ശിയാക്കളുടെ രംഗപ്രവേശം
ജൂത-ക്രിസ്തീയ ലോബിയുടെ ദുഷ്‌ടതന്ത്രപ്രകാരം ഇസ്‌ലാമിക സമൂഹത്തിൽ ചാരവൃത്തി നടത്തിയ ഇബ്‌നുസ്സൗദാഅ് സമുദായത്തിൽ അലിയാരുടെ കക്ഷി, ഉസ്‌മാനി(റ)ൻ്റെ കക്ഷി എന്നിങ്ങനെ വിഭാഗീയത സൃഷ്ടിക്കാൻ വേണ്ടി പരിശ്രമിച്ചതും നിലവിലുള്ള ഖലീഫക്കെതിരിൽ പെട്ടെന്നു വിപ്ലവം സൃഷ്ടിക്കുവാൻ അസാധാരണ വ്യക്തിപ്രഭാവമുള്ള അലിയാരെച്ചൊല്ലി പുത്തൻചിന്തകളും അതിഭാവുകത്വം നിറഞ്ഞ വാദങ്ങളും പ്രചരിപ്പിച്ചു തുടങ്ങിയതും മുമ്പു സൂചിപ്പിച്ചുവല്ലോ. അലി(റ)യുടെ വധത്തിൻ്റെ ശേഷം ഈ പുത്തൻ ചിന്തകൾക്ക് കുറേക്കൂടി പ്രചാരവും സംഘടിത രൂപവും കൈവന്നു. മറുഭാഗത്ത് അലി(റ)യുടെ പുത്രൻ ഹസൻ(റ) ഖിലാഫത്ത് ഏറ്റെടുത്തുകൊണ്ട് ആറുമാസത്തിനു ശേഷം മുആവിയ(റ)ക്കു വേണ്ടി സ്ഥാനമൊഴിയുകയും അവർ അമീറുൽ മുഅ്മീനീനായി അവരോധിതരാകുകയും ചെയ്തതോടെ ചാരസംഘം ഒന്നുകൂടി, ഭിന്നിപ്പിക്കൽ തന്ത്രം ശക്തമായി പയറ്റുകയും ചെയ്‌തു. മുസ്‌ലിം സമൂഹം ശാം-ഇറാഖ്, മക്ക-മദീന എന്നിങ്ങനെ യാതൊരു ദേശഭേദവുമില്ലാതെ മുആവിയ(റ)യുടെ ഇമാമത്തിനു കീഴിൽ ഏകീകരിക്കപ്പെട്ടപ്പോൾ ഇതിൽ അസൂയ പൂണ്ട ഇസ്ലാമിൻ്റെ ശത്രുക്കൾ നബികുടുംബത്തെയും ഉമവികളെയും തമ്മിൽ തെറ്റിക്കുവാനും അവർക്കിടയിൽ പടലപ്പിണക്കങ്ങൾ സൃഷ്ടിക്കുവാനും കുതന്ത്രങ്ങൾ അനുസ്യൂതം മിനഞ്ഞുകൊണ്ടിരുന്നു. മുആവിയ(റ), മകൻ യസീദിനെ പിൻഗാമിയായി വാഴിക്കുകയും അങ്ങനെ ബനൂ ഉമയ്യത്തു വംശത്തിൻ്റെ കൈയിൽ ഇമാമത്ത്, രാജാധികാരം പോലെ അമരാൻ തുടങ്ങുകയും ചെയ്തപ്പോൾ ഈ ഭിന്നിപ്പിക്കൽ ശത്രുക്കൾക്ക് എളുപ്പമായി.
