2024 ഓഗസ്റ്റ് 7, ബുധനാഴ്‌ച

ബിദ്അത്തിന്റെ ആഗമനവും പാർട്ടികളും-3-

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി

*_ഖവാരിജിൻ്റെ പിറവി_*

    മേലുദ്ധരിച്ച വിധമുള്ള നിരവധി ഹദീസുകളിൽ മുന്നറിയിപ്പു നല്‌കപ്പെട്ട വിഭാഗം ഖവാരിജ് എന്ന പേരിൽ കുപ്രസിദ്ധരായ സംഘമാണെന്നു സ്വഹാബികൾ മുതൽ പണ്ഡിതൻമാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക ഖലീഫക്കെതിരിൽ പുറപ്പെട്ട സംഘം എന്ന നിലയിലാണ് അവരെ ഖവാരിജ് എന്നു പറയുന്നത്. നാലാം ഖലീഫ അലി(റ)ക്കെതിരിലാണ് അവർ രംഗത്തു വന്നത്. ഖലീഫ ഉസ്‌മാൻ (റ) വധിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളുടെയും വിപ്ലവങ്ങളുടെയും പേരിൽ നാലാം ഖലീഫ അലിയാരുടെ കാലത്തു നടന്ന യുദ്ധങ്ങളിൽ ഖലീഫയുടെ പക്ഷത്തു നിലയുറപ്പിച്ചവരായിരുന്നു ഇവർ. ഇറാഖുകാരും ശാമുകാരുമെന്ന പേരിൽ ചേരിതിരിഞ്ഞുനടന്ന ആ യുദ്ധങ്ങളിൽ ഇറാഖികളായിരുന്നു ഖലീഫയുടെ പക്ഷത്ത്. രണ്ടുപക്ഷത്തു നിന്നുമായി എഴുപതിനായിരത്തിൽപരം ഭടൻമാർ കൊല്ലപ്പെട്ടതിൽ ബഹുഭൂരിപക്ഷവും ശാമുകാരായിരുന്നു. കടുത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരുന്നപ്പോൾ അവരിൽ ചിലർ കുന്തത്തിനു മുകളിൽ മുസ്ഹഫ് ഉയർത്തിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഇനി നമുക്കിടയിൽ ഈ ഗ്രന്ഥം തീർപ്പു കൽപിക്കട്ടെ. രണ്ടുപക്ഷത്തുമായി നമ്മുടെ ജനങ്ങളെല്ലാം ഇങ്ങനെ കൊന്നുതീർന്നാൽ ബഹുദൈവ വിശ്വാസികളോടും അമുസ്‌ലിംകളോടും യുദ്ധം ചെയ്യാൻ ഇനിയാരുണ്ടാകും?!

     ഇതൊരു തന്ത്രമാണെന്നും ഇതിനു വഴങ്ങിക്കൊടുക്കാതെ യുദ്ധം തുടരണമെന്നും ഖലീഫ അലി(റ) നിർദ്ദേശിച്ചെങ്കിലും ഇറാഖികളായ സാമാന്യജനം ശാമുകാരുടെ തന്ത്രത്തിൽ വീണു. തൻ്റെ സേനയിലെ ബഹു ഭൂരിപക്ഷത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി ഖലീഫക്കു യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. ഖുർആൻ അനുസരിച്ച് ഇരുപാർട്ടിക്കു മിടയിൽ വിധിത്തീർപ്പുണ്ടാക്കാൻ പ്രതിനിധികളെ നിശ്ചയിക്കുകയെന്ന പൊതുവികാരത്തിന് അലി(റ) സമ്മതിക്കേണ്ടി വന്നു. ശാമുകാരുടെ ഭാഗത്തുനിന്നുള്ള പ്രതിനിധിയും വിധിത്തീർപ്പുകാരനുമായി അതീവബുദ്ധിമാനും തന്ത്രശാലിയുമായ അവരുടെ സൈന്യത്തലവനെ നിർദ്ദേശിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിനു കിടപിടിക്കുന്ന ഒരാളെ തൻ്റെ പക്ഷത്തു നിന്നു യഥേഷ്ടം തെരഞ്ഞെടുക്കുവാൻ പോലും അലി(റ)യുടെ കക്ഷി അദ്ദേഹത്തെ സമ്മതിച്ചില്ല. പകരം മറുപക്ഷത്തിനു താത്‌പര്യമുള്ള, താരതമ്യേന അവരുടെ വിധികർത്താവിനേക്കാൾ തന്ത്രവും കൗശലവും കുറഞ്ഞ ഒരാളെ തൻ്റെ വിധികർത്താവാക്കുവാൻ മനമില്ലാമനസ്സോടെ അലി(റ)വഴങ്ങേണ്ടി വന്നു,

