*മൗലാനാ എന്ന പ്രസ്ഥാനം*
*
കൂത്തുപറമ്പ് സ്വദേശിനി രിള ഇർഫാൻ
ഞാൻ കൂത്തുപറമ്പ് സ്വദേശിനി രിള ഇർഫാൻ. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ ബി.എ മലയാള സാഹിത്യ മൂന്നാം വർഷ വിദ്യാർത്ഥിനി. എന്റെ ദേശത്ത് മൗലാനായുടെ സംഘടനക്കു സ്വാധീനമില്ലെങ്കിലും മദ്രസയിൽ പഠിക്കുമ്പോൾ വാചാലമായി മൗലാനായെ പുകഴ്ത്തുന്ന 'മിസ്ബാഹി ഉസ്താദി' ലൂടെയാണ് ഇളം മനസ്സിൽ അവർ ചേക്കേറുന്നത്. അന്നുമുതൽ അവരുടെ ഫോളോവറാണു ഞാൻ. അങ്ങനെയാണ് ഈ ഗ്രൂപ്പിൽ എത്തിയത്.
നോവലോ കവിതകളോ കഥകളോ വായിക്കുമ്പോൾ അതിന്റെ രചയിതാവിനോടുണ്ടാവുന്ന ഇഷ്ടവും സിനിമയിലെ നായികാ- നായകന്മാരോടുണ്ടാവുന്ന ഫാനിസവും രാഷ്ട്രീയ നേതാക്കളോടുണ്ടാവുന്ന ഇമ്പവുമെല്ലാം സാധാരണമാണല്ലോ. കാണുവാനും ഓട്ടോഗ്രാഫ് വാങ്ങുവാനും സെൽഫിയെടുക്കുവാനും തിരക്കു കൂട്ടും. അവരുടെ സ്വകാര്യ ജീവിതം പാപ്പരാസികൾ വാർത്തയാക്കുന്നത് ഈ മനോഭാവത്തെ ചൂഷണം ചെയ്താണല്ലോ. എവിടെയെങ്കിലും ഒരു 'ഔലിയ'ഉണ്ടെന്നറിഞ്ഞാൽ തടിച്ചു കൂടുന്ന ജനവും നവ ഓൺലൈൻ നിലാവുകൾക്ക് കിട്ടുന്ന വ്യൂവേഴ്സും ഇതിന്റെ ഭാഗമാണ്. അപ്പോൾ പരലോക രക്ഷക്കായി അല്ലാഹു പ്രഖ്യാപിച്ച ഏക സത്യമതത്തിന്റെ നെടുന്തൂണായ ഇൽമിന്റെ ഉപാസകരായ ഈ വന്ദ്യഗുരുവിനോട് നമ്മുടെ മനസ്സിനകത്ത് ആദരവുറ്റ അദമ്യ സ്നേഹമുണ്ടാവില്ലേ. സ്വാഭാവികമായും അതെന്നെ അവരുടെ എഴുത്തുകളിലേക്കും പ്രസംഗങ്ങളിലേക്കും ആകർഷിച്ചു കൊണ്ടേയിരുന്നു.
വഹ്ഹാബിസം രൗദ്രൗഭാവം പുറത്തെടുക്കുന്ന ഫോറങ്ങളാണ് അഭ്യസ്തവിദ്യരായ ദീനി ഉലൂമുകൾ കുറഞ്ഞ എന്നാൽ ദീനിനോടു കൂറുളള പാമരജനങ്ങളുടെ ഇടങ്ങൾ. ഓഫിസുകളിലും കോളേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമെല്ലാം വാചാടോപത്തോടെ അഹ്ലുസ്സുന്നയെ പഴഞ്ചരാക്കി ഞെളിയുന്ന പുത്തൻ വാദികളെ പ്രതിരോധിക്കാനാവാതെ അതിനു ആയുധമില്ലാതെ നിസ്സഹായരായ സുന്നികൾ മൗനം പാലിക്കും. കുടുംബ ഗ്രൂപ്പുകളിലും കോളേജുകളിലുമുളള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണിത്. പക്ഷെ, ബിദ്അത്തെന്ന 'വൈറസി'നെ തുരത്തുവാൻ മൗലാനാ നൽകുന്ന 'സാനിറ്റൈസർ' കയ്യിലുളളവർക്ക് നിർഭയത്തോടെ അവരോട് പോരടിക്കാൻ സാധിക്കും.
മറ്റു ഉസ്താദുമാരിൽ നിന്ന് തലപ്പാവിനു രണ്ടു വാലുളള ഈ പ്രതിഭാസം വ്യതിരിക്തമാവുന്നതെങ്ങനെയാണോ അതുപോലെ മറ്റു ഗ്രൂപ്പുകളിൽ നിന്നും അഹിബ്ബാഉ മൗലാനാ ഗ്രൂപ്പ് വ്യത്യാസപ്പെടുമെന്നത് തീർച്ചയാണല്ലോ. അതിനാൽ തന്നെ ഇതിലെ മെസ്സേജുകൾ വായിക്കുവാനും ഫോർവേഡ് ചെയ്യുവാനും കാത്തിരിക്കാറുണ്ട്. ഗ്രൂപ്പിന്റെ സപ്ത വത്സരാഘോഷ പ്രഖ്യാപനം വളരെ ആത്മഹർഷത്തോടെയാണു എതിരേറ്റത്. പണ്ഡിതരും ബുദ്ധിജീവികളും സാങ്കേതിക ജ്ഞാനമുളളവരുമായ പക്വമതികളായ അഡ്മിൻസ് എങ്ങനെയാണു പരിപാടി സംവിധാനിച്ചതെന്നറിയാൻ കൗതുകമുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല, വാട്സാപ്പ് ഗ്രൂപ്പുകളുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന വിധം രണ്ടു ദിവസം ഉജ്വലമായിത്തന്നെ പരിപാടി നടന്നു. അഡ്മിസിനു അഭിനന്ദനങ്ങൾ.
