2024 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ബിദ്അത്തിന്റെ ആഗമനവും പാർട്ടികളും-8-


മുർജിഅത്ത്

  ഖവാരിജിന്റെ റിയാക്ഷനായി റവാഫിളു ശക്തിപ്പെട്ടതു പോലെ ഖദ്‌രിയ്യത്തിൻ്റെ പ്രതികരണമായി ഉടലെടുത്ത ബിദ്അത്തു സംഘമാണു മുർജിഅത്ത്. നമ്മുടെ പ്രവൃത്തികളെല്ലാം നമ്മുടേതു മാത്രമാണെന്നും അല്ലാഹുവിൻ്റെ സൃഷ്‌ടിയല്ലെന്നും ഖദ്രിയ്യത്തു ജൽപിച്ചപ്പോൾ നമുക്കു പ്രവൃത്തിയേ ഇല്ലെന്നും പ്രവ്യത്തികളെ നമ്മിലേക്കു ചേർത്തിപ്പറയുന്നതു കേവലം നിർജ്ജീവ വസ്‌തുക്കളിലേക്ക് ചേർത്തിപ്പറയുംപോലെയാണെന്നുമുള്ള ജബ്‌റിൻ്റെ വാദം ഉയിർകൊണ്ടു. ഈ വാദത്തിൻ്റെ ചുരുക്കം ഇമാം ശഹസ്‌താനിയുടെ അൽമിലലുവന്നിഹലിൽ വിവരിക്കുന്നത് ഇപ്രകാരമാ ണ്. "അടിമക്കു യഥാർത്ഥത്തിൽ പ്രവൃത്തിയേയില്ല. കാരണം, അവന് ഒരു കഴിവുമില്ല. തൻ്റെ പ്രവൃത്തികളിൽ അവൻ മജ്ബൂർ (നിർബന്ധിതൻ) മാത്രമാണ്, കഴിവോ ഉദ്ദേശമോ സ്വാതന്ത്ര്യമോ ഇല്ല. നിർജ്ജീവ വസ്‌തുക്കളിൽ അല്ലാഹു പലതും സൃഷ്ടിക്കുന്നതു പോലെ മനുഷ്യനിൽ അല്ലാഹു പ്രവൃത്തികൾ സൃഷ്‌ടിക്കുന്നു. അടിമ പ്രവർത്തിച്ചുവെന്നു പറയുന്നതു യാഥാർത്ഥ്യമല്ല. അലങ്കാരപ്രയോഗമാണ്. വെള്ളം ഒഴുകി, മരം കനി നല്കി, സൂര്യനുദിച്ചു, ആകാശം മേഘാവൃതമായി, മേഘം മഴ തന്നു, ഭൂമി പച്ചപിടിച്ചു എന്നൊക്കെ പറയുംപോലെ" (അൽമിലലുവന്നിഹൽ).

   ഈ വാദം പക്ഷേ മനുഷ്യൻ അല്ലാഹുവിന്റെ ശറഉകൊണ്ടു കല്പ്‌പിക്കപ്പെട്ടവനാണെന്ന പരമ യാഥാർത്ഥ്യത്തെ അനർത്ഥമാക്കിക്കളയും. മനുഷ്യനു പ്രതിഫലവും ശിക്ഷയും പരലോകത്തു നല്‌കപ്പെടുന്നതും നിർബന്ധിതമായ ഒരുനടപടിയാണെന്നു വരുത്തും. അനുഭവത്തിനും യാഥാർത്ഥ്യത്തിനും വിരുദ്ധമായ ഈ വാദവും സ്വഹാബത്തിന്റെ വിശ്വാസത്തിനും നിലപാടുകൾക്കും വിരുദ്ധമാണ്. സ്വഹാബത്തിന്റെ കാലത്തു തന്നെ ഉമവി ഭരണത്തിൻ്റെ നാളുകളിൽ ഈ സംഘം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "സഅൽത്തു അബാവാഇലിൻ അനിൽ മുർജിഅത്തി' (അബൂവാഇലി(റ)നോടു ഞാൻ മുർജിഅത്തിനെക്കുറിച്ചു ചോദിച്ചു) എന്നു തുടങ്ങുന്ന ഒരു ഹദീസ് ഇമാം ബുഖാരി തൻ്റെ സ്വഹീഹിൽ നിവേദനം ചെയ്‌തിട്ടുണ്ട്. ഹിജ്റ 99 ലാണ് അബൂവാഇലി(റ)ന്റെ വഫാത്ത്. അപ്പോൾ ഇർജാഇന്റെ ബിദ്അത്തും മുർജിഅത്ത് എന്ന സംഘവും ഇതിലും പഴക്കമുള്ളതാണെന്നു മനസ്സിലാക്കാം. ഫത്ഹുൽബാരി :1-92.