     ഇങ്ങനെയെല്ലാം സ്വന്തം താത്പര്യത്തിനു വിരുദ്ധമായി അലി(റ)യെക്കൊണ്ടു പ്രവർത്തിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയും ശാഠ്യം പിടിക്കുകയും ചെയ്‌ത ഇതേയാളുകൾതന്നെ വിധിത്തീർപ്പുകാരെ തീരുമാനിച്ച നടപടിയിൽ (തഹ്‌കീം)അലി(റ)യെ കുറ്റപ്പെടുത്തിക്കൊണ്ടും രൂക്ഷമായി വിമർശിച്ചുകൊണ്ടും രംഗത്തുവന്ന വിരോധാഭാസമാണു പിന്നീടു കണ്ടത്. ഇതിനു കാരണമെന്തെന്നാൽ ഇസ്‌ലാമിക വിശ്വാസം രൂഢമൂലമായിട്ടില്ലാത്ത, നാഗരിക സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, വെറും പക്ഷപാതിത്തം പരമ്പരാഗതമായി കൈമുതലായുള്ള പാമരൻമാരായ കാടൻ ജനതയായിരുന്നു ഇറാഖികൾ, പേർഷ്യൻ പാരമ്പര്യത്തിൽനിന്ന് ഇസ്ല‌ാമിലേക്കു കടന്നുവന്നവരാണല്ലോ അവർ. കാറ്റിനൊപ്പം ആടുന്ന കടലാസുപോലെയായിരുന്നു അവരുടെ മനസ്സ്. ശാമുകാരുടെ തന്ത്രത്തിലും വാക്ചാതുരിയിലും ആകൃഷ്‌ടരായി ഖുർആനനുസരിച്ചു വിധിപറയാൻ പ്രതിനിധികളെ നിശ്ചയിക്കുവാൻ അവർ അലി(റ)യെ നിർബന്ധിച്ചു. അതിന്നായി ശാഠ്യം പിടിച്ചു. അതേസമയം, ഈ നടപടി ഖുർആനിനു വിരുദ്ധമാണെന്നും മനുഷ്യൻമാരെ വിധികർത്താക്കളാക്കാൻ ഖുർആൻ അനുവദിക്കുന്നില്ലെന്നും വാദിച്ചു കൊണ്ട് ഇറാഖുകാരെ ശിഥിലീകരിക്കാൻ ആരോ തന്ത്രം പയറ്റിയപ്പോൾ ഈ പാവങ്ങൾ അതിനും വശംവദരായി. عروة بن أذينة എന്നയാൾ اشعث بن قيس ( റ) ഉം സംഘവും നടന്നു പോകുമ്പോൾ എഴുന്നേറ്റുനിന്നു കൊണ്ട് രോഷത്തോടു കൂടെ ചോദിച്ചു. അല്ലാഹുവിൻ്റെ ദീനിൽ നിങ്ങൾ ആളുകളെ വിധികർത്താക്കളാക്കുകയോ?! തന്റെ വാളെടുത്ത് അശ്അസി(റ)ന്റെ വാഹനത്തിന്റെ പിന്നിൽ അയാൾ ശക്തമായി ആഞ്ഞു വെട്ടുകയും ചെയ്തു‌. ഈ ചോദ്യവും വാദവുമാണ് ഖവാരിജുകൾ ഏറ്റുപിടിച്ചത്. ഖുർആൻ ധാരാളമായി ഓതുന്നവരും ഖുർആനിനോടു വലിയ ആഭിമുഖ്യം പുലർത്തുന്നവരുമായിരുന്നു ഇവർ. إن الحكم الا لله (അല്ലാഹുവിന്നല്ലാതെ വിധിക്കാനധികാരമില്ല) തുടങ്ങിയുള്ള ആയത്തുകൾ വിശുദ്ധ ഖുർആനിലുള്ളതു മനുഷ്യൻമാരെ വിധിത്തീർപ്പുകാരാക്കാൻ പാടില്ല എന്ന ആശയത്തിനു തെളിവായി ഈ പാവങ്ങൾ ധരിക്കുകയും ചെയ്തു‌. സ്വിഫ്‌ഫീനിൽ നിന്നും മടങ്ങുമ്പോൾ അലി(റ)യുടെ സംഘത്തിലെ നല്ലൊരുശതമാനം ചെറുപ്പക്കാർ ഈ വാദത്തിൽ ആകൃഷ്‌ടരായിക്കഴിഞ്ഞിരുന്നു. തങ്ങളുടെ നിർബന്ധത്തിനും ശാഠ്യത്തിനും വഴങ്ങി അലി(റ) നടത്തിയ മദ്ധ്യസ്ഥ തീരുമാനത്തിനെതിരെ ഇപ്പോൾ അവർ ശക്തമായി ഉന്നയിച്ചുകൊ ണ്ടിരുന്നു: لا حكم الا للله (അല്ലാഹുവിന്നല്ലാതെ വിധി ത്തീർപ്പിന്നധികാരമില്ല!)

