2024 ഓഗസ്റ്റ് 7, ബുധനാഴ്‌ച

ബിദ്അത്തിന്റെ ആഗമനവും പാർട്ടികളും-1-

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി

     ആരാണ് അഹ്ലു‌സ്സുന്നത്തെന്നും എന്താണു സുന്നത്തും ബിദ്‌അത്തുമെന്നും കഴിഞ്ഞ രണ്ടു ലക്കങ്ങളിൽ നാം വിവരിച്ചു. നബി(സ) തങ്ങളിൽ നിന്നു നേരിട്ട് ഇസ്‌ലാമിക വിശ്വാസ കാര്യങ്ങൾ പഠിച്ച സ്വഹാബത്തു മുതൽ അനുസ്യൂതം നിലനിന്ന മുസ്‌ലിം തലമുറകളാണു സുന്നികളെന്നും ഇവർ പരമ്പരാഗതമായി പകർന്നും നുകർന്നും വരുന്ന വിശ്വാസതത്വങ്ങളാണ് സുന്നത്ത് (നിലനിന്നുവരുന്ന ചര്യ) എന്നും ഇതിനു വിരുദ്ധമായി ഇടയ്ക്കുവച്ചു പൊട്ടിപ്പുറപ്പെടുന്നതാണു ബിദ്അത്തെന്നും (പുത്തൻ ചിന്ത) നാം മനസ്സിലാക്കി. ഈ പുതിയ ചിന്തകളും വാദങ്ങളും ഉടലെടുക്കുന്നതെങ്ങനെയെന്നും ബിദ്അത്തിൻ്റെ പാർട്ടികൾ പിറവി കൊള്ളുന്നതെങ്ങനെയെന്നും ഇനി ഒരൽപം വിവരിക്കാം. വിഷയ പൂർത്തീകരണത്തിന് ഇതാവശ്യമാണ്.

*_ബിദ്അത്തിന്റെ ആരംഭം_*
        പുത്തൻപാർട്ടികൾ-മുബ്‌തദിഅത്ത് പിറവി കൊള്ളുന്നതും രൂപപ്പെടുന്നതും ഇസ്‌ലാമിക ഖിലാഫത്തിന്റെ-ഖുലഫാറാശിദുകളുടെ ഭരണത്തിൻ്റെ ഏതാണ്ട് അവസാനകാലത്താണെങ്കിലും ബിദ്‌അത്തു ചിന്ത ഇതിനു മുൻപു തന്നെ നാമ്പെടത്തു തുടങ്ങിയിട്ടുണ്ട്. നബി(സ) തങ്ങളുടെ വഫാത്തിൻ്റെ ഉടനെത്തന്നെ മുസ്ലിം ഉമ്മത്തിൻ്റെ വിശ്വാസം പിഴപ്പിക്കുവാനുള്ള തന്ത്രം ഇബ്ലീസു പയറ്റുന്നുണ്ടെന്നർത്ഥം. നബി(സ) യുടെ വിയോഗത്തിനുശേഷം കേവലം രണ്ടു വർഷവും ഏതാനും മാസങ്ങളുമാണല്ലോ ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖി(റ)ന്റെ ഭരണകാലം, അതേ കാലയളവിൽതന്നെ ഇസ്‌ലാമിക വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നിഷേധചിന്തക്ക് ഒറ്റപ്പെട്ടാണെങ്കിലും ആരംഭം കുറിച്ചിട്ടുണ്ട്. ഖലീഫ അബൂബക്‌റി(റ)ൻ്റെ മുൻപിൽ കടന്നുവന്ന് ഒരാൾ ചോദിച്ചു. "താങ്കൾ പറയൂ, വ്യഭിചാരം അല്ലാഹുവിൻ്റെ ഖദ്ർ-നിശ്ചയപ്രകാരം ഉണ്ടാകുന്നതാണോ?" ഖലീഫ: 'അതെ', ആഗതൻ: "അല്ലാഹു എൻ്റെ മേൽ വ്യഭിചാരം നിശ്ചയിക്കുകയും പിന്നെ അതിൻ്റെ പേരിൽ എന്നെ ശിക്ഷിക്കുകയും ചെയ്യുകയോ?" " ഖലീഫ: "അതേയെടോ! അല്ലാഹു ശിക്ഷിക്കും. എൻ്റെ സമീപത്തിപ്പോൾ മറ്റൊരാളുണ്ടായിരുന്നെങ്കിൽ നിൻ്റെ മൂക്കിനൊരു വീക്കുതരാൻ ഞാനയാളോടു കൽപിക്കുമായിരുന്നു." (ഇമാം ലഅ്ലകാഇയുടെ അസ്സുന്നഃ)