യസീദിൻ്റെ പട്ടാളം പ്രവാചക പൗത്രരായ സയ്യിദ് ഹുസൈനി(റ)നെയും നബികുടുംബത്തിലെ ധാരാളം താരങ്ങളെയും കർബലായിൽ വച്ചു വധിക്കുകയും പ്രവാചക സ്നേഹികളുടെ മുഴുവൻ കടുത്ത രോഷമിളകുകയും ചെയ്‌തപ്പോൾ ശീഅത്തു അലി (അലി(റ)യുടെ കക്ഷി) എന്ന പേരിൽ ഒരു വൻ പാർട്ടി സമൂഹത്തിൽ രൂപപ്പെടുകയും ചെയ്‌തു. നഹ്റവാനിലെ യുദ്ധത്തിനുശേഷം അലിയാരുടെ കടുത്ത വൈരികളായി മാറിയ ഖവാരിജിൻ്റെ നേരെ വിപരീത ദിശയിൽ അലിയാരോടു കടുത്ത ഭക്തിയും അതിരുകവിഞ്ഞ അനുരാഗവുമായി ശീഅത്തു അലി പ്രത്യക്ഷപ്പെട്ടു. ഇത് അലി(റ)യെച്ചൊല്ലി പിൽക്കാലത്തുണ്ടാകുമെന്നു നബി(സ)തങ്ങൾ പ്രവചിച്ചിട്ടുള്ളതുമാണ്. പ്രവാചക വിയോഗത്തിനു ശേഷം അലി(റ) അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‌കിയ കൂട്ടത്തിൽ നബി(സ)തങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. "അലീ, നിന്നെച്ചൊല്ലി രണ്ടുകൂട്ടർ നാശത്തിൽ ഭവിക്കും. അതിരു കവിഞ്ഞ അനുരാഗമുള്ളവരും കടുത്ത രോഷമുള്ളവരും." ഇതു തന്നെ പുലർന്നു. അലിയാരുടെ കക്ഷിയെന്ന പേരിൽ സംഘടിച്ചവർക്കു വിശ്വാസപരമായും നയപരമായും വ്യതിചലനമുണ്ടായി. ഇസ്ലാമിന്റെ ശത്രുക്കളുടെ കുതന്ത്രങ്ങളിൽ അവർ വീണുപോയി. നബികുടുംബത്തോടും അലി(റ)യോടുമുള്ള സ്നേഹം സത്യവിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അതിരുകൾ ലംഘിച്ചപ്പോൾ മറ്റുള്ളവരോടുള്ള രോഷമായി അതു മാറി. ഉമവികളുടെ ഖിലാഫത്തിന്റെ അർഹതയെ മാത്രമല്ല, അലി(റ)യല്ലാത്ത മറ്റാരുടെയും ഇമാമത്തിൻ്റെ അർഹതയെ നിരാകരിക്കുന്നിടം വരെ ഇതു ചെന്നെത്തി. നബി(സ)ക്കു ശേഷം അലി(റ)യല്ലാത്ത മറ്റു മൂന്നു ഖലീഫമാരുടെ ഇമാമത്തും അക്രമമാണെന്ന് ഇവർ വാദിച്ചു. നബി(സ) തങ്ങൾക്കു ശേഷം ഈ ഉമ്മത്തിൽ അല്ലാഹുവിങ്കൽ ഏറ്റം സ്ഥാനമുള്ളവരും ഒന്നാമത്തെയും രണ്ടാമത്തെയും ഖലീഫമാരുമെന്നു മുസ്‌ലിം സമൂഹം ഒന്നടങ്കം വിശ്വസിച്ചംഗീകരിച്ച ഹസ്റത്ത് അബൂബക്ർ(റ), ഉമർ(റ)എന്നിവരുടെ ഇമാമത്തും പദവിയും പോലും നിരാകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തുകൊണ്ട് ഇവർ അലി(റ)യുടെ പക്ഷമായി രംഗപ്രവേശം ചെയ്തപ്പോൾ, അലി(റ)യോടും നബികുടുംബത്തോടുമുള്ള ഇവരുടെ സ്നേഹം ബിദ്‌അത്തിൻ്റെ രൂപം പ്രാപിച്ചു. സത്യവിശ്വാസത്തിൻ്റെ അതിരുകൾ ഭേദിച്ചു. ഖവാരിജുകളെപ്പോലെ ഇവരും മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഇനെയും ഏകഖണ്ഡമായ വിശ്വാസത്തെയും നിരാകരിച്ചു. ഇവരുടെ ഈ ബിദ്‌അത്തിൻ്റെ മുഖം അനാവരണം ചെയ്യുന്നതിനായി അവർ സ്വയം വിശേഷിപ്പിച്ച ശീഅത്തു അലി എന്ന നാമത്തിനു പകരം അഹ്ലു സ്സുന്നത്തിന്റെ ഇമാമുകൾ ഇവരെ رافضة- അബൂബക്ർ സിദ്ദീഖി(റ) നെയും ഉമറി(റ) നെയും വലിച്ചെറിഞ്ഞവർ എന്ന പേർ നല്‌കി വിളിച്ചു. അലി(റ)യോടും നബികുടുംബത്തോടുമുള്ള അദമ്യമായ സ്നേഹമോ അവരുടെ പക്ഷമാകലോ അല്ല കുഴപ്പമെന്നും അപ്പേരിൽ പ്രഥമ ഖലീഫയെയും രണ്ടാം ഖലീഫയെയും അവരുടെ ഇമാമത്തിനെയും തള്ളിപ്പറയലും അവരോടു ദേഷ്യം പുലർത്തലുമാണു കുഴപ്പമെന്നും ഇതു കഴിഞ്ഞകാല മുസ്‌ലിം ഉമ്മത്തിൻ്റെ പൊതുനിലപാടിനു വിരുദ്ധമാണെന്നും പഠിപ്പിക്കുകയായിരുന്നു അവർക്ക് റാഫിളത്ത് എന്നു പേരുനല്‌കുന്നതിലൂടെ നമ്മുടെ ഇമാമുകൾ.