   ശാമുകാർ അവരുടെ തലസ്ഥാനമായ ഡമാസ്കസിലേക്കു തങ്ങളുടെ തന്ത്രം വിജയിച്ചതിൽ ആഹ്ല‌ാദഭരിതരായി തിരച്ചെത്തിയപ്പോൾ ഖലീഫ അലി(റ)തൻ്റെ പാർട്ടിയുടെ തലതിരിഞ്ഞ നിലപാടുകളിൽ ദുഃഖിതരായാണു ഖിലാഫത്തിൻ്റെ തലസ്ഥാനമായ കൂഫയിലെത്തിയത്. അവിടത്തെ ഭരണ സിരാകേന്ദ്രമായ ഖസ്‌റുൽ ഇമാറയിൽ അല്ലാഹുവിനു ദിക്‌റുചൊല്ലി പ്രവേശിക്കുമ്പോൾ ഖലീഫ അതീവ ദുഃഖിതനും വ്യഥിതനുമായിരുന്നു. തന്നോടൊപ്പം പുറപ്പെട്ട ഇറാഖികളിൽ പന്തീരായിരത്തോളം പേർ കൂഫ: നഗരത്തിലേക്കു പ്രവേശിക്കാൻ പോലും സന്നദ്ധതരായില്ല. ശാമുകാരും സംഘവും മുമ്പേ പിഴച്ചവരും കാഫിറുകളുമായിരു ന്നപോലെ തങ്ങളെയുദ്ധത്തിലേക്കു നയിച്ച അലി(റ) യും സംഘവും കാഫിറുകളും അക്രമികളുമായിരിക്കുന്നുവെന്നും അവരോടൊത്തു വസിക്കാൻ പോലും പറ്റില്ലെന്നുമായിരുന്നു ഈ തീവ്രവാദി യുവാക്കളുടെ നിലപാട്. അവർ കൂഫക്കടുത്ത حروراء എന്ന ഗ്രാമം തങ്ങളുടെ സങ്കേതവും വാസസ്ഥലവുമായി തെരഞ്ഞെടുത്തു. അവർ മുസ്‌ലിംകളായി തങ്ങളെ മാത്രമാണ് കണ്ടത്. അലി(റ)യും തൻ്റെ പക്ഷവും മറുപക്ഷവും ഒന്നടങ്കം മദ്ധ്യസ്ഥ പ്രഖ്യാപനത്തോടെ കാഫിറുകളായിട്ടുണ്ടെന്നു തന്നെ തുറന്നു പറയാൻ അവർ ധൃഷ്ട‌രായി. അവർ സ്വന്തം സംഘത്തിനു പ്രത്യേകം അമീറുമാരെയും അധികാരികളെയും നിശ്ചയിച്ചു. അബ്ദുല്ലാഹിബ്‌നുൽ കവ്വാ എന്നയാളെ നിസ്കാരത്തിന് അമീറായും ശബീബിബ്നു രിബ്‌ഇയ്യിനെ യുദ്ധ കാര്യങ്ങളുടെ അമീറായും നിശ്ചയിച്ചു. ഹറൂറാ എന്ന ഗ്രാമത്തിൽ മാത്രം ഒതുങ്ങി രാത്രിയിൽ നമസ്കാരവും പകലിൽ നോമ്പുമായി ഇബാദത്തിൽ തത്പരരായി കഴിയുകയാ യിരുന്നു അവർ.

