ഖവാരിജിൻ്റെ വിതണ്ഡ വാദങ്ങൾ
എന്തെല്ലാമായിരുന്നു ഈ പ്രഥമ ബിദ്‌അത്തു സംഘം മുസ്ലിം ഉമ്മത്തിനെതിരെ ആരോപിച്ചിരുന്നത്? ഖലീഫ അലി(റ)യുടെ സമ്മതപ്രകാരം ഇവരോടു വാദപ്രതിവാദം നടത്താനെത്തിയ പ്രസിദ്ധ സ്വഹാബിവര്യൻ ഹസ്രത്ത് ഇബ്‌നുഅബ്ബാസി(റ)നെതന്നെ നമുക്കുദ്ധരിക്കാം. അദ്ദേഹം പറയുന്നു:
"ഖവാരിജുകൾ ഞങ്ങളെ വെടിഞ്ഞു കൊണ്ടു പ്രത്യേകം ഒരു ഗ്രാമത്തിൽ താമസമാക്കുകയും ഖലീഫ അലി(റ)ക്കെതിരെ പരസ്യമായി രംഗത്തിറങ്ങാൻ തീരുമാനിക്കുകയും ചെയ്‌തപ്പോൾ ഇവർക്കെതിരെ യുദ്ധമാവശ്യപ്പെട്ടുകൊണ്ട് അലി(റ)യുടെ മുന്നിൽ ഓരോരുത്തരായി വരാൻ തുടങ്ങി. അദ്ദേഹം പറയും 'അവരെ നിങ്ങൾ തത്ക്കാലം വിടുക. അവരെന്നോടു യുദ്ധം പ്രഖ്യാപിക്കാതെ ഞാനങ്ങോട്ടു യുദ്ധം തുടങ്ങുകയില്ല. വളരെ വൈകാതെ അവർ യുദ്ധം തുടങ്ങും. അങ്ങനെ ഒരുനാൾ ളുഹ്ർ നമസ്‌കാര സമയത്ത് ഞാൻ അലി(റ)യുടെ സമീപത്തെത്തി ഇങ്ങനെ പറഞ്ഞു: അമീറുൽ മുഅ്‌മിനീൻ, താങ്കൾ നമസ്ക്കാരം ഒരൽപം പിന്തിക്കുക. ഞാനിവരെയൊന്നു (ഖവാരിജ്) കണ്ടു സംസാരിച്ചു വരാം. അദ്ദേഹം പറഞ്ഞു: നിങ്ങൾക്കു വല്ലതും സംഭവിക്കാനിടയുണ്ടെന്നു ഭയം തോന്നുന്നു. ഞാൻ: ഇല്ല. ഞാൻ നല്ല പെരുമാറ്റക്കാരനായ ഒരാളാണ്. ഒരാളെയും ഉപദ്രവിക്കാറില്ല. ഇവർക്കും എന്നോടു ദേഷ്യം കാണില്ല. ഖലീഫ അനുവദിച്ചു. ഞാൻ ഏറ്റവു ചന്തമുള്ള യമനീ വസ്ത്രം ധരിച്ചു താടിയും മുടിയും ചീകി നട്ടുച്ച നേരത്ത് അവരുടെ താവളത്തിലെത്തി ചെന്നു കണ്ടപ്പോൾ അല്ലാഹുവിനുള്ള ഇബാദത്തിൽ ഇത്രയും കഠിനാദ്ധ്വാനികളായ വേറെയൊരു കൂട്ടരെ ഞാൻ കണ്ടിട്ടില്ല. അവരുടെ നെറ്റിത്തടങ്ങളിൽ സുജൂദു ചെയ്‌തു വ്രണം വന്നിരിക്കുന്നു. അവരുടെ കൈകൾ ഒട്ടകത്തിൻ്റെ കാൽമുട്ടുകൾ പോലെ പരുപരുത്തിരിക്കുന്നു. കണങ്കാലിൻ്റെ മദ്ധ്യംവരെയിറങ്ങുന്ന കുപ്പായം ധരിച്ചവർ. രാത്രിയിൽ ഉറക്കമിളച്ചു നമസ്ക്കരിച്ചതിൻ്റെ ക്ഷീണം അവരുടെ മുഖത്തുണ്ട്. ഞാൻ സലാം ചൊല്ലി. അവർ മർഹബൻ ബിബ്നി അബ്ബാസ്- ഇബ്‌നുഅബ്ബാസ് വരൂ എന്നു പറഞ്ഞു സ്വാഗതം ചെയ്‌തു. എന്താണു വന്ന ആവശ്യമെന്നു തിരക്കി. ഞാൻ പറഞ്ഞു: ഞാൻ മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബികളുടെ അടുത്തു നിന്നാണ് വരുന്നത്. നബി(സ)യുടെ പുത്രിയുടെ പുതുമാരൻ അലി(റ)യുടെ സമീപത്തുനിന്നും. അവരുടെ മേലിലാണു ഖുർആൻ അവതരിച്ചത് അവരാണു ഖുർആനിൻ്റെ ആശയം നിങ്ങളെക്കാൾ പഠിച്ചവരും അറിയുന്നവരും. ഇതു കേട്ടപ്പോൾത്തന്നെ അവരിൽ ഒരു സംഘം മറ്റുള്ളവരെ ഉപദേശിച്ചു: നിങ്ങൾ ഖുറൈശികളോടു തർക്കിക്കാൻ പോകേണ്ട. അല്ലാഹു അവരെ ക്കുറിച്ച് بل هم قوم خصمون (അവർ തർക്കിക്കുന്ന വിഭാഗമാണ്) എന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, രണ്ടോ മൂന്നോ ആളുകൾ, ഞങ്ങൾ അദ്ദേഹത്തോടു സംസാരിക്കുമെന്നു തന്നെ ശപഥം ചെയ്തപ്പോൾ അവർ വഴങ്ങി.
ഞാൻ പറഞ്ഞു: നബി(സ)യുടെ പുതുമാരൻ്റെ പേരിലും മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബത്തിൻ്റെ പേരിലും നിങ്ങളുന്നയിക്കുന്ന ആരോപണമെന്താണ്? ഒന്നു കേൾക്കട്ടെ. അവരുടെ മേലിലാണല്ലോ ഖുർആൻ അവതരിച്ചത്. നിങ്ങളിൽ അവരിൽപെട്ട ആരുമില്ലതാനും. ഖുർആൻ നിങ്ങളെക്കാൾ അറിയുന്നവർ അവരാണ്. അവർ പറഞ്ഞു: മൂന്നുകാര്യങ്ങളാണു പ്രധാനമായി ഞങ്ങളുന്നയിക്കുന്നത്. ഞാൻ:ഏതെല്ലാം? കേൾക്കട്ടെ, അവർ: ഒന്ന്, അദ്ദേഹം അല്ലാഹുവിൻ്റെ ദീനീ കാര്യത്തിൽ മനുഷ്യൻമാരെ വിധികർത്താക്കളാക്കി. അല്ലാഹു പ്രസ്‌താവിച്ചിട്ടുണ്ട്. അല്ലാഹുവിന്നല്ലാതെ വിധിയില്ലായെന്ന്. (അൻആം:57) ഞാൻ: ഇതൊന്ന്. ഇനിയെന്തെല്ലാം? അവർ: രണ്ട്, അദ്ദേഹം എതിരുപക്ഷക്കാരോടു യുദ്ധം ചെയ്യുകയും അവരെ കൊല്ലുകയും ചെയ്യുന്നു. എന്നാൽ അവരുടെ സ്വത്തുക്കൾ ഗനീമത്തായി വിഹിതം വയ്ക്കുകയും അവരിലെ സ്ത്രീകളെയും കുട്ടികളെയും ബന്ധികളായി പിടിക്കുകയും ചെയ്യുന്നില്ല! അവർ സത്യവിശ്വാസികളായതുകൊണ്ടാണെങ്കിൽ അവരോടു യുദ്ധം ചെയ്യലും അവരെ വധിക്കലും നമുക്കെങ്ങനെ ഹലാലായി? ബന്ധികളാക്കാൻ മാത്രം പറ്റില്ലെന്നോ?! ഞാൻ: ഇനി മൂന്നാമത്തേതെന്ത്? അവർ: അദ്ദേഹം മദ്ധ്യസ്ഥ തീരുമാനത്തിനു കരാറെഴുതിയപ്പോൾ 'അമീറുൽ മുഅ്മിനീൻ' എന്നു തന്നെപ്പറ്റിയെഴുതിയതു മായിച്ചു. അദ്ദേഹം മുഅ്മിനീങ്ങളുടെ അമീറല്ലെങ്കിൽ പിന്നെ കാഫിറുകളുടെ അമീറാണ്. ഞാൻ: ഇതല്ലാതെ ഇനി വല്ലതുമുണ്ടോ? അവർ: ഇതുതന്നെ ധാരാളം മതിയല്ലോ.
