2024 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ബിദ്അത്തിന്റെ ആഗമനവും പാർട്ടികളും-7-

ഖദ്‌രിയത്ത്

   ഇസ്‌ലാമിലെ ആറു വിശ്വാസകാര്യങ്ങളിൽപെട്ട ഖദ്റിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടു നിഷേധികളുടെ ആരംഭം നബി(സ)യുടെ വഫാത്തു മുതൽക്കു തന്നെ ഉണ്ടായിട്ടുണ്ടെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ട്. ഹള്റത്ത് അബൂബക്‌റി(റ) ൻ്റെയും ഉമറി(റ) ൻ്റെയും സവിധത്തിൽ ഇതു സംബന്ധിച്ചു നിഷേധരൂപത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നബി(സ)തങ്ങൾ തന്നെ ഖദ്റുമായി ബന്ധപ്പെട്ട നിഷേധിസംഘങ്ങൾ വരുമെന്നു പ്രവചിച്ചതുമാണ്. ഈമാൻ കാര്യങ്ങൾ വിവരിക്കുന്ന സ്വഹീഹുൽ ബുഖാരിയുടെ ഹദീസിൽ 'അൻ തുഅ്‌മിന ബില്ലാഹി വമലാഇകത്തിഹീ......' എന്നിങ്ങനെ പറഞ്ഞശേഷം 'വതുഅ്‌മിന ബിൽഖദ്‌രി' എന്നു നബി(സ)തങ്ങൾ വതുഅ്‌മിന എന്നതിനെ ആവർത്തിച്ചു പറഞ്ഞത് ഇക്കാര്യത്തിൽ നിഷേധം വരുമെന്നു സൂചിപ്പിക്കാനും ഈ വിശ്വാസം മുറുകെ പിടിക്കണമെന്ന് ഊന്നിപ്പറയാനുമാണെന്ന് ഹദീസു പണ്ഡിതർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഫത്ഹുൽബാരി:1-97. ഹസനുൽ ബസ്വരി(റ)യെ തൊട്ടുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ: "പേർഷ്യക്കാരൻ ഒരാൾ നബി(സ)യുടെ മുമ്പിൽ വന്നു പറഞ്ഞു: പേർഷ്യക്കാർ സ്വന്തം പുത്രിമാരെയും സഹോദരിമാരെയും നികാഹു ചെയ്യുന്നതായി ഞാൻ കണ്ടു. എന്താണു നിങ്ങളിങ്ങനെ ചെയ്യാൻ എന്നു ചോദിച്ചാൽ അല്ലാഹുവിന്റെ ഖളാഉം ഖദ്‌റുമല്ലേ എന്നവർ (പരിഹാസപൂർവ്വം) പറയും. നബി(സ)തങ്ങൾ പറഞ്ഞു: എന്റെ സമുദായത്തിലും ഇങ്ങനെ പറയുന്നവർ പ്രത്യക്ഷപ്പെടും. അവർ എൻ്റെ സമുദായത്തിലെ മജൂസികളാണ്." (മുർതളായുടെ കിതാബുൽ മുൻയ: വൽ അമൽ)

