-72 സംഘങ്ങൾ-
നബി(സ)യുടെ ഉമ്മത്ത് 73 സംഘങ്ങളായി പിരിയുമെന്നും അവയിൽ ഒന്നുമാത്രം സ്വർഗ്ഗത്തിലും മറ്റു 72 പാർട്ടികളും നരകത്തിലുമാണെന്നുമുള്ള ഹദീസും അതിന്റെ ഉദ്ദേശ്യവും അഹ്‌ലുസ്സുന്നത്ത് ആരാണെന്ന ചർച്ചയിൽ ഇതിനു മുമ്പ് വിസ്‌തരിച്ചെഴുതിയിട്ടുണ്ട്. ഈ ഹദീസിൽ പറഞ്ഞ 72 എന്ന സംഖ്യ ബിദ്അത്തിന്റെ സംഘങ്ങളുടെ ശരിയായ എണ്ണം തന്നെയാണെന്ന് അഭിപ്രായമുള്ള ചില ഇമാമുകൾ പ്രസ്‌തുത 72 സംഘങ്ങളെയും പേരു പറഞ്ഞ് എണ്ണിയിട്ടുണ്ട്. ആറു അടിസ്ഥാനകക്ഷികളാണ് ബിദ്അത്തിൻ്റെ സംഘങ്ങളെന്നും അതിൽ ഓരോ സംഘങ്ങളും പന്ത്രണ്ടുവീതം ഉപസംഘങ്ങളായി പിരിഞ്ഞിരിക്കയാണെന്നും സ്ഥാപിച്ചുകൊണ്ടാണ് 72 സംഘങ്ങളെയും വിശദീകരിച്ചിരിക്കുന്നത്. ഹിജ്റ ആറാം നൂറ്റാണ്ടിൽ വഫാത്തായ ഹാഫിള് ഇബ്നുൽജൗസി ഈയടിസ്ഥാന സംഘങ്ങളെ ഇപ്രകാരമാണ് എണ്ണിയിട്ടുള്ളത്.
(1)ഹറൂറിയ്യത്ത് (2)ഖദ്‌രിയ്യത്ത് (3)ജുഹമിയ്യത്ത് (4)മൂർജിഅത്ത്
(5)റാഫിളത്ത് (6)ജബരിയ്യത്ത്.
ഇതിൽ ഓരോ സംഘങ്ങളുടെയും പന്ത്രണ്ട് ഉപസംഘങ്ങൾ ഇപ്രകാരമാണ്.
(A)ഹറൂറിയ്യത്ത്:-1.അസ്‌റഖിയ്യ: 2.ഇബാളിയ്യ: 3.സ
അബിയ്യ: 4. ഹാസിബിയ്യ: 5.ഖലഫിയ്യ: 6.മുകർറമിയ്യ: 7.കൻസിയ്യ: 8.ശിറാഖിയ്യ: 9. അഖ്‌നസിയ്യ: 10.മുഹക്കമിയ്യ: 11.മുഅ്‌തസില: 12.മൈമൂനിയ്യ:
(B)ഖദരിയ്യ:- 1.അഹ്‌മരിയ്യ: 2.സനവിയ്യ. 3.മുഅ്തസില: 4.കൈസാനിയ്യ: 5. ശൈത്വാനിയ്യ: 6. ശരീകിയ്യ: 7.വഹ്മിയ്യ: 8.റാവന്തിയ്യ: 9.ബതരിയ്യ: 10. നാകിസിയ്യ: 11.ഖാസിത്വിയ്യ, 12.നള്ളാമിയ്യ
(C)ജുഹമിയ്യ: 1.മുഅത്ത്വില 2. മിർരീസിയ്യ: 3.മുൽതസിമ 4. വാരിദിയ്യ, 5.സനാദിഖ 6. ഉറഖിയ്യ, 7. മഖ്‌ലൂഖിയ്യ. 8.ഫാനിയ, 9. മുഗീരിയ്യ, 10. വാഖിഫിയ്യ. 11.ഖബ്‌രിയ്യ: 12. ലഫ്ളിയ്യ:
(D)മുർജിഅ:- 1.താരികിയ, 2. സാഇബിയ്യ, 3.റാജിയ, 4.ശാകിയ്യ. 5.ബൈഹസിയ്യ: 6.മൻഖൂസിയ്യ:, 7.മുസ്‌തസനിയ. 6.മുശബ്ബിഹ, 9. ഹശവിയ്യ, 10. ളാഹിരിയ്യ, 11.ബിദഇയ്യ. 12.യൂനുസിയ്യ.
