വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ദീർഘകാലം ശൈഖുൽ ഹദീസായിരുന്ന വിനയാന്വിതനായ പണ്ഡിതനായിരുന്നു മർഹൂം: എം. ബീരാൻകുട്ടി ഹസ്രത്ത്.
തെക്കൻ കേരളത്തിൽ അദ്ദേഹം 'കൊളപ്പുറം ഉസ്താദ്' എന്ന് അറിയപ്പെടുന്നു. മഹാന്റെ വഫാത്ത് *സഫർ 16* നായിരുന്നു.
ശംസുൽ ഉലമാ ഖുതുബിയുടെ ജന്മനാടായ മലപ്പുറം എ. ആർ. നഗറിനടുത്ത ചെപ്യാലം എന്ന സ്ഥലത്ത് മണക്കടവൻ കുഞ്ഞിമൊയ്തീൻ കുട്ടി, മുഹമ്മദ് എന്നവരുടെ മകളും സമസ്ത മുഫത്തിശ് കുഞ്ഞായിൻ മുസ്ലിയാരുടെ സഹോദരിയുമായ ഫാത്വിമ ദമ്പതികളുടെ മകനായി 1364 റജബ് 2 (1945 ജൂലൈ 1) നാണ് ജനനം.
പാലമഠത്തിൽ ചിന ഓത്തുപള്ളിയിലും, പുകയൂർ പൊറ്റാണിയിൽ ജുമാമസ്ജിദ്, കൊയിലാണ്ടി, പാലമഠത്തിൽചിന ജുമാമസ്ജിദ്, വേങ്ങര പുത്തനങ്ങാടി ജുമാമസ്ജിദ് തുടങ്ങിയ ദർസുകളിലും പഠനം നടത്തിയ ശേഷം ദാറുൽ ഉലൂം ദയൂബന്ദിൽ ഉപരിപഠനം നടത്തി അൽഖാസിമി (MA) ബിരുദം നേടി.
ചുള്ളിയിൽ കണ്ണാടൻ അഹ്‌മദ് മൊല്ല (ശംസുൽ ഉലമാ ഖുതുബിയെ ഖുർആൻ പഠിപ്പിച്ച മുഹ്‌യിദ്ദീൻകുട്ടി മൊല്ലയുടെ മകൻ), പാലമഠത്തിൽ ചിന ഖാളി തൊട്ടിയിൽ മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഖാദിർ മുസ്ലിയാർ, മലയിൽ ഉണ്ണീൻകുട്ടി മുസ്ലിയാർ, കുഞ്ഞീരു മുസ്ലിയാർ, ബൈത്താൻ ബാപ്പു മുസ്ലിയാർ, മുഹഖിഖ് ഉണ്ണി മുഹമ്മദ് മുസ്ലിയാർ കാവനൂർ, ഓടക്കൽ ഒ. കെ. എം. ബാപ്പു മുസ്ലിയാർ, നെല്ലിപ്പറമ്പ് അബ്ദുറഹ്‌മാൻ മുസ്ലിയാർ, കുഞ്ഞാണി മുസ്ലിയാർ മേലാറ്റൂർ, കൈപ്പറ്റ കുഞ്ഞിസൂപ്പി മുസ്ലിയാർ, ശൈഖുൽ ഹദീസ് ഫഖ്റുദ്ദീൻ അഹ്‌മദ് സാഹിബ് തുടങ്ങിയവർ ഉസ്താദുമാരാണ്.
നെല്ലിപ്പറമ്പ് ജുമുഅ മസ്ജിദ്, വലിയോറ ദാറുൽ മആരിഫ്, ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ്, ചെപ്യാലം ജുമുഅ മസ്ജിദ്, മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി വർക്കല എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജിൽ സേവനം ചെയ്യുമ്പോൾ അവിടെ പ്രിൻസിപ്പൽ ആയിരുന്നത് റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരാണ്. അന്ന് വണ്ടൂരിൽ നടന്ന ഒരു SYF സമ്മേളനത്തിന് കണ്ണിയത്ത് അവർകൾ ആശംസ നേർന്നിരുന്നു. ഇത് മൗലാനാ കണ്ണിയത്ത് അവർകളിൽ സ്മര്യപുരുഷനുണ്ടായിരുന്ന സ്വാധീനവും മഹാനായ കണ്ണിയത്ത് അവർകളുടെ വിശാല മനസ്കതയുമാണ് വരച്ചു കാണിക്കുന്നത്.
ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന് അറബി, ഫാരിസി, ഉർദു, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പർ, മലപ്പുറം ജില്ലാ ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ട്, കേരളാ സുന്നീ ജമാഅത്ത് വൈസ് പ്രസിഡണ്ട്, ജാമിഅ മന്നാനിയ്യ വൈസ് പ്രിൻസിപ്പൽ, ശൈഖുൽ ഹദീസ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
സംസ്ഥാനയുടെ മുശാവറ അംഗമായിരുന്ന ബഹു. ബീരാൻകുട്ടി ഹള്റത്ത് മന്നാനിയ്യ സ്ഥാപനത്തിനകത്തു വച്ചും വെളിയിൽ വച്ചുമെല്ലാം ദക്ഷിണ കേരളത്തിലെ തന്റെ ശിഷ്യന്മാർക്ക് നൽകിയിരുന്ന ഉപദേശം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായിൽ അണി നിരന്നു പ്രവർത്തിച്ച് അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുവാനായിരുന്നു. ഇതു സംസ്ഥാന ജംഇയ്യത്തിന്റെ പൊതു നയമാണ്. സൗഹൃദത്തിന്റെ നയം. ഗുണകാംക്ഷയുടെ മുഖം.
മൗലാനൽ മർഹൂം: കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാരുടെ പ്രഗത്ഭ ശിഷ്യനും സ്വൂഫീ പണ്ഡിതനും സ്മര്യപുരുഷന്റെ ഗുരുവുമായിരുന്ന മർഹൂം: കൈപ്പറ്റ കുഞ്ഞിസൂപ്പി മുസ്ലിയാരുടെ മകൾ ആയിശയാണ് സഹധർമ്മിണി.
കുഞ്ഞിമൊയ്തീൻ മാസ്റ്റർ, അൻവർ ഹുസൈൻ, സൂഫി സ്വാദിഖ്, ഫാത്തിമ, സ്വഫിയ്യ, ഖദീജ എന്നിവർ മക്കളും അബ്ദുർറഹീം ഫൈസി കൂമണ്ണ, അബ്ദുസ്സത്താർ കാമിൽ സഖാഫി മൂന്നിയൂർ, ശറഫുദ്ദീൻ സഖാഫി പൊന്മള എന്നിവർ ജാമാതാക്കളും,
മുഹമ്മദ് മുസ്ലിയാർ, മഹ്‌മൂദ്, അബ്ദുല്ലകുട്ടി, ആയിശ, ഖദിയുമ്മ, മറിയം എന്നിവർ സഹോദരങ്ങളുമാണ്.
ഹിജ്റ: 1440 സ്വഫർ 16 (2018 ഒക്ടോബർ 26) വെള്ളിയാഴ്ച്ചയാണ് വഫാത്ത്.
മലപ്പുറം ജില്ലയിൽ നാഷനൽ ഹൈവേയിലെ കൊളപ്പുറത്ത് നിന്നും എയർപ്പോർട്ട് റോഡിൽ കുന്നുംപുറത്തിനു സമീപമുള്ള ചെപ്പ്യാലം പള്ളിയിലാണ് അന്ത്യവിശ്രമം. വന്ദ്യരായ ശംസുൽ ഉലമാ ഖുതുബിയുടെ പിതാവിന്റെ ഖബ്‌റും ഇവിടെയാണ്.
എസ്. വൈ. എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയും മന്നാനീസ് അസോസിയേഷനും സ്മരണികകൾ ഇറക്കിയിട്ടുണ്ട്. ബഹു: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സംസ്ഥാനയുടെയും ഇരു സമസ്തകളുടെയും ദക്ഷിണയുടെയും പ്രസിഡന്റുമാർ തുടങ്ങി പല പ്രമുഖ വ്യക്തികളും സ്മരണികകളിൽ സ്മര്യപുരുഷനെ അനുസ്മരിക്കുന്നു.
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായുടെ സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിൽ സ്മര്യപുരുഷനും അവരുടെ ഗുരുവും താജുൽ ഉലമായുടെ ശിഷ്യനുമായ മർഹൂം: ഒ. കെ. എം. ബാപ്പു മുസ്ലിയാരും വലിയ പങ്ക് വഹിച്ചതായി ശൈഖുൽ ഉലമാ എൻ. കെ. ഉസ്താദ് എഴുതുന്നു. 1974 ൽ നടന്ന പ്രസിദ്ധമായ കൊളപ്പുറം സമ്മേളനം വിജയിപ്പിക്കുന്നതിൽ ഒ. കെ. എം. ബാപ്പു മുസ്ലിയാരോടൊപ്പം സ്മര്യപുരുഷനും മുൻപന്തിയിൽ ഉണ്ടായിരുന്നത് ഒരു ഉദാഹരണമാണ്.
