ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി
സുന്നത്ത് എന്ന വാക്കു പല വിധത്തിൽ പ്രയോഗിക്കാറുണ്ട്. കർമ്മശാസ്ത്രവിധികളിൽ ഒരു സുന്നത്തുണ്ട്. വാജിബ്-സുന്നത്ത് എന്ന പ്രയോഗം സാധാരണമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒന്നായി സുന്നത്തിനെ എണ്ണാറുണ്ട്. കിതാബ്-സുന്നത്ത് എന്ന പ്രയോഗം പ്രസിദ്ധമാണ്. വിശ്വാസപരമായി ചൊവ്വായ-നേരായ വഴി എന്ന ഉദ്ദേശ്യത്തിലും സുന്നത്ത് എന്നു പ്രയോഗിക്കാറുണ്ട്. 'സുന്നത്തും ബിദ്അത്തും' എന്നു സാധാരണ പറഞ്ഞുവരുന്നത് ഈ ഉദ്ദേശത്തിലാണ്. ചില ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ചു ബിദ്അത്ത്, ബിദ്‌അത്തുമുൻകറത്ത് എന്നിങ്ങനെ വിശേഷിപ്പിക്കും പോലെ മറിച്ചുള്ള ചില അനുഷ്‌ഠാനങ്ങളെയും കർമങ്ങളെയും സംബന്ധിച്ചു സുന്നത്തുൻ മുത്തബഅത്തുൻ', 'സുന്നത്തുൻ മഅ്‌ഥൂറതുൻ' എന്നും മറ്റും പ്രയോഗിക്കാറുണ്ട്.
ഇങ്ങനെ വിവിധ പ്രയോഗങ്ങളിൽ വ്യത്യസ്‌ത അർത്ഥങ്ങളിൽ-പരസ്‌പര വിരുദ്ധമായ അർത്ഥങ്ങളിൽ പോലും ഉപയോഗിക്കപ്പെടുന്ന ഒരു പദമാണു സുന്നത്ത് എന്നത്. മേൽകുറിച്ച ഓരോ പ്രയോഗത്തിലും സുന്നത്തിനു വ്യത്യസ്‌ത അർത്ഥങ്ങളാണുള്ളത്, അതിന്റെ കൂടെ ഉപയോഗിക്കപ്പെടുന്ന വിപരീത പദം കൂടി മനസ്സിലാക്കുമ്പോളേ സുന്നത്ത് എന്നതിൻ്റെ ഉദ്ദേശ്യം വ്യക്തമാകുകയുള്ളു. (فبضدها يتبين الاشياء) (വിപരീതങ്ങൾ മനസ്സിലാക്കുമ്പോളേ കാര്യങ്ങൾ ശരിക്കു വ്യക്തമാകുകയുള്ളൂ) എന്ന തത്ത്വം ഇവിടെ പ്രത്യേകം പ്രസക്തമാണ്.
എന്നാൽ, ഈ വക വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ ഭാഷാഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും, അതിൽതന്നെ നിദാനശാസ്ത്ര ഗ്രന്ഥമോ ഹദീസുശാസ്ത്ര ഗ്രന്ഥമോ ഫിഖ്ഹു ഗ്രന്ഥമോ എന്നൊന്നും വിലയിരുത്താതെയും, കാണുന്ന ഉദ്ധരണികളെല്ലാം വാരിവലിച്ചുദ്ധരിക്കുന്ന രീതിയാണ് ഇതു സംബന്ധമായി ലേഖനങ്ങളും കുറിപ്പുകളും എഴുതുന്നവരെല്ലാം സ്വീകരിച്ചു കാണുന്നത്. 'സുന്നത്തും ബിദ്‌അത്തും' എന്ന പേരിൽ തന്നെ രണ്ടു തടിച്ച പുസ്‌തകങ്ങൾ ഇതെഴുതുമ്പോൾ മുമ്പിലുണ്ട്. ഒന്ന്, ജമാഅത്തെ ഇസ്ലാമിയുടെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതും മറ്റൊന്നു രണ്ടു മുജാഹിദു തലതൊട്ടപ്പൻമാർ ഒന്നിച്ചെഴുതി പ്രസിദ്ധീകരിച്ചതും. പ്രയോഗ വൈവിധ്യങ്ങൾ ഒട്ടും ശ്രദ്ധിക്കാതെ, ഓരോ ശാസ്ത്രത്തിലെയും വ്യത്യസ്‌ത പ്രയോഗങ്ങൾ ഗ്രഹിക്കാതെ, കിട്ടിയ കിതാബുകളിൽ നിന്നു കണ്ട ഇബാറത്തുകളെല്ലാം പെറുക്കി ഉദ്ധരിച്ചിരിക്കുകയാണു രണ്ടു