   ജബ്റിന്റെ വാദം ആദ്യവും പ്രതികരണമായി ഖദ്റിൻ്റെ നിഷേധവുമാണോ അതല്ല, ഖദ്ർ നിഷേധം ആദ്യവും ഇതിന്റെ പ്രതികരണമായി ജബ്റിന്റെ വാദവുമാണോ ഉണ്ടായതെന്നു തീർത്തു പറഞ്ഞുകൂടാ. ഒന്നു മറ്റൊന്നിന്റെ പ്രതികരണമാണെന്നിൽ സംശയവുമില്ല. ബിദ്‌അത്തു ചിന്തകളുടെയും പാർട്ടികളുടെയുമെല്ലാം സഹജസ്വഭാവവും ഇതുതന്നെയാണ്. ഖദ്‌രിയ്യത്ത്xജബരിയ്യത്ത് എന്നീ രണ്ടു സംഘങ്ങളും ഒരേ കാലയളവിലാണു സമൂഹത്തിൽ ബലാബലം നോക്കിയിരുന്നത്.

ഉമവീ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ജബ്റിൻ്റെ നിഷ്ക്രിയ ചിന്ത ഉടലെടുത്തിട്ടുണ്ടെന്നാണു ചരിത്രം പഠിപ്പിക്കുന്നത്. തോന്ന്യാസങ്ങളും കുറ്റകൃത്യങ്ങളും അല്ലാഹുവിൻ്റെ നിശ്ചയപ്രകാരവും സ്യഷ്‌ടിപ്പുപ്രകാരവും ഉണ്ടായതാണെന്നു പറയുന്നതു കുറ്റങ്ങളുടെ ഉത്തരവാദിത്തം അല്ലാഹുവിനെ ഏൽപിക്കുന്നതിനു സമാനമല്ലേ എന്ന തോന്നലും ആശങ്കയുമാണ് ഖദ്‌രിയ്യത്തിന്റെ ബിദ്അത്തിനു പ്രചോദനമെങ്കിൽ, അവർ ചൂണ്ടിക്കാട്ടിയ ഇതേ അപകടകരമായ പ്രയോഗം നിർലജ്ജം ഉന്നയിക്കാൻ ധാർഷ്ട്യം കാട്ടിക്കൊണ്ടു ചിലർ ഹസ്രത്ത് ഇബ്‌നു അബ്ബാസിൻ്റെ കാലത്തുതന്നെ രംഗത്തു വന്നിട്ടുണ്ട്. മുൻ റോമൻ സാമ്രാജ്യത്തിന്റെ കീഴിലുള്ള ശാമിലാണ് ഇവർ പ്രത്യക്ഷപ്പെട്ടത്. അവർക്ക് ഇബ്നു‌ അബ്ബാസെഴുതിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു: "നിങ്ങൾ ജനങ്ങളോടു തഖ്‌വാകൊണ്ടു കല്‌പിക്കുന്നു; നിങ്ങൾമൂലം പക്ഷേ മുത്തഖികൾ പിഴക്കുന്നു. ജനങ്ങളെ കുറ്റകൃത്യങ്ങളെത്തൊട്ടു നിങ്ങൾ വിരോധിക്കുന്നു; എന്നാൽ, നിങ്ങൾ ഹേതുവായി കുറ്റവാളികൾ വ്യാപകമാകുന്നു. മുൻകാല കപടവിശ്വാസികളുടെ പുത്രൻമാരേ, അക്രമികളുടെ സഹകാരികളേ, തെമ്മാടികളുടെ പ്രാർത്ഥനാ കേന്ദ്രങ്ങളിൽ നിറഞ്ഞ ചണ്ടികളേ, അല്ലാഹുവിൻ്റെ മേൽ കറ്റുകെട്ടിപ്പറയുന്നവനല്ലാതെ വല്ലവനും നിങ്ങളിലുണ്ടോ?! കുറ്റകൃത്യങ്ങളെല്ലാം ചെയ്‌ത്‌ അതിൻ്റെ ഉത്തരവാദിത്തങ്ങൾ അല്ലാഹുവിൻ്റെ മേൽ വയ്ക്കുകയും പരസ്യമായി അതെല്ലാം അല്ലാഹുവിലേക്കു ചേർത്തിപ്പറയുകയും ചെയ്യുന്നവൻ നുണയനല്ലാതെ മറ്റാരാണ്?" (കിതാബുൽ മുൻയ: വൽ അമൽ)