പക്ഷേ ഒന്നുണ്ട്, എന്നിലെ മൗലാനായുടെ ഫോളോവറുടെ ദാഹം ശമിപ്പിക്കാൻ സാധിച്ചിട്ടില്ല. വോയ്സുകളിലെയും കുറിപ്പുകളിലെയും അപൂർണ്ണതയും അർദ്ധവിരാമവും കണ്ടു ഇത്തരം ഒരു ആഘോഷം വേണ്ടിയിരുന്നില്ലെന്ന് ഒരുവേള ഞാൻ ചിന്തിച്ചു പോയി. വിശുദ്ധ ഖുർആൻ പരിഭാഷ ഹറാമാണെന്നു സമർത്ഥിക്കുന്ന കൂട്ടത്തിൽ 'ഇത്രേ ഉളളൂ ഇത് ....' എന്നൊരു പുഛം അവിശ്വാസികളിലും ഈമാനും ഇൽമും കുറഞ്ഞവരിലുമുണ്ടാവുമെന്നു ഇമാമുകൾ പറയുന്നതു പോലെ മൗലാനായെ പരിചയമില്ലാത്ത ഈ വോയ്സുകളിലൂടെയും കുറിപ്പുകളിലൂടെയും അവിടുത്തെ പഠിക്കുന്നവർ ' ഇത്രെ ഉളളൂ അങ്ങോർ...' എന്നു ചിന്തിക്കുമോ എന്നതു എന്നെ ചകിതയാക്കുന്നു. മുത്തും പവിഴവും നിറഞ്ഞ മഹാസമുദ്രത്തെ കരയിൽ നിന്നും വീക്ഷിക്കുന്ന കുട്ടിയുടെ പരിമിതിയെ അവരുൾക്കൊളളുമെന്ന് ഞാനാശ്വസിക്കുന്നു. എങ്കിലും ചില കുറിപ്പുകളിലും വോയ്സുകളിലുമെല്ലാം പരമാവധി അവരെ പകർത്തി വെക്കാൻ ശ്രമിച്ചതിന്റെ മിന്നലാട്ടങ്ങളുണ്ടെന്നു ഞാൻ സമ്മതിക്കുന്നു.
കേരളത്തിലും പുറത്തുമുള്ള സഹോദര- സഹോദരിമാർ പണ്ഡിത- പാമര ഭേദമന്യേ അഹിബ്ബാഇന്റെ ഗ്രൂപ്പുകളിലുണ്ടല്ലോ. സപ്ത വത്സരാഘോഷത്തിൽ ഏറ്റവും ഉദാത്തമായത് അവരിലെ വ്യത്യസ്ഥ ബിരുദങ്ങളിലെ പ്രതിനിധികളുടെ ആശംസയാണ്. വഹബി, ബാഖവി, വാഫി, ഫൈസി, സഖാഫി, മന്നാനി, ഖാസിമി, മിസ്ബാഹി, ഹുദവി,ഫാളിലി, മുഈനി, തുഹ്ഫി, ദാരിമി, ഗസ്സാലി, അസ്ഹരി, അൻവരി, സഅദി,ഫലാഹി, അഹ്സനി, സൈനി, നദ് വി, നിസാമി, ഇർഫാനി, റഹ്മാനി, ദാറാനി, ഹാമിദി, ഉലൂമി (ഇനിയുമുണ്ടാവാം) എന്നിങ്ങനെ ബിരുദമുളള പലനാടുകളിൽ ദീനീ സേവനം നിർവ്വഹിക്കുന്ന സംഘടനകളിൽ പ്രവർത്തിക്കുന്നവരോ നിഷ്പക്ഷരോ ആയ ഇവരുടെ ഈ ബിരുദനാമം തന്നെയാണ് ഈ ഗ്രൂപ്പിനു സമുദായത്തിനു നൽകുവാനുളള സന്ദേശം. അവരെ കൃത്യമായി അണിനിരത്തിയ അഡ്മിൻസിനെ പ്രശംസിക്കുന്നു.
മഞ്ചേരി ദാറുസ്സുന്ന:യിലെ ദഅവാ (എം ഡി) കോഴ്സിൽ ഈ കോളേജുകളിലെ ബിരുദധാരികളെല്ലാം എത്താറുണ്ടെന്ന് ഈ ഗ്രൂപ്പിൽ പോസ്റ്റുകൾ വരാറുണ്ട്. അവരിൽ മൗലാനായെക്കാൾ പ്രായമുളളവരുമുണ്ടാവാറുണ്ടത്രെ. ഉസ്താദുൽ അസാതീദ് ഓകെ ഉസ്താദിന്റെ കൂടെ ബാഖിയാത്തിലുണ്ടായിരുന്ന പിന്നീട് അവരുടെ ശിഷ്യരും കൂടിയായ പ്രസിദ്ധരായ മുദരിസും ആബിദുമായ പാപ്പിനിപ്പാറ മുഹമ്മദ് മുസ്ലിയാർ ( നാട്ടുകാരുടെ മോല്യേര്പ്പാപ്പ) ബൈളാവിയും ബുഖാരിയും കൊണ്ടു വന്നു മൗലാനായുടെ മുമ്പിലിരുന്നു വായിൽ നിന്നും തേനൊലിക്കും വിധം ആസ്വദിച്ചിരുന്നുവത്രെ.