    ഖുലഫാറാശിദുകൾ നാലുപേരുടെ കാലത്തും ഖദ്റുനിഷേധത്തിൻ്റെ ഒറ്റപ്പെട്ട ശബ്‌ദങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതിൻ്റെ ശക്തമായ പ്രബോധനവും പ്രചാരണവും മുഴങ്ങിയിരുന്നതും, ഒരുസംഘമായി ഈ ബിദ്അത്തിൻ്റെയാളുകൾ പ്രവർത്തിച്ചിരുന്നതും ഉമവീ ഭരണകുടകൂടത്തിൻ്റെ കാലത്താണ്. ബിദ്‌അത്തിന്റെ എല്ലാ ചണ്ടിപണ്ടാരങ്ങളും പഴയ റോമൻ-പേർഷ്യൻ മണ്ണിലാണ് പിറവി കൊണ്ടതെന്ന പോലെ ഖദ്റു നിഷേധികളുടെ പ്രഭവ സ്ഥാനവും വിഹാരകേന്ദ്രവും ഇറാഖും ശാമുമായിരുന്നു. ഇറാഖിൽ ഇതിന്റെ പ്രഥമ പ്രബോധകനായി രംഗത്തുവന്നത് 'മഅ്ബദുൽ ജൂഹനി'യാണെങ്കിൽ ശാമിൽ ഇതിൻ്റെ പ്രചാരകൻ 'ഗൈലാനുദ്ദിമിശ്ഖി'യായിരുന്നു. ഹിജ്റ:99 ൽ അധികാരമേറ്റെടുത്ത ഉമവീ ഖലീഫമാരിലെ നീതിയുടെ താരം ഉമറുബ്നു അബ്ദിൽ അസീസും(റ) ഗൈലാനുദ്ദിമിശ്ഖിയുമായി സംവാദങ്ങളും എഴുത്തുകുത്തുകളും നടന്നത് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഉമർ(റ)ഗൈലാനിനെ വിളിച്ചു വരുത്തിയെന്നും നേരിട്ടു നടത്തിയ സംവാദത്തിൽ ഉത്തരം മുട്ടിയപ്പോൾ അമീറുൽ മുഅ്‌മിനീൻ എന്നോടു ക്ഷമിക്കണം. ഞാൻ താങ്കളുടെ മുന്നിൽ വന്നത് വഴിപിഴച്ചവനായാണ്; നിങ്ങളെന്നെ നേർവഴിയിലെത്തിച്ചു. അന്ധനായാണ്; നിങ്ങളെനിക്കു കാഴ്ച തന്നു. വിവരമില്ലാതെയാണ്; നിങ്ങളെനിക്ക് അറിവു തന്നു. ഇനി മേലിൽ ഞാനിക്കാര്യത്തിലൊന്നും മിണ്ടില്ല എന്നു പറഞ്ഞു തൻ്റെ വാദത്തിൽ നിന്നു മടങ്ങിയതായും എന്നാൽ ഉമറി(റ) ൻ്റെ മരണത്തിനുശേഷം വീണ്ടും അയാൾ തൻ്റെ വാദത്തിലേക്ക് തിരിച്ചു പോയതായും റിപ്പോർട്ടുണ്ട്. (അൽമുൻയ:വൽഅമൽ)

    ഹിജ്റയുടെ ആദ്യ നൂറ്റാണ്ടിൽ സ്വഹാബത്തിന്റെ കാലത്തുതന്നെ ഖദ്റുനിഷേധികളുടെ പ്രബോധന പ്രചാരണങ്ങളും ഖണ്ഡന മണ്ഡനങ്ങളും നടന്നിരുന്നുവെന്ന് വ്യക്തമായല്ലോ. മൂൻചൊന്ന ബിദ്‌അത്തുകളെപ്പോലെത്തന്നെ സ്വഹാബികളിലാരും ഇതിലകപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സ്വഹാബത്തിന്റെ മൊത്തം വിശ്വാസത്തിനെതിരായിരുന്നു ഈ നവീന നിഷേധമെന്നു മനസ്സിലാക്കാം. എന്താണ് ഖദ്റിന്റെ കാര്യത്തിൽ സ്വഹാബത്തിന്റെ വിശ്വാസം? ഹാഫിള് ഇബ്‌നുഹജർ അസ്ഖലാനി വ്യക്തമാക്കുന്നു. "ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളുടെയും കണക്കും തോതും സമയവുമെല്ലാം കൃത്യമായി അല്ലാഹുവിനു കാലേക്കൂട്ടി അറിയാമെന്നും തൻ്റെ ഈ അനാദിയായ മുൻഅറിവിനനുസരിച്ചു മാത്രമാണ് അല്ലാഹു ഇവിടെ എല്ലാ ചലനാചലനങ്ങളും ഉണ്ടാക്കുന്നതെന്നും അതിനാൽ നമ്മുടെ പ്രവൃത്തികളടക്കം പ്രപഞ്ചത്തിലുണ്ടാകുന്ന മുഴുവൻ സംഗതികളും അല്ലാഹുവിൻ്റെ അറിവും വേണ്ടുകയും (ഇറാദത്ത്) കഴിവും (ഖുദ്റത്ത്)അനുസരിച്ചു മാത്രമാണുണ്ടാകുന്നതെന്നുമാണ് ഖദ്ർ കൊണ്ടുള്ള വിശ്വാസത്തിൻ്റെ താത്‌പര്യം. ഇതു ദീനിൻ്റെ അനിഷേധ്യ വിശ്വാസ കാര്യമായി ഖണ്ഡിത പ്രമാണങ്ങൾ കൊണ്ട് അറിയപ്പെട്ടിട്ടുള്ളതാണ്. സ്വഹാബത്തും അവരുടെ ശിഷ്യൻമാരായ നല്ലവരായ താബിഉകളുമടങ്ങുന്ന സലഫ് ഈ നിലപാടിന്മേലാണു നിലക്കൊണ്ടത്. ഖദ്റുനിഷേധത്തിൻ്റെ ബിദ്‌അത്തു പ്രത്യക്ഷപ്പെടുംവരെ ഇതാണവസ്ഥ. സ്വഹാബത്തിന്റെ അവസാ നകാലങ്ങളിലാണ് ഈ ബിദ്‌അത്തുണ്ടായത്." ഫത്ഹുൽബാരി:1-97

   നബി(സ)തങ്ങളിൽ നിന്നു നേരിട്ടു മനസ്സിലാക്കിക്കൊണ്ടു സ്വഹാബത്തു വിശ്വസിച്ച ഇതേ രീതിയിലാണ് അഹ്ലുസ്സുന്നത്ത് ഖദ്റിലുള്ള വിശ്വാസത്തെ സമർത്ഥിച്ചിട്ടുള്ളത്. ഇതിനെതിരെ നിഷേധവുമായി കടന്നുവന്നവർ ജൂത-ക്രിസ്‌തീയ വിഭാഗത്തിൽ നിന്നും കടംകൊണ്ടതാണു തങ്ങളുടെ വാദങ്ങൾ പലതും. 'ശർഹൂൽ ഉയൂൻ ഫീരിസാലത്തിബ്‌നി സൈദൂൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഖദ്ർ നിഷേധവുമായി ബന്ധപ്പെട്ട് ആദ്യം സംസാരിച്ചയാൾ ഇറാഖുകാരനായ ഒരു നസ്റാണിയായിരുന്നു. അയാൾ ഇസ്‌ലാമിലേക്കു വരികയും പിന്നീടു വീണ്ടും നസ്‌റാണിയാവുകയും ചെയ്തു. അയാളിൽ നിന്നാണു മഅ്ബദുനിൽ ജൂഹനിയും ഗൈലാനുദ്ദിമിശ്ഖിയും ഇതേറ്റു പിടിച്ചത്." ഖദ്റുനിഷേധികൾ ജൽപ്പിക്കുന്നത് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അല്ലാഹുവിൻ്റെ നിശ്ചയപ്രകാരമുണ്ടാകുന്നതല്ലെന്നും അവ സംബന്ധിച്ച് അല്ലാഹുവിനു കാലേക്കൂട്ടി അറിവില്ലെന്നും ഉണ്ടായിക്കഴിഞ്ഞ ശേഷം മാത്രമാണ് അല്ലാഹു അവ അറിയുന്നതെന്നുമാണ്. 