   ഇബ്നു‌ അബ്ബാസിൻ്റെ പുത്രനിൽ നിന്നു നിവേദനം: “ഞാൻ ബാപ്പയുടെ സമീപത്തിരിക്കുമ്പോൾ ഒരാൾ കടന്നുവന്നു പറഞ്ഞു: ഇബ്‌നുഅബ്ബാസ്, ഇവിടെ ഒരുകൂട്ടം ആളുകളുണ്ട്, അവർ അല്ലാഹുവിൻ്റെ ഭാഗത്തുനിന്നു വരുന്നവരാണെന്നും തെറ്റുകുറ്റങ്ങൾ അല്ലാഹു അവരെക്കൊണ്ടു ചെയ്യിക്കയാണെന്നുമാണ് അവർ ജൽപിക്കുന്നത്. ബാപ്പ പറഞ്ഞു: എൻ്റെ മുമ്പിൽ അങ്ങനെ പറയുന്ന ഒരാളെക്കിട്ടിയാൽ ഞാനവന്റെ ചങ്കിൽ പിടിച്ച് അവൻ ചാകുവോളം ഞെക്കിക്കളയും! കുറ്റകൃത്യങ്ങൾ അല്ലാഹു ചെയ്യിക്കുകയാണെന്നു നിങ്ങൾ പറയരുത്. അടിയങ്ങൾ എന്താണു പ്രവർത്തിക്കുന്നതെന്ന് അല്ലാഹു മുൻപേ അറിയില്ലാ എന്നും നിങ്ങൾ പറയരുത്." (അൽമുൻയാവൽ അമൽ)

  ജബ‌രിയ്യത്തിന്റെയും ഖദ്‌രിയ്യത്തിൻ്റെയും വാദങ്ങൾ രണ്ടും ശരിയല്ലെന്നാണല്ലോ ഇബ്‌നു അബ്ബാസ്(റ) ഇവിടെ വ്യക്തമാക്കിയത്. രണ്ടു ബിദ്‌അത്തുകളും സംഘവും അന്നു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് അപ്പോൾ വ്യക്തമാണ്.