    ഈ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും നമ്മുടെ സകലപ്രവൃത്തികളും അല്ലാഹുവിന്റെ മുന്നേയുള്ള അറിവും തീരുമാനവും വേണ്ടുകയുമനുസരിച്ച് ഉണ്ടാകുന്നതാണ്. ഖദ്റിലുള്ള വിശ്വാസം എന്നതുകൊണ്ടുദ്ദേശ്യം ഇതാണ്. ഇതിനെ നിഷേധിച്ചുകൊണ്ടു കടന്നു വന്ന ഖദ്രിയ്യത്ത് എന്ന പാർട്ടി രൂപം കൊള്ളുന്നത് ഇനിയും കുറേ കഴിഞ്ഞാണെങ്കിലും, ഈ നിഷേധ ചിന്ത നബി(സ)യുടെ വഫാത്തിന്റെ തൊട്ടടുത്തുതന്നെ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നാണല്ലോ ഈ സംഭവം പഠിപ്പിക്കുന്നത്. ഇതിനു സമാനമായ ഒരു സംഭവം രണ്ടാം ഖലീഫ ഉമറി(റ)ൻ്റെ കാലത്തും നടന്നതായി റിപ്പോർട്ടുണ്ട്. പക്ഷേ, ഇത്തരം നിഷേധങ്ങൾ ഒറ്റപ്പെട്ട വ്യക്തികളിൽ നിന്ന് അപൂർവ്വമായുണ്ടാകുന്ന സംശയപ്രകടനങ്ങളിൽ ഒതുങ്ങിയിരുന്നു. ഇതു പ്രചരിപ്പിക്കുവാനും ഇതിലേക്ക് ആളെക്കൂട്ടുവാനും സാഹചര്യമുണ്ടായിരുന്നില്ല. ഇസ്‌ലാമിക ഖിലാഫത്തിന്റെ തലസ്ഥാന നഗരികളായ മദീനയും മക്കയും തിരുനബി( സ)യുടെ സുഹ്‌ബത്ത് (സഹവാസം)കൊണ്ട് അനുഗൃഹീതരായ സ്വഹാബത്തിനാൽ സമൃദ്ധമായിരുന്നു. മുസ്‌ലിം ഉമ്മത്ത് അവരുടെ തണലിൽ സുരക്ഷിതമായി നിലക്കൊള്ളുകയും ഇസ്‌ലാമിനുവേണ്ടി അവർ ധർമ്മ സമരത്തിൽ നിരതരാവുകയും ചെയ്‌തു. ഈ പരിശുദ്ധ സമൂഹത്തിൽ ഇബ്‌ലീസിൻ്റെ വസ്‌വാസുകളും തന്ത്രങ്ങളും വിജയിക്കുവാൻ യാതൊരു സാദ്ധ്യതയുമുണ്ടായിരുന്നില്ല.