ശിയാക്കളിൽ തനി കുഫ്‌റിൻ്റെയും ശിർക്കിന്റെയും വാദങ്ങളുന്നയിക്കുന്ന വിഭാഗങ്ങൾ പോലുമുണ്ടെങ്കിലും പൊതുവിൽ അഹ്ലുസ്സുന്നത്തും റാഫിളത്തും തമ്മിലുള്ള തർക്കം ഇമാമത്തിൻ്റെ വിഷയത്തിലാണ്. അമ്പിയാക്കൻമാരെപ്പോലെ ഇമാമുകളും അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തു സൃഷ്ടിക്കുന്നവരാണെന്നും ഇമാമത്ത് അല്ലാഹുവിനാൽ ലഭ്യമാകുന്ന പദവിയാണെന്നും ഈ പദവി ലഭിക്കുന്നവർ നബിമാരെപ്പോലെ പാപങ്ങളും കുറ്റങ്ങളും വരാൻ പാടില്ലാത്ത മഅ്സൂമുകളാണെന്നും പൊതുവിൽ ഇവർ വാദിക്കുന്നു. അങ്ങനെയുള്ള ഇമാമുകളെ അലി(റ) യുടെ മക്കളിൽ നിന്നും അവർ എണ്ണി നിജപ്പെടുത്തുകയും ചെയ്യും. ഇവരല്ലാത്തവരുടെയൊന്നും ഇമാമത്തു ശരിയല്ലെന്നും ശിയാക്കൾ ജൽപിക്കുന്നു. ഇവരെണ്ണുന്ന ഇമാമുകളിൽ നിന്നാകട്ടെ, ഹസ്റത്ത് അലി(റ), പുത്രൻ ഹസൻ(റ) എന്നിവരല്ലാത്ത മറ്റാരും പ്രത്യക്ഷ ലോകത്ത് ഇമാമുമാരും ഭരണാധികാരികളുമായി വന്നിട്ടുമില്ല. ഈ പിഴച്ച ഇമാമത്തു വാദത്തിൻ്റെ മറവിൽ ഹസ്രത്ത് അബൂബക്ർ സിദ്ദീഖ് (റ) മുതലുള്ള സ്വഹാബിമാരെയെല്ലാം സഭ്യേതരമായ ഭാഷയിൽ ദുഷിക്കുന്നതിനും ചീത്തപറയുന്നതിനും അവരൊട്ടും മടിച്ചു നിന്നിട്ടുമില്ല. മുസ്ലിം ഉമ്മത്തിൽ ഇസ്‌ലാമിൻ്റെ രണ്ടു മഹാഗുരുക്കൻമാർ എന്ന അർത്ഥത്തിൽ 'ശൈഖാനി' എന്നു വാഴ്ത്തപ്പെടുന്ന ഹസ്‌റത്ത് അബൂബക്ർ(റ), ഉമർ(റ) എന്നിവരെ ലഅ്‌നത്തു ചെയ്യുന്നതു പോലും ഇവരുടെ പതിവു സമ്പ്രദായമാണ്. ചില ഉമവീ ഖലീഫമാരും ഖവാരിജുകളും അലി(റ) യെ ശപിക്കാനും ലഅനത്തു ചെയ്യാനും ധൃഷ്ടരായതിൻ്റെ പ്രതികരണമെന്നോണം ഇവർക്കെതിരിൽ രൂപം കൊണ്ട റാഫിളീ സംഘം അബൂബക്ർ(റ), ഉമർ(റ) എന്നിവരെ ലഅ്നത്തു ചെയ്യാനാണു മുതിർന്നത്.
ചുരുക്കത്തിൽ ഖവാരിജ് എന്ന ഹറൂറിയത്തിന്റെ ആഗമനത്തോടെ അതിൻ്റെ റിയാക്‌ഷനായി ശക്തിപ്രാപിച്ചതാണ് ശീഅത്ത് എന്ന റാഫിളീസംഘം. ഖിലാഫത്തിന്റെ അവസാന കാലത്തു തന്നെ ഈ രണ്ടു ബിദ്അത്തു സംഘങ്ങളും രൂപംകൊണ്ടിട്ടുള്ളതിനാൽ അറിയപ്പെട്ടിടത്തോളം ഇവ രണ്ടും തന്നെയാണ് ഇസ്ലാമിലെ പ്രഥമ ബിദ്അത്തു സംഘങ്ങൾ. ഇതിനുശേഷം സ്വഹാബത്തിൻ്റെ കാലത്തു തന്നെ വേറെയും ചില സംഘങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയടക്കം ബിദ്അത്തിന്റെ അടിസ്ഥാന കക്ഷികളെ മാത്രം നമുക്കൽപം പരിചയപ്പെടാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