    ബസറയിൽ പ്രത്യക്ഷപ്പെട്ട ഇത്തരം രണ്ടു സംഘത്തിനെതിരെ ഹസനുൽ ബസ്‌രി(റ) എഴുതിയ കുറിപ്പിൽ ഇങ്ങനെ വ്യക്തമാക്കുന്നു. "അല്ലാഹുവിനെക്കൊണ്ടും അവൻ്റെ ഖളാഅ് ഖദ്ർകൊണ്ടും വിശ്വസിക്കാത്തവർ കാഫിറാണ്. കുറ്റകൃത്യങ്ങൾ ചെയ്‌ത്‌ അതു തൻ്റെ റബ്ബിന്റെ മേൽ ആരോപിക്കുന്നവനും കാഫിറാണ്. നിർബന്ധിതനായി അല്ലാഹുവിനു വഴിപ്പെടൽ ഉണ്ടാകുന്നില്ല. സമ്മർദ്ദിതനായി അവനു പാപവും ചെയ്യാനാവില്ല. ജനങ്ങൾക്ക് താൻ നല്‌കുന്ന എന്തിൻ്റെയും ഉടമസ്ഥനാണ് അല്ലാഹു. ജനങ്ങൾക്ക് ഏതൊന്നിൻ്റെ മേൽ കഴിവു നല്കുന്നുവോ അതിൻ്റെ മേൽ കഴിവുള്ളവനും. പുണ്യകർമ്മങ്ങൾ ചെയ്‌ത്‌ അല്ലാഹുവിനു വഴിപ്പെടുമ്പോൾ അവർക്കും കർമ്മങ്ങൾക്കുമിടയിൽ അല്ലാഹു തടസ്സം സൃഷ്‌ടിക്കുകയില്ല. കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർക്കും കൃത്യങ്ങൾക്കുമിടയിൽ അവൻ തടസ്സം സൃഷ്ടിച്ചേനെ. അടിയങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അല്ലാഹുവല്ല അവരെ നിഷ്ക്രിയരാക്കിയത്. പുണ്യകർമ്മങ്ങൾ സൃഷ്ട‌ികൾ നിർബന്ധിതരായി ചെയ്യുന്നതാണെങ്കിൽ അവർക്കു പ്രതിഫലം നിഷേധിക്കേണ്ടതാണ്. കുറ്റങ്ങൾ അല്ലാഹു അവരെക്കൊണ്ടു നിർബന്ധപൂർവ്വം ചെയ്യിക്കുന്നതെങ്കിൽ ശിക്ഷയും അവൻ ഒഴിവാക്കേണ്ടതാണ്. എന്നാൽ, അല്ലാഹു അടിയങ്ങളെ തീർത്തും സ്വതന്ത്രരായി ഒഴിച്ചു വിട്ടിരിക്കുകയുമല്ല. അങ്ങനെയെങ്കിൽ അല്ലാഹുവിൻ്റെ ഖുദ്റത്തിന് അതു ഭംഗമാകും. പക്ഷേ, സൃഷ്‌ടികളിൽ അവനു പ്രത്യേകമായ ഉദ്ദേശവും വേണ്ടുകയുമുണ്ട്. അതിനെ അല്ലാഹു അവരെത്തൊട്ടു മറച്ചുവച്ചിരിക്കുന്നു. അതിനാൽ സദ്‌കർമ്മങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിൻ്റെ ഔദാര്യം തീർച്ചയായും അക്കാര്യത്തിലുണ്ടാകും." (അൽമുൻയ: വൽ അമൽ)

   നോക്കുക! ഖദ്ർ നിഷേധവും നിഷ്ക്രിയത്വവാദവും രണ്ടും നിരാകരിക്കുകയാണീ കുറിപ്പിൽ. അതു രണ്ടിനും മദ്ധ്യേയാണു സത്യവിശ്വാസം. അടിയങ്ങൾക്കു സ്വന്തം പ്രവൃത്തികളിൽ ഉദ്ദേശവും തെരഞ്ഞെടുപ്പു സ്വാതന്ത്ര്യവുമുണ്ട്. അതിനാൽ, അവരുടെ പ്രവ്യത്തികൾ മുഴുവൻ-നല്ലതാകട്ടെ ചീത്തയാകട്ടെ - അവർ പ്രവർത്തിക്കുന്നതു തന്നെയാണ്. അതിന്റെ പേരിൽ ശിക്ഷയ്ക്കും പ്രതിഫലത്തിനും അവർ അർഹരുമാണ്.