ഞാൻ അവരുടെ ആരോപണങ്ങൾ ഒന്നൊന്നായി ഖണ്ഡിച്ചുകൊണ്ടു പറഞ്ഞു: അല്ലാഹുവിന്റെ ദീനീ കാര്യത്തിൽ മനുഷ്യരെ വിധികർത്താക്കളാക്കിയെന്ന നിങ്ങളുടെ ആരോപണത്തെ ഖുർആൻ കൊണ്ടു ഞാൻ ഖണ്ഡിക്കാം. നിങ്ങളുടെ വാദം പൊളിക്കുന്ന ഖുർആൻ വാക്യം കേട്ടാൽ നിങ്ങൾ മടങ്ങുമോ? 'തീർച്ച യായും!" അവർ പറഞ്ഞു. ഞാൻ: കേവലം ഒരു മുയലിന്റെ വിലയായ കാലുറുപ്പികയുടെ കാര്യത്തിൽ വിധി തീർപ്പിനുള്ള അധികാരം അല്ലാഹു മനുഷ്യരെ ഏൽ പിച്ചിരിക്കുകയാണ്.
لا تقتلوا الصيد وانتم حرم
എന്നു തുടങ്ങുന്ന മാഇദ സൂറത്തിലെ 95-ാം ആയത്തിൽ വേട്ടയാടപ്പെടുന്ന വസ്തുവിൻ്റെ (മുയൽ പോലുള്ളതിൻ്റെ) വില തീരുമാനിക്കാനുള്ള അധികാരം മനുഷ്യൻമാരിൽപെട്ട നീതിമാൻമാരായ രണ്ടുപേർ തീരുമാനിക്കട്ടെ എന്നാണു നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപോലെ ഭാര്യാ ഭർത്താക്കൾ വേർപിരിയുമെന്ന് ആശങ്കയുണ്ടാകുമ്പോൾ രണ്ടുപക്ഷത്തുനിന്നും ഓരോ ഹകമുകളെ (വിധികർത്താക്കൾ) നിശ്ചയിക്കുവാനാണ് അല്ലാഹുവിൻ്റെ നിർദ്ദേശം. (സൂറ:നിസാഅ്:35). അല്ലാഹുവിനെ മുൻനിറുത്തി ഞാൻ ചോദിക്കട്ടെ: മുസ്‌ലിം ഉമ്മത്തു രണ്ടു കക്ഷികളായി പിരിയുമ്പോൾ അവരുടെ ഭിന്നിപ്പു തീർക്കുന്നതിലും പരസ്‌പരം ചോരചിന്തുന്നത് ഇല്ലാതാക്കുന്നതിലും മനുഷ്യരെ വിധികർത്താവാക്കുന്നതും, കേവലം ഒരു മുയലിൻ്റെയും ഒരു സ്ത്രീയുടെ മാത്രം യോനിയുടെയും കാര്യത്തിൽ മനുഷ്യർ വിധികൽപിക്കുന്നതുമായാൽ ഏതിനാണു നിങ്ങൾ മുന്തിയ പരിഗണന നല്‌കുക? അവർ പറഞ്ഞു: സമുദായത്തിന്റെ പൊതുകാര്യത്തിനു തന്നെ. ഞാൻ: ഇക്കാര്യത്തിൽ ഞാൻ നിങ്ങളുടെ സംശയം തീർത്തുവല്ലോ. 'അതെ.' അവർ സമ്മതിച്ചു.
ഞാൻ തുടർന്നു. ഇനി ഖലീഫ എതിരാളികളോടു യുദ്ധം ചെയ്‌തു ഗനീമത്തു സ്വത്തു പിടിച്ചെടുക്കുകയോ ബന്ധികളാക്കുകയോ ചെയ്‌തില്ല എന്ന ആരോപണത്തെപ്പറ്റി. ഞാൻ ചോദിക്കട്ടെ: നിങ്ങൾ നിങ്ങളുടെ മാതാവ് ആഇശ(റ)യെ ബന്ധിയായിപ്പിടിച്ച് അടിമയാക്കുമോ?! ആഇശ(റ) ഞങ്ങളുടെ മാതാവല്ലെന്നു നിങ്ങൾ പറഞ്ഞാൽ നിങ്ങൾ ഇസ്ലാമിൽ നിന്നു പുറത്തുപോകും. തീർച്ച. അവരെ ബന്ധിയാക്കുമെന്നും ഇതര അടിമ സ്ത്രീകളെപ്പോലെ അവരെയും ഹലാലാക്കുമെന്നും പറഞ്ഞാലോ, അപ്പോളും നിങ്ങൾ ഇസ്ലാമിൽ നിന്നു പുറത്താകും! കാരണം, അല്ലാഹു പറഞ്ഞു: നബി(സ) സത്യവിശ്വാസികളോടു സ്വന്തം ശരീരത്തേക്കാൾ കടപ്പാടുള്ളവരും നബി(സ)യുടെ ഭാര്യമാർ വിശ്വാസികളുടെ മാതാക്കളുമാണ്. (സൂറ: അഹ്സാബ് 33)നിങ്ങളുടെ ഇക്കാര്യത്തിലെ ആരോപണവും തീർന്നില്ലേ? 'അതേ.' അവർ സമ്മതിച്ചു.