'ലാ ഖദർ വൽ അംറു ഉനൂഫ്' എന്നാണ് ഇതു സംബന്ധിച്ച മഅ്ബദുബ്‌നു ഖാലിദിനിൽ ജൂഹനിയുടെ പ്രസിദ്ധ വാക്യം. മുൻനിശ്ചയമെന്ന ഒന്നില്ല. കാര്യത്തെ സംബന്ധിച്ച അറിവ് തലതുടങ്ങുകയാണ് എന്നത്രെ ഈ വാക്കിൻ്റെ താത്പര്യം. (ശർഹുമുസ്ലിം:1-156). ബസറയിൽ ഈ വാദവുമായി ആദ്യം രംഗത്തുവന്നത് മഅ്ബദുനിൽ ജൂഹനിയാണെന്നും ഇതു സംബന്ധിച്ചു യഹ്യബ്‌നു യഅ്‌മറും(റ)ഹുമൈദുനിൽ ഹിയരി(റ)യും ഹജ്ജു യാത്രയിൽ പ്രസിദ്ധ സ്വഹാബി വര്യൻ ഇബ്നു‌ ഉമറു(റ)മായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് ഇമാം മുസ്‌ലിം തൻ്റെ സ്വഹീഹിന്റെ തുടക്കത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഈ പുത്തൻവാദം കേട്ടപ്പോൾ ഇബ്‌നുഉമർ(റ)പ്രസ്‌താവി ച്ചത് ഇപ്രകാരമാണ്. "നീയവരെക്കണ്ടാൽ ഞാനും അവരും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അവരോടു പറയുക. അബ്‌ദുല്ലാഹിബ്‌നു ഉമർ ആണയിട്ടു പറയുന്നതെന്തെന്നാൽ അവരിലൊരാൾക്ക് ഉഹ്ദ് മലയോളം സ്വർണ്ണമുണ്ടാകുകയും അതാസകലം അവർ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കുകയും ചെയ്താലും ഖദ്ർകൊണ്ടു വിശ്വസിക്കുവോളം അല്ലാഹു അയാളിൽനിന്ന് അത് സ്വീകരിക്കുകയില്ല എന്നാണെന്നും അവരെ അറിയിക്കുക." (സ്വഹീഹു മുസ്ല‌ിം കിതാബുൽ ഈമാൻ)

    ഖദ്റിനെ നിഷേധിക്കുന്നതുകൊണ്ടാണ് ഇവർക്കു ഖദ്‌രിയ്യത്ത് എന്നു പേർ നല്‌കപ്പെട്ടതെന്നത്രെ പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇബ്നു ഖുതൈബ(റ)തന്റെ ഗരീബുൽ ഹദീസിലും ഇമാമുൽ ഹറമൈനി(റ) തൻ്റെ ഇർശാദിലും ഇതിനെ ഖദ്‌രിയ്യത്തിൽ ചിലർ ചോദ്യം ചെയ്‌തതായും ഖദ്ർകൊണ്ടു പറയുന്നവർ നിങ്ങളായതുകൊണ്ടു നിങ്ങളാണു ഖദ്‌രിയ്യത്ത്, ഞങ്ങൾ ഖദ്‌രിയ്യത്തല്ല എന്നു പറഞ്ഞതായും ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, സത്യവിശ്വാസികൾ കാര്യങ്ങളെയെല്ലാം അല്ലാഹുവിലേക്കുവിട്ട് ഒഴിയുന്നവരും ഖദ്റും പ്രവൃത്തികളുമെല്ലാം അല്ലാഹുവിലേക്കു മാത്രം ചേർക്കുന്നവരുമാണെന്നും ഈ വിഡ്ഢികൾ അല്ലാഹുവിൻ്റെ ഖദ്റിനെ നിഷേധിച്ചുകൊണ്ട് എല്ലാ ഖദ്റും തങ്ങൾക്കു തന്നെയാണെന്നു സ്ഥാപിക്കുന്നതു കൊണ്ട് ഇവർ തന്നെയാണു ഖദ്‌രിയ്യത്തെന്നും ഇമാമുൽ ഹറമൈനി(റ)യും ഇബ്‌നു ഖുതൈബ(റ)യും തുടർന്നു പറയുകയും ചെയ്യുന്നു.

   അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിനെയും നിശ്ചയത്തെയും കാര്യങ്ങളിലുള്ള അവൻ്റെ വേണ്ടുക, ഖുദ്റത്ത് എന്നിവയെയും നിഷേധിച്ചു കൊണ്ടാണു ഖദ്‌രിയ്യത്ത് എന്ന വിഭാഗം രംഗത്തുവന്നതെന്നു പറഞ്ഞുവല്ലോ. എന്നാൽ, ഈ അറുവഷളൻ അബദ്ധവാദമുള്ള ഖദ്‌രിയ്യത്ത് കുറ്റിയറ്റുപോയിട്ടുണ്ടെന്നും പിൽകാലത്തെ ഖദ്‌രിയ്യത്ത് ഇപ്രകാരമല്ലെന്നും നമ്മുടെ വിശ്വാസശാസ്ത്ര പണ്ഡിതൻമാർ പ്രസ്താവിച്ചതായി ഇമാം നവവി(റ) തൻ്റെ ശർഹു മുസ്‌ലിമിൽ രേഖപ്പെടുത്തുന്നുണ്ട്. സമുദായത്തിൽ പിൽക്കാലത്തും നിലനിന്നുവന്ന ഖദ്‌രിയ്യത്ത് അല്ലാഹുവിൻ്റെ മുൻഅറിവും നിശ്ചയവുമെല്ലാം അംഗീകരിക്കുന്നവരാണെന്നും ഖൈറായ കാര്യങ്ങൾ അല്ലാഹുവിൽനിന്നും ചീത്തയും കെടുതിയുമെല്ലാം അല്ലാഹുവിൽ നിന്നല്ലെന്നും ഇവർ വ്യക്തമാക്കിയതായും നവവി(റ)ഉദ്ധരിക്കുന്നു. (ശർഹു മുസ്‌ലിം:1-154) ഖൈറും ശർറുമായ എല്ലാകാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നുള്ള ശരിയായ ഖദ്ർ വിശ്വാസത്തിനു വിരുദ്ധമാണല്ലോ ഈ ജൽപനവും. അതു കൊണ്ടുതന്നെ ഇതും ബിദ്അത്താണ്. ഈ വിശ്വാസമുള്ളവരാണ് യഥാർത്ഥത്തിൽ ഇസ്‌ലാമിനകത്തുള്ള ബിദ്അത്തുകാരായ ഖദ്‌രിയ്യത്ത്. അതേസമയം, മുകളിൽ പറഞ്ഞ ഖദ്‌രിയ്യത്ത് ഇസ്‌ലാമിക മില്ലത്തിൽ പെട്ടവരാണെന്നു തന്നെ പറയാനാകില്ല. ഇവിടെ നടക്കുന്ന ഓരോരോ കാര്യങ്ങളെക്കൊണ്ടും അല്ലാഹുവിനു മുൻകൂട്ടി അറിവില്ലെന്നും കാര്യങ്ങൾ നടന്നു കഴിഞ്ഞേ അവൻ അറിയുന്നുള്ളൂ എന്നുമുള്ള വാദം കുഫ്റാണെന്നു നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ടല്ലോ.അപ്പോൾ ബിദ്അത്തിൻ്റെ അടിസ്ഥാനകക്ഷികളിൽ എണ്ണപ്പെട്ടുവരുന്ന ഖദ്‌രിയ്യത്ത് രണ്ടാം വിഭാഗമാണെന്നു പറയേണ്ടിവരും. "അൽഖദരിയ്യത്തു മജൂസു ഹാദിഹിൽ ഉമ്മ!" (ഖദരിയ്യത്തെന്ന പുത്തൻ സംഘം എൻ്റെ സമുദായത്തിൽപെട്ട മജൂസികളാണ്) എന്ന ഹദീസിൽ നബി(സ) പ്രവചിച്ചിട്ടുള്ളതും ഇവരെപ്പറ്റിയാണെന്നാണു മനസ്സിലാകുന്നത്. ഇമാം അബൂദാവൂദ് തൻ്റെ സുനനിലും ഹാകിം(റ) മുസ്തദ്‌റകിലും