   അതേസമയം, ഇതിലൊന്നും അല്ലാഹുവിന് ഉദ്ദേശമോ വേണ്ടുകയോ അറിവോ ഇല്ലാതെ അവൻ അടിയങ്ങളെ ഒഴിച്ചു വിട്ടിരിക്കുകയല്ല. അതു കഴിവുകേടാണ്. അടിയങ്ങൾ ഉദ്ദേശിക്കുമ്പോൾ അല്ലാഹു തൻ്റെ അറിവും വേണ്ടുകയും പ്രകാരം അവരുടെ പ്രവൃത്തികൾ സൃഷ്‌ടിക്കുയാണ്. ഇതാണ് അഹ്ലുസ്സുന്നത്തിന്റെ നിലപാട്. ഇബ്‌നു അബ്ബാസും(റ)ഹസൻബസ്വരി(റ) യുമടക്കമുള്ള സ്വഹാബത്തിൻ്റെയും സദ്‌വൃത്തരായ താബിഉകളുടെയും വിശ്വാസം. ഇതിനു വിരുദ്ധമായി നമ്മുടെ പ്രവൃത്തികളിൽ നിന്നു പൂർണ്ണമായും അല്ലാഹുവിനെ ഒഴിച്ചു നിർത്തുന്ന ഖദ്‌രിയ്യത്തിന്റെ അലംഭാവത്തിന്റെ വാദവും എല്ലാറ്റിൻ്റെയും ഉത്തരവാദിത്തം അല്ലാഹുവിൻ്റെ മേലിട്ടു സ്വന്തം കുറ്റകൃത്യങ്ങളിൽ നിന്നു കൈയൊഴിയുന്ന ജബ്‌രിയ്യത്തിൻ്റെ അതിരുകവിഞ്ഞ നിലപാടും ബിദ്അത്തുകളാണ്. സ്വഹാബത്തിന്റെ വിശ്വാസത്തിനു വിരുദ്ധമാണ്.

 ജബരിയ്യത്തു തന്നെയാണു മുർജിഅത്ത്. ചിലർ രണ്ടുവിഭാഗവും വെവ്വേറെയായി എണ്ണുന്നുണ്ടെങ്കിലും ഖദ്‌രിയ്യത്തിന്റെ വിപരീതമായ മുർജിത്ത് ജബ്‌രിയ്യത്ത് തന്നെ യാണെന്നതാണു സത്യം. (മിർഖാത്ത്:1-148 നോക്കുക). ഖദ്‌രിയ്യത്ത് തങ്ങളുടെ പുത്തൻ ചിന്ത ക്രിസ്ത്യാനിറ്റിയിൽ നിന്നു കടം കൊണ്ടതാണെന്ന പോലെ ജബ്റിന്റെ ചിന്ത ജൂതൻമാരിൽ നിന്നു കടം കൊണ്ടതാണ്. "ജബ്റിന്റെറെ വാദവുമായി മുസ്ലിം സമൂഹത്തിൽ ആദ്യം കടന്നുവന്നത് ജഅ്‌ദുബ്നുദിർഹം എന്നയാളാണ്. ജഅ്ദ് ഇതു കൈപ്പറ്റിയത് അബാനുബ്‌നുസംആൻ എന്നയാളിൽ നിന്നും. അബാൻ ആകട്ടെ, ത്വാലൂത്തുബ്നു അഅസ്വം എന്ന ജൂതനിൽനിന്നും കൈപ്പറ്റിയതാണ് ഈ അറുവഷളൻ നവീനചിന്ത. (ശർഹുൽ ഉയൂൻ ഫീരിസാലത്തിബ്നി സൈദൂൻ നോക്കുക)

   ഏതായാലും ഒരേകാലത്ത് ഒന്നിന്റെ റിയാക്ഷനായി മറ്റൊന്ന് എന്നരീതിയിൽ കടന്നുവന്ന രണ്ടു ബിദ്അത്തിൻ്റെ സംഘങ്ങളാണു മുർജിഅത്തും ഖദ്‌രിയ്യത്തും. ഇതുകൊണ്ടാണ് ഇവ രണ്ടിനെയും ഒന്നിച്ചു ചേർത്തുകൊണ്ട് ഒരേ ഹദീസിൽ നബി(സ)തങ്ങൾ മുന്നറിയിപ്പു നല്കിയത്. ഇബ്നു അബ്ബാസി(റ)നിന്നു നിവേദനം:നബി(സ) തങ്ങൾ പ്രസ്‌താവിച്ചു: “എന്റെ ഉമ്മത്തിൽനിന്നു രണ്ടു വിഭാഗം വരും. അവർ രണ്ടു വിഭാഗത്തിനും ഇസ്ലാമിൽ ഒരംശവുമില്ല. മുർജിഅത്തും ഖദ്‌രിയ്യത്തും. (തുർമുദി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...