       ഒന്നാം ഖലീഫ തുടങ്ങി വച്ച സൈനിക നടപടികൾ രണ്ടാം ഖലീഫ ഉമറി(റ)ൻ്റെ കാലയളവിൽ പൂർത്തിയാവുകയും വികസിക്കുകയും ചെയ്‌തപ്പോൾ പരിശുദ്ധ ഇസ്ല‌ാം ഹിജാസും അറേബ്യൻ ഉപദ്വീപും കടന്നു ജൈത്രയാത്ര തുടർന്നു. പേർഷ്യൻ-റോം സാമ്രാജ്യങ്ങൾക്കു കീഴിലുള്ള നാടുകളും നഗരങ്ങളും ഒന്നിനു പുറകിലൊന്നായി ഇസ്‌ലാമിനു കീഴടങ്ങി. നബി( സ)യുടെ ജനനനാളിൽ പതിനാലു ഗോപുരങ്ങൾ തകർന്നുവീണ അത്ഭുതത്തിൻ്റെ പുലർച്ചയായി പേർഷ്യയിലെ കിസ്റായുടെ കൊട്ടാരത്തിൽ പതിനാലു ചക്രവർത്തിമാരും തകർന്നുപോയി. അവരിലെ അവസാനത്തെയാളുടെ ഭരണവും തകർന്നപ്പോൾ ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം ആ സാമ്രാജ്യത്വശക്തി നാമാവശേഷമാവുകയായിരുന്നു. 

     മൂന്നാം ഖലീഫ ഉസ്‌മാനി(റ)ന്റെ ഭരണകാലത്തെ ആദ്യ വർഷങ്ങളിൽ ആ ദുഷ്ട സാമ്രാജ്യത്വ ശക്തികളുടെ പതനം പൂർത്തിയാവുകയും ഇസ്‌ലാമിക ഖിലാഫത്തിൻ്റെ വ്യാപ്‌തി അതിന്റെ സമ്പൂർണ്ണതയിലെത്തുകയും ചെയ്‌തു. മുസ്ലിം സമൂഹം എണ്ണത്തിലും വണ്ണത്തിലും ലോകത്തു വൻ ശക്തിയായി വളർന്നു. ഇതിൽ അരിശം പൂണ്ട ജൂത-ക്രിസ്‌തീയ-മജൂസി ലോബി മുസ്‌ലിം സമൂഹത്തെ ശിഥിലീകരിക്കുവാനുള്ള പല ഉപായങ്ങളും മിനഞ്ഞു. പ്രത്യക്ഷത്തിൽ ഇസ്‌ലാമിനകത്തു കടന്നുകൂടി സമൂഹത്തെ ദുർബ്ബലമാക്കുവാനുള്ള തന്ത്രമായിരുന്നു ഇതിൽ പ്രധാനം. അങ്ങനെ വേദക്കാരുടെ ചാരൻമാർ ഇസ്‌ലാമിക സമൂഹത്തിൽ ഗൂഢമായി പ്രവർത്തിച്ചു തുടങ്ങി. ഇബ്‌ലീസിനു നല്ല ഉപകരണങ്ങൾ ലഭ്യമായി. ചാരൻമാരിലൂടെ ചെകുത്താൻ കിണഞ്ഞു ശ്രമിച്ചു. ആ തന്ത്രം ഫലിക്കുകയും ചെയ്‌തു. ബിദ്അത്തിൻ്റെ നവീന ആശയങ്ങളുടെ പുതിയ ചിന്തകൾ മുസ്‌ലിം ഉമ്മത്തിൽ മൊട്ടിട്ടു തുടങ്ങി. പലതും വിരിഞ്ഞു, നവീന പാർട്ടികൾ പിറവി കൊള്ളാനും തുടങ്ങി.