ഞാൻ തുടർന്നു: ഇനി അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേർ ഖലീഫ മായിച്ചുവെന്ന ആരോപണം. ഹുദൈബിയ്യാ സന്ധിയുടെ വേളയിൽ മക്ക മുശ്‌രിക്കുകളുടെ പ്രതിനിധികളായി വന്ന സുഹൈലിനോടും അബൂസുഫ്‌യാനിനോടും സന്ധി ചെയ്‌തുകൊണ്ടു രേഖ തയ്യാറാക്കുമ്പോൾ അലി(റ)യെയാണ് അല്ലാഹു വിൻ്റെ റസൂൽ എഴുതാൻ കൽപിച്ചത്. നബി(സ)തങ്ങൾ ഇങ്ങനെ വാചകം പറഞ്ഞു കൊടുത്തു: 'അല്ലാഹുവിൻ്റെ റസൂലായ മുഹമ്മദ് മക്കയിലെ ഖുറൈശികളുമായി നടത്തുന്ന സന്ധിരേഖ' അലി(റ)ഇതെഴുതി. ഖുറൈശീ പ്രതിനിധികൾ പറഞ്ഞു: നീ അല്ലാഹുവിന്റെ റസൂലാണെന്നു ഞങ്ങളറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നിന്നോടെതിർക്കുകയുമില്ല. അതുകൊണ്ടു 'റസൂലുല്ലാഹി' എന്നതു മായിക്കണം. തത്സമയം നബി(സ) പ്രസ്‌താവിച്ചു: അല്ലാഹുവേ, നിനക്കറിയാമല്ലോ ഞാൻ റസൂലുല്ലയാണെന്ന്. അലി, ഇവർക്കു വേണ്ടി 'റസൂലുള്ളാ' എന്നതു മായിക്കുക. മുഹമ്മദുബ്‌നു അബ്ദില്ലാ എന്നെഴുതുക. അങ്ങനെ എതിർപക്ഷവുമായുള്ള കരാറിൽ റസൂലുള്ളാ എന്ന സ്ഥാനപ്പേർ നബി( സ)തങ്ങൾ മായിച്ചു. അല്ലാഹുവാണെ! അലി(റ)യെക്കാൾ മുന്തിയവരാണ് അല്ലാഹുവിന്റെ തിരുദൂതർ. അവിടുന്നു റസൂലുല്ലാ എന്നതു മായിച്ചിട്ടുണ്ട്. എങ്കിൽ എതിരാളികളുമായുള്ള കരാറിൽ 'അമീറുൽ മുഅ്മിനീൻ' എന്ന സ്ഥാനപ്പേർ അലി(റ) തന്നെത്തൊട്ടു മായിച്ചതിന് ഉത്തമ മാതൃകയുണ്ടല്ലോ.
ഈ സംവാദ ചരിത്രം താരിഖുത്ത്വബരി, താരീഖുൽ കാമിൽ, അൽബിദായത്തുവന്നിഹായ എന്നീ ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നുൽ ജൗസിയുടെ തൽബീസു ഇബ്ലീസിൽ (പേജ്:112-114) സനദു സഹിതം ഉദ്ധരിച്ചതാണ് ഇവിടെ കുറിച്ചത്. ഈ സംവാദത്തെത്തുടർന്ന് അവരുടെ നമസ്കാരത്തിൻ്റെ അമീർ ഇബ്‌നുൽ കവ്വാ അടക്കം നാലായിരം പേർ സത്യത്തിലേക്കു മടങ്ങിയെന്നാണു ചരിത്രം. എങ്കിലും ബാക്കിയുള്ളവർ വാശിയോടെത്തന്നെ അവരുടെ ബിദ്അത്തിൽ ഉറച്ചുനിന്നു.
▪️തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