നിവേദനം ചെയ്‌തിട്ടുള്ള ഈ ഹദീസിൽ ഖദ്‌രികളെ മജൂസികളോട് ഉപമിച്ചത് ഏതു നിലയ്ക്കാണെന്നു വിലയിരുത്തിയാൽ ഇതു ബോദ്ധ്യപ്പെടും. അല്ലാഹു സൃഷ്ട‌ിക്കുന്ന പ്രാപഞ്ചിക കാര്യങ്ങളിൽ ഹിതകരമായിട്ടുള്ളതുമാത്രം അല്ലാഹുവിന്റേതും അഹിതകരമെല്ലാം മറ്റുള്ളവരുടേതുമെന്നു വിഭജിക്കുന്ന കാര്യത്തിലാണ് ഖദ്‌രിയ്യത്തിനെ മജൂസികളോട് ഉപമിച്ചിരിക്കുന്നത്. മജൂസികൾ ഖൈറെല്ലാം യസ്ദാൻ എന്ന ദേവന്റേതും ശർറുകൾ മുഴുവൻ അഹർമൻ എന്ന ദേവന്റേതുമായി വിഭജിക്കുന്നതു പോലെയാണ് ഖദ്രിയ്യത്തിൻ്റെ വിഭജനമെന്നത്രെ ഹദീസിൻ്റെ താല്‌പര്യമെന്ന് ഇമാമുൽ ഹറമൈനി(റ) വിശദീകരിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന കാര്യങ്ങൾക്കെല്ലാം നിദാനം ഇരുട്ടും വെളിച്ചവുമാണെന്നും ഹിതം മുഴുവൻ വെളിച്ചത്തിൻ്റേതും അഹിതമെല്ലാം ഇരട്ടിന്റേതുമാണെന്നും മജൂസികൾ വിശ്വസിക്കുന്നതുപോലെ, നല്ലതെല്ലാം അല്ലാഹുവിൻ്റേതും അല്ലാത്തതു മുഴുവൻ മറ്റുള്ളവരുടേതുമെന്നു ഖദ്‌രിയ്യത്ത് വിഭജിക്കുന്നതു കൊണ്ടാണ് ഖദരിയ്യത്തിനെ മജൂസികളെന്ന് വിശേഷിപ്പിച്ചതെന്ന് ഇമാം ഖത്വാബിയും വിശദീകരിക്കുന്നു. (ശർഹുമുസ്ലിം 1-154)

    അപ്പോൾ ചീത്ത പ്രവൃത്തികളെല്ലാം നമ്മുടെ ഇറാദത്തുകൊണ്ടും കഴിവുകൊണ്ടും മാത്രം സൃഷ്ടിക്കപ്പെടുന്നതാണെന്നും അവ അല്ലാഹുവിന്റെ സൃഷ്ട‌ിയാണെന്നു പറയാവതല്ലെന്നും വാദിക്കുന്ന പിൽക്കാലത്തുവന്ന മുഅതസിലത്ത് പോലുള്ള കക്ഷികൾ ഖദ്‌രിയ്യത്തു തന്നെയാണെന്നും ഈ ഉമ്മത്തിലെ മജൂസികളെന്ന വിശേഷണം അവരുടെ കാര്യത്തിൽ തികച്ചും യാഥാർത്ഥ്യമാണെന്നും സുതരാം വ്യക്തമാകും. ഇതു കൊണ്ടാണു പിൽക്കാലത്തു ഖദ്‌രിയ്യത്ത് എന്ന വാക്ക് മുഅ്‌തസിലത്തിൻ്റെ പര്യായമായി ഉപയോഗിച്ചു വന്നത്. സ്വഹാബത്തിൻ്റെ തന്നെ കാലത്തു പ്രത്യക്ഷപ്പെട്ട ഖദ്‌രിയ്യത്ത് ഇവരല്ലെങ്കിലും അവരുടെ പിൻഗാമികളും തുടർച്ചക്കാരുമാണ് മുഅ്‌തസിലത്തെന്നും അവരും ഖദ്‌രിയ്യത്തെന്ന പേരിന് അർഹരാണെന്നും ചുരുക്കം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...