"ശിയാഇസം : ദർശനം, ചരിത്രം, സ്വാധീനം, അജണ്ട" എന്ന പേരിൽ ഒരു 'ശിയാ വിരുദ്ധ' സെമിനാറിനെ പറ്റി ഇയ്യിടെ സോഷ്യൽ മീഡിയയിൽ കണ്ടു. ഈ സെമിനാർ കൊണ്ട് എന്താണ് ലക്‌ഷ്യം?
ശിയാഇസം വളരെ ദുഷിച്ച ഒരു പ്രസ്ഥാനമാണ്. നമ്മുടെ നാട്ടിൽ അതിന്റെ ചിന്തകൾ പ്രചരിപ്പിക്കുവാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ അഥവാ ഇവിടുത്തെ പാരമ്പര്യ മുസ്ലിംകളിൽ ശിയാ വിശാസങ്ങളുടെയും ആചാരങ്ങളുടെയും സ്വാധീനം ഉണ്ടെന്ന് സമർത്ഥിക്കുവാൻ ചിലർ -വിശിഷ്യാ വഹാബികൾ- ശ്രമിക്കാറുണ്ട്.ആ ഗണത്തിൽ പെട്ട ചിലർ കൂടി ഇപ്പോൾ കാണുന്ന ശിയാ പ്രതിരോധ സംഘത്തിൽ ഉള്ളതിനാൽ ശിയാ വിമർശനത്തിന്റെ മറവിൽ നിലവിൽ പാരമ്പര്യ മുസ്ലിംകൾ ചെയ്യുന്ന ആചാരങ്ങളെ തള്ളിപ്പറയുക എന്ന ഒരു ഒളി അജണ്ട നടപ്പാക്കുകയാണോ എന്നു സംശയിക്കുവാൻ ന്യായമുണ്ട്.
നബി (സ) തങ്ങൾക്ക് ശേഷം ഈ ഉമ്മത്തിൽ ഏറ്റവും ആദരിക്കപ്പെടുന്നവർ സയ്യിദുനാ അബൂബക്ർ സിദ്ധീഖ് (റ) വും ശേഷം സയ്യിദുനാ ഉമർ (റ) വും ശേഷം സയ്യിദുനാ ഉസ്മാൻ (റ) വും ആണ്. ഇവരെ ചീത്ത പറയുന്ന ശിയാക്കൾ തന്നെയാണ് മുസ്‌ലിംകളിൽ ഏറ്റവും വലിയ വിവരദോഷികൾ. ഖവാരിജ്, മുഅതസിലത്, മുതൽ ഇപ്പോൾ അവരുടെ പിഴച്ച ചിന്തകളുടെ വിഴുപ്പു ഭാണ്ഡം പേറുന്ന വഹാബികൾ വരെ വിവരക്കേടിലും വഴികേടിലും ഈ ശിയാക്കൾക്ക് പിന്നിലാണ്.
പാരമ്പര്യ മുസ്ലിംകളിൽ ശിയാ സ്വാധീനം ഉണ്ടെന്നു വരുത്തുവാൻ
ഖബർ സിയാറത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും സ്വൂഫീ മാർഗ്ഗങ്ങളെയും എല്ലാമാണ് അവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. സുജൂദിന്റെ രൂപത്തിൽ മഹാന്മാരുടെ ഖബറുകൾ ചുംബനം നടത്തുന്നത് പോലുള്ള ചില ആചാരങ്ങൾ ശിയാക്കളിൽ നിന്ന് വന്നതാണെന്ന് അവർ ആരോപിക്കുന്നു. അതേസമയം, ശിയാക്കൾ ഏറെ ആദരിക്കുന്ന, അവർ പാപസുരക്ഷിതരായി കാണുന്ന അവരുടെ ഇമാമുകളുടെ ഖബറുകളിൽ അവർ ഇങ്ങനെ ചെയ്യുന്നുണ്ടോ?