സങ്കുചിതത്തിന്റെ വേലിക്കട്ടില്ലാത്ത സലീമായ ഹൃദയമുളള വണ്ടുകളനവധിയാണ് ഈ പൂവിലേക്ക് മധുനുകരാനെത്തിയത്.
എന്നിട്ടും...ഇവിടെയെന്തേ ആ ദർസിലെ അനുഭവങ്ങളും ആസ്വാദനങ്ങളുമൊന്നും കൂടുതൽ വിവരിച്ചു കാണാതിരുന്നത്.റസ്മു ഉസ്മാനി വിവാദത്തിന്റെ പുകച്ചുരുളുകളിൽ ശ്വാസം മുട്ടിയിരുന്ന ദക്ഷിണ കന്നടയിലെയും കേരളത്തിലെയും സാധുക്കളെ പ്രസംഗം കൊണ്ടും സുദീർഘ നിവാരണം കൊണ്ടും ഓക്സിജൻ കൊടുത്ത ഈ രക്ഷകനെ കുറിച്ചു നിങ്ങൾക്കൊന്നും പറയാനില്ലേ കൂട്ടരേ..!വിശ്വാസിയുടെ മയ്യിത്തു കണ്ടാൽ എഴുന്നേൽക്കൽ കറാഹത്തായ നമ്മുടെ മദ്ഹബിന്റെ വിധി പോലും മറന്നു ഏതോ രാഷ്ട്രീയക്കാരന്റെ വിഡ്ഡിത്തമായ ജൂതന്റെ മയ്യിത്തിനെ ബഹുമാനിച്ചു തിരുനബി എഴുന്നേറ്റുവെന്നും ,അതനുകരിക്കണമെന്നുമുളള പച്ചപ്പൊളളിനെ ഏറ്റുപാടിയെ വമ്പന്മാരെ തിരുത്തിയ ധാർമ്മിക രോഷം കണ്ടു നിങ്ങൾക്കു രോമാഞ്ചമുണ്ടായിട്ടില്ലേ..!! ഒരു പേജ് മുഴുവൻ ഓതി നാലുമണിക്കൂറ് കുതിച്ചൊഴുകിയ പരപ്പനങ്ങാടി പ്രസംഗമെന്ന നയാഗ്രയിലേക്ക് കാതു കൂർപ്പിച്ചിട്ടില്ലേ ..!!! താജുൽ ഉലമാ വണ്ടൂരിലെ മഹാനും ശൈഖുനാ ഈ കെ ഉസ്താദുമുളള സദസ്സിൽ പ്രസംഗിക്കാൻ ക്ഷണിക്കപ്പെട്ട ആ ചരിതം ഇവിടെ അയവിറക്കുവാൻ സാധിക്കുന്നില്ലേ..!!! തിരുകേശ വിവാദമെന്ന ആളിക്കത്തിയ അഗ്നിയെ ഒരൊറ്റ പ്രസംഗം കൊണ്ട് ആറിത്തണുപ്പിച്ച ഈ മാജിക്ക് വിസ്മയിപ്പിക്കുന്നില്ലേ..!! പരനിന്ദയിലേക്കും വീൺവാക്കുകളിലേക്കും വഴുതി മാറിയ കുപ്രസിദ്ധ എൽ.സി.ഡി സഹിത ഖണ്ഡന മണ്ഡനങ്ങളിൽ പാരമ്പര്യ വിശ്വാസത്തെ ബിദ്അതെന്ന കഴുകൻ റാഞ്ചിയെടുക്കാതെ അടിസ്ഥാനം പഠിപ്പിച്ചു സമാശ്വസിപ്പിച്ചു ജാഗരണം നടത്തിയ അഹ്ലുസ്സുന്നയുടെ കാവൽക്കാരൻ നിങ്ങളെ ഉത്തേജിപ്പിക്കുന്നില്ലേ..!!! വിശ്വാസി ഇടപെടുന്ന മേഖലകൾ ശിഥിലമാവരുതെന്ന പ്രഖ്യാപനത്തോടെ വ്യക്തിഹത്യ അശേഷമില്ലാതെ വിശ്രമമില്ലാതെ ഓടി സമുദായത്തെ ഉത്ബോധിപ്പിച്ചു അല്ലാഹു ഏൽപ്പിച്ച ഉത്തരവാദിത്തം നിർവ്വഹിച്ച ആ മഹാ മനീഷിയെ.., അതിന്റെ പേരിൽ കേട്ടാലറയ്ക്കുന്ന തെറിപറഞ്ഞു ഉറഞ്ഞു തുളളിയവർക്കു പുഞ്ചിരി സമ്മാനിച്ച അക്ഷോഭ്യതയെ...,സമുദായപ്പാർട്ടി സംഘടിപ്പിച്ച സമ്മേളനത്തിൽ ലക്ഷങ്ങളെ സാക്ഷിയാക്കി കേരളീയ സാഹചര്യത്തിൽ ഇടതാവട്ടെ വലതാവട്ടെ ഫാസിസത്തെ തടയിടുവാൻ പരിശ്രമിക്കണമെന്നു ആഹ്വാനം ചെയ്ത ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തെ.., ഐക്യം തകർക്കുന്നതു ബിദ്അത്തുകാരാണെന്ന പച്ചപ്പരമാർത്ഥത്തെ അവരുമുൾക്കൊളളുന്ന വേദിയിൽ വച്ചു പരസ്യമായി തുറന്നടിച്ച നിലപാടുകാരനെ..,നിങ്ങൾ പറയുന്ന പ്രമാണം കൊണ്ട് മാത്രം ഞങ്ങളുടെ വാദം ഞങ്ങൾ സമർത്ഥിക്കാം എന്നു പ്രഖ്യാപിച്ച ആത്മവിശ്വാസത്തെ..,