(E)റാഫിള:- 1. അലവിയ്യ: 2. ശീഅ, 3. ഇസ്ഹാഖിയ്യ, 4,നാവൂസിയ്യ, 5.ഇമാമിയ്യ: 6. യസീദിയ്യ, 7.അബ്ബാസിയ്യ, 8. മുതനാസിഖ, 9.റജ്ഇയ്യ:, 10.ലാഇനിയ്യ, 11. മുതറബ്ബിസ്വ, 12.ഗുറാബിയ്യ
(F)ജബരിയ്യ:- 1.അൽമുതതരിസ, 2.അഫ്‌ആലിയ്യ. 3.മഫ്റൂഗിയ്യ, 4. നജ്ജാരിയ്യ, 5. മത്താനിയ്യ, 6. കസ്ബിയ്യ, 7. സാബിഖിയ്യ, 8.ഹുബ്ബിയ്യ, 9. ഖൗഫിയ്യ. 10. ഫിക്സിയ്യ, 11. ഖിസ്സിയ്യ, 12.മഇയ്യ (തൽബീസു ഇബ്‌ലീസ് പേ:28-32 നോക്കുക)
എന്നാൽ, ശൈഖ് അഹ്‌മദ് സുഹൈമി എന്നവർക്ക് 'കിതാബൂൻ ഫീബയാനിൽ ബിദഈ ഫിൽഉസൂൽ' എന്ന ഒരു ചെറു രിസാലയുണ്ട്. ഇതിൽ അടിസ്ഥാന കക്ഷികളെ മുഅ്‌തസിലത്ത്, ശീഅത്ത്, ഖവാരിജ്, മുർജിഅത്ത്, മുഅത്ത്വില, മുശബ്ബിഹ എന്നിങ്ങനെയാണ് എണ്ണിയിട്ടുള്ളത്. ഈ വിഭാഗങ്ങൾക്ക് യഥാക്രമം ഖദരിയ്യത്ത്, റാഫിളത്ത്, ഹറൂറിയ്യത്ത്, ജബ്‌രിയ്യത്ത്, ജുഹമിയ്യത്ത്, മുജസ്സിമത്ത് എന്നിങ്ങനെ പര്യായ പേരുകളുമുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ആറുസംഘങ്ങളിൽ ഓരോന്നിൻ്റെ പന്ത്രണ്ട് ഉപസംഘങ്ങളുടെ പേരുകളിലുമുണ്ട് മാറ്റങ്ങൾ. ശൈഖ് അബ്ദുൽ ഖാഹിർ ബഗ്‌ദാദിയുടെ അൽഫർഖു ബൈനൽഫിറഖിലാകട്ടെ മറ്റൊരു രൂപത്തിലാണ് എണ്ണിയിട്ടുള്ളത്.