ഗ്രന്ഥങ്ങളിലും. കിതാബ്, സുന്നത്ത്, ഇജ്‌മാഅ്, ഖിയാസ് എന്നീ ശർഇന്റെ പ്രമാണങ്ങളെ അധികരിച്ചു വിശദീകരിക്കുന്ന ജംഉൽജവാമിഅ് പ്രമാണങ്ങളിലൊന്നായ സുന്നത്തിനെ നിർവ്വചിക്കുമ്പോൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ സുന്നത്തിന് ഈ നിർവ്വചനം ചേരുമോ? ഹദീസുശാസ്ത്രത്തിലെ സുന്നത്ത്, അഥർ എന്നീ പ്രയോഗങ്ങളെക്കുറിച്ചുള്ള വിവരണം വിശ്വാസപരമായി ഉപയോഗിക്കുന്ന സുന്നത്തിന് ഇണങ്ങുമോ? ഇതൊന്നും ആലോചിക്കാതെ ഉദ്ധരണികൾ കുറെ വാരിവലിച്ചെഴുതി പുസ്‌തകം കനംകൂട്ടുന്നതല്ലാതെ വിഷയത്തിൻ്റെ മർമ്മം മനസ്സിലാക്കാൻ പുത്തൻവാദികൾക്കിനിയും കഴിഞ്ഞിട്ടില്ല. ഇതേരീതിയിൽ തന്നെയാണ് ഇവ്വിഷയകമായി സുന്നീ പക്ഷത്തു നിന്ന് എഴുതപ്പെട്ട തടിച്ച പുസ്‌തകങ്ങളിൽ ചിലതിന്റെയും നില. അറബിയിലും മലയാളത്തിലുമായി ഇവ്വിഷയത്തിൽ ഗ്രന്ഥങ്ങൾ കാണുന്നുണ്ട്. സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ഇതുകൊണ്ടാണ് അഹ്ലുസ്സുന്നത്തിവൽജമാഅത്ത് എന്ന വിഷയത്തിനുശേഷം ഇനിയും 'സുന്ന
ത്തും ബിദ്‌അത്തും' ഈ ലക്കത്തിൽ പഠനവിധേയമാക്കുന്നത്.
*_സുന്നത്തിൻ്റെ ഭാഷാർത്ഥം_*
വിവിധ ശാസ്ത്രങ്ങളിൽ സുന്നത്ത് എന്ന വാക്കിനു നല്‌കപ്പെടുന്ന സാങ്കേതികാർത്ഥങ്ങൾ വ്യത്യസമാണെന്നതുപോലെ ഭാഷാപ്രയോഗങ്ങളിലും ഈ വാക്കു പലവിധ അർത്ഥങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഖുർആനിലും സുന്നത്തിലുമെല്ലാം ഇങ്ങനെ വ്യത്യസ്‌ത അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സന്ന യസിന്നു, സന്ന-യസുന്നു എന്നിവയിൽ നിന്നുള്ളതാണു സുന്നത്ത് എന്ന വാക്യം. 'സന്നൽ അംറ' എന്നാൽ ഒരു കാര്യം വിശദീകരിച്ചു. വിവരിച്ചു എന്നാണർത്ഥം. ഇതിൽ നിന്നു നിഷ്‌പന്നമായ സുന്നത്ത് എന്ന വാക്കിനു സീറത്ത് (ചര്യ), ത്വബീഅത് (പ്രകൃതം, സമ്പ്രദായം), ത്വരീഖത്ത് (സരണി, വഴി) എന്നെല്ലാം അർത്ഥമുണ്ട്. അല്ലാഹുവിന്റെ സുന്നത്ത് എന്നതിന് അല്ലാഹു വിവരിച്ചവിധി, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ എന്നും അർത്ഥമുണ്ട്. (അൽഖാമൂസുൽ മുഹീത്:4-238, ലിസാനുൽ അറബ്:13-220-25, മുഖ്‌താറുസ്സ്വഹാഹ്:317)
സന്ന-യസുന്നു എന്നതിനു സ്‌ഫുടമാക്കി, അലങ്കരിച്ചു, കടഞ്ഞെടുത്തു എന്നെല്ലാമാണർത്ഥം. മിനുമിനുത്ത തെളിഞ്ഞമുഖം എന്നതിനു 'സുന്നത്ത്' എന്ന പ്രയോഗവും കടഞ്ഞെടുക്കപ്പെട്ടതിനു 'മസ്‌നൂൻ' എന്ന വാക്കും ഇതിൽ നിന്നു വന്നതാണ്. (ലിസാനുൽ അറബ്:13-223-24) ശക്തിപകർന്നു, ഊക്കുനല്‌കി എന്ന അർത്ഥത്തിലും സന്ന എന്ന ശബ്ദം ഉപയോഗിക്കാറുണ്ട്. ബലം എന്ന അർത്ഥത്തിൽ സിനാൻ എന്ന പദം ഇങ്ങനെ വന്നതാണ്.