മറുപക്ഷത്ത് വായാടികളാണെന്നറിഞ്ഞിട്ടും പ്രമാണങ്ങളെ സമീപിക്കേണ്ടതെങ്ങനെയെന്നു വരും തലമുറയ്ക്ക് വഴി കാണിക്കുവാൻ പ്രമാണ ചർച്ചക്കായി ദൂരയാത്ര ചെയ്തു തന്റെ വിലപ്പെട്ട രണ്ടു ദിവസം ചെലവഴിച്ച മുഖ്ലിസായ ജ്ഞാനവൃദ്ധനെ..,സ്ത്രീ പളളിപ്രവേശമെന്ന സമുദായത്തിനകത്തെ ചർച്ചയെ സ്ത്രീ സ്വാതന്ത്ര്യമെന്ന വിധത്തിൽ പൊതു സമൂഹത്തിലേക്കിട്ടു അലക്കാൻ കൊടുത്ത വഹ്ഹാബികളുടെ പരമോന്നത നേതാവിനെത്തന്നെ പത്രപ്പരസ്യം നൽകി വെല്ലുവിളിച്ച യുവാവിനെ.. അതു സ്വീകരിക്കുവാൻ തയ്യാറാവാതെ മാളത്തിലൊളിച്ച് 'ചീപ് പോപ്പുലാരിറ്റിക്കു വേണ്ടിയാണെന്നു' പതം പറഞ്ഞ അയാളെ തേച്ചു ഭിത്തിയിലൊട്ടിച്ച കരുത്തിനെ.., 'വഹ്ഹാബിസ'മെന്ന മാസ്റ്റർ പീസെഴുതിയ അതേ 'പേന' കൊണ്ടു തന്നെ 'യാ ഇലാഹി'യുടെ കർത്താവിനു അനുസ്മരണക്കുറിപ്പെഴുതുന്ന മാസ്മരികതയെ.., പടുജാഹിലുകളുടെ ആക്ഷേപമുണ്ടാവുമെന്നുറപ്പുണ്ടായിട്ടും ത്വരീഖത്തുകളുടെ അകക്കാമ്പ് പ്രദർശിപ്പിച്ച ചങ്കൂറ്റത്തെ.., 'നേർക്കുനേരി'ലൂടെ വഹ്ഹാബി ശവപ്പെട്ടിയിൽ ആണിയടിക്കുന്ന ഈ പ്രതിഭാസത്തെ..... നാം ലോകത്തിനു ഇത്ര പരിചയപ്പെടുത്തിയാൽ മതിയോ?!! ഇതിന്റെ പൂരകമായി നിരവധിയുണ്ട്. എന്റെ മങ്ങിയ കഴ്ചയിലെ ചിലത് വിവരിച്ചുവെന്നേയുളളൂ.
ഇനി സാഹിത്യ വിദ്യാർത്ഥിനി എന്ന നിലയിൽ എന്റെ അല്പം നിരീക്ഷണം ഇവിടെ പങ്കുവയ്ക്കുന്നു . പ്രഭാഷണങ്ങളിൽ എന്നെ ആകർഷിച്ച കാര്യം നിരവധിയാണ്. മൗലാനാ: അനുപമ വാഗ്മിത്വം എന്ന ഒരു കുറിപ്പ് ഇവിടെ വന്നതിനാൽ കൂടുതൽ എഴുതുന്നില്ല. പ്രഭാഷണങ്ങളിലെ മൗലികതയാണ് അതിൽ പ്രധാനം. മമ്പാട് നടന്ന ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്ന ശീർഷകത്തിലെ ത്രിദിനപ്രഭാഷണം കേട്ടുനോക്കൂ, അനുഭവിക്കാമത്. പുതിയതും പഴയതുമായ വാക്കുകളുടെ വിന്യാസമാണു മറ്റൊന്ന്. വ്യഭിചാരിണിക്കു 'സെക്സ് വർക്കറെ'ന്ന ഓമനപ്പേരല്ല കൊടുക്കേണ്ടതെന്നും അവളെ 'തേവിടിശ്ശി' യാണു വിളിക്കേണ്ടതെന്നും ഒരു പ്രസംഗത്തിൽ ഉണർത്തുന്നുണ്ട്. അതുപോലെ ഓരോ അറബി പദങ്ങൾക്കും ഫിറ്റായ മലയാളം ഉപയോഗിക്കുന്നു. ഉദാഹരണമായി 'തബാറക' എന്ന വാക്കിനു സാധാരണ ഉസ്താദുമാർ ബർകത്തുളളവനായിരിക്കുന്നു, വളരെ മഹാനായിരിക്കുന്നു തുടങ്ങിയ നടപ്പായ അർത്ഥം വയ്ക്കുമ്പോൾ ' ..അങ്ങനെയുളള അല്ലാഹു എത്ര ഗുണ സമ്പൂർണ്ണനാണ്..' എന്നാണു അങ്ങോരർത്ഥം വച്ചത്. അതു കേൾക്കുമ്പോൾ മനസ്സിനു ലഭിക്കുന്ന സംതൃപ്തി അവാച്യമാണ്. മൗലാനായുടെ പ്രസംഗങ്ങൾ സാധാരണ സ്ത്രീകൾക്കു മനസ്സിലാവാറില്ലെന്നു പറയുന്ന കൂട്ടുകാരികളുണ്ട്. മൗലാനാ പ്രബോധകരുടെ നായകരാണെന്നേ അതിനു ഒറ്റവാക്കിൽ മറുപടിയുളളൂ.