    ചാരൻമാരിൽ പ്രധാനി അബ്‌ദുല്ലാഹിബ്നു‌സ ബഅ് എന്ന ജൂതനായിരുന്നു. ഇന്നും ശക്തമായി നിലക്കൊള്ളുന്ന ബിദ്അത്തിൻ്റെ പാർട്ടിയാണു ശിയാക്കൾ. പല മുസ്‌ലിം രാഷ്ട്രങ്ങളുടെയും ഭരണം നിയന്ത്രിക്കുന്നത് ഇവരാണ്. എന്നൽ, ഇവരുടെ വിതണ്ഡ വാദങ്ങൾക്കും അതിനാധാരമായ പുത്തൻ ചിന്തകൾക്കും ശിലയിട്ടത് ഇയാളായിരുന്നു. അതിശയകരവും കൗതുകകരവുമായ ഒരു പുത്തൻ വാദത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് ഇയാൾ സമൂഹത്തിൽ തൻ്റെ സാന്നിദ്ധ്യമറിയിച്ചത്. തിരുനബി(സ)തങ്ങൾ ഇനിയും തിരിച്ചുവരുമെന്നും രണ്ടാം വരവോടെ മുസ്‌ലിം സമൂഹം ഇനിയും കൂടുതൽ അജയ്യ ശക്തിയായി മാറുമെന്നുമായിരുന്നു ഇയാൾ അവതരിപ്പിച്ച കൗതുകവാദം. പ്രത്യക്ഷത്തിൽ നിർദ്ദോഷകരമെങ്കിലും അതീവ ഗുരുതരമായ ദുഷ്‌ടലാക്കുകളായിരുന്നു ഇതിനു പിന്നിൽ അയാൾ ഒളിച്ചു വച്ചിരുന്നത്. പക്ഷേ, സ്വഹാബത്തിൻ്റെ സാന്നിദ്ധ്യം കൊണ്ടും സഹവാസം കൊണ്ടും അനുഗൃഹീതരായ സമൂഹത്തിൽ ഇയാൾക്ക് ഒട്ടും സ്വീകരണം ലഭിച്ചില്ല. അതേസമയം, ഇബ്ലീസ് ഇയാളെ ഉലകം ചുറ്റിച്ചു. മുസ്‌ലിം നാടുകളിൽ മാറിമാറി അയാൾ സഞ്ചരിച്ചുകൊണ്ടിരുന്നു. ജൂത-ക്രിസ്തീയ-മജൂസി വിഭാഗങ്ങളിൽ നിന്നു പുതുതായി ഇസ്‌ലാമിലേക്കു കടന്നുവന്ന ദുർബല വിശ്വാസികളെ വഞ്ചിക്കുവാനും വശത്താക്കുവാനും ഇയാൾക്കു കഴിഞ്ഞു.

   പ്രസിദ്ധ ലോക ചരിത്രകാരനും മുഫസ്സിറും (ഖുർആൻ പണ്ഡിതൻ) മുഹദ്ദിസുമായ (ഹദീസ് പണ്ഡിതൻ) ഇമാം ഇബ്നുജരീർ അത്ത്വബ്‌രി(റ) പറയുന്നു. “അബ്ദുല്ലാഹിബ്നു സബഅ് 'സ്വൻആഅ്
'നിവാസികളിൽപെട്ട ഒരു ജൂതനായിരുന്നു. കറുത്ത ഒരടിമ സ്ത്രീയായിരുന്നു അയാളുടെ മാതാവ്. (ഇതിനെ ആധാരമാക്കി ഇബ്നുസ്സൗദാഅ് എന്നും ഇയാൾ അറിയപ്പെടുന്നു) ഖലീഫ ഉസ്‌മാനി(റ)ൻ്റെ കാലത്ത് ഇയാൾ മുസ്‌ലിമായി. പിന്നീടു മുസ്‌ലിം സമൂഹത്തെ പിഴപ്പിക്കൽ ലക്ഷ്യമാക്കി ഇയാൾ മുസ്‌ലിം നാടുകളിലൂടെ ചുറ്റിക്കറങ്ങി. മക്കയും മദീനയുമുൾക്കൊള്ളുന്ന ഹിജാസിലൂടെ സഞ്ചാരം തുടങ്ങി. പിന്നീടു ബസറയിലും ശാമിലുമെല്ലാം കറങ്ങി. ശാമുകാർ അയാളെ പുറത്താക്കി. അനന്തരം അയാൾ മിസ്‌റിലെത്തി, അവിടെ അയാൾ റജ്‌അത്തിന്റെ (നബി(സ)തങ്ങൾ പുനരവതരിപ്പിക്കുമെന്ന)വാദം പ്രചരിപ്പിച്ചു. അയാൾ പറഞ്ഞു: ഈസാനബി(അ) ഇനിയും മടങ്ങിവരുമെന്നു ജൽപിക്കുകയും മുഹമ്മദ് നബി(സ)മടങ്ങി വരുമെന്നതു കളവാക്കുകയും ചെയ്യുന്നവരുടെ കാര്യം കഷ്ടം! അല്ലാഹു തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്. 'താങ്കളുടെ മേൽ ഖുർആനിറക്കിയ അല്ലാഹു താങ്കളെ ഒരു മആദിലേക്കു മടക്കുമെ'ന്ന്, അല്ലെങ്കിലും ഇനിയും രണ്ടാമതു വരുവാനും ഭരണം നടത്തുവാനുമെല്ലാം ഈസാനബി(അ) യെക്കാൾ അർഹത മുഹമ്മദു നബി(സ)തങ്ങൾക്കാണല്ലോ...........(താരീഖുൽ ഉമമിവൽ മുലൂക്).