"ഇൽമുൽ ഹദീസിലും ഉർദു ഭാഷയിലുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്. ഇത്തരം ആലിമീങ്ങളുടെ മരണം സമൂഹത്തിന് നികത്താൻ കഴിയാത്ത വലിയൊരു വിടവാണ് സൃഷ്ടിക്കുന്നത്. അല്ലാഹു അത് നികത്തുമാറാകട്ടെ" എന്ന് ബഹു: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും "മണക്കടവൻ ബീരാൻകുട്ടി ഹസ്രത്ത് എന്നവർ എന്റെ അയൽനാട്ടുകാരനും ഞാനുമായി വളരെക്കാലം മുമ്പേ അടുത്ത ബന്ധമുളളവരുമാണ്. എല്ലാ വിഷയത്തിലും നല്ല തഹ്ഖീഖുള്ള ഇവർ എപ്പോഴും എല്ലാ ഫന്നിലും ഉയർച്ച ആഗഹിക്കുകയും അതിന് ശ്രമിക്കുകയും ചെയ്യുന്നവരാണ്. പല ഭാഷകളും നന്നായി അറിയും. അതിലുപരി മുഅ്മിനീങ്ങൾക്ക് പറഞ്ഞ തികഞ്ഞ സൽസ്വഭാവത്തിന്റെ ഉടമയുമാണ്" എന്ന് ബഹു: ഇ. സുലൈമാൻ മുസ്ലിയാരും ആശംസകളിൽ അനുസ്മരിക്കുന്നു.
"ഈയുള്ളവൻ പള്ളിദർസിൽ ഓതാൻ തുടങ്ങുന്ന കാലത്തു തന്നെ ബഹു: ബീരാൻകുട്ടി മുസ്ലിയാർ ഒരു മുദർരിസാണ്. അതേ ബഹുമാനത്തോടെയാണ് അദ്ദേഹവുമായി ബന്ധപ്പെട്ടതു മുതലേ പെരുമാറ്റവും. ഉന്നത ശീർഷരുടെ ശിഷ്യത്വവും സുഹ്ബത്തും മൂലം മാന്യതയുടെയും മാനവികതയുടെയും ഉയർന്ന നിലവാരത്തിലായിരുന്നു
അദ്ദേഹത്തിന്റെ സ്വഭാവം. ഏതുവേളയിലും ഇതു
കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന്നായി. ഇടപെട്ടവർക്കിടയിലെല്ലാം അദ്ദേഹം പ്രിയങ്കരനും ആദരണീയനുമായതും ഇതുകൊണ്ടാണ്" എന്ന വരികളിലാണ് മൗലാനാ നജീബ് ഉസ്താദ് അനുസ്മരിച്ചു തുടങ്ങുന്നത്.
"1970 കളുടെ തുടക്കംമുതൽ അദ്ദേഹം പൊതുരംഗത്തു സജീവമാണ്. തന്റെ ശൈഖും മുർശിദുമായ മൗലാനാ ഒ. കെ. എം. ബാപ്പു മുസ്ലിയാരുടെ സഹകാരിയായാണു രംഗപ്രവേശം.... കേരള വഖ്ഫ് രക്ഷാ സംഘത്തിന്റെ മുന്നണിപ്പോരാളിയായി അഭിവന്ദ്യഗുരു ബാപ്പു മുസ്ലിയാരോടൊപ്പം രംഗത്തുവരുമ്പോൾ ബീരാൻകുട്ടി മുസ്ലിയാർ ഊർജ്ജസ്വലനായ യുവാവാണ്...
ഭൂപരിഷ്കരണ നിയമം മൂലം കേരളത്തിലെ നിരവധി പള്ളി മദ്റസകളുടെയും ദർസ് അറബിക് കോളേജുകളുടെയും വഖ്ഫ് സ്വത്തുകൾ അവതാളത്തിലായപ്പോൾ നിയമത്തിന്റെ പരിധിയിൽനിന്ന് അല്ലാഹുവിന്റെ വഖ്ഫുകളെ ഒഴിവാക്കിക്കിട്ടാൻ നിയമപരമായി പരിശ്രമിക്കുന്നതിന്നാണ് "വഖ്ഫ് രക്ഷാ സംഘം" രൂപീകൃതമായത്" എന്നും തുടർന്നുള്ള വരികളിൽ നജീബ് ഉസ്താദ് എഴുതുന്നു. (മൗലാനായുടെ അനുസ്മരണത്തിന്റെ പൂർണ്ണ രൂപം 'അഹിബ്ബാഉ മൗലാനാ' ഗ്രൂപ്പിൽ വന്നിട്ടുണ്ട്).
ഇവിടെ പരാമർശിച്ച മഹാന്മാരുടെ മേൽ അല്ലാഹുവിന്റെ തൃപ്‌തിയുണ്ടാവട്ടെ. നമ്മെയും അവരെയും നമ്മുടെ പൂർവസൂരികളായ മഹാന്മാരോടൊപ്പം സ്വർഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