      പക്ഷേ, അവരുടെ വിശ്വാസം അതീവ ഗുരുതരവും അതിവഷളത്തവുമായിരുന്നു. അലി( റ)യുടെ പക്ഷത്തും മറുപക്ഷത്തും നിലയുറപ്പിച്ചിട്ടുള്ളവരും പക്ഷംചേരാത്തവരുമായ ലക്ഷക്കണക്കിനു മുസ്‌ലിംകൾ കാഫിറുകളാണെന്നായിരുന്നു അവർ വിശ്വസിച്ചത്. ഇവരിൽ പതിനായിരക്കണക്കിനു സ്വഹാബിമാരുമുണ്ടെന്നോർക്കണം. അലി(റ), ഇബ്നു അബ്ബാസ്(റ)ആഇശ(റ)ത്വൽഹ(റ), സുബൈർ(റ)അമ്മാർ(റ)മു ആവിയ(റ)അബൂമൂസൽഅശ്‌അരി(റ)അംറുബ്‌നുൽ ആസ് (റ) തുടങ്ങിയുള്ള പ്രമുഖ സ്വഹാബികൾ! ഇവ രെക്കാളെല്ലാം തങ്ങളാണു വിശുദ്ധ ഖുർആൻ കൂടുതൽ പഠിച്ചവരും അറിയുന്നവരും എന്ന വിശ്വാസവും ധാരണയും എത്ര കടുത്ത ധിക്കാരവും മാരക രോഗവുമാണ്! ഏതു ബിദ്‌അത്തിന്റെയും അനിവാര്യതയാണ് ഈ ദുഷിച്ച ചിന്ത. ഈ ചിന്താധാരയിലൂടെയാണ് ബിദ്അത്തുകാർ എക്കാലത്തും കടന്നുവന്നതും സഞ്ചരിച്ചുകൊണ്ടിരുന്നതും. ഒരു സംഘമായി തിരിഞ്ഞുള്ള ബിദ്‌അത്തിൻ്റെ പാർട്ടിയുടെ ആദ്യഗമനമായിരുന്നു ഇത്. ഈ പ്രഥമ ബിദ്അത്തു സംഘം തന്നെ തങ്ങളൊഴിച്ച് ഇതര മുസ്‌ലിംകളെല്ലാം തൗഹീദിൽ നിന്നും ഈമാനിൽ നിന്നും പുറത്തുപോയവരും കുഫ്റിലും ശിർക്കിലും അകപ്പെട്ട കാഫിറുകളുമാണെന്നു ജൽപിച്ചുകൊണ്ടാണു കടന്നു വന്നതെന്നു ശ്രദ്ധിക്കുക. കാലാകാലങ്ങളിലുള്ള ബിദ്അത്തു സംഘങ്ങളുടെയെല്ലാം അതിരുകവിഞ്ഞ നയവും നിലപാടുമാണിത്. എന്നാൽ, തന്നെയും പതിനായിരക്കണക്കിനു സ്വഹാബത്തിനെയും കാഫിറുകളെന്നു വിളിച്ച ഈ സം ഘത്തെ തിരിച്ചു കാഫിറാക്കാൻ അലി(റ)യും സ്വഹാബത്തും തയ്യാറായിരുന്നില്ലെന്നതും ഓർക്കേണ്ടതാണ്. അഹ്ലുസ്സുന്നത്തിൻ്റെ ഇതഃപര്യന്തമുള്ള നയമാണിത്.

▪️തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...