വിശുദ്ധ ഖുർആനിൽ സുന്നത്ത് എന്ന പദം ധാരാളം വന്നിട്ടുണ്ട്
يريد الله ليبين لكم ويهديكم سنن الذين من قبلكم (النساء 26)
എന്ന വാക്യത്തിൽ മുൻഗാമികളുടെ നല്ലചര്യകൾ, കീഴ് വഴക്കങ്ങൾ എന്നാണർത്ഥം.
وان يعود وا فقد مضت سنة الأولين (الانفال (38) وقد خلت سنة الأولين (الحجر (13)
എന്നീ ആയത്തുകളിൽ മുൻഗാമികളായ ദുഷിച്ചവരെ നശിപ്പിക്കുകയെന്ന പതിവു സമ്പ്രദായം - അവരിൽ അല്ലാഹു പതിവായി സ്വീകരിച്ചു വന്നവഴി എന്നാണർത്ഥം.
سنة الله في الذين خلوا من قبل ولن تجد لسنة الله تبديلا(الاحزاب (62)
سنة الله التي قد خلت من قبل ولن تجد لسنة الله تبديلا( الفتح23)
سنة من قد أرسلنا قبلك من رسلنا ولا تجد لسنتنا تحويلا(الاسراء (77)
എന്നീ ആയത്തുകളിൽ അല്ലാഹുവിൻ്റെ തീരുമാനം, വിധി എന്നാണർത്ഥം.
ഭാഷാപരമായ ഈ അർത്ഥങ്ങൾ പരിഗണിച്ചുകൊണ്ടു വിവിധ മതവിജ്ഞാനീയങ്ങളിൽ സുന്നത്ത് എന്നു പ്രയോഗിച്ചിട്ടുണ്ട്. ഓരോ ശാസ്ത്രത്തിലെയും സാങ്കേതികാർത്ഥങ്ങളും നിർവ്വചനങ്ങളും വെവ്വേറെയാണ്. ഏതു സാങ്കേതികാർത്ഥങ്ങളും ഭാഷാർത്ഥങ്ങൾ പരിഗണിച്ചു കൊണ്ടാണു രൂപം കൊള്ളുകയെന്നതു പൊതുനിയമമാണ്. എന്നാൽ, വിവിധ ശാസ്ത്രങ്ങളിൽ സാങ്കേതികമായി കൽപിക്കപ്പെടുന്ന അർത്ഥങ്ങൾ ഒന്നായിരിക്കുകയില്ല. പരസ്‌പര പൂരകങ്ങളായിരിക്കണമെന്നില്ല. ഭാഷാർത്ഥത്തിലല്ലാതെ യോജിച്ചു കൊള്ളണമെന്നുമില്ല. സാങ്കേതിക ഉപയോഗങ്ങളുടെ സാമാന്യ രീതിയാണിത്. സകാത്തിനോടൊപ്പം സ്വലാത്ത് എന്നു പയോഗിച്ചാൽ നമസ്ക്കാരം എന്ന ശർഇന്റെ സാങ്കേതികാർത്ഥമാണല്ലോ ഉദ്ദേശിക്കപ്പെടുന്നത്. അതേസമയം, ദിക്റുകളുടെ കൂട്ടത്തിൽ സ്വലാത്ത് എന്നുപയോഗിച്ചാൽ നബി(സ)യുടെ മേൽ 'സ്വലാത്തു' ചൊല്ലുക എന്നാണുദ്ദേശ്യം. സ്വലാത്തിൻ്റെ ഭാഷാർത്ഥമായ കരുണ, പ്രാർത്ഥന എന്നീ അർത്ഥങ്ങളോട് ഈ രണ്ടു സാങ്കേതിക പ്രയോഗങ്ങളും യോജിക്കുന്നുണ്ടെന്നല്ലാതെ 'സ്വലാത്തു' ചൊല്ലലും നമസ്കാരവും രണ്ടും വ്യത്യസ്തത അർത്ഥങ്ങൾ തന്നെയാണല്ലോ. ഇതുപോലെയാണു സുന്നത്ത് എന്നതിനെ മതഗ്രന്ഥങ്ങളിൽ ഉപയോഗിച്ചുവരുന്നത്.
▪️തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