ്ങളാണ്. അവർ നമുക്കെതിരെ- ഇമാമത്തിനെതിരെ അതിക്രമം കാണിച്ചു. അതിനാൽ നാം അവരോടു പൊരുതി." (താരീഖുൽ ഉമമി വൽമുലൂക്, അൽബിദായത്തുവന്നിഹായ)
നെഹ്റവാനിലെ പോരാട്ടവും വധവും ഖവാരിജു ഗ്രൂപ്പിൽ കടുത്തരോഷവും പ്രതിഷോധവുമാണു സൃഷ്ടിച്ചത്. അവശേഷിച്ചവർ അവരുടെ രക്തസാക്ഷികളെച്ചൊല്ലി ആളെക്കൂട്ടാനും ഗോത്രങ്ങളെ ഇളക്കാനും ശ്രമിച്ചു. അവരിൽപെട്ട മൂന്നു ചെറുപ്പക്കാർ ഒത്തുകൂടി രക്തസാക്ഷികളെയോർത്തു വിലപിക്കുകയും ഇനി നമ്മൾ ജീവിച്ചിരുന്നിട്ടെന്ത് എന്നു പറഞ്ഞുകൊണ്ട് മുസ്‌ലിം ഉമ്മത്തിൻ്റെ നേതാക്കളായ അലി(റ), മുആവിയ(റ),അംറുബൽ ആസ്(റ)എന്നിവരെ വധിക്കാൻ പ്രതിജ്ഞയെടുക്കുകയും അതിന്നായി അവർ മൂന്നു പേരും ചാവേറുകളായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അബ്‌ദുറഹ്‌മാനിബ്‌നു മുൽജിം, ബർകുബ്നു അബ്‌ദില്ലാ, അംറുബ്‌നുബകർ എന്നിവർ. ഇബ്നു മുൽജിമാണ് അലിയാരുടെ വധം സ്വയം ഏറ്റെടുത്തത്. അംറ്, അംറുബ്‌നുൽ ആസ്വി(റ)യെയും ബർക് മുആവിയ(റ)യെയും. ഹിജ്‌റ 40-ലാണ് ഇത്. അക്കൊല്ലം റമളാൻ പതിനേഴിന് മൂന്നുപേരും കൃത്യം നിർവ്വഹിച്ചിരിക്കണമെന്ന് അവരുറപ്പിക്കുകയും ചെയ്‌തു.
ഇബ്നുമുൽജിം ഇതേ ലക്ഷ്യത്തോടെ കൂഫയിലേക്കാണു പോയത്. ബനൂറബാബ് ഗോത്രക്കാർ നഹ്റവാനിൽ കൊല്ലപ്പെട്ട വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ഒരു ചടങ്ങിൽ വച്ച് അതിസുന്ദരിയായ ഖത്വാമി എന്ന സ്ത്രീയെ കാണാനിടയായ ഇബ്‌നുമുൽജിം അവളിൽ അനുരക്‌തനായി. താൻ വന്ന ലക്ഷ്യം പോലും മറന്ന അയാൾ ഈ സ്ത്രീയെ വിവാഹാലോചന നടത്തി. മുവ്വായിരം ദിർഹം പണവും ഒരു പരിചാരകനും ഒരു പാട്ടുകാരിയും നല്‌കണമെന്നതിനു പുറമെ വീരനായ അലി(റ) യെ കൊല്ലണമെന്നു കൂടിയായിരുന്നു അവളാവശ്യപ്പെട്ട മഹ്ർ. താൻ കൂഫയിലെത്തിയതു തന്നെ ഈ ലക്ഷ്യത്തോടെയാണെന്നു വ്യക്തമാക്കിയ ഇബ്‌നുമുൽജിം വ്യവസ്ഥ ചെയ്‌ത മഹ്ർ ഏറ്റുകൊണ്ട് അവളെ വിവാഹം ചെയ്‌തു. മധുവിധു കഴിഞ്ഞതോടെ അലി(റ) യെക്കൊല്ലാൻ അവൾ തിടുക്കം കൂട്ടി. അവളുടെ പിതാവും സഹോദരനും നഹ്റവാനിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൻ്റെ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു അവളുടെ മനസ്സിൽ. വർദാൻ എന്ന കുടുംബക്കാരനെ അവൾ സഹായത്തിനും നല്‌കി. ശബീബ് എന്ന വേറൊരു ചെറുപ്പക്കാരനെക്കൂടി ഇബ്‌നുമുൽജിം സംഘടിപ്പിച്ചു. മൂന്നു പേരും ആ കൃത്യം നിർവ്വഹിച്ചു. സുബ്ഹു നമസ്‌കാരത്തിനായി പുറപ്പെട്ട അലി(റ) അസ്സ്വലാ, അസ്സ്വലാ എന്നു പറഞ്ഞ് ആളെ ഉണർത്തിക്കൊണ്ടിരിക്കുന്നതിനിടെ ശബീബ് വെട്ടിയെങ്കിലും അതുകൊണ്ടില്ല. ഒളിഞ്ഞിരുന്ന ഇബ്നുമുൽജിം തത്സമയം അലി(റ)യുടെ മൂർദ്ധാവിൽ ആഞ്ഞുവെട്ടി. ലാഹുക്‌മ ഇല്ലാലില്ലാ ലൈസലക യാഅലി, വലാ ലിഅസ്ഹാബിക് (അല്ലാ ഹുവിന്നു മാത്രമാണു വിധിക്കാനധികാരം. നിനക്കും കൂട്ടുകാർക്കുമല്ല അലീ) എന്നാക്രോശിച്ചു കൊണ്ടായിരുന്നു വെട്ട്, രക്തം തലയിൽ നിന്നു താടിരോമത്തിലൂടെ കളകളാ ഒഴുകി. വർദാൻ മറ്റൊരാളാൽ കൊല്ലപ്പെട്ടു. ശബീബ് ഓടി രക്ഷപ്പെട്ടു. ഇബ്‌നുമുൽജിം പിടിക്കപ്പെട്ടു. അലി(റ)തൻ്റെ പുത്രൻമാരായ ഹസൻ(റ) ഹുസൈൻ(റ) എന്നിവരെ വിളിച്ചു സാമാന്യം ദീർഘമായ ഒരു വസ്വിയ്യത്തു നടത്തി. 'വഅഖ്റഉ അലൈകു മുസ്സലാമ വറഹ്‌മത്തല്ലാ' എന്നു വസ്വിയത്തിലെ അവസാന വാക്യത്തിനു ശേഷം ലാഇലാഹ ഇല്ലല്ലാ എന്നു മാത്രമേ ഉച്ഛരിച്ചുള്ളൂ. അതോടെ വഫാത്തും സംഭവിച്ചു.
▪️തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