നമുക്ക് കൃതികളെ ആസ്പദിക്കാം. മണിച്ചിത്രത്താഴ് സിനിമയിറങ്ങിയ വേളയിൽ ഭൂത- പ്രേതാദികളെ കുറിച്ച് കേരളം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ ഇസ്ലാമിക പക്ഷത്തു നിന്നു പ്രഥമമായി വന്ന കുറിപ്പ് മൗലാനായുടേതാണ്. ശാഫിഈ മദ്ഹബിന്റെ അനുയായികളെന്നു പറയുമ്പോളും മദ്ഹബിന്റെ ബൗണ്ടറി കടന്നു മുജ്തഹിദുകളായി ഹദീസു കൊണ്ട് ഫത്വ നൽകുകയും നവ മാധ്യമങ്ങളിൽ 'വിറയലാ'കുകയും ചെയ്യുന്നത് നാം കാണുന്നതാണ്. മദ്ഹബിന്റെ അനിവാര്യത അറിയിക്കുന്ന മദ്ഹബുകൾ എന്ന കൃതി ഇവിടെ നമുക്ക് വെളിച്ചം നൽകുന്നു. സൂഫികളുടെ വഹ്ദത്തുൽ വുജൂദും ശങ്കരാചാര്യരുടെ അദ്വൈതവും ഒന്നാണെന്നു ധരിച്ചു പോയവർ ധാരാളമുണ്ട്. ഒന്നല്ലെങ്കിലും രണ്ടിനെയും എങ്ങനെ മനസ്സിലാക്കാമെന്നറിയാതെ ഉഴലുന്നവരും അനേകമാണ്. എന്നാൽ എത്ര ലാഘവത്തോടെയാണ് മൗലാനാ ആ സമസ്യക്ക് പരിഹാരമിട്ടത്. വഹ്ദതുൽ വുജൂദെന്നാൽ 'രണ്ടില്ല' എന്നും അദ്വൈതം 'രണ്ടല്ല' എന്നാണെന്നും നാര് വലിച്ചെടുത്തപ്പോൾ ബൗദ്ധിക ലോകത്ത് ചർച്ചയായതാണ്.. മതത്തിനു ഒരിക്കലും സമ്മതിക്കാനാവാത്ത ശങ്കരന്റെ അദ്വൈതമാണു സൂഫികളുടെ സംജ്ഞയായ വഹ്ദതുൽ വുജൂദെന്നു പാടി സൂഫിസത്തെ തളളിയവർ കണ്ണുമിഴിച്ചു.., ഭൗതികമായി കേവലം പ്രൈമറി വിദ്യാഭ്യാസമുളള ഒരാൾ അനിതര സിദ്ധിയോടെ വിഷയത്തിന്റെ നെല്ലും പതിരും വേർതിരിച്ചപ്പോൾ സാഹിത്യ ലോകം സ്തബ്ദരായി.
ചിലർ നൽകുന്ന പത്രക്കുറിപ്പുകളിലെ ഘടനാഭംഗം ചിരി വരുത്താറുണ്ട്. ഇതു കാണുന്ന പൊതു സമൂഹം എങ്ങനെയാണ് വിലയിരുത്തുക എന്നു ഉത്കണ്ഠപ്പെടാറുണ്ട്. എന്നാൽ മൗലാനായുടെ പത്രക്കുറിപ്പുകൾ, നുസ്രത്തുൽ അനാം ബുൽബുൽ മാസികകളിലെ മുഖക്കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവയിലെ വാക്കുകളുടെ നിക്ഷേപം സൂക്ഷ്മമായിട്ടായിരിക്കും. അസ്ഥാനത്തായി ഒരു കുത്തും കോമയുമുണ്ടാവാറില്ല. 'മുഅതസിലത്തിന്റെ അടിവേരറുത്ത അബുൽ ഹസനിൽ അശ്അരി (റ) നിർവ്വഹിച്ച ദൗത്യമാണ് നജീബ് മൗലവി നിർവ്വഹിച്ചു കൊണ്ടിരിക്കുന്നതെ'ന്നു ശൈഖുൽ ഉലമാ എൻ കെ ഉസ്താദ് അവതാരികയിലെഴുതിയ വഹ്ഹാബിസം എന്ന ഗഹന രചനയിലെ ചില ശൈലികൾ കണ്ടാൽ അത്ഭുതപ്പെട്ടു പോവും. ശൈഖ് ഇബ്നു തീമിയ്യയുടെ വിതണ്ഡതകളെ വലിച്ചു ചീന്തിയെറിയുന്ന ശൈലിയുടെ മനോഹാരിത സാഹിത്യ വിദ്യാർത്ഥിനിയായ എനിക്ക് നൽകിയ ആനന്ദം നിസ്സീമമാണ്.