ശിയാ കേന്ദ്രമായ ഇറാൻ സന്ദർശിച്ചവർ എഴുതിയ കുറിപ്പുകളിൽ അവരുടെ മഹാന്മാരുടെ ഖബറുകളിൽ സുജൂദിന്റെ രൂപത്തിലുള്ള ചുംബനം നടത്തുന്ന രീതി ഇല്ല എന്നാണ് എഴുതിയത്. ദുബൈയിൽ ഉള്ള സുന്നികളായ ഇറാനി സുഹൃത്തുക്കളോട് ചോദിച്ചപ്പോഴും അത് തന്നെയാണ് മറുപടി ലഭിച്ചത്. അപ്പോൾ കർമ്മ ശാസ്‌ത്രപരമായി സുന്നികളുടെ മദ്ഹബുകളിൽ അടിസ്ഥാനമുള്ള കാര്യങ്ങൾ മാത്രമല്ല വിവരദോഷികളായ ആളുകൾ ചെയ്യുന്ന കാര്യങ്ങൾ പോലും ശിയാ ആചാരം എന്ന് പറഞ്ഞു കൊണ്ട് കാടടച്ച് വെടി വെക്കുന്നുണ്ട് എന്ന് സാരം.
മലബാറിലെ ഉലമാക്കൾ അംഗീകരിക്കുന്ന പല ആചാരങ്ങളും ദീനിൽ അടിസ്ഥാനമില്ലാത്തതാണെന്ന് വരുത്താൻ അവയ്ക്ക് ശിയാ ലേബൽ ഒട്ടിക്കുകയാണ് വിമർശകർ കണ്ട സൂത്രം. എന്നാൽ ഇമാം ശാഫിഈ (റ) പോലും അഹ്‌ലു ബൈത്തിനോട് സ്നേഹം കാണിച്ചതിന്റെ പേരിൽ ശിയാ ആണെന്ന ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന കാര്യം ഇവർ അറിയില്ലെന്ന് തോന്നുന്നു.
നബി (സ), ഫാത്തിമാ (റ), അലി (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ തവസ്സുലാക്കുന്ന രീതി ശിയാ ആചാരമാണെന്ന് ചില വിവരദോഷികൾ ആരോപി ക്കാറുണ്ട്. അതിനെ പറ്റി മുമ്പ് എഴുതിയിരുന്നു. അഹ്‌ലുൽ അബാ / അഹ്‌ലുൽ കിസാ എന്ന് വിശേഷണമുള്ളവരെ പറ്റി ഹദീസിന്റെ അടിസ്ഥാനത്തിൽ ഇമാം ഇബ്നു ജരീറുത്തിബ്'രി (റ) തന്റെ വിഖ്യാതമായ തഫ്സീറിൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ വിമർശകർക്ക് അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ.
ശിയാക്കളുടെ യാ അലി എന്ന വിളിയിൽ നിന്നാണ് ഇസ്തിഗാസ വന്നതെന്ന് ആരോപിക്കുന്നതും മറ്റൊരു വിവരക്കേടാണ്. കാൽ കോച്ചിയാൽ യാ മുഹമ്മദ് എന്ന് വിളിക്കണമെന്ന ആശയം ഇമാം ഇബ്നു ഉമർ (റ) നെ തൊട്ട് ഹദീസിൽ വന്നതും ശൈഖ് ഇബ്നു തൈമിയ്യ പോലും തന്റെ അൽ കലിമുത്തയ്യിബിൽ അത് എടുത്ത് പറഞ്ഞതും ഇവർ കാണാത്തത് കൊണ്ടായിരിക്കില്ല. മറിച്ച് ഇസ്തിഗാസയെ എതിർക്കാൻ വല്ല കച്ചിത്തുരുമ്പും തിരയുന്നത് കൊണ്ടായിരിക്കണം. യുദ്ധവേളയിൽ യാ മുഹമ്മദ് എന്ന് വിളിക്കുന്നത് മുസ്‌ലിം സൈന്യത്തിന്റെ മുദ്രാ വാക്യമായിരുന്നുവെന്നും ചരിത്രത്തിൽ കാണാം. മരിച്ചുപോയ മഹാത്മാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്ന രീതിയും അവരെ നേരിട്ട് വിളിക്കുന്ന രീതിയും തത്വത്തിൽ ഒന്ന് തന്നെയാണെന്ന് ഇബ്നു ഹജർ (റ) വിനെ പോലെയുള്ള സുന്നി ഇമാമുകൾ വ്യക്തമാക്കിയതാണ്.