എന്നാൽ, ഇങ്ങനെ 72 കക്ഷികൾ എണ്ണിത്തികച്ചിട്ടുള്ളവർ ഓരോ കക്ഷിയുടെയും വാദം കുറിച്ചതു പരിശോധിച്ചാൽ അവയിൽ ധാരാളം കക്ഷികൾ ബിദ്‌അത്തിൻ്റെ സംഘങ്ങളിൽ നിന്നു പുറത്താണെന്നും തനി കുഫ്റിന്റെ സംഘങ്ങളാണെന്നും അനായാസം മനസ്സിലാക്കാൻ കഴിയും. ഇതുകൊണ്ടുതന്നെ ബിദ്അത്തിന്റെ പരിധിയിൽ മാത്രം ഒതുക്കി നിർത്താവുന്ന 72 കക്ഷികളെ എണ്ണിത്തിട്ടപ്പെടുത്താൻ നമുക്കു പറ്റുന്നില്ല. അതേസമയം, മുമ്പു വ്യക്തമാക്കിയിട്ടുള്ളതുപോലെ 70 എന്നത് 'പെരുത്ത്' എന്ന അർത്ഥത്തിൽ ഉപയോഗിച്ചതാണെന്നും ജൂതൻമാർ 71 കക്ഷികൾ എന്നതിന്റെ ഉദ്ദേശ്യം, വർദ്ധനവിൽ ഒരുപടി കൂടി കടന്നുവെന്നും കിസ്ത‌്യാനികൾ രണ്ടുപടവുകൂടി കടന്നുവെന്നും എന്റെ ഉമ്മത്ത്-മുസ്‌ലിംകൾ വർദ്ധനവിന്റെ മൂന്നു പടവുകൾ കടന്നു ഭിന്നിക്കുമെന്നുമാണു ഹദീസിൻ്റെ താത്പര്യമെന്നു വച്ചാൽ ഇങ്ങനെ കൃത്യമായി സംഘങ്ങളെ എണ്ണിത്തിട്ടപ്പെടുത്തേണ്ടി വരുന്നതല്ല.
എങ്ങനെ വന്നാലും ബിദ്‌അത്തിൻ്റെ അടിസ്ഥാന സംഘങ്ങൾ ആറാകുന്നുവെന്നു തന്നെയാണു നിരീക്ഷണത്തിൽ ബോദ്ധ്യമാകുന്നത്. എന്തുകൊണ്ടെന്നാൽ പിൽക്കാലത്തു പ്രത്യക്ഷപ്പെട്ട ഏതു ബിദ്അത്തിൻ്റെ കക്ഷികളുടെ പുത്തൻവാദങ്ങളും ഈ ആറിലൊരു വിഭാഗത്തിന്റെ വാദങ്ങൾ അതേപടി ഏറ്റുപറയുന്നതോ അതല്ലെങ്കിൽ അവയിൽ നിന്നു പിടിച്ചെടുത്തു പറയുന്നതോ ആണ്. നാം മുകളിൽ കുറിച്ച രീതിയിൽ ആഗമനകാലവും രംഗത്തുവരാനുള്ള പ്രചോദനവും നിർണ്ണയിച്ചുകൊണ്ട് ബിദ്അത്തിന്റെ സംഘങ്ങളെ ഇതേക്രമത്തിൽ വിവരിച്ചതായി കണ്ടിട്ടില്ലെങ്കിലും നിരീക്ഷണത്തിലും പരിശോധനയിലും ഇത് ഏറെക്കുറെ കൃത്യവും ഉചിതവുമായ ക്രമമായി തോന്നുന്നുണ്ട്. ഖവാരിജ്×റവാഫിള്, ജബ്രിയ്യത്ത്xഖദ്രിയ്യത്ത്, മുഅത്ത്വിലത്ത്xമുശബ്ബിഹത്ത് എന്നിങ്ങനെ ഒരോ ബിദ്‌അത്തു സംഘത്തിന്റെ പ്രതികരണമായാണ് അതിൻ്റെ നേർവിപരീതമായിട്ടുള്ള ബിദ്അത്തു സംഘങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നും, അലംഭാവത്തിന്റെയും (തഫ്‌രീത്വ്)അതിരുകവിയലിന്റെയും (ഇഫ്റാത്) രണ്ടുമുഖങ്ങളുള്ള ബിദ്‌അത്തു സംഘങ്ങൾ പ്രത്യക്ഷപ്പെടാനുണ്ടായ സാഹചര്യങ്ങളുടെയും പ്രചോദനങ്ങളും ഇന്നതാണെന്നും കാര്യത്തിലുള്ള മേൽ വിവരിച്ചത് ഹദീസുകൾക്കും ചരിത്രഗ്രന്ഥങ്ങൾക്കും വിശ്വാസ ശാസ്ത്രത്തിലെ ഗ്രന്ഥങ്ങൾക്കും നിരക്കുന്നതു തന്നെയാണ്. പാളിച്ചകളോ അബദ്ധങ്ങളോ കണ്ടെത്തുന്നവർ പ്രത്യേകം ഉണർത്തുമെന്നു പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