ഫത്‌വ കളിലുമുണ്ട് ഈ വശ്യത. ചോദ്യത്തിലെ അവസാന കാര്യത്തിനു ആദ്യം ഉത്തരം നൽകി പിന്നീട് മൊത്തം ചോദ്യത്തിലേക്കെത്തുന്ന വിധമായിരിക്കും മിക്കവയും. ശാഫിഈ ഫിഖ്ഹിലെ ആധികാരിക
ഫത്‌വകളാണവ എന്നതിനു പുറമെയാണിത്. ചില ലേഖനങ്ങളും അവ എഴുതിയ സന്ദർഭം കൂടി പരിഗണിച്ചു പരിശോധിച്ചാലേ അവയുടെ മാറ്റ് മനസ്സിലാവൂ. തന്റെ ആത്മ മിത്രം ജബ്ബാർ തങ്ങളുടെ വേർപാടിന്റെ വേദനയിലെഴുതിയ അനുസ്മരണക്കുറിപ്പിന്റെ സൗകുമാര്യതയും ശംസുൽ ഉലമാ കീഴന ഓറുടെ സ്മരണികയിലെ താരതമ്യക്കുറിപ്പും വിവാദ ഭൂതങ്ങൾ പുറത്തുചാടുമ്പോൾ അവകളെ കലത്തിലടക്കും വിധമുളള ലേഖനങ്ങളുമെല്ലാം ഇതിനു സാക്ഷിയാണ്. അനുസ്മരണക്കുറിപ്പുകളിലുമുണ്ട് ഈ വ്യതിരിക്തത. മരണ ശേഷം ഇല്ലാത്ത മഹത്വങ്ങൾ എഴുതുന്ന, പച്ചപ്പൊളള് പറയുന്ന രോഗമുളളവർക്ക് മൗലാനായുടെ കുറിപ്പുകൾ ഒരാവർത്തി വായിക്കുക എന്ന മരുന്നേ സജസ്റ്റ് ചെയ്യാനുളളൂ. അവരുടെ വാ- വര മൊഴികളിൽ ഗവേഷണം നടത്തുന്ന പണ്ഡിതയല്ലാത്ത ഒരു മലയാളം ലിറ്ററേച്ചർ വിദ്യാർത്ഥിനിയുടെ നിരീക്ഷണങ്ങളാണിവ.
ഗ്രൂപ്പിൽ വന്ന വോയ്സുകളും കുറിപ്പുകളും ഗാനങ്ങളുമെല്ലാം മൗലാനായെ പരിചയമില്ലാത്ത അല്പം കാകദൃഷ്ടിയുമുള്ളവർക്കു ദഹിക്കണമെന്നില്ല. അവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്..., ശൈഖുനാ ഈകെ ഉസ്താദ് സിംഹ ഗർജ്ജനം നടത്തിയ ശൈഖുനാ ഏപി ഉസ്താദ് ഏറ്റു പിടിച്ചു ഇമാമുകളാരും ചെയ്യാത്ത വേലയാണെന്നുണർത്തിയ കാര്യമാണല്ലോ വിശുദ്ധ ഖുർആൻ പരിഭാഷാ യജ്ഞം. വർത്തമാന കാലത്ത് പരിഭാഷക്കെതിരിൽ പടയോട്ടം നടത്തുന്നയാളുടെ പേരറിയുമോ നിങ്ങൾക്ക്..മൗലാനാ നജീബ് മൗലവി എന്നാണത്. കൃസ്ത്യാനികൾ, ഖാദിയാനികൾ, കേരളത്തിലെ മഖ്ദൂമീ താവഴിയെ തകർത്തു ഉത്തരേന്ത്യൻ ഇസങ്ങളെ സ്ഥാപിക്കാൻ മോഹിക്കുന്നവർ.. ഖുർആൻ പരിഭാഷ എഴുതി സർവ്വ മത സത്യവാദത്തെ സമുദായത്തിൽ കുത്തിവെക്കാൻ ശ്രമിക്കുന്ന മതശത്രുക്കളിൽ നിന്നും അച്ചാരം വാങ്ങിയവർ. അച്ചടിഭാഷയിൽ ചിരിച്ചു കൊണ്ട് പിഴപ്പിക്കുന്ന ജമാഅത്തുകാരൻ.. രണോത്സുക വീറോടെ സുന്നികൾക്കു നേരെ ചീറുന്ന വഹ്ഹാബികൾ.. ഉത്തമ സമുദായത്തിന്റെ മധ്യമ സരണിയുടെ വക്താവായി മൗലാനാ പോരടിക്കുന്നത് ആരോടൊക്കയാണ്..!!
ചില അപാര ധിഷണാ ശാലികൾ ഉന്മത്തത ബാധിച്ചു വന്ന വഴികളെ മറക്കുന്നത്..ഗുരുനാഥരെ തളളുന്നത്.. ഇജ്മാഇനെ നിഷേധിക്കുന്നത് ചരിത്രം നമുക്ക് ചൂണ്ടിത്തരും. പക്ഷെ ഇങ്ങോർ തന്റെ മശായിഖന്മാരുടെ റൂട്ടിലൂടെ അണുകിട വ്യതിചലിക്കാതെ അവരെ ആദരിച്ചു അവരുടെ പാതയിൽ പാറപോലെ അടിയുറച്ചു തിളച്ചു തൂവാതെ സ്വയം 'തളച്ചു' നിൽക്കാൻ ഉദവി കിട്ടിയവരാണ്.
യന്ത്രവൽകൃത ഇബാദത്തുകളുടെ ദൂഷ്യതയെ താക്കീതു ചെയ്ത ശൈഖു മശായിഖിനാ ശംസുൽ ഉലമാ ഖുത്വുബിയോറെയും താജുൽ ഉലമാ ശൈഖുനാ വണ്ടൂരിലെയും ശംസുൽ ഉലമാ നാദാപുരത്തെ ഓറുമാരെയും അക്ഷരം പ്രതി പിന്തുടരാൻ തൗഫീഖ് ലഭിച്ചവരാണ്.