ഒരാൾ പാപങ്ങൾ ചെയ്യാതെ ജീവിക്കുന്നത് കണ്ടാൽ അദ്ധേഹത്തിനു അല്ലാഹു ഇസ്തിഖാമത്തിനു തൗഫീഖ് നൽകിയതായി നാം മനസിലാക്കുന്നു. അവരെ നാം ആദരപൂർവം മഹ്ഫൂളുകൾ എന്ന് വിളിക്കുന്നു. എന്നാൽ നബി (സ) തങ്ങൾ അല്ലാതെ ഈ ഉമ്മത്തിൽ ആരും മഅസൂമുകൾ (പാപസുരക്തിതർ) അല്ല. അത് കൊണ്ട് തന്നെ പാപസുരക്ഷിതർ എന്ന അർത്ഥത്തിൽ നാം ആരെയും ഇമാമുകൾ എന്ന് വിശേഷിപ്പിക്കുന്നില്ല. ദീനീ രംഗത്ത് നമുക്ക് നേതൃത്വം നൽകുന്നവരെയാണ് ആ അർത്ഥത്തിൽ നാം ഇമാമുകൾ എന്ന് വിളിക്കുന്നത്.
ശിയാക്കൾ അവരുടെ ഇമാമുകളുടെ പേരിനൊപ്പം അലൈഹിസ്സലാം എന്ന് ചൊല്ലാറുണ്ട്. എന്നാൽ നബിമാരും മലക്കുകളും അല്ലാത്ത മഹാത്മാക്കളുടെ പേരിനൊപ്പം നാം തർളിയത്ത് ചൊല്ലുകയല്ലാതെ അലൈഹിസ്സലാം എന്ന് ചൊല്ലാറില്ല. അത് കറാഹത്ത് ആണെന്ന് മതവിധിയുണ്ട്. സുന്നികളുടെ മേൽ ശിയാഇസം ആരോപിക്കുന്നവർ ഇതെല്ലാം മനസിലാക്കുന്നത് നല്ലതാണ്.
ആദ്ധ്യാത്മിക മാർഗത്തിൽ സ്വൂഫീ ഗുരുക്കന്മാരെ ബൈഅത്ത് ചെയ്യുന്ന രീതിയും ശിയാ സമ്പ്രദായമാണെന്ന് ചിലർ വാദിച്ചുകളയാറുണ്ട്. ഇത് തീരേ വിവരമില്ലാത്ത ചുരുക്കം ചിലരുടെ ആരോപണമാണ്. ശൈഖുമാരെ ബൈഅത്ത് ചെയ്യുന്ന രീതി ശിയാക്കളിൽ ഉണ്ടോ എന്ന് ആരോപകർ തന്നെ വ്യക്തമാക്കേണ്ട സംഗതിയാണ്.
സ്വൂഫീ മാർഗ്ഗങ്ങളുടെ പരമ്പരകളിൽ പ്രശസ്തമായ ഒരു പരമ്പര ശിയാക്കൾ പാപസുരക്ഷിതർ എന്ന അർത്ഥത്തിൽ ഇമാമുകളായി എണ്ണുന്നവരും എന്നാൽ ശിയാ ചിന്തകൾ സ്വാധീനിക്കാത്തവരുമായ അലി (റ), ഹുസൈൻ (റ), അലി സൈനുൽ ആബിദീൻ, മുഹമ്മദുൽ ബാഖിർ, ജഅഫറുസ്സ്വാദിഖ്, മൂസൽ കാളിം, അലി ബിൻ മൂസാ എന്നീ അഹ്‌ലു ബൈത്തിലെ മഹാന്മാർ വഴിയാണ് മഅറൂഫുൽ ഖർഖിയിലും തുടർന്ന് സിർറിയ്യു സിഖ്‌തിയിലും തുടർന്ന് സയ്യിദുത്താഇഫ ഇമാം ജുനൈദുൽ ബാഗ്ദാദിയിലും എത്തുന്നത്. ഇമാം ജുനൈദ് (റ) വിന്റെ മാർഗ്ഗം സത്യത്തിന്റെ മാർഗ്ഗമാണെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകൾ വ്യക്തമാക്കിയതുമാണ്. അഹ്‌ലു ബൈത്തിന്റെ ബർക്കത്തിൽ വിശ്വാസമില്ലാത്തവരാണ് ഇതിനെയെല്ലാം ശിയാവൽക്കരിക്കുന്നത്.
