2024 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

ബിദ്അത്തിന്റെ ആഗമനവും പാർട്ടികളും-10-


മുശബ്ബിഹത്ത്

   അല്ലാഹു അനാദ്യനും സൃഷ്ട‌ികൾ പുതുതായി ഇല്ലായ്‌മയിൽ നിന്നുണ്ടാക്കപ്പെട്ടവയും ആകയാൽ സൃഷ്ട‌ികൾക്കു പറയുന്ന ഏതു വിശേഷണവും അല്ലാഹുവിനു പറയാവതല്ലെന്നും ഇത് അല്ലാഹുവിനെക്കുറിച്ച വിശ്വാസത്തിനും തൗഹീദിനും ഭംഗമായിത്തീരുമെന്നും മുഅത്വിലത്തു വാദിച്ചപ്പോൾ ഇതിനു കടകവിരുദ്ധമായ വാദവുമായി മറ്റൊരു വിഭാഗം സ്വാഭാവികമായും ഉടലെടുത്തു. പോസിറ്റീവു- നഗറ്റീവു ചിന്തകൾ സമൂഹത്തിൽ എന്നും ഉണ്ടാകുമല്ലോ. ഈ പുതിയ വിഭാഗത്തിൻ്റെ വാദം സൃഷ്‌ടികൾക്കു പറയാവുന്ന എന്തു വിശേഷണങ്ങളും അല്ലാഹുവിനും സ്ഥാപിക്കാമെന്നാണ്. ഇറക്കം-കയറ്റം, ചലനം-നിശ്ചലനം, നിറുത്തം-ഇരുത്തം, വീതി-നീളം, ചാണ്-മുഴം ഇവയെല്ലാം അല്ലാഹുവിൻ്റെ ദാത്തിനും ബാധകമാണെന്നും ഇതുകൊണ്ടെല്ലാം അല്ലാഹുവിനെ വിശേഷിപ്പിക്കാമെന്നും ഇവർ വാദിച്ചു കളഞ്ഞു! ഇവയെല്ലാം സ്ഥലകാലങ്ങൾ ബാധകമായ ഒരു ജിസ്‌മിന്റെ (സ്‌തൂലവസ്‌തു) വിശേഷണങ്ങളല്ലേ എന്നു പ്രശ്‌നമുന്നയിക്കുമ്പോൾ, അല്ലാഹുവിനും ജിസ്‌മുണ്ട് എന്നത്രെ ഇവർ പറയുന്നത്. ഇവരിൽ ചിലർ അല്ലാഹുവിന്റെ തടി ഇതര തടികൾ പോലെയാണ് എന്നു തന്നെ വ്യക്തമായി പറയാൻ ധൃഷ്‌ടരായി. അവർ പക്ഷേ, കാഫിറു കളാണെന്നതിൽ സന്ദേഹമില്ല. എന്നാൽ, ഇവരിലെ മിതവാദികൾ അല്ലാഹുവിനു ജിസ്‌മും മുഖം, കൈകാലുകൾ, വിരലുകൾ എന്നിവയുമെല്ലാമുണ്ടെങ്കിലും അവയൊന്നും സൃഷ്ടികളെപ്പോലെയല്ല എന്നു വ്യക്തമാക്കുന്നു. ഇതുപോലെ കയറുക-ഇറങ്ങുക, പിടിക്കു ക-പിടിവിടുക, നിവർത്തുക-ചുരുട്ടുക എന്നീ വിശേഷണങ്ങളെല്ലാം അല്ലാഹുവിൻ്റെ ജിസ്‌മിനും (തടി)ബാധകമാണെങ്കിലും സൃഷ്‌ടികളെപ്പോലെയല്ല എന്നു തുറന്നു പറയുന്നു. ഹിശാമുബ്നു ഹകം, അലിയ്യുബ്നുൽ മൻസൂർ, മുഹമ്മദുബ്നുൽ ഖലീൽ യൂനുസുബ്‌നു അബ്‌ദിർറഹ്‌മാൻ എന്നിങ്ങനെയുള്ള ചിലരുടെ വീക്ഷണങ്ങളും വാദങ്ങളുമാണ് ഇതെന്ന് ഹാഫിള് ഇബ്‌നുൽ ജൗസി വ്യക്തമാക്കുന്നു. ഇവരിൽ
ചിലരുടെ വഷളൻ പ്രയോഗങ്ങളും മണ്ടത്തരങ്ങളും അദ്ദേഹം ഉദ്ധരിക്കുകയും കണക്കിനു പരിഹസിക്കുകയും ചെയ്യുന്നുണ്ട്. തൽബീസു ഇബ്‌ലീസ് പേജ്:106 -110 വായിക്കുക. ഹിജ്റ 597ൽ മരണപ്പെട്ട ഇബ്നുൽ ജൗസി തന്റെ മദ്ഹബിലെ മുൻഗാമികളായ ചിലർ ഹിജ്റ നാലാം നൂറ്റാണ്ടിൽ ഈ വാദമുന്നയിച്ചു രംഗത്തു വന്നതിനെയും കണക്കിനു ഖണ്ഡിച്ചിട്ടുണ്ട്. ഹിജ്റ 457 ൽ മരണപ്പെട്ട ഖാളീ അബൂയഅലാ എന്നയാളുടെ ഈ ഗണത്തിൽപെട്ട അഭിപ്രായത്തെയും അതു സലഫിൻ്റെ വീക്ഷണമാണെന്ന ജൽപനത്തെയും ഹമ്പലി മദ്ഹബുകാരായ പണ്ഡിതൻമാർ തന്നെ ശക്തമായി നിരൂപിക്കുകയും ഖണ്ഡിക്കുകയും ചെയ്‌തിട്ടുണ്ട്. 'ദഫ്ഉത്തശ്ബീഹ്' എന്ന ഒരു രചന തന്നെ ഹാഫിള് ഇബ്നു‌ൽ ജൗസിക്ക് ഈ വിഷയത്തിലുണ്ട്.

ചുരുക്കത്തിൽ ഇവരും സ്വഹാബത്തു മുതലുള്ള മുസ്‌ലിം ഉമ്മത്തിൻ്റെ പൊതു നിലപാടുകൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമായ പുത്തൻവാദങ്ങൾ പുറത്തുവിട്ട ബിദ്അത്തുകാരാണ്.

മുകളിൽ കുറിച്ച ആറുവിഭാഗങ്ങളാണ് നബി(സ) തങ്ങളുടെ വഫാത്തിനും ഖിലാഫത്തുറാശിദയുടെ സുവർണ്ണ കാലത്തിനും ശേഷം രംഗത്തു വരികയും സമുദായത്തെ ശിഥിലീകരിക്കുകയും ചെയ്ത ദശക്കണക്കിനു ബിദ്അത്തു സംഘങ്ങളുടെയെല്ലാം അടിസ്ഥാന കക്ഷികൾ. ഈ ആറുസംഘങ്ങളിൽ നിന്നു പിരിഞ്ഞുണ്ടായ അവാന്തര വിഭാഗങ്ങളാണു ചരിത്രത്തിൽ കഴിഞ്ഞുപോയ മറ്റെല്ലാ ബിദ്‌അത്തിൻ്റെ പാർട്ടികളും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...