മൗലിദുകളെ, മാലകളെ, റാത്തീബുകളെ പരിഹസിക്കുവാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വരും മലിനമാനസർ. കാരണം മൗലാനാ സുഭദ്രമായ കോട്ട കെട്ടിയിട്ടുണ്ട്. തവണ ജുമുഅ:, മുതലാളിയുടെ ബാധ്യത, തിരുഹദീസുകളുടെ വശ്യമാർന്ന വിശദീകരണങ്ങൾ.. മൗലാനാ ഇടപെടാത്ത മേഖലയേതാണ്! ഫോട്ടോ പിടിച്ചു തൈകൾ നട്ടു സ്റ്റാറ്റസിടുന്ന പ്രഹസനമാണ് പരിസ്ഥിതി സ്നേഹമെന്നു വിചാരിക്കുന്ന നമുക്ക് പ്രകൃതിയും പ്രവാചകരും എന്ന പ്രഭാഷണവും ,കൃഷി സെമിനാറുമൊക്കെ സംഘടിപ്പിച്ചു ദിശാബോധം നൽകിയിട്ടുണ്ട് മൗലാനാ.
ഒരു നൂറ്റാണ്ടു കാലം തങ്ങളുടെ സകലോർജ്ജവും ചെലവഴിച്ചു 'പ്രാർത്ഥന അല്ലാഹുവിനോടു മാത്രം' എന്നു മുദ്രാവാക്യം മുഴക്കി ചന്ദ്രഹാസമിളക്കിയവരെ ഭാഷാപരമായിപ്പോലും ആ പ്രയോഗം പമ്പര വിഡ്ഡിത്തമാണെന്നു പൊളിച്ചു കയ്യിൽ കൊടുത്തവർ..
യുക്തിവാദികളെ മാന്യമായ രീതിയിൽ സംവദിക്കാനുണ്ടോ എന്നു വെല്ലുവിളിച്ചു സത്യമതത്തിനു പ്രതിയോഗികളായി ഈ അശുക്കളില്ലെന്നു ബോധീകരിച്ചവർ.. ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയ വിവാദങ്ങൾ വിവരിച്ച, ഇരുപത് പണ്ഡിതാഗ്രേസരെ പരിചയപ്പെടുത്തിയ, സാദാത്തു പരമ്പരയുടെ പഠനങ്ങൾക്കാമുഖമേകിയ, ഖിലാഫത്തും സ്വാതന്ത്ര്യ സമരവും എഴുതിയ ചരിത്രകാരൻ... ബഹുസ്വര ഇന്ത്യയിലെ മുസ്ലിമിനു മാർഗ്ഗ ദർശനം നൽകിയവർ.. മുത്വലാഖ്, ഏക സിവിൽകോഡ്, വിവാഹപ്രായം ഇത്യാദി പൊളളുന്ന വിഷയങ്ങളെ സൂക്ഷ്മമായി സമീപിച്ചവർ... മനുഷ്യാരംഭം മുതൽ സ്വർഗ്ഗ- നരകങ്ങൾ വരെയുള്ള സഞ്ചാരപഥങ്ങളെ തെളിവു സഹിതം ക്രമീകരിച്ചവർ .... മൗലാനായെ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ വിശാലമായ കർമ്മ മണ്ഡലവും രചനാ- പ്രഭാഷണങ്ങളിലെ വിശേഷവുമെല്ലാം പി എച്ച് ഡി ചെയ്യുന്നവനു ഗവേഷണ വിഷയമാക്കാവുന്നതാണ്.
സംഗ്രഹിക്കട്ടെ..., നമ്മുടെ ഈ ഗ്രൂപ്പിലുളള മുഴുവൻ അംഗങ്ങളോടും അഭ്യർത്ഥിക്കാനുളളത് അവിടുത്തെ പുസ്തകങ്ങൾ കൈപറ്റുവാനും നുസ്രത്തുൽ അനാം- ബുൽബുൽ മാസികകൾക്കു വരി ചേരുവാനും പ്രഭാഷണങ്ങൾ തിരഞ്ഞു പിടിച്ചു കേൾക്കാനും സന്നദ്ധരാവണമെന്നാണ്. നമ്മുടെ ഓരോ പ്രാർത്ഥനയിലും അവിടുത്തെ ഓർക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യമുളളവരോട് പറയാനുളളത്, ഈ ഇതിഹാസത്തെ കൊച്ചു മലയാളക്കരയിൽ തളച്ചിടരുത്. മറുഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ശബ്ദഡബ്ബിംഗ് നടത്തി ആഗോളമായി ഇങ്ങനെ ഒരു മഹാമനീഷി ഞങ്ങളുടെ കേരളത്തിലുണ്ടെന്നു അറിയിക്കണം. ഇന്നത്തെ തലമുറക്ക് ഇൽമ് കൊടുക്കുന്നത് ഗൂഗിളുസ്താദും യൂട്യൂബുസ്താദുമൊക്കെയാണ്. സലാം പറയലിന്റെ മഹത്വം വിവരിക്കുന്ന ഹദീസു കേട്ടു സ്ത്രീ- പുരുഷ സലാമുകളുടെ വിധിയൊന്നും അറിയാതെ പരക്കെ സലാം പറയുന്നതു പോലുള്ള വിവര ശൂന്യത ഇത്തരം പഠനങ്ങളിലൂടെ സംഭവിക്കുന്നതാണ്. മദ്ഹബു നിരാസർ അഴിഞ്ഞാടുന്ന ഇടങ്ങളാണവ എന്നതാണതിനു നിമിത്തം. അത്തരം സൈബറിടങ്ങളിൽ നമ്മുടെ മൗലാനായെ നമ്മളെത്തിക്കണം. ഒരുനല്ല വെബ്സൈറ്റ് പോലും നമുക്കില്ലെന്നത് എത്രമാത്രം സങ്കടകരമല്ല?!