അഹ്‌ലു ബൈത്തിനെ സ്നേഹിക്കുന്നവർ തങ്ങൾ മാത്രമാണെന്നാണ് ശിയാക്കളുടെ വാദം. അഹ്‌ലു ബൈത്തിനെ സ്നേഹിക്കുന്നവർക്കെല്ലാം ശിയാ മുദ്ര ചാർത്തുക വഴി ശിയാക്കളുടെ ഈ അവകാശവാദം അംഗീകരിച്ചു കൊടുക്കുകയാണ് വഹാബികൾ ചെയ്യുന്നത്.
സ്വാലിഹീങ്ങളുടെ മഖാമുകൾ ബർക്കത്തിന് വേണ്ടി സന്ദർശിക്കുക എന്നത് ശിയാക്കളുടെ മാത്രം ആചാരമല്ല. ഇമാം മഅറൂഫുൽ ഖർഖിയുടെ മഖാമ് ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലമാണെന്ന് സുന്നി ഇമാമുകൾ തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തിയതും, സ്വാലിഹീങ്ങളുടെ മഖാമുകൾ ധാരാളമായി സിയാറത്ത് ചെയ്യണമെന്ന് ഇമാം നവവി (റ) തന്റെ അദ്കാറിൽ വ്യക്തമാക്കിയതുമെല്ലാം വിമർശകർ പഠിക്കട്ടെ.
ഉത്തരേന്ത്യയിൽ കാണുന്ന സുജൂദിന്റെ രൂപത്തിലുള്ള ഖബർ ചുംബനം ബറേലവികളുടെ ആചാരമാണെന്നും ബറേലവികൾ ശിയാ വിശ്വാസവും ആചാരവും പിന്തുടരുന്നവർ ആണെന്നുമാണ് ശിയാക്കളുമായി ബന്ധപ്പെടുത്തി കേൾക്കാറുള്ള മറ്റൊരു ആരോപണം. ബറേലവികളുടെ നിലപാടുകളെ പറ്റി കൂടുതൽ അറിയാത്തതിനാൽ അവർക്ക് വേണ്ടി ഒരു വിശദീകരണം എഴുതുക ഇവിടെ ലക്ഷ്യമല്ല. എന്നാൽ ബറേലവികളെയും അവരുടെ നേതാവ് അഅലാ ഹസ്രത്ത് അഹ്‌മദ് റിളാ ഖാൻ (ന. മ.) അവർകളെയും ശിയാ വിശ്വാസമുള്ളവർ എന്നോ ഖബറിന് സുജൂദ് ചെയ്യുന്നവർ എന്നോ ആരോപിക്കുന്നതിൽ ഒരു കഴമ്പുമില്ല എന്നാണ് അന്വേഷണത്തിൽ മനസിലായത്.
അഹ്‌മദ് റിളാ ഖാൻ (ന. മ.) അവർകൾ ശിയാക്കൾക്കെതിരിൽ ധാരാളം കൃതികൾ രചിച്ച പണ്ഡിതനാണ്. യു. പി. യിലെ ബറേലി ശരീഫിൽ സന്ദർശിച്ച സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം അവിടെ ഖബറിന് സമീപം സുജൂദിന്റെ രൂപത്തിലുള്ള ചുംബനം എന്നല്ല ഖബർ തൊട്ട് മുത്തുന്ന ആചാരം പോലും ഇല്ല എന്നും അത്തരം പ്രവണതകളെ അവർ ശക്തിയുക്തം തടയുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ ദീനീ വിഷയത്തിലുള്ള അറിവിന്റെ അഭാവം കാരണമോ കച്ചവട താൽപര്യത്തോടെയോ ചിലർ ചെയ്തു കൂട്ടുന്നതൊക്കെ ബറേലവി ഉലമാക്കളുടെ മേൽ വെച്ച് കെട്ടുകയാണെന്ന് മനസിലാകുന്നു. അഹ്‌മദ് റിളാ ഖാൻ അവർകൾ അവിഭക്ത ഇന്ത്യയിൽ ജീവിച്ച ഒരു മഹാപ്രതിഭയായിരുന്നുവെന്ന് പ്രബോധനം പോലും എഴുതിയിട്ടുണ്ട്. എന്നിട്ടും അദ്ധേഹത്തെ ശിയാ പ്രചാരകൻ എന്ന് വിളിക്കുന്നത് വലിയ അപരാധമാണ്.
അശ്അരി വിശ്വാസ സംഹിതയും ശാഫിഈ മദ്ഹബും അനുസരിച്ച് പൊന്നാനി ഉലമാക്കളുടെ വൈജ്ഞാനിക നേതൃത്വത്തിന് കീഴിൽ മഖ്ദൂമീ പാരമ്പര്യത്തിൽ ജീവിച്ചു വന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ. ഇടക്കാലത്ത് വന്ന ഒറ്റപ്പെട്ട നീക്കങ്ങളെ പൊന്നാനി ഉലമാക്കൾ ശക്തിയുക്തം എതിർത്ത് തോൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ കേരളത്തിൽ കടന്നു വന്ന വഹാബിസം മുസ്‌ലിംകൾക്കിടയിൽ നിരാക്ഷേപം നടന്നു വന്ന പല ആചാരങ്ങളെയും ശിർക്കും ബിദ്അത്തും ആരോപിച്ച് കൊണ്ട് എതിർക്കുകയായിരുന്നു. വിമർശനത്തിന് എരിവ് പകരാൻ വേണ്ടി പിന്നീട് കണ്ട് പിടിച്ച സൂത്രമാണ് ഈ ആചാരങ്ങളെ പറ്റിയുള്ള ശിയാ ആരോപണം. മൻഖൂസ് മൗലിദും മുഹ്‌യിദ്ധീൻ മാലയും ഖുതുബിയ്യത്തും എല്ലാം ശിയാ പാരമ്പര്യത്തിൽ നിന്ന് വന്നതാണെന്ന് ഇപ്പോഴും ഇവരിൽ പലരും ആരോപിക്കുന്നുണ്ട്.
കേരള മുസ്ലിംകളുടെ ചരിത്രമെഴുതിയവരിൽ ഉത്പതിഷ്ണുക്കളായ ചില ചരിത്രകാരന്മാരും സുന്നി മുസ്ലിംകൾക്കെതിരെ ശിയാ ആരോപണം നടത്തിയതിൽ ആനന്ദം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കൂടിഛേരുമ്പോഴാണ് വഹാബികളുടെ ശിയാ മുദ്രണത്തിനു കൂടുതൽ മാർക്കറ്റു വരുന്നത്.
പൊന്നാനി ഭാഗത്ത് സംഭവിച്ച പകർച്ച വ്യാധി മാറ്റാൻ തവസ്സുൽ ആയി ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ചതാണ് മൻഖൂസ് മൗലിദ് എന്ന് ഉസ്താദുമാരിൽ നിന്നും ലഭിച്ച വിവരമായി ബഹു: താജുൽ ഉലമാ സദഖത്തുല്ല മൗലവി (ന. മ.) തന്റെ ഫതാവായിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചരിത്ര പരമായി ശരിയല്ലെന്ന് തെളിയിക്കുവാൻ പറ്റിയ, ഇതിനെ മറികടക്കുന്ന മറ്റൊരു തെളിവും വിമർശകർ ഇത് വരെ കൊണ്ടുവന്നിട്ടില്ല. മുഹ്‌യിദ്ധീൻ മാല രചിച്ച ഖാളീ മുഹമ്മദ് (റ) ആ കാലത്ത് കോഴിക്കോട് ജീവിച്ച മഹാ പണ്ഡിതനായിരുന്നു എന്നത് വ്യക്തമായ ചരിത്രമാണ്. മഹാനവർകൾ നിരവധി രചനകൾ ഉള്ള പണ്ഡിതനാണ്. കായൽ പട്ടണത്ത് ജനിച്ച് കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) ദീനീ ഉലൂമുകളുടെ വിവിധ ശാഖകളിലും അറബി സാഹിത്യത്തിലും അഗാധമായ അറിവുള്ള പണ്ഡിതനായിരുന്നു. ഖുതുബിയ്യത്ത് മഹാനവർകളുടെ രചനയാണ്.
മൻഖൂസ് മൗലിദ് തുടങ്ങും മുമ്പ് ഇമാം ബൂസൂരി (റ) യുടെ ബുർദയുടെ അവസാനമുള്ള 'യാ അക്റമ' ബൈത്തും ചൊല്ലാറുണ്ട്. അതിൽ 'സുമ്മർരിളാ അൻ അബീ ബക്'രിൻ വ അൻ ഉമരി...' എന്ന ഭാഗം ശ്രദ്ധിക്കുക. ശിയാക്കൾ തുടങ്ങി വെച്ച മൗലിദിൽ ആണോ ഈ ഖലീഫമാർക്ക് വേണ്ടി ദുആ ചെയ്യുന്നത്?. അത് പോലെ മൻഖൂസ് മൗലിദ് ശിയാ സൃഷ്‌ടി ആണെന്ന് വരുത്താൻ ശ്രമിക്കുന്നവർ ബദ്ർ മൗലിദ് എന്ത് കൊണ്ടാണ് ശ്രദ്ധിക്കാതെ പോയത്. അതിൽ ഈ ഖലീഫമാർ അടക്കമുള്ള ബദ്ർ ശുഹദാക്കളെ കൊണ്ടല്ലേ തവസ്സുൽ ചെയ്യുന്നത്? ഇതെല്ലാം ശിയാക്കൾ ചെയ്യുന്ന കാര്യങ്ങളാണോ? ആരോപണം ഉന്നയിക്കുമ്പോൾ അൽപം അന്തം വേണമായിരുന്നു. അല്ലെങ്കിലും അലിയ്യുബ്നു സൈദ് (റ) എന്നവരെ തൊട്ട് ഉള്ള ഹികായത്തിൽ മൗലിദ് ആചരിച്ചത് കാരണം ഒരു ജൂതൻ മുസ്‌ലിമായ കഥയാണ് മൻഖൂസ് മൗലിദിന്റെ അവസാന ഭാഗം. എന്നിട്ടും മൻഖൂസ് മൗലിദ് ജൂത സൃഷ്ടി ആണെന്ന് വാദിച്ച് സാധു ജനങ്ങളെ പറ്റിക്കുന്നവർ ആണല്ലോ മൗലിദ് വിമർശകരായ പുത്തൻവാദികൾ. അവരിൽ നിന്ന് അങ്ങിനെയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
സുന്നി മുസ്ലിംകൾക്കിടയിലുള്ള ആചാരങ്ങൾ പലതിനെയും വിമർശകർ പ്രതിക്കൂട്ടിലാക്കിയപ്പോൾ പല ആചാരങ്ങളെയും പേരെടുത്ത് പറഞ്ഞു കൊണ്ട് അതെല്ലാം ദീനിൽ അംഗീകരിക്കപ്പെട്ട ആചാരങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബഹു: അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആറാം സമ്മേളനത്തിലെ എട്ടാം പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. മൗലാനൽ മർഹൂം: ശാലിയാത്തി (ന. മ.)യാണ് ആ പ്രമേയത്തിന്റെ അവതാരകൻ.
ഗൗസുൽ ആലം ശൈഖ് മുഹ്‌യിദ്ധീൻ അബ്‌ദുൽ ഖാദിർ ജീലാനി (റ), ഖുതുബുൽ ഇർശാദ് സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) പോലുള്ള മഹാത്മാക്കൾ ശിയാ ചിന്തകൾക്കെതിരിൽ ശക്തമായി നിലകൊണ്ട മഹാന്മാരാണ്. അവരെ അനുകരിക്കുകയും അവരുടെ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന മുസ്ലിംകൾക്കെതിരിലാണ് ശിയാ ആരോപണം ഉന്നയിക്കുന്നത് എന്നതും തികഞ്ഞ വൈരുദ്ധ്യമാണ്. അഹ്‌ലുബൈത്തിനെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ശിയാക്കൾ ഈ മഹാന്മാരെ സ്നേഹിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ശിയാ ചിന്തകളെ എതിർത്തു തോൽപ്പിക്കുവാനും മുസ്ലിംകളെ അഹ്‌ലുസ്സുന്നത്തിന്റെ മാർഗ്ഗത്തിൽ നിലനിർത്തുവാനും ഏറെ പ്രയത്നിച്ച മഹാന്മാരാണ് ഇവർ. ഹദ്ദാദ് റാത്തീബ് ക്രോഡീകരിക്കപ്പെട്ടത് തന്നെ റാഫിളികളുടെ ശല്യം തടുക്കുവാനാണ്. എന്നാൽ ഇത് പോലും ഇന്ന് വിമർശകർക്ക് ശിയാ ആചാരങ്ങളുടെ ഗണത്തിലാണ്.
ഇമാം ഇബ്നു ഹജർ (റ) വിന്റെ വീക്ഷണങ്ങൾ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായങ്ങളായി അംഗീകരിക്കുന്നവരാണല്ലോ കേരളത്തിലെ മുസ്‌ലിംകൾ. ഇബ്നു ഹജർ (റ) അസ്സവാഇഖുൽ മുഹ്‌രിഖയിൽ ശിയാ നിലപാടുകളെ വളരെ നന്നായി ഖണ്ഡിക്കുന്നു. ഇബ്നു ഹജർ (റ) തങ്ങളെ അംഗീകരിക്കാത്ത സലഫീ പണ്ഡിതർ പോലും ഇക്കാര്യത്തിൽ അവിടുത്തെ വീക്ഷണങ്ങൾ ഉദ്ധരിക്കുന്നത് കാണാം. എന്നാൽ ഇബ്നു ഹജർ (റ) മഹാന്മാരെ സിയാറത്ത് ചെയ്യുന്നതിലുള്ള നേട്ടങ്ങളും, തവസ്സുലിനെയും എല്ലാം അംഗീകരിക്കുന്ന മഹാനാണെന്നത് അടിവരയിട്ടു മനസിലാക്കുക. മഖ്ബറകളുമായി ബന്ധപ്പെട്ട നടക്കുന്ന അടിസ്ഥാന രഹിതമായ ചില കാര്യങ്ങളെ ഇമാമുകൾ നസ്വാറാക്കളുടെ ആചാരം എന്ന് വിശേഷിപ്പിച്ചത് കണ്ടിട്ടുണ്ട്. എന്നാൽ ശിയാ ആചാരം എന്ന ആരോപണം വഹാബികളിൽ നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ.
മുമ്പ് ചില ത്വരീഖത്തുകാർ ശൈഖിന് സുജൂദ് ചെയ്യുന്നതായി ആരോപണം വന്നപ്പോൾ അന്നത്തെ ഉലമാക്കൾ അതിനെ കഠിനമായി എതിർക്കുകയുണ്ടായി. ഈ വിഷയത്തിൽ മഹാനായ ഉമർ ഖാളി (റ) വിന്റെ ഒരു ഖസീദ പ്രസിദ്ധമാണ്. എന്നാൽ അതിലൊന്നും അവരുടെ ദുഷ്‌ചെയ്തിയെ ദീനിന്റെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ എതിർക്കുകയല്ലാതെ അവർക്കെതിരെ ശിയാ ആരോപണം ഉന്നയിച്ചതായി കണ്ടിട്ടില്ല.
ദീനിന്റെ ഉലമാക്കൾ അംഗീകരിച്ച ആചാരങ്ങളെ ശിയാ മുദ്ര ചാർത്തുന്നതിനെയാണ് ഇവിടെ വിമർശിക്കുന്നത്. അതേസമയം അറിവില്ലാത്ത ആളുകൾ ആലോചനയില്ലാതെ രചിച്ച കഥകളിലോ പാട്ടുകളിലോ ശിയാ വിശ്വാസങ്ങൾ വന്നിട്ടുണ്ടോ ഇല്ലയോ എന്നത് മറ്റൊരു ചർച്ചാ വിഷയമാണ്. ആ സ്വഭാവമുള്ളതായി തോന്നുന്ന പക്ഷിപ്പാട്ട് ഉലമാക്കൾ എതിർത്തത് കാണാം. "പക്ഷി പാട്ട് പാടാനും പാടിപ്പിക്കാനും പാടില്ലെന്ന ഫത്‍വ" ഉണ്ടായിരുന്നു.
മുഹറം 10 നു ആശൂറാ ദിനത്തെ കേരളത്തിലെ മുസ്‌ലിംകൾ ആചരിക്കുന്നത് സുന്നത്ത് നോമ്പെടുത്തും അല്ലാഹു അവന്റെ നബിമാർക്ക് നൽകിയ അനുഗ്രഹങ്ങളെ നന്ദി പൂർവം സ്മരിച്ചും കൊണ്ട് സുന്നി ഇമാമുകൾ പഠിപ്പിച്ചു തന്ന രീതിയിലാണ്. മുഹറം 10 നു കർബലയിൽ നടന്ന ഇമാം ഹുസൈൻ (റ) ന്റെ രക്ത സാക്ഷിത്വം ഏതൊരു മുസ്‌ലിമിനും തീർത്താൽ തീരാത്ത വേദനയാണ്. എന്നാൽ അതിന്റെ പേരിൽ ശിയാ വിഭാഗത്തെപ്പോലെ ഒരു ദുഃഖാചരണം സുന്നി മുസ്‌ലിംകൾ നടത്താറില്ല. അവർ ഇമാം ഹുസൈൻ (റ) വിനു വേണ്ടി ദുആ നടത്തുന്നു. ഹസൻ ഹുസൈൻ റ-ഹുമാക്ക് വേണ്ടി ദുആ നടത്താത്ത ഒരു പ്രാർത്ഥനാ സദസ്സും സുന്നി മുസ്ലിംകൾക്ക് ഉണ്ടാവാറില്ല.
കർബലയിൽ മുസ്‌ലിംകൾക്കിടയിൽ നടന്ന ദുഖകരമായ സംഭവങ്ങൾ ഹികായത്ത് ചെയ്യാതിരിക്കലാണ് നമ്മുടെ മുൻഗാമികളുടെ വഴക്കം. ഹുസൈൻ (റ)നെ വധിച്ചത് യസീദ് ആണെന്ന് പറഞ്ഞു കൊണ്ട് ചില മഹാന്മാർ തന്നെ യസീദിനെ ശപിച്ചതായി വന്നിട്ടുണ്ട്. എന്നാൽ ഹുസൈൻ (റ) നെ വധിക്കാൻ യസീദ് കല്പിച്ചതായി വ്യക്തമായ തെളിവില്ലെന്നും അത് കൊണ്ട് തന്നെ യസീദിനെ ശപിക്കരുതെന്നുമാണ് ഇമാം ഗസാലി (റ), ഇമാം ഇബ്നു ഹജർ (റ) തുടങ്ങിയ മഹാന്മാർ വ്യക്തമാക്കിയത് അതാണ് നമ്മുടെ വഴക്കവും. എന്നിട്ടും മലബാറിലെ മുസ്‌ലിംകളിൽ ശിയാ സ്വാധീനം കണ്ടെത്തുന്നവർ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്.
വെള്ളിയാഴ്ച്ചകൾ തോറും മിമ്പറുകളിൽ നിന്നും നാല് ഖലീഫമാർക്ക് വേണ്ടി പേരെടുത്ത് പറഞ്ഞു ദുആ നടത്തുന്ന വഴക്കം ശിയാക്കൾക്കെതിരെ അഹ്‌ലുസ്സുന്നത്തിന്റെ ഇടയിൽ നിലവിൽ വന്നതാണ്. അത് തുടർന്ന് വരുന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ.
ശിയാഇസം നമ്മുടെ നാട്ടിൽ പ്രചരിക്കുന്നതിനെ തടയേണ്ടതുണ്ട്. അതിനു ആദ്യം ശിയാ വിശ്വാസവും ആചാരങ്ങളും എന്താണെന്ന് വ്യക്തമായി മനസിലാക്കണം. സ്വഹാബത്തിന്റെ ഇജ്മാഇനെ തള്ളിയത് കൊണ്ടാണ് അവർ പിഴച്ചു പോയത്. ഇമാമുകളുടെ പാപ സുരക്ഷിതത്വം, ഖിലാഫത്തിൽ അഹ്‌ലു ബൈത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് വേറിട്ട നിലപാടുകളുണ്ട്. അല്ലാതെ അഹ്‌ലു ബൈത്തിനെ സ്നേഹിക്കുക, അവരെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നിവ ശിയാ വിശ്വാസത്തിൽ നിന്ന് വരുന്നതാണെന്ന് വരുത്തിത്തീർക്കലും സുന്നികളുടെ നാല് മദ്ഹബുകളുടെ കർമ്മ ശാസ്ത്ര ഗ്രന്തങ്ങളിൽ തെളിവുകളുള്ള ആചാരങ്ങൾ, -അവ വ്യത്യസ്ഥ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവയാണെങ്കിലും- അവയെല്ലാം ശിയാ ആചാരങ്ങളാണെന്ന് മുദ്ര കുത്തലും ഒന്നും ശിയാ പ്രതിരോധമല്ല. മറിച്ച് വഹാബീ ചിന്തകൾക്ക് ഏണി വെച്ച് കൊടുക്കലാണ്.
(കടപ്പാട്: ബുൽബുൽ മാസിക 2017 ആഗസ്ത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