   മുസ്ല‌ിം സമൂഹത്തിൽ പരസ്യമായി പ്രചരിപ്പിക്കപ്പെട്ട പുത്തൻവാദവും ബിദ്അത്തും ഇതാണെന്നു പറയാം. പിന്നെപ്പിന്നെ നവീന വാദങ്ങൾ പലതും ഇയാൾ പുറത്തുവിട്ടുകൊണ്ടിരുന്നു. ഇമാം ത്വബ‌രി(റ)തന്നെ പറയുന്നു: ഇബ്‌നുസബഅ് ഇങ്ങനെ കൂടി പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ആയിരക്കണക്കിനു നബിമാർ ഇവിടെ വന്നു പോയിട്ടുണ്ട്. ഓരോ നബിക്കും തൻ്റെ മരണാനന്തരം എന്തെല്ലാം ചെയ്യണമെന്ന് ഏൽപ്പിക്കപ്പെട്ട വസ്വിയ്യുമാരുണ്ട്. അലി(റ) മുഹമ്മദ് നബി(സ)യുടെ വസ്വിയ്യാണ്. നബി(സ)തങ്ങൾ അവസാനത്തെ നബിയും പ്രവാചകൻമാരിൽ ശ്രേഷ്‌ടരുമായപോലെ അലി(റ)വസ്വിയ്യുകളിൽ അന്ത്യനും ഏറ്റവും ശ്രേഷ്‌ഠനുമാണ്. തുടർന്ന് ഇയാൾ ഖലീഫ ഉസ്‌മാനി(റ)നെതിരിൽ കുപ്രചാരണം നടത്തുകയും വിപ്ലവമിളക്കുകയും ചെയ്‌തു. ഉസ്‌മാൻ(റ)അർഹതയില്ലാതെ ഖിലാഫത്തു പിടിച്ചു വാങ്ങിയിരിക്കുകയാണ്. അല്ലാഹുവിൻ്റെ റസൂലിൻ്റെ വസ്വിയ്യായ അലി(റ) ഇക്കാര്യത്തിൽ തഴയപ്പെട്ടിരിക്കുന്നു. അതിനാൽ ഉസ്‌മാനി(റ)ന്നെതിരെ ജനങ്ങൾ രംഗത്തിറങ്ങണം. അദ്ദേഹം നിശ്ചയിച്ച ഗവർണ്ണർമാർക്കെതിരെ ആരോപണങ്ങൾ ശക്തമാക്കണം. അങ്ങനെ 'അംറുൻ ബിൽ മഅ്റൂഫും നഹ്‌യുൻ അനിൽ മുൻകറും' ജനങ്ങൾ പരസ്യമായി നടത്തണം. ഇങ്ങനെ അയാൾ ഖലീഫക്കെതിരിൽ ജനങ്ങളെ ഇളക്കിവിടുവാനും സംഘടിപ്പിക്കുവാനും മുതിർന്നുകൊണ്ടിരുന്നു. (താരീഖുത്വബ്‌രി)

▪️തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...