അസത്യം നാടൊട്ടുക്ക് വ്യാപിച്ചിട്ടും നമുക്ക് ചെരുപ്പിടാനായിട്ടില്ലെങ്കിൽ അതു നമ്മുടെ വീഴ്ചയാണ്. അതിനു സംഘടിതമായ പരിശ്രമം വേണം. സാധിക്കുന്നവർ സ്വയം മുന്നോട്ടു വരണം. ഫർള് കിഫായയായ ഈ ബാധ്യത നമ്മളേറ്റെടുത്തില്ലെങ്കിൽ ദീനിന്റെ പാരമ്പര്യ പവിത്ര പാത വരും തലമുറയ്ക്ക് തിരിയാതെയാവും. ദീനീ പ്രബോധകരായ ഉസ്താദുമാരോട് മൗലാനായുടെ മുൻഗണനാ ക്രമങ്ങൾ പഠിച്ചു ദഅവതിന്റെ ഗോഥയിൽ പ്രയോഗിക്കണമെന്നും അപേക്ഷിക്കുന്നു. മറ്റൊന്നു മൗലാനായോട് അടുത്ത ബന്ധമുള്ള ഉസ്താദുമാരോടാണ്. മൗലാനായുടെ ചൊല്ലും ചെയ്തിയും വരയുമെല്ലാം പ്രമാണമാണ്. നിറയെ ധാതു സമ്പത്തുളള ആ ആ ഖനിയിൽ നിന്നും നിങ്ങൾ പരമാവധി കുഴിച്ചെടുത്തു സൂക്ഷിക്കണം. ആ സത്തയെ പരമാവധി 'ചുഴിഞ്ഞെടുക്കണം'. കേവലം കല്യാണത്തിനും മറ്റും ക്ഷണിച്ച് ദീർഘ യാത്ര ചെയ്യിച്ച് ശോഷിച്ച ശരീരത്തെ കൂടുതൽ ക്ഷീണിപ്പിക്കരുത്. സൂര്യാസ്തമനത്തിനു ശേഷം ഇരുട്ടിൽ പരിതപിച്ചിട്ടു കാര്യമില്ല. പകൽ വെളിച്ചത്തിൽ മെഴുകുതിരിയും തീപ്പെട്ടിയും സൂക്ഷിച്ചു വയ്ക്കണം.
എന്നിലേക്കു വരട്ടെ, അവർ അതുല്യ പണ്ഡിതരാണെന്നു സമ്മതിക്കലോടെ ചില കാര്യങ്ങളിൽ അവരുടെ നിലപാടിൽ നീരസം പ്രകടിപ്പിക്കുകയോ മൗനമവലംബിക്കുകയോ ചെയ്യുന്നതിലെ അയുക്തികത ഞാനാലോചിക്കാറുണ്ട്. അവരുടെ സദസ്സിൽ പങ്കെടുക്കുവാൻ പരിമിതിയുണ്ടല്ലോ. എങ്കിലും സ്വപ്നങ്ങളിൽ അവരിലേക്കെത്താറുണ്ട്. ഒന്നര വർഷം മുമ്പ് ഞങ്ങളുടെ സമീപ പ്രദേശമായ ഞണ്ടാടി മഖാമിലെ ഉറൂസിനു പ്രസംഗിക്കാൻ വന്നപ്പോൾ എന്റെ കിനാവ് പൂവണിഞ്ഞു. ആ സദസ്സിൽ പങ്കെടുക്കുവാനും പ്രാർത്ഥനക്കു ആമീൻ പറയാനും സാധിച്ചു. അൽഹംദുലില്ലാഹ്. കൂട്ടത്തിൽ പറയട്ടെ, അന്നത്തെ പ്രസംഗത്തിൽ ആ മഖാമുമായി അവർക്കുളള ബന്ധം വിവരിക്കുന്നുണ്ട്. ബഗ്ദാദ് പലസ്തീൻ റഷ്യ തുടങ്ങിയ നാടുകളിലെത്തി അഖ്ത്വാബ് അബ്ദാലുകളെ സന്ദർശിച്ചതുൾപ്പെടെ മഹാരഥന്മാരുമായുളള അവിടുത്തെ ബന്ധവും സുദൃഢമാണ്. ഒരു മഹാ പ്രസ്ഥാനത്തെ ഇങ്ങനെ വരച്ചിടുമ്പോൾ സത്യമായും മിഴികൾ നിറയുന്നുണ്ട്. അവരുടെ ചാരത്തണയാൻ ഈ കുറിപ്പ് ഒരാൾക്കെങ്കിലും പ്രചോദനമായാൽ ഞാൻ ധന്യയായി. അല്ലാഹുവിന്റെ പേരിലുളള സ്നേഹത്തിനു അർശിന്റെ തണൽ വാഗ്ദാനം ചെയ്ത സ്വാദിഖ് മസ്ദൂഖായ തിരുദൂതരുടെ മൊഴിയാണ് ഏക ആശ. മൗലാനാക്കും മറ്റു മശായിഖന്മാർക്കും അല്ലാഹു ഇരു വീട്ടിലും സൗഖ്യം നൽകട്ടെ. അവരോടു കൂടെ ഹബീബായ തങ്ങളുടെ തിരു സുംറയിൽ നമ്മെ വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിച്ചും ഒരു 'വലിയ' മനുഷ്യനെ വിവരിക്കുന്ന കുറിപ്പ് ഇത്രയും 'ചെറുതാ'യതിനു ക്ഷമാപണം നടത്തിയും വിരാമമിടുന്നു, അഹിബ്ബാഉ മൗലാനാ ഗ്രൂപ്പിനു എന്റെയും കുടുംബത്തിന്റെയും വിശിഷ്യാ മൗലാനായുടെ ഇഷ്ടക്കാരായ മാതൃസഹോദരി ശഹീറ, കൂട്ടുകാരി ശാഹിന എന്നിവരുടെയും മംഗളങ്ങൾ നേരുന്നു.